'ആകാശത്തിലെ നക്ഷത്രങ്ങള്‍ പറയുന്ന പുതിയ ജാക്ക് ആന്റ് ജില്‍ കഥ'

'ആകാശത്തിലെ നക്ഷത്രങ്ങള്‍ പറയുന്ന പുതിയ ജാക്ക് ആന്റ് ജില്‍ കഥ'
Updated on
3 min read

ഒന്ന്

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചു സംഭവിക്കുന്നു, വിവാഹക്കാര്‍ഡുകള്‍ മേനകയില്‍ വെച്ചും!
തങ്ങളുടെ വിവാഹങ്ങള്‍ക്കായുള്ള രണ്ടുതരം വെഡ്ഢിംഗ് കാര്‍ഡുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് പുറത്തിറങ്ങവേ ജാക്കും ജില്ലും മേനകാ പ്രിന്റേഴ്സിന് പുറത്ത് വലിയ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിത്തൂക്കിയ പരസ്യവാചകത്തെ ഈ വിധത്തില്‍ വെറുതേ മനസ്സില്‍ വായിച്ചു.

''ഞാന്‍ ജാക്ക് സെബാസ്റ്റ്യന്‍. ഇവന്‍ എന്റെ കൂട്ടുകാരന്‍ ജില്‍ ഡിസില്‍വ. ഈ വരുന്ന മുപ്പതാം തിയതി വെയിലിന്റെ പൊന്‍ ഇതളുകളുള്ള പകല്‍പ്പൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു ഞായറാഴ്ച നേരത്ത് നഗരത്തിലെ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ചര്‍ച്ചില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്.

കാറ്റേ, വെയിലേ... മരക്കൊമ്പുകള്‍ക്കിടയില്‍ ഊയലാടുന്ന അസംഖ്യം കിളികളേ... വരിക... വന്നു ഞങ്ങളുടെ സന്തോഷ നിമിഷങ്ങളില്‍ പങ്കുചേരുക. ഞങ്ങളെ അനുഗ്രഹങ്ങളുടെ പറുദീസയിലേക്ക് ആനയിച്ചു കയറ്റുക.''
ജാക്കിലെ കവിഹൃദയം ലോകത്തിനു നേര്‍ക്ക് ഉച്ചത്തില്‍ കൂവിവീണു.

''ഇനി ഞാന്‍ പറയാം...''
ജില്‍ ജാക്കിന്റെ കയ്യില്‍നിന്ന് ആ സാങ്കല്പിക മൈക്ക് പിടിച്ചുവാങ്ങി. അയാളുടെ കവി ഹൃദയവും മിടിച്ചുതുടങ്ങി.

''നഗരമേ... തിരക്കുകൂട്ടും വാഹനങ്ങളേ... ഈ ഉഷ്ണസായാഹ്നത്തില്‍ ഖനീഭവിച്ചു കിടക്കുന്ന മടിയന്‍ മേഘങ്ങളേ... അതെ, ഒടുവില്‍ ഈ നാല്‍പ്പതാം വയസ്സിന്റെ പടിവാതിലില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. എന്റെ വധു നഴ്സിംഗ് അസിസ്റ്റന്റ് മരിയ. പ്രിയ ചങ്ങാതി ജാക്കിന്റെ ഭാര്യയാകാന്‍ പോകുന്നവള്‍ മ്യൂസിക് ടീച്ചറായി ജോലിചെയ്യുന്ന അന്ന മിഖായേല്‍.''
ജാക്കിന്റെ തോളില്‍ കയ്യിട്ടുകൊണ്ട് ജില്‍ പ്രഖ്യാപിക്കുന്നു.

''നോക്കൂ... സായാഹ്നമേ...'' ഞങ്ങള്‍ക്കു വയസ്സായിട്ടില്ല... നാല്‍പ്പതിന്റെ പുതിയ യുവത്വത്തിലെത്തിയ രണ്ടു ഹൃദയങ്ങളാണ് ഞങ്ങള്‍. ജാക്ക് സെബാസ്റ്റ്യന്‍ വെഡ്സ് അന്ന മിഖായേല്‍. ജില്‍ ഡിസില്‍വ വെഡ്സ് മരിയ റോസ്. വരൂ... ഈ വരുന്ന മുപ്പതാം തിയതി രണ്ടു കൂട്ടുകാരുടെ ആ വിവാഹ സുദിനം കാണൂ... രണ്ടു പുരുഷന്മാര്‍ അവരുടെ ഏകാന്തതയെ അവസാനിപ്പിക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് കണ്ടറിയേണ്ടേ... വരൂ, കത്തീഡ്രല്‍ ചര്‍ച്ചില്‍. പ്രാവുകള്‍ പ്രാര്‍ത്ഥനാഗീതമാലപിക്കുന്ന അന്തരീക്ഷത്തില്‍ നമുക്കൊരുമിച്ചാ സുന്ദരമുഹൂര്‍ത്തം ആസ്വദിക്കാം...''
വാക്കുകള്‍ തൂവിയെറിഞ്ഞും പരസ്പരം പുണര്‍ന്നും ഇടയ്ക്ക് കൈകള്‍ കോര്‍ത്തുപിടിച്ചും വെയില്‍ വീശീയടിച്ചുകൊണ്ടിരുന്ന പട്ടണത്തിലൂടെ ആ രണ്ടു കൂട്ടുകാര്‍ നടന്നുപോയി.

രണ്ട്

ഹോളി കത്തീഡ്രലിന്റെ ഗോപുരങ്ങളിലേക്ക് താണിറങ്ങി വന്നും ഇടയ്ക്ക് തെല്ലു പൊങ്ങിയും കടല്‍ത്തിരമാലകള്‍പോലെ പ്രാവുകള്‍ നൃത്തംചെയ്തു. ഇരട്ട കല്യാണങ്ങള്‍ക്ക് എത്തിയവര്‍ ചര്‍ച്ചിലേക്കും പിന്നെ പുറത്തെ ഗോപുരമണിയുടെ തുഞ്ചത്തെ പക്ഷിക്കൂട്ടത്തിനേയും നോക്കിക്കൊണ്ട് ആഹ്ലാദം തെറിപ്പിച്ചുകൊണ്ട് പറഞ്ഞു:
''രണ്ടും ഉഷാറായിട്ട്ണ്ട്...''
പുരോഹിതന്റെ മുന്നില്‍ ഗൗണും ശിരോവസ്ത്രവും ധരിച്ച് മെലിഞ്ഞ അന്നാ മിഖായേലും സ്വല്പം തടിച്ച മാദകശരീരമുള്ള മരിയ റോസും. കോട്ടും സ്യൂട്ടുമണിഞ്ഞ് വരന്മാര്‍: ജാക്ക് ആന്റ് ജില്‍.

''യുവതീയുവാക്കളേ... പുതു ജീവിതത്തിലേക്ക് നിങ്ങളെ ആനയിക്കുന്ന, മരണാവസാനം വരെ നിങ്ങളെ കൂട്ടിക്കെട്ടുന്ന കൂദാശയാണ് ഈ വിവാഹം. മറക്കാതിരിക്കുവിന്‍!''
അള്‍ത്താരയ്ക്കു മുന്നില്‍ പുരോഹിതന്റെ ശബ്ദം മൃദുവായി ഉയര്‍ന്നു.

അതു കേള്‍ക്കെ മരിയയെ നോക്കി അന്ന ഒറ്റക്കണ്ണാല്‍ ഒരു സൈറ്റടിച്ചു. മരിയ തിരിച്ചും.
മരിയ മനസ്സില്‍ പറഞ്ഞു:
''വിവാഹമേളത്തിനെത്തിയ കാറ്റേ... വെയിലേ... പ്രാവുകളേ... എന്റെ ജീവജാലങ്ങളേ... ഇതാ എന്റെയും കൂട്ടുകാരി അന്നപ്പെണ്ണിന്റേയും വിവാഹം. അഞ്ചു വര്‍ഷത്തെ ഞങ്ങളുടെ സ്വപ്നങ്ങളിതാ ഇവിടെ, ഇങ്ങനെ...''
പുരോഹിതന്‍ നാലു മോതിരങ്ങളെ വാഴ്ത്തി പിന്നീട് സ്‌നേഹത്തിന്റെ ലോഹമുദ്രപോല്‍ അതു വധൂവരന്മാരെ അണിയിച്ചു.

ഇപ്പോഴിതാ ജാക്കും ജില്ലും മിന്നുകെട്ടുകയാണ്. രണ്ടു കൂട്ടുകാരികള്‍ അത് കഴുത്തിലേറ്റു വാങ്ങുകയാണ്.
അപ്പോള്‍ ചര്‍ച്ചിനകത്ത് സ്‌നേഹത്തിന്റെ സുഗന്ധം പോലൊരു മണം എവിടെനിന്നോ വന്നു ചേര്‍ന്നു.  
പെണ്ണിന്റേയും ചെറുക്കന്റേയും കൈകള്‍ ചേര്‍ത്ത് അച്ചന്‍ ആശിര്‍വദിച്ചു. പള്ളിരേഖകളില്‍ സ്‌നിഗ്ദ്ധമായ നാലൊപ്പുകള്‍ പതിഞ്ഞു. വധൂവരന്മാര്‍ പടിയിറങ്ങിക്കഴിഞ്ഞു. പുറത്ത് വെയിലിന്റെ കാത്തിരിപ്പ്. ഉഷ്ണത്തിന്റെ അവരോഹണം. പകലിന്റെ വിടരല്‍.

പാരിഷ് ഹാളില്‍ ഇനി വിവാഹവിരുന്നാണ് നടക്കേണ്ടത്.
''വധൂവരന്മാരെ അനുഗ്രഹിക്കാന്‍ വന്ന മനുഷ്യരേ, മൃഗങ്ങളേ, പക്ഷികളേ, പ്രാണികളേ... വരിക. വന്നീ മാംസവിരുന്നില്‍ അര്‍മാദിക്കുക'' -അന്ന തീരെ ശബ്ദം കുറുക്കി തന്നോടെന്ന മട്ടില്‍ വിളിച്ചു.
മേശകളില്‍ തീറ്റപ്പാത്രങ്ങള്‍ മത്സരിച്ചു.

മൂന്ന്

വൈനും കേക്കും നല്‍കി രണ്ടു ജോഡി വിവാഹിതരേയും വീട്ടുകാര്‍ അവരുടെ ഭവനങ്ങളില്‍ സ്വീകരിച്ചെങ്കിലും ഹ്രസ്വമായ ചായസല്‍ക്കാരത്തിനുശേഷം പുതിയ രണ്ട് പുത്തന്‍ കാറുകളിലായി വധൂവരന്മാര്‍ പുറത്തേക്ക് തന്നെ ഒഴുകി.
ഇവര്‍ വളരെ സ്മാര്‍ട്ടായ ന്യൂ ജനറേഷനാണ്.
വീട്ടുകാര്‍ക്ക് ഇവരെയോര്‍ത്ത് അഭിമാനമേയുള്ളൂ.

വിവാഹം കഴിക്കാന്‍ താമസിച്ചാലെന്താ, എന്‍ജിനീയര്‍മാരായ ജാക്കും ജില്ലും സ്വന്തമായി വാങ്ങിയ ഫ്‌ലാറ്റുകളിലേക്കാണല്ലോ തങ്ങളുടെ നവ വധുക്കളേയും കൂട്ടി താമസിക്കാനിപ്പോള്‍ പോകുന്നത്.
ഒഴുകിനീങ്ങിയ അവരുടെ വാഹനങ്ങള്‍ നോക്കി ബന്ധുജനങ്ങള്‍ കൈവീശി; മിടുക്കന്മാരേ... മിടുക്കികളേ... സുഖമായിരിക്കട്ടേ നിങ്ങളുടെ ഭാവി ജീവിതം.
ആദ്യരാത്രി.

വിവാഹ വസ്ത്രങ്ങള്‍ ഉരിഞ്ഞുകളഞ്ഞ് ഫ്‌ലാറ്റ് നമ്പര്‍ അ7ലെ ജാക്കും അന്നയും ബര്‍മുഡയും ടീ ഷര്‍ട്ടുമണിഞ്ഞു. അപ്പുറത്തെ അ8ല്‍ ജില്ലും മരിയയും കുര്‍ത്തയും ട്രാക് പാന്റും ധരിച്ചു. ആദ്യ ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ത്തന്നെ തൊട്ടുരുമ്മി കിടക്കുന്ന രണ്ടാം ഫ്‌ലാറ്റിന്റേയും മുന്‍വശം തുറക്കപ്പെട്ടു.
അന്നാ മിഖായേല്‍ ബാല്‍ക്കണിയിലൂടെ പുറത്തെ ആകാശത്തേക്ക് ദൃഷ്ടികള്‍ പായിച്ചു. രാത്രിയുടെ കറുത്ത കുപ്പായത്തില്‍ ഇപ്പോള്‍ നിറയെ തിളങ്ങുന്ന നക്ഷത്രക്കുടുക്കുകള്‍.

''ഇരുട്ടു മൂടുന്ന മാനമേ... അതിനു വെളിച്ചപ്പൊട്ടു നല്‍കുന്ന നക്ഷത്രങ്ങളേ... ഈ പ്രണയ നിറവിനു സാക്ഷിയാവുക...''
ജാക്ക് അന്നയെ മൃദുവായി ഒന്നു തള്ളി. അവള്‍ മരിയയുടെ നെഞ്ചിലേക്ക് ചെന്നുവീണു. മരിയ അന്നു പള്ളിയില്‍ കണ്ട പുരോഹിതനെ അനുകരിച്ചെന്ന വണ്ണം ജില്‍ ഡിസില്‍വയുടെ കൈ പിടിച്ച് ജാക്കിന് നല്‍കി. തുടര്‍ന്ന് ജാക്കും ജില്ലും കെട്ടിപ്പിടിച്ച് അ7ലേക്കും അന്നയും മരിയയും പരസ്പരം ഉമ്മവെച്ച് അ8ലേക്കും കയറി.

വാതിലടയ്ക്കും മുന്‍പ് കൈകളുയര്‍ത്തിയും കണ്ണുകള്‍ അമര്‍ത്തിച്ചിമ്മിയും അവര്‍ അന്യോന്യം അഭിവാദ്യം ചെയ്തു. ജാക്ക് ഉച്ചത്തില്‍ വിളിച്ചു.
താങ്ക്യു ബ്രോസ്...
''നക്ഷത്രങ്ങളേ... ഇനിയുള്ള രാത്രികള്‍ നിങ്ങള്‍ ഞങ്ങള്‍ക്കു മാത്രമായി നല്‍കൂ.''
അന്ന മരിയെയെ ചേര്‍ത്തുപിടിച്ച് മുകളിലേക്ക് നോക്കി ലഹരിയോടെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com