അനഘയെ ആദ്യമായി കണ്ടത് ദ്വാരകാ ഹോട്ടലിൽ വെച്ചായിരുന്നു. ആദ്യ സമാഗമത്തിന് അങ്ങനൊരു വേദി തിരഞ്ഞെടുത്തതും അവൾ തന്നെ.
കണ്ണാടിക്കൂട്ടിലെ ഇലയിൽ പൊതിഞ്ഞ ഉപ്പുമാവിൽ എന്റെ കണ്ണു പതിഞ്ഞെങ്കിലും ഞങ്ങളൊന്നു സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ മേശപ്പുറത്ത് രണ്ട് പ്ലേറ്റ് നെയ്‌ച്ചോറും കോഴിക്കറിയും മുഴുത്ത രണ്ട് കോഴിക്കാലും പ്രത്യക്ഷപ്പെട്ടു.
കുന്നോളം കൊതിയുണ്ടെങ്കിൽ കുന്നിക്കുരുവോളം ഉണ്ണുന്ന ഞാൻ വെറുതെ ആ പാത്രങ്ങളിലേയ്ക്ക് മാറിമാറി നോക്കി. വിശന്ന് തുടങ്ങാത്ത വയറിലേയ്ക്ക് നെയ് പുരട്ടിയ അഷ്റഫ് അരി ചവച്ചിറക്കി.
നെയ്‌ച്ചോറിന്റുരുള ചിക്കൻ കറിയിൽ ഉരുട്ടിപ്പെരട്ടിയെടുത്ത് വായിൽ വയ്ക്കുന്നതിനിടെ അവൾ ചോദിച്ചു:
“എങ്ങനെ, നല്ലോണം കഴിക്കുന്ന ആളാണോ?”
“മിതഭക്ഷണം” ഞാൻ ഇരുകൈപ്പത്തികളും നിവർത്തിക്കാണിച്ചു.
കുന്നുപോലെ കൂട്ടിയ നെയ്‌ച്ചോറ് പകുതി കഴിച്ച് നിർത്തി ഞാൻ ചൂടുവെള്ളം ഗുമുഗുമാന്ന് കുടിച്ചു.
പ്ലേറ്റിൽ ബാക്കിവെച്ച നെയ്‌ച്ചോറിലേയ്ക്ക് അവൾ നിരാശയോടെ നോക്കി.
“എനക്ക് ഹാഫ് റൈസ് ഒക്കെയേ കഴിക്കാൻ പറ്റൂ, അതാ ഞാൻ ഓർഡർ ചെയ്യുമ്പോ പറഞ്ഞത്” കുനിഞ്ഞ തലയിൽനിന്ന് എന്റെ കണ്ണുകൾ അവളെ എത്തിനോക്കി.
“ഫുഡ് എൻജോയ് ചെയ്യലില്ല അല്ലേ” അതു പറയുമ്പോൾ അവളുടെ ചുണ്ട് ഒരു വശത്തേയ്ക്ക് വളഞ്ഞിരുന്നു. അരിമണികൾക്കിടയിൽ അവളുടെ വിരലുകൾ എന്തോ പരതിക്കൊണ്ടിരുന്നു.
“ഭക്ഷണപ്രിയനല്ല. പക്ഷേ, അനഘ കഴിക്കുന്നതുകൊണ്ട് കൊഴപ്പം ഒന്നൂല്ലാട്ടോ” ഞാൻ ഒന്നു നിറഞ്ഞ് ചിരിക്കാൻ ശ്രമിച്ചു.
പൊരിച്ച കോഴിക്കാലിന്റെ തൊലി കടിച്ച് വലിച്ചുകൊണ്ട് അവളും മധുരമായി ചിരിച്ചു.
പെട്ടെന്ന് അവൾ എന്റെ മുഖത്തേയ്ക്ക് കോഴിക്കാൽ നീട്ടുകയുണ്ടായി. “ഞാൻ ഒറ്റയ്ക്ക് എങ്ങനെ കഴിക്കും?”
അവൾ പുരികം രണ്ട് പ്രാവശ്യം മുകളിലേയ്ക്ക് തള്ളി.
എനിക്കൽപ്പം ഭയം തോന്നിയെങ്കിലും അതിൽനിന്നൊരു കഷണം ഇറച്ചി പൊട്ടിച്ചെടുത്ത് അവളുടെ വായിൽ വെച്ചുകൊടുത്തു.
“ഞാൻ കൂടെയിരിക്കാം.” വായ ചെവിയിൽ മുട്ടുന്ന രീതിയിൽ ഞാൻ വീണ്ടും ചിരിച്ചു.
“ഉം... അതുമതി.” അവൾ ഭക്ഷണലീലയിൽ മുഴുകുകയും ഇടയ്ക്കിടെ എന്നോട് മന്ദഹസിക്കുകയും ചെയ്തു.
അവിടുന്നിങ്ങോട്ട് മുപ്പത്താറ് വാരവും കല്യാണ ബഹളവും കഴിഞ്ഞു. പലപ്പോഴും എനിക്ക് മതി, അനഘ കഴിച്ചോ എന്നിങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞ് ഭക്ഷണമേശയിൽ വയ്ക്കേണ്ടിവന്നു. അപ്പോഴൊക്കെ അവൾ മധുരമായി ചിരിക്കാറുണ്ടെങ്കിലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ എന്ന് അവളുടെ മുഖത്തെവിടെയോ ഞാൻ വായിച്ചെടുത്തു.
“അതെന്താ കിരണേ പാൽപായസം കുടിക്കാഞ്ഞെ. ഉം, വിരുന്നിനു പോകുവല്ലോ, അപ്പൊ കാണിച്ച് തരാം.” കല്യാണം കഴിഞ്ഞ് വീട്ടിൽ പോകുന്ന നേരത്തും അവൾക്ക് ഭക്ഷണത്തിന്റേയും വിരുന്നിന്റേയും കാര്യമായിരുന്നു പറയാൻ ഉണ്ടായിരുന്നത്.
ബൊക്ക അമർത്തിപ്പിടിച്ച് ഞാൻ അവളെ നോക്കി ചിരിച്ചപോലെയാക്കി. ക്യാമറയുടെ ലൈറ്റും പ്രഥമന്റെ മത്തും എന്നെ സീറ്റിലേയ്ക്ക് അമർത്തിക്കിടത്തി.
കല്യാണക്ഷീണം മാറുന്നതിനു മുൻപുതന്നെ വിരുന്നുവിളികൾ വന്നുതുടങ്ങിയിരുന്നു. ഈ ഒരു പ്രസ്ഥാനത്തോട് നിസ്സഹകരിക്കാൻ നാട്ടിൽ നിയമമില്ലല്ലോ.
“ഞങ്ങൾ തലശ്ശേരിക്കാർ സൽക്കാരപ്രിയരാ. നിങ്ങൾ തളിപ്പറമ്പുകാരെപ്പോലെയല്ല. കഴിച്ചിറ്റേ വിടുള്ളൂ.” കണ്ണാടി നോക്കി മുടി ഒതുക്കുന്നതിനിടെ അവൾ പറഞ്ഞു.
തളിപ്പറമ്പുകാരും നല്ല ആതിഥേയ മര്യാദയുള്ളവർ തന്നെ എന്നെനിക്കു പറയാൻ തോന്നിയെങ്കിലും ഈ വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയാൽ അതെനിക്ക് തന്നെയാണ് ആപത്ത് എന്ന് ഉൾവിളിയുണ്ടായി.
“കിരണേ, ഇന്ന് കുഞ്ഞുണ്ണി മാമൻ, നാളെ രോഹിണി എളേമ്മ, രണ്ടൂസം കൊണ്ട് കിരൺ തടിച്ച് കുട്ടപ്പനാവുവല്ലോ” അവളുടെ ആവേശം കണ്ട് ഞാനെന്റെ ഉണ്ണിവയറിനെ സഹതാപത്തോടെ നോക്കി.
“പറ്റാവുന്നത് കഴിച്ചാ പോരേ” പാന്റും ഷർട്ടും ബെൽറ്റിട്ട് മുറുക്കുന്നതിനിടെ ഞാൻ ഉറക്കെപ്പറഞ്ഞെങ്കിലും അവൾ കേട്ട ഭാവം നടിച്ചില്ല.
കാർ സ്റ്റാർട്ട് ചെയ്ത് കുറേ ദൂരം സിനിമാപ്പാട്ടുകൾ മാറിമാറിക്കേട്ടും നാട്ടുകാരെ കുറ്റം പറഞ്ഞും യാത്ര ആസ്വാദ്യകരമാക്കിയപ്പോഴും എന്തോ പറയാനായി അവൾ വിങ്ങിക്കൊണ്ടിരുന്നു. പെട്രോൾ അടിക്കാൻ പാട്ടും കാറും നിർത്തിയപ്പോൾ ആ ശബ്ദം പുറത്തെത്തി.
“കുഞ്ഞുണ്ണി മാമന്റെ വീട്ടിലാ വിരുന്ന്” ഏതോ റേഡിയോ നാടകത്തിലെ ഡയലോഗെന്നപോലെ അത് മുഴങ്ങിക്കേട്ടു.
“ഇന്ന് കുഞ്ഞുണ്ണി മാമൻ, നാളെ രോഹിണി എളേമ്മ.” അനഘ ഇരുവശങ്ങളിലേയ്ക്കും വിരൽ മറിച്ചുകൊണ്ടിരുന്നു.
“മറ്റന്നാളത്തെ തീരുമാനിച്ചിറ്റില്ല, എളേമ്മമാറും മൂത്തമ്മമാറും ഒക്കെ വിളിക്ക്ന്ന്ണ്ട്.”
കാർ മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ പാട്ട് ഓൺ ആക്കിയെങ്കിലും അത് അമർത്തി നിർത്തിയ ശേഷം അവൾ പറഞ്ഞു:
“കല്യാണ ബിരിയാണി എന്നുവെച്ചാ അത് കുഞ്ഞുണ്ണി മാമനാ, ആ നാട്ടിൽ എവടെ കല്യാണം ഇണ്ടെങ്കിലും മാമനെയേ വിളിക്കൂ” എന്റെ കയ്യിലിരുന്ന് സ്റ്റിയറിങ് വിറച്ചു.
“എപ്പഴത്തേയും പോലെ പകുതിക്ക് ഇല മടക്കാം എന്ന് കിരൺ വിചാരിക്കണ്ട” അവൾ എന്റെ കൈ സ്നേഹത്തോടെ പിടിച്ച് വലിച്ച് മടിയിൽ ചേർത്തമർത്തി.
“ഞാൻ വിടൂല്ല” അവൾ മുടി ചീകിയൊതുക്കി പുറത്ത് വയലുകളിലേയ്ക്ക് നോക്കി.
“ഇനി ഞാൻ വിട്ടാലും മാമൻ വിടൂല്ല” എന്റെ തോളത്ത് ഒന്നു തട്ടി അവൾ പൊട്ടിച്ചിരിച്ചു. ഇന്ന് കഴിഞ്ഞാൽ പ്രളയം എന്നെന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
കൊമ്പൻ മീശയും കരുത്തുറ്റ കൈകളുമുള്ള കുഞ്ഞുണ്ണി മാമൻ ബിരിയാണിച്ചെമ്പും ചട്ടുകവും കൊണ്ട് വയൽവരമ്പിൽ കുത്തിയിരിക്കുന്നതായി എനിക്കു തോന്നി. ഒരു കൈ ചെമ്പിൽ പിടിച്ചമർത്തി മറുകയ്യിലുള്ള ചട്ടുകംകൊണ്ട് മണ്ണിൽ ആഞ്ഞ് കുത്തുന്നുണ്ടായിരുന്നു. അതെന്റെ നെഞ്ചിലേയ്ക്ക് ഇറങ്ങിച്ചെന്നപോലെ ഞാനൊന്നു കുലുങ്ങി. ഭയംകൊണ്ട് ചിത്തഭ്രമം ബാധിച്ചുവോ എന്ന തോന്നലിൽ തൂവാലയെടുത്ത് മുഖത്തെ വിയർപ്പൊപ്പി.
“എനക്ക് എന്തെങ്കിലും ലൈറ്റ് ആയിട്ട് മതി എന്നവരോട് പറയണം” പറഞ്ഞു മടുത്ത കാര്യം വീണ്ടും പറയണോ എന്ന ശങ്കയിൽ ഞാൻ അവളെ നോക്കി.
“കിരണേ, ഇത് വിരുന്ന് ആണ്. നമ്മൾ പനിപിടിച്ച് കിടക്കുവല്ല കഞ്ഞിയും ചമ്മന്തിയും കഴിക്കാൻ.” മറുപടി എന്തെന്ന് എനിക്കറിയാമായിരുന്നു.
ഞങ്ങളുടെ കാർ വയലുകൾക്ക് നടുവിലൂടെ നീങ്ങി. കൊയ്ത്തിനൊരുങ്ങി നിന്ന പാടങ്ങൾക്കകലെ കുറിയ കുന്നുകൾ, ഒരു ദിക്കിൽ പുഴയുടെ വെട്ടം. അനഘ ജനിച്ചുവളർന്ന നാടിനു നല്ല ഭംഗിയുണ്ട്. അങ്ങനെ ആസ്വദിച്ച് ഡ്രൈവ് ചെയ്യുമ്പോൾ വീണ്ടും അവളുടെ ശബ്ദം.
“എന്നെ ചെറുപ്പത്തിൽ കൊറേ കാലം നോക്കിയാ ആളാ കുഞ്ഞുണ്ണി മാമൻ. ആൾക്കാരെ തീറ്റിക്കാൻ കുഞ്ഞുണ്ണി മാമനു വലിയ ഇഷ്ടാ, കഴിച്ചില്ലേൽ വലിയ വിഷമമാകും. തരുന്നത് മുഴുവൻ കഴിക്കണം ട്ടാ. നമുക്കുവേണ്ടി ഇണ്ടാക്കുന്നതല്ലേ.”
“നിനക്ക് വേറെയൊന്നും പറയാനില്ലേ” എനിക്ക് പൊട്ടിത്തെറിക്കാൻ തോന്നിയെങ്കിലും അവളുടെ സ്നേഹത്തോടെയുള്ള ചിരി മായ്ക്കാൻ തോന്നിയില്ല. ഭക്ഷണ വെപ്രാളം ഇല്ലായിരുന്നെങ്കിൽ വളരെ റൊമാന്റിക്ക് ആവേണ്ടിയിരുന്ന ഒരു ട്രിപ്പ് ആയിരുന്നു.
ഓടിട്ട ഇരുനില കെട്ടിടങ്ങളുള്ള ഒരു മുക്കവലയിൽ ഞങ്ങളെത്തി. തടി ബെഞ്ചുകളിലിരുന്ന് ചായയും മോന്തി വെറുതെ വർത്തമാനം പറയുന്ന മനുഷ്യരെ കണ്ടപ്പോൾ ചായ കുടിക്കാൻ എനിക്കു കൊതിയായി.
“അയ്യോ കിരണേ, ഇവിടുന്ന് വേണ്ട, അവിട പോയാ ആദ്യം ചായ കുടിക്കണം.”
“ചായ ഇവിടുന്നു കുടിക്കാ. ബിരിയാണി അവിടുന്നു തിന്നാ. നീ വാ” ഞാൻ അവളെ വലിച്ചിറക്കി ഓരോ കട്ടൻ ചായ വീതം ഓർഡർ ചെയ്തു.
“അനഘ മോള് മാമന്റടുത്തേക്കാന്നോ. അപ്പൊ നല്ല കല്യാണ ബിരിയാണി ഒക്കെ കയിക്കാലോ ഇന്ന്” ചായക്കടക്കാരൻ വളരെ സന്തോഷവാനായി കാണപ്പെട്ടു.
ചായ കഷ്ടപ്പെട്ട് ഇറക്കുന്നിതിനിടെ അനഘ ചിരിച്ചു. “ഇതാണ് ആള്.”
“ഉം... വിരുന്നാന്ന് ന്ന് മനസ്സിലായി.” അയാൾ തലകുലുക്കി ചിരിച്ചു.
കാറിൽ തിരിച്ചുകയറുന്നതിനിടെ എന്തോ വലിയ കാര്യം സാധിച്ചപോലെ അവളൊരു നിമിഷം എന്നെ നോക്കി.
“ഞാൻ പറഞ്ഞില്ലേ” അവൾ പുരികം മേൽപ്പോട്ടാക്കി ചിരിച്ചു. എന്തെന്ന അർത്ഥത്തിൽ ഞാനവളെ നോക്കി.
“ഈ നാട്ടിൽ എവടെ കല്യാണം ഇണ്ടെങ്കിലും കുഞ്ഞുണ്ണി മാമൻ ആണ് ബിരിയാണി ഇണ്ടാക്കുന്നത് എന്ന്.”
“ഉം... എന്നാൽ ഒരു ബിരിയാണി കഴിക്കാ അല്ലേ.”
കുഞ്ഞുണ്ണി മാമന്റെ ബിരിയാണി കഴിക്കാൻ എനിക്കും ചെറുതല്ലാത്ത ഒരു ആഗ്രഹം വന്നു തുടങ്ങിയിരുന്നു. വർഷത്തിലൊരിക്കൽ ഇതുപോലെ വല്ലാത്ത പൂതി തോന്നുമ്പോൾ ഞാനും ടൗണിലേയ്ക്കിറങ്ങുന്നതാണ്. അതുപോലൊരു മോഹം വീണ്ടും മുളപൊട്ടി.
കുറച്ചധികം ചെല്ലുന്നതിനു മുൻപ് തന്നെ അനഘ വണ്ടി നിർത്താൻ ആക്ഷൻ ഇട്ടു. റോഡരികിൽ വണ്ടിനിർത്തി വയൽ വരമ്പത്തൂടെ ഞങ്ങൾ നടന്നു.
ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ അവളോട് ചോദിച്ചു. അവൾ അന്തിച്ച് തിരിഞ്ഞുനോക്കി. ബിരിയാണി കഴിക്കാനുള്ള വിശപ്പ് ആമാശയത്തെ ഞെരുക്കിത്തുടങ്ങിയെങ്കിലും നെഞ്ചിലൂടെ എന്തോ തീ പാളുന്നപോലെ എനിക്കു തോന്നി.
“ശരിക്കും ഇതു ഞങ്ങളുടെ തറവാട്ട് വീടാണ്. ഭാഗം വച്ചപ്പോൾ കുഞ്ഞുണ്ണി മാമനു കിട്ടി.” അനഘ തറവാട്ട് ചരിത്രം പറഞ്ഞുതുടങ്ങി.
ദൂരെ കുഞ്ഞുണ്ണി മാമന്റെ പടിപ്പുര കാണാം. അയാൾ അവിടെത്തന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു.
“ചെമ്പും ചട്ടുകവും ഇല്ലേ?”
ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ അവളോട് ചോദിച്ചു. അവൾ അന്തിച്ച് തിരിഞ്ഞുനോക്കി. ബിരിയാണി കഴിക്കാനുള്ള വിശപ്പ് ആമാശയത്തെ ഞെരുക്കിത്തുടങ്ങിയെങ്കിലും നെഞ്ചിലൂടെ എന്തോ തീ പാളുന്നപോലെ എനിക്കു തോന്നി. ചട്ടുകം മുകളിലേയ്ക്ക് എറിഞ്ഞുപിടിച്ച് നിൽക്കുന്ന മല്ലനെപ്പോലെ അയാളെ ഞാൻ കണ്ടു. അയാൾക്ക് ഒരു കൊമ്പൻ മീശയുണ്ടോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കല്യാണദിവസം കഴിച്ച അടപ്രഥമനിലും വീര്യമുള്ള മത്ത് എന്റെ തലമണ്ടയെ പൊതിഞ്ഞുനിന്നു. വരമ്പ് നടന്നുതീർത്തപ്പോൾ ഇതേത് ലോകം എന്നു ഞാൻ ആലോചിച്ചു. വയലിലെ നെല്ല് പൂത്ത മണം മാഞ്ഞ് കുഞ്ഞുണ്ണിയുടെ തറവാട്ടുകെട്ടിൽനിന്നുള്ള ബിരിയാണി വാസം മൂക്കിലേയ്ക്ക് വന്നുതുടങ്ങി.
“വേഗം നടക്ക് കിരണേ” അവൾ എന്നെ വലിച്ച് വേഗത്തിൽ പടിപ്പുരയ്ക്കലേക്കു കൊണ്ടുപോയി. തെളിഞ്ഞുവന്ന കാഴ്ചയിൽ ഞാൻ കുഞ്ഞുണ്ണിയെ കണ്ടു. അയാൾ ഒരു മല്ലനായിരുന്നില്ല. കാവിമുണ്ടും നരച്ച നീലജുബ്ബയുമണിഞ്ഞ മെലിഞ്ഞു കുറിയ ഒരു മനുഷ്യൻ.
അയാളെന്നോട് സ്നേഹത്തോടെ ചിരിച്ചു. കൈകളിലമർത്തിപ്പിടിച്ച് അകത്തേയ്ക്കു ക്ഷണിച്ചു. കൈകളിൽ ചട്ടുകത്തഴമ്പ് ഉണ്ടായിരുന്നു.
അയാളുടെ ഊഷ്മളമായ പെരുമാറ്റം കൂടി കണ്ടതോടെ ബിരിയാണി കഴിക്കാനുള്ള എന്റെ ആഗ്രഹം ഇരട്ടിച്ചു.
“മാമാ, എവിടെ ബിരിയാണി?” ഞാൻ ആവേശത്തോടെ എന്റെ രണ്ട് കൈകളും കുലുക്കി. “മോന്റെ ഒരു കാര്യം” അയാൾ എന്റെ തോളത്ത് തട്ടി. മാമനും മരുമോളും പുരികം ഉയർത്തി പരസ്പരം ചിരിച്ചു.
“കുഞ്ഞുണ്ണി മാമൻ ഒറ്റയ്ക്കാ താമസം. കുഞ്ഞമ്മായി ഏതാനും വർഷങ്ങൾക്കു മുൻപ് മരിച്ചുപോയി. അതിനുശേഷം വീട്ടിലാരെങ്കിലും വിരുന്നിനു വരുമ്പോൾ മാത്രമാണ് മാമൻ വീട്ടിലേയ്ക്ക് വരുന്നത്. അല്ലെങ്കിൽ ഏതെങ്കിലും കല്യാണപ്പൊരയിൽ ആയിരിക്കും.” അനഘ തലേ ദിവസം പറഞ്ഞ കാര്യങ്ങൾ ഞാനോർത്തു. എനിക്ക് ആ മനുഷ്യനോട് വല്ലാത്തൊരു അനുകമ്പ തോന്നി. ഉമ്മറത്തെ ചില്ലുഫ്രെയിമിൽനിന്നു നിറഞ്ഞ ചിരിയോടെ കുഞ്ഞമ്മായിയും ഞങ്ങളെ വീട്ടിലേയ്ക്ക് ആനയിച്ചു.
“എല്ലാ ദിവസവും കല്യാണം ഇണ്ട് മോനെ, മക്കള് വരുന്നോണ്ട് ഇന്നത്തേയും ഇന്നലത്തേയും കല്യാണം ക്യാൻസൽ ചെയ്തു.”
അതുകേട്ടപ്പോൾ എനിക്കു ചെറിയ അങ്കലാപ്പ് തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല.
വീടിനകത്തെ വലിയ ഹാളിലേക്കു ഞങ്ങളെ അയാൾ ക്ഷണിച്ചു. ഹാളിലേയ്ക്ക് കാലെടുത്ത് വെച്ചപ്പോൾ കറുപ്പും വെളുപ്പും കളങ്ങളുള്ള നിലവും ഒത്തനടുവിൽ ഒരു വലിയ തീൻമേശയും കണ്ടു. അതിന്റെ ഒരറ്റത്ത്നിന്നും മറ്റൊരറ്റം വരെ നിരത്തിവെച്ച പാത്രങ്ങൾ കണ്ടപ്പോൾ പണി പാളി എന്നെനിക്കു മനസ്സിലായി.
കല്യാണ ബിരിയാണി, കുടുക്കാച്ചി ബിരിയാണി, ഇറച്ചിപ്പത്തല്, കായിവട, ചെമ്മീൻ ചോറ്, കല്ലുമ്മക്കായി, കട്ട് ഫ്രൂട്ട്‌സ്, വത്തക്ക ജ്യൂസ്, ഒരു കൊല പഴം, പിന്നെ അലുവയ്ക്ക് മത്തിക്കറിയെന്ന പോലെ ഒരു പ്ലേറ്റ് പഴംപൊരിയും... ഞാൻ ഓരോന്നും വിരൽ തൊട്ട് എണ്ണി.
“രണ്ട് പേർക്ക് കഴിക്കാനുള്ള ഭക്ഷണം ആണോ ഇത്, എന്തെങ്കിലും ഒന്നോ രണ്ടോ സാധനം ആക്കിയാ പോരെ, മൂന്നു തരം ബിരിയാണീം അയിന്റെ മേലെ കല്ലുമ്മക്കായിയും പഴംപൊരിയും, ബാക്കി പേരറിയാത്ത കൊറേ സാധനങ്ങളും. ഇതൊക്കെ എങ്ങനെ കയിക്കും?” ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. അതു വകവെയ്ക്കാതെ അവൾ എന്റെ കൈപിടിച്ച് വലിച്ച് ഇരിക്കാൻ നിർബ്ബന്ധിച്ചു. ശത്രുക്കളുടെ കോട്ടയ്ക്കകത്ത് ട്രാപ്പ് ചെയ്യപ്പെട്ട സൈനികനെപ്പോലെ ഞാൻ ദയനീയനായി നിന്നു.
എന്റെ അങ്കലാപ്പ് കണ്ട് കുഞ്ഞുണ്ണി മാമൻ ഒന്നിരുത്തി നോക്കി. “ഇവൻ കയിക്കും എന്നു വെച്ചിറ്റല്ലേ മോളെ ഞാൻ ഇത്രയും ആക്കിയത്, ഇവൻ തീരെ ഉഷാറില്ലല്ലാ” അയാൾ എന്റെ തോളിലമർത്തി കസേരയിൽ പിടിച്ചിരുത്തി.
“ഇതെല്ലം കിരണിന്റെ ഇഷ്ടപ്പെട്ട സാധനങ്ങളാ മാമാ” അനഘ അയാളുടെ മുഖത്തു നോക്കി നിസ്സംഗമായി ചിരിച്ചു.
“ഞാൻ കഴിക്കൂല എന്നു നിനിക്ക് അറീലെ” പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഞാൻ അനഘയുടെ മുഖത്തേക്കും മച്ചിൻപുറത്തേയ്ക്കും മാറിമാറി നോക്കി. മച്ച് വഴി മറ്റെവിടേയ്ക്കെങ്കിലും രക്ഷപ്പെടാൻ പറ്റുമോ എന്നുപോലും ഞാൻ ആലോചിച്ചു.
“മാമന്റെ കല്യാണ ബിരിയാണിയെങ്കിലും കഴിക്ക് കിരണേ” അനഘ ദയനീയമായി എന്നെ നോക്കി.
“അല്ലല്ല, ഇതു മൊത്തം ഓൻ കയിക്കും. നിന്നോട് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ” കുഞ്ഞുണ്ണി കുലുങ്ങിച്ചിരിച്ചു.
“സാരമില്ല, ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നു. ഇതിലെന്താ അത്ഭുതം?” ഞാൻ ധൈര്യം വീണ്ടെടുത്ത് കൈതി സിനിമയിലെ ദില്ലി ആണെന്നു സ്വയം സങ്കൽപ്പിച്ചു.
ഉണ്ടായിരുന്ന കൊതി മുഴുവൻ പോയെങ്കിലും വാശിപ്പുറത്ത് കല്യാണ ബിരിയാണി ഉരുട്ടിക്കയറ്റി. അതു തീർന്നയുടനെ കുഞ്ഞുണ്ണി മാമൻ ചെമ്മീൻ ചോറ് എന്റെ മുന്നിലേയ്ക്ക് തള്ളിവെച്ചു.
“നീ ഇത് കയിക്ക്, കുടുക്കാച്ചി ബിരിയാണി ഓള് കയിച്ചോളും.”
“ഞാൻ കഴിച്ചോളാം മാമാ” അനഘ ഭാവഭേദമില്ലാതെ കഴിപ്പ് തുടങ്ങി.
ചെമ്മീൻ ചോറ് കാൽഭാഗത്ത് വെച്ച് നിർത്തിയെങ്കിലും ഇറച്ചിപ്പത്തലും കല്ലുമ്മക്കായിയും ഒക്കെ എന്റെ മുൻപിലേക്ക് അയാൾ തള്ളിവച്ചുകൊണ്ടിരുന്നു.
“എന്റെ പൊന്ന് മാമാ, വയറ് നിറഞ്ഞു. തൃപ്തിയായി, ഇനി പറ്റൂല” ഞാൻ ഞെരിപിരി കൊണ്ടു.
“ഓരോന്നിൽനിന്നും ഒന്നെങ്കിലും എടുത്ത് കയിക്ക് മോനെ, മോനുവേണ്ടി ആക്കിയതല്ലേ” കുഞ്ഞുണ്ണിക്ക് വിടാൻ ഭാവമുണ്ടായിരുന്നില്ല.
“ഞാൻ വേണേൽ ഇതു കുടിക്കാം” അയാൾക്ക് സമാധാനമാവട്ടെ എന്നു വിചാരിച്ച് വത്തക്ക ജ്യൂസ് എടുത്ത് വായിലേയ്ക്ക് കമിഴ്ത്തി.
വായിൽ നിറയെ കുടുക്കാച്ചി ബിരിയാണിയുമായി അനഘ എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ഞാൻ ചുണ്ടത്ത് വിരൽ വെച്ച് ശബ്ദിക്കരുത് എന്നു പറഞ്ഞു.
“കയിക്ക് കിരണേ.”
കുഞ്ഞുണ്ണി മാമൻ ഒരു സൈക്കോ തന്നെ എന്നെനിക്കു തോന്നി. അയാൾ എന്റെ മുഖത്ത് നോക്കി കഴിക്ക് എന്ന ആംഗ്യം കാട്ടിക്കൊണ്ടിരുന്നു.
“കായിവടയും പയംപൊരിയും ഒന്നും എനക്ക് കയിക്കാൻ പറ്റൂലാ ട്ടാ, എനക്ക് ഷുഗറാ” എന്തോ വലിയ തമാശ പറഞ്ഞ മട്ടിൽ അയാൾ പൊട്ടിച്ചിരിച്ചു.
എനിക്ക് ആകെപ്പാടെ വിയർക്കാൻ തുടങ്ങി. മാറാല കെട്ടിയ മച്ചിൻ പുറങ്ങളും ചിത്രത്തൂണുകളും ഒരു പ്രേതാലയത്തെ ഓർമ്മിപ്പിച്ചു.
“എന്തായാലും രോഹിണീന്റെ വീട്ടീന്ന് കഴിക്കുന്നതിനേക്കാളും കൂടുതൽ മോൻ ഇവിടുന്ന് കഴിക്കണം.”
ഞാൻ ഞെട്ടിത്തരിച്ച് അനഘയുടെ മുഖത്ത് നോക്കി.
“ഇങ്ങനെ ഒരു മത്സരം ഉള്ള കാര്യം സത്യായിട്ടും എനക്ക് അറീല കിരണെ.”
അവളുടെ മുഖത്ത്നിന്നു ഞാൻ അതു വായിച്ചെടുത്തപ്പോഴേയ്ക്കും കുഞ്ഞുണ്ണി മാമൻ പ്ലേറ്റിൽ കിടന്ന ഒരു പഴംപൊരിയെടുത്ത് അൽപ്പനേരം വിശ്രമത്തിലായിരുന്ന എന്റെ വായിലേയ്ക്ക് കുത്തിക്കയറ്റി.
“കഷ്ടപ്പെട്ട് ഉണ്ടാക്കിയ പഴംപൊരി വേസ്റ്റ് ആക്കല്ലേ മോനെ.”
ഞാൻ ചാടിയെഴുന്നേറ്റ് പഴംപൊരി പാത്രം തട്ടിയെറിഞ്ഞു. കറുപ്പും വെള്ളയും കളങ്ങളുള്ള ഹാൾ വിട്ട് ജീവനും കൊണ്ടോടി, പടിക്കെട്ട് കടന്ന് പറമ്പിലേയ്ക്ക് കുതിച്ചു. പറമ്പിലേയ്ക്ക് തല കുനിച്ചുനിർത്തി വയറിലുള്ളതെല്ലാം മണ്ണോട് ചേർത്തു. പിന്നാലെ ഓടിവന്ന കുഞ്ഞുണ്ണിമാമന്റേയും അനഘയുടേയും നിലവിളി ബിരിയാണിച്ചെമ്പിനകത്ത് അകപ്പെട്ട ശബ്ദംപോലെ ഞാൻ പാതിബോധത്തിൽ കേട്ടു.
നിരാശനായി നിന്ന കുഞ്ഞുണ്ണിമാമനോട് യാത്രപറഞ്ഞ് പടിപ്പുര കടന്നുപോയപ്പോൾ എനിക്ക് അവളോട് ഒന്നു പല്ലിറുമ്മണമെന്നു തോന്നി. “അവളുടെ ഒരു കുഞ്ഞുണ്ണി മാമനും കല്യാണ ബിരിയാണിയും.” പിന്നെ അതു വേണ്ടെന്നു തോന്നി. അവളത് ആസ്വദിച്ചു കഴിക്കുന്നത് ഞാൻ കണ്ടതാണല്ലോ.
കാർ മുക്കവലയിലെത്തിയപ്പോൾ അവളെന്നോട് വണ്ടി നിർത്താൻ പറഞ്ഞു. വീണ്ടും പണി പാളിയോ എന്ന ഭയത്തിൽ അവളെ നോക്കിയപ്പോൾ നിസ്സംഗം ചായക്കടയിലേയ്ക്ക് വിരൽ ചൂണ്ടുന്നത് കണ്ടു.
“ഒരു ലെമൺ ടീ കുടിച്ചോ, ആശ്വാസം കിട്ടും.”
ഞാൻ വണ്ടി നിർത്തി രണ്ട് ലെമൺ ടീ ഓർഡർ ചെയ്തു.
ചായ ഊതിക്കുടിക്കുന്നതിനിടെ അവൾ രോഹിണി എളേമ്മയെ ഫോൺ ചെയ്തു.
“കണ്ടമാനം ഇണ്ടാക്കി വയ്ക്കേണ്ട, ഒരൊറ്റ സാധനം. അതുമതി.” ഫോൺ വെച്ച ശേഷം അവൾ എന്നെ നോക്കി. എന്നിട്ട് വൈകുന്നേരത്തെ കാറ്റ് പോലെ ചിരിച്ചു.
“വയറ്റിലുള്ളതെല്ലാം പോയതല്ലെ, ഒരു എലേൽ പൊതിഞ്ഞ ഉപ്പുമാവ് വാങ്ങി കയിച്ചോ.”
ചില്ലുകൂട്ടിലേയ്ക്ക് ഞങ്ങളുടെ കണ്ണുകൾ ഒരുപോലെ പാഞ്ഞു. വാട്ടിയ വാഴയിലയുടെ ഗന്ധം അവിടെയെങ്ങും പരന്നപ്പോൾ ചൂടുള്ള ഉപ്പുമാവ് ഞാൻ കൊതിയോടെ കഴിക്കാൻ തുടങ്ങി. ബെഞ്ചിന്റെ അങ്ങേത്തലയ്ക്കൽ അവൾ അതാസ്വദിച്ച് ഇരിപ്പുണ്ടായിരുന്നു. അന്നേരം, കണ്ണുകളിലൊരു തിളക്കം കണ്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

