

സലീമിനൊപ്പം ആമി ഉല്ലാസയാത്രയ്ക്ക് പോകും മുന്‍പ് തന്നെ അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് കേടായതാണ്. അപ്പാര്‍ട്ട്‌മെന്റിനു നാല് നിലയേയുള്ളൂ എങ്കിലും ഇടവേളയില്ലാതെ പൊന്തുകയും താഴുകയും ചെയ്യുന്ന കോണ്‍ക്രീറ്റ് ശ്വാസകോശമാണ് ലിഫ്റ്റ്. നാലു നിലകളിലും സ്ഥിരതാമസം കിട്ടാതെ നിരന്തരം ഏന്തിവലിയുന്ന ഒറ്റമുറി. അകവശം അലൂമിനിയം ഫാബ്രിക്കേഷന്‍കൊണ്ട് മിനുസപ്പെടുത്തിയതാണെങ്കിലും ലിഫ്റ്റിനുള്ളില്‍ കയറിയാല്‍ കേള്‍ക്കാം, കഫം പൊറ്റപിടിച്ചൊരു പടുവൃദ്ധന്റെ കുറുകുറുപ്പ്. ദ്രവിച്ച ഫൈബര്‍ നാളികള്‍ കുരുങ്ങി ലിഫ്റ്റ് കഴിഞ്ഞാഴ്ച കേടായി. ആരെങ്കിലും കയറിയാല്‍ ഏതെങ്കിലും നിലകള്‍ക്ക് ഇടയില്‍വെച്ച് ഉഗ്രശബ്ദത്തോടെ വിറച്ച് നില്‍ക്കും. അപായ വിളികള്‍ക്കായി എമര്‍ജന്‍സി അലാറവും പ്രവര്‍ത്തിക്കുന്നില്ല. പിന്നെ മൊബൈലില്‍ സെക്യൂരിറ്റിയെ വിളിച്ചുവേണം താഴെയെത്താന്‍.
ഈ ബദ്ധപ്പാട് ഒഴിവാക്കാന്‍ താഴത്തെ നിലയിലെ ലിഫ്റ്റുഡോറിനു മുന്നില്‍ 'ലിഫ്റ്റ് പ്രവര്‍ത്തനരഹിതം' എന്ന ബോര്‍ഡ് സെക്യൂരിറ്റി തൂക്കി.
അതുകൊണ്ടാണ് യാത്രയുടെ ആലസ്യമുണ്ടായിട്ടും ആമി സ്‌റ്റെപ്പുകള്‍ നടന്നുകയറിയത്. പക്ഷേ, രണ്ടാമത്തെ നിലയിലെ അപ്പാര്‍ട്ട്‌മെന്റ് തുറന്ന് അകത്ത് എത്തിയതും ആമി അന്തിച്ചു നിന്നുപോയി. മുന്‍മുറിയിലെ സോഫയില്‍ തളര്‍ന്നുകിടക്കുന്നു ആദിക്കുട്ടന്‍.
അടച്ചിട്ട വീടിനുള്ളില്‍ മകന്‍ എങ്ങനെ എത്തിയെന്ന അന്ധാളിപ്പില്‍ ആമി സ്തബ്ധയായി. തോളില്‍നിന്ന് ട്രാവല്‍ ബാഗ് ഊര്‍ന്നുവീണു. ആ ശബ്ദം കേട്ടുണര്‍ന്ന് ആദിക്കുട്ടന്‍ സാവധാനം തലയുയര്‍ത്തി നോക്കി. ഓട്ടിസം തട്ടിത്തെറിപ്പിച്ച ഗോലികള്‍പോലെ അവന്റെ കൃഷ്ണമണികള്‍ നിലയുറയ്ക്കാതെ തെന്നി. ചിരിയെന്നോ കരച്ചിലെന്നോ വേര്‍തിരിക്കാനാകാത്തവിധം മുഖം വലിഞ്ഞുമുറുകി. അവന്‍ ചുണ്ടുകള്‍ പിളര്‍ത്തി വായ തുറന്നപ്പോള്‍ നിരതെറ്റി ഏങ്കോണിച്ച പല്ലുകള്‍ പുറത്തേക്ക് എഴുന്നുവരുന്നു. അതു തന്റെ മകന്റെ സന്തോഷപ്രകാശനമാണെന്ന് ആമിക്കു മനസ്സിലായില്ല. പക്ഷേ, ക്ഷീണത്താല്‍ അവന്റെ കണ്‍പോളകള്‍ വീണ്ടും താണു. സോഫയിലേക്കു തലതാഴ്ത്തി അവശതയോടെ കിടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ പിന്നെയും മയങ്ങിപ്പോയി.
ആദിക്കുട്ടന് ആറുമാസം മാത്രം പ്രായമുള്ളപ്പോഴാണ് അവനേയും കൂട്ടി അമല്‍ ഇതേ അപ്പാര്‍ട്ടുമെന്റില്‍നിന്ന് ഇറങ്ങിപ്പോയത്. പിന്നെ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണ് മോനെ ആദ്യമായിട്ട് ആമി നേരില്‍ കാണുന്നത്. എന്നിട്ടും ആദിയെ കണ്ട മാത്രയില്‍തന്നെ ഇരുമ്പുകട്ടി വെച്ചപോലെ ആമിയുടെ തലയോട്ടിക്കുള്ളില്‍ ഗര്‍ഭഭാരം തിങ്ങിനിറഞ്ഞു. ജീവരക്തത്താല്‍ കൊരുക്കപ്പെട്ടതെങ്കിലും പരസ്പരം വേണ്ടാത്ത രണ്ട് ജീവനുകള്‍.
പെട്ടെന്ന് ആമിയുടെ ഓര്‍മ്മകള്‍ മിന്നിത്തെളിഞ്ഞു. ജോയിന്റ് ഓണര്‍ഷിപ്പില്‍ വാങ്ങിയപ്പോള്‍ തന്നെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു സെറ്റ് താക്കോല്‍ അമലിന്റെ കൈവശം കൊടുത്തിരുന്നു.
ആ താക്കോല്‍കൊണ്ട് വീട് തുറന്ന് കുഞ്ഞിനെ അകത്ത് കിടത്തിയ ശേഷം തിരിച്ചു പോയതാകും. നാട്ടിലെ വീടൊഴികെയുള്ള പറമ്പെല്ലാം വിറ്റ പൈസകൊണ്ടാണ് അമല്‍ ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. പക്ഷേ, ഉടമസ്ഥാവകാശം പറഞ്ഞ് അമല്‍ ഒരിക്കല്‍പോലും വരാത്തതുകൊണ്ട് ആ താക്കോലിനെപ്പറ്റി ആലോചിച്ചിട്ടില്ല. അങ്ങനെയൊരു അവകാശത്തര്‍ക്കത്തിനു വരാനുള്ള പ്രാപ്തിയൊന്നും അമലിന് ഇല്ലെന്ന് ആമിക്കും ഉറപ്പായിരുന്നു. എന്നാലും അന്തമില്ലാത്ത അശാന്തിയിലേക്ക് തുറക്കുന്ന താക്കോലായി അതു മാറുമെന്ന് ആമി കരുതിയില്ല.
പീരിയഡ്‌സ് ആകുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വാഗമണ്ണില്‍ പോകണമെന്ന് ആമി നിര്‍ബ്ബന്ധം പറഞ്ഞതുകൊണ്ടാണ് സലീം യാത്രയ്ക്ക് സമ്മതിച്ചത്. രണ്ട് ദിവസം മുന്‍പ് പുലര്‍ച്ചെയാണ് ഇരുവരും കാറില്‍ കൊച്ചിയില്‍നിന്നു പുറപ്പെട്ടത്. കൊവിഡിന്റെ സെമി ലോക്ഡൗണ്‍ ആയതുകൊണ്ട് വഴിയിലെങ്ങും ബാരിക്കേഡ് വെച്ച് പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. മുന്‍പ് ന്യൂസ് ചാനലില്‍ കോണ്‍ട്രാക്ട് ആങ്കറായിരുന്നതിന്റെ ഐ.ഡി കാര്‍ഡ് ആമി തപ്പിയെടുത്ത് കഴുത്തിലിട്ടിരുന്നു. സലീം സ്വന്തം ആഡ് കണ്‍സള്‍ട്ടന്‍സിയുടേതും. വാഗമണ്ണില്‍ എത്തിയിട്ടും അവര്‍ ഹോംസ്‌റ്റേ വിട്ട് പുറത്തെങ്ങും പോയില്ല. കൊടും തണുപ്പില്‍ പച്ചമാംസം ഉരച്ചുരച്ച് തീ കാഞ്ഞ് രണ്ട് ദിവസവും ആഘോഷിച്ച് തീര്‍ത്തു.
ഭാര്യയ്ക്കും മകനുമൊപ്പം കാക്കനാടാണ് സലീമിന്റെ താമസം. യാത്രാക്ഷീണം മാറ്റാനായി കുളിച്ച് സലീം പുറത്തിറങ്ങിയപ്പോള്‍, കിടക്കയില്‍ ഇട്ടിരുന്ന മൊബൈലില്‍ ആമിയുടെ പന്ത്രണ്ട് മിസ്ഡ് കോള്‍. കൊവിഡ് കാരണം വര്‍ക്ക് ഫ്രം ഹോമായതുകൊണ്ട് നഫീസ മുകളിലത്തെ നിലയിലുണ്ട്. നഫീസയുടെ ചെവിവട്ടത്തില്‍ എത്താതിരിക്കാന്‍ സലീം കിടപ്പുമുറിയില്‍നിന്ന് അപ്പോള്‍തന്നെ തിരികെ വിളിച്ചു.
മോന്റെ അടുത്തേയ്‌ക്കൊന്നു പോകാതെ അപ്പാര്‍ട്ടുമെന്റിന്റെ പടിഞ്ഞാറുവശത്തുള്ള ബാല്‍ക്കണിയില്‍നിന്ന് ആമി സംസാരിച്ചു. കയര്‍ക്കുന്നതുപോലെയാണ് അവള്‍ നടന്നതൊക്കെ വിശദീകരിച്ചത്.
'ബി കൂള്‍. നീ ക്ഷോഭിക്കാതെ.' കിടക്കയിലേക്ക് ഇരുന്ന് സലീം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 'നീ പറഞ്ഞത് വെച്ചാണെങ്കില്‍ നമ്മള്‍ പോയ മിനിഞ്ഞാന്നു പകല്‍തന്നെ അമല്‍ വീട്ടിനകത്ത് കുഞ്ഞിനെ കൊണ്ടുവന്നിരുത്തിയിട്ട് പോയിട്ടുണ്ടാകണം. അമലിന് അറിയില്ലല്ലോ, നീ അവിടെ ഇല്ലെന്ന്. ഓഫീസ് ടൈമില്‍ കുഞ്ഞിനെ അവിടെയാക്കണം എന്നേ കരുതിയിട്ടുണ്ടാകൂ. അങ്ങനെയാണെങ്കില്‍ രണ്ട് ഫുള്‍ ഡേ ആയി മോനൊന്നും കഴിച്ചിട്ടുണ്ടാവില്ല.'
അവളുടെ വാക്കുകളില്‍ ക്രോധത്തിന്റെ ഇരുമ്പാണികള്‍ മുന കൂര്‍പ്പിച്ചു. 'എനിക്ക് വയ്യ ഈ വയ്യാവേലി ഇനിയുമെടുത്ത് തലേല്‍ വെക്കാന്‍. ഞാന്‍ പിന്നെയും പണ്ടത്തേത് പോലാകുമെന്നാ എന്റെ പേടി.'
'നീ പാനിക് ആകല്ലേ. ആദ്യം കുഞ്ഞിന് എന്തെങ്കിലും കഴിക്കാന്‍ കൊടുക്ക്. രണ്ട് ദിവസമായി വെള്ളംപോലും കുടിച്ചിട്ടുണ്ടാകില്ല. നാലര വയസ്സല്ലേ. സ്വന്തമായി എന്താക്കാന്‍. അതും വയ്യാത്ത കുഞ്ഞ്.'
'എനിക്കിത് വയ്യ. എനിക്ക് ഭ്രാന്ത് പിടിക്കും.'
'ഇപ്പോള്‍ നീ പറയുന്നതാണ് ആമി ഭ്രാന്ത്. എന്തൊക്കെ ആണേലും അതു നിന്റെ ചോരയില്‍ പിറന്ന കുഞ്ഞാണ്.'
'ശരീരത്തില്‍നിന്ന് അറുത്തുമാറ്റിയതിനെ പിന്നെയാരും അവയവമെന്നു വിളിക്കില്ല.' രോഷത്താല്‍ വിറയ്ക്കുന്ന വിരല്‍കൊണ്ട് ആഞ്ഞമര്‍ത്തി ആമി ഫോണ്‍ കട്ട് ചെയ്തു.
ബാല്‍ക്കണിയില്‍നിന്ന് ആമി മുന്‍മുറിയിലേക്കു നോക്കി. വിശന്നുതളര്‍ന്നുറങ്ങുന്ന ആദിക്കുട്ടന്റെ ചുണ്ടുകള്‍ക്കിടയില്‍ ശ്വാസത്തിനനുസരിച്ച് തുപ്പല്‍പത പൊട്ടുന്നുണ്ട്. ബാലനൈര്‍മല്യമില്ലാത്ത മുഖം വിളറി വാടിയിരിക്കുന്നു. അസ്ഥികള്‍ ഏങ്കോണിച്ച ആ മുഖത്ത് തന്റേയോ അമലിന്റേയോ ഛായ ആമിക്ക് കണ്ടെത്താനായില്ല. ഇതു പിന്നെ ആരുടെ കുഞ്ഞാണെന്ന ചോദ്യം നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആമിക്കു നേരെ തിരിഞ്ഞുനിന്നു ഫണം വിടര്‍ത്തി.
ആദിക്കുട്ടന്‍ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ചേഷ്ടകളില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമലാണ്. എന്തെങ്കിലും ശബ്ദം കേട്ട് മുഖം തിരിച്ചാലും അവിടേക്ക് തറപ്പിച്ച് നോക്കില്ല. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന കറുത്ത പ്ലാസ്റ്റിക് പന്തുപോലെ കൃഷ്ണമണി തെന്നിമറിയും. ആരുടേയും മുഖത്തേക്ക് കാഴ്ച ഊന്നില്ല. അടുത്തുനിന്നു കൈകൊട്ടി കളിപ്പിക്കുമ്പോഴും കുഞ്ഞ് കണ്ണില്‍ നോക്കാത്തത് ഓട്ടിസത്തിന്റെ ലക്ഷണമാണെന്ന് അമല്‍ നൊന്തറിഞ്ഞു. കുഞ്ഞിനേയും കൊണ്ട് അമല്‍ ഒറ്റയ്ക്കാണ് മെഡിക്കല്‍ ട്രസ്റ്റിലെ പീഡിയാട്രീഷനെ കാണിക്കാന്‍ കൊണ്ടുപോയത്. ഓട്ടിസത്തിനു പ്രത്യേക ചികിത്സയൊന്നും ഇല്ലാത്തതുകൊണ്ട് പേരന്റിങ്ങിനെപ്പറ്റി ആശുപത്രിയില്‍തന്നെ കൗണ്‍സലിങ്ങ് ഉണ്ടായിരുന്നു. അതിനും ആമി പോയില്ല. നിര്‍ബ്ബന്ധിച്ചതുമില്ല.
നാള്‍ക്കുനാള്‍ കുഞ്ഞിന്റെ പെരുമാറ്റ പ്രശ്‌നങ്ങള്‍ കൂടിവന്നു. കമിഴ്ന്ന് വീണപ്പോള്‍ നിലത്ത് നീന്തുന്നതിനും ഉരുളുന്നതിനും ഭയപ്പെടുത്തുന്ന വേഗത. കട്ടിലില്‍നിന്ന് ഒരു രാത്രി ഉരുണ്ട് നിലത്തു വീണതില്‍ പിന്നെ, തറയില്‍ മെത്തവിരിച്ച് മാത്രമേ കിടത്തിയിരുന്നുള്ളൂ. കുഞ്ഞിനെ ആമി നിലത്തേക്ക് തള്ളിയിട്ടതാണോ എന്ന് അപ്പോഴേ അമലിനു സംശയമുണ്ടായിരുന്നു.
കിടക്കുമ്പോള്‍ കിലുക്കാംപെട്ടിപോലെ ചെറിയ കളിപ്പാട്ടമെന്തെങ്കിലും കയ്യില്‍ കൊടുത്താല്‍ ഒന്നുകില്‍ എടുത്തെറിയും. അല്ലെങ്കില്‍ തലയിലും പൊന്തിച്ച കാലിലും എടുത്തടിച്ച് വേദനിപ്പിക്കും. നിലത്ത് നീന്തുന്നതിനിടെ കിട്ടുന്ന കളിപ്പാട്ടങ്ങള്‍ വേഗത്തില്‍ വട്ടം കറക്കും. പിന്നെ നിലത്തിട്ട് അടിക്കും. പായയില്‍ വെറുതെ മലര്‍ത്തിക്കിടത്തിയാല്‍ കറങ്ങുന്ന ഫാനിലേക്ക് മണിക്കൂറുകള്‍ നോക്കി അനങ്ങാതെ കിടക്കും. വേദനിപ്പിക്കുമ്പോഴും ദേഷ്യം വരുമ്പോഴും വിശക്കുമ്പോഴും പ്രത്യേക ശബ്ദങ്ങളിലാണ് കരയുക. സാവധാനം കരച്ചിലിന്റെ ഈ ഭാഷ അമല്‍ പഠിച്ചെടുത്തു.
ആശുപത്രി വിട്ട നാള്‍ മുതല്‍ അമലാണ് കുഞ്ഞിനെ നെഞ്ചിലേക്ക് ഏറ്റുവാങ്ങിയത്. രണ്ട് വീട്ടില്‍നിന്നും കൊച്ചിയില്‍ വന്നു നില്‍ക്കാന്‍ കഴിയുന്ന മറ്റാരും ഉണ്ടായിരുന്നില്ല. ആറാം മാസം അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇറങ്ങിപ്പോയ ശേഷം, അമല്‍ പിന്നെ എന്തു ചെയ്തതെന്ന് ആമി ആരോടും അന്വേഷിച്ചതുമില്ല.
ബാല്‍ക്കണിയില്‍ കണ്ണടച്ച് നില്‍ക്കുന്നതിനിടെ ശ്മശാനത്തിലെ മണ്ണട്ടിയില്‍നിന്ന് രണ്ട് കുഞ്ഞിക്കൈകള്‍ തന്റെ നേര്‍ക്ക് നീണ്ടുവരുന്നതായി ആമിക്കു തോന്നി. ആമി വിറളി പിടിച്ച് സലീമിനെ വീണ്ടും വിളിച്ചു.
'സലീം ഇറ്റ്‌സ് സീരിയസ്. ഐ വാണ്ട് ടു നോ, എന്തിന്...? എന്തിനാണ് ഈ നാല് വര്‍ഷത്തിനു ശേഷം ഇതിനെ ഇവിടെ കൊണ്ടുവന്ന് നടതള്ളിയിരിക്കുന്നത്?'
തീന്‍മുറിയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നതുകൊണ്ട് സലീമിന് തുറന്ന് സംസാരിക്കാനായില്ല. 'ഇറ്റ്‌സ് ഓക്കെ. നമുക്ക് അന്വേഷിക്കാം. അമലിന്റെ പുതിയ ചാനലിലും നമുക്കു സുഹൃത്തുക്കളുണ്ടല്ലോ.'
ആമി അടങ്ങിയില്ല: 'നോ. എനിക്കിപ്പം അറിയണം. നാല് വര്‍ഷം കഴിഞ്ഞ് എന്നെ വേട്ടയാടി കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണോ അവന്‍. ഞാനില്ലാത്ത തക്കം ഇവിടെ വന്ന് ഇതിനെ ഇവിടിട്ട് പോകാന്‍ അവനെങ്ങനെ ധൈര്യം വന്നു. ഐ നോ ഹൗ ടു റിയാക്ട്.'
സലീം അല്പം സ്വരം താഴ്ത്തി പറഞ്ഞു: 'പുതിയ ചാനലിലും അമലിന് എന്തോ പ്രശ്‌നമുണ്ടെന്നു കേട്ടിരുന്നു. ഞാന്‍ വിശദമായി അന്വേഷിച്ചു പറയാം. ഇപ്പോ നീ സമാധാനമായിരിക്ക്' ചുറ്റുമൊന്ന് പാളിനോക്കിയിട്ട് സലീം തുടര്‍ന്നു: 'നീ കുഞ്ഞിന് വെല്ലോം കൊടുത്തോ?'
'ഇല്ല.' ആമിയുടെ സ്വരം കനത്തു.
'പെട്ടെന്ന് കുഞ്ഞിന് എന്തെങ്കിലും കൊടുക്ക്. ഇല്ലെങ്കില്‍ ഡീഹൈഡ്രേഷന്‍ വന്ന് കുഞ്ഞിന് എന്തേലും പറ്റും. ബാക്കിയൊക്കെ ഞാന്‍ അന്വേഷിച്ചോളാം.'
ഫോണ്‍ കട്ട് ചെയ്തിട്ട് മടിച്ചുമടിച്ച് ആദിക്കുട്ടന്‍ കിടക്കുന്ന സോഫയുടെ അടുത്തേക്ക് ആമി ചെന്നു. അവളുടെ ചവിട്ടടികളില്‍ അറപ്പിന്റെ വഴുക്കല്‍ നിറഞ്ഞു. അപ്പോഴാണ് ഒരു കെടുമ്പു നാറ്റം മൂക്കിലേക്ക് തുളച്ചുകയറിയത്.
സോഫയില്‍തന്നെ കിടന്ന് മൂത്രമൊഴിച്ചതിന്റെ പുളിച്ചുകെട്ട നാറ്റം. രണ്ട് ദിവസമായി നിക്കറും തൂകിയിറങ്ങുന്ന മൂത്രത്തിനു മുകളിലാണ് അവന്‍ കിടക്കുന്നത്. ബസ് സ്റ്റാന്റിലെ പബ്ലിക് ടോയ്‌ലറ്റില്‍ പൂട്ടിയിടപ്പെട്ടപോലെ ആമിക്കു തോന്നി. അവള്‍ക്ക് ഓക്കാനം വന്നു. പെട്ടെന്നു തിരിഞ്ഞ് അടുക്കളയിലേക്കു പോയി.
പെറ്റിട്ട് ആദ്യം കണ്ട നിമിഷം തുടങ്ങിയതാണ് സ്വന്തം കുഞ്ഞിനോടുള്ള ആമിയുടെ വെറുപ്പ്. തന്റെ ശരീരത്തില്‍നിന്ന് അറ്റുമാറിയ ജീവഭാഗമാണിതെന്നു വിശ്വസിക്കാന്‍ വയ്യായ്ക. ആദ്യ ദിവസം തന്നെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ആമി കൂട്ടാക്കിയില്ല. തന്റെ മുലകള്‍ ഇറുമ്പിക്കുടിക്കാന്‍ ഇതിനെ സമ്മതിക്കില്ലെന്ന് അവള്‍ വാശിപിടിച്ച് ദേഷ്യപ്പെട്ടപ്പോള്‍ ലേബര്‍ റൂമിലെ നഴ്‌സുമാര്‍ നടുങ്ങിനിന്നു. പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് തന്നെ വന്ന് അവളെ ശകാരിച്ചു. ആദ്യ ദിവസത്തേത് രോഗപ്രതിരോധശേഷി നല്‍കുന്ന മഞ്ഞ മുലപ്പാലാണെന്നും നിര്‍ബ്ബന്ധമായും അത് കുഞ്ഞിനു കൊടുക്കണമെന്നും ഡോക്ടര്‍ ആജ്ഞാസ്വരത്തില്‍ പറഞ്ഞു. ശകാരം ഏറിയപ്പോള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞ് അവള്‍ ബാത്ത്‌റൂമിന് അകത്തേക്കു കയറി. എന്നിട്ട് മുലകള്‍ ഞെക്കി മഞ്ഞ മുലപ്പാല്‍ വാഷ്‌ബേസിനിലേക്കു പിഴിഞ്ഞുകളഞ്ഞു. അമര്‍ത്തി ഞെരടുന്നതിനിടെ അവളുടെ മുലക്കണ്ണുകള്‍ പൊട്ടി ചോരത്തുള്ളികളും ഇറ്റി.
ബേബി ബ്ലൂസ് പ്രസവിച്ച ഉടന്‍ സ്വന്തം കുഞ്ഞുങ്ങളോട് പക തോന്നുന്ന മനോനിലയ്ക്ക് ഈ പേരാണ് ഡോക്ടര്‍മാര്‍ വിളിച്ചത്. യൂറോപ്പിലെ നവജാതശിശുക്കളുടെ നീലക്കണ്ണുകള്‍ക്കുള്ള വിശേഷണപദത്തില്‍നിന്ന്, ആ കുഞ്ഞുങ്ങളെ കൊല്ലാനുള്ള മനോവ്യഗ്രതയ്ക്കുള്ള വിശേഷണത്തിലേക്ക് ഒരു വാക്കിന്റെ വിപത്പരിണാമം. ഒരു വാക്കില്‍തന്നെ അര്‍ത്ഥങ്ങളായി പ്രാവും പ്രാപ്പിടിയനും മാറിമാറി കൂട് കൂട്ടുന്ന വൈചിത്ര്യം.
നിനച്ചിരിക്കാതെ ശരീരത്തിനുള്ളിലൊരു മാംസം മുളച്ചുപൊന്തിയതിന്റെ ആഘാതമുണ്ടായിരുന്നു, ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളില്‍തന്നെ ആമിക്ക്. ആശിക്കാത്ത സമയത്ത് ആശിക്കാത്ത ആളില്‍നിന്നാണ് അവളുടെ ശരീരത്തിലേക്ക് ജീവബീജം ഇഴഞ്ഞുകയറിയത്.
മുന്‍പൊരു ചാനലില്‍ ആമി കോണ്‍ട്രാക്ട് റീഡറായും അമല്‍ കണ്ടന്റ് എഡിറ്ററായും ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും അടുത്തത്. പ്രണയത്തെ വീട്ടകത്തേക്കു വലിച്ചുനീട്ടിയാല്‍ മതിയെന്നും വിവാഹം വേണ്ടെന്നും പറഞ്ഞത് ആമിയാണ്. അതുകൊണ്ട് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയപ്പോഴും ഇരുവരും ഔദ്യോഗികമായി വിവാഹിതരായില്ല. മൂന്നു വര്‍ഷം കഴിഞ്ഞാണ് ആമി ആഡ് പ്രൊഡക്ഷനിലേക്ക് മാറുന്നതും സലീമിന്റെ കമ്പനിയില്‍ ജോലിക്കു കയറുന്നതും. പുതിയ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍തന്നെ ആമി തന്റെ മുന്നില്‍ വറ്റിവരളുന്നത് അമല്‍ അനുഭവിച്ചറിഞ്ഞു. അപ്പോഴേക്കും സലീമിലേക്ക് പറ്റിപ്പടര്‍ന്നു വളര്‍ന്നു പന്തലിച്ച് അവള്‍ ഒരു പരാന്നവസന്തമായി മാറിയിരുന്നു. സലീമിന്റെ കുടുംബത്തിന് ഒരിക്കലും ഒരു അലോസരവും ഉണ്ടാക്കില്ലെന്ന ഒത്തുതീര്‍പ്പോടെ. പക്ഷേ, അതിനുവേണ്ടി സ്വന്തം കുടുംബത്തിന് അവള്‍ തീയിട്ടു. നിസ്സാര കാര്യത്തിനുപോലും അമലിനോട് കയര്‍ത്തു.
സുഹൃത്തുക്കള്‍ക്കു മുന്നിലും അയാളെ അവഹേളിച്ചു. നിരന്തരം പരസ്ത്രീ ആരോപണം ഉന്നയിച്ചു തളര്‍ത്തി. പലപ്പോഴും വഴക്കിന്റെ മൂര്‍ധന്യതയില്‍ ഭ്രാന്തമായി സ്വയം മുറിവേല്പിച്ചു. പരാജയപ്പെട്ട് അമല്‍ സ്വയം ഇറങ്ങിപ്പോകുമെന്നാണ് ആമി കണക്കുകൂട്ടിയത്. പക്ഷേ, പീരിയഡ്‌സും ഓവിലേഷനും ഉണ്ടാകുമ്പോഴുള്ള മൂഡ് സ്വിംഗാണെന്നു സമാധാനിച്ച് ഓരോ വട്ടവും അമല്‍ തോറ്റുകൊടുത്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടത് ആമിയാണ്. അങ്ങനെ ഒരു ഓവുലേഷന്‍ സമയത്ത് ആമിയുടെ ആഴങ്ങളിലിറങ്ങി സാന്ത്വനപ്പെടുത്തിയതില്‍നിന്നാണ് ആദിക്കുട്ടന്‍ ഉരുവാകുന്നത്.
പ്രസവത്തോട് ചേര്‍ന്നു രണ്ടാഴ്ച ലീവാണ് അമല്‍ എടുത്തത്. പക്ഷേ, ആമിയുടെ പോസ്റ്റുപാര്‍ട്ടം ബേബി ബ്ലൂസ് പെട്ടെന്ന് പോസ്റ്റുപാര്‍ട്ടം സൈക്കോസിസായി മാറി. പറഞ്ഞ അവധികളൊക്കെ അമലിനു നീട്ടേണ്ടിവന്നു.
പ്രസവിച്ച ദിവസം കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ വിസമ്മതിച്ച ആമി പിന്നൊരിക്കലും അതിനു കൂട്ടാക്കിയില്ല. മുലകള്‍ക്കുള്ളില്‍ നിലാവ് കുറുകി കല്ലിച്ചപ്പോഴെല്ലാം ബാത്ത്‌റൂമിലെ വാഷ്‌ബേസിനു മുന്നിലേക്ക് അവള്‍ ഓടി. അതുകൊണ്ട് ആദ്യ രണ്ടാഴ്ച കുഞ്ഞിനെ എന്‍.ഐ.സി.യുവിലാണ് കിടത്തിയത്.
ആമി ഒരിക്കലും കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയോ തലോടി ഉറക്കുകയോ ചെയ്തില്ല. കുഞ്ഞിനോടുള്ള ദേഷ്യം പിന്നീട് അമലിനോടുള്ള പകയായും പുളഞ്ഞു. ചിലപ്പോള്‍ അവള്‍ കാരണമില്ലാതെ ഇരുന്നു കരയും. ആശ്വസിപ്പിക്കാന്‍ അമല്‍ അടുത്തു ചെന്നാല്‍ പാമ്പിനെപ്പോലെ ചീറും. ഒരു ദിവസം സമാധാനിപ്പിക്കാന്‍ തോളില്‍ പിടിച്ചതിനു വിരല്‍ പിടിച്ചുതിരിച്ചാണ് അമലിനെ തള്ളിമാറ്റിയത്. എന്നിട്ട് അമലിന്റെ വിരല്‍ തൊട്ടപ്പോള്‍, കനല്‍ തീണ്ടിയപോലെ തീപ്പൊള്ളിയെന്നു പറഞ്ഞ് അലറിക്കരഞ്ഞു. വേദനിച്ച വിരലുകള്‍ അമര്‍ത്തി തിരുമ്മി അമല്‍ മിണ്ടാതെ പിന്തിരിഞ്ഞുനിന്നു.
അക്കാലത്ത് അമലിനു രാത്രികള്‍ ഘോരാനുഭവമായിരുന്നു. ഉറക്കം കണ്‍പോളകളില്‍ തടിച്ചു തൂങ്ങിയാലും കണ്ണടയ്ക്കാന്‍ കഴിയില്ല. ആമിയുടെ അടുത്തു കിടത്തിയിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള ഭയം ലോഹനഖങ്ങള്‍കൊണ്ട് മാന്തിപ്പറിക്കും. അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ ജനാലയ്ക്കരികില്‍ വന്ന് ആരോ പതുങ്ങി സംസാരിക്കുന്നുണ്ടെന്നു പറഞ്ഞത്, ആമി രാത്രികളില്‍ ബഹളംവെച്ചിരുന്നു. അതുകൊണ്ട് മുറിയുടെ നടുവിലേക്ക് കട്ടില്‍ മാറ്റിയിട്ടു. തൊട്ടരുകില്‍ നിലത്ത് സിംഗിള്‍ ബെഡ് വിരിച്ചാണ് അമല്‍ കിടന്നത്. അങ്ങനെയൊരു രാത്രിയാണ് കുഞ്ഞിനെ കട്ടിലില്‍നിന്നു തള്ളി താഴെയിട്ടത്. കട്ടിലിനോട് തൊട്ടുചേര്‍ന്നു നിലത്ത് അമല്‍ കിടന്ന മെത്തയിലേക്ക് കുഞ്ഞ് വീണതുകൊണ്ട് ആപത്തൊന്നും സംഭവിച്ചില്ല.
ആദിക്കുട്ടന് ഓട്ടിസമാണെന്ന് മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍ ഉറപ്പിച്ചപ്പോഴും ആമിയുടെ മനസ്സില്‍ കരുണ ഇറ്റിയില്ല. പകരം ക്രൗര്യം പുളിച്ചുതികട്ടി. വാഷ്‌ബേസിനില്‍ പിഴിഞ്ഞൊഴിക്കുന്ന മുലപ്പാലില്‍ പകയുടെ രക്തംകൂടി പടര്‍ന്നു. അന്നൊക്കെ പെറ്റമ്മയുടെ അടുത്ത് കുഞ്ഞിനെ ഒറ്റയ്ക്കിരുത്തുക എന്നത് അമലിനെ കടിച്ചുകുടയുന്ന പേക്കിനാവായി. അതിനു കാരണവുമുണ്ട്. അവധി നീട്ടിവാങ്ങാന്‍ അമല്‍ ഓഫീസില്‍ പോയ ദിവസം, തിരികെ വന്നപ്പോള്‍ മുന്‍മുറിയില്‍ കുഞ്ഞിനെ കാണാനില്ല. കിടപ്പുമുറിയിലുമില്ല. ബാത്ത്‌റൂമിലടക്കം നോക്കിയിട്ടും എവിടെയും കാണാനില്ല. ആമി മുറിക്കു നടുവിലിട്ട കട്ടിലില്‍ ചമ്രം പിണഞ്ഞ് ജനാലയിലേക്ക് മുഖം ചരിച്ച് നോക്കിയിരിക്കുകയാണ്. മജ്ജയ്ക്കുള്ളില്‍ ആസിഡ് തിളയ്ക്കുന്ന ഭയപ്പാടോടെ അമല്‍ അവളെ നോക്കി. അവളോട് ഒന്നും ചോദിക്കാന്‍ വയ്യ. ചോദിച്ചാലൊന്നും പറയുകയുമില്ല. എന്തു ചെയ്യണം എന്നറിയാതെ ശവ നിസ്സഹായത. പെട്ടെന്ന് അടുക്കളയില്‍നിന്നൊരു ഞരക്കം കേട്ടു. ഓടിച്ചെന്നു നോക്കിയപ്പോള്‍ ഫ്രിഡ്ജിനു പിറകിലുള്ള ഗാര്‍ബേജ് ബോക്‌സില്‍ തളര്‍ന്നിരിക്കുന്നു ആദിക്കുട്ടന്‍. അമല്‍ പൊക്കിയെടുത്തപ്പോള്‍ കുഞ്ഞുദേഹമാകെ സവാളത്തൊലിയും മുട്ടത്തോടും. ദേഷ്യം സഹിക്കാനാകാതെ അമല്‍ അലറി: 'ആമി... എന്തു കോപ്പിലെ നട്ടഭ്രാന്താ ഈ കാണിച്ചെ?'
അവള്‍ അതിനെക്കാള്‍ ഉച്ചത്തില്‍ അലമുറയിട്ടു: 'പിന്നെ ഞാനിതിനെ എന്തുചെയ്യണം? വേസ്റ്റിനെ കളയേണ്ടിയെ വേസ്റ്റ്‌ബോക്‌സിലല്ലാതെ പിന്നെവിടാ? കോര്‍പ്പറേഷന്‍ വണ്ടി വരുമ്പം അതിലെടുത്തിട്ട് കൊണ്ടുപോകട്ട്...'
ആമി ചാടിയെഴുന്നേറ്റ് വന്നു മുറിയുടെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. തടിവാതിലില്‍ അവള്‍ തലയിട്ട് ആഞ്ഞിടിക്കുന്ന ശബ്ദം പുറത്തുനിന്ന് അമല്‍ കേട്ടു. സ്വയം മുറിപ്പെടുത്തി കോപം അണയ്ക്കുകയാണ്.
മുറിക്കു പുറത്തുനിന്ന അമല്‍ ആദിക്കുട്ടനെപ്പോലെ ഏങ്ങിയേങ്ങി കരഞ്ഞു.
പിറ്റേന്ന് അപ്പിയിട്ട് നിലത്തുകിടന്ന കുഞ്ഞിനെ എടുത്ത് ആമി വാഷിങ് മെഷിനില്‍ ഇടാന്‍ പോയി. ബാത്ത്‌റൂമില്‍നിന്ന് ഇറങ്ങിവന്ന അമല്‍ തക്കസമയത്ത് കണ്ടതുകൊണ്ട് അവളെ തള്ളിമാറ്റി കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തു.
'ഇതിന്റെ അപ്പിയൊന്നും കൈകൊണ്ട് തൊടാന്‍ എന്നെ കിട്ടത്തില്ല. വാഷിങ് മെഷനിലിട്ട് രണ്ട് വട്ടം കറക്കിയെടുക്കാം. അല്ലാതെ ഞാനെന്ത് ചെയ്യാനാ...' ആമി ഉന്മാദത്തിന്റെ മൂര്‍ച്ഛയില്‍ നിസ്സംഗമായി പറഞ്ഞു.
അന്നാണ് ആദിക്കുട്ടനെയുമെടുത്ത് അമല്‍ അപ്പാര്‍ട്ടുമെന്റ് വിട്ടിറങ്ങിയത്. അത് ആമിയില്‍നിന്നു കുഞ്ഞിനെ രക്ഷിക്കുക മാത്രമായിരുന്നില്ല. കുഞ്ഞിന്റെ സാമീപ്യത്തില്‍നിന്ന് ആമിയെ രക്ഷിക്കാനുള്ള അവസാന മാര്‍ഗ്ഗവുമായിരുന്നു.
പിന്നെ നാല് വര്‍ഷങ്ങള്‍ക്കു ശേഷം അമല്‍ എന്തിനാണ് കുഞ്ഞിനെ ഇവിടെ കൊണ്ടിട്ടിട്ട് പോയതെന്ന ചോദ്യമാണ് അടുക്കളയില്‍ പാല്‍ തിളപ്പിക്കുന്നതിനിടെ ആമിയുടെ ചുറ്റും നിന്നു കത്തിയത്. പാല്‍ തിളച്ച് കയറുന്നതിനൊപ്പം ആധിയാല്‍ അവളുടെ മാംസം വെന്തു. പാല്‍ തിളച്ചു തൂകി. കുഞ്ഞിനായി തിളപ്പിച്ച പാലാണ്. പക്ഷേ, പാന്‍ സ്റ്റൗവില്‍നിന്നെടുത്ത് ഒരു നിമിഷം ആലോചിച്ച ശേഷം സിങ്കിലേക്ക് പാല്‍ കമഴ്ത്തിക്കളഞ്ഞു.
ഭക്ഷണം കഴിച്ച് സലീം തിരിച്ച് ബെഡ്‌റൂമില്‍ എത്തിയപ്പോഴാണ് വീണ്ടും ആമിയുടെ കോള്‍ വരുന്നത്. റൈറ്റിംങ്ങ് ടേബിളിനു മുന്നിലേക്ക് ഇരുന്ന് അയാള്‍ കോള്‍ എടുത്തു.
ഹലോ പോലുമില്ലാതെ അവള്‍ പറഞ്ഞുതുടങ്ങി: 'നിങ്ങള്‍ അന്വേഷിച്ചോ? അയാള്‍ ഇപ്പോ എവിടൊണ്ട്? എന്നോട് ഇത് എന്തിനാ ചെയ്‌തെ...?'
'ഞാന്‍ രണ്ട് പേരോട് വിളിച്ചു ചോദിച്ചിട്ടുണ്ട്. കൊവിഡ് ആയതുകൊണ്ട് ചാനലില്‍ പലരും പല ഷിഫ്റ്റിലാണ്. അന്വേഷിച്ചു പറയും. എന്നിട്ട് ഞാന്‍ അങ്ങോട്ട് വിളിക്കാം.' സലീം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
'നിങ്ങള് അന്വേഷിക്കോ... അതോ രണ്ട് ദിവസത്തെ കാര്യം കഴിഞ്ഞോണ്ട് ഇനി ആവശ്യം വരും വരെ എന്നെയങ്ങ് തഴയുമോ...?' ഇരുമ്പ് പതഞ്ഞ് തിളയ്ക്കുന്ന ആലപോലെ ആമി ക്ഷോഭിച്ചിരിക്കുകയാണെന്ന് സലീമിനു മനസ്സിലായി.
'ഇല്ല. ഞാനുടന്‍ തിരിച്ചു വിളിക്കാം.' അങ്ങേയറ്റം പ്രകോപിതനായിട്ടും സലീം ശബ്ദമുയര്‍ത്താതെ സംസാരിച്ചു: 'പിന്നെ... പണ്ട് നീ കുഞ്ഞിനോട് ദേഷ്യം കാണിക്കുന്നതിനൊരു കാരണമുണ്ടായിരുന്നു. ആ കാരണം ഇപ്പോഴില്ല. ഇപ്പോ നീ പറയുന്നതിനും കാണിക്കുന്നതിനും ഒരു ന്യായവുമില്ല. അണ്‍ജെസ്റ്റിഫെയബിള്‍ ആന്റ് ഇന്‍ജസ്റ്റിസ്...'
അത്രയെങ്കിലും എതിര്‍ത്തു പറയാതെ ഫോണ്‍ വെക്കാന്‍ സലീമിനായില്ല.
'കാര്യം കഴിഞ്ഞോണ്ട് എന്ന വാക്കിന്റെ ഈര്‍ച്ചവാള്‍ അരം സലീമിന്റെ തലച്ചോറിലെ സിരകളില്‍ കുരുങ്ങിവലിഞ്ഞു. യാത്രയ്ക്ക് ശാഠ്യം പിടിച്ചത് അവളാണ്. എന്നിട്ട് മടങ്ങിവന്ന് മണിക്കൂറുകള്‍ക്കകം അവള്‍ എല്ലാം തകിടം മറിച്ചു. തൊലിപ്പൊതിയുള്ള മാംസം മാത്രമായി ചാപ്പകുത്തിയിരിക്കുന്നു. സ്വന്തം ശരീരത്തോട് സലീമിന് അറപ്പ് തോന്നി. അല്ലെങ്കിലും ഗാഢമായി വാരിപ്പുണരുകയും അഗാധമായി മുറിവേല്പിക്കുകയും ചെയ്യുക എന്നതാണ് അവളുടെ സ്‌നേഹിക്കല്‍. യുദ്ധം തുടങ്ങിയാല്‍ ആരുടെയെങ്കിലും ഒരാളുടെ മരണമല്ലാതെ മറ്റൊന്നും ആമി ആഗ്രഹിക്കുന്നില്ല. അതാണ് ആമിയുടെ ബന്ധകാര്‍ക്കശ്യം.
ഇതുവരെ നേരില്‍കണ്ടിട്ടില്ലെ ങ്കിലും സലീമിന് അമല്‍അപരിചിതനാ യിരുന്നില്ല. ആമിയുടെ ഹൃദയതട ങ്ങളിലോ മാംസച്ചുഴികളിലോ അമലിന്റെ കാലടിപ്പാടുകള്‍ സലീം തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഏതോ ബിന്ദുവില്‍ ഐക്യപ്പെട്ടു.
സലീം മനസ്സിലുറപ്പിച്ചു; ഈ സമയം വരെ പാലല്ല, പച്ചവെള്ളംപോലും ആമി കുഞ്ഞിനു കൊടുത്തിട്ടുണ്ടാവില്ല. ഇതുപോലെ തന്നോടുള്ള സ്‌നേഹത്തേയും മുലക്കണ്ണ് ഞെരടി അവള്‍ അനായാസം വാഷ്‌ബേസിലേക്കു പിഴിഞ്ഞുകളയുമായിരിക്കും. ഒരു വിവാഹേതര സ്‌നേഹബന്ധത്തിന്റെ കാലപരിധി അഞ്ചു വര്‍ഷമാണ്. ആ സമയത്തിന്റെ അതിര്‍ത്തി താന്‍ പിന്നിട്ടിരിക്കുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ഒരു കലാപത്തിന്റെ ഊക്കില്‍ താന്‍ ബഹിഷ്‌കൃതനാകും. പിന്നെ എന്നെന്നേക്കുമായി ആ സ്‌നേഹസാമ്രാജ്യത്തിലെ അപൗരനാകും.
അപ്പോള്‍ കട്ടിലില്‍ കിടന്ന മൊബൈല്‍ ബെല്ലടിച്ചു. കസേരയില്‍ ഇരുന്നുതന്നെ സലീം തിരിഞ്ഞുനോക്കി. ആമിയാണ്. ഫോണെടുക്കാന്‍ തോന്നിയില്ല. നിര്‍ത്താതെയുള്ള ഫോണ്‍ ശബ്ദം നഫീസ കേള്‍ക്കുമോ എന്നുപോലും ചിന്തിക്കാതെ സലീം കസേരയില്‍ നിസ്സംഗനായി ഇരുന്നു. മൃതദേഹത്തിനു തലയ്ക്കലെ വിലാപംപോലെ പിന്നെയും പലവട്ടം ഫോണ്‍ ശബ്ദിച്ചു. അപ്പോഴെല്ലാം സലീമിന്റെ ഹൃദയത്തിനകത്ത്, അമല്‍ നിറഞ്ഞു വിങ്ങുകയായിരുന്നു.
അമല്‍ എന്തുകൊണ്ടാണ് കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നാക്കിയതെന്നും പിന്നെ എങ്ങോട്ടാണ് പോയിട്ടുണ്ടാവുകയെന്നും സലീമിന് ഊഹിക്കാനാകും. അമല്‍ പുതുതായി ജോലി ചെയ്യുന്ന ചാനലിലെ രണ്ട് സുഹൃത്തുക്കളോടും സൈബര്‍ സെല്ലിലെ ചാള്‍സിനോടും സലീം സംസാരിച്ചിരുന്നു.
ഇതൊന്നും ആമിയോട് പങ്കുവെച്ചില്ലെന്നു മാത്രം. അവളോട് പറഞ്ഞാലും മെഴുകു പ്രതിമയിലേക്കു വീണ കണ്ണീര്‌പോലെ ഉള്ള് നനയ്ക്കാതെ വാര്‍ന്നുപോവുകയേയുള്ളൂ.
ആറ് മാസം പ്രായമുള്ള കുഞ്ഞുമായി അപ്പാര്‍ട്ട്‌മെന്റ് വിട്ടിറങ്ങുമ്പോള്‍ എവിടേയ്‌ക്കെന്ന തീര്‍പ്പൊന്നും അമലിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. രണ്ട് ജീവനുകള്‍ രക്ഷിക്കണമെന്ന തീരുമാനം മാത്രമാണ് കൈവെള്ളയില്‍ മുറുകെപിടിച്ചത്. അന്നു ജോലിചെയ്തിരുന്ന ചാനലിലെ സുഹൃത്ത് ബാബുവിന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം താമസിച്ചു. പിന്നെ കൊച്ചി വിട്ട് ആലുവ പറവൂര്‍ കവലയിലുള്ള വാടക വീട്ടിലേക്കു മാറി. ആലുവ മണപ്പുറത്തേക്കു പോകും വഴിയുള്ള പഴകിയ ഓടിട്ട വീട്. അവിടെ അമലും ആദിക്കുട്ടനും മാത്രം. ആലംബമില്ലാത്തവനും ആലംബം വേണ്ടവനും.
ആദി ജനിച്ചശേഷം ഒന്നര വര്‍ഷത്തോളം അമലിനു ജോലിക്കു പോകാനായില്ല. ആദ്യം ജോലിചെയ്ത ചാനലില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പേ റോളില്‍നിന്നു പേര് വെട്ടി. സ്റ്റാന്റ് എലോണ്‍ ചാനലിന്റെ അതിജീവന പോരാട്ടമെന്നൊക്കെ പറഞ്ഞ്, ജോലിചെയ്ത സമയത്തെ കുറേ ശമ്പളം പിടിച്ചുവെച്ചിരുന്നു. ആ ശമ്പള കുടിശ്ശികപോലും കൊടുത്തില്ല. അതിനായി വിളിച്ചപ്പോള്‍ എച്ച്.ആറും എം.ഡിയും നിരന്തരം ഫോണ്‍ കട്ട് ചെയ്തു. പി.എഫിലെ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷനും അവര്‍ അടച്ചിരുന്നില്ല. പി.എഫ് പിന്‍വലിക്കാമെന്നു കരുതി കലൂരിലെ ഓഫീസില്‍ ചെന്നപ്പോഴാണ് അതറിഞ്ഞത്. അല്ലെങ്കിലും വാര്‍ത്താചാനലുകളിലെ നീതിബോധം െ്രെപംടൈം ബാന്റിലെ വാക്കുകളുടെ വ്യഭിചാരമാണെന്ന് അമലിന് അറിയാം. അതുകൊണ്ട് നേരിട്ട നീതികേടിലൊന്നും സ്‌തോഭമുണ്ടായില്ല. വാര്‍ത്താചാനലുകളില്‍ എത്ര നിര്‍ദ്ദയമായ നെറികേട് നടന്നാലും, അധികാരത്തിന്റെ ദുഷ്ടസഖ്യങ്ങള്‍ ഗ്രഹണംപോലെ വന്ന് അതു തമസ്‌കരിക്കും.
സുഹൃത്ത് ബാബുവിന്റെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോഴത്തെ ചാനലില്‍ ജോലി കിട്ടിയത്. കൊച്ചിയിലെ സെന്‍ട്രല്‍ ഡസ്‌കില്‍ ഒഴിവില്ലാത്തതുകൊണ്ട്, ചാനലിന്റെ വെബ്‌സൈറ്റിലായിരുന്നു നിയമനം. മറ്റു ചാനലുകളില്‍നിന്നു വ്യത്യസ്തമായി സ്ഥിരനിയമനം പോലുമില്ല. ഒരു വര്‍ഷത്തെ കാലാവധിയുള്ള കരാറാണ്. വര്‍ഷംതോറുമത് പുതുക്കും. അതുകൊണ്ട് സ്ഥിരം ജീവനക്കാരന്റെ ഒരാനുകൂല്യവും കിട്ടില്ല. ആകെയുള്ളത് ഓണത്തിനും വിഷുവിനുമുള്ള അയ്യായിരം രൂപയുടെ ബോണസാണ്. വരുമാനം അത്യാവശ്യമായതുകൊണ്ട് അത്തരം ആകുലതകളൊന്നുമില്ലാതെ അമല്‍ അവിടെ ജോലിയില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാന കാലത്ത് പഠിച്ച മിച്ചമൂല്യ സിദ്ധാന്തത്തിന്റെ വര്‍ഗ്ഗരോഷത്തേക്കാള്‍ വലുത്, ഭാരം കൂടിവരുന്ന ആദിക്കുട്ടനെ പൊക്കിയെടുക്കാന്‍ പാകത്തില്‍ ബലമുള്ള ഏണുണ്ടാകുക എന്നതാണ്. അല്ലെങ്കിലും ഒരു ചാനലുമായി മറ്റൊരു ചാനലിനെ തുലനം ചെയ്യുക എന്നത് രാത്രികളുടെ ഇരുട്ട് അളക്കുന്നതു പോലെയാണ്.
അമല്‍ വീണ്ടും ജോലിക്കു പോയി തുടങ്ങിയപ്പോള്‍ തോട്ടയ്ക്കാട്ടുകര തന്നെയുള്ള വത്സല എന്ന സ്ത്രീയാണ് പകല്‍ വീട്ടില്‍ വന്നുനിന്നു കുഞ്ഞിനെ നോക്കിയത്. ആലുവയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ പാലിയേറ്റീവ് സംഘടനയിലുള്ള വത്സലയെ ബാബു ഇടപെട്ടാണ് ഏര്‍പ്പാടാക്കിയത്. ഓട്ടിസത്തിന്റെ ശാഠ്യങ്ങളുള്ള കുട്ടിയായതുകൊണ്ട് വത്സല കൂടുതല്‍ ശമ്പളം ചോദിച്ചിരുന്നു. കണ്ണിമ തെറ്റാതെ ആദിക്കുട്ടനെ പകല്‍ മുഴുവനും പോറ്റുക എന്നതും ശ്രമകരമായിരുന്നു. പക്ഷേ, ആദ്യമാസത്തെ ശമ്പളം കൊടുത്തപ്പോള്‍ കൂടുതലായി പേശിയുറപ്പിച്ച തുക അമലിന് വത്സല തിരികെ കൊടുത്തു. പാര്‍ട്ടിക്കാരുടേതായ ആജ്ഞാശേഷിയും ആലുവക്കാരുടേതായ അനുതാപവും ഒപ്പം കൊണ്ടുനടക്കുന്ന സ്ത്രീ. അന്‍പത് വയസ്സ് പിന്നിട്ട വത്സലയുടെ വൃദ്ധമുല കൂടി ചുരത്തിയിരുന്നെങ്കില്‍ എന്ന് അമലിനു തോന്നി.
ആദിക്കുട്ടന് ഒരു വയസ് പിന്നിട്ടപ്പോള്‍ അവനു സംസാരിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ട്രസ്റ്റിലെ പീഡിയാട്രീഷനും ന്യൂറോളജിസ്റ്റും പറഞ്ഞു. അത് നാവടക്കം ഏതെങ്കിലും അവയവത്തിന്റെ പിഴവല്ല. തലച്ചോറില്‍നിന്നുള്ള സന്ദേശവാഹികളായ നാഡീശൃംഖല കണ്ണി പൊട്ടി പിളര്‍ന്നുപോയിരിക്കുന്നു. ഇതിനു പലതാകാം കാരണം. ഘനലോഹങ്ങളുടെ വിഷദംശനമാകാം. മാതാപിതാക്കളുടെ ക്രോമസോമുകളിലെ ജനിതക കലഹമാകാം. എന്തുകൊണ്ടോ തന്റെ ജനിതക ഗോവേണിയിലെ ചവിട്ടടികള്‍ പൊട്ടിയടര്‍ന്നിരിക്കാമെന്ന് അമല്‍ സ്വയം വിശ്വസിച്ചു. തന്റെ ബീജത്തിലെ ജീവകോശങ്ങളിലുള്ള ജനിതക ഗോവണിയിലൂടെ ഇനിയൊരു തലമുറയും കാലുറപ്പോടെ നടന്നുകയറില്ലെന്നും. അല്ലെങ്കിലും ജീവിതത്തിലെ ഓരോ പ്രശ്‌നവും തന്റെ കുറ്റം കൊണ്ടാണെന്ന് ഏറ്റെടുക്കുന്ന, വാടക കൊലയാളിയുടെ മനസ്സാണ് അമലിന്.
സംസാരിക്കില്ലെങ്കിലും വിശക്കുമ്പോഴും അപ്പിയിട്ട് കഴിയുമ്പോഴും ആദി പ്രത്യേക ശബ്ദങ്ങളുണ്ടാകും. വിശന്നാല്‍ ഉടന്‍ ഭക്ഷണം കിട്ടണം. ഇല്ലെങ്കില്‍ വാശിയെടുത്ത് കയ്യില്‍ കിട്ടുന്നതെല്ലാം തല്ലിത്തകര്‍ക്കും. പിന്നെ അമലിന്റെ ശരീരത്തില്‍ കടിച്ചുപറിച്ചാണ് കലിയടക്കുക. അമലിന്റെ കൈകളിലും ചുമലിലുമൊക്കെ അങ്ങനെ കടിച്ചു പല്ലിറക്കിയതിന്റെ കരിനീലിച്ച പാടുണ്ട്. മാംസത്തിലേക്ക് പല്ല് കുഴിഞ്ഞിറങ്ങിയാലും അമല്‍ അനങ്ങാതെ നിന്നുകൊടുക്കും. അല്ലെങ്കില്‍ ദേഷ്യം തീര്‍ക്കാന്‍ അവന്‍ സ്വന്തം കയ്യോ കാലോ കടിച്ചുമുറിച്ച്, ആ ദിവസം മുഴുവന്‍ നിര്‍ത്താതെ കരയും.
അമല്‍ നാലരവര്‍ഷം ശ്രമിച്ചിട്ടും ചെറിയ കാര്യങ്ങളില്‍പോലും ആദിയുടെ സ്വഭാവം മാറ്റാനായില്ല. അപ്പിയിട്ട് കഴിയുമ്പോഴാണ് തൊണ്ടയുടെ അടിയില്‍നിന്നു
കീ എന്നൊരു ശബ്ദമുണ്ടാക്കുക. അപ്പിയിടും മുന്‍പ് ശബ്ദമുണ്ടാക്കണമെന്നു പറഞ്ഞും ബാത്ത്‌റൂം കാണിച്ചു കൊടുത്തും പലവട്ടം ആ ശീലം മാറ്റാന്‍ അമല്‍ ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. എവിടെയാണോ നില്‍ക്കുന്നത് അവിടെത്തന്നെ വലതുകാല്‍ അല്പം പൊക്കിക്കയറ്റി അപ്പിയിടും. പിന്നെ കുഞ്ഞിനെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി കഴുകിപ്പിച്ച് മുറി മുഴുവന്‍ തുടയ്ക്കണം. അതുപോലെയാണ് ചെരുപ്പ് മണപ്പിക്കുന്ന ശീലവും. ആരുടെ ചെരുപ്പ് കണ്ടാലും എടുത്തു മണപ്പിക്കും. പക്ഷേ, ഇതിനൊന്നും അമല്‍ ദേഷ്യപ്പെടാറില്ല. കുഞ്ഞിനോടായാലും ശകാരിക്കുന്നതും ദേഷ്യപ്പെടുന്നതും താങ്ങാന്‍ വയ്യ.
ചെറിയ കാര്യങ്ങളില്‍പോലും ആദിക്കുട്ടന് അവന്റേതായ ചിട്ടകളുണ്ട്. എന്നും ഒരേ കുഴിയന്‍ പിഞ്ഞാണത്തില്‍തന്നെ ചോറ് കൊടുക്കണം. വെള്ളം കുടിക്കാനൊരു കുഞ്ഞു ഗ്ലാസ്സുണ്ട്. ഇതിലല്ലാതെ ചോറോ വെള്ളമോ കൊടുത്താല്‍ കൈവീശി തട്ടിത്തെറിപ്പിക്കും. ചോറ് മുറിക്കകത്ത് മുഴുവന്‍ ആക്കിയശേഷം അതിനു മുകളിലൂടെ കിടന്നുരുളും.
ആദിക്ക് സന്തോഷം കൂടിയാലും പോറ്റാന്‍ പാടാണ്. സോഫയുടെ ചാരിനു മുകളിലൂടെ വേഗത്തില്‍ ഓടും. ജനാലക്കമ്പിയിലൂടെ മുകളില്‍ വരെ വലിഞ്ഞുകയറും. എന്നിട്ട് കാലുറപ്പിച്ച കമ്പിയില്‍തന്നെ കൈകളും പിടിച്ച് വവ്വാലിനെപ്പോലെ തൂങ്ങും.
അമലിന്റെ അതേ ക്ഷമയോടെ വത്സലയും അവനു പിന്നാലെ നില്‍ക്കും. വത്സലയ്ക്കു കുട്ടികളെ വളര്‍ത്തിയുള്ള ശീലമാകും എന്നാണ് അയാള്‍ കരുതിയത്. പിന്നീടാണ് ബാബു പറഞ്ഞത്, അവര്‍ കല്യാണം കഴിച്ചിട്ടുതന്നെയില്ലെന്ന്. ഗര്‍ഭപാത്രത്തിലേക്കുള്ള ഫലോപ്പിയന്‍ ട്യൂബ് ചെറുപ്പത്തില്‍ ശസ്ത്രക്രിയ ചെയ്തുകളയേണ്ടിവന്നതുകൊണ്ട് വിവാഹം വേണ്ടെന്ന് അവര്‍ തീരുമാനിച്ചു.
ആദിക്കുട്ടനു മൂന്ന് വയസ്സുള്ളപ്പോള്‍ സ്‌കൂളില്‍ ചേര്‍ത്തു. അടുത്തെങ്ങും സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഇല്ലാത്തതുകൊണ്ട് അത്താണിയിലുള്ള സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളിലാണ് ചേര്‍ത്തത്. മാസം പതിനായിരം രൂപയാണ് ഫീസ്. എങ്കിലും രാവിലെ എട്ടുമണിക്ക് സ്‌കൂള്‍ബസ് വന്നു വിളിച്ചുകൊണ്ട് പോകും. ഡേ കെയര്‍ സൗകര്യം കൂടി ഉള്ളതുകൊണ്ട് വൈകിട്ട് ആറ് മണിക്കു മുന്‍പ് തിരികെ വിളിച്ചുകൊണ്ട് വന്നാല്‍ മതി. പ്രത്യേക ട്രെയിനിങ്ങ് കിട്ടിയ സ്റ്റാഫാണ് അവിടെ കുട്ടികളെ നോക്കുന്നത്. ക്ലാസ്മുറിയുടെ സി.സി.ടി.വി ഔട്ട് മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണില്‍ കിട്ടും. ആദ്യ ദിവസത്തെ മടി ഒഴിച്ചാല്‍ അമലിനെ വിട്ടുനില്‍ക്കാന്‍ ആദി വിമുഖത കാണിച്ചില്ല.
അല്ലെങ്കിലും അമലിനോടുപോലും ആദി സ്‌നേഹബദ്ധനായിരുന്നില്ല. വെള്ളത്തില്‍ വീണ ഒരു തുള്ളി മെഴുകുപോലെ അവന്‍ ഒന്നിനോടും പറ്റിച്ചേര്‍ന്നില്ല. സാധാരണ കുട്ടികളില്‍നിന്നു വിഭിന്നമായി സ്‌നേഹിക്കല്‍ അവന് അസഹ്യമായിരുന്നു. താലോലിക്കല്‍ ചൊടിപ്പിച്ചു. ആശ്ലേഷണങ്ങള്‍ വീര്‍പ്പുമുട്ടിച്ചു. കവിളിലൊരു ഉമ്മവെക്കാന്‍പോലും നിന്നുതരില്ല. ചേര്‍ത്തു പിടിച്ച് ഉമ്മ കൊടുത്താല്‍ മുഖത്തടിക്കും. അങ്ങനെ ഒരു ദിവസം അവന്റെ വിരലിലെ നഖം കൊണ്ട് അമലിന്റെ കണ്ണിനകം മുറിഞ്ഞു. അതില്‍ പിന്നെ രാത്രി ഉറങ്ങിക്കഴിഞ്ഞു മാത്രമേ അമല്‍ ആദിക്കുട്ടനെ സ്‌നേഹിക്കാറുള്ളൂ. അവനു സ്‌നേഹമൊരു അലോസരമാകാതിരിക്കാന്‍.
ആദി സ്‌കൂളില്‍ പോയി തുടങ്ങിയതോടെ അമലിന്റെ സാമ്പത്തികനില താളംതെറ്റി. സ്‌കൂളില്‍ അവധിയുള്ള ദിവസങ്ങളില്‍ മാത്രം വത്സലയെ വിളിച്ചാല്‍ മതി. എങ്കിലും സ്‌കൂളിലെ ഫീസും വത്സലയുടെ ശമ്പളവും ദൈനംദിന ചെലവുമെല്ലാം കൂട്ടിമുട്ടിക്കാന്‍ പറ്റാതായി. ഒരു മാസവും ശമ്പളം തികയാത്ത അവസ്ഥ. ന്യൂസ് ചാനലുകളില്‍ മെയിന്‍ ഡസ്‌കിലുള്ളവരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് വെബ്‌സൈറ്റിലുള്ളവര്‍ക്കു നല്‍കുക. ചാനല്‍ ഡസ്‌കിന്റെ കണ്ടന്റ് കോപ്പി ചെയ്ത് കൊടുക്കുന്നവരെന്ന അവജ്ഞയാണ് വെബ്‌സൈറ്റില്‍ ഉള്ളവരോട്. അതുകൊണ്ട് ശമ്പള ആനുകൂല്യങ്ങളിലും അവര്‍ രണ്ടാംതരക്കാരാണ്. കയ്യില്‍ പണമില്ലാതെ നട്ടംതിരിഞ്ഞ ഘട്ടത്തിലെല്ലാം തിരിച്ചുചോദിക്കാതെ വായ്പ നല്‍കി ബാബുവും ഭാര്യ സുജയും സഹായിച്ചു.
വത്സല ചേച്ചി വരുന്ന ചില അവധി ദിവസങ്ങളില്‍ ബാബുവിന്റെ വീട്ടില്‍ പോയി അമല്‍ കുറച്ച് നേരം ഇരിക്കും. ആ മണിക്കൂറുകളില്‍ മാത്രമാണ് അയാളുടേതായ സ്വകാര്യതയ്ക്ക് ഉള്ളിലേക്കു ചുരുളുക. അത്തരം ദിവസങ്ങളില്‍ സുജയ്ക്കായി മേടിച്ച് ഫ്രിഡ്ജില്‍ വെച്ചിരിക്കുന്ന ബിയറുകളില്‍ ഒരെണ്ണം എടുത്തു കുടിക്കും. അപ്പോഴും ആദിക്കുട്ടനും ആമിയും ജോലിയുമൊക്കെയാണ് സംഭാഷണത്തില്‍ കടന്നുവരിക.
അവസാനം കണ്ടപ്പോള്‍ സുജ ചോദിച്ചു: 'ആദിയേയും കൂടി മനസ്സിലാക്കുന്ന മറ്റൊരു റിലേഷനെക്കുറിച്ച് ചിന്തിച്ചുകൂടേ? ആമിയുടെ കേസില്‍ ലീഗല്‍ കോംപ്ലിക്കേഷന്‍ ഒന്നുമില്ലല്ലോ... നിങ്ങളുടേത് രജിസ്റ്റര്‍ ചെയ്യാത്ത കോലീവിങ്ങല്ലേ... മാത്രമല്ല, കുഞ്ഞ് നിന്റെ കൂടേയും. പിന്നെന്താ...?'
'അയ്യോ ഇനിയും വയ്യ സുജേ' അമല്‍ തടഞ്ഞു. 'വാടകക്കാരി ആത്മഹത്യ ചെയ്ത ലോഡ്ജ് മുറി പോലെ ഞാന്‍ എന്നെത്തന്നെ അടച്ചിട്ട്...' ഫീച്ചര്‍ ഭാഷയില്‍ ആ വിഷയം അവസാനിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു.
ബാബു ഏറ്റുപിടിച്ചു: 'ജീവിതത്തില്‍ ഒരു കാര്യവും അതേപടി ആവര്‍ത്തിക്കില്ല. നമ്മള്‍ ആഗ്രഹിക്കുന്നതായാലും ഭയപ്പെടുന്നതായാലും. പുതിയൊരാള്‍ പുതിയൊരു അനുഭവമായിരിക്കും.'
'ഞാന്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ റിസ്‌ക് എടുക്കാമായിരുന്നു. ആദിക്കുട്ടനേയും ഏണത്ത് എടുത്തുവെച്ച് ഒരു സാഹസിക യാത്രയ്ക്കില്ല. ഈ ജീവിതകാലം അവനെ ഏതെങ്കിലും തീരത്ത് എത്തിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. പക്ഷേ, അവനെ നടുക്കടലില്‍ ഒറ്റയ്ക്കാക്കാന്‍ പറ്റില്ല.'
പാതി തമാശ രൂപേണ ബാബു ചോദിച്ചു: 'എന്നാലും നിനക്ക് ഒരു കൂട്ട് വേണ്ടേ... എല്ലാ കാര്യങ്ങളും നടക്കേണ്ടേ...?'
'സെക്‌സാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കൂട്ടിന്റെ ആവശ്യമൊന്നുമില്ല.' ഗ്ലാസ്സില്‍ ഒഴിച്ചുവെച്ച ബിയര്‍ കുടിച്ചു തീര്‍ത്തിട്ട് അയാള്‍ തുടര്‍ന്നു: 'മാസത്തില്‍ ഒരിക്കലെങ്കിലും ആഗ്രഹരൂപികള്‍ സ്വപ്നത്തിലേക്ക് ഇറങ്ങിവരും. ആവോളം സ്‌നേഹിക്കും.
പിറ്റേന്നു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുണ്ട് മുഴുവന്‍ മൂത്രമൊഴിച്ചപോലെ നനഞ്ഞിരിക്കും...'
അമല്‍ പൊട്ടിച്ചിരിച്ചു. അമല്‍ മാത്രം. തോറ്റുപോയ കോമാളിയെപ്പോലെ അയാള്‍ക്കു ജാള്യം തോന്നി.
വിഷയം മാറ്റാനായി അമല്‍ പറഞ്ഞു: 'തുറന്നുവെച്ചിട്ട് ഇത്ര നേരമായിട്ടും ഈ ബിയര്‍ കുപ്പിക്കകത്തുനിന്ന് ബബിള്‍സ് വന്നു തീരുന്നില്ലല്ലോ. ഈ കുപ്പിക്കകത്ത് ആരോ മുങ്ങി മരിക്കുന്നുണ്ടെന്നാ തോന്നുന്നെ. എന്നാലൊട്ട് മരിച്ച് തീരുന്നുമില്ല...'
അപ്പോഴും ബാബുവും സുജയും വ്യസനമൗനത്തിന്റെ ചതുപ്പില്‍ പൂണ്ടിരുന്നതേയുള്ളൂ.
കൊവിഡ് കാലം വന്നതോടെയാണ് അമലിന്റെ ജീവിതം തകിടംമറിഞ്ഞത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ആദിക്കുട്ടന്റെ സ്‌പെഷ്യല്‍ സ്‌കൂള്‍ അടച്ചു. വത്സലയെ വീണ്ടും എല്ലാ ദിവസവും വീട്ടിലേക്കു വിളിച്ചു വരുത്തേണ്ടിവന്നു.
വണ്ടിയൊന്നുമില്ലെങ്കിലും നടന്നുവരാമെന്ന് വത്സല ഉദാരപൂര്‍വ്വം സമ്മതിച്ചു. കാരണം അമലിന് എല്ലാം ദിവസവും ജോലിക്കു പോയേ പറ്റൂ. മാധ്യമ പ്രവര്‍ത്തകരേയും സര്‍ക്കാര്‍ കൊവിഡ് പോരാളികളായി പ്രഖ്യാപിച്ചിരുന്നു. ചാനല്‍ ഐ.ഡി കാര്‍ഡിട്ട് സ്‌കൂട്ടറിലാണ് ഓഫീസില്‍ പോയി വരിക. ദിവസവും വരുന്നതുകൊണ്ട് മുന്‍പത്തെപ്പോലെ മുഴുവന്‍ ശമ്പളവും വത്സലയ്ക്കു കൊടുക്കണം. അടച്ചിട്ടിരിക്കുകയാണെങ്കിലും സ്‌കൂള്‍ ഫീസും മുടക്കാനാകില്ല. ചെലവിന്റെ പകുതിക്കുപോലും ശമ്പളം തികയാതെ ജീവിതം ഞെരുങ്ങി. ബാബുവിനോട് വീണ്ടും വീണ്ടും കടം ചോദിക്കുന്നതിലെ ആത്മപുച്ഛം പുഴു ഉറുത്തുംപോലെ നെഞ്ചിനകമാകെ നീറിത്തടിച്ചു.
അങ്ങനെ രണ്ട് മാസമേ മുന്നോട്ട് പോയുള്ളൂ. ഒരു ദിവസം രാവിലെ ഏങ്ങിക്കരഞ്ഞുകൊണ്ട് വത്സല വിളിച്ചുപറഞ്ഞു, കൊവിഡ് പോസിറ്റീവായെന്ന്. പെട്ടെന്നു പോയി ടെസ്റ്റ് ചെയ്യണമെന്നു പലവട്ടം നിര്‍ബ്ബന്ധിച്ചിട്ടാണ് അവര്‍ ഫോണ്‍ വെച്ചത്. ഓഫീസിലേക്കു പോകാന്‍ വസ്ത്രം മാറി നിന്ന അമല്‍ ഷര്‍ട്ട് ചുക്കിച്ചുളിച്ച് നെഞ്ചത്ത് അമര്‍ത്തിപ്പിടിച്ച് ദൈവമേ എന്നു വിളിച്ചു. ഈ ലോകത്തിനൊരു ദൈവം ഉണ്ടെങ്കില്‍ ചെവികൊടുക്കാതിരിക്കാന്‍ ആകാത്തവണ്ണം ഹൃദയ നൊമ്പരത്തോടെ. വയ്യാത്ത കുഞ്ഞിന് കൊവിഡും കൂടി വന്നാല്‍ എന്തുചെയ്യുമെന്ന ആധിയാണ് അയാളില്‍ പുകഞ്ഞത്. ഹൃദയം നുറുങ്ങിയവന്റെ വിളി ദൈവം പാതി കേട്ടിട്ടാകും, ആദിക്കുട്ടനു നെഗറ്റീവായിരുന്നു. പകരം അമലിന് പോസിറ്റീവും.
ആദിയെ ബാബുവിന്റെ വീട്ടിലാക്കിയിട്ടാണ് അമല്‍ സി.എഫ്.എല്‍.ടി.സിയിലേക്കു പോയത്. ചെന്നു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രാത്രി ചെറുതായി പനിച്ചു. പിറ്റേന്നു മാറുകയും ചെയ്തു. പക്ഷേ, തൊട്ടുപിന്നാലെ ശ്വാസംമുട്ടല്‍ തുടങ്ങി. വാ പിളര്‍ത്തി എത്ര ആഞ്ഞുവലിച്ചിട്ടും നെഞ്ചിലേക്കു ശ്വാസം കിട്ടാത്ത വിമ്മിട്ടം. വെള്ളം നിറഞ്ഞ ശ്വാസകോശം ഓക്‌സിജന്‍ എടുക്കാനാകാതെ വീര്‍പ്പുമുട്ടി. തൊണ്ടയ്ക്കകം മാന്തിപ്പറിക്കാന്‍ തോന്നുംവിധം രാത്രി മുഴുവന്‍ ചുമയ്ക്കും. ചിലപ്പോള്‍ ചുമച്ചു ഛര്‍ദ്ദിക്കും. രാത്രി ഉറങ്ങാനാകുന്നില്ല. ഓക്‌സിജന്‍ കിട്ടാതെ തലയ്ക്കകം പച്ചമുറിവുപോലെ വേദനിച്ചു. ശരീരപേശികള്‍ കഴച്ചു. ജീവശ്വാസത്തിനായുള്ള ഈ പിടച്ചില്‍ തീരാന്‍ രണ്ടാഴ്ച എടുത്തു. പക്ഷേ, കൊവിഡ് നെഗറ്റീവായിട്ടും നെഞ്ചിലെ അണപ്പ് മാറിയില്ല. പത്തു ചുവട് വെച്ചാല്‍ കിതച്ച് നിന്നുപോകും. നെഗറ്റീവായ ശേഷമുള്ള റിവേഴ്‌സ് ക്വാറന്റീനും കഴിഞ്ഞ് ഇരുപത്തിയൊന്നാം ദിവസമാണ് അമലിനു വീട്ടിലേക്കു തിരിച്ചുവരാനായത്.
മൂന്നാഴ്ച നോക്കേണ്ടിവന്നതിന്റെ എല്ലാ മുഷിപ്പോടെയുമാണ് ആദിക്കുട്ടനെ ബാബു തിരികെ ഏല്പിച്ചത്. രാത്രി ബഹളംവെച്ച് ആരെയും ഉറക്കാത്തതിനും പാത്രങ്ങള്‍ എറിഞ്ഞുടച്ചതിനും സുജയുടെ കൈ കടിച്ചുമുറിച്ചതിനും ബാബു പരിഭവം പറഞ്ഞു. അമല്‍ എല്ലാം നിശ്ശബ്ദം കേട്ടുനിന്നു. പരിചയം ഇല്ലാത്തവര്‍ക്ക് അവനെ നോക്കേണ്ടിവരുമ്പോഴുള്ള വൈഷമ്യം അമലിനു മനസ്സിലാകും. അതിന്റെ ഈര്‍ഷ തലകുമ്പിട്ട് ഏറ്റുവാങ്ങുകയേ നിവൃത്തിയുള്ളൂ. പക്ഷേ, അന്നു പതിവില്ലാത്തവിധം അമലിന്റെ തോളത്ത് ഒട്ടിച്ചേര്‍ന്ന് ആദി അനങ്ങാതെ കിടന്നു.
മറ്റൊന്ന് കൂടി ബാബു പറഞ്ഞു. കൊവിഡ് മൂര്‍ച്ഛിച്ച് വത്സല മരിച്ചു. കുറച്ചു ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ കിടന്നു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശമാകെ തകര്‍ന്നിരുന്നു. പിന്നെ ഹൃദയമിടിപ്പും നിന്നു. അമല്‍ ആശുപത്രിയില്‍ ആയതുകൊണ്ടാണ് അപ്പോള്‍ അറിയിക്കാതിരുന്നതെന്നും ബാബു പറഞ്ഞു. അപ്പനേയും അമ്മയേയും നഷ്ടപ്പെട്ടപ്പോഴും ആമിയെ വിട്ട് അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇറങ്ങിയപ്പോഴും തോന്നാത്തവിധം ആരുമില്ലായ്മ അമലിന്റെ കണ്ണില്‍ നിറഞ്ഞു. തോളില്‍ കിടക്കുന്ന ആദിയെ അയാള്‍ ഇറുക്കിപ്പിടിച്ചു.
അടുത്തമാസം അമലിനെ ചാനലില്‍നിന്നു പിരിച്ചുവിട്ടു. വത്സല മരിച്ചതോടെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി അയാള്‍ക്ക് ഓഫീസില്‍ പോകാന്‍ പറ്റുമായിരുന്നില്ല. മനുഷ്യരെ ശ്വാസംമുട്ടിച്ചു കൊന്നു തള്ളുന്ന കൊവിഡിനെ പേടിച്ച് മറ്റാരും വീട്ടില്‍വന്നു ജോലിക്കു നില്‍ക്കാനും കൂട്ടാക്കിയില്ല. സഹായത്തിനു വിളിച്ചപ്പോള്‍ ബാബുവിന്റെ ശബ്ദത്തില്‍ അകല്‍ച്ചയും അലോസരവും. അങ്ങനെയാണ് അമലിന് അവധി നീട്ടാനുള്ള അപേക്ഷ മെയില്‍ ചെയ്യേണ്ടിവന്നത്. പക്ഷേ, ചാനല്‍ എം.ഡി നിരസിച്ചു. വെബ്‌സൈറ്റിലെ ജോലി ആയതുകൊണ്ട് വര്‍ക്ക് ഫ്രം ഹോമെങ്കിലും തരാന്‍ അപേക്ഷിച്ച് വീണ്ടും മെയിലയച്ചു. അതും അനുവദിച്ചില്ല. പകരം പേ റോളില്‍നിന്ന് അമലിനെ വെട്ടി. കരാര്‍ ജീവനക്കാരന്‍ ആയതുകൊണ്ട് ചോദ്യം ചെയ്യാനുള്ള അവകാശാധികാരങ്ങളൊന്നും ഉണ്ടായില്ല. കൊവിഡ് കാരണം പരസ്യവരുമാനം കുറഞ്ഞതിനാല്‍ ഡൗണ്‍സൈസിങ്ങിന് മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കരാര്‍ ജീവനക്കാരെ ഒഴിവാക്കാനായിരുന്നു മാനേജ്‌മെന്റിലെ ധാരണ. അതിന്റെ ഇരയായിരുന്നു അമല്‍. അതറിഞ്ഞിട്ടും അമല്‍ ആരോടും പരാതി ബോധിപ്പിക്കാന്‍ പോയില്ല. രാഷ്ട്രാന്തര നൈതികതയടക്കം പ്രഘോഷിക്കുമെങ്കിലും താനുള്‍പ്പെടുന്ന തൊഴിലിടത്തിലെ നീതിനിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമില്ല. പറ്റം തെറ്റിയാല്‍ അപ്രസക്തനും അനാഥനുമാകുന്ന, ചരിത്രമില്ലാത്ത നിസ്സഹായ ജീവിയാണ് ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍.
ഏകവരുമാനം കൂടി നിലച്ചതോടെ അമലിന് അടിതെറ്റി. കുഞ്ഞിനുപാലും റസ്‌ക്കു വാങ്ങാനുള്ള പണംപോലുമില്ലാതെ അയാള്‍ ചുഴിചുറ്റി. അല്ലെങ്കില്‍തന്നെ കടബാധ്യതകളുടെ കരയില്ലാക്കടലിനു നടുവിലായിരുന്നു അമല്‍. ഏതാനും ദിവസം മുന്‍പ് വരെ സഹപ്രവര്‍ത്തകര്‍ ആയിരുന്നവര്‍പോലും കടംകൊടുക്കാന്‍ മടിച്ച് മുഖം തിരിച്ചു നടന്നു. പഴകി പൂതലിച്ചൊരു വീട് മാത്രം ശേഷിക്കുന്ന നാട്ടില്‍നിന്നും പണമെത്തിക്കാന്‍ വഴികളില്ല. തന്ന വായ്പ തിരികെ ചോദിക്കാതിരിക്കാനുള്ള ദയാവായ്പ ബാബു കാണിച്ചു. അതൊരു നടയടയ്ക്കല്‍ കൂടിയായിരുന്നു.
പറവൂര്‍ കവലയില്‍ പലചരക്കു കട നടത്തുന്ന രമേശേട്ടന്‍, മോനിനി പറ്റ് പറയല്ലേന്ന് മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞ ദിവസം അമലിനു മുന്നില്‍ ജീവിതം സ്തംഭിച്ചുനിന്നു. കാരണം ഉടനടി കാശ് മറിക്കാന്‍ മുന്നിലൊരു മാര്‍ഗ്ഗവുമില്ല. കൊവിഡായതിനാല്‍ എല്ലാ ചാനലുകളും പുതിയ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കടക്കാരാണെങ്കില്‍ ഏതു നിമിഷവും വട്ടംചുറ്റി പാഞ്ഞടുക്കും. ഒക്കത്ത് ഒന്നും വിവേചിച്ചറിയാനാകാത്ത ആദിക്കുട്ടനും. ആയിരം നാവുള്ള ജീവിതത്തീയ്ക്ക് നടുവില്‍ പച്ചമാംസം വെന്തുനീറിനില്‍ക്കുന്ന അമലിന് കുഞ്ഞിനെ ആമിയുടെ അടുത്ത് കൊണ്ടുചെന്നാക്കി പിന്തിരിഞ്ഞു നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് സലീമിന് ഉറപ്പുണ്ടായിരുന്നു.
സലീമിന്റെ ഫോണിലേക്ക് അപ്പോഴും ആമിയുടെ കോള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. പൂട്ടിയിട്ട വീട്ടില്‍ മുട്ടിക്കൊണ്ടിരിക്കുന്ന് വിദൂരയാത്രികയെപ്പോലെ. സലീം ഫോണ്‍ എടുത്തില്ല. പകരം സൈബര്‍ സെല്ലിലെ ചാള്‍സിനെ ഒരിക്കല്‍കൂടി വിളിച്ചു.
'കണ്‍ഫോമാണോ?' മുന്‍പ് പാതിയില്‍ നിര്‍ത്തിയിടത്ത് നിന്ന് സലീം തുടര്‍ന്നു:
'അതെ. കണ്‍ഫോമാണ്. അമലിന്റെ നാട്ടിലെ ഹോം ടവറില്‍ തന്നെയാണ് ലാസ്റ്റ് സിഗ്‌നല്‍ വന്നത്.' ചാള്‍സ് തറപ്പിച്ചു പറഞ്ഞു.
'ലാസ്റ്റ് എപ്പോഴാണ്?'
'മിനിഞ്ഞാന്ന് വൈകിട്ട് സിക്‌സ് തേര്‍ട്ടി.'
'പിന്നെ ഫോണ്‍ ഓണായിട്ടില്ല. അല്ലേ...?' സലീം മനസ്സില്‍ സമയം കണക്കാക്കി. മിനിഞ്ഞാന്നു രാവിലെ ആമിയുടെ വീട്ടില്‍ കുഞ്ഞിനെകൊണ്ട് ചെന്നാക്കി നേരെ നാട്ടിലേക്കാകും പോയിട്ടുണ്ടാവുക.
'അതായത് ഇപ്പോ രണ്ട് ദിവസമാകുന്നു.' ചാള്‍സിന്റെ ശബ്ദം നിസ്സഹായമായി.
'രണ്ട് ദിവസമെന്നു പറഞ്ഞാ, ബോഡി ഡീകേയായി തുടങ്ങിയിട്ടുണ്ടാകും. പ്രത്യേകിച്ചും പോയിസണ്‍ വെല്ലോം ആണെങ്കില്‍ പെട്ടെന്ന് ഡീകേയാകും... അവനു ജീവിതത്തില്‍ ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെടാ. അത്രയും തോറ്റുപോയി. ആരെക്കാളും അവനെ എനിക്കു മനസ്സിലാകും...' സലീമിന്റെ തൊണ്ട നൊന്തു. കരച്ചിലിന്റെ കല്ല് തൊണ്ടയില്‍ കുടുങ്ങിയപോലെ. 'നീ ലോക്കല്‍ സ്‌റ്റേഷനില്‍ ഒന്നൂടെ വിളിച്ച് പെട്ടെന്നു ചെല്ലാന്‍ പറയണം.'
'ഡോണ്‍ട് ബോതര്‍. വിതിന്‍ വണ്‍ അവര്‍ ദേ വില്‍ ബി ദെയര്‍.'
'എടാ അടുത്ത ബന്ധുക്കളാരുമില്ല. എല്ലാമൊന്നു നോക്കിക്കോളാന്‍ പറയണേ. ജീവിച്ച കാലത്തും ആരുമുണ്ടായില്ല. മരിച്ചുകഴിഞ്ഞെങ്കിലും ഒരു അണ്‍ഐഡന്റിറ്റിഫൈഡ്, അണ്‍ഓണ്‍ഡ് ബോഡിയായി കിടക്കാന്‍ പാടില്ല...'
'ഷുവര്‍. ഐ വില്‍ ലുക്ക് ആഫ്റ്റര്‍.' ചാള്‍സ് ഉറപ്പുകൊടുത്തു.
സലീം ഫോണ്‍ കട്ട് ചെയ്ത് കിടക്കയിലേക്കിട്ടു. റീഡിങ്ങ് ടേബിളില്‍ കുത്തിയ കൈകൊണ്ട് തല താങ്ങി കുമ്പിട്ടിരുന്നു. അമലിന്റെ കാല്‍വിരല്‍ തുമ്പിലെ തണുപ്പ് സലീമിന്റെ കണ്ണില്‍ നിറഞ്ഞു.
ഇത്രനേരം വിളിച്ചിട്ടും സലീം ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ആമിക്കു മനസ്സിലായി; എന്തോ തീര്‍പ്പുകള്‍ ഉണ്ടായിരിക്കുന്നു. അവള്‍ നീണ്ട നേരത്തെ കാത്തിരിപ്പിനു ശേഷം മുന്‍മുറിയിലേക്കു വന്നു. ഫോണ്‍ മേശപ്പുറത്ത് വെച്ചിട്ട് സോഫയുടെ അടുത്തു വന്ന് ആദിക്കുട്ടനെ നോക്കി.
അപ്പോഴും ആദി ഉറങ്ങുകയാണ്. നിശ്ശേഷം തളര്‍ന്നിരിക്കുന്നു. രണ്ട് ദിവസമായി ഇറ്റു വെള്ളം ചെല്ലാതെ ചുണ്ടുകള്‍ വരണ്ട്, തൊലി പൊറ്റപോലെ വിണ്ടു. മുഖം നീര് വറ്റി വിളറി. വീണ്ടും മൂത്രമൊഴിച്ചെന്നു തോന്നുന്നു. നിക്കര്‍ നനഞ്ഞിരിക്കുകയാണ്. രൂക്ഷമായ നാറ്റവുമുണ്ട്.
ആമി കുനിഞ്ഞുനിന്ന് ആദിക്കുട്ടന്റെ തോളില്‍ തട്ടി. അവന്‍ ബോധംകെട്ടപോലെ ഉറങ്ങുകയാണ്. രണ്ട് മൂന്ന് വട്ടം കുലുക്കിയപ്പോള്‍ കണ്ണുകള്‍ തുറന്നു. കണ്‍പീലികളില്‍ മഞ്ഞപ്പീളയുടെ വലകള്‍ മുറുകി. ആദിക്കുട്ടന്‍ ആമിയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഓര്‍മ്മയുടെ വേരറ്റത്ത് ഗര്‍ഭനനവ് പുരണ്ടു. അവനില്‍ തിരിച്ചറിയലിന്റെ ഒളിമിന്നിയത് ആമി കണ്ടു. അവള്‍ തോളില്‍ താങ്ങി ആദിയെ സോഫയില്‍നിന്ന് എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. പിന്നെ സാവധാനം നടത്തിച്ചു. അവന്‍ അനുസരണയോടെ മുന്നോട്ട് നടന്നു. വഴങ്ങാതിരിക്കാനുള്ള പാങ്ങ് അവന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല. ആദിയുടെ കാലുകളില്‍ മുട്ടിനോട് ചേര്‍ന്നു വളവുണ്ടെന്ന് നടക്കുന്നതിനിടെ ആമിക്കു മനസ്സിലായി. ചുവടുകള്‍ വേച്ചുപോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവന്‍ ആമിയുടെ കൈകളില്‍ താങ്ങി. ഉണക്കച്ചുള്ളിവിരലുകള്‍ അമ്മയുടെ കൈത്തണ്ടയില്‍ ആശ്രയം കൊണ്ടു.
ആമി മുന്‍വശത്തെ കതക് തുറന്നു പുറത്തേക്കിറങ്ങി, കോറിഡോറിന് ഇടതുവശത്തുള്ള ലിഫ്റ്റിനു മുന്നില്‍ ചെന്നുനിന്നു. ഓപ്പണ്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ തന്നെ ലിഫ്റ്റിന്റെ വാതിലുകള്‍ തുറന്നു. ലിഫ്റ്റ് ആ ഫ്‌ലോറില്‍ തന്നെയായിരുന്നു. ആദിയെ ഉള്ളിലേക്കു കയറ്റി ഹാന്‍ഡ് ബാറില്‍ പിടിപ്പിച്ചു നിര്‍ത്തി. എന്നിട്ട് ഗ്രൗണ്ട് ഫ്‌ലോറിന്റെ ബട്ടണ്‍ അമര്‍ത്തിയിട്ട് പെട്ടെന്നു പുറത്തേയ്ക്കിറങ്ങി. അലൂമിനിയം ഫാബ്രിക്കേഷന്‍ ചെയ്ത ലിഫ്റ്റിനകവശം ആദി വിസ്മയത്തോടെ നോക്കിനില്‍ക്കെ വാതിലുകള്‍ അടഞ്ഞു. ഉള്ളുലച്ചില്‍ ഇല്ലാതെ ആമി പിന്തിരിഞ്ഞു നടന്നു. പെട്ടെന്നു പിന്നില്‍നിന്ന് മാ... എന്നൊരു കുഞ്ഞുവിളി കേട്ടു. ആദിക്കുട്ടന്‍ നാലാം വര്‍ഷത്തിനിടെ ആദ്യമായി ഉച്ചരിച്ച വാക്ക്. അതുകേട്ട് ഒരു നിമിഷം അറച്ചെങ്കിലും തിടുക്കത്തോടെ ആമി നടന്നകന്നു. പിന്നെ വിളിച്ചോ എന്നറിയില്ല. വിളിച്ചാല്‍ തന്നെ ലോഹകൂടിനുള്ളില്‍ ആ ശബ്ദം ഞെരുങ്ങിയമര്‍ന്നിട്ടുണ്ടാകും. തൊട്ടുപിന്നാലെ ഏതോ ഫ്‌ലോറുകള്‍ക്കിടയില്‍ ലിഫ്റ്റ് ഇടിച്ചു നില്‍ക്കുന്ന ഉഗ്രശബ്ദം ആമി കേട്ടു. എന്നിട്ടും അവള്‍ തിരിഞ്ഞുനോക്കിയില്ല. വേഗം അപ്പാര്‍ട്ട്‌മെന്റിന് അകത്തേക്കു കയറി കതകുകള്‍ അടച്ചു. രക്ഷപ്പെടലിന്റെ ദീര്‍ഘനിശ്വാസം അവളില്‍നിന്നു പാഞ്ഞിറങ്ങിപ്പോയി. ആമിക്കു വീണ്ടുമൊരിക്കല്‍ കൂടി ഗര്‍ഭഭാരം പെറ്റൊഴിഞ്ഞതിന്റെ ആശ്വാസം തോന്നി.
ഈ കഥ കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates