

റാസ് ബാഡർ നാട്ടിലെത്തിയ ദിവസം മഴ പെയ്തതായി അയാളോർക്കുന്നു. അത് അസാധാരണമായ ഒരു മഴയായിരുന്നു. കൊടുംവേനലിന്റെ നടുക്ക് ഒരു വലിയ മഴ. ഉച്ചതിരിഞ്ഞ സമയത്ത് പെട്ടെന്നു മാനം കറുക്കുകയും തെങ്ങിൻതലപ്പുകൾ ഉലയുകയും ചെയ്യുന്നത് കണ്ടിരിക്കുകയായിരുന്നു മാനുവൽ എന്നു പേരുള്ള ആ പൊലീസുകാരൻ. അപ്പോഴാണ് നാട്ടിലേയ്ക്ക് ഒരു ഇസ്രയേൽ പൗരൻ എത്തിയതായുള്ള വിവരവുംകൊണ്ട് എൽദോ എത്തിയത്. പിന്നീട് ഉച്ചതിരിഞ്ഞെപ്പോഴോ ആണ് വിചിത്രമായ ആ പരാതിയുംകൊണ്ട് ഡാനിയ വന്നത്. എല്ലാം കൊണ്ടും അമ്പരപ്പിച്ച ദിവസം.
പിന്നെയൊരിക്കൽ അയാൾ ഈയൊരു ദിവസത്തെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ ഭാര്യ കളിയാക്കി: “മഴയോ? എന്ന്? ഒരു തുള്ളിയെങ്കിലും പെയ്തെങ്കിലെന്തു വേണം! നിങ്ങൾക്കെന്തോ സംഭവിച്ചിട്ടുണ്ട്. ഒരു മൗനവും ആലോചനയും.”
ഡാനിയയുടെ വിചിത്രമായ പരാതിയാണ് ആ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. പരാതി ലഭിക്കുമ്പോൾ അയാൾ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മഴയുടെ വരവു കണ്ടു പേടിച്ച് മക്കളെ കൂട്ടാനായി സ്കൂളിലേയ്ക്ക് പോയിരിക്കുകയായിരുന്നു. പരീക്ഷ നടക്കുകയായിരുന്നു. കുട്ടികളുടെ എതിർപ്പ് വകവെയ്ക്കാതെ അവരെ വീട്ടിലാക്കിയ ശേഷം തിരികെ വരുമ്പോഴാണ് പരാതി കാണുന്നത്. പിറ്റേന്നുതന്നെ അയാൾ അവരുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. പൊങ്ങച്ചം പറയുകയല്ല; പക്ഷേ, അന്നാട്ടിൽ പരാതികളും പീഡനങ്ങളും അക്രമങ്ങളുമൊക്കെ തീരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ പൊലീസുകാർക്കു ധാരാളം സമയമുണ്ടായിരുന്നു. ഡാനിയയുമായുള്ള സംഭാഷണത്തേയും പിന്നീടുണ്ടായ സംഭവങ്ങളേയും മാനുവൽ കൃത്യമായി ഓർത്തിരിക്കുന്നു.
ഡാനിയ പറയുകയായിരുന്നു: “പൂർണ്ണമായും എന്റേതായ ഒരു മനുഷ്യൻ, കുറഞ്ഞപക്ഷം ഞാനങ്ങനെ വിചാരിക്കുന്ന ഒരു മനുഷ്യൻ മറ്റൊരു വിധത്തിൽ പെരുമാറിത്തുടങ്ങിയിരിക്കുന്നു. എനിക്കിതു പറയാൻ വിഷമമുണ്ട്. പക്ഷേ, പറയാതെ വയ്യല്ലോ.”
“നിങ്ങൾക്കു കുട്ടികളില്ലേ?”
“ഉണ്ടല്ലോ. നിങ്ങളിപ്പോൾ കയറിവന്നപ്പോൾ കണ്ടില്ലേ? വലതുവശത്തെ ചുമരിൽ ഒരു ഫോട്ടോ; രണ്ട് കുഞ്ഞുപാദങ്ങളുടെ? അതു മക്കളുടേതാണ്. ഇരട്ടകൾ. ജനിച്ചയന്നുതന്നെ എന്തോ തിരക്കിട്ട ജോലി ചെയ്യാനെന്നവണ്ണം മടങ്ങിപ്പോയി. എന്നുവെച്ച് മക്കളല്ലാതാവുന്നില്ലല്ലോ.”
മാനുവൽ തല ചെറുതായി ചലിപ്പിച്ചുകൊണ്ട് അതു ശരിവെച്ചു. വിചിത്രമായ പരാതിയാണ് കിട്ടിയിരിക്കുന്നത്. ഡാനിയ എന്ന സ്ത്രീയുടെ ഭർത്താവിനെ കാണാനില്ല. അവർക്കൊപ്പമുള്ള പുരുഷൻ ഭർത്താവല്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. തലേന്നാൾ ഓഫീസിലേക്കോ മറ്റോ പോകുന്ന വഴി അയാൾക്കെന്തോ അപകടം പറ്റിയിരിക്കുന്നു. മറ്റാരോ അവരുടെ ഭർത്താവിന്റെ സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്നു.
“ഞാനൊന്നന്വേഷിക്കട്ടെ” എന്നു പറഞ്ഞ് അയാൾ എഴുന്നേറ്റു. ഡാനിയയിൽനിന്ന് റോഷൻ തോമസിന്റെ പല മട്ടിലുള്ള ചിത്രങ്ങളും ആധാർ കാർഡിന്റെ കോപ്പിയും ബാങ്ക് ഡീറ്റൈൽസും ജോലിസംബന്ധമായ വിവരങ്ങളും വാങ്ങി. ഗേറ്റിനരികിലെത്തിയപ്പോൾ റോഷൻ തോമസ് വന്നു. പരാതി കിട്ടിയ കാര്യം അയാളറിയാൻ പാടില്ലായെന്നുള്ളതുകൊണ്ട് മാനുവൽ തന്ത്രപൂർവ്വം പലതും പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നെ കയ്യിലുണ്ടായിരുന്ന പലമട്ടിലുള്ള ചിത്രങ്ങളിലേയ്ക്ക് മാറി മാറി നോക്കി. വ്യത്യാസമൊന്നും കണ്ടില്ല.
പരാതിയിൽ എന്തെങ്കിലും കഴമ്പുള്ളതായി അയാൾക്കു തോന്നിയില്ല. സ്റ്റേഷനിൽ തിരികെയെത്തി വൈകുന്നേരച്ചായ കുടിക്കുമ്പോൾ തമാശയെന്നവണ്ണം അയാൾ പുതിയ പരാതിയെ അവതരിപ്പിച്ചു. അയാൾക്കൊപ്പമുണ്ടായിരുന്നത് മൂന്നുപേരായിരുന്നു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും. പുരുഷന്മാർ രണ്ടുപേരും ഉച്ചത്തിൽ ചിരിച്ച് പരാതിക്കാരിയുടെ ഭ്രാന്തിനെ പരിഹസിച്ചു. ഹേമലത ചിരിച്ചില്ല.
“ആ പരാതി ചിരിച്ചുകളയേണ്ട ഒന്നല്ല” മറ്റുള്ളവരുടെ ആവേശമടങ്ങിയപ്പോൾ ഹേമലത സംസാരിച്ചു.
മറ്റുള്ളവർ അവർ പറഞ്ഞതു ശ്രദ്ധിച്ചു. ആ പൊലീസുകാരി അങ്ങനെ വെറുതെ സംസാരിക്കുന്ന ഒരാളല്ല.
ഹേമലത മുന്നോട്ട് വന്നു തന്റെ സഹപ്രവർത്തകരുടെ മുന്നിലേയ്ക്ക് ഒരു കസേര വലിച്ചിട്ടിരുന്നു: “ഇതുപോലൊരനുഭവം എനിക്കറിയാം. കുറേ മുൻപാണ്. എന്റെ പ്രീഡിഗ്രി സമയത്ത്. എന്റെ കുഞ്ഞമ്മ, എന്നുവെച്ചാൽ അമ്മേടെ അനിയത്തി, ഇതുപോലെ ആളു മാറി വന്നിട്ടുണ്ട്.”
പുരുഷന്മാർ മൂന്നുപേരും ഗൗരവത്തോടെ ശ്രദ്ധിച്ചു.
“പെട്ടെന്നൊരു നാൾ ആളുടെ ഭാവം മാറി. രണ്ടു കുഞ്ഞുങ്ങളേയും കൊച്ചച്ചനേയും തീരെ ശ്രദ്ധിക്കാതെയായി. ഇവരൊന്നുമല്ലാതെ ലോകമില്ല എന്നും പറഞ്ഞു നടന്നിരുന്ന ആളാണ്. എല്ലാവരും അന്തിച്ചുപോയി. കുഞ്ഞമ്മ രാവിലെ എഴുന്നേറ്റ് ഒരുങ്ങിയങ്ങു പോകും. വൈകുന്നേരം തിരിച്ചുവന്നു നടക്കാൻപോവും, നാട്ടുകാരോടൊക്കെ മിണ്ടും മുറ്റത്ത് ചെടി നടും സ്വന്തം തുണികൾ മാത്രം അലക്കും. തികച്ചും മറ്റൊരാൾ. അവരുടെ വീട്ടിലെ കാര്യമാകെ താളംതെറ്റി. രണ്ടു വീട്ടിലും കൂടി ഓടിനടന്ന് അമ്മ മടുത്തു. ഡോക്ടർമാരെ മാറിമാറി കാണിച്ചു. എന്തെങ്കിലുമൊരു പ്രശ്നമുള്ളതായിട്ട് മറ്റാർക്കും തോന്നിയില്ല. ഞങ്ങൾ വീട്ടുകാർക്കു മാത്രമേ ആ കുഴപ്പം മനസ്സിലായുള്ളൂ. പതുക്കെപ്പതുക്കെ ഞങ്ങൾ പുതിയ കുഞ്ഞമ്മയെ അംഗീകരിച്ചു തുടങ്ങി. വേറെ വഴിയില്ലായിരുന്നു. പിന്നീട് കൊച്ചച്ചനാണ് കണ്ടുപിടിച്ചത്, കുഞ്ഞമ്മയുടെ പുറംകഴുത്തിലെ വലിയ മറുക് കാണാനില്ലെന്ന്. അമ്മ അന്ധാളിപ്പോടെ പോയി നോക്കി. സ്വന്തം അനിയത്തിയല്ല അവിടെയുള്ളതെന്ന് അമ്മയ്ക്കും ബോധ്യമായി. പക്ഷേ, അതെങ്ങനെ തെളിയിക്കണമെന്നൊന്നും ആർക്കും അറിയില്ലായിരുന്നു. അതു കണ്ടെത്തിയതിന്റെ പിറ്റേന്ന് കൊച്ചച്ചൻ വീടുവിട്ടുപോയി. പൊലീസിലൊക്കെ പരാതികൊടുത്ത് അന്വേഷിച്ചിരുന്നു. പക്ഷേ, അയാളുടെ വിവരമൊന്നും പിന്നീട് കിട്ടിയില്ല. കുറെനാൾ കഴിഞ്ഞപ്പോൾ കുഞ്ഞമ്മ പഴയ മട്ടിലാവുകേം ചെയ്തു. രസമതല്ല; അമ്മ പിന്നീട് നോക്കുമ്പോഴൊക്കെ കുഞ്ഞമ്മയുടെ പുറംകഴുത്തിലെ മറുക് അവിടെത്തന്നെയുണ്ട്.”
മറ്റു പൊലീസുകാർ നിശ്ശബ്ദരായി. ഹേമലത അവരുടെ മേശയിലേയ്ക്ക് തിരികെപ്പോയി.
ഡാനിയയുടെ പരാതിയന്വേഷിക്കുന്ന പൊലീസുകാരൻ വീണ്ടും പലതവണ അവരുടെ വീട്ടിൽ പോയി. എത്ര നല്ലൊരു മനുഷ്യനാണ് അവരുടെ ഭർത്താവ് എന്ന ആത്മഗതത്തോടെ മടങ്ങി വന്നു. ഓരോ പ്രാവശ്യവും പുതിയ ആൾ ഇത്രയിത്ര ശ്രദ്ധയോടെ വീടിനേയും വീട്ടുകാരിയേയും നോക്കുന്നുണ്ട് എന്ന വിവരമാണ് അയാൾക്കു കിട്ടിയത്.
“ഈ പരാതി സത്യമാണെന്നു തന്നെയിരിക്കട്ടെ. പഴയ കഴിവ് കെട്ടവനെപ്പോലെയല്ലല്ലോ. പുതിയ ആള് മിടുമിടുക്കനല്ലേ. പിന്നെന്തിനാ ഈ പരാതീം കുനുഷ്ടുമൊക്കെ?” എന്ന മട്ടിലായി പിന്നീട് അവിടുത്തെ സംസാരം. ഹേമലത അതു കേൾക്കാതിരിക്കാൻ അവരൊക്കെ ശ്രദ്ധ വച്ചു.
മാത്രമല്ല, എല്ലാവർക്കും പൊതുവായി സംസാരിക്കാൻ റാസ് ബാഡർ എന്ന വിഷയമുണ്ടായിരുന്നു.
“ഈ സുനന്ദാന്ന് പറയണ സ്ത്രീക്കവിടെ ഇയാളുടെ അമ്മയെ നോക്കല് മാത്രമായിരുന്നു പണിയെന്ന് എനിക്കു വിശ്വാസമില്ല. എങ്കിൽ ഇത്രേം മിനക്കെട്ട് അയാള് തേടിപ്പിടിച്ച് വരുവോ? അതും അവിടെ ഇത്രേം പ്രശ്നങ്ങള് നടക്കുമ്പം? നമ്മടെ രാജ്യത്തോട്ട് ഇവനെ കേറ്റാമ്പാടില്ലായിരുന്നു” രാഹുലൻ പറഞ്ഞത് ഉറക്കെയായിപ്പോയി.
“അവൾക്ക് പിന്നെ എന്തു പണിയായിരുന്നെന്നാണ് നീ വിചാരിക്കുന്നത്?” ഹേമലത അവനെ തുറിച്ചുനോക്കി.
രാഹുലൻ ശരിക്കും പേടിച്ചുപോയി. “കല്യാണം കഴിക്കാത്തതിന്റെ കേടാണ് പെണ്ണുമ്പിള്ളയ്ക്ക്” എന്നു കണ്ടവരോടെല്ലാം പറഞ്ഞാണ് പിന്നീടാ നാണക്കേട് തീർത്തത്.
പിറ്റേന്ന് റാസ്ബാഡറും സുനന്ദയും ഒന്നിച്ചു സ്റ്റേഷനിൽ വന്നു. വീടിനു നേരെയുള്ള കല്ലേറിനെക്കുറിച്ചു പരാതി പറയാനാണ് വന്നത്.
അയാൾ ഷൂ ഊരിക്കാണിച്ചു. വലതുപാദത്തിൽ വെള്ളത്തുണികൊണ്ടു കെട്ടിയിരിക്കുന്നു.
“ചില്ല് കൊണ്ടു കേറിയതാണ്” -സുനന്ദ വിശദീകരിച്ചു.
സ്റ്റേഷനിൽനിന്നു പോകുമ്പോൾ ഇരുവരും കൈകോർത്തു പിടിച്ചിരുന്നു.
“ഇവന്റെ ആൾക്കാർ അവിടെ കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടുന്നില്ല. എന്നിട്ട് കുപ്പിച്ചില്ലു കേറിയ പരാതിയും കൊണ്ടുവന്നിരിക്കുന്നു” -എൽദോ പല്ലുഞെരിച്ചു.
കുറച്ചു നാളുകൾക്കകം ആ പൊലീസ് സ്റ്റേഷൻ വല്ലാതെ മാറി. വല്ലകാലത്തും ഒരു പരാതി വന്നിരുന്ന ആ സ്റ്റേഷനിലിപ്പോൾ തിക്കും തിരക്കുമാണ്. വല്ല അതിർത്തിത്തർക്കമോ അടിപിടിയോ അല്ലറ ചില്ലറ മോഷണമോ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോ ഇല്ലാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നു തോന്നും. നാലാമത്തെ കത്തിക്കുത്തിന്റെ തെളിവെടുപ്പും കഴിഞ്ഞപ്പോൾ മാനുവൽ ക്ഷീണിച്ചു. മുകളിലുള്ള ആളുകളുടെ അന്വേഷണവും അതിന്റെ മറുപടി തയ്യാറാക്കലും മറ്റൊരു ഭാഗത്ത്. ഈ നാട്ടിൽ മാത്രം ഇത്രയും ക്രമസമാധാന പ്രശ്നങ്ങളുണ്ടായതെങ്ങനെയെന്ന് ആർക്കും മനസ്സിലാവുന്നില്ല. തൊട്ടുതലേന്നു പിടിയിലായത് ഒരു ഇരുപത്തിരണ്ടുകാരൻ പയ്യനാണ്. “അവനിങ്ങനൊന്നും ആയിരുന്നില്ല സാറേ. ഇപ്പൊ കുറേ നാളായിട്ട് പഴയപോലൊന്നുമല്ല. എന്തുപറ്റിപ്പോയി എന്റെ കൊച്ചിന്” -അവന്റെ അമ്മ വാവിട്ട് നിലവിളിച്ചു.
മാനുവലിനു പെട്ടെന്ന് ഡാനിയയുടെ പരാതി ഓർമ്മവന്നു. ഇത്രയും പ്രശ്നങ്ങളുടെയിടയ്ക്ക് അയാളവരെ മറന്നേ പോയിരുന്നു. എന്തായാലും അതുവരെയൊന്നു പോകണമെന്ന് അയാളുറപ്പിച്ചു.
വൈകുന്നേരത്തോടെ സ്റ്റേഷനിലെ തിരക്കു കുറഞ്ഞു. പൊലീസുകാരൻ ഡാനിയയുടെ വീട്ടിലേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ഹേമലത എവിടെനിന്നെന്നറിയാതെ പെട്ടെന്നു മുന്നിൽ വന്നു. രണ്ടുദിവസം അസുഖാവധിയുമെടുത്തു പോയ ആളെന്താ തിരികെവന്നതെന്നു ചോദിച്ചപ്പോൾ അവൾ ചിരിച്ചു: “നിങ്ങളൊക്കെയിവിടെ ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടുമ്പോൾ... ഞാനിങ്ങു പോന്നു.”
ഡാനിയയുടെ വീട്ടിലേയ്ക്ക് ഹേമലത ഒപ്പം പോയി. മാനുവലിന് അതിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഒഴിവാക്കാൻ പറ്റിയില്ല.
ശബ്ദം കേട്ടു വന്നു വാതിൽ തുറന്നത് റോഷൻ തോമസാണ്. ചിരിയോടെ അയാളവരെ സ്വീകരിച്ചു. ‘ഡാനീ’ എന്നു വലിയ ശബ്ദമെടുത്ത് ഉള്ളിലേയ്ക്ക് നോക്കി വിളിച്ചു.
മുൻപ് കണ്ടതുപോലെയല്ല; സ്വീകരണമുറിയിൽ വലിയ മാറ്റങ്ങളുണ്ടായിരിക്കുന്നു. മാനുവൽ അതിശയത്തോടെ ചുറ്റും നോക്കിയിരുന്നു. ടി.വി യൂണിറ്റ് നേരെ എതിർവശത്തേയ്ക്ക് മാറ്റിയിരിക്കുന്നു. മുകളിലെ വലിയ വൈദ്യുത വിളക്കിനുപകരം വളരെ ലളിതമായ മൂന്നെണ്ണം പിടിപ്പിച്ചിരിക്കുന്നു. കനം കൂടിയ ചാരനിറ കർട്ടനുകൾ, നേരിയ വെളുത്തവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മൂലയിലിരുന്ന വലിയ പ്ലാസ്റ്റിക് മരത്തിനുപകരം ചെറിയ ഭംഗിയുള്ള മണിപ്ലാന്റ് പോട്ടുകൾ നിറഞ്ഞ ഒരു സ്റ്റാൻഡ്. അങ്ങനെ നോക്കിയിരിക്കെ ഡാനിയ വന്നു. മറുവശത്തുകൂടി ജ്യൂസ് നിറച്ച ഗ്ലാസ്സുകളുമായി റോഷൻ തോമസും.
കാര്യങ്ങൾ അയാളുടെ മുന്നിൽവെച്ച് ചോദിക്കാൻ മാനുവലിനു വിമുഖതയുണ്ടായിരുന്നു. മാത്രമല്ല, ഡാനിയയുടെ മുഖത്തെ മ്ലാനത ഒഴിഞ്ഞുപോയിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു. ഹേമലതയ്ക്ക് അതു മനസ്സിലായതുകൊണ്ടാവണം അവർ ധൃതിയിൽ ഇടപെട്ടു: “ഇവിടെ മറ്റു കുഴപ്പങ്ങളൊന്നുമില്ലല്ലോ അല്ലേ?”
“ഇവിടെ എന്തുണ്ടാവാൻ?” ഡാനിയ വിടർന്നു ചിരിച്ചു. റോഷൻ തോമസ് ചിരിച്ചുകൊണ്ടു തന്നെ ജ്യൂസിലേയ്ക്ക് വിരൽ ചൂണ്ടി അതു കുടിക്കുന്ന കാര്യം ഓർമ്മപ്പെടുത്തി.
“അല്ല, നാട്ടിലെ അവസ്ഥയറിയാല്ലോ. ഞങ്ങളപ്പോൾ പൊതുവെ വിവരങ്ങൾ തിരക്കാമെന്നു കരുതി ഇറങ്ങിയതാണ്” ഹേമലത എഴുന്നേറ്റു. ഒപ്പം മാനുവലും. വാതിൽക്കലേയ്ക്ക് നടക്കുമ്പോൾ ആ രണ്ടു കുഞ്ഞുകാൽപ്പാദങ്ങളുടെ ഫോട്ടോ അവിടെയില്ലെന്ന് അയാൾ കണ്ടു.
മാനുവൽ ധൃതിയിലാണ് നടന്നത്. ഒപ്പമെത്താൻ ഹേമലതയ്ക്ക് ആയാസപ്പെടേണ്ടിവന്നു.
“അതാ സ്ത്രീയല്ല” അയാൾ പിറുപിറുത്തു, “അവരുടെ ചൂണ്ടുവിരൽ കുറിയതായിരുന്നു.”
“അതൊക്കെ മാറിയും മറിഞ്ഞും വരും. അതത്ര കാര്യമാക്കാനില്ല. ഇതു നോക്ക്...” ജീപ്പിലേയ്ക്ക് കയറാൻ തുടങ്ങിയ ഹേമലത ചുണ്ടുകൾ വിടർത്തിക്കാണിച്ചു. താഴത്തെ നിരയിൽ രണ്ടു പല്ലുകൾ കാണാനില്ല.
“എന്തുപറ്റിയതാണ്?” -മാനുവൽ അസ്വസ്ഥനായി.
“പേടിക്കണ്ട” -ഹേമലത ഉറക്കെച്ചിരിച്ചു. “ഡോക്ടർ എടുത്തുമാറ്റിയതാണ്. ഒരു ചെറിയ മുഴപോലെ. സാരമാക്കാനില്ല. റിസൾട്ട് വരാൻ സമയമുണ്ട്.”
മോശപ്പെട്ട ദിവസങ്ങൾ! മാനുവലിന് ഉറങ്ങാനായില്ല. ദിവസങ്ങളോളം അയാളുറങ്ങിയില്ല. പിന്നീടൊരു രാവിലെ താനെന്തിനാണ് ഉറങ്ങാതിരുന്നതെന്ന് അയാളതിശയിച്ചു. സ്റ്റേഷനിൽ ധാരാളം കേസുകൾ വരുന്നുണ്ടെന്നതും നാട്ടിൽ അക്രമം പടരുന്നുണ്ടെന്നുള്ളതും ശരി തന്നെ. പക്ഷേ, അതൊരു സാധാരണ കാര്യമല്ലേ? എല്ലാം മാറിക്കൊണ്ടിരിക്കും. മാറ്റമില്ലാത്തതായി ഒന്നും തന്നെയില്ല.
ഹേമലത ദീർഘകാല അവധിയെടുത്തിരിക്കുകയാണ്. അസുഖം മാറി തിരികെ വരാമെന്ന് എല്ലാവരോടും ഉറപ്പു പറഞ്ഞതായി അയാളറിഞ്ഞിരുന്നു. പക്ഷേ, സംസാരിക്കാൻ പോയില്ല. മനസ്സിനു കേടുവരുത്തുന്ന അവസ്ഥകളിൽനിന്നു മാറി നിൽക്കാനാണ് തീരുമാനം. അങ്ങനെയൊരു തീരുമാനമെടുത്തതിൽ അയാൾക്ക് ആശ്വാസം തോന്നി. പോകെപ്പോകെ അങ്ങനെയുള്ള സമാധാനക്കേടുകളൊന്നും അയാൾക്കു തിരിച്ചറിയാൻ കഴിയാതെയായി.
കൂട്ടബലാത്സംഗത്തിനിരയായ പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി തിരികെ വന്ന ദിവസം ഉച്ചയ്ക്കാണ് ഡാനിയ വീണ്ടും വന്നത്. സ്റ്റേഷനിലെ ഒരു തുടക്കക്കാരൻ പയ്യന്റെ പിറന്നാൾ പ്രമാണിച്ച് കിട്ടിയ ബിരിയാണി കഴിക്കുകയായിരുന്നു അയാളപ്പോൾ. പരാതിക്കാരിയെ കണ്ട് അയാൾ അത്ഭുതപ്പെട്ടു.
“എന്റെ ഭർത്താവിനെ കാണാതായിരിക്കുന്നു” -അവർ വളരെ നിസ്സംഗമായി പറഞ്ഞു.
“പകരം മറ്റൊരാൾ വന്നിരിക്കുന്നോ?” അയാളും അതേ നിസ്സംഗതയോടെ തിരികെ ചോദിച്ചു.
എങ്ങനെ മനസ്സിലായി എന്ന മട്ടിൽ അവർ ആശ്ചര്യപ്പെടുന്നതു കണ്ടു.
തലേ നാൾ ഓഫീസിൽനിന്നു വന്നയുടൻ പുതിയ ആൾ ഷർട്ടൂരി സോഫയിലേക്കെറിയുകയും ‘ചായ’ എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് മൊബൈൽ പരതാൻ തുടങ്ങുകയും ചെയ്തത്രെ.
“ഇതുവരെയും എനിക്കാണ് ചായ കൊണ്ടുവന്നു തന്നിരുന്നത്. അത്താഴമുണ്ടാക്കി വെച്ചിട്ട് എന്നെ വിളിക്കുകയായിരുന്നു പതിവ്. ഉടുപ്പൊക്കെ അതാതിടങ്ങളിൽ വയ്ക്കുകയും സ്വയം അലക്കുകയും ചെയ്തിരുന്നു. ഇപ്പോ...” അവർ മടുപ്പോടെ തലയിളക്കി. “ഇത് റോഷനല്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. നിങ്ങളൊന്നു വന്നന്വേഷിക്കണം.”
അതതു നിമിഷത്തിൽ ജീവിക്കുകയും അസ്വസ്ഥതപ്പെടുത്തുന്നതിനു നേരെ കണ്ണടച്ച് പിടിക്കുകയുമാണ് ചെയ്യേണ്ടതെന്ന് അയാൾക്കറിയാം.
പരാതി രേഖപ്പെടുത്താൻപോലും മാനുവൽ മിനക്കെട്ടില്ല. അവർ അതുമായും പൊരുത്തപ്പെടും. അവർ മാത്രമല്ല, ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം അതുപോലെ മാറിക്കൊണ്ടും പൊരുത്തപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഡാനിയ മുന്നിൽ നിന്നുപോയ നിമിഷം തന്നെ അയാളവരെ മറക്കുകയും. കണ്ണടച്ച് ഓരോ മൂക്കും മാറിമാറി തുറന്നടച്ച് ദീർഘശ്വാസമെടുക്കുകയും ചെയ്തു. അതതു നിമിഷത്തിൽ ജീവിക്കുകയും അസ്വസ്ഥതപ്പെടുത്തുന്നതിനു നേരെ കണ്ണടച്ച് പിടിക്കുകയുമാണ് ചെയ്യേണ്ടതെന്ന് അയാൾക്കറിയാം. അതു പഠിച്ചെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അതല്ലേ മനുഷ്യജീവികളുടെ എണ്ണമിങ്ങനെ കുറയാതെ നിൽക്കുന്നത്!
“ആ ഇസ്രയേലുകാരൻ നാട്ടിൽനിന്നു പോയോ?” വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഭാര്യ ആകാംക്ഷയോടെ ചോദിച്ചു. അവരുടെ നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നരച്ച മുടിയിഴകൾ കണ്ടപ്പോൾ മാനുവൽ മുഖം തിരിച്ചു കളഞ്ഞു.
“പോയിട്ടെത്രയോ നാളായി” അയാൾക്കു മടുപ്പു തോന്നി.
“ആ പെണ്ണിനെ ഒപ്പം കൊണ്ടുപോയോ?” ആകാംക്ഷ ശമിക്കുന്നില്ല.
“ഇല്ല, ഇനിയും വരുമെന്നു തോന്നുന്നു.”
“ഇനി വരില്ല” -ഭാര്യ നിരാശയോടെ പറഞ്ഞു.
അവളെന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മാനുവൽ ചോദിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates