

തിരുവിതാംകൂർ പ്രഭുത്വത്തിന്റെ അവസാനിച്ച അവശിഷ്ടംപോലെ മരങ്ങൾ മൂടി പ്രേതാലയമായ പഴയ കടലോര മാളികയാണ് നഗരത്തിൽ പുതിയ ശ്രദ്ധാകേന്ദ്രമായ ഇറ്റാലിയൻ കോഫി ഷോപ്പായി മാറിയത്. ശംഖുമുഖം കടലോരം വഴി എയർപോർട്ടിലേയ്ക്ക് പോകുന്നവർക്കൊക്കെ ഒരുകാലത്ത് പേടിസ്വപ്നമായിരുന്ന അതേ കെട്ടിടം തന്നെ. ചരിത്രമറിയുന്നവർ പലതും പറയും. അത് എട്ടുവീട്ടിൽ പിള്ളമാർ മഹാരാജാവിനെതിരെ നീക്കം നടത്താൻ ഒത്തുകൂടിയിരുന്ന മാളികയാണെന്നും അതല്ല, മധുരയിലെ രാജനായ്ക്കരുടെ കൊട്ടാരത്തിൽനിന്നും തിരുവനന്തപുരത്തേയ്ക്ക് ഓടിപ്പോന്ന നർത്തകി സുന്ദരവല്ലിയെ പട്ടും പരിവട്ടവും കൊടുത്ത് പാർപ്പിച്ചിരുന്ന അമ്മവീടാണെന്നും. രണ്ടായാലും ആ കടലോരമാളികയെക്കുറിച്ചുള്ള ദുരൂഹ കഥകളിലൂടെ ആ വീട് അങ്ങനെ ശ്രദ്ധയിൽ നിലനിന്നിരുന്നു.
സത്യത്തിൽ അത് വഞ്ചിയൂർ കോടതിയിലെ പേരെടുത്ത അഭിഭാഷകനായ, കോടതിയെ വിറപ്പിച്ചിരുന്ന ഒരു ബാരിസ്റ്റർ പിള്ളയുടെ അവകാശത്തിലും ഇപ്പോൾ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഒരു സുജിത് പിള്ളയുടെ പ്രോപ്പർട്ടിയുമാണ്. ആരും നോക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട മട്ടിൽ കിടക്കുന്ന കൊട്ടാരസദൃശ്യമായ മാളികയെക്കുറിച്ച് ഇത്തരം ദുരൂഹതകൾ നിലനിർത്തുന്നതിൽ ഇപ്പോഴത്തെ അവകാശിയായ സുജിത് പിള്ളയും തന്നാലാവുംവിധം കഥകൾ മെനഞ്ഞിരുന്നു. ‘ഹിസ്റ്റോറിക്കൽ മിസ്റ്ററീസ് ഓഫ് ട്രാവൻകൂർ’ എന്ന പേരിൽ ഒരു പരമ്പരപോലെ പ്രസ്തുത കടലോരമാളികയുടെ കാടുപിടിച്ച ഫോട്ടോയും മാർത്താണ്ഡവർമ്മയുടെ ചിത്രവും നൽകി സുജിത് ഫെയ്‌സ്ബുക്കിൽ എഴുതിയ ഇംഗ്ലീഷ് കുറിപ്പുകൾ ഒരു ഇംഗ്ലീഷ് പത്രം ഹ്യുമൻ ഇന്ററസ്റ്റ് സ്റ്റോറായി നൽകുകയും ചാനലുകളും യുട്യൂബ് വ്ലോഗേഴ്‌സും അത് ഏറ്റെടുക്കുകയും ചെയ്തതോടെ ചരിത്രപരമായ ഒരു കുപ്രസിദ്ധി കടലോരമാളികയ്ക്ക് ലഭിച്ചു. തല്‍ഫലമായി സാമൂഹ്യവിരുദ്ധർപോലും മാളികയുടെ പരിസരത്തേയ്ക്ക് പോകാതെയായി.
പഴയ പ്രഭുവനങ്ങളും കൊട്ടാരങ്ങളും കാണുമ്പോൾ ഭൂതകാലത്തേയ്ക്ക് ഒരുനിമിഷംകൊണ്ട് പറന്നെത്തുന്ന, രാജഭക്തിയുടെ മാനസിക സംത്രാസങ്ങളിലേയ്ക്ക് രോമാഞ്ചപ്പെടുന്ന നഗരവാസികൾക്കു മുന്നിൽ ഒരു സുപ്രഭാതത്തിൽ ഇംഗ്ലീഷ് പത്രത്തിൽ ലാ കോഫിന കോഫിഷോപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെടുകയായിരുന്നു
കറുത്ത കുപ്പായമിട്ട യുവതിയായ ബാരിസ്റ്റ വലിയൊരു കോഫിമഗ്ഗുമായി നിൽക്കുന്ന രീതിയിലായിരുന്നു ലാ കോഫിനയുടെ പരസ്യം രൂപകൽപ്പന ചെയ്തിരുന്നത്. ചരിത്രത്തെ രുചികരമായ മുന്തിയ കാപ്പിക്കും വിഭവങ്ങൾക്കുമൊപ്പം ആസ്വദിക്കാം എന്ന മട്ടിലായിരുന്നു പരസ്യവാചകങ്ങളും വിവരണങ്ങളും. മാളികവീട് അതുപോലെത്തന്നെ നിലനിർത്തി രൂപഭംഗിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയത് ത്രിലോക് നായർ എന്ന ആർക്കിട്ടെക്ടായിരുന്നു.
ഇംഗ്ലീഷ് പത്രങ്ങളിൽ മാത്രമാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മലയാളപത്രങ്ങളിലെ പരസ്യവിഭാഗത്തിൽ ജോലി ചെയ്യുന്നവർ പലരും ലാ കോഫിനയുടെ ഫോൺനമ്പറിൽ ബന്ധപ്പെടുകയും ഇംഗ്ലീഷിലുള്ള ഒരു പെൺശബ്ദവും പരസ്യം നിരസിക്കലും കേട്ട് ഹതാശരായി പരസ്യം സമ്പാദിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. മുംബൈയിൽനിന്നുള്ള ഒരു പരസ്യ ഏജൻസിയുടെ പേരിലായിരുന്നു ആ പരസ്യം. ഇപ്പോഴും ജന്മിത്ത്വ കാലഘട്ടത്തിൽ മനസ്സ് നഷ്ടപ്പെടുത്തി ജീവിക്കുന്ന ആധുനിക നഗരവാസികൾക്ക് ജന്മിത്ത്വ ഭവനം രൂപകൽപ്പന ചെയ്തു നൽകുന്നതിൽ പ്രശസ്തമാണ് ത്രിലോക് നായരുടെ ‘ത്രിലോക് ആർക്കിട്ടെക്റ്റ്‌സ്.’ ‘പടിപ്പുരയും കാവും കുളവും’ സിറ്റിയുടെ ഒത്തനടുവിൽ അഞ്ച് സെന്റിൽ നിർമ്മിച്ചു നൽകുന്ന ത്രിലോക് നായർ, വളരെ പ്രശസ്തനായിരുന്നു. അയാൾ ഒരു മൊറോക്കൻ കോഫി മൊത്തിക്കൊണ്ട് എന്നോട് പറഞ്ഞ കാര്യങ്ങൾ ലാ കോഫിനയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.
ഒരു ഇന്ത്യൻ കോഫീഹൗസ് ഇവിടെയുണ്ടായിരുന്നു. കടലിന്റെ നീലക്കാഴ്ചയും കാറ്റും കാപ്പിക്കപ്പുകൾക്ക് കാവ്യാത്മക സൗന്ദര്യം പകർന്നിരുന്നു. ആ കാഴ്ചയിലാണ് ലാ കോഫിനയുടെ നിൽപ്പ്. ഒരു കപ്പ് കാപ്പിയുമായി കടലിനെ നോക്കിയിരുന്നാൽ ആരുടെ മനസ്സും തരളിതമാവും. സായാഹ്നങ്ങളും നിലാരാത്രികളും നമ്മളെ മറ്റൊരു ലോകത്തേയ്ക്ക് എത്തിക്കുമെന്നതിൽ സംശയമില്ല.
ലാ കോഫിനയിലെ പതിവുകാരായി മാറിയവർ തമ്മിൽ രൂപപ്പെട്ട ഒരു വിചിത്ര സൗഹൃദമാണ് വിജയരഹസ്യം. അതാവട്ടെ, സുജിത്ത് പിള്ള എഴുതിയ കഥകൾപോലെ വിചിത്രവും.
പതിവുപോലെ ഒരു സിഗരറ്റ് പായ്ക്കറ്റ് ലിനൻ പാന്റിന്റെ പോക്കറ്റിൽനിന്നുമെടുത്ത് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് പായ്ക്കറ്റിൽ കൊട്ടിക്കൊണ്ട് ത്രിലോക് എന്നോട് പറഞ്ഞു:
“ഇപ്പോൾ നൂറു മീറ്റർ ചുറ്റളവിൽ രണ്ട് കോഫിഷോപ്പുകൾ മിനിമം കാണാം. തീം ബേസ്ഡായ റെസ്റ്റോറന്റുകളും കോഫിഷോപ്പുകളുമാണ് ഇപ്പോഴത്തെ ട്രെൻഡ്.”
കടലിൽനിന്നും കയറിവരുന്ന കാറ്റിൽ സിഗരറ്റിനു തീപറ്റിക്കാൻ കഷ്ടപ്പെടുകയായിരുന്നു അയാൾ. സിഗരറ്റ് ചുണ്ടിൽ ഇരിക്കുകയായിരുന്നതിനാൽ അയാളുടെ ഒച്ച വ്യത്യസ്ത രീതിയിലാണ് പുറത്തുവന്നത്.
ലാ കോഫിനയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ദുരൂഹതയാണ്... സത്യത്തിൽ രുചികൾ ദുരൂഹമാണ്... ഞാൻ വീടുകൾ രൂപകല്പന ചെയ്യുമ്പോൾ കുറച്ച് ദുരൂഹത നിലനിർത്തും. ഈ കോഫിഷോപ്പിനു പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യണ്ടിവന്നില്ല.
സിഗരറ്റ് കത്തിച്ചതിൽ വിജയിച്ചുകൊണ്ട് ത്രിലോക് പറഞ്ഞു.
ഞാൻ കാപ്പിമലയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ത്രിലോകിന്റെ സംഭാഷണം അന്തരീക്ഷത്തിൽ ശബ്ദങ്ങളായി മുഴങ്ങുന്നതിനിടയിലൂടെ ഞാൻ കാപ്പിമലയിലെ കാപ്പിത്തോട്ടത്തിലൂടെ നടന്നു.
പുലരിമഞ്ഞിൽ വെളുത്ത കാപ്പിപ്പൂക്കൾ. ആ ദൃശ്യം തന്നെ ഓർമ്മകളെ മത്തുപിടിപ്പിച്ചു. കാപ്പിമലയിലെ പളളിമണിയുടെ മുഴക്കവും കുരിശടിയിൽ മുനിഞ്ഞുകത്തുന്ന മെഴുകുതിരിനാളങ്ങളും ഞാൻ വിട്ടുപോന്ന ഇടത്തുനിന്ന് കാപ്പിമണംപോലെ എന്നെ പിന്തുടർന്നു.
കാപ്പിമലയിലെ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഞങ്ങളുടെ ചെറിയ വീട്ടിലെ അടുക്കളയിൽ കാപ്പിപ്പൊടിയിട്ടു വെയ്ക്കുന്ന കാപ്പിപ്പൊടിയുടെ നിറമായി മാറിയ ഡപ്പപോലും എനിക്കോർമ്മ വന്നു. ആ വീടിനു ചുറ്റും പരന്നുകിടന്ന കാപ്പിച്ചെടികൾ വിട്ടുപോരാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല.
കാപ്പിപ്പൂക്കളിൽ നിറയെ വണ്ടും തേനീച്ചകളും മുരളുന്ന ശബ്ദം ചെവിയിൽ ഇപ്പോഴുമുണ്ട്. മുന്തിരിചുവപ്പും തത്തപ്പച്ചയുമുള്ള കാപ്പിക്കുരുക്കൾ ചവച്ചുതുപ്പി നടന്ന ആ കുട്ടിക്കാലം, കൗമാരം, യൗവ്വനം... എന്നെ ലാ കോഫിനയിൽ എത്തിച്ച അടിമത്തം.
കാപ്പിമലയെക്കുറിച്ചോർക്കുമ്പോൾ എനിക്ക് എൽസിയെ ഓർമ്മവരും. എൽസിയുടെ ചുരുണ്ട മുടികൾ അവളുടെ നെറ്റിയിലേയ്ക്ക് വിണുകിടക്കും. അവളുടെ വാക്‌മാനിൽ ഞങ്ങൾ ബീറ്റിൽസിന്റെ പാട്ടുകൾ കേൾക്കുമായിരുന്നു.
ജോൺ ലെനന്റെ വരികൾ:
ഓൾ യു നീഡ് ഈസ് ലവ്
ഓൾ യു നീഡ് ഈസ് ലവ്
ആ വാക്‌മാൻ ഓരോ ഇയർഫോണുകളിലുമായി ഞങ്ങളുടെ ചെവികളിലിരുന്നു.
കാപ്പി പറിച്ചെടുക്കുന്നതാണ് രസം. എൽസി എന്റെ പിന്നാലെയുണ്ടാവും അവളുടെ വളർത്തുനായ ടോമിയുമുണ്ടാവും. കാപ്പിക്കമ്പുകളിൽ വരിവരിപോലെ കാപ്പിക്കുരുക്കൾ ചുവന്ന് മുന്തിരി നിറത്തിൽ പഴുത്തുനിൽക്കുന്ന കാഴ്ച പുലരിമഞ്ഞിൽ മനോഹരമായ ദൃശ്യമായി ഞങ്ങളുടെ മുന്നിലുണ്ടാവും.
കാപ്പിത്തോട്ടത്തിലെ തണുപ്പിൽ ഇരുണ്ടു തണുത്ത മണ്ണിൽ പഴുത്ത ഇലകൾ വീണു ഫോസിലുകളായി മാറിയ കാപ്പിയിലകൾ ഭൂമിയിൽ ഒരു മെത്ത പണിതിരുന്നു. കാപ്പിക്കുരുക്കൾ നിറഞ്ഞ നീലയും ചുവപ്പും ബക്കറ്റുമായി ഞങ്ങൾ കാപ്പിത്തോട്ടത്തിൽ കെട്ടിപ്പിടിച്ചുകിടന്നു. എന്റെ പ്രീഡിഗ്രിക്കാലമായിരുന്നു അത്. എൽസി പത്താംക്ലാസിലും. കാപ്പിത്തോട്ടത്തിന്റെ ഉടമ എൽസിയുടെ അപ്പന് എന്നെ നല്ല വിശ്വാസമായിരുന്നു. അവളുടെ ഫ്രോക്കിലെ മഞ്ഞപ്പൂക്കൾക്കിടയിലൂം ഞാൻ കാപ്പിക്കുരുക്കൾ പറിച്ചിട്ടു. കാപ്പിക്കുരുക്കൾ വിരിച്ച പരമ്പിൽ ഞങ്ങൾ പ്രണയിച്ചു. ചെറിയ നാരങ്ങാവലുപ്പമുള്ള അവളുടെ സ്തനങ്ങളിൽ മൊട്ടുപോലെ രണ്ടു കാപ്പിക്കുരു ഞാൻ വെച്ചു.
കാപ്പിമലയിലെ കാപ്പിത്തോട്ടത്തിൽ മഞ്ഞു പൊഴിയുന്നതും മഴ പെയ്യുന്നതും വെയിൽ പുള്ളി പുള്ളിയായി വീഴുന്നതും ഞങ്ങൾക്കു വേണ്ടിയാണെന്നു തോന്നിയിരുന്നു. ഹാപ്പി എന്നെഴുതിയ ടീഷർട്ടിലും ഫ്രോക്കിലും എൽസി എന്നെ മത്തുപിടിപ്പിച്ചിരുന്നു. ചില അക്ഷരങ്ങൾ ഹാപ്പി എന്നെഴുതിയ ടീഷർട്ടിൽനിന്നും നഷ്ടപ്പെട്ടിരുന്നു. ചെറുകിളികളുടെ കലപില കാപ്പിത്തോട്ടത്തിൽ ഞങ്ങളുടെ പ്രണയത്തിനു സൗന്ദര്യം പകർന്നു.
എൽസിയുടെ അപ്പന് മില്ലുണ്ടായിരുന്നു. കാപ്പിമലയുടെ മുകളിലെ പാറയിൽ ഞങ്ങൾ പരമ്പ് വിരിച്ച് കാപ്പിക്കുരുക്കൾ ഉണക്കാനിട്ടു. പെൺകുട്ടികളുടെ രഹസ്യങ്ങൾ പലതും അവൾ എനിക്ക് പറഞ്ഞുതന്നു.
നിനക്ക് നേർപ്പിച്ച പാൽകാപ്പിയുടെ നിറമാണ്.
അവൾ എന്നോട് പറഞ്ഞു
യെസ്... കോഫി ഈസ് ടു മച്ച് നൊസ്റ്റാൾജിക്ക്...
ത്രിലോക് എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കാതെ ഞാൻ കുറച്ചുറക്കെ പറഞ്ഞുപോയി.
സായാഹ്ന സൂര്യൻ നീലക്കടലിൽ തീർക്കുന്ന വർണ്ണങ്ങൾക്കിടയിലൂടെ പതിവുകാരായ ലാ കോഫിനയിലെ അടിമകൾ ഓരോരുത്തരായി വന്നെത്തുന്നത് ഞാൻ നോക്കിയിരുന്നു. സാധാരണ എനിക്കു മുൻപേ മാത്യു എത്തുന്നതാണ്. ഇന്ന് ആ പതിവു തെറ്റി. വായിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് നോവലുമായി അയാൾ അലസനായി നടന്നുവന്നു. ബുദ്ധന്റെ പടമുള്ള നിറം മങ്ങിയ ടീഷർട്ടും ജീൻസുമായിരുന്നു അയാളുടെ വേഷം. വെളുത്ത ബോഗയ്ൻവില്ല പൂക്കൾ വിരിഞ്ഞുനിൽക്കുന്ന, കടൽ കാണുന്ന പതിവു കസേരയിലിരുന്ന് മാത്യു അടയാളം വെച്ച നോവൽ തുറന്നു.
എൽസിയുടെ കഥ ഞാൻ മാത്യുവിനോട് മാത്രമെ പറഞ്ഞിട്ടുള്ളൂ. ലാ കോഫിനയിൽ ഇംഗ്ലീഷ് പുസ്തകവും പിടിച്ച് സിഗരറ്റുകൾ ഇടതടവില്ലാതെ വലിച്ച് അയാൾ ഒരു കാപ്പിമൂല തന്നെ സ്വന്തമാക്കി. ഞങ്ങളെത്തുമ്പോൾ മാത്യുവാകും ആദ്യം ഗ്രീറ്റ് ചെയ്യുന്നത്. എന്നെങ്കിലും നോവെലഴുതി നോവലിസ്റ്റാവണം എന്ന സ്വപ്നം അയാളെ ലാ കോഫിനയിൽ എത്തിക്കുകയായിരുന്നു.
ചിലയിടങ്ങളാണ് ഓർമ്മകളെ നമ്മളിലേയ്ക്ക് തിരികെയെത്തിക്കുന്നത്. എൽസിയെ ഓർക്കാൻ വേണ്ടി ഞാൻ ലാ കോഫിനയിൽ എപ്പോഴും എത്തുന്നപോലെ. ഓർമ്മകൾ മണം, ഇടം, രുചി എന്നിവയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. കാപ്പിത്തോട്ടത്തിലെ ഞങ്ങളുടെ പ്രണയം എൽസിയുടെ അപ്പന് ടോമിയായിരിക്കും ഒറ്റിയത്. നായകൾ അങ്ങനെ മനുഷ്യനെ ചതിക്കാറില്ലല്ലോ. കൂറുള്ള നായയായിരുന്നു അവൻ.
എൽസി കോഴഞ്ചരിയിലെ ആശുപത്രിയിൽനിന്നും നഴ്‌സിങ്ങ് പഠനം കഴിഞ്ഞ് എറണാകുളത്തിനു പോവുകയും അവിടെനിന്ന് അയർലൻഡിനു വിമാനത്തിൽ പറക്കുകയും ചെയ്തു. കഴിഞ്ഞ ക്രിസ്മസിന് അവൾ കെട്ടിയവനും പിള്ളാർക്കുമൊപ്പം ഇടവകപള്ളിയിൽവെച്ച് എന്നെ നോക്കി ചിരിച്ചു. കാപ്പിത്തോട്ടത്തിലെ അതേ ചിരി. എനിക്കും അതുമതിയായിരുന്നു. അല്ലെങ്കിൽത്തന്നെ ഓർമ്മകളുടെ സുഖം നിത്യജീവിതത്തിന് എവിടെയാണ്. കാപ്പിത്തോട്ടത്തിലെ എൽസിയെയാണ് ഞാൻ സ്നേഹിച്ചത്. ഇപ്പോഴത്തെ എൽസിയെയല്ല എങ്കിലും കാപ്പി അടിമയായി മാറിയ എനിക്ക് പിന്നീടൊരു പ്രണയമോ വിവാഹമോ ഉണ്ടായില്ല.
എൽസിയുടെ കഥ തന്റെ ആദ്യ നോവലാവുമെന്ന് മാത്യു എന്നോട് ആണയിട്ടു. അയാൾ ഞങ്ങൾക്കിടയിൽ ഒരു പുസ്തകം പോലെ നിശ്ശബ്ദനായി ഇരുന്നു. അയാൾ ആരും വായിച്ചിട്ടില്ലാത്ത ഒരു പുസ്തകമാണ്.
ഞങ്ങളുടെ ടേബിളിൽ മനോഹരമായ ട്രേയിൽ കോഫിപ്പോട്ടും മഗ്ഗുകളും പഞ്ചസാരയുടെ ചെറുബാഗുകളും ബാരിസ്റ്റ കൊണ്ടുവെച്ചു. നീണ്ടു കറുത്തവസ്ത്രമണിഞ്ഞ് ആ കാപ്പി കലാകാരി കോഫി കൊണ്ടുവന്നപ്പോൾ ത്രിലോക് എന്തോ സംസാരിച്ചു. ബാരിസ്റ്റയുടെ മുഖം ചുവന്നു തുടുക്കുന്നതും അവൾ മനോഹരമായ കൊച്ചരിപ്പല്ലുകൾ തുറന്നു ചിരിക്കുന്നതും കണ്ടു. ബാരിസ്റ്റ ‘എൻജോയ് യുവർ കോഫി’ എന്നു പറഞ്ഞു. കോഫിപ്പോട്ട് തുറന്ന് കപ്പിലേയ്ക്ക് കാപ്പി പകർന്നു.
മൊറോക്കൻ കാപ്പിക്കാണ് ഞങ്ങൾ ഓർഡർ നൽകിയത്. വെളുത്ത കപ്പിലേയ്ക്ക് ബ്രൗൺ നിറത്തിൽ പകർന്നുവീണ കോഫിയുടെ പുറത്ത് ലാറ്റെ നിറച്ച് ബാരിസ്റ്റ ഒരു സ്നേഹചിഹ്നം വരച്ചു. കസ്റ്റമറുടെ താൽപ്പര്യ പ്രകാരം കാപ്പിപ്പതകൊണ്ട് രൂപപ്പെടുത്തുന്ന ഇത്തരം അലങ്കാരങ്ങൾ ലാ കോഫിനയുടെ പ്രശസ്തി അതിവേഗം തന്നെ നഗരത്തിലെ പ്രണയിതാക്കൾക്കിടയിൽ പടർത്തി. ബാരിസ്റ്റ അടിമുടി കറുത്തവസ്ത്രം ധരിച്ചിരുന്നു. ഓസ്‌കാർ വേദികളിൽ നിൽക്കുന്ന നടിമാരെ ബാരിസ്റ്റ അനുസ്മരിപ്പിക്കുന്നു.
കോഫിഷോപ്പുകളിൽ പ്രൊഫഷണലായി കാപ്പിയുണ്ടാക്കുന്നവർക്കു നൽകുന്ന പേരാണ് ബാരിസ്റ്റയെന്ന് എന്നോട് പറഞ്ഞത് ഡോ. സുമയാണ്. കുറെക്കാലമായി ഈ കടലോര കാപ്പിക്കടയെക്കുറിച്ചു പറഞ്ഞു ഞാൻ സുമയെ കൊതിപ്പിക്കുകയായിരുന്നു. അവളുടെ ചർമ്മരോഗ ക്ലിനിക്കിൽനിന്നുമിറങ്ങി കാറിലാണ് ഞങ്ങൾ ലാ കോഫിനയിലേയ്ക്ക് അന്ന് വന്നത്. ഡോ. സുമ ഒരു കോഫി എക്സ്‌പേർട്ടാണെന്ന് ഒരിക്കൽ ഞങ്ങൾ സെക്രട്ടറിയേറ്റിന് അടുത്തുള്ള ഇന്ത്യൻ കോഫീഹൗസിൽനിന്നും കാപ്പി കുടിക്കുമ്പോൾ തന്നെ എനിക്കു മനസ്സിലായിരുന്നു.
ഈ കോഫീഹൗസ് കാപ്പി കുടിക്കുമ്പോൾ പലപ്പോഴും എനിക്ക് എന്റെ ബാല്യം ഓർമ്മ വരും... മറ്റൊരിടത്തും ഈ കാപ്പിയുടെ രുചി ലഭിക്കില്ല. ഒരിക്കൽ ഞാൻ ഇവരുടെ കൗണ്ടറിൽനിന്നും കാപ്പിപ്പൊടി വാങ്ങി വീട്ടിൽ പോയി കാപ്പിയിട്ട് നോക്കി... പക്ഷേ, ഈ രുചി കിട്ടിയിട്ടില്ല കേട്ടോ...
ഡോ. സുമ അന്നു വെളുത്ത കപ്പിലെ ഇന്ത്യൻ കോഫീഹൗസ് കാപ്പി ആസ്വദിച്ചിരിക്കുമ്പോൾ കാപ്പിയെക്കുറിച്ച് വാചാലയായി.
നിനക്കറിയാമോ... എന്റെ മുത്തശ്ശിയെക്കുറിച്ചുള്ള ഓർമ്മ ഒരു കാപ്പിമൊന്തയാണ്. ഞാനും ജീവനും ലോകം മുഴുവൻ ചുറ്റി പല സാധനങ്ങളും ഞങ്ങളുടെ സന്ദർശകമുറിയിലെ ഷെൽഫിൽ കൊണ്ടുവന്നു പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനിടയിൽ പിച്ചളയിലുള്ള ഈ കാപ്പിമൊന്തയുമുണ്ട്. പണ്ട് തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കാപ്പി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നതാ... പതിനഞ്ച് കപ്പ് കാപ്പി വരെ ചൂടാറാതെ ഇരിക്കും. ഇപ്പോൾ വീട്ടിൽ വരുന്നവർക്കെല്ലാം കൗതുകമുള്ള ഏക വസ്തു ഈ കാപ്പിപ്പാത്രമാ...
തന്റെ സാഹിത്യക്ലാസ്സിലെ കുട്ടികൾക്കു വിളമ്പുന്ന അറിവുമായാണ് പ്രൊഫ. ഖാലിദ് ഞങ്ങളുടെ സംഘത്തിൽ കാപ്പികുടിക്കാൻ വന്നത്. ലാ കോഫിനയിലെ അയാളുടെ ബുദ്ധിജീവി വർത്തമാനം നല്ല നേരമ്പോക്കായി മാറി. ഡോ. സുമയോട് തനിച്ച് സംസാരിക്കുംപോലെയാണ് പ്രൊഫസർ ഞങ്ങൾക്കിടയിൽ വർത്തമാനം പറയുന്നത്. ഡോ. സുമ ആക്ടീവ് ലിസണറും ഞങ്ങൾ പാസീവി ലിസണേഴ്‌സുമാവും.
ശരിക്കും ഈ കോഫീഹൗസ് സംസ്കാരം തുടങ്ങിയത് ഇംഗ്ലണ്ടിലാണ്. സാഹിത്യം, രാഷ്ട്രീയം, ചിത്രകല എന്നിവയൊക്കെ വളർന്നതു കാപ്പിക്കപ്പിനൊപ്പമാണ്. നമ്മൾ കുടിക്കുന്ന ഓരോ കപ്പ് കാപ്പിക്കും വിപ്ലവവീര്യമുണ്ട്.
ഡോ. സുമ എന്തോ വലിയ കാര്യം കേട്ടപോലെ തലയാട്ടി. ഞങ്ങൾ വെറുതെ ചിരിച്ചു.
എന്റെ വീട്ടുമുറ്റത്ത് വിടരുന്ന കാപ്പിപ്പൂക്കളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ആ വെളുപ്പ് നിറം മത്ത് പിടിപ്പിക്കുന്ന മണമാണ് കാപ്പിപ്പൂക്കൾക്ക്.
ഡോ. സുമയെപ്പോലെ മറ്റുള്ളവരേയും ലാ കോഫിനയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത് ഞാനായിരുന്നു. മൗത്ത് പബ്ലിസിറ്റിയാണ് ഒരു കോഫിഷോപ്പിന്റെ യഥാർത്ഥ വിജയമെന്ന് ത്രിലോക് പറയും. ഒരുതരം അഡിക്ഷൻപോലെയാണത്. എല്ലാ ദിവസവും വൈകുന്നേരം അറിയാതെ തന്നെ കാപ്പി അടിമകൾ ലാ കോഫിനയിലേയ്ക്ക് വന്നെത്തിച്ചേരുന്നു. ഡോ. സുമ അവരുടെ കൂട്ടുകാരികളെ മാത്രമല്ല, ചർമ്മരോഗികളിൽ ചിലരെക്കൂടി കൊണ്ടുവന്നു. രണ്ടുതരം നിറമുഖമുള്ള സുന്ദരിയായ എമിലി കൂളിംഗ് ഗ്ലാസ് വെച്ച് ഐറിഷ് കോഫി മൊത്തിക്കുടിച്ചുകൊണ്ട് കടൽക്കാറ്റിൽ ചിതറുന്ന അവരുടെ മുടി ഒതുക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ സുജിത് പിള്ള ഈ കടലോരമാളികയെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കഥകൾ സത്യമാണെന്ന് എനിക്കു തോന്നി. രണ്ടുതരം സ്‌കിൻ ടോണുകളുള്ള അവരുടെ മുഖം എന്നെ ഭയപ്പെടുത്തി.
ആദ്യത്തേയോ രണ്ടാമത്തേയോ വരവിൽതന്നെ ഒരാൾ പൂർണ്ണമായും ലാ കോഫിനയിലെ കാപ്പി അടിമയായി മാറുന്നത് വിസ്മയകരമാണ്. വിവിധതരം കോഫികളുടെ വലിയ വിലപോലും ആരും നോക്കാറില്ല. കപൂച്ചിനോ, ബാരിസ്റ്റ ബ്ലാസ്റ്റ്, ബ്രൗണി ഫ്ലാപ്പി, കോൾഡ് കോഫി തുടങ്ങി പ്രിയപ്പെട്ട കാപ്പികൾ.
സുന്ദരിയായ ബാരിസ്റ്റയെ കാണാനാണ് ഞങ്ങളിൽ പലരും ലാ കോഫിനയിൽ എത്തുന്നത് എന്ന തിയറി ഡോ. സുമ തമാശപോലെ പറഞ്ഞിരുന്നു. പ്രൊഫസർ ഖാലിദാണ് ആ വാദം തകർത്തത്.
അങ്ങനെ പറയല്ലേ സുമ... ഈ നഗരത്തിലെ റൂഫ്‌ടോപ് ബാറുകൾ ഭരിക്കുന്നത് ബാരിസ്റ്റയെക്കാളും സുന്ദരിമാരായ റഷ്യൻ ബാർ ടെൻഡഴ്‌സാണ്; അങ്ങനെയെങ്കിൽ ഞങ്ങൾക്ക് അവിടെ പോയാൽ മതിയല്ലോ...
പ്രൊഫസർ അങ്ങനെ പറഞ്ഞെങ്കിലും എൽസിയെ ഞാൻ ബാരിസ്റ്റയിൽ കാണാറുണ്ടായിരുന്നു.
നാലാമത്തെ തവണ ലാ കോഫിനയിൽ കാപ്പി അടിമയായി എത്തിയപ്പോഴാണ് ത്രിലോകിന്റെ കണ്ണുവെട്ടിച്ച് ഞാൻ കോഫിഷോപ്പിന്റെ ഉൾവശങ്ങളിലേക്ക് ഊളിയിട്ടത്. സുജിത് പിള്ള എഴുതിയ കടലോരമാളികയുടെ കഥകളറിയാനുള്ള കൗതുകം. അകംഭിത്തികളിൽ വിവിധ നാടുകളിലെ കാപ്പിത്തോട്ടങ്ങളിൽ സുന്ദരിമാർ നിൽക്കുന്ന ഫോട്ടോകൾ, പിക്ച്ചർ കാർഡുകൾ, ആകർഷകമായ കാപ്ഷനുകൾ, കാപ്പിയുടെ കഥ, വിവിധതരം ഇലകൾ, കാപ്പിക്കുരുക്കൾ, കാപ്പി പൊടിക്കുന്ന പ്രാകൃത മില്ലുകളുടേയും പുതിയ ബാരിസ്റ്റ ഉപകരണങ്ങളുടേയും ചിത്രങ്ങൾ.
വരാന്തകളിലെ വർണ്ണച്ചെടികൾ വിട്ട് അകത്തേയ്ക്ക് കയറി. വിവിധതരം ജാറുകളിൽ വിവിധ ദേശങ്ങളിലെ കാപ്പിക്കുരുക്കൾ നിറഞ്ഞിരിക്കുന്നതിനു സമീപം ബാരിസ്റ്റയുടെ മാന്ത്രികത നിറയുന്ന കോഫി മെഷീൻ ആഡംബരത്തോടെയിരിക്കുന്നു. കാപ്പിക്കുരുക്കൾ ശേഖരിച്ചിരിക്കുന്ന ഭരണികളിൽ കയ്യിട്ട് ചിലത് വാരിയെടുത്തു. വറുത്ത കാപ്പിക്കുരുക്കൾ മൊറോക്കോ കോഫി ബീൻസ് എടുത്ത് കടിച്ചുപൊട്ടിച്ചപ്പോൾ എനിക്കു തലകറങ്ങുന്നതുപോലെ തോന്നി.
കാപ്പിക്കുരുക്കൾ ചവച്ചും മണത്തും ഞാനങ്ങനെ നിന്നപ്പോൾ ബാരിസ്റ്റ അങ്ങോട്ട് വന്നു. അവൾ എവിടെനിന്നാണ് പ്രത്യക്ഷപ്പെട്ടതെന്ന് എനിക്കു മനസ്സിലായില്ല.
“നിങ്ങൾ എന്തു ചെയ്യുകയാണിവിടെ?”
ബാരിസ്റ്റ ഇംഗ്ലീഷിലാണ് ചോദിച്ചത്.
“ഇല്ല... വെറുതെ നോക്കിനിൽക്കുകയായിരുന്നു...”
ഞാൻ മലയാളത്തിൽ മറുപടി പറഞ്ഞു. ബാരിസ്റ്റ മെല്ലെ എന്റെ കരം കവർന്നു.
“വരൂ...”
കോഫിഹൗസിന്റെ ഉൾത്തളത്തിൽനിന്നും ബാരിസ്റ്റ എന്നെ പുറത്തേയ്ക്ക് നയിച്ചു. ഞാനിരുന്ന സീറ്റിൽ എന്നെ ഇരുത്തിയശേഷം അവൾ ഒരു പുഞ്ചിരിയോടെ വിടവാങ്ങി. ഈ സംഭവത്തിനു ശേഷം ലാ കോഫിനയുടെ അകത്തേയ്ക്ക് പോകാൻ ഞാൻ ശ്രമിച്ചിട്ടില്ല.
ദിവസവും ലാ കോഫിനയുടെ പ്രശസ്തി നഗരത്തിൽകൂടി വരുന്നുണ്ടായിരുന്നു. മിക്കിമൗസ് എന്ന പേരിൽ ഒരു ഫുഡ് യു ട്യൂബ് ചാനൽ നടത്തുന്ന പെൺകുട്ടി ലാ കോഫിനയിൽ വന്ന ദിവസം ഞാൻ നേരത്തെ എത്തിയിരുന്നു. ത്രിലോക് എന്നെ ക്ഷണിച്ചിരുന്നു. മിക്കിമൗസ് പെൺകുട്ടി വീഡിയോയ്ക്ക് ഒരു ഇൻട്രോ പോലെ കാപ്പിയുടെ ചരിത്രം പറഞ്ഞത് എനിക്ക് കൗതുകകരമായി തോന്നി.
“ഹായ് ഗൈസ്... മിക്കിമൗസിന്റെ മറ്റൊരു എപ്പിസോഡിലേയ്ക്ക് സ്വാഗതം. ഇന്നത്തെ നമ്മുടെ വീഡിയോ ലാ കോഫിന എന്ന സിറ്റിയിലെ സെൻസേഷണലായ കോഫി ഷോപ്പിനെക്കുറിച്ചാണ് കേട്ടോ... കാപ്പിയുടെ ചരിത്രം അറിയാത്തവർക്കായി കഥ ഞാൻ പറയാം. കഥയല്ല കേട്ടോ, ചരിത്രം തന്നെയാണ്.
മിക്കിമൗസ് വ്ലോഗർ ലാ കോഫിനയുടെ അകത്തളങ്ങളിലേയ്ക്ക് കാപ്പി വിശേഷങ്ങൾ അറിയാനായി പോയപ്പോൾ ഞാൻ കാപ്പിമലയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.
ആറാം നൂറ്റാണ്ടിൽ എത്യോപ്യയിലെ കാഫ എന്ന സ്ഥലത്ത് ആട്ടിടയനായ ഒരു ബാലൻ ആടുമേയ്ക്കുകയായിരുന്നു. കാൽഡി എന്നായിരുന്നു അവന്റെ പേര്. കുറ്റിക്കാടുകൾ നിറഞ്ഞ മലഞ്ചരുവിൽ ആട്ടിൻപ്പറ്റത്തെ മേയ്‌ചുകൊണ്ടു നിന്നപ്പോൾ അവൻ ഒരു കാര്യം ശ്രദ്ധിച്ചു. ഏതോ ഒരു ചെടിയുടെ ഇലകളും കായ്കളും തിന്നതിനുശേഷം ആടുകൾക്ക് ലഹരി പിടിച്ചപോലെ മയക്കം വരുന്നു. അവൻ ഈ സംഭവം പലരോടും പറഞ്ഞു. സമീപപ്രദേശത്തെ ഒരു ആശ്രമത്തിലെ സന്ന്യാസിവര്യന്മാർ ഈ വാർത്ത കേട്ട് ഈ വിചിത്രമായ ചെടി പരിശോധിക്കുകയും അതിന്റെ കുരു ചവച്ച് തിന്നുകയും അവരും ലഹരിപിടിച്ച അവസ്ഥയിലായി.
മിക്കിമൗസ് വ്ലോഗർ ലാ കോഫിനയുടെ അകത്തളങ്ങളിലേയ്ക്ക് കാപ്പി വിശേഷങ്ങൾ അറിയാനായി പോയപ്പോൾ ഞാൻ കാപ്പിമലയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.
കാപ്പിച്ചെടികൾ വളർന്നുനിൽക്കുന്ന കാപ്പിമല, പഴുത്ത, പച്ചനിറമുള്ള കാപ്പിക്കുരുക്കൾ. കുട്ടിക്കാലത്ത് കാപ്പിക്കുരുക്കൾ പറിച്ച് തോടുകളഞ്ഞ് ഉണക്കി അതു പൊടിക്കാനായി മില്ലിൽ കൊണ്ടുപോയിരുന്ന കാര്യം ഓർത്തെടുത്തു. എൽസിയേയും ഞങ്ങളുടെ കൗമാര നിഷ്‌കളങ്ക പ്രണയവും ഓർമ്മ വന്നു.
കാപ്പിക്കുരുകൾ പൊടിക്കുന്ന മില്ലിൽ ബ്രൗൺനിറത്തിലുള്ള തരികൾ പൊടിഞ്ഞുവീഴുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിന്നു. ചെറിയ സഞ്ചിയിൽ പൊടിച്ചുകിട്ടിയ ചൂടാറാത്ത കാപ്പിപ്പൊടിയുമായി വീട്ടിലെത്തുമ്പോൾ ആ കാപ്പിപ്പൊടിയിൽനിന്നും ഒരു സ്പൂണെടുത്ത് അമ്മച്ചി കാപ്പിയുണ്ടാക്കിത്തരുന്നത് ഓർമ്മവന്നു. ആ കാപ്പിപ്പൊടിയിട്ടു വെച്ചിരുന്ന ഡപ്പപോലും ഓർമ്മവന്നു.
കഴിഞ്ഞതവണ കാപ്പിമലയിൽ പോയിട്ടു വന്നപ്പോൾ ഞാൻ കാപ്പിത്തൈകൾ കൊണ്ടുവന്നിരുന്നു. വീടിന്റെ പിന്നിൽ ആരും കാണാതെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു കാപ്പി ചെടികൾ.
ഈ സായാഹ്നത്തിലും ഞാൻ പതിവുപോലെ ടെക്‌നോപാർക്കിലെ എന്റെ ഓഫീസിൽ നിന്നുമിറങ്ങി ഡോ. സുമയുടെ ചർമ്മരോഗ ക്ലിനിക്കിലേയ്ക്ക് ബൈക്കോടിക്കുകയാണ്. ലാ കോഫിനയിൽ ബാരിസ്റ്റ ഞങ്ങളെ കാത്തിരിപ്പുണ്ടാകും. ലാ കോഫിനയുടെ പിന്നിൽ നടാനായി എന്റെ ഓഫീസ് ബാഗിൽ കാപ്പിത്തൈകൾ ഞാനെടുത്തു വെച്ചിട്ടുണ്ട്. രുചിപോലെ ഓർമ്മകളേയും എനിക്ക് നട്ടെടുക്കേണ്ടതുണ്ടല്ലോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates