പി. സുധാകരൻ എഴുതിയ കഥ: നീ മട്ടുമേ...

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
പി. സുധാകരൻ എഴുതിയ കഥ: നീ മട്ടുമേ...
Updated on
7 min read

നീയവരുടെ പാട്ട് കേട്ടോ?” സംഗീതശാലയിൽനിന്നും പുറത്തിറങ്ങുമ്പോൾ അവൾ ആദ്യം ചോദിച്ചതതായിരുന്നു.

“അതെന്താ?”

“ഞാൻ കേട്ടില്ല... കണ്ടത് അവരുടെ കണ്ണുകൾ മാത്രമാണ്... നിറയെ സംഗീതമുള്ള കണ്ണുകൾ. ഞാനോ നീയോ നിശ്ശബ്ദരായ നൂറുകണക്കിന് സംഗീതാസ്വാദകരോ അവിടെയില്ല. നിലാവെളിച്ചത്തിൽ രണ്ട് നദികൾ മാത്രം... ‘നീ മട്ടുമേ... എൻ നെഞ്ചിൽ നിർകിരായ്...’ പ്രണയത്തിന്റെ ഏകാന്തത ഇത്രയും തീക്ഷ്ണമാവുമെന്ന് നമ്മൾ അറിയുന്നത് ഇങ്ങനെയൊക്കെയാണ്...”

“പ്രണയത്തിന്റെ ഏകാന്തത... അങ്ങനെയൊന്നുണ്ടോ?”

“ഇല്ലേ? അറിയില്ല...” അവൾ ഒരു നിമിഷം നിശ്ശബ്ദയായി. “പക്ഷേ, ഈ അൻപതാം വയസ്സിലും ഓരോ ശിശിരത്തിലും ഒരു ദേശാടനക്കിളിയെപ്പോലെ കടൽ കടന്നെത്തുന്നതെന്തിനാണെന്ന് ഞാൻ എന്നോട് ചോദിക്കാറില്ല. എന്നാലും നീ എന്നിലേക്ക് ചിറകുവിരിക്കുമെന്ന് ഓരോ വരവിലും ഞാൻ ആശിക്കും... മറ്റൊരു ഋതുവിലേക്ക് തിരികെ പറക്കുംവരെ.”

അയാളോർത്തു. ഇക്കഴിഞ്ഞ പത്തുവർഷത്തിനിടെ അവളെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിയത് പോലും അപൂർവ്വം. ഹോട്ടൽ ലോബിയിലെ കൂടിക്കാഴ്ചകൾ... വാക്കുകളെക്കാൾ നീണ്ട മൗനങ്ങൾ. പാതിമുറിഞ്ഞ വാക്കുകളുമായി കോഫീ ഷോപ്പുകളിലും ബിയർ പാർലറുകളിലും നിന്നുള്ള മടക്കം. ഒരിക്കൽപോലും അവളെ യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോയിട്ടില്ല. ഒന്ന് ചുംബിക്കാൻപോലും പലപ്പോഴും മറന്നു. പക്ഷേ, ദിവസങ്ങളോളം അനന്തമായ മേഘവിതാനങ്ങളും തമോഗർത്തങ്ങളും ഉള്ളിൽ നിറയും. കാൻവാസിൽ ശൂന്യതയുടെ ധവളിമ, ചില നേരങ്ങളിൽ ഇരുൾ.

ഇല്ലെന്നു സ്വയം നുണ പറയാൻ ആരംഭിക്കുന്നിടത്താണ് പ്രണയം തുടങ്ങുന്നതെന്ന് അവൾ ആവർത്തിക്കും. “അതില്ലെന്നു സ്വയം വാദിച്ച് നീ നിന്നിൽനിന്നും ഓടിയൊളിക്കും. നീ നിന്നോട് നടത്തുന്ന വാദപ്രതിവാദങ്ങളാണ് നിന്റെ ക്യാൻവാസിൽ നിറയുന്ന ശൂന്യത.”

വാദിച്ചു ജയിക്കുക പലപ്പോഴും വിഷമമാണ്, പ്രത്യേകിച്ചും സത്യങ്ങളോട്. ചിലപ്പോഴെങ്കിലും തോന്നാറുണ്ട് ഭീരുവിന്റെ പൊയ്‌മുഖമാണ് മൗനമെന്ന്.

“നമ്മൾ രണ്ടും പ്രണയംകൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ്, അല്ലെന്നു പറഞ്ഞ് നീ ഓടിയൊളിച്ചാലും. അതല്ലേ സത്യം? മാർകേസിന്റെ കപ്പൽച്ഛേദം വന്ന നാവികൻ പറഞ്ഞപോലെ ‘Hope is the only thing that keeps you going when everything seems lost’ എന്നു പറഞ്ഞു നിന്നിലേയ്ക്ക് തന്നെ പറക്കുമ്പോൾ പലപ്പോഴും എനിക്ക് ചിരിവരാറുണ്ട്.”

പാർക്കിങ് ലോട്ടിന്റെ ഒരു മൂലയിൽനിന്ന് സിഗരറ്റിനു തീ കൊളുത്തുമ്പോൾ അവൾ ആരോടെന്നില്ലാതെ പറഞ്ഞു: “ഒരു പ്രായം കഴിയുമ്പോൾ നീ ഈ മൗനത്തിന്റെ പുറന്തോട് പൊട്ടിച്ചേക്കും എന്നു ഞാൻ ഇപ്പോഴും കരുതുന്നു.”

അയാളൊന്നു ചിരിച്ചു. കാറ്റിൽ പാറിപ്പറക്കുന്ന അയാളുടെ താടിരോമങ്ങൾ അവർ പതിയെ തലോടി. “പതിയെ ഓടിച്ചാൽ മതി. ഇത് കാനഡയല്ല...” അവളുടെ ഡ്രൈവിങ്ങിന്റെ വേഗം അയാൾക്കല്പം പരിഭ്രാന്തിയുണ്ടാക്കി.

മുന്നോട്ട് മാത്രം നോക്കി പുകയിലമണത്തിൽ അവൾ ചിരിച്ചു.

“പത്തൊന്‍പത് വയസ്സിലാണ് ആദ്യത്തെ ലോങ്ങ് ഡ്രൈവിന് അച്ഛൻ വണ്ടി തന്നത്. ഊട്ടിയിലേക്കുള്ള ചെങ്കുത്തായ വളവുകൾ തിരിയുമ്പോൾ അച്ഛനും പറയുമായിരുന്നു, ഒരുപാട് വേഗം വേണ്ടെന്ന്. ഇപ്പോൾ മക്കൾ പറയുന്നു അമ്മയ്ക്ക് വേഗം പോരെന്ന്. പക്ഷേ, റൈറ്റ് ഹാൻഡ് ഡ്രൈവ് ശീലിച്ച എനിക്ക് ഇത്ര കാലമായിട്ടും അവിടത്തെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വഴങ്ങിയിട്ടില്ല. കാലം മാറുമ്പോൾ നമ്മുടെയൊക്കെ വേഗവും മാറും അല്ലേ?”

മഹാനഗരത്തിന്റെ രാവിലൂടെ തിരക്കുകളിലൂടെ കാർ മുന്നോട്ട് കുതിക്കുമ്പോൾ അവൾ അച്ഛനുമൊത്തുള്ള യാത്രകൾ ഓർത്തെടുത്തു.

“തന്റെ പഴയ ജാവ ബൈക്കിൽ അച്ഛൻ പറക്കും... മലകളും താഴ്‌വാരങ്ങളും അച്ഛനാണെനിക്ക് കാണിച്ചുതന്നത്... അച്ഛൻ പക്ഷേ, തന്റെ മോട്ടോർ സൈക്കിൾ ഡയറി എഴുതിയില്ല...” അവളുടെ ഇടംകൈ അയാളുടെ വലംകയ്യിൽ മുറുകി. കഴിഞ്ഞ കുറെ വർഷങ്ങളായി അവർ അറിയുന്ന ഒരേയൊരു സ്പർശം.

എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ ചോദിച്ചില്ല. ഇത്തരം യാത്രകളിൽ തീരുമാനങ്ങൾ അവളുടേതാണ്. ചിലപ്പോൾ എവിടെയും ഇറങ്ങാതെ തിരികെ ഫ്ലാറ്റിൽ അയാളെ ഇറക്കി അവൾ മടങ്ങും. വന്നിറങ്ങുന്ന നിമിഷം തൊട്ട് മടക്കം വരെ അവളാണ് കാറിന്റെ അവകാശി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“ഓരോ തവണ മടങ്ങുമ്പോളും ഞാൻ കരുതും ഇനി നിന്നെ തേടിവരില്ലെന്ന്... പക്ഷേ, കഴിയാറില്ല. നിന്നിലേക്കൊഴുകുന്ന അവസാനത്തെ നീരുറവ ഞാനാണെന്ന തോന്നൽ ഇപ്പോഴുമുണ്ട്. ഇളയ മകൾക്കറിയാം അമ്മയുടെ യാത്രകളിൽ വേറെ ഗൃഹാതുരത്വമൊന്നും ഇല്ലെന്ന്.... നീയെനിക്കെന്തെന്നും, പക്ഷേ, ഒന്നും ചോദിക്കാതിരിക്കാനുള്ള വിവേകമുണ്ടവൾക്ക്. ഇപ്പോൾ ഈ യാത്രകളെല്ലാം ഒരു കാരണത്തിൽനിന്നും ഒരേയൊരു കാരണത്തിലേക്കുള്ള നടത്തമാണ്, ഒരു പ്രാർത്ഥനപോലെ...”

ഊടുവഴികളിലൂടെ കടന്ന് ഒട്ടും തിരക്കില്ലാത്ത കടൽതീരത്തിനരികെ വണ്ടി നിർത്തുമ്പോൾ അയാൾക്ക് ചെറിയൊരു പരിഭ്രാന്തി ഉണ്ടായിരുന്നു. പക്ഷേ, ഒന്നും പറയാതെ അയാൾ അവൾക്കൊപ്പം ഇറങ്ങിനടന്നു.

“കടലില്ലാത്ത നാട്ടിൽ ജീവിക്കുമ്പോൾ മാത്രമേ കടലെന്തെന്നറിയൂ”, ഇരുണ്ട വഴികളിലൂടെ കടൽത്തീരത്തേയ്ക്ക് നടക്കുമ്പോൾ അവൾ മാത്രമാണ് സംസാരിച്ചത്. തീരത്ത് തലയടിച്ച് ചിതറുന്ന തിരകളുടെ വെളുപ്പ് മാത്രമായിരുന്നു വഴികാട്ടി. “കൊയ്ത്തുകഴിഞ്ഞ ചോളപ്പാടങ്ങൾക്കപ്പുറം ചുവന്ന സന്ധ്യാകാശം നോക്കി ഞാൻ നാഴികkളോളം നടക്കും. അതിനു മറ്റൊരു ഭംഗിയുണ്ട്, പക്ഷേ, ഇത്ര വർഷമായിട്ടും എനിക്കെന്തോ ഒരു കരയും കടലിനു പകരമായിട്ടില്ല. അച്ഛൻ മലകളുടെ കാമുകനാണ്, ഇപ്പോഴും. എന്നിട്ടും ഞാൻ കടലിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ ഒപ്പം ചേരും... നിനക്കറിയുമോ, ഞാനിനിയും നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടില്ല. നിന്നെപ്പോലെ എനിക്കുമുണ്ട് ചില ഭയങ്ങൾ...”

ഇരുളിൽ കടൽ ഒരു കാഴ്ചയല്ല, സംഗീതമാണ്. ഒരിക്കലും തെളിയാത്ത നീലിമ. വളരെ അപൂർവ്വമായേ ഊടുവഴികൾ ചെന്നവസാനിക്കുന്ന ഈ തീരത്ത് വന്നിട്ടുള്ളുവെങ്കിലും തന്റെ ബാല്യം കാലിൽ തിരയടിക്കുന്നതായി അയാൾക്കു തോന്നി. ഏതോ ഒരു വിളി കാതിൽ മുഴങ്ങി. തീരത്തുകൂടെ പട്ടംപറത്തുന്ന ഒരു കുട്ടി. കടൽക്കാറ്റിൽ പട്ടത്തിനു ദിശതെറ്റുമ്പോൾ പൊടുന്നനെ ആകാശത്ത് കാർമേഘം ഉരുണ്ടുകൂടി; കടൽ അദൃശ്യമാവുകയും തെക്കുവടക്ക് ഒഴുകുന്ന ഒരു പുഴ കാഴ്ചയിൽ തെളിയുകയും ചെയ്തു. നോക്കിനിൽക്കെ പറമ്പിലൂടെ പുഴ ഒഴുകി. വീട് ഒരു ഓർമ്മയായി.

“ആ പ്രളയം ഇപ്പോൾ കാൽകീഴിലൂടെ ഒഴുകുമ്പോലെ, എല്ലാ ഗൃഹാതുരതയും ഒഴുകിത്തീരുന്നു”, അവളുടെ ചുമലിൽ വെച്ച അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്നിട്ടും കടലായിരുന്നു അയാൾക്ക് ജീവവായു. ഏത് പാതിരായ്ക്കും കയറിച്ചെല്ലാവുന്ന വീട്. ആ മണൽപ്പരപ്പിൽ മണിക്കൂറുകളോളം ഒന്നുമോർക്കാതെ കിടക്കാം. പക്ഷേ, ആ രാത്രിയിൽ പുറമ്പോക്കിനപ്പുറത്തെ ആ കടൽത്തീരത്തിലൂടെ നടക്കുമ്പോൾ, എന്തിനെന്നറിയില്ല, അയാൾ അനുഭവിച്ചത് ഒരു വല്ലായ്മയായിരുന്നു.

“എനിക്ക് നിന്നെ മനസ്സിലാവും. ജലം ഒരോർമ്മയാണ്. ഒരുപക്ഷേ, നിന്റെ വീടിനെ വിഴുങ്ങിയ അതെ പ്രളയജലമാവാം നിന്റെ കാലിൽ തഴുകുന്നത്. ഒരുവേള അവയുടെ അതേ ഓർമ്മകളാവാം ഈ രാവിൽ ഈ തിരകളെ നിന്റെ കാലിൽ പോയകാലത്തിന്റെ അടയാളംപോലെ മുത്തമിടുവിച്ചത്. ഓരോ തിരയും നമ്മൾ കൈവിട്ടുപോയതും വീണ്ടും കണ്ടെത്തിയതുമായ കാലങ്ങളുടെ കഥകൾ കൂടിയാണ്”, അയാളുടെ കയ്യെടുത്ത് തന്റെ കൈക്കുടന്നയിൽവെച്ച് ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അവൾ തഴുകി.

“ജീവന്റെ സംഗീതം പുറമ്പോക്കുകളിലാണ് എന്നു പറഞ്ഞ് എന്നെ ഈ തീരങ്ങളിലൂടെ നടത്തിയത് അച്ഛനാണ്”, അയാളുടെ മനസ്സു വായിച്ചിട്ടെന്നപോലെ അവർ പറഞ്ഞു. “മറീനയുടെ തിരക്കിൽ ശ്വാസം മുട്ടുമായിരുന്നു അച്ഛന്.”

ആ തീരങ്ങളിൽവെച്ചാണ് അച്ഛൻ തന്റെ ചോര കിനിയുന്ന ജീവിതം മകൾക്ക് പറഞ്ഞുകൊടുത്തത്. അവനവനെ കണ്ടെത്തിയിട്ടും തനിക്ക് താനാവാൻ കഴിയാതെ പോയതിന്റെ വേദനകൾ. അവനവനിലേയ്ക്ക് നടക്കാനാണ് മകളോടും അച്ഛൻ പറഞ്ഞത്. പതിനെട്ടാം വയസ്സിൽ ആദ്യമായി അച്ഛന്റെ പോക്കറ്റിൽനിന്നും അവൾ സിഗരറ്റെടുത്ത് വലിച്ചപ്പോഴും അച്ഛൻ മൃദുവായൊന്നു ചിരിച്ചു. എന്നിട്ടും ഇരുപതാം വയസ്സിൽ ഒരിക്കലും പൊരുത്തപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അച്ഛനെന്തിനാണ് തന്നെ ഇങ്ങനെയൊരു വിവാഹത്തിലേയ്ക്ക് തള്ളിവിട്ടതെന്ന് അവളിപ്പോഴും സ്വയം ചോദിക്കാറുണ്ട്, അച്ഛനോടും. അതുപോലെldതന്നെ എല്ലാം ഇട്ടെറിഞ്ഞ് ഒരു സുപ്രഭാതത്തിൽ അച്ഛനെന്തിനു നാട്ടിലേയ്ക്ക് മടങ്ങിയെന്നും.

“ജ്യോത്സ്യനും അച്ഛനും കണക്കുകൾ പിഴച്ചു. ഇരുപത്തൊന്‍പത് വർഷം. ഇപ്പോൾ അതൊരു ശീലമായി. ഒരു വീട്ടിലെ രണ്ടു വൻകരകൾ; മക്കൾക്കൊപ്പം കടൽ കടന്നിട്ടും... എന്നിട്ടും നിന്റെ കടലാഴങ്ങൾ അളക്കeതിരിക്കാൻ എനിക്കാവില്ല, നിന്നെ പ്രണയിക്കാതിരുന്നാൽപോലും.”

അരണ്ടവെളിച്ചത്തിൽ സിഗററ്റുപുക കാറ്റിൽ അലിഞ്ഞു.

“നിനക്കറിയാമോ ആദ്യം നിന്നെ കണ്ടത് എപ്പോഴാണെന്ന്?” അയാളുടെ മൈലാഞ്ചിനിറം പടർന്ന താടിരോമങ്ങളിലൂടെ വിരൽ ഉഴിഞ്ഞ് അവൾ ചോദിച്ചു. “അന്നു നീയല്ല, നിന്റെ കയ്യിലെ സിഗാറിന്റെ പുകയില ഗന്ധമാണ് എന്നെ നിന്റെയടുത്തെത്തിച്ചത്. നിനക്കുമുണ്ടായിരുന്നു അതേ ഗന്ധം.”

“അറിയാം, ചില ഗന്ധങ്ങൾ മായാതെ നിൽക്കും. രണ്ടു ഡ്രിങ്കിനുമേൽ സിഗാർ വലിക്കാനറിയാതെ പുക തരിപ്പിൽ കയറി നീയന്ന് ഒരുപാട് ചുമച്ചു.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“അതെ, അന്നെനിക്ക് കൊടിയ തലവേദന ഉണ്ടായിരുന്നു. ഒരുപാടു നാളായി അടിക്കടി വന്നുപോകുന്ന തലവേദന. കാരണം കണ്ടെത്തിയിട്ടും ഇപ്പോഴുമത് മാറാതെ നിൽക്കുന്നു”, അയാളുടെ കൈപ്പത്തിയിൽ അവളുടെ കൈത്തലം മുറുകി.

കടൽച്ചൊരുക്ക് പോലെയാണ് തലവേദന തന്നെ കാർന്നുതിന്നാൻ തുടങ്ങിയത് എന്നവൾ. പ്രണയം നഷ്ടമാവുമ്പോൾ നമ്മൾ ചിലപ്പോൾ രോഗങ്ങൾ കണ്ടെത്താൻ കണ്ടെത്താൻ തുടങ്ങുന്നു.

“ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു പ്രണയമില്ലാത്ത അവസ്ഥയായിരുന്നു ആ തലവേദനയെന്ന്. സത്യത്തിൽ, ഇടയ്ക്കെങ്കിലും മൗനം കൊരുത്ത നിന്റെ വാക്കുകൾ കേട്ട് കടൽ കടക്കുമ്പോഴും ആ ചൊരുക്ക് വീണ്ടും വരും. പിന്നെ ആർട്ടിക്കിനു മേലേക്കൂടെ വിമാനം പറക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽ മഞ്ഞുറയാൻ തുടങ്ങും, ക്രമേണ ഞാൻ എല്ലാം മറക്കും, നിന്നെപ്പോലും. പക്ഷേ, അത് അധികം നിൽക്കില്ല, പ്രണയം, അതൊരു ഒഴിയാബാധയാണ്, പ്രത്യേകിച്ചും മധ്യവയസ്സിൽ നമ്മൾ നമ്മളെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ...”

ഒരു മൂളൽ മതി അവളുടെ വാക്കുകൾക്ക് യാത്ര തുടരാൻ.

“അന്നു നിന്റെ പ്രദർശനത്തിനു വരുമ്പോൾ നിന്നെയോ ചിത്രങ്ങളേയോ ഒന്നുമെനിക്കറിയില്ലായിരുന്നു, ഏതോ ഒരു ഭ്രാന്തിൽനിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം എത്തിയതാണ് ഞാൻ.”

അങ്ങു ദൂരെ കപ്പലുകളുടേയും ബോട്ടുകളുടേയും വെളിച്ചം. കാലിൽ തിരയടിക്കുമ്പോഴും വല്ലാത്തൊരു നിശ്ചലതയായിരുന്നു ആ നിമിഷം കടലിന്.

“നിനക്കറിയുമോ കടലിന് ഋതുഭേദങ്ങളില്ല. ഒരേ ഋതുവിന്റെ പലകാലങ്ങൾ. കാലത്തെ പിടിച്ചുകെട്ടുന്ന സംഗീതം... ഒരു രാത്രിമുഴുവൻ കപ്പൽത്തട്ടിൽനിന്നു നക്ഷത്ര മത്സ്യങ്ങളെ നോക്കിയിട്ടുണ്ട് ഞാൻ. അന്നാണറിഞ്ഞത് കടലിനോളം വെളിച്ചം മറ്റൊന്നിനുമില്ലെന്ന്...” ചിലപ്പോഴെങ്കിലും അവൾ ആത്മഗതങ്ങളിലേക്ക് നീങ്ങും. ഉള്ളിൽ കടലിരമ്പും.

അഴിക്ക അഴിക്ക അഴിയാമൽ... തുടയ്ക്ക തുടയ്ക്ക മറയാമൽ... ഒളിവീശി ഒളിവീശി... കടൽക്കാറ്റിന്റെ ചൂളംവിളിക്കിടെ അവൾ മൂളി. ചില കേൾവികളും ഒരു നിയോഗംപോലെ സംഭവിച്ചുപോകുന്നതാണ്; എത്ര മായ്ക്കാൻ ശ്രമിച്ചാലും.

ആ നിമിഷം അവളുടെ കണ്ണുകളിൽ അയാൾ നിറഞ്ഞു. താൻ മൗനത്തിൽ പൊതിഞ്ഞുവെച്ചതെല്ലാം ആ കടലിരമ്പത്തിൽ അലിയുന്നു. വല്ലാത്തൊരു അനാഥത്വത്തിൽ അയാൾ അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു. “എന്നെ കാണരുതായിരുന്നു എന്നു നിനക്കിപ്പോൾ തോന്നുന്നുണ്ടോ?”

“ചില നിയോഗങ്ങൾ... അത് ഞാനോ നീയോ തീരുമാനിച്ചുറപ്പിക്കുന്നതല്ല... അന്നല്ലെങ്കിൽ മറ്റൊരിക്കൽ നമുക്കു കാണാതിരിക്കാനാവുമായിരുന്നില്ല... നീയും ഞാനും ഒരേ കടലാണ്...” കാറ്റിലാടുന്ന അയാളുടെ മുടിയിഴകൾ കോതി അവൾ പറഞ്ഞു.

“നീയിപ്പോൾ നൃത്തം നിർത്തിയോ?” ഒരേ ഒരിക്കൽ മാത്രമാണ് അവൾ നൃത്തം ചെയ്യുന്നത് അയാൾ കണ്ടിട്ടുള്ളത്. ആദ്യമായി കണ്ടതിന്റെ മൂന്നാംനാൾ. അധികം വൈകാതെ അവൾ കടൽകടന്നു. “ഞാൻ അച്ഛന്റേയും മക്കളുടേയും അടുത്തേയ്ക്ക് പോകുന്നു വീണ്ടും കുടുംബസ്ഥയാവാനുള്ള ശ്രമം, അറിയില്ല ഏതുവരെ എത്തുമെന്ന്. നന്ദി... എന്റെ നൃത്തത്തിനു വന്നതിനല്ല, ആ സിഗാറിന്റെ ഗന്ധത്തിന്, മൗനവും സംഗീതമാണെന്നു പറഞ്ഞതിന്...” പാതിരായ്ക്ക് വിമാനത്താവളത്തിന്റെ ലോഞ്ചിൽനിന്നും അവളുടെ സന്ദേശം. പിന്നെ കുറേക്കാലത്തേയ്ക്ക് യാതൊരു വിവരവുമില്ലായിരുന്നു. അങ്ങനെയിരിക്കെ വീണ്ടുമൊരു സന്ദേശം. കൂടെയൊരു ബ്രോഷറും. “ഞാനിവിടെ ഒരു നൃത്തവിദ്യാലയം തുടങ്ങുന്നു. പാതി സായിപ്പന്മാരായ ഇന്ത്യക്കാർക്ക് ഇതൊക്കെയാണ് ഗൃഹാതുരത്വം.”

കാറ്റിന്റെ ചൂളംവിളിയെ പിന്നിലാക്കി അവർ നടന്നു. ദൂരെ ചെറിയ വീടുകളിൽനിന്നും മിന്നാമിന്നികൾപോലെ വെളിച്ചം.

“നൃത്തം മതിയാക്കി. കാലിന്റെ മുട്ട് അനുവദിക്കുന്നില്ല” -അവൾ പറഞ്ഞു. “നൃത്തവിദ്യാലയവും അടച്ചു. പക്ഷേ, ഇപ്പോഴും ഒരു മോഹമുണ്ട്, വർണ്ണങ്ങൾ മാത്രം സംഗീതം വരച്ച നിന്റെ ക്യാൻവാസുകളെ സാക്ഷിയാക്കി ഒരിക്കൽ നൃത്തം ചവിട്ടണം, അവയിലൊന്നും ഞാനില്ലെങ്കിൽ പോലും. നിനക്കറിയുമോ, അമൂർത്തതയിൽ മാത്രം പ്രാണനെ വരച്ച നിനക്ക് മുന്നിൽ വർണ്ണങ്ങൾകൊണ്ട് മാത്രം വസ്ത്രം ധരിച്ച് മോഡലാകണമെന്നു ഞാൻ ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട്.”

കാറ്റിൽ പറക്കുന്ന താടിരോമങ്ങൾക്കിടയിലൂടെ അയാൾ വീണ്ടും പുഞ്ചിരിച്ചു: “നീയെനിക്ക് അരൂപിയാണ്, ഒരു വർണ്ണംകൊണ്ടും വരച്ചിടാനാവാത്ത ചില സാന്നിധ്യങ്ങളില്ലേ ജീവിതത്തിൽ?”

“ആയിരിക്കാം, ആസക്തിയുണരാത്ത നിന്നിൽ എന്റെ ഉടൽപോലും ഭയം നിറയ്ക്കുന്നുണ്ടാവാം, എന്നെ അരൂപിയാക്കുന്ന ഭയം! പക്ഷേ, നീയെനിക്കരൂപിയല്ല. ഒരുപക്ഷേ, എനിക്ക് വരയ്ക്കാനറിയുമായിരുന്നെങ്കിൽ നിന്നെ മോഡലാക്കി ഞാൻ യേശുവിനെ വരയ്ക്കുമായിരുന്നു, ഒപ്പം മഗ്ദലനമറിയമായി ഞാനും പാപിനിയായി, സാക്ഷിയായി, വിശുദ്ധയായി, ഉടലായി, ആത്മാവായി നിന്നിൽ നിറഞ്ഞവൾ...”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എത്രയൊക്കെ ശ്രമിച്ചിട്ടും അവളിലെ വിങ്ങൽ വാക്കുകൾക്കിടയിലെ നിശ്വാസമായി. കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞത് അയാൾ ശ്രദ്ധിച്ചു. തന്റെ പരുക്കൻ കൈകൊണ്ട് അയാളവളുടെ കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കവേ അവൾ മുഖത്തു ചിരിവരുത്തി പറഞ്ഞു: “ഞാൻ കരഞ്ഞിട്ടൊന്നുമില്ല.”

“അതെനിക്കറിയാം. എത്ര മനോഹരമായി നമ്മൾ നമ്മളോട് നുണപറയുന്നു...”

“അതെ, നിനക്കറിയാം ഞാനും ഇമോഷണൽ ആയ ഒരാളാണെന്ന്. വളരെ കഷ്ടപ്പെട്ട് അതിനെ മറികടന്നെന്ന് സ്വയം വിശ്വസിപ്പിച്ചു നടക്കുന്ന ഒരാൾ... പക്ഷേ, ഈ കണ്ണീർ നമുക്കിടയിലുള്ള വേദനയല്ല കേട്ടോ, അതിനാലാണ് വീണ്ടും വീണ്ടും നിന്നിലേക്ക് തന്നെ എന്റെ ഒഴുക്ക്, നിന്റെ ഭയങ്ങളുടെ രാപ്പനിയറിഞ്ഞിട്ടും.”

മൂന്നു പതിറ്റാണ്ടിനപ്പുറം ഈ നഗരത്തിലേയ്ക്ക് കുടിയേറിയതുപോലും ഒരു ഒളിച്ചോട്ടമായിരുന്നെന്നും അവൾക്കറിയാം. വീടാക്കടംപോലെ അയാളുടെ ഉള്ളിലത് പെരുകുന്നതും.

“നീ നിഷേധിക്കുമെന്നറിയാം, എങ്കിലും പറയ്, നിന്റെ ചിത്രങ്ങളിൽ നിറയുന്ന ചുവപ്പുമുഴുവൻ അവരല്ലേ? ദേവിയായി, മായയായി അവർ തന്നെയല്ലേ തോരാമഴപോലെ പെയ്യുന്നത്?”

അപ്രതീക്ഷിതമായിരുന്നു അങ്ങനെയൊരു ചോദ്യം. ഒറ്റ ചോദ്യം അയാളെ കാലങ്ങൾക്കപ്പുറത്തേയ്ക്ക് ചുഴറ്റിയെറിഞ്ഞു. പറയാനാവാത്ത നിസ്സഹായതകളുടെ ഭാണ്ഡമഴിച്ച് സന്ധ്യയിലേയ്ക്ക് നടന്നുനീങ്ങുന്ന ഒരു മുഖം... അവരുടെ ചുവന്ന സാരി കാറ്റിൽ തിരയടിച്ചു. തിരിഞ്ഞു നോക്കാതെ കടവിനപ്പുറം അവർ ഒരു ചുവപ്പായി മായുമ്പോൾ അയാളുടെ കണ്ണുകൾ കലങ്ങിയിരുന്നു. വിസ്മൃതിയുടെ മണൽത്തിട്ടകളിൽനിന്നും വീണ്ടുമവർ.

“ചില മറവികളെല്ലാം, നിന്റെ ഭാഷയിൽ പറഞ്ഞാൽ നമ്മൾ പറയുന്ന നുണകളായിരിക്കാം, പക്ഷേ, നിന്റെ കണ്ടെത്തൽ... അതെനിക്കുപോലും അജ്ഞാതമായിരുന്നു. അവർ...” അയാൾ വാക്കുകൾക്കുവേണ്ടി തപ്പി അവളുടെ കണ്ണുകളിലേക്ക് നോക്കി. അതൊരു സമുദ്രമായിരുന്നു... ആ നീലിമയിൽ ഏതോ നാവികർ, കടൽക്കാക്കകൾ...

“അവർ... ആ വാക്കിൽ തന്നെയല്ലേ ഒരേസമയം അമൂർത്തമായ ആരാധനയും ഭക്തിയും?” ഇരുണ്ട വഴികളിലൂടെ വാഹനം വളഞ്ഞുപുളഞ്ഞു നീങ്ങുമ്പോൾ അവൾ ചോദിച്ചു: “വഴിയിൽ വീണ് പോകും എന്നറിഞ്ഞുതന്നെയല്ലേ നീ അവരിലേക്കൊഴുകിയത്? എനിക്കറിയാം നിന്റെ ചിത്രങ്ങളിലെ ചുവപ്പുരാശി ഒരു കടൽ വിചാരിച്ചാലും മായില്ലെന്ന്, പക്ഷേ, നീയെന്ന കടലിനെ ഞാൻ ഞാനറിയുന്നയത്ര മറ്റാർക്കും അറിയാനാവില്ല, കാണാനും.”

“ശരിയാണ്... ഒരു വിരലിൽപ്പോലും തൊട്ടിട്ടില്ല ഞാൻ... പേരുവിളിക്കാൻപോലും എനിക്കാവില്ലായിരുന്നു... പക്ഷേ, മായ്‌ച്ചുകളയണം എന്നു തോന്നുന്നു ഇപ്പോൾ...”

“അറിയാം, എനിക്കത് മനസ്സിലാവും. ഒരിക്കൽ എനിക്ക് നിന്നെയും കൂട്ടി അവിടേയ്ക്കൊരു ഡ്രൈവ് പോകണം, നിങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞ ആ കടവിലേക്ക്, നീ മഞ്ഞനിറം കണ്ടെത്തിയ വിളഞ്ഞ നെൽപ്പാടങ്ങളിലേക്ക്.”

വണ്ടി പാർക്ക് ചെയ്ത് ലിഫ്റ്റിലേക്ക് നടക്കുമ്പോൾ അയാൾ ഒരുപാട് വൃദ്ധനായിരിക്കുന്നു എന്നവൾക്കു തോന്നി. കുഞ്ഞിനെയെന്നവണ്ണം അവളയാളുടെ കൈകൾ മുറുകെ പിടിച്ചു. വർഷങ്ങൾക്കപ്പുറം തന്റെ പിടിവിടുവിച്ചപ്പോയ കൈപ്പത്തിയുടെ സാന്ദ്രത അയാൾ വീണ്ടുമറിഞ്ഞു.

“സോറി... ഞാൻ വല്ലാതെ പൊസ്സസീവ് ആവുന്നു അല്ലെ, പക്ഷേ, നിന്നോടല്ലാതെ മറ്റാരോടാണ് ഞാൻ ഇതു ചോദിക്കുക. ഉച്ചാടനം ചെയ്യാനാവാത്ത നിന്റെ ഓർമ്മകളെ നിന്നെക്കാൾ എനിക്ക് മനസ്സിലാവും...” അവളുടെ ശബ്ദം ദശാബ്ദങ്ങൾക്ക് അപ്പുറത്തു നിന്നാണെന്നയാൾക്കു തോന്നി.

മുറിയാകമാനം അലങ്കോലമായാണ് കിടന്നിരുന്നത്. പൂർണ്ണമായതും അപൂർണ്ണമായതുമായ ക്യാൻവാസുകൾ. എല്ലാത്തിലും ചുവപ്പിന്റെ നിറഭേദങ്ങൾ. സ്ത്രൈണമായ ഉൾപ്രേരണകൊണ്ടെന്നപോലെ അവൾ ഓരോന്നായി അടുക്കിപ്പെറുക്കി വെക്കാൻ ശ്രമിക്കുമ്പോൾ അയാൾ തടഞ്ഞു. “അതങ്ങിനെ കിടക്കട്ടെ... എത്ര നേരെയാക്കിയാലും അതു പഴയപടിയാവും...”

“ഇത്തവണ നമ്മൾ ഒരു ബിയർപോലും കഴിച്ചില്ല, കുടിച്ചതു മുഴുവൻ എന്റെ പരിഭവങ്ങൾ”, അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ഫ്രിഡ്ജിൽ ഒരു കുപ്പി ബിയർ ഉണ്ടായിരുന്നു, അത്താഴമേശയിൽ ഒരാൾക്കുള്ള കഞ്ഞിയും.

“ഹോം ഡെലിവറിക്കാരൊക്കെ പോയിക്കാണും, ജോലിക്കാരിക്ക് നിന്റെ വരവ് അറിയില്ലതാനും. ഇനി വിശപ്പ് പകുക്കുന്നപോലെ ഈ അത്താഴവും നമുക്കു പകുക്കാം”, അയാൾ ബിയർ രണ്ടു മഗ്ഗുകളിലായി പകർന്നു.

“നീയെനിക്കൊരു കാൾടാക്സി വിളിച്ചുതരണം, പാതിരാവിൽ ഇനി നീ സ്ഥിരം വിളിക്കാറുള്ള ഡ്രൈവറെ വിളിച്ച് ശല്യപ്പെടുത്തണ്ട”, ബിയർ നുണഞ്ഞുകൊണ്ടവൾ പറഞ്ഞു: “നിന്റെ ഈ ചിത്രങ്ങൾ അവർ എന്നെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?”

“ഉണ്ടാവാനിടയില്ല. പരസ്പരം കാണാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.”

“അറിയാം. എന്നാലും എനിക്കവരെ ഒരിക്കൽ കാണണമെന്നുണ്ട്. അവരും ഞാനുമിപ്പോൾ ഒരു വൻകരയുടെ രണ്ടറ്റത്തല്ലേ, എനിക്കവരെ അറിയാമെന്ന് അവർക്കറിയില്ലെങ്കിലും”, ചുവരിൽ ചാരിവെച്ച ചിത്രങ്ങൾ ഓരോന്നായി നോക്കിക്കൊണ്ടവൾ പറഞ്ഞു. എന്നിട്ട് ചെറിയൊരു ചിത്രം കയ്യിലെടുത്തു. “ഇതു നീ എനിക്കു തരണം, എനിക്കുവേണ്ടിയല്ല. എന്നെങ്കിലും അവരെ കാണുമ്പോൾ നീയെന്ന മൗനത്തിന്റെ ഓർമ്മ അവർക്കു നൽകാൻ. എനിക്കുവേണ്ടി നിന്നിലേയ്ക്ക് തുറന്ന വഴികൾക്കു നന്ദിപറയാൻ.”

“നിനക്ക് ഞാൻ ഒന്നും തന്നില്ല...”

“നീ പകുത്തുതരാറുണ്ടല്ലോ നിന്റെ വിങ്ങൽ.”

വാതിൽക്കലേയ്ക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ സമുദ്രങ്ങളായി. തന്റെ പാപങ്ങൾ മുഴുവൻ കഴുകിക്കളഞ്ഞ വിശുദ്ധി അന്നേരം അയാളറിഞ്ഞു. അവളെ തന്നോട് ചേർത്തുനിർത്തുമ്പോൾ അവൾ വിങ്ങി... “നീയെന്നെ കരയിക്കും... പുലർച്ചെ എനിക്ക് പറക്കണം...”

അവൾക്കുവേണ്ടി വാതിൽ തുറന്നുകൊടുത്ത് അവൾക്കൊപ്പം പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ അവൾ വിലക്കി.

“വേണ്ട, ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം...” അയാളുടെ ചുമലിൽ അവൾ മുഖമമർത്തി. “നാളെ പാതിരാവിൽ ഞാൻ അറ്റ്‌ലാന്റിക്കിനു മുകളിലായിരിക്കും... പിന്നെ ആർട്ടിക്കിന്റെ ഹിമപാളികൾക്ക് മേലെ... മറ്റൊരു ടൈംസോണിൽ, മറ്റൊരു ഭൂമിശാസ്ത്രത്തിൽ...”

“ഇനി?”

“അറിയില്ല ഋതുഭേദങ്ങൾ നമ്മളെ എവിടെ കൊണ്ടെത്തിക്കുമെന്ന്...” ഉത്തരത്തിനു കാത്തുനിൽക്കാതെ അയാളുടെ കവിളിൽ ചുംബിച്ച് അവൾ ലിഫ്റ്റിലേയ്ക്ക് നടന്നു. തിരിഞ്ഞുനോക്കാതെ അവൾ നടന്നുമറയുമ്പോൾ ഉള്ളിൽ എന്തോ കൊളുത്തിവലിച്ചു.

അന്നേരം തന്റെ വേരുകൾ മുറിഞ്ഞുപോകുന്നു എന്നയാൾക്കു തോന്നി. ഏകാകിയായി ചുവരിൽ കൈകൊടുത്ത് അയാൾ തിരികെ നടന്നു. നിശ്ശബ്ദത ചിലപ്പോഴെങ്കിലും കൊടിയ വേദനയാണെന്ന് ആ നിമിഷം അയാളറിഞ്ഞു.

ഉറക്കം കൈവിട്ട ആ പാതിരാവിൽ വിയർത്തൊട്ടി അയാൾ എഴുന്നേറ്റത് തട്ടകത്തെ വെളിച്ചപ്പാടിനെ കണ്ടായിരുന്നു. ഭഗവതിക്ക് മുന്നിൽ ഈയ്യോ എന്ന് ഉറഞ്ഞുതുള്ളുന്ന അയാൾക്കു മുന്നിൽ സർപ്പക്കളങ്ങളിൽ നിറഞ്ഞാടുന്ന കന്യകമാർ. കണ്ണീരില്ലെന്നു വരുത്തി, കൈവിടുവിച്ച് ആ ചുവപ്പിലൂടെ പുഴകടന്നുപോയ സ്ത്രീരൂപം.

ചുവരിൽ ചാരിവെച്ച സ്‌ട്രെച്ച് ചെയ്ത ക്യാൻവാസുകളൊന്നെടുത്ത് അയാൾ അബോധാവസ്ഥയിലെന്നപോലെ വരയ്ക്കാൻ തുടങ്ങി. ക്യാൻവാസിൽ ചുവപ്പിന്റെ സംഗീതം നിറഞ്ഞു. പിന്നെ രതിമൂർച്ഛയിലെന്നപോലെ കണ്ണുകളടച്ച് അയാൾ തളർന്നിരുന്നു. അന്നേരം ആ മുറിയിലാകെ കടൽ തിരയടിച്ചു. അച്ഛന്റെ കയ്യിൽനിന്നും കുതറി നീലയുടുപ്പിട്ട ഒരു പെൺകുട്ടി തിരകൾക്കുമേൽ നൃത്തം ചവിട്ടി. ക്യാൻവാസിൽ നിറയെ നീലയുടെ നിറഭേദങ്ങളായി ആകാശവും കടലും പകർന്നാടി. എല്ലാ വിളക്കുമണച്ച് അമ്മ നഷ്ടപ്പെട്ട കുട്ടിയെപ്പോലെ അയാൾ വിങ്ങിക്കരഞ്ഞപ്പോൾ ക്യാൻവാസിന്റെ നീലിച്ച ആകാശങ്ങളിൽനിന്നും സമുദ്രനീലിമയായി അവൾ അയാളെ നോക്കി ചിരിച്ചു. നീലയുടെ നൃത്തം നിറഞ്ഞ ക്യാൻവാസിനു താഴെ വെറുംനിലത്ത് അയാൾ ഉറങ്ങാൻ കിടന്നു.

പി. സുധാകരൻ എഴുതിയ കഥ: നീ മട്ടുമേ...
വി.വി. കുമാര്‍ എഴുതിയ കഥ: നിനയ്ക്കുന്നതല്ല ഭവിക്കുന്നതൊന്നും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com