

സ്വപ്നങ്ങളുടെ മേദസ്സില്ലാത്ത ഒരു ഉറക്കത്തിൽനിന്നും ഉണരാൻ തുടങ്ങുമ്പോളാണ് അവൾ പൂട്ട് തുറന്ന് അയാൾ അകത്തു കയറുന്നതിന്റെ പതുങ്ങിയ ഒച്ചകേട്ടത്.
അവൾക്കു ഭയം തോന്നിയില്ല.
സ്വിസ് ആർമി കത്തിയുടെ വാലിൽ തൂങ്ങിക്കിടക്കുന്ന താക്കോൽ ചുമരിലെ ആണിക്കൊളുത്തിൽ അയാൾ കുരുക്കിയിട്ടു. മേൽക്കുപ്പായം ഊരി സോഫയുടെ കയ്യിൽ കമഴ്ത്തി വെച്ചു.
എല്ലൻ ശരീരത്തെ വലിച്ചുനീട്ടിക്കൊണ്ട് ചുമരിലെ കയ്യെത്താത്ത മൂലകളിൽ ചിലന്തികൾ വല നെയ്തിട്ടുണ്ടോയെന്നു നോക്കി. സ്വയം ചുരുങ്ങിക്കൊണ്ട് തറയിൽ പൊടിയടിഞ്ഞിട്ടുണ്ടോ എന്നും പരിശോധിച്ചു.
അലമാരിയിൽ മൂക്ക് കുത്തിക്കിടക്കുന്ന ചില പുസ്തകങ്ങളെ പിടിച്ചെഴുന്നേൽപ്പിക്കുകയും അവയുടെ അറ്റങ്ങളിലും മൂലകളിലും വന്നിട്ടുള്ള പരിക്കുകളിൽ ഉഴിഞ്ഞു ശുശ്രൂഷിക്കുകയും ചെയ്തു. പാതിരയ്ക്ക് വീട്ടിൽ വന്നുകയറുമ്പോൾ ഒരാൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഇതൊന്നുമല്ലെന്ന് ഓർത്തുകൊണ്ട് അയാൾ ചില പുസ്തകങ്ങളെ അപ്പോൾ തോന്നുന്ന ഒരു രസത്തിനു സ്ഥലം മാറ്റുകയും ചിലവയെ അടുത്ത തവണ വരുമ്പോൾ കണ്ടുപിടിക്കാനായി ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്തു.
പഴയ പരിചയം ഉറപ്പിക്കാനെന്നപോലെ മറ്റു മുറികളിലും കയറിനോക്കി. അലമാരയിൽനിന്നും കുതറിച്ചാടാൻ ശ്രമിക്കുന്ന അവളുടെ ഉടുപ്പുകളുടെ കയ്യും കാലും ചിറകുകളും സമയമെടുത്ത് മടക്കിയൊതുക്കി തിരികെ വെച്ചു.
അടുക്കളയിലും പല പണികളും ബാക്കി കിടപ്പുണ്ടായിരുന്നു.
ഫ്രിഡ്ജിലെ പച്ചക്കറികളെ ഓരോന്നിനേയുമെടുത്ത് അയാൾ പൈപ്പുവെള്ളത്തിനു താഴെ പിടിച്ചു കുളിപ്പിച്ചെടുത്തു. വാടിപ്പോയ ഇലകൾക്കു മീതെ വെള്ളം തളിക്കുകയും സിങ്കിൽ അലസതയോടെ കിടന്നിരുന്ന പാത്രങ്ങളിലെ മെഴുക്ക് ഉരച്ചുനീക്കി. അവിടെയുമിവിടെയും ഒട്ടിക്കിടന്നിരുന്ന കറിവേപ്പിലകൾ നഖംകൊണ്ട് ചുരണ്ടിയെടുത്ത് ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയും ചെയ്തു.
ശേഷം മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, അകമുറിയിൽ അവൾ ഉറങ്ങുന്നതുപോലെ കിടക്കുന്നത് വാതിൽക്കൽനിന്നു നോക്കിനിന്നു.
കട്ടിലിന്റെ ഒഴിവാക്കാനാവാത്ത ഭാഗം പോലെ ഒട്ടിച്ചുവെച്ചിരുന്ന തന്റെ ശരീരം അനക്കാതെ അവൾ, മരിച്ചുകഴിഞ്ഞപ്പോൾ അയാളെന്തുമാത്രം മാറിയിരിക്കുന്നു എന്ന അത്ഭുതത്തിൽ കണ്ണടച്ചു കിടന്നു. കൂടെ ജീവിച്ചിരുന്ന അഞ്ചു വർഷവും അയാൾ ഇങ്ങനെയൊന്നുമായിരുന്നില്ല.
ഫ്രീസറിൽ കഷ്ണങ്ങളായി അടുക്കിവെച്ചിരിക്കുന്ന അയാളുടെ ശരീരത്തെ ഇന്നും പുറത്ത് കളയേണ്ടെന്ന് അവൾ അപ്പോൾ തീരുമാനിച്ചു.
സ്ലീപ്പ് മോഡ്
രണ്ടു ദിവസമായി വല്ലപ്പോളും ചായയോ കാപ്പിയോ തിളപ്പിക്കുക, ചൂടുവെള്ളമൊഴിച്ചാൽ പുഴുങ്ങിയെടുക്കാവുന്ന കപ്പ് ന്യൂഡിൽസ് തിന്നുക, ടോയ്‌ലറ്റിൽ പോകുക തുടങ്ങിയ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങൾക്കല്ലാതെ അവൾ കിടക്ക വിട്ടുപോയിരുന്നില്ല. അടുക്കളയിൽ കയറുമ്പോളെല്ലാം ഫ്രിഡ്ജിന്റെ വാതിൽ തുറന്നു മണംപിടിക്കുകയും സൂക്ഷ്മതയോടെ അടയ്ക്കുകയും ചെയ്തു.
രാത്രിയും പകലുമെന്നില്ലാതെ ഉറക്കത്തിനു കീഴ്‌പെട്ടു കിടക്കാൻ സഹായിക്കുന്ന മയക്കുഗുളികകളുടെ ഡപ്പി ദൈവം നേരിട്ടു നല്‍കിയ സമ്മാനമെന്നപോലെ അവൾ കൈക്കുള്ളിൽ അരുമയോടെ സൂക്ഷിച്ചുപിടിച്ചിരുന്നു.
പതിവു പരിശോധനയ്ക്ക് ചെന്നപ്പോൾ ഡോക്ടർ പയ്യൻ അവളുടെ കണ്ണുകൾക്ക് അതിര് കെട്ടിയിരുന്ന കറുപ്പുപാടകൾ മങ്ങിയിരിക്കുന്നത് കണ്ടുപിടിച്ചു.
“നന്നായി ഉറങ്ങുന്നുണ്ടെന്നു തോന്നുന്നു.”
“ഇപ്പോൾ ഉറക്കം മാത്രമേയുള്ളൂ...”
അവർ അല്പം ലജ്ജയോടെ ഏറ്റുപറഞ്ഞു. ഡോക്ടർ പറഞ്ഞതിന്റെ കണക്ക് വിട്ടും ഗുളികകൾ വിഴുങ്ങുന്ന കള്ളത്തരം പിടിക്കപ്പെടാതിരിക്കാനായി അവൾ ചിരിച്ചുകൊണ്ടിരുന്നു.
പല്ലില്ലാത്ത കുഞ്ഞുങ്ങളോട് തോന്നുന്ന തേനൂറുന്ന സ്നേഹം മീശയില്ലാത്തവരോടും അവൾക്കുണ്ട്. അയാളെ കണ്ണെടുക്കാതെ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞുസന്തോഷത്തിന്റെ തരികൾ അവളുടെ ഉള്ളിൽ പൊട്ടിയുണരും.
“സ്വപ്നം കാണാൻ പറ്റുന്നുണ്ടോ?”
“ഉം... ഇന്നൊരു മികച്ച സ്വപ്നം കണ്ടു.”
“അപ്പോൾ എന്റെ ചികിത്സ ഏറ്റു. ആരെയാണ് കണ്ടത്?”
“എന്റെ ഭർത്താവിനെ...”
“ഓഹ്... അപ്പോളത് പേടിസ്വപ്നം അല്ലേ?”
“അല്ല. ഇതുവരെ ജീവിച്ചിട്ടുള്ളതിലും മികച്ച സ്വപ്നമായിരുന്നു അത്...”
ഇക്കിളിയിട്ടപോലെ അവൾ വാ തുറന്ന് ചിരിച്ചു.
കൗച്ച് സെഷൻ
കുറച്ചുമാസങ്ങൾക്കു മുന്‍പാണ് നല്ല സ്വപ്നത്തിലേക്കുള്ള വഴി ഡോക്ടർ അവൾക്കു പറഞ്ഞുകൊടുത്തത്.
സിമ്പിൾ ആണ്. കിടക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കണം എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ ഓർക്കുക. ഉദാഹരണത്തിന്, മനസ്സിനിമ്പം തോന്നുന്ന പാട്ട് കണ്ണടച്ചു കേൾക്കുക. പ്രിയമുള്ള ഒരിടത്തെ ഉള്ളിലേയ്ക്കു കൊണ്ടുവരിക. അതിലൂടെ നടന്നുപോകുമ്പോൾ രണ്ടു ഭാഗത്തേയും മരങ്ങളിൽ പൂക്കൾ നിറയട്ടെ. കിളികൾ പറക്കട്ടെ. അവിടേയ്ക്ക് ഇഷ്ടമുള്ള ഒരാളെ കൂട്ടിക്കൊണ്ട് വരിക. ആ ആളുടെ കയ്യിൽ പിടിച്ച് ഉറക്കത്തിലേക്കു മെല്ലെ നടന്നുകയറുക...
മനുഷ്യരെല്ലാം മുരടൻ ജീവിതത്തെ മെരുക്കിയെടുക്കുന്നത് ഇത്തരം ചില സൂത്രപ്പണികളിലൂടെ ആണെന്ന് അയാൾ പറഞ്ഞു.
സ്കൂൾക്കാലത്തെ കൂട്ടുകാരി അകാലമരണത്തിലേയ്ക്കുള്ള ദിവസങ്ങളെ നേരിട്ട കഥ അയാൾ വായിക്കാൻ കൊടുത്ത ഡയറിയിൽ ഉണ്ടായിരുന്നു.
കണ്ണുകളിൽ ഇരുട്ട് മാത്രം ഉള്ളവൾ. പെട്ടെന്നൊരു നാൾ ഉറക്കം അവളെ കൈവിട്ടു. ഒന്നും രണ്ടും ദിവസമല്ല. ഭ്രാന്തിന്റെ വക്കത്തേയ്ക്ക് വീണുപോകും മുന്‍പ് അവൾ സ്വയം മരിക്കാൻ തീരുമാനിച്ചു.
ആ ദിവസം അവൻ അവളെ മിന്നാമിനുങ്ങുകളുടെ ഉത്സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിളങ്ങാൻ കഴിയുന്ന ആണുങ്ങളുടെ പേരിൽ മാത്രം മിന്നാമിന്നികളുടെ വംശം മുഴുവൻ അറിയപ്പെടുന്നതിനെക്കുറിച്ച് അവൾ പരാതിപ്പെട്ടു. പെൺമിന്നികളെ ആകര്‍ഷിക്കാൻവേണ്ടി മാത്രം ജീവിക്കുന്ന, അവരില്ലെങ്കിൽ ജീവിക്കാനാവാത്ത നിസ്സഹായ ജീവികളല്ലേ ആണുങ്ങൾ എന്നവൻ തിരിച്ചു ചോദിച്ചു. അവളുടെ കണ്ണുകളിൽ ഒരു മിന്നാമിന്നി തിളങ്ങി.
പാതിരാവിനെ വെല്ലുവിളിച്ചുകൊണ്ട് പതിനായിരക്കണക്കിനു മിന്നാമിനുങ്ങുകൾ ഇണകൾക്കായി ജീവിതത്തിലെ അവസാനത്തെ നൃത്തം കാഴ്ചവെയ്ക്കുന്ന നിമിഷം വന്നു. അന്ധയുടെ കൈക്കുള്ളിൽ തന്റെ വിരലുകൾകൊണ്ട് ആ നിമിഷങ്ങളുടെ അനക്കം മുഴുവൻ അവൻ കോറിയിട്ട് കൊണ്ടിരുന്നു. അവളുടെ ഉള്ളിൽ വെളിച്ചപ്പൊട്ടുകൾ കത്തി. കെട്ടു.
യോഗയും ശ്വാസമെടുപ്പും ശീലിക്കാൻ പോയ ഇടത്തുനിന്നും പരിചയപ്പെട്ട ശുഭി മെഹ്‌റോത്രയിൽനിന്നാണ് കാമുകൻ ഡോക്ടറുടെ നമ്പർ അവൾക്കു കിട്ടുന്നത്. നീളൻ കാലുകാരി അവളുടെ അപാർട്ട്‌മെന്റിന്റെ തന്നെ ഇരുപത്തൊന്നാം നിലയിലാണ് താമസം.
കൊറിയക്കാരനോ എന്നു കൗതുകപ്പെട്ടപ്പോൾ അവൾ പറഞ്ഞു:
“അവന്റെ അച്ഛൻ ഇവിടുത്തെ നിമ്ഹാൻസിൽ പ്രൊഫസർ ആണ്. മൈസൂരുകാരൻ. അമ്മവഴിയാണ് കൊറിയൻ ജീൻ കിട്ടിയത്. അവന്റെ രീതികൾ കുറച്ച് തല തിരിഞ്ഞതാണ് കേട്ടോ...”
നല്ലപോലെ നീണ്ടിട്ടും കൗമാരം കടക്കാത്ത മുഖമുള്ള അയാളുടെ ഫോട്ടോ അവൾ കാണിച്ചുതന്നു.
ക്ലിനിക് ആണോ വീടാണോ എന്നു കൃത്യമായി പറയാൻ പറ്റാത്ത രീതിയിലാണ് ഡോക്ടറുടെ മുറിയിലെ ക്രമീകരണങ്ങൾ.
വരുന്നവർക്ക് ഇരിക്കാൻ കസേരയ്ക്കു പകരം നീളൻ മഞ്ഞസോഫ. ചുമരിൽ വമ്പൻ ജ്യാമിതീയ രൂപങ്ങൾ. ചുമരിലൂടെ പടർത്തിവിട്ട മരത്തിന്റെ ചില്ലകളിൽ അടുക്കിവെച്ചിട്ടുള്ള പുസ്തകങ്ങൾ.
ഡോക്ടർ അവളോട് ചോദിച്ചത് കൂടുതലും ഭക്ഷണത്തെക്കുറിച്ചായിരുന്നു.
ഉറക്കത്തിനും ഉണർവിനുമിടയിലെ നൂലിലൂടെ നടന്നിരുന്ന അവൾക്കാണെങ്കിൽ അന്നു രാവിലെ കഴിച്ചത് എന്തെന്നുപോലും ഓർമ്മ ഉണ്ടായിരുന്നില്ല. തലേന്നു രാത്രി കഴിച്ചത് എന്തെന്നും അവൾ മറന്നിരുന്നു. വൈകുന്നേരങ്ങളിൽ ചായക്കാരിയാണോ കാപ്പിക്കാരിയാണോ താനെന്നും അവൾക്ക് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല. അയാൾ പിന്നെയും ചോദിച്ചു കൊണ്ടിരുന്നപ്പോൾ തലേന്നത്തെ ഉച്ചഭക്ഷണം ചോറും മീൻകറിയും ആയിരുന്നെന്ന് അവൾ കള്ളം പറഞ്ഞു. അന്നു രാവിലെ പാതിവെന്ത മുട്ടയും റൊട്ടിയുമാണ് കഴിച്ചതെന്നു പിന്നെ ഓർത്തെടുത്ത മട്ടിൽ അവൾ അവതരിപ്പിച്ചു.
“ഹേയ്, അതൊക്കെ മറന്നുപോയതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല.”
“എന്റെ പ്രശ്നം ഭക്ഷണമല്ല. ഉറക്കമാണ്...”
അവൾ ഉറപ്പിച്ചു പറഞ്ഞു.
സ്കൂളിലെ ആദ്യ ദിവസത്തിനായി ഒരുങ്ങിയ മട്ടിൽ മുടി കുട്ടിവെട്ട് വെട്ടി, നെറ്റിയിലേക്ക് വീഴ്ത്തിയിട്ട ഓരോ ഇഴയേയും ക്രീം തേച്ച് മിനുക്കിവെയ്ക്കുകയും ചെയ്തിട്ടുള്ള അയാൾ ചിരിച്ചു.
പിന്നെ, ബാൽക്കണിയിലെ ഓർക്കിഡുകൾക്കു വെള്ളമൊഴിക്കാൻ പോയി. ചെടികൾക്കു കേൾക്കാനായി അയാൾ ‘മൂൺലൈറ്റ് സൊനാറ്റ’യുടെ ഒച്ച കൂട്ടിവെച്ചു. ബീഥോവൻ തന്റെ പതിനാറുകാരി കാമുകിക്കുവേണ്ടി സമർപ്പിച്ചത്. അയാൾക്ക് സ്വന്തമാക്കാനാവാതെ പോയ കാമുകിയെക്കുറിച്ചുള്ള കഥ ഓർക്കാൻ ശ്രമിക്കവേ, അവൾ ഉറക്കത്തിലേയ്ക്ക് കയറിപ്പോയി.
പല ദേശങ്ങളിൽ യാത്രചെയ്ത്, അവിടുത്തെ വിഭവങ്ങൾ പരീക്ഷിച്ച്, ഫുഡ് ബ്ലോഗ്ഗർ ആയി ജീവിച്ചിരുന്ന പഴയ നാളുകൾ സിനിമയിലെന്നപോലെ തെളിഞ്ഞുവന്നു.
തിളപൊങ്ങിയ എണ്ണയിലേയ്ക്ക് പാറിവീഴുന്ന നാളികേരഞൊറികൾ, വോക്കിൽനിന്നും പൊങ്ങിച്ചാടുന്ന ചൈനീസ് നൂഡിൽസിഴകൾ, ജാപ്പനീസ് ടോഫുവിന്റെ പാലൊട്ടൽ, വാഴയിലക്കുമ്പിളിൽ വേവിച്ചെടുക്കുന്ന തായ് മീനുകൾ, ഉണക്കമീനും മുളന്തണ്ടുകളും ചേർത്തുണ്ടാക്കുന്ന നാഗാ ചട്ട്ണി...
ഡോക്ടറുടെ കൗച്ചിൽ കയറിക്കിടന്ന് അങ്ങനെ രുചിയുള്ള ഉറക്കത്തെ പിടിച്ചെടുക്കുന്നത് അവളൊരു പതിവാക്കി.
ഒരിക്കൽ, ഭർത്താവ് അവളെ ഒരു ആംഗ്ലോ ഇന്ത്യൻ പരിചയക്കാരിയുടെ വീട്ടിൽ കൊണ്ടുപോയിരുന്നു. ആദ്യത്തെ ഗർഭം മൂന്നാംമാസത്തിൽ ഉടഞ്ഞുപോയതു കാരണം അവൾ വിഷാദിയായിരുന്ന കാലമാണ്.
“ഇത് പരീക്ഷിച്ചു നോക്ക്...”
പ്ലേറ്റിന്റെ ഒത്തനടുക്ക് അയാൾ രഹസ്യ രുചിക്കൂട്ടിൽ വരട്ടിയെടുത്തത് വിളമ്പി. അത്രയും മാർദ്ദവമുള്ള, അപൂർവ്വ രുചിയുള്ള ഇറച്ചി അവൾ ആദ്യമായി കഴിക്കുകയായിരുന്നു.
“ഇതിന്റെ വീഡിയോ നിന്നെ വൈറൽ ആക്കും... ക്യൂട്ടി പൈ...”
അയാൾ അവളുടെ കവിളിൽ നുള്ളി കൊഞ്ചിക്കുന്നതുപോലെ അഭിനയിച്ചു.
പിറ്റേന്ന് അവളെണീക്കും മുന്‍പേ, അയാളും കൂട്ടുകാരിയും മാർക്കറ്റിൽനിന്നും ഇറച്ചി വാങ്ങിക്കൊണ്ട് വന്നു. അവളത് തുറന്നുനോക്കി.
ഗർഭിണിയായ ആടിന്റെ വയറിൽനിന്നും തുരന്നെടുത്ത രോമമില്ലാത്ത ശിശു ചുരുണ്ടുകൂടി കിടക്കുന്നു. ക്യൂട്ടി പൈ!
അവൾ ക്യാമറ താഴെയിട്ട് കുളിമുറിയിലേക്ക് ഓടി. തലേന്ന് കഴിച്ചതിന്റെ ഓർമ്മയിൽ അന്ന് മുഴുവൻ അവൾ ഓക്കാനിച്ചുകൊണ്ടിരുന്നു.
അവൾ ഉണരാൻ കാത്തുനിൽക്കുകയായിരുന്നു ഡോക്ടർ. അവൾ ചോദിക്കും മുന്‍പേ അയാൾ വെള്ളക്കുപ്പി നീട്ടി.
“ഇനി നിങ്ങളുടെ ഭർത്താവിനെക്കുറിച്ച് പറയൂ.”
ട്രോമ കെയർ
അയാളുടെ പേര് സർണൻ ദെഗ്ഗ എന്നായിരുന്നു. എന്തൊരു വിചിത്രമായ പേര് എന്നു പരിചയപ്പെട്ട നാളുകളിൽ അവളും വിചാരിച്ചിരുന്നു.
ചിരിക്കാൻ കഴിയാത്ത ഗർഭസ്ഥ ശിശുവിന്റെ മുഖമായിരുന്നു അയാൾക്ക്. അവൾ ചിരിപ്പിക്കുമ്പോളെല്ലാം അയാളുടെ മുഖത്തൊലി പൊട്ടാനൊരുങ്ങുംപോലെ വലിഞ്ഞുമുറുകും. ദൈവം എല്ലുകളും തൊലിയും കൂടുതലുപയോഗിച്ച് ഉണ്ടാക്കിയ രൂപം എന്നവൾ അയാളെ കളിയാക്കുമായിരുന്നു.
കൗമാരം കടന്നാലുടനെ ആണുങ്ങൾ വൃദ്ധരാകുന്ന നാട്ടിലാണ് ജനിച്ചതെന്ന് അയാൾ പറഞ്ഞു.
ജോലിക്കിടയിലെ ഇടവേളകളിൽ നിർബ്ബന്ധിക്കുമ്പോൾ മാത്രം അയാൾ നാട്ടിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു പറയും. കെട്ടുകഥകൾ പറയുന്ന ലാഘവത്തോടെ ആയിരുന്നു പോരടിക്കുന്നതിനെക്കുറിച്ചും തലവെട്ടുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നത്.
മണിപ്പൂരിലെ ഗ്രാമത്തിലേക്ക് പക്ഷേ, അയാൾ ഒരിക്കലും അവളെ കൊണ്ടുപോയിരുന്നില്ല.
ഒരിക്കൽ, മദ്യപിച്ച് വെളിവുകെട്ട ഒരു രാത്രി അയാളുടെ കാർ ഒരു ബൈക്കുകാരനെ ഇടിച്ചിട്ടു. അതിന്റെ പേരിൽ വഴക്കായി. സർണൻ പോക്കറ്റിൽ എപ്പോളും സൂക്ഷിക്കാറുള്ള സ്വിസ് കത്തി വെച്ച് അയാളെ മുപ്പത് തവണ കുത്തി എന്നാണ് കേസ്.
ബൈക്കുകാരൻ തന്നെ ചീനക്കാരൻ എന്നു വിളിച്ചു എന്നാണ് അയാൾ അവളോട് പറഞ്ഞത്.
അന്നു രാത്രിയാണ് അയാളുടെ പേഴ്‌സിൽനിന്നും ആ വലിയ രഹസ്യം താഴെ വീണത്.
ചെറുപ്പക്കാരനായിരുന്ന അയാളും മണിപ്പൂരിയുടുപ്പിട്ട പെണ്ണും ആപ്പിൾത്തുടുപ്പുള്ള രണ്ട് പെൺകുട്ടികളും ഉള്ള ഫോട്ടോ.
അയാളെ ഓർത്ത് സ്റ്റേഷനിലിരുന്നു കരഞ്ഞുകൊണ്ടിരുന്ന അവളുടെ കയ്യിൽ പൊലീസുകാരൻ അത് വെച്ചുകൊടുത്തു.
ജയിലിൽ പോയ അയാളെക്കുറിച്ച് അവൾ പിന്നീട് അന്വേഷിച്ചിരുന്നില്ല.
പക്ഷേ, പിരിഞ്ഞതിനുശേഷവും അവളുടെ ഭർത്താവായി ജീവിച്ചിരുന്ന കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അയാൾ ദിവസവും ഫ്ലാറ്റിനു താഴെ വന്നുനിന്നു.
“എല്ലാം എന്റെ തോന്നലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷേ, അയാൾ എന്റെ പുറകെ ഉണ്ട്.”
അവൾ ഡോക്ടറോട് പറഞ്ഞു.
ഉന്തുവണ്ടിക്കാരന്റെ കയ്യിൽനിന്നും പച്ചക്കറികൾ വാങ്ങി തിരിയുമ്പോൾ അയാൾ കുറച്ചപ്പുറത്തെ ഇലക്ട്രിക് പോസ്റ്റിനു താഴെ പുകയൂതി നില്‍ക്കുന്നു.
ഓഫീസിലെത്തിക്കുന്ന ബസ് കേറാനായി കാത്തുനില്‍ക്കുമ്പോൾ എതിർവശത്തെ കടയിൽ ചായ കുടിച്ചുകൊണ്ട് നില്‍ക്കുന്നു.
വണ്ടിയിലെ ആള്‍ക്കൂട്ടത്തിൽനിന്നും കൂർത്ത നോട്ടം മുഖത്തേയ്ക്ക് പതിക്കുന്നു.
പാർക്കിലൂടെ വൈകുന്നേര നടത്തം നടത്തുമ്പോൾ പുറകിലെ നിഴൽ നീണ്ടുവരുന്നു.
വീട്ടിലേയ്ക്കുള്ള പടവുകൾ എണ്ണിക്കയറുമ്പോൾ മറ്റൊരു കാലൊച്ച പിന്തുടരുന്നു.
കുളിക്കുമ്പോൾ രഹസ്യ ക്യാമറയിലൂടെ അയാൾ നോക്കിനില്‍ക്കുന്നു. കിടപ്പുമുറിയിലും അടുക്കളയിലും അയാൾ കണ്ണുകൾ പതിച്ചുവെച്ചിട്ടുണ്ട്.
ഒരു ദിവസം, അവൾ വന്നു വാതിൽ തുറന്നപ്പോൾ അയാൾ ഇരുട്ടിൽ ഒളിച്ചുനിന്നു.
ആരുമില്ലാത്ത നേരങ്ങളിൽ അയാൾ വീടിനുള്ളിൽ കയറാറുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.
കഴുത്തൊടിച്ച ഒരു വീഞ്ഞുകുപ്പിയുടെ കൂർപ്പുകൊണ്ട് അവളുടെ മുഖത്ത് അയാൾ ചോരവരകൾ വരച്ചു.
“അവനാരാണ്?”
അയാളുടെ മുരൾച്ച അവളെ വിറപ്പിച്ചു.
അയാൾ കുപ്പിച്ചില്ലുകൊണ്ട് അവളുടെ കവിൾ വെട്ടി. ചൂടുള്ള ചോര അയാളുടെ മുഖത്തേയ്ക്ക് തെറിച്ചു.
കിച്ചൻ തെറാപ്പി
കഴുകാനായി വെള്ളത്തിൽ ഇട്ടുവെച്ചിരുന്ന ചൈനക്കാരനായ നാപ്പകാബേജിനെ നീളൻതലയിൽ തൂക്കി ഡോക്ടർ പുറത്തെടുത്തു. പച്ചയിലകളിലൂടെ മൂർച്ചയുള്ള കത്തി ഒരേ വേഗത്തിലും താളത്തിലും പടർന്നുകയറി.
മറ്റൊരാളുടെ അടുക്കളയിൽ പണിയുന്നതിന്റെ ഒരു തപ്പിത്തടച്ചിൽ ഉണ്ടെന്നതൊഴിച്ചാൽ അയാളുടെ ചലനങ്ങൾ വിലകൂടിയ വിഭവങ്ങൾ മാത്രം വിൽക്കുന്ന റസ്റ്റോറന്റുകളിലെ പാചകക്കാരെ ഓർമ്മിപ്പിച്ചു.
അയാൾ ഞായറാഴ്ചകളിൽ കാമുകിയെ കണ്ടതിനുശേഷം ഇറങ്ങിവരുമ്പോൾ അവൾ ആറാംനിലയുടെ ലിഫ്റ്റിനു മുന്നിൽ കാത്തുനില്‍ക്കുമായിരുന്നു.
വാതിൽക്കൽത്തന്നെ നിന്ന് അവൾ പരീക്ഷിച്ച വിഭവത്തെ രോഗിയെ സമീപിക്കുന്ന ശ്രദ്ധയോടെ അയാൾ രുചിച്ചുനോക്കും. മടങ്ങും.
കൊറിയക്കാരുടെ പ്രിയവിഭവം ഉണ്ടാക്കിത്തരാമോയെന്ന് അവളാണ് അയാളോട് ചോദിച്ചത്. അന്ന് അയാൾ കാമുകിയെ കാണാൻ പോയില്ല.
അയാളെ കാഴ്ചവട്ടത്തിൽനിന്നും മാറ്റാതെ അവൾ കാബേജിന്റെ നീളൻ ഇലത്തോട് പൊളിച്ചെടുത്തുകൊണ്ടിരുന്നു. കിംച്ചി തയ്യാറാക്കുമ്പോൾ മുറിക്കാതെയാണ് ഇലകൾ കൂടുതലും ഇടേണ്ടത്.
“ഭക്ഷണത്തിന്റെ ചരിത്രം വിചിത്രമാണ്. സ്നേഹംപോലെ തന്നെ. അത് യുദ്ധത്തിന്റേയും അധിനിവേശത്തിന്റേയും ചരിത്രം തന്നെയാണ്. വേട്ടയാടിയതിന്റേതാണ്. കൊന്നതിന്റേതാണ്. കൊല്ലപ്പെട്ടതിന്റേതാണ്. ബന്ധങ്ങൾ ഉറപ്പിക്കപ്പെട്ടതിന്റെ കാരണവും മുറിക്കപ്പെട്ടതിന്റെ കാരണവും ചിലപ്പോൾ ഒന്നുതന്നെയാണ്. കിംച്ചിക്കുവേണ്ടി കൊറിയ ജപ്പാനോടും ചൈനയോടും പോരാടിയിട്ടുണ്ട്. നിർബ്ബന്ധിത പട്ടാളസേവനത്തിനു പോകുന്ന ചെറുപ്പക്കാർ ഇതിന്റെ പുളിയും എരിവും ഓർത്താണ് കഠിനദിവസങ്ങൾ തള്ളിനീക്കുന്നത്... കൊറിയയിൽനിന്നും ആദ്യമായി ബഹിരാകാശത്തേക്കു പോയ ആൾക്കും കിംച്ചി കൊടുത്തയച്ചിരുന്നു. വിളവുകാലത്ത് കിംച്ചി ഉണ്ടാക്കാൻ ഒരു ഗ്രാമം മുഴുവൻ ഒത്തുചേരും. വീട് വിട്ടുപോകുന്ന ആളുകളെ തിരികെ കൊണ്ടുവരുന്നത് മിക്കപ്പോളും ഭക്ഷണത്തിന്റെ ഓർമ്മയാണ്...”
അയാൾ ക്യാമറയിലേയ്ക്കു നോക്കി പറഞ്ഞു.
അകത്ത് മൂപ്പെത്താത്ത മഞ്ഞയിലകളുള്ള, സ്വല്പം മധുരവുമുള്ള ചൈനീസ് കാബേജ് അവളുടെ അടുക്കളയിൽ എത്തിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ. കലോറി കുറവുള്ള ഇലകൾ പച്ചയ്ക്കും പുഴുങ്ങിയുമൊക്കെ കഴിച്ചു തടി കുറയ്ക്കാമെന്ന് ഡോക്ടർ ആണ് ആദ്യം പറഞ്ഞത്.
“ഭക്ഷണമുണ്ടാക്കുമ്പോൾ രുചി കൂട്ടുക എന്നതു മാത്രമായിരുന്നില്ല പണ്ടത്തെ ആളുകളുടെ ലക്ഷ്യം. പ്രത്യേകിച്ചും യുദ്ധവും വറുതിക്കാലവും ഉള്ള നാടുകളിൽ. എത്രകാലം സൂക്ഷിച്ചുവെയ്ക്കാൻ പറ്റും എന്നുകൂടി നോക്കണം...”
ഡോക്ടർ മീൻസോസിൽ ഞെരടിയ കാബേജിന്റെ ഒരു കഷ്ണം അവൾക്കു നീട്ടി.
“സ്നേഹം തീർന്നുപോയാൽ മനുഷ്യർ ഓര്‍മ്മകൾപോലുള്ള പ്രിസർവേറ്റീവ്‌സ് ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ നോക്കും. രണ്ടിനും ഒരു തത്ത്വം ആണ്. അളിഞ്ഞുപോയാൽ പിന്നെ വെച്ചോണ്ടിരിക്കരുത്...”
ഡോക്ടർ അവളെ നോക്കി ചിരിച്ചുകൊണ്ട് കയ്യുറയൂരി മേശപ്പുറത്ത് വെച്ചു. മസാലയുടെ ബാക്കി രക്തക്കറപോലെ അതിൽ ഒട്ടിപ്പിടിച്ചിരുന്നു.
ശ്വാസമെടുക്കാതെ അയാൾ അവളുടെ ചുണ്ടിൽ മിന്നാമിന്നികളെ കോറിയിട്ടു. അവളുടെ അടിവയറിലേയ്ക്ക് അവ പാറിവന്നിരുന്നു.
അവൾ അയാളോടൊപ്പം പുറത്തേക്കുള്ള വാതിൽ വരെ ചെന്നു.
വാതിൽ തുറക്കും മുന്‍പ് അയാളെ പുറകിൽനിന്നും കെട്ടിപ്പിടിച്ചു. അപ്പോൾ ചുമരിലെ ബൾബിൽനിന്നും രഹസ്യക്യാമറയുടെ ചുവപ്പ് കത്തി.
ഡോക്ടർ മെല്ലെ തിരിഞ്ഞുനിന്നു. കാൽവിരലുകളിൽ കുത്തിനിന്നുകൊണ്ട് അവൾ ശരീരത്തെ പൊക്കി. അയാളുടെ ചുണ്ടുകളെ കൊത്തിപ്പിടിച്ചു.
ശ്വാസമെടുക്കാതെ അയാൾ അവളുടെ ചുണ്ടിൽ മിന്നാമിന്നികളെ കോറിയിട്ടു. അവളുടെ അടിവയറിലേയ്ക്ക് അവ പാറിവന്നിരുന്നു.
ഡോക്ടർ പോയ ശേഷം, അവൾ മേശയ്ക്കരികിൽ വന്നിരുന്നു. കത്തിയുടെ മൂർച്ച നോക്കി. കയ്യുറയണിഞ്ഞുകൊണ്ട് അയാൾ പച്ചക്കറികൾ വെട്ടിനുറുക്കിയതിന്റെ അനായാസത അനുകരിച്ചു.
ഫ്രീസറിലേക്കു മാറ്റാതെ വെച്ചിരുന്ന ചോരച്ചുവപ്പുള്ള കിംച്ചിയിലകൾ ഓരോന്നായി ചവച്ചു തിന്നുകൊണ്ട് കാത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സർണ്ണൻ വെപ്രാളത്തോടെ വാതിൽ തുറന്ന് അകത്തുകയറുന്നതിന്റെ ഒച്ച കേട്ടു.
അവൾ കത്തിയിൽ പിടിമുറുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates