മൃദുല്‍ വി.എം. എഴുതിയ കഥ ‘ജലശയ്യയില്‍ കുളിരമ്പിളീ’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
മൃദുല്‍ വി.എം. എഴുതിയ കഥ ‘ജലശയ്യയില്‍ കുളിരമ്പിളീ’
Updated on
6 min read
“കൊക്കു തട്ടിത്തടഞ്ഞുവീഴും, തളിർത്തുമ്പു തൊട്ടാൽ മുറിഞ്ഞുപോകും ധ്യാന, മത്രയൊക്കയേ ബോധിവൃക്ഷത്തണൽ, മൗനബുദ്ധനായ് ചേർത്തുവച്ചിട്ടുള്ളൂ...” അയ്യപ്പൻ എച്ച്.

ഒന്ന്

കൺപീലികൾ പാറ്റകൾ വന്ന് തിന്നുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണർന്നപ്പോൾ പുണ്ണ്‌നോവുകളുടെ പരവേശമുണ്ടായി കൃഷ്ണൻകുട്ടിക്ക്. വാതിൽക്കൽ നിൽക്കുന്ന അയ്യപ്പനെ കണ്ട് അയാൾ ചിരിച്ചു. “കുട്ടിയേട്ടാ... ഒറങ്ങിപ്പോയോ”ന്ന് അയ്യപ്പനും ചിരിച്ചു. ജംഗ്ഷനിലെ സംഭവം അവൻ വിസ്തരിക്കുകയായിരുന്നു. അതിനിടയിൽ അയാൾ ആഴത്തിൽ ഒന്നുറങ്ങി. മുള്ളുവള്ളികളിൽപ്പെട്ടും, ഇടത്തെ ചെവിയിൽ ചൂണ്ടക്കൊളുത്തു കുടുങ്ങിയും ബീഡി തെരപ്പിനിടയിൽ വിരലൊന്ന് കത്രിച്ചുപോയും വലിയ ശരീരഭാരത്തോടെ വെള്ളക്കുഴിയിൽ താണും ആ ചെറിയ നേരത്തെ സ്വപ്നത്തിന്റെ കഷണങ്ങളിൽ അയാൾ ആരും കേൾക്കാനില്ലാതെ നിലവിളിച്ചിരുന്നു. പതിവ് പാറ്റകൾ തന്നെ അയാളെ ഉണർത്തി.

വാട്ടർബെഡിൽ വെള്ളം നിറയ്ക്കാനാണ് അവസാനമായി അയ്യപ്പനും പിള്ളേരും ഈ മുറിയിൽ കയറിയത്. കൃഷ്ണൻകുട്ടിയെ ഡിസ്ചാർജ് ചെയ്ത അന്ന്. നിറച്ചിട്ടും നിറച്ചിട്ടും നിറയാത്തൊരു വയറൻ വെള്ളക്കിടക്കയായിരുന്നു അതെന്ന് പിള്ളേർക്കന്ന് തോന്നി. പുറത്തെ ടാപ്പിൽനിന്ന് ചെറിയ പച്ചയോസു വഴി ഒന്നൊന്നര മണിക്കൂറോളമെടുത്തു അതൊന്നു നിവർന്നുകിട്ടാൻ! ചിരിയോടെ അയാൾ പിന്നേം മയങ്ങിപ്പോയത് കണ്ട് അയ്യപ്പൻ പുറത്തേയ്ക്ക് നടന്നു.

പല നിറമുള്ള ചായങ്ങളിൽ മുക്കിയ വെള്ളച്ചോക്കുകൾ, മുറ്റത്തെ വെയിലിലേക്ക് നിരത്തി വയ്ക്കുകയായിരുന്നു അമ്പിളി.

“ചേച്ചി... വെഷമാണ്, നോക്കി ഉപയോഗിക്കണം”ന്ന് പറഞ്ഞ്, കയ്യിലെ പൊടിയുടെ പാക്കറ്റ് അമ്പിളി കാണെ, വരാന്തയിൽ കമഴ്ത്തിയ പെയിന്റ് ബക്കറ്റിന് മേലേക്ക് വെച്ച് അവനിറങ്ങി.

“ഇന്നെന്താ ഇത്ര തെരക്ക്? അല്ലെങ്കില് നൊട്ടയും നൊണയും പറഞ്ഞാ തീരൂല്ലല്ലോ നിനക്ക്!?”

അവൾ ചിരിച്ചുകൊണ്ട് ഒരു സെറ്റ് ചോക്ക്, പാക്കറ്റ് പൊളിച്ച് നീലയിൽ മുക്കി. അയ്യപ്പൻ ഒന്ന് നിന്നു.

“ആശാനെ കാണണം. ഇതിപ്പോ നാലാമത്തെയാണ്, അവന്മാര് പൊളിക്കുന്നത്...”

അവനൊന്നു വിറച്ചപോലെ തോന്നി. അമ്പിളി ഒന്നും മിണ്ടിയില്ല. പ്രതിമ തകർത്തത് ഇന്നലെത്തന്നെ വാട്‌സാപ്പിൽ അവനയച്ചു കൊടുത്തിരുന്നു. ഒരു സ്ഥിരംകാഴ്ചപോലെ അവളതോരോന്നും സ്‌ക്രോൾ ചെയ്തുവിട്ടു.

അതിന്റെ ചൂണ്ടിയ വലതുകൈ അടുത്തൊന്നും കാണാനില്ലായിരുന്നു. നെഞ്ചിൽ പറ്റിയ പുസ്തകവും കണ്ണടയും ദൂരെ തെറിച്ചിരുന്നു. അടർന്ന കടുംനീലക്കോട്ടും നിവർന്ന മുഖത്തിന്റെ തെല്ലും പതിവുപോലെ ചെളിയും കരിയും തേവിപ്പടർത്തിയിരുന്നു.

അതുണ്ടാക്കിയ ചെറിയനാശാൻ പക്ഷേ, കുലുക്കമൊന്നുമില്ലാതെ ഒരു മിനുട്ട് അതും നോക്കിനിന്ന് നടന്നുപോയി. ചെറിയനാശാന്റെ നിപ്പും ചൊടിയും നോട്ടവുമായിരുന്നു അയ്യപ്പന്. കയ്യിൽ പറ്റിയ ചോക്കുപൊടിയും ചായങ്ങളും പൈപ്പുവെള്ളത്തിൽ കഴുകി, അമ്പിളിയവനെ തൊട്ട് തണുപ്പിച്ചുകൊണ്ട് നോക്കി.

“നീ ടൗണിലേക്ക് പോകുന്നുണ്ടെങ്കിൽ, ഒരു ചിത്രം പൊതിഞ്ഞു തരട്ടെ?”

അയ്യപ്പൻ തലയാട്ടിക്കൊണ്ട് വന്ന് വരാന്തയിലിരുന്നു. അമ്പിളി പറഞ്ഞാ പിന്നെ അവന് മൊടക്കങ്ങളൊന്നുമില്ല. കൊറച്ചുകാലമായിട്ട് അവൾക്കുവേണ്ടി മാത്രമോടുന്നൊരു പഴേ സ്കൂട്ടറുണ്ട് സ്വന്തമായിട്ടവന്.

“ചേച്ചിയിയാളെ മാത്രം വരച്ചു കൊറേ ഉണ്ടാക്കുന്നുണ്ട്!”

പുറത്ത് ജനാലയോട് ചേർന്ന് ഒരു ബുദ്ധൻ വിശ്രമിക്കുന്നത് നോക്കി അവൻ അവിടത്തന്നെ മലർന്നുകിടന്നു. കാർഡ്‌ബോർഡിലേക്ക് വെച്ച് ചിത്രം പൊതിയുന്നതിനിടയിൽ അവളാ കിടത്തം നോക്കി.

“ജീവിക്കണ്ടേ, ഇതമ്മവഴി കിട്ടിയതാ...”

അവനങ്ങോട്ട് നോക്കിയില്ല. ആ കഥയൊക്കെ മുൻപേ ആശാൻ പറഞ്ഞറിയാം. അറുപതാമത്തെ വയസ്സിൽ അമ്പിളിയെ പ്രസവിച്ചു മരിച്ചതാണവർ. അന്ന് കൃഷ്ണൻകുട്ടിയേട്ടന് അമ്പത്തിനാല് വയസ്സ്. ചെറുചിരിയൊതുക്കി അവൻ കമഴ്ന്നുകിടന്നു.

“ന്നിട്ട്... നിങ്ങളെന്താ പരിപാടി..?!”

പൊതിഞ്ഞെടുത്ത ചിത്രവുമായി അവൾ വന്ന് അവന്റെ അടുത്തിരുന്ന് പുറംകയ്യിൽ തൊട്ടു. അവൻ തലയനക്കാതെ നോക്കി.

“ചേച്ചിയെന്നോട് സ്നേഹക്കൂടുതൽകൊണ്ട് പറയുന്നതല്ലേ...?!”

അവൾ സംശയത്തോടെ മൂളിക്കൊണ്ട് അവന്റെ തുടയിൽ നുള്ളി. കാല് കുടഞ്ഞെണീറ്റ് അവൻ കുറച്ചു മാറി ചുവര് ചാരിയിരുന്നു.

“പ്രണയമുണ്ട് എന്ന്!”

അവൾ ചിരിച്ചുകൊണ്ടവനെ ഒന്നൂടെ തൊട്ടു.

“ഉണ്ട്...”

അവനത് കേട്ട് മതിയാവാത്തപോലെ

പിന്നെയും നിറഞ്ഞുനോക്കി. അവൾ ചിത്രം അങ്ങോട്ട് നീക്കിക്കൊടുത്തു. അവനതെടുത്ത് മുറ്റത്തേക്കിറങ്ങി.

“ന്നിട്ട് ന്താ നിങ്ങടെ പരിപാടി...?”

അവൾ പിന്നെയും ചോദിച്ചു.

“അതൊക്കെ ഇണ്ട്...

ഞങ്ങൾ വൈകീട്ട് ആശാന്റെ അടുത്തേക്ക് പോകുവാ.”

ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ മുഖത്തെ തെളിച്ചം നോക്കി അവൾ തലയാട്ടി. വെഷമാണ്, ശ്രദ്ധിക്കണം... എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അയ്യപ്പൻ വെയിലിലേക്കിറങ്ങിപ്പോയി. അതേ വെയിലിൽനിന്നു വന്ന കൃഷ്ണൻകുട്ടി ധൃതിയിൽ അകത്തേക്ക് കയറിപ്പോയതായി അവൾക്കു തോന്നി. അപ്പന്റെ ഓർമ്മയിറക്കാനുള്ളതുകൊണ്ട് അവൾ പിന്നെയും ചോക്ക് പൊടിയിലേക്കിറങ്ങിനിന്നു.

രണ്ട്

“നല്ല മഴയായിരുന്നു. കണ്ണു കാണാൻ പറ്റാത്ത അത്രയും മഴ. ചോമി എനിക്ക് മുന്നേ വഴി അറിയുന്നവനെപ്പോലെ പായുന്നു. അകത്തേക്ക് പോകുന്തോറും കാട് പിന്നെയും പിന്നെയും കറുത്തു കൊണ്ടിരുന്നു. മഴയെ മുറിച്ച് പായുന്നതിനിടയിൽ മുള്ള് പറ്റിയ ചെന്നാറുവള്ളിയിൽ കുടുങ്ങി ഞാനങ്ങ് തെറിച്ചുവീണെടീ... ഉരുണ്ടു വല്ല കൊക്കയിലോ കുഴിയിലോ പോയി വീഴുമെന്നുതന്നെ ഞാൻ കരുതി. ചോമി എനിക്കൊപ്പം കുരച്ചുകൊണ്ട് ഓടിക്കൊണ്ടിരുന്നു. ഏതോ മരക്കുറ്റിയിൽ തലയിടിച്ചു നിന്നു. ബോധം വരുമ്പോൾ കാടിന്റെ ഏതോ ഇരുട്ടിൽ നനഞ്ഞു കിടക്കുകയായിരുന്നു. തലപൊക്കി നോക്കിയപ്പോൾ എന്റെ കുഞ്ഞേ... ശാസ്താവിന്റെ തല! അതിനു ചുറ്റും ഞാൻ അതുവരെ കാണാത്ത തരം ചെറിയ നീല നീല പൂക്കൾ...”

കൃഷ്ണൻകുട്ടി അമ്പിളിയെ കൺപോളകളനക്കി മേലേക്ക് നോക്കി. ദീർഘമായ ഒരു പറച്ചിൽ അയാളുടെ തൊണ്ടയിൽ ഒരു പിടുത്തം വീഴ്ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഓർമ്മകളുടെ ഊർജ്ജത്തിലും അയാളുടെ താഴത്തെ നിരയിലുള്ള കൺപീലികൾ നനഞ്ഞു തുടങ്ങിയിരുന്നു. അതവൾ കണ്ടു.

മടക്കേണയിലിരുന്ന് വലതുവശത്തെ റോസ് ചുവരിൽ വയലറ്റ് നിറത്തിലുള്ള ചോക്കുകൊണ്ട് പൂക്കളെ വരയ്ക്കുകയായിരുന്നു അമ്പിളി. ചെറിയ കോളാമ്പിപ്പൂക്കൾ. കാറ്റിൽ ചോക്കുപൊടി പാറി വീഴുന്നില്ലെന്ന് കൃഷ്ണൻകുട്ടി കണ്ടു. കല്യാണി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്. അതിന്റെ കവുങ്ങിൻ കീറുകൾ നാട്ടിയ വേലി. അതിനെപ്പറ്റി നിറയെ ചെറിയ കോളാമ്പിപ്പൂക്കൾ!

ആശുപത്രിയിൽനിന്നു വന്നപ്പോൾ മുറി വല്ലാതെ മാറിയിരുന്നതായി അയാൾക്കു തോന്നിയിരുന്നു. തിരയനങ്ങുംപോലെ പുതിയ ഇളംനീല കർട്ടനുകൾ അനക്കം ഉണ്ടാക്കിയിരുന്നു. അതുപോലൊരനക്കം ശരീരത്തിനുമുണ്ട്. കിടക്കയ്ക്കുള്ളിൽ വെള്ളമാണ്. ഇടയ്ക്ക് അതനങ്ങും.

മൂന്നു ചുവരുകൾ മൂന്നു നിറങ്ങളോടെ നിവർന്നുനിന്നിരുന്നു. അതിലൊന്നിൽ ഇടത്തെ ചുവരിൽ, കരയിടിഞ്ഞ ഒരു കുളമാണ് വരച്ചുവെച്ചിരിക്കുന്നത്. മൂന്നു കളർ ചോക്ക്കൊണ്ട് ആമ്പലുകൾ മൊട്ടുവച്ച് പടർന്നിരുന്നു. രണ്ടു മീനുകൾ മേലേയ്ക്ക് ഉയർന്നുനോക്കുന്നു. അതിനെ മഞ്ഞനിറമിട്ട് പൊന്നിന്റെ തിളക്കം കൊടുത്തിട്ടുണ്ട്. കല്ലിലിരിക്കുന്ന ഒരാളുടെ കാലുകൾ മാത്രം കാണാം. അയാളുടെ നിഴലിൽ നിലാവിന്റെ തെളിച്ചം.

“ഇന്ന്, ഓർമ്മകൾ മുഴുവൻ കിട്ടിയല്ലോ അപ്പാ...”

അമ്പിളി ഒരു വേലിക്ക് വര വരച്ചുകൊണ്ട് താഴേക്ക് നോക്കി.

“ഇന്നലെ മഴ വിട്ടുപോയിരുന്നു. ചോമിയെ ഓർത്തില്ല. ഓടി, വീണു, എണീറ്റു... അവസാനം ശാസ്താവിന്റെ തല...”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. കൃഷ്ണൻകുട്ടി കിട്ടിയ ഓർമ്മകളെ താലോലിച്ചുകൊണ്ടിരുന്നു. അന്നേരം നട്ടെല്ലു വഴി പായുന്ന വേദന പെട്ടെന്നു നിന്നു. കല്യാണിയുടെ കലങ്ങി ചുവന്ന കണ്ണും വലത്തേ കവിളിൽ അവൾ വീശിയടിച്ച ഒരു തരിപ്പും വന്നു കുത്തി. അന്ന് ആദ്യമായിട്ടാണ് കൃഷ്ണൻകുട്ടിയെ ഒരു പെണ്ണ് തല്ലുന്നത്. അന്നു തിരിച്ചു തല്ലാൻ തരിച്ച കൈ തളർന്നുതന്നെ നിന്നു. അവളുടെ മുഖത്തേക്ക് നോക്കിയാൽ അയാൾക്ക് സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ മാത്രമേ തോന്നുമായിരുന്നുള്ളൂ.

ഏണിയിൽനിന്ന് പതുക്കെ താഴെയിറങ്ങി അവൾ കളർ ചോക്കുകൾ മൂലയിലെ ബോക്സിലേക്കിട്ട് കൈ കഴുകിവന്നു. പാലിയേറ്റീവിൽനിന്ന് വാസന്തിയേച്ചി വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പുതപ്പ് മാറ്റി അവൾ കൃഷ്ണൻകുട്ടിയുടെ കൺപോളയിൽ പറ്റിയ നൂൽകഷണം തട്ടിക്കളഞ്ഞു.

അപ്പാ, ഒന്ന് ചരിച്ച് കിടത്തുന്നുണ്ട്. പേടിക്കേണ്ട വേദനിക്കില്ല. ഒന്ന് കണ്ണടച്ചോ...

അയാൾ കുഞ്ഞിനെപ്പോലെ ഒന്നു നോക്കി. പതിഞ്ഞു ചിരിച്ചു. അവൾ അയാളെ ഇടതുവശത്തേക്ക് മെല്ലെ ചരിച്ചു. തുറന്ന ജനാലയിൽനിന്നു കാറ്റ് കൃഷ്ണൻകുട്ടിയെ കണ്ടു അകത്തേക്ക് കയറി. നീളൻ മുടികൾ തൊട്ട് നേരെയാക്കി. വെന്തടർന്നപോലെ, കറുത്തകന്ന തൊലികൾക്കിടയിൽ ചോരപ്പറ്റില്ലാത്ത വലിയ കിടക്കപ്പുണ്ണുകൾ.

തളർന്നുപോകില്ലെന്ന് ഉറപ്പിച്ചിട്ട് നാളുകളായെങ്കിലും ബെഡ്സോറസിന്റെ ആഴവും കടുത്ത ദുർഗന്ധവും അമ്പിളിയെ പിന്നെയും വിറപ്പിച്ചു. ഉപ്പുവെള്ളത്തിൽ പഞ്ഞിത്തുണ്ടുകൾ മുക്കി അവൾ പതുക്കെ ഓരോന്നും ഒപ്പി.

കൃഷ്ണൻകുട്ടി “ഊ...” എന്നു വലിഞ്ഞു. അവൾ പതുക്കെ അയാളുടെ ചുമലിൽ തട്ടിക്കൊണ്ടിരുന്നു. ഓയിൻമെന്റ് പുരട്ടി ചതുരത്തിൽ മുറിച്ച പഞ്ഞിക്കഷണങ്ങൾ വച്ചൊട്ടിച്ച് അവൾ പുറത്തേക്ക് നടന്നു. ചുവരിലെ കരയിടിഞ്ഞ കുളത്തിലേക്ക് നോക്കി അയാൾ വീണ്ടും തൊണ്ട വലിഞ്ഞൊരു ശബ്ദമുണ്ടാക്കി.

“ബെഡ് റോസ് ആണോ കുഞ്ഞോ...? ഒരു മണം ഇണ്ട്...”

ആ... ബെഡ് സോറസ് ആണപ്പാ...

പുറത്ത് വിരിഞ്ഞുവിരിഞ്ഞ് നിക്കുന്നുണ്ട്. അതാണ് മണം...

അമ്പിളിയുടെ മറുപടിയിൽ അയാൾ ചിത്രത്തിലേക്ക് തന്നെ നോക്കി ചരിഞ്ഞുകിടന്നു. ഓർമ്മയിലെ തെളിഞ്ഞ കുളത്തിൽ അയാൾ കല്യാണിക്കൊപ്പം കാലും നീട്ടിയിരുന്നു. അതൊരു ചെറിയ ഉറവ പൊട്ടി നിറഞ്ഞുനിൽക്കുന്ന നീർത്തടമായിരുന്നു. കല്യാണിയതിനെ ചെത്തിയടർത്തി വലുതാക്കിയതാണ്. പ്രേമം തോന്നുമ്പോഴൊക്കെ, അവൾ നിലാവിലേക്ക് നോക്കി അമ്പിളീ... എന്നു വിളിച്ചുകൊണ്ട് തന്നെ തേവി നനയ്ക്കുന്ന ഇടം. മൂ... മൂ... എന്നു സ്നേഹത്തോടെ വാലാട്ടി ഒച്ചയുണ്ടാക്കുന്ന ചോമിയുടെ ശബ്ദം അയാൾക്ക് കിട്ടി.

പിറ്റേന്ന് ഒരുച്ചയോടെ കൃഷ്ണൻകുട്ടി കല്യാണിയോട് തീർപ്പ് പറഞ്ഞു. അവൾ പക്ഷേ, ആ കരിങ്കൽത്തലയിൽ ഇന്നലെ പെറ്റൊരു കുഞ്ഞിനെ കരുതി എടുത്തിരുന്നു.

മൂന്ന്

നല്ല ഓമനത്തമുള്ള മുഖമായിരുന്നു. പാതിയടഞ്ഞ കണ്ണുകൾ. നേർന്ന ചിരി. കാട്ടിൽനിന്നു കിട്ടിയതാണെന്നു പറഞ്ഞ് അയാൾ കരുതലോടെ കല്യാണിക്ക് തല കൈമാറുമ്പോൾ, അവളതിനെ കുഞ്ഞിനെപ്പോലെ എടുത്തു. അതിന്റെ അടർന്ന ചെവി നെഞ്ചിൽ തൊട്ടപ്പോൾ അവൾക്ക് കുളിരു കോരി. കൃഷ്ണൻകുട്ടി കാട്ടിലേക്ക് പിണങ്ങിപ്പോയത് എന്തിനാണെന്ന് അവൾ മറന്നുപോയിരുന്നു. അന്നവൾ അതിനെ കട്ടിലിൽ കിടത്തി ചേർന്നുകിടന്നു. അയാൾ വെറും പായയിൽ കിടന്ന് അതു നോക്കി സങ്കടപ്പെട്ടു. അതിനാ നീല കാട്ടുപൂക്കളുടെ മണം വിട്ടു പോയിട്ടില്ലായിരുന്നു.

ശാസ്താവിന്റെ തലയാണ് കല്യാണി. നമ്മൾ ഇതുവെച്ച് അച്ഛനും അമ്മയും കളിക്കരുത്...

പിറ്റേന്ന് ഒരുച്ചയോടെ കൃഷ്ണൻകുട്ടി കല്യാണിയോട് തീർപ്പ് പറഞ്ഞു. അവൾ പക്ഷേ, ആ കരിങ്കൽത്തലയിൽ ഇന്നലെ പെറ്റൊരു കുഞ്ഞിനെ കരുതി എടുത്തിരുന്നു. കല്യാണിയതിനെ താരാട്ടിയുറക്കുമ്പോൾ കൃഷ്ണൻകുട്ടി പ്രാർത്ഥനയോടെ തൊഴുതു. കുമ്പയും കൊറത്തിയും കുഞ്ഞിനെ കാണാൻ വന്നു. അവരും പെറാനുള്ള ഭാഗ്യക്കേടിൽ ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ട, കൂട്ടുകാരികളായിരുന്നു. അവര് രണ്ടുപേരും ചേർന്ന് കല്ലളൻ എന്നു കുഞ്ഞിനെ പേര് വിളിച്ചു. കല്ലളാ... എന്നു നീട്ടിവിളിച്ചപ്പോൾ അവരോട് കുഞ്ഞു ചിരിച്ചെന്ന് കല്യാണി കൃഷ്ണൻകുട്ടിയോട് പറഞ്ഞു. ഭയത്തോടെ അയാൾ നോക്കുമ്പോഴൊക്കെ ധ്യാനത്തിലെന്നപോലെ, അത് കണ്ണുകൾ പാതി തുറന്നു ചിരിക്കുന്നുണ്ടായിരുന്നു.

കുഞ്ഞിനെ കാണാൻ പുതിയില്ലത്തെ വാസുദേവൻ വന്നപ്പോൾ കൃഷ്ണൻകുട്ടി ഇല്ലായിരുന്നു. അയാൾ നേർത്ത ചിരിയോടെ കുഞ്ഞിന്റെ നെറ്റിയിൽ തൊട്ടത്രെ! കല്യാണി അതു കണ്ടിരുന്നു. അവരെന്തോ രഹസ്യം പറയുന്നപോലെ പരസ്പരം ചുണ്ടുകളനക്കുന്നതായി അവൾക്കു തോന്നി. അയാൾ വീട് കയറിയത് തന്നെ കല്യാണിക്ക് അതിശയമായിരുന്നു. ചിരിച്ചുകൊണ്ട് തന്നെ വാസുദേവൻ ഉച്ചപൂജയ്ക്കിറങ്ങി.

വാസുദേവൻ പോയപ്പോൾ സർക്കാരിന്റെ ആളുകൾ വന്നു, പുരാവസ്തുക്കാര്. ദൂരെ ജീപ്പ് വെച്ച്, കടലാസുകളും ക്യാമറയുംകൊണ്ട് വീട് കേറി. എന്തെങ്കിലും ചോദിച്ചോ പറഞ്ഞോ എന്നൊന്നും കല്യാണിക്ക് ഓർമ്മയില്ലായിരുന്നു. അവർ ഉറങ്ങുന്ന കല്ലളനേയും കൊണ്ടുപോയി. കൃഷ്ണൻകുട്ടി വരുന്നതുവരെ കല്യാണി ഭയന്ന് നിന്നിടത്തുതന്നെ നിന്നു കരഞ്ഞു. കല്ലളൻ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ഉണ്ടെന്ന് അറിയുന്നതുവരെ അതു തുടർന്നു.

രാവിലത്തെ സൗപർണികയിൽ കയറി ബസ്റ്റാൻഡിൽ ഇറങ്ങി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന്, ആരും കാണാതെ കല്യാണിയെ മേശമേൽ ഇരിക്കുന്ന തല കാണിച്ച് കൃഷ്ണൻകുട്ടി മടങ്ങും. ഒച്ചയിട്ട് കരയരുതെന്ന് അവളോട് വാക്ക് വാങ്ങിയിരുന്നു അയാൾ. എന്നാലും അവള് കരയും കല്ലളൻ ജനലിനപ്പുറം നിന്ന് കല്യാണിയെ നോക്കും. അവന്റെ മുഖത്ത് നിറഞ്ഞ ശാന്തതയാണെന്ന് അവര് കാണും. പിന്നീട് കൃഷ്ണൻകുട്ടി ഇല്ലാതേയും കല്യാണി ബസ് കേറി, മുനിസിപ്പാലിറ്റി ഓഫീസിന്റെ ജനാലവഴി അവനെ കണ്ട് മടങ്ങി.

ഒരു ദിവസം വൈകുന്നേരം കൃഷ്ണൻകുട്ടി ഒരു ചാക്ക് നിറയെ പൊന്നക്കായയുമായി വീട്ടിലേയ്ക്ക് വന്നുകയറിയപ്പോൾ അകത്തുണ്ട് തല. അയാൾക്കു പേടി തോന്നി.

“ഇതിനെ നോക്കി പൊലീസുകാർ വരും കല്യാണി... ഇത് ചരിത്രത്തിൽപ്പെട്ട കല്ലാണെന്ന് അവര് പറഞ്ഞില്ലേ?! ഇത് കേസ് ആവും...”

കല്യാണി ഒന്നും മിണ്ടിയില്ല. അവളതിനെ അവിടെവെച്ച് തന്നെ നനഞ്ഞ തോർത്തുകൊണ്ട് തോർത്തി. അതിന്റെ മുഖം തെളിഞ്ഞപ്പോൾ കല്യാണിയും ചിരിച്ചു.

“ഞാനിത് എടുക്കുമ്പോൾ ആരും കണ്ടിട്ടില്ല. ഇത് നമ്മളേതാണ് അമ്പിളീ. ഇനി ആരും കൊണ്ടോവാതെ ഇതിനെ ഞാൻ ഒളിപ്പിച്ചോളാ, പോരെ?”

അയാൾ മിണ്ടാതെ അവളെ കേട്ടു. കല്ലളൻ അയാളെ നോക്കി ചിരിച്ചു.

വാസന്തി ഇറങ്ങും മുൻപ് ഒന്നൂടെ പൾസ് നോക്കി കൃഷ്ണൻകുട്ടിയുടെ കൈത്തണ്ടയിൽ തലോടി. അയാൾ മുന്നിലെ ചിത്രത്തിൽപ്പെട്ടു നിൽക്കുകയായിരുന്നു. ഇത്രയും കാലം കുഞ്ഞ് വരച്ച ഒരൊറ്റ ചിത്രത്തിനും കല്ലളന്റെ മുഖമില്ലായിരുന്നു എന്ന് അയാൾക്കു തോന്നി.

നാല്

പാലിയേറ്റീവിൽനിന്നും വാസന്തി വരുമ്പോൾ, കട്ടില് മുഴുവൻ വരയായിരുന്നു. പാമ്പും പുഴയും പോലെ വളഞ്ഞുപുളഞ്ഞ ചോക്ക് വരകൾ. പല നിറത്തിൽ അതു കട്ടിൽ ക്രാസിലേയ്ക്ക് നീണ്ടിരുന്നു. വാസന്തി ചിരിച്ചു. യൂറിൻട്യൂബ് മാറ്റി, കാൽവിരലുകൾക്കിടയിൽ തുടച്ച് മരുന്നുവെച്ചു.

അമ്പിളിയന്നേരം, എന്തായിടാ... എന്ന് അയ്യപ്പനൊരു വോയ്സ് മെസ്സേജയച്ച്, മുന്നിലെ ചുവരിൽ കളർചോക്കുകൾ മാറ്റി മാറ്റി ധ്യാനിക്കുന്നൊരു മനുഷ്യനെ വരക്കുകയായിരുന്നു. നെഞ്ചോളമെത്തി അത്. കൃഷ്ണൻകുട്ടിയെ നോക്കിയപ്പോൾ, ഓർമ്മകൾ വിട്ടതുപോലെ കണ്ണനക്കാതെ തന്നെ നോക്കുന്നു. അവൾക്കു പെട്ടെന്നു സങ്കടം വന്നു. ഇങ്ങനെ വേദനിക്കേണ്ട ആളായിരുന്നില്ലല്ലോ!

രാത്രിയിൽ ഓരോ മണിക്കൂറും ഇടവിട്ട് അലാറം വച്ചെണീറ്റ് അമ്പിളി അപ്പനെ നോക്കിയിരുന്നു. എത്ര തട്ടിയെറിഞ്ഞാലും ഉറുമ്പുകളോ പാറ്റകളോ കട്ടില് കേറിവരും. കാൽവിരലുകൾക്കിടയിലെ അടർന്നുതുടങ്ങാറായ വരണ്ടതൊലികളെ തിന്നുതുടങ്ങും. ചോരയൊലിക്കുമ്പോൾ മാത്രമാണ് കൃഷ്ണൻകുട്ടിക്ക് വേദനിച്ചു തുടങ്ങുക.

ഇരട്ടിച്ചിരട്ടിച്ച് ഉറുമ്പുകൾ വന്നു പോരടിക്കുന്ന വരണ്ട കാലിലെ ചോരച്ച് തുറന്ന വ്രണങ്ങൾ നോക്കി നോക്കി അവൾ പ്രതികാരത്തോടെ ചിത്രം വരച്ചുതീർത്ത്, ഏണിയിറങ്ങി. വാസന്തി ആശ്ചര്യത്തോടെ മേലേയ്ക്ക് നോക്കി. ചുറ്റിലും പച്ച പടർന്നിരിക്കുന്നു. വള്ളികൾ ചാഞ്ഞു വീണിരിക്കുന്നു. വിരിഞ്ഞും മൊട്ടുപിടിച്ചും അവിടവിടെയായി കുഞ്ഞുപൂക്കൾ. അതിനിടയിൽ അയാൾ! തല താഴ്ത്താതെ തന്നെ വാസന്തി മിണ്ടി.

“ഇതും ബുദ്ധനല്ലേ മോളെ...?!”

അവൾ തലയാട്ടിക്കൊണ്ട്, കളർച്ചോക്കുകളുമായി മുറിയിൽനിന്നും പുറത്തേക്ക് നടന്നു.

“പൊറത്ത്, ക്ഷീണിച്ചു കെടക്കുന്ന... ആ വല്യ പോർട്രെയിറ്റും ബുദ്ധനല്ലേ!?”

മറുപടി കിട്ടാത്തതുകൊണ്ട് വാസന്തി, അതേയെന്ന് ഉറപ്പിച്ച്, കൃഷ്ണൻകുട്ടിയുടെ കാലിലെ ചോരപ്പാടുകളിലേയ്ക്ക് കുനിഞ്ഞു. ഒന്നൂടെ തുടച്ചു. വാട്ടർബെഡ് അനങ്ങിയപ്പോൾ അയാൾ ഒന്ന് ഞെട്ടി.

“ശാസ്താവ്...” അയാൾ പതുക്കെ പറഞ്ഞു.

“അല്ലപ്പാ... ഇത് കല്ലളൻ അല്ലെ?!”

അമ്പിളി അയാളുടെ അടുത്ത് വന്നിരുന്നു. അയാൾ നനവാറിയ ചുണ്ടിൽ കഷ്ടപ്പെട്ട് നാവ് മുട്ടിച്ചു. അവളോട് ചിരിച്ച് തലയനക്കി.

“അപ്പന് ഓർക്കാൻ പറ്റുന്നുണ്ടോ... എവിടെയാ അമ്മ കല്ലളനെ ഒളിപ്പിച്ചേ എന്ന്?”

അയാൾ കുഞ്ഞിനെപ്പോലെ അവളെത്തന്നെ നോക്കിയിരുന്നു.

വാസന്തി ഇറങ്ങും മുൻപ് ഒന്നൂടെ പൾസ് നോക്കി കൃഷ്ണൻകുട്ടിയുടെ കൈത്തണ്ടയിൽ തലോടി. അയാൾ മുന്നിലെ ചിത്രത്തിൽപ്പെട്ടു നിൽക്കുകയായിരുന്നു. ഇത്രയും കാലം കുഞ്ഞ് വരച്ച ഒരൊറ്റ ചിത്രത്തിനും കല്ലളന്റെ മുഖമില്ലായിരുന്നു എന്ന് അയാൾക്കു തോന്നി. ഇതു പക്ഷേ, അവനാണ്. നീല നീല പൂക്കൾ നിറഞ്ഞ കാട്ടിൽ തനിക്ക് മുന്നിൽ തല മാത്രമായിട്ട് വന്ന് നിന്നവൻ!

“കേട്ടോ, വാസന്തിയേച്ചി... അപ്പനെ ഇനി ഉറുമ്പും പാറ്റയുമൊന്നും തിന്നില്ല...”

വാസന്തിയെ നോക്കി അമ്പിളി എണീറ്റു. ആ സ്ത്രീ ചുറ്റും കണ്ണുകൊടുത്ത് ചിരിച്ചു.

“ഓ, ഇത് കൂറച്ചോക്കാണോ?! കൊള്ളാം. കാഴ്ചയ്ക്കും കൊള്ളാം...!”

പെട്ടെന്ന് കൃഷ്ണൻകുട്ടിയുടെ ഓർമ്മയിലേക്ക് കല്ലളനെ ഒളിപ്പിച്ച നീറ്റുറവയിൽനിന്നും രണ്ടു മീനുകൾ മേലേക്ക് ചാടി വെള്ളത്തുള്ളികൾ കുടഞ്ഞു. അയാളപ്പോൾ എന്തോ പറയാനായി അമ്പിളിയെ തൊട്ടു.

ഒരു പാറ്റ ബുദ്ധനെ തട്ടി പതുക്കെ, താഴെ അയാളുടെ കാലടിയിൽ വീഴുന്നത് കാണുകയായിരുന്നു അവൾ. അയാൾക്കന്നേരം എല്ലാ പുണ്ണുകളും ഒന്നിച്ച് വേദനിക്കുന്നതായി തോന്നി.

“അവന്മാരെ നാല് പേരെയും ആശാൻ പൊക്കി ചേച്ചി... പ്രതിമേല് ക്യാമറ ഇണ്ടായിരുന്നു...”

അമ്പിളി അയ്യപ്പന്റെ വാട്‌സാപ്പിൽ വന്ന ശബ്ദം കേട്ടുകൊണ്ട് സ്ഥിരമായി പാടാറുള്ളൊരു പാട്ട് അപ്പനു വേണ്ടി ശബ്ദം കുറച്ചു പാടി തുടങ്ങിയപ്പോൾ, വരിവരിയായി ഇരട്ടിച്ചിരട്ടിച്ച് ഒരു കൂട്ടം ഉറുമ്പുകൾ കല്ലളനു നേരെ വരുന്നത് കണ്ട് കൃഷ്ണൻകുട്ടി ഭീതിയോടെ കണ്ണടച്ചു.

*റഫീഖ് അഹമ്മദിന്റെ ‘ജലശയ്യയിൽ’ എന്ന പാട്ടിന്റെ വരികൾക്ക് കടപ്പാട്.

മൃദുല്‍ വി.എം. എഴുതിയ കഥ ‘ജലശയ്യയില്‍ കുളിരമ്പിളീ’
ആഷ് അഷിത എഴുതിയ കഥ ‘കൊറിയന്‍ കിംച്ചി’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com