അനൂപ് അന്നൂര്‍ എഴുതിയ കഥ ‘മയില്‍ വാഹനം ട്രാവല്‍സ്’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
അനൂപ് അന്നൂര്‍ എഴുതിയ കഥ ‘മയില്‍ വാഹനം ട്രാവല്‍സ്’
Updated on
7 min read

തോതുമാമ പറഞ്ഞത് നേരായിരുന്നു. കൃത്യം പതിനെട്ട് മണിക്കൂർ യാത്ര. ഒരു രാവും പകുതി പകലും പൂർത്തിയായപ്പോൾ മയിൽവാഹനം ടൂറിസ്റ്റു ബസ് ഭക്തജനസംഘവുമായി പന്തപ്ലാവിലെത്തി. വിശാലമായ മൈതാനത്ത് സോപ്പുപെട്ടികൾപോലെ വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്നു. എല്ലാത്തിനും നല്ല ചിട്ടയും ശീലവും. വോളന്റിയേഴ്സ് എല്ലാം പഠിപ്പുള്ള ചെറുപ്പക്കാർ പിള്ളേരാണ്. നട്ടുച്ചയിലും സകലതും ഓടിനടന്നു ചെയ്യുന്നു. ധർമ്മൻപിള്ള ബസിന്റെ റാക്കിൽനിന്നും ഭാണ്ഡമെടുത്ത് പുറത്തേക്കിറങ്ങി. ഭാണ്ഡം സ്വന്തമല്ല. തോതുമാമയുടേതാണ്. വല്ലവന്റേയും ഭാരം പേറാനാണ് പണ്ടുമുതലേ ധർമ്മൻപിള്ളയുടെ വിധി.

ഡേയ്, നാനും വരട്ടും... എന്നെയും കീഴേ ഇരുക്കുവായാ...

തോതുമാമയുടെ തടിച്ച ദേഹം ബസിന്റെ വാതിലിലൂടെ നൂണ്ടുവരാൻ പാടുപെട്ടു.

ധർമ്മൻപിള്ള തോതുമാമക്ക് ഊന്നുവടിയായി. നിലത്ത് ഇറങ്ങിയപ്പോൾ തോതുമാമ ആശ്വാസത്താൽ കൈകൾ ഉയർത്തി പന്തപ്ലാവിലമ്മയെ സ്തുതിച്ചു.

അമ്മാ... നീ മട്ടും താൻ തുണൈ...

തോതുമാമക്ക് വയസ്സായിരിക്കുന്നു. ഈ വരുന്ന ആടിമാസത്തിൽ എമ്പത്തിരണ്ട് നടപ്പ്. ഒരു തുണയ്ക്ക് കൂട്ടിയതാണ് വയ്യാപുരിയെ. വെറും പത്തുദിവസത്തെ പരിചയം. എല്ലാം പന്തപ്ലാവിലമ്മയുടെ തീർപ്പ്. അങ്ങനെ വിശ്വസിക്കാനാണ് തോതുമാമയ്ക്കിഷ്ടം.

പത്തുനാൾക്കു മുന്‍പുള്ള രാത്രിയിൽ ചായക്കടയുടെ തട്ടിയിട്ട് പൂട്ടിയിറങ്ങാൻ നേരത്തായിരുന്നു ധർമ്മൻപിള്ള കേറിച്ചെന്നത്.

കടവുളേ പസിക്കിതേ... സാപ്പിടുക്ക് എന്നവാവത് കിടൈക്കുമാ...

തോതുമാമ തട്ടി പൊക്കി. മെലിഞ്ഞ് മുഷിഞ്ഞ കോലത്തെ കടക്കുള്ളിലേക്ക് ആനയിച്ചു.

കണ്ണാടിക്കൂടിൽ കിടന്ന വീററ്റ രണ്ട് ദോശയും അതിന്റെ മേലെ ഇത്തിരി സാമ്പാറും വീഴ്ത്തി ഡസ്‌കിൽ വെച്ചു. വരത്തൻ അത് ആർത്തിയോടെ സാപ്പിട്ടു. കൂജയിലെ വെള്ളമെടുത്ത് മടാമടാന്ന് തൊണ്ടയിലേക്കൊഴിച്ചു. ഒരു തെളിച്ചം വീണു. കുപ്പായത്തിന്റെ കയ്യേൽ തെറുത്തുവച്ചിരുന്ന ചുരുണ്ട രണ്ടു രൂപയെടുത്ത് മിഠായി ഭരണിക്കു മീതേവെച്ച് വിനയാന്വിതനായി.

ഇതു താൻ... പണം ജാസ്തി!

രൂപ വാങ്ങി പെട്ടിയിലിട്ടുകൊണ്ട് തോതുമാമ ചോദിച്ചു.

ഉൻ പേരെന്ത്...

വയ്യാപുരി.

നാക്കിൽ അപ്പോൾ തികട്ടിയ ഒരു പേര് ചൊല്ലി.

ഊര്...

ഉലകമേ ഊര്...

തോതുമാമക്ക് ആ വേദാന്തം നന്നേ രസിച്ചു.

പണപ്പെട്ടിയിൽ കിടന്ന രണ്ടു രൂപ കുപ്പി ഭരണിക്കു മീതേ നിവർന്നിരുന്നു വണങ്ങി. പൊരുളിന് തോതുമാമ വക ഒരു പാരിതോഷികം.

തിരികെ കിട്ടിയ മുതൽ കുപ്പായക്കൈലേക്ക് തെറുത്ത് കയറ്റുന്നതിനിടയിൽ ധർമ്മൻപിള്ള കിടക്കാനൊരിടം തിരഞ്ഞു. മെഴുക്കുപുരണ്ട ബെഞ്ചും ഡസ്‌കും സപ്രമഞ്ചക്കട്ടിൽപോലെ അയാളെ കൊതിപ്പിച്ചു.

സ്വാമീ... ഇന്നേയ്ക്ക് രാത്രി മട്ടു പടിത്തിട്ട്, അതികാലെ പൊയ്ക്കരേൻ...

മടിച്ചുമടിച്ചാണ് ചൊല്ലിയത്. ജീവിതമേ ഇരക്കലാണ്. അന്യന്റെ ദയാദാക്ഷിണ്യത്തിലെ പൊറുപ്പ്. എങ്കിലും അർത്ഥിക്കുമ്പോൾ, ഇപ്പോഴും വാക്കുകളുടെ വക്കുകൾ പൊട്ടും. തൊണ്ടയിൽ ചോരപൊടിയും.

തോതുമാമ കഷ്ടത്തിലായി. പൊടുന്നനെ ഒരു തീർപ്പുകല്പിക്കാനാകുന്നില്ല. ഭസ്മക്കുറിവരകൾ വരഞ്ഞ നെറ്റിത്തടത്തിൽ വിയർപ്പുമണികൾ മുളച്ചു. പൂജാത്തട്ടിലിരിക്കുന്ന പന്തപ്ലാവിലമ്മയുടെ വെങ്കല പ്രതിമയിലേയ്ക്ക് ആ വിശാല ശരീരന്റെ കണ്ണുകൾ പറന്നു. സന്ദേഹിയുടെ മനംപിടഞ്ഞു.

അമ്മാ... നാൻ എന്ന പേസണം... നീയേ സൊൽ...

നരച്ചപീലികൾ കണ്ണുകളെ മൂടി.

മൗനത്തിന്റെ നടയിൽ അമ്മയും ഭക്തനും മാത്രം.

രണ്ടു നിമിഷങ്ങൾക്കുശേഷം തോതുമാമ ധ്യാനത്തിൽനിന്നും ഉണർന്നു.

ടേയ്, വയ്യാപുരി, അമ്മാവുക്ക് സമ്മതം. നാനും ഇങ്കെ തങ്കലാമേ... ഇന്നേക്കി ആത്ത്ക്ക് പോകവില്ലിയേ...

തോതുമാമ മൂലക്കിരുന്ന പുൽക്കിടക്ക തട്ടിവിടർത്തി നിലത്തിട്ടു. കസേരയിലിരുന്ന തടുക്കെടുത്ത് തലഭാഗത്തും വെച്ചു. ധർമ്മൻപിള്ള ഡസ്‌കിൻ പുറത്താണ് കിടന്നത്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

തോതുമാമയുടെ വീട് കടയിൽനിന്നും ഒരു മൈൽ അകലെയാണ്. ഭൂതനാഥ കോവിലിന്റെ പിറകുവശത്ത് വിശാലമായ പറമ്പിൽ പഴമയുടെ പ്രൗഢിയും ജീർണ്ണതയും ഒരേപോലെ അയവിറക്കുന്ന വൈകുണ്ഡാപുരി എന്ന ഭവനം. മകൾ പത്മാലക്ഷ്മി വേളികഴിഞ്ഞ് പാർത്ഥസാരഥിക്കൊപ്പം ചെന്നൈലേയ്ക്ക് പോയതിനുശേഷം തോതുമാമ അവിടെ ഒറ്റയ്ക്കാണ്. അങ്ങനെയാണ് ഒരു നേരമ്പോക്കിനായി റോഡരികിലെ

ആ പഴയകട വെള്ളപൂശി വൃത്തിയാക്കിയെടുത്ത് ചായക്കച്ചവടം തുടങ്ങിയത്. പത്തു മനുഷ്യരോടു മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ!

വളരെ താമസിച്ചാണ് തോതുമാമ വേളികഴിച്ചത്. കുട്ടിയുണ്ടാകാൻ പിന്നെയും വൈകി. പത്തു പതിനഞ്ചു വർഷം നേർച്ചകളും പലതരം ചികിത്സകളുമായി കാലം കഴിച്ചു. പോകാത്ത ആരാധാനാലയങ്ങളില്ല, കാണാത്ത വൈദ്യന്മാരില്ല. സ്വതവേ മിതഭാഷിയും ശാന്തസ്വരൂപിണിയുമായ ആര്യവല്ലി വരെ തന്റെ ഭർത്താവായ തോതുമാമയ്ക്കെതിരെ ഒളിയമ്പെറിഞ്ഞു. വയസ് റൊമ്പ ജാസ്തി... പിന്നെ എപ്പടി കൊഴന്തകളെ കെടൈക്കും. ആര്യവല്ലിയുടെ താരുണ്യത്തിന്റെ മുന്നിൽ നരയരിച്ചു തുടങ്ങിയ തോതുമാമയുടെ കഷണ്ടിത്തല ഉത്തരമില്ലാതെ പകച്ചു. വെട്ടി വിയർത്തു.

ആകെ മനസ്സു മടുത്തിരിക്കുമ്പോഴായിരുന്നു നിയോഗംപോലെ ഒരു യോഗി ഭൂതനാഥ കോവിലിന്റെ തിരുമുറ്റത്തുവെച്ചു പന്തപ്ലാവിലമ്മയെക്കുറിച്ച് പറഞ്ഞത്. തിരുവണ്ണാമലയിൽ ഇല്ലാത്ത ദൈവങ്ങളില്ല. ഇരിക്കുന്നവനും കിടക്കുന്നവനും വരെ സിദ്ധനാണ്. അവർക്കാർക്കും സാധിക്കാത്തത് പന്തപ്ലാവിലമ്മക്ക് കഴിയുമോ. എങ്കിലും അവിടം കൂടി ഒന്നു പരീക്ഷിക്കാമെന്നായി.

അമ്മ അന്ന്, ഇന്നത്തെപ്പോലെ അത്ര പ്രശസ്തയായിരുന്നില്ല. അനുഗ്രഹവർഷം തുടങ്ങിയ കാലം. പന്തപ്ലാവ് എന്ന ചെറുഗ്രാമത്തിൽ ഇലഞ്ഞിക്കരയാറിന്റെ തീരത്ത് ഒരു പർണ്ണശാല കെട്ടി മുഖലക്ഷണം പറച്ചിലും പരിഹാരക്രിയകളുമായി കഴിഞ്ഞുകൂടുകയായിരുന്നു. അമ്മ നല്ല ചെറുപ്പമായിരുന്നു. കാണാൻ സുന്ദരിയും. അമ്മയുടെ സവിധത്തിൽ പ്രാർത്ഥനകളുമായി എത്തിയവരാരും നിരാശരായി മടങ്ങേണ്ടിവന്നിട്ടില്ല. പർണ്ണശാലയ്ക്കരുകിൽ പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടക്കാരനും സാക്ഷ്യം പറഞ്ഞു.

ഇന്നത്തെപ്പോലെ അന്നും ആഴിക്കുടമായിരുന്നു പ്രധാന നേർച്ച. കാലാന്തരത്തിൽ ചില മാറ്റങ്ങൾ വന്നതൊഴിച്ചാൽ അതു മുറയോടെ നടന്നുപോകുന്നു. ആറിൽനിന്നും കുടത്തിൽ ജലമേറ്റി അമ്മയുടെ തിരുമുന്‍പിൽനിന്നു ശിരസ്സിലേക്കൊഴിക്കണം. എന്നിട്ട് ഈറനോടെ വിഷമതകളെല്ലാം തിരുസന്നിധിയിൽ ഉരുക്കഴിക്കണം. ശേഷം ദക്ഷിണവെച്ച് മടങ്ങുക. സംഖ്യ എത്രയെന്നില്ല. തീർച്ചയായും ഫലമുണ്ടാകും.

ആഴിക്കുടമുടച്ച് നീറ്റിൽ കുളിച്ചതിന്റെ പിറ്റേമാസം ആര്യവല്ലിയുടെ കുളിതെറ്റി. എല്ലാം പന്തപ്ലാവിലമ്മയുടെ അനുഗ്രഹം. പക്ഷേ, ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞിന്റെ മുഖമൊന്ന് കാണാനുള്ള യോഗം

ആ ഹതഭാഗ്യയ്ക്കുണ്ടായില്ല. നവജാത ശിശുവിന്റെ കരച്ചിൽ ഭൂമിയിൽ മുഖരിതമായ നിമിഷം ആര്യവല്ലി വിഷ്ണുപാദം പൂകി. പിന്നെയൊരു വേളിക്ക് തോതുമാമ ധൈര്യപ്പെട്ടില്ല. പത്മാലക്ഷ്മിക്ക് തായും അപ്പയുമായി നിറം പകർന്നാടി.

തോതുമാമക്ക് ഉറക്കം കമ്മി. പുരയിലായാലും ഭിത്തിയിലെ ഛായാചിത്രങ്ങളോട് ഒന്നുംരണ്ടും പറഞ്ഞു കിടന്നു നേരം വെളുപ്പിക്കും. പരേതരുടെ ഒരു നിര മുഷിവില്ലാതെ കൺതുറന്നു കേട്ടുകൊണ്ടിരുന്നു. വയ്യാപുരിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. അലച്ചിലിന്റെ ആധിക്യം അത്രയ്ക്കുണ്ടായിരുന്നു. ഒരു താരാട്ടുപാട്ടിനെ ഓർമ്മപ്പെടുത്തുമ്പോലെ തോതുമാമയുടെ ഓരോ പേച്ചിനും മൂളിക്കൊണ്ടിരുന്നു. പിന്നെയാ തരളിത ശബ്ദം കൂർക്കംവലിക്കു വഴിമാറി. എപ്പോഴോ ലൈറ്റണഞ്ഞു. പേച്ചുകളുടെ കനം കുറഞ്ഞു അമ്മസ്തുതികളിലേക്ക് മിനുസപ്പെട്ടു.

പുലർകാലത്ത് തോതുമാമ ഒരു സ്വപ്നത്തിന്റെ ഗാഢാലിംഗനത്തിലേയ്ക്ക് അമർന്നു.

തോതൂ... മകനേ...

വാത്സല്യത്തിന്റെ തെളിമ കാതിലേയ്ക്ക് പടരുന്നു. ഉണർവ്വിന്റെ പുഷ്പശൈലങ്ങളിൽ ആ സ്നേഹമന്ത്രം പ്രതിദ്ധ്വനിക്കുന്നു.

രവത്തിൽനിന്നും രൂപം പിറന്നു.

പിങ്കുവർണ്ണത്തിലുള്ള ആടയിൽ പ്രശോഭിതയായി പൊന്നിൻ കിരീടം ചൂടിയ തേജോമയ രൂപം. സാക്ഷാൽ പന്തപ്ലാവിലമ്മ!

തോതൂ...

അമ്മാ... അൻപോടെ പേസുവായാ...

അമ്മായ്ക്ക് നിന്നെ നേരിൽ സന്തിക്കലാം കൂടിയ. ശീഘ്രമേ പോര്... വിരുന്താളിയേ് ഉതൈവിക്ക് കൂപ്പിട്...

വയ്യാപുരി...!

നിജമാ... അവൻ താൻ... മംഗളം ഭവന്തു.

തോതുമാമ ഞെട്ടിയുണർന്നു. ധർമ്മൻപിള്ള ഉടുത്തിരുന്ന മുണ്ട് പുതച്ച് സുഖശയനത്തിലാണ്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

സ്വപ്നത്തിന്റെ പൊരുൾ തേടി തോതുമാമ കുറച്ചുനേരം ധർമ്മൻപിള്ളയെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു. അരിമില്ല് പ്രവർത്തിക്കുന്നതുപോലെയുള്ള നിദ്രാടകന്റെ കൂർക്കംവലി തോതുമാമയെ നിരാശപ്പെടുത്തി. കടയുടെ തട്ടി പൊക്കി പുറത്തേയ്ക്കിറങ്ങി. മുറ്റത്തെ വലിയ പുളിമരത്തിന്റെ ഇലത്തുമ്പുകളിൽ രാത്രി ചാറിയ മഴ മൊട്ടിട്ടുനിൽക്കുന്നു. കിഴക്കുനിന്ന് അരിച്ചെത്തുന്ന വെളിച്ചത്തിൽ മഴമുകുളങ്ങൾ പുഷ്പിച്ചു. കരുണാമയിയായ അമ്മയുടെ മുഖം ഓരോ ജലകണികകളിലും തിളങ്ങി. ആ പ്രഭാപൂരത്തെ തോതുമാമ സാഷ്ടാംഗം പ്രണമിച്ചു.

അമ്മാ... വ്രതം തുടങ്കി പത്തുനാളൈക്കുൾ നിജമാ നടന്തിരുക്കും. നാനും വയ്യാപുരിയും ഉൻതൻ സന്നിധി വരുകിറേം...

ഭക്തർക്കു വിശ്രമിക്കാനായി ആറ്റിൻകരയിൽ കൽമണ്ഡപങ്ങളോടൊപ്പം താല്‍ക്കാലിക പന്തലുകളും തയ്യാറാക്കിയിട്ടുണ്ട്. മീനമാസത്തിൽ നല്ല തിരക്കാണ്. മണൽതരികളിൽ സൂര്യൻ ജ്വലിച്ചു കിടന്നു. ചൂടും തിരക്കുമൊന്നും വകവയ്ക്കാതെ ഭക്തന്മാർ വന്നുപെരുകുന്നു. ഭാഗ്യത്തിന് തോതുമാമക്കും ധർമ്മൻപിള്ളക്കും കൽമണ്ഡപത്തിൽ ഇത്തിരി ഇടം കിട്ടി. അന്നദാനമുണ്ട്.

ക്യൂ നിൽക്കണ്ട. ഇരിപ്പിടത്തിലെത്തിക്കും. ആഹാരത്തിനുശേഷം ഇരുവരും ഒന്നുമയങ്ങി.

വെയിൽ താഴ്ന്നു തുടങ്ങിയപ്പോഴേക്കും ഭക്തർ ആറ്റിലിറങ്ങി മുങ്ങിക്കുളിച്ചു. ഈറനോടെ ജലം നിറച്ച കുടവുമേന്തി അമ്മയുടെ സന്നിധിയിലേയ്ക്ക് യാത്ര തുടങ്ങി. ആറിനു സമാന്തരമായി പിങ്ക് നിറത്തിലുള്ള മനുഷ്യപ്രവാഹം. തോതുമാമയും ധർമ്മൻപിള്ളയും ധൃതിപ്പെട്ട് ആ ഒഴുക്കിലണി ചേർന്നു. മയക്കം ഇത്തിരി കൂടിപ്പോയി. അല്ലെങ്കിൽ കുറച്ചുകൂടി നേരത്തെ നിരയിൽ സ്ഥാനം പിടിക്കാമായിരുന്നു. ഒന്നൊന്നര കിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും സന്നിധിയിലെത്തുമ്പോഴേയ്ക്കും നേരം പിടിക്കും.

പ്രവാഹത്തിനു ഒച്ചിഴയുന്ന വേഗത. അന്തരീക്ഷത്തിലാകെ ശരണം വിളികളും അമ്മ സ്തുതികളും മാത്രം. അതിനിടയിലൂടെ ഒരു വിളി വന്ന് ധർമ്മൻപിള്ളയുടെ ചങ്കിൽ തറച്ചു.

ധർമ്മൻപിള്ളേ...!

ആരാണത് വിളിച്ചത്?

ധർമ്മൻപിള്ള ചുറ്റിലും നോക്കി.

കാഴ്ചയിൽ തെളിയുന്ന മുഖങ്ങളിലെല്ലാം ഒരേ വികാരം, ഒരേ ശബ്ദം... അമ്മ മാത്രം.

പിന്നെയാരാണത്?

ധർമ്മൻ പിള്ളേ...!

അധികാരത്തോടെ പിന്നെയും ആ ഒച്ച വന്നു കാതിൽ മുട്ടുന്നു.

അങ്ങനെ വിളിച്ചിരുന്നത് ഈ ഉലകിൽ രണ്ടേരണ്ടു പേരായിരുന്നു.

ഒന്ന് പല്ലാങ്കുഴി, രണ്ട് ഫൽഗുനൻ പിള്ള.

പുരുഷശബ്ദമാണ്.

ഈശ്വരാ... ആ ശനിയൻ പിന്നെയും!

ഭയം കലർന്ന ഒരു കൗതുകം ധർമ്മൻപിള്ളയിലേക്ക് ഇഴഞ്ഞുകയറി. അയാളെയത് പത്തിരുപത്തഞ്ച് വർഷം പിന്നിലേക്കു വലിച്ചുകൊണ്ടുപോയി.

വെയിൽ ചാഞ്ഞുതുടങ്ങിയ നേരത്ത് ഒരു കറുത്ത അംബാസിഡർ കാർ ഇടവഴി താണ്ടി പൂന്തോപ്പിൽ വീടിന്റെ മുറ്റത്തേയ്ക്ക് കേറിവന്നു. വീടിന്റെ ഇളന്തിണ്ണയിൽ നല്ല ഉച്ചമയക്കത്തിലായിരുന്നു ധർമ്മൻപിള്ള. ടേ... ധർമ്മൻ പിള്ളേ... എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ബലിഷ്ഠനായ ഒരു ജുബ്ബാക്കാരൻ കാറിൽനിന്നിറങ്ങി. ഭരത് ഗോപി ഏതോ സിനിമയിൽ നിന്നിറങ്ങി വന്നപോലെയുള്ള രൂപഭാവം. ഫൽഗുനൻ പിള്ളയാണത്. പലതവണ വിളിച്ചിട്ടും ധർമ്മൻപിള്ള ഉണർന്നില്ല. അയാൾ സുന്ദരമായ ഒരു സ്വപ്നത്തിന്റെ ശിഖരത്തിൽ കൂട് കൂട്ടുകയായിരുന്നു. മഹാശുണ്ഠിക്കാരനാണ് ഫൽഗുനൻപിള്ള. വലംകാൽ പൊക്കി ധർമ്മൻപിള്ളയുടെ ആസനത്തിൽ ഒരു തൊഴിവച്ചുകൊടുത്തു. ന്റെ അമ്മോ... എന്നൊരു ഇലമ്പലപ്പോടെ അയാൾ നിലംപൊത്തി. ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് നോക്കുമ്പോൾ സാക്ഷാൽ ഫൽഗുനൻപിള്ള ചിരിച്ചുനിൽക്കുന്നു. കൂടെയൊരു പെണ്ണും. പത്തിരുപത്തഞ്ച് വയസ്സു തോന്നിക്കും. നാട്ടിലെങ്ങും കാണാത്തൊരു വേഷവും. പാന്റ്സും അയഞ്ഞ ളോഹപോലുള്ള മേൽക്കുപ്പായവും. ചുരിദാർ... പണ്ടെങ്ങോ ഫൽഗുനൻപിള്ള ഓർമ്മയിൽ തുന്നിയിട്ടത് നാവിൽ തെളിഞ്ഞു. ഫൽഗുനൻപിള്ളയുടെ വായായിരുന്നു ധർമ്മൻപിള്ളയുടെ പുറംലോകത്തേക്കുള്ള വാതിൽ.

ഫൽഗുനൻപിള്ള ഒരിടത്തും ഉറച്ചുനിൽക്കുന്ന പ്രകൃതക്കാരനല്ല. വില്ലടിച്ചാൻ പാട്ട് സംഘത്തിന്റെ കൂടെ കഥപറയാൻ പണ്ട് പോകുമായിരുന്നു. സ്വഭാവദൂഷ്യം കാരണം അവർ പറഞ്ഞുവിട്ടു. അതോടുകൂടി ഫൽഗുനൻപിള്ള സർവ്വസ്വതന്ത്രനായി. കാടാറുമാസം നാടാറുമാസം. അതാണ് ഫൽഗുനൻപിള്ളയുടെ ഒരു രീതി. ഊരുചുറ്റി കറങ്ങി മടുക്കുമ്പോൾ കൂട്ടുകാരനായ ധർമ്മൻപിള്ളയെ തേടിവരും. ഓരോ വരവിലും എന്തെങ്കിലും പൊല്ലാപ്പുമായിട്ടായിരിക്കും വരിക. അതു ചിലപ്പോൾ ഇരുതലമൂരിയുടെ രൂപത്തിലാകാം, ചൈനീസ് മാന്ത്രിക തൂവാലയുടെ ശബളിമയിലാകാം! പക്ഷേ, അതിന്റെ എല്ലാം കർമ്മഫലം അനുഭവിക്കേണ്ടത് ധർമ്മൻപിള്ളയും!

കഴിഞ്ഞ തവണത്തെ വരവിൽ ഒരു തൈച്ചെടിയുമായിട്ടാണ് വന്നത്. മുറ്റത്ത് തടംകൊത്തി നട്ടിട്ട് ഫൽഗുനൻപിള്ളയൊരു ഒറ്റപ്പോക്ക്. മുടിഞ്ഞ വെയിലേറ്റ് പാവം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

തൈ ആകെ വാടിത്തളർന്നു. ധർമ്മൻപിള്ളയ്ക്ക് കഷ്ടം തോന്നി. അങ്ങേരതിനു വെള്ളവും വളവും നൽകി പുഷ്ടിപ്പെടുത്തി. ഇലവിരിച്ച് തണ്ടുകാട്ടി കാറ്റത്തിളകിയാടുന്ന ചെടിയെ നോക്കി ധർമ്മൻപിള്ള ഉൾപ്പുളകിതനായി നിൽക്കുമ്പോഴായിരുന്നു നാലഞ്ച് പൊലീസുകാർ ഇരച്ചുകേറി വന്നത്. ചെടിയും തോണ്ടിയെടുത്ത് ധർമ്മൻപിള്ളയേയും പൊക്കി പൊലീസു ജീപ്പ് പാഞ്ഞുപോയി. സ്റ്റേഷനിൽനിന്നും ഇറക്കാൻ വന്ന പൈലിവക്കീല് പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. സംഗതി ശിവമൂലിയായിരുന്നു. ഒറ്റപ്പുകയിൽ പരലോകം കാണിക്കുന്നയിനം!

ഇതിനി എന്ത് ഏടാകൂടമാണാവോ...? ധർമ്മൻപിള്ളയുടെ ദീർഘനിശ്വാസം പൂർത്തിയാകാൻ മെനക്കെടാതെ ഫൽഗുനൻപിള്ള പെണ്ണിന്റെ കൈപിടിച്ച് പുരക്കകത്ത് കയറി. അടുക്കളയിൽ ചെന്നു ചീനി വേവിച്ചത് മീൻചട്ടിയിലിട്ട് പുരട്ടി അകത്താക്കി. പല്ലാങ്കുഴിയുടെ ഷോളിൽ കൈതോർത്തി ഫൽഗുനൻപിള്ള പുറത്തേക്കിറങ്ങി.

ധർമ്മൻ പിള്ളേ... ഇത് പല്ലാങ്കുഴി... ഇവളിവിടെ നിക്കട്ടെ... ഞാൻ ചടേന്നിങ്ങ് വരും. എനിക്കു നിന്നെ വിശ്വാസമാടോ ധർമ്മൻപിള്ളേ...

മാവിൻചോട്ടിൽ പാർക്കു ചെയ്തിരുന്ന കാർ സ്റ്റാർട്ടായി. നിഗൂഢതയുടെ പുകപടലമുയർത്തി ആ വില്ലടിച്ചാൻ പാട്ടുകാരനേയും കൂട്ടി കാർ അകന്നുപോയി.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഫൽഗുനൻപിള്ള തിരിച്ചുവന്നില്ല. കരച്ചിലും പിഴിച്ചിലുമായി കാത്തിരിക്കാനൊന്നും പല്ലാങ്കുഴി മെനക്കെട്ടില്ല. അതിരാവിലെ ഉണർന്നു കുളിച്ച് അടുക്കളയിൽ കയറും. വീടും മുറ്റവും തൂത്തുവൃത്തിയാക്കും. ധർമ്മൻപിള്ളയുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടും. ഒരിടത്ത് ഇരിക്കില്ല. വേലയോട് വേല. സന്ധ്യക്ക് ഇറയത്ത് വിളക്കുവെച്ച് കാളി സ്തുതികൾ ഉറക്കെ ചൊല്ലും. രാത്രി ധർമ്മൻപിള്ളയ്ക്ക് കുടിക്കാനുള്ള മല്ലിവെള്ളവും ചൂടാക്കി മൊന്തയിൽ പകർന്നുവെച്ചിട്ടേ പല്ലാങ്കുഴി കണ്ണടയ്ക്കൂ. പല്ലാങ്കുഴി വന്നതോടെ മുറിയും കട്ടിലുമൊഴിഞ്ഞ് പായവിരിച്ച് ഇറയത്തായി ധർമ്മൻപിള്ളയുടെ കിടപ്പ്.

ധർമ്മൻപിള്ളയോട് മാത്രമല്ല, പല്ലാങ്കുഴി അയൽക്കാരോടുമൊക്കെ ചിരപരിചിതയെപ്പോലെ പെരുമാറാൻ തുടങ്ങി. ധർമ്മൻപിള്ളയ്ക്കാണെങ്കിൽ വല്ലാത്ത വൈക്ലബ്ബ്യം. നാട്ടുകാരോടും ബന്ധുക്കളോടുമൊക്കെ എന്തുപറയും. വൈകിട്ട് ഇത്തിരിനേരം കുഞ്ഞച്ചന്റെ ചായക്കടയിൽ പോയിരിക്കുന്ന പതിവുണ്ടായിരുന്നു. ആ പോക്കവസാനിപ്പിച്ചു. വെറുതെ എന്തിനാ ഏഷണിക്കാരുടെ കക്ഷത്തിൽ തലകൊണ്ടുവയ്ക്കുന്നത്. ഒരിക്കൽ മൈലോട്ടെ വല്യച്ചൻ വന്നു ശകാരിച്ചു.

നീ എന്ത് തോന്ന്യവാസമാ ധർമ്മാ കാണിക്കുന്നേ...? എവടാങ്ങാണ്ട് കെടന്ന് ഒരുത്തിയെ വിളിച്ചുകേറ്റി കെട്ടിലമ്മയാക്കി വാഴിക്കുന്നോ? നിന്റെ തന്തയും തള്ളയുമേ ചത്തിട്ടൊള്ളൂ. നീ മങ്ങാട്ടെ കുട്ടിയാ... അതു മറക്കണ്ട.

വല്യച്ചനങ്ങനെ ഉറഞ്ഞുതുള്ളി നിൽക്കുമ്പോഴായിരുന്നു അവലു വിളയിച്ചതും കരുപ്പട്ടിക്കാപ്പിയുമായി പല്ലാങ്കുഴി അടുക്കളയിൽനിന്നും വന്നത്.

വല്യച്ചാ... ഇതു കഴിച്ചിട്ട് വർത്തമാനം പറയ്... യാത്രാക്ഷീണം മാറട്ട്...

വല്യച്ചൻ അവളെ തുറിച്ചുനോക്കി. കണ്ണുകളിൽ തീയാളി. വല്യച്ചൻ ഉഗ്രമൂർത്തിയാണ്. പല്ലാങ്കുഴിയുടെ കഥകഴിഞ്ഞെന്നാണ് ധർമ്മൻപിള്ള വിചാരിച്ചത്. പല്ലാങ്കുഴിയും വല്യച്ചന്റെ മുഖത്തുനിന്നു കണ്ണെടുത്തില്ല. അവളുടെ കണ്ണുകൾ തിരയൊളിപ്പിച്ച കടൽപോലെ ശാന്തമായിരുന്നു. അങ്ങനെ രണ്ടുപേരും കുറച്ചുനേരം കണ്ണുകോർത്തു നിന്നു. മെല്ലെമെല്ലെ ആളലടങ്ങി, ശമിച്ച് തീ കടലിലൊടുങ്ങി.

അനുസരണയുള്ള കുട്ടിയെപ്പോലെ വല്യച്ചൻ അവലു വിളയിച്ചതും കരുപ്പട്ടിക്കാപ്പിയും ഭക്ഷിച്ചു. കാലൻകുട നിവർത്തി ഒന്നും മിണ്ടാതെ ഉച്ചവെയിലിൽ ഇറങ്ങിനടന്നു. അന്നു പോയിക്കിടന്ന കിടപ്പാണ്. പിന്നെ വല്യച്ചൻ എഴുന്നേറ്റിട്ടില്ല. ഏഴിന്റെയന്നു മരിച്ചു. പിന്നീടാരും ഇക്കാര്യവും പറഞ്ഞ് ധർമ്മൻപിള്ളയെ തേടിവന്നിട്ടില്ല.

വല്യച്ചൻ മരിച്ച രാത്രി പെരുമഴയായിരുന്നു. ശീതം ഇറയത്തേയ്ക്ക് ഒരുതരം വാശിയോടെ അടിച്ചു കേറിക്കൊണ്ടിരുന്നു. അങ്ങനെ സുഖമായി നീ കിടന്ന് ഉറങ്ങാണ്ടാടാ ധർമ്മാ... എന്നു പറയുമ്പോലെ മഴ മുരണ്ടുകൊണ്ടിരുന്നു. അകത്തുനിന്നും സാക്ഷ വലിയുന്ന ശബ്ദം കേട്ടു.

ധർമ്മൻപിള്ളേ...

എന്താ പല്ലാങ്കുഴി...

പാ ചുരുട്ടി അകത്തുകേറി വാ...

ധർമ്മൻപിള്ള മടിച്ചുനിന്നു.

ഭയങ്കരമായ ഒരു ഇടിപൊട്ടി... അതിന്റെ ആഘാതമെന്നപോലെ മുറിക്കുള്ളിൽ ചാടിക്കയറി. സാക്ഷ തിരുകി. കട്ടിലിന്റെ കീഴേ പായവിരിച്ചു കിടന്നു.

ധർമ്മൻപിള്ളേ...

പല്ലവമേ...

മോളിക്കേറി കെട...

അതു വേണോ?

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

വേണം.

ധർമ്മൻപിള്ള കട്ടിലിന്റെ അറ്റത്ത് കേറിക്കിടന്നു.

ഇതെന്തോന്ന്? എന്റെ മോളിക്കേറി കെട പിള്ളേ...

ചിരിയിൽ പുരണ്ട് മധുരിച്ച ആജ്ഞ.

ധർമ്മൻപിള്ള മറുത്തൊന്നും പറഞ്ഞില്ല. അയാൾ അനുസരിച്ചു.

രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത മനംമടുപ്പ്. കൂട്ടുകാരൻ നോക്കാനേല്‍പ്പിച്ച മുതലാണ് എടുത്തു തിന്നത്. അതും വല്യച്ചൻ എരിഞ്ഞടങ്ങിയ നേരത്തു തന്നെ... തൊണ്ടക്കുഴിയിൽ എന്തോ കേറി തടഞ്ഞിരിക്കുമ്പോലെ. ഫൽഗുനൻപിള്ളയാണോ, അതോ വല്യച്ചനോ? ഛെ ഒന്നും വേണ്ടിയിരുന്നില്ല.

മനസ്സ് ചഞ്ചലപ്പെട്ടുനിന്ന ധർമ്മൻപിള്ളയ്ക്ക് പല്ലാങ്കുഴി ഒരു ചായയിട്ടു കൊടുത്തു.

അതു മൊത്തിക്കുടിക്കുന്നതിനിടയിൽ പല്ലാങ്കുഴി ഉപദേശിച്ചു:

ധർമ്മൻപിള്ളേ... ജീവിതമൊരു വില്ലടിച്ചാൻപാട്ടാ... നേരും നെറിയുമൊന്നും നോക്കാതെ അതങ്ങ് പാടി തീർത്തോണം.

പാടാം...

ധർമ്മൻപിള്ള മന്ത്രിച്ചു.

തീരെ സ്വരച്ചേർച്ചയില്ലാത്ത ഒരു പാട്ടായിരുന്നു പിന്നീടുള്ള ജീവിതം. ആദ്യരാത്രിയിൽ മധുരിച്ച ആജ്ഞയുടെ മധുരം അലിഞ്ഞില്ലാണ്ടായി വെറും ആജ്ഞ മാത്രമായി ജീവിതം കയ്‌ചു. ദേഷ്യപ്പെടുമ്പോൾ കാളിസ്തോത്രങ്ങളിൽനിന്ന് ഭദ്രകാളി പല്ലാങ്കുഴിയുടെ ഉടലിലേയ്ക്ക് ആവേശിക്കും. ഉറഞ്ഞുതുള്ളും. ദാരികവധം പൂർത്തിയായാലേ കാളിയടങ്ങൂ. ഒരു കലഹരാത്രിയിൽ ദാരികൻ തിരിച്ചടിച്ചു. പല്ലാങ്കുഴിയുടെ കണങ്കാലിൽ കറിക്കത്തികൊണ്ട് വെട്ടി ധർമ്മൻപിള്ള ഇരുട്ടിന്റെ കൂടാരത്തിലേയ്ക്ക് ഇറങ്ങിയോടി.

മണിമുഴക്കം! ഓർമ്മകളുടെ പെരുവഴിയമ്പലങ്ങളിൽനിന്നും ഇറങ്ങി ധർമ്മൻപിള്ള പൂഴിമണലിലൂടെ നടന്നു. പന്തപ്ലാവിലമ്മയുടെ ക്ഷേത്രത്തിനു തൊട്ടരികിൽ എത്തിയിയിരിക്കുന്നു. തോതുമാമയെവിടെ? യാത്രാപഥങ്ങളിലെവിടെയോ വെച്ച് തോതുമാമ വിരൽത്തുമ്പിൽനിന്നും ഊർന്നുപോയിരിക്കുന്നു. ഈ തിരക്കിനിടയിൽ എവിടെപ്പോയി തപ്പും? അവിചാരിതമായ ഊർന്നുപോകലുകളും തിരികെകിട്ടലുകളും നിറഞ്ഞതാണ് ജീവിതം.

എൺപതു വയസ്സുകാരനെ തിരഞ്ഞപ്പോൾ ഒരു എട്ടുമാസം പ്രായമുള്ള ശിശുവിന്റെ മുഖം കണ്ണിൽ മുത്തി. നിഷ്‌കളങ്കമായ ആ കുഞ്ഞുമുഖം നോക്കിനിൽക്കെ ധർമ്മൻപിള്ളയെ ചില വിചാരങ്ങൾ അള്ളിപ്പിടിച്ചു. പല്ലാങ്കുഴിയിൽ തനിക്കൊരു കുട്ടി പിറന്നിരിക്കുമോ? ആ കുട്ടി എങ്ങനെയാകും തന്നെ വായിച്ചിരിക്കുക? കുട്ടികൾക്ക്, അമ്മ എഴുതുന്ന കഥയാണ് അച്ഛൻ!

ക്ഷേത്രത്തിന്റെ പടിക്കെട്ടു കടന്ന് ധർമ്മൻപിള്ള ശ്രീകോവിലിന്റെ ഉള്ളിൽ പ്രവേശിച്ചു. പരിപൂർണ്ണ നിശ്ശബ്ദതയുടെ സൗകുമാര്യം ആ ചെറുമുറിക്കുള്ളിൽ നിറഞ്ഞുകിടന്നു. സിംഹാസനത്തിനുള്ളിൽ നിറഞ്ഞ പുഞ്ചിരിയോടെ സാക്ഷാൽ പന്തപ്ലാവിലമ്മ അമർന്നിരിക്കുന്നു. പന്തങ്ങളുടെ പ്രഭയിൽ സ്വർണ്ണക്കിരീടവും പിങ്കാംഗിയും തിളങ്ങി. ശിരസ്സിന്റെ പിന്നിൽനിന്നും അനിർവ്വചനീയമായ വെളിച്ചം ചുരന്നു പരക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിലാകെ മനംമയക്കുന്ന സുഗന്ധങ്ങളുടെ ഘോഷയാത്ര.

അമ്മയെ തൊഴുത് തോളിലേന്തിയ കുടം തീർത്ഥച്ചാലിലേയ്ക്കെറിഞ്ഞു. അഹമാണ് വീണുടഞ്ഞത്. സ്വതന്ത്രമായ ആത്മാവ് ജലധാരയായി തീർത്ഥച്ചാലിലൂടെ ഒഴുകി ഇലഞ്ഞിക്കരയാറിലൂടെ മഹാസമുദ്രത്തിൽ വിലയം പ്രാപിക്കും. അതാണ് വിശ്വാസം. ധർമ്മൻപിള്ള ഭാരമില്ലായ്മയുടെ കൈവല്യമനുഭവിച്ചു. പന്തപ്ലാവിലമ്മയുടെ ദർശനത്തിൽ ധർമ്മൻപിള്ളയുടെ മനസ്സ് അല്പനേരം പരിക്രമണം ചെയ്തു. പിന്നെ ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു.

അമ്മ മൊഴിഞ്ഞു:

മകനേ നിന്റെ അലച്ചിലുകൾ അവസാനിച്ചിരിക്കുന്നു. ഇനി ഒരിടത്തേക്കും പോകണ്ട...

ധർമ്മൻപിള്ളയുടെ വിരലുകൾ പന്തപ്ലാവിലമ്മയുടെ പാദങ്ങളിൽ തൊട്ടു. വിരലുകൾക്കു ചലിക്കണമെന്നു തോന്നി. അമ്മ മെല്ലെ പാദങ്ങൾ പിൻവലിച്ചു. പരിചാരകൻ ധർമ്മൻപിള്ളയ്ക്ക് പുറത്തേക്കുള്ള വഴികാട്ടി.

ധർമ്മൻപിള്ള ശ്രീകോവിലിനു പുറത്തേക്കിറങ്ങി. മനസ്സ് നിറയെ ഭാരം വന്നുനിറയുന്നു. സന്ദേഹങ്ങളുടെ അമ്പുമുനകളാൽ തല പൊട്ടിത്തകരുന്നു. പൊട്ടിച്ചിതറിയ കണ്ണാടിക്കഷണങ്ങളെ കൂട്ടിച്ചേർക്കുന്നതുപോലെ കഴിഞ്ഞുപോയ കാഴ്ചകളെ ഇണക്കിച്ചേർക്കാൻ അയാൾ പാടുപെട്ടു. എവിടെയോ കാൽതട്ടി.

വീണു. കാഴ്ച മറഞ്ഞു: ഓർമ്മകളും.

ആഴമുള്ള ഇരുട്ട് ധർമ്മൻപിള്ളയെ

പൊതിഞ്ഞു.

ഒടുവിൽ, ആ വിളി മുഴങ്ങുന്നത് വരെ ആറ്റിൻകരയിൽ അയാൾ അങ്ങനെ കിടന്നു.

ധർമ്മൻപിള്ളേ...

അനൂപ് അന്നൂര്‍ എഴുതിയ കഥ ‘മയില്‍ വാഹനം ട്രാവല്‍സ്’
ആഷ് അഷിത എഴുതിയ കഥ ‘കൊറിയന്‍ കിംച്ചി’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com