കെ.വി. പ്രവീൺ എഴുതിയ കഥ: മദേര്‍സ് ഡേ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
കെ.വി. പ്രവീൺ എഴുതിയ കഥ: മദേര്‍സ് ഡേ
Updated on
7 min read

മദേര്‍സ് ഡേ ദിവസം ഉച്ചയ്ക്കുശേഷം നീ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിൽ വന്നു നില്‍ക്കുകയായിരുന്നു. നീ ഒരുപോലെ ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന നേരമാണത്. അടുക്കളയിലെ കട്ടിംഗ് ബോര്‍ഡിലെന്നോണം ജീവിതത്തെ കീറിമുറിച്ച് പരിശോധിക്കാൻ പുറത്തെ കാഴ്ചകളോരോന്നും നിന്നെ പ്രേരിപ്പിക്കുന്ന വേള.

നിങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിന്റെ കവാടത്തിലെ കുടുസ്സു കാബിനിലിരുന്ന് ആ മധ്യവയസ്കനായ സെക്യൂരിറ്റിക്കാരൻ ഉറക്കം തൂങ്ങുന്ന കാഴ്ച, അയാൾ ഗള്‍ഫിൽ ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയിൽ ആയുസ്സിന്റെ നല്ലൊരു പങ്ക് ഹോമിച്ചതും തിരിച്ചെത്തിയ ശേഷം ഭാര്യയും മക്കളും നിഷ്‌കരുണം കയ്യൊഴിഞ്ഞതുമായ കഥ ഇന്നും നിന്നെ ഓര്‍മ്മിപ്പിച്ചു. അതു പിന്നെ, തകിടംമറിഞ്ഞ മറ്റു പല ജീവിതങ്ങളെക്കുറിച്ചും ഒടുക്കം നിന്നെക്കുറിച്ചു തന്നെയും വിചാരിക്കുന്നിടത്തെത്തുകയും ചെയ്തു.

പക്ഷേ, ഒന്നുണ്ട്. എങ്ങനെ ആലോചിച്ചാലും അവസാനം ഏങ്കോണിച്ച എന്തിലെങ്കിലും എത്തിപ്പെടണം എന്നുള്ള നിന്റെ നിര്‍ബ്ബന്ധബുദ്ധി. അതെ, നീയൊരു ക്രോണിക് അശുഭാപ്തി വിശ്വാസിയാണെന്ന് നിനക്ക് മുഖം കോട്ടാനുള്ള നേരം.

അറുപത് കഴിഞ്ഞ നിന്റെ ദിവസങ്ങൾ ഒരു ടെലിവിഷൻ തുടര്‍ക്കഥപോലെ ആവര്‍ത്തിക്കുകയാണല്ലോ. തിങ്കളാഴ്ചകളിൽ ബാത്‌റൂം വൃത്തിയാക്കൽ. ചൊവ്വകൾ പച്ചക്കറിയും പാലും മീനുമൊക്കെ വാങ്ങാനുള്ളതാണ്. ബുധനാഴ്ചകൾ പാചകത്തിന്, വെള്ളി മുഴുവൻ ഒരു അനുഷ്ഠാനംപോലെ നീ ടി.വിക്കു മുന്നിൽ കുത്തിയിരിക്കും. ഞായറാഴ്ചകളിൽ...

ജീവിതം ഒരുഘട്ടം പിന്നിട്ടാൽ കലണ്ടറിലെ എല്ലാ ദിവസങ്ങളും ഒരുപോലെയാണെന്നും ഇത്തരം ചില തന്ത്രങ്ങളിലൂടെ സ്വയം പറഞ്ഞു വിശ്വസിപ്പിച്ചാണ് ഓരോ മനുഷ്യനും ഓരോ ദിവസത്തേയും നേരിടുന്നതെന്നും നിനക്കറിയാഞ്ഞിട്ടല്ല. അടുത്തകാലത്ത് കണ്ട ഒരു സിനിമയിലെ (അതോ വായിച്ച ഒരു കഥയിലേയോ) സ്ത്രീ പറഞ്ഞതുപോലെ:

“അതെ, ജോലി, കല്യാണം, കുട്ടികൾ, കുടുംബം എല്ലാം സമയം നിറയ്ക്കാനുള്ള വെറും സൂത്രപ്പണികൾ മാത്രമാണ്.”

അതുകൊണ്ടായിരിക്കണം വര്‍ഷങ്ങള്‍ക്കുശേഷം, ഈ മദേര്‍സ് ഡേയ്ക്ക് അമ്മയെ കാണാൻ വരുന്നുവെന്ന് നീതുവിന്റെ സന്ദേശം തേടിയെത്തിയപ്പോഴും നിനക്ക് പ്രത്യേകിച്ചൊന്നും തോന്നാതിരുന്നത്. അവളുടെ സന്ദര്‍ശനംകൊണ്ട് മറ്റൊരു ദിവസം നിറയ്ക്കാം എന്നല്ലാതെ. സ്ഥിരമായി കാണുന്ന സംഗീതപരിപാടിക്കു പകരം, യാതൊരു മുന്നറിയിപ്പുമില്ലാതെ ചാനൽ അതേസമയത്ത് ഒരു സിനിമ സംപ്രേഷണം ചെയ്യുന്നതുപോലെ.

പാസ്റ്റ് ബിഹേവിയർ ഈസ് നോട്ട് ആൻ ഇന്‍ഡിക്കേറ്റർ ഓഫ് ഫ്യൂച്ചർ ബിഹേവിയര്‍ എന്ന് നീ തന്നെയല്ലേ ഒരിക്കൽ അവളോട് പറഞ്ഞത്? അതു പക്ഷേ, ആരെക്കുറിച്ചായിരുന്നു? അവളെക്കുറിച്ചോ അതോ നിന്നെക്കുറിച്ച് തന്നെയോ?

സത്യത്തിൽ മദേര്‍സ് ഡേയ്ക്കായിരുന്നില്ല മൂര്‍ ഹൈസ്കൂളിൽ പ്ലസ് ടുവിനു പഠിച്ചിരുന്നപ്പോഴത്തെ ഒരു ദിവസത്തിന്റെ ഓര്‍മ്മയ്ക്കായിരുന്നു അവൾ കാണാൻ വരേണ്ടിയിരുന്നത് എന്നു നിനക്ക് തോന്നി. ഒരുപക്ഷേ, ആ ദിവസത്തെക്കുറിച്ച് അവൾ ഓര്‍ക്കുന്നുണ്ടാവില്ല; മറ്റു പലതുമെന്നപോലെ.

അഞ്ചു മിനിട്ട് മൈക്രോവേവിൽ വെച്ചുണ്ടാക്കുന്ന ഓട്‌സിനു ഗുണമേന്മ പോരെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്, സ്റ്റീൽ കട്ട് എന്ന അക്രമാസക്തമായ പേരുള്ള ഓട്‌സ് കഞ്ഞിപോലെ വേവിച്ചെടുക്കുകയായിരുന്നു അന്നു നീ. അതിന്റെ പതയും നുരയും ചില മങ്ങിയ ചിന്തകള്‍ക്ക് വഴിയൊരുക്കും മുന്‍പ് പക്ഷേ, ഫോൺ വന്നു.

“ഇത് നീതു സുദര്‍ശനെക്കുറിച്ചാണ്. മൂർ ഹൈസ്കൂളിൽനിന്നു പ്രിന്‍സിപ്പലാണ് വിളിക്കുന്നത്. ഒരു സിറ്റ്വേഷൻ ഉണ്ട്. നീതുവിന്റെ പാരന്റ്‌സ് ആരെങ്കിലും സ്കൂളിൽ വരണം. ചുരുങ്ങിയത് സ്കൂൾ പിരിയുന്നതിന് രണ്ട് മണിക്കൂർ മുന്‍പെങ്കിലും...”

ഇതിനു മുന്‍പ് നീ കണ്ടിട്ടുള്ള, നിനക്ക് അതിപരിചയമുള്ള എന്തുകൊണ്ടോ നിന്റെ ജീവിതത്തെക്കുറിച്ച് പുച്ഛം തോന്നാൻ നിന്നെ പ്രേരിപ്പിക്കുന്ന ആ സ്ത്രീയാണ്, പ്രിന്‍സിപ്പലിന്റെ കസേരയിൽ ഇരുന്നു പറയുന്നത് എന്നത് നിന്നെ കൂടുതൽ അസ്വസ്ഥയാക്കി. ഉടൻ എത്താം എന്നു പറഞ്ഞ് വേഷം മാറി ഇറങ്ങുമ്പോൾ പക്ഷേ, നീതുവിന്റെ പേരിന്റെ വാലായി ഇപ്പോഴും സുദര്‍ശനന്റെ പേരുണ്ടല്ലോ എന്നതാണോ നിന്നെ കൂടുതൽ ചൊടിപ്പിച്ചത്?

പ്രിന്‍സിപ്പലിന്റെ മുറിയിൽ നീതുവിനെ കൂടാതെ മറ്റു രണ്ട് പെൺകുട്ടികളും വേറൊരു ടീച്ചറും കാത്തുനില്പുണ്ടായിരുന്നു. ഇത്രയും രസകരമായ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല എന്ന മട്ടിൽ അതിൽ ഒരു പെണ്‍കുട്ടിയുടെ ചിരി, അവളുടെ കൗമാര കൗതുകം മാറിയിട്ടില്ലാത്ത മുഖം എല്ലാം നിന്നെ കൂടുതൽ അലോസരപ്പെടുത്തി. നിന്നെ കണ്ടപ്പോൾ മുതലുള്ള നീതുവിന്റെ തലകുനിച്ചുള്ള നില്പും കൂടിയായപ്പോൾ എത്രയും പെട്ടെന്ന് വാദി, പ്രതി, സാക്ഷി തുടങ്ങിയ വേഷങ്ങളെ തിരിച്ചറിയാൻ നിനക്കു സാധിച്ചു.

“നീതുവിനെപ്പറ്റി ഇത് ആദ്യമായല്ല പരാതികൾ ഉണ്ടാവുന്നത്” എന്നാണ് പ്രിന്‍സിപ്പൽ ആരംഭിച്ചതുതന്നെ. അതിനു ആദ്യമായാണ് ഞാൻ ഇതുപോലെ ഒരു സംഭവം അറിയുന്നതെന്നും ഈ സ്കൂളിൽ നീതു തുടങ്ങിയിട്ട് വെറും മൂന്നു മാസം ആയതല്ലേ ഉള്ളൂ എന്നുമൊക്കെ പ്രതിഷേധിക്കാൻ നീ തുടങ്ങിയെങ്കിലും പ്രിന്‍സിപ്പലിന്റെ വിചാരണ തടസ്സമില്ലാതെ മുന്നേറി.

“ചീറ്റിംഗ്, കുറുക്കുവഴിയിലൂടെ മുന്നിലെത്താനുള്ള ശ്രമം - എല്ലാം സ്വന്തം വീട്ടിൽനിന്നുതന്നെ പഠിക്കുന്നതാണെന്നു കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ കസേരയിൽ ഇരുന്നു ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നതാണ്. നല്ല മാതൃകയാവാൻ കഴിഞ്ഞില്ലെങ്കിൽ പോട്ടെ, കുറഞ്ഞപക്ഷം അവരെ തെറ്റായ വഴിയിലേയ്ക്ക് നയിക്കാതിരിക്കാനെങ്കിലും അച്ഛനമ്മമാർ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ...”

താൻ പറഞ്ഞതിനു പിന്തുണ പ്രതീക്ഷിച്ചിട്ടെന്നപോലെ പ്രിന്‍സിപ്പൽ മറ്റുള്ളവരുടെ മുഖങ്ങളിലേയ്ക്ക് നോക്കി. നീ ഒഴിച്ച് മറ്റുള്ളവരെല്ലാം അനുസരണയോടെ അത് തലകുലുക്കി ശരി വെക്കുകയും ചെയ്തു.

“ഒരു സഹപാഠിയുടെ ഫോൺ കൈക്കലാക്കുകയും ആ ഫോണിൽനിന്നു ഫോണിന്റെ ഉടമസ്ഥ ഒരിക്കലും അയക്കാൻ സാധ്യതയില്ലാത്ത തരം മെസേജും ഫോട്ടോയും സ്കൂളിലെ മറ്റ് എല്ലാ കുട്ടികള്‍ക്കും അയക്കുകയും അതും പോരാഞ്ഞ് മൂന്നാമതൊരു കുട്ടിയാണ് ഇതെല്ലം ചെയ്തതെന്ന് വരുത്തിത്തീര്‍ക്കുകയും ആണ് നീതു സുദര്‍ശൻ ചെയ്തത്. നിഷ്‌കളങ്കയായ മറ്റൊരു കുട്ടിയെ ഇതിൽ ബലിയാടാക്കാൻ ശ്രമിച്ചതാണ് ഇതിലെ ഏറ്റവും ഗുരുതരവും ശിക്ഷയര്‍ഹിക്കുന്നതുമായ...”

പ്രിന്‍സിപ്പൽ പിന്നെയും ഗിരിപ്രഭാഷണം തുടര്‍ന്നു. ബലിയാടിന്റെ വേഷത്തിലുള്ള പെണ്‍കുട്ടി ഈ ലോകം എത്ര ക്രൂരമാണ് എന്ന മുഖഭാവത്തിൽ സങ്കടപ്പെട്ട്‌ നിന്നു.

എപ്പോഴോ പ്രിന്‍സിപ്പൽ ഉപസംഹരിച്ചപ്പോഴേയ്ക്കും നിന്റെ ക്ഷമയുടെ ഉറവ വറ്റിയിരുന്നിരിക്കണം. അതിനുശേഷം, നീതുവിനു വിധിച്ച മൂന്നുദിവസത്തെ സസ്‌പെന്‍ഷൻ പ്രിന്റു ചെയ്തു വരാൻ നേരിട്ട കാലതാമസമാണോ, അടുക്കളയിൽ, സ്റ്റൗ ഓഫാക്കാൻ മറന്നതു കാരണം സ്റ്റീൽ കട്ട് ഓട്‌സ് ഇപ്പോൾ കരിപുരണ്ടു കാണുമല്ലോ എന്നതാണോ, എന്തുകൊണ്ടാണ് എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിൽ മറ്റൊരിക്കൽ അവരുടെ അമ്മമാരായി മാറുന്നത് എന്ന തോന്നലാണോ, എന്തോ...

എന്തായാലും രാവിലെ നീ തന്നെ തപ്പിപ്പിടിച്ചു കൊടുത്ത വെളുപ്പും ചുകപ്പും കലര്‍ന്ന ഹെഡ് ബാന്‍ഡിൽ പോണി ടെയിലായി മാറിയ നീതുവിന്റെ മുടിയിൽ നീ കുത്തിപ്പിടിച്ചിരിക്കണം, പ്രിന്‍സിപ്പലിന്റെ മുറിയിൽ ഒരു പൊട്ട് പോലും ഇല്ലാതെ വൃത്തിയായിരിക്കുന്ന ചുമരിൽ ഉരക്കാൻ വേണ്ടി അവളുടെ മുഖം അതിനടുത്തേയ്ക്ക് കൊണ്ടുപോയിരിക്കണം. അവളും ചുറ്റുമുള്ളവരും കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതുപോലെ നിലവിളിച്ചിരിക്കണം. നിന്നെ ബലപ്രയോഗത്തിലൂടെ നീതുവിൽനിന്ന് അടര്‍ത്തിമാറ്റിയിരിക്കണം...

എപ്പോഴോ എപ്പോഴോ അടക്കിപ്പിടിച്ച അക്രമവാസനയാണ് നല്ല കുടുംബജീവിതത്തിന്റെ അടിത്തറയെന്ന് ആരോ തത്വം വിളമ്പിയിരിക്കണം...

വീട്ടിൽ തിരിച്ചെത്തിയ ശേഷം, സ്കൂൾ ബാഗ് വലിച്ചെറിഞ്ഞ് നീതു ആദ്യം ചെയ്തത് അവളുടെ തല ചുമരിൽ ഇടിക്കുകയായിരുന്നു. കരിഞ്ഞ് പാനിന്റെ പ്രതലവുമായി ഇഴുകിച്ചേര്‍ന്ന ഓട്‌സ് തണുത്ത വെള്ളത്തിൽ മുക്കിവെക്കുകയായിരുന്നു അപ്പോൾ നീ.

അവളുടെ തല പിടിച്ചുമാറ്റിയ നിന്നോട് “എന്നാ അമ്മ തന്നെ ഇടിക്ക്, എത്ര വേണമെങ്കിലും, തലപൊട്ടി ചാകുംവരെ. ഇടിക്ക്, ഇടിക്ക്” എന്ന് അവളുടെ വാക്കുകളിലെ ദാര്‍ഢ്യം, അതോടൊപ്പം അവളുടെ കണ്‍കോണിലെവിടെയോ ഇനി ഒരിക്കലും ജയിക്കാനാവാത്തവിധം അമ്മയെ തറപറ്റിച്ചെന്ന മട്ടിലുണ്ടെന്ന് നിനക്കു തോന്നിയ ചിരി. എല്ലാം നിന്നെ വീണ്ടും ദുര്‍ബ്ബലയാക്കി. എല്ലാ ദുര്‍ബ്ബലരും ചെയ്യുംപോലെ നീതുവിനെ വീണ്ടും നീ...

അതിനു നീ ഒന്നും നിഷേധിക്കുന്നില്ലല്ലോ. അല്ലേ?

ഒരു ഫാമിലി ഇന്‍ഷുറന്‍സിന്റെ പോസ്റ്ററിൽനിന്നിറങ്ങിയെന്നോണം ബില്‍ഡിംഗ് സിക്സിലെ, ആ അച്ഛനും അമ്മയും അഞ്ചു വയസ്സുകാരൻ മകന്റെ ഓരോ കയ്യിലും പിടിച്ച് ഊഞ്ഞാലാട്ടിക്കൊണ്ട് എന്തോ പറഞ്ഞു ചിരിച്ച് പാര്‍ക്കിംഗ് ഏരിയയിലേയ്ക്ക് നടന്നുപോകുന്നത് ഇപ്പോൾ നിന്റെ ബാല്‍ക്കണിയിൽനിന്നു കാണാം. അതു സ്വാഭാവികമായും നീതുവിന്റെ ആ മെസേജ് വീണ്ടും നോക്കാൻ നിന്നെ പ്രേരിപ്പിക്കും. സത്യത്തിൽ അങ്ങനെ ഒരു സന്ദേശം നീതുവിൽനിന്നു വന്നിട്ടുണ്ടെന്നു നിന്നെത്തന്നെ ഉറപ്പുവരുത്തുന്നതിനുവേണ്ടിയെന്നോണം ആയിരിക്കും അത്.

ആ സ്കൂൾ സംഭവത്തിനുശേഷം മറ്റൊരിക്കൽ നീ അവളുടെ മുറിയിൽനിന്നു വന്ന അടക്കിപ്പിടിച്ച സംസാരം കേൾക്കാൻ ചുമരിൽ കാതുചേർത്തു പിടിച്ചുനിന്നിരുന്നു. അമ്മ ദിവസവും ഓരോ ആണുങ്ങളുമായി വീട്ടിൽ വരുമെന്നും അവരോടൊപ്പം കിടക്കാൻ നിര്‍ബ്ബന്ധിക്കുമെന്നും എതിര്‍ത്താൽ ദേഹോപദ്രവം ചെയ്യുമെന്നും പലതവണ തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നുമൊക്കെ നീ വ്യക്തമായി കേട്ടതാണ്. ഒന്നിനും കുലുക്കാനാവില്ലെന്ന് അഹങ്കരിക്കാറുള്ള നീപോലും അതുകേട്ട് കുറച്ചൊന്ന് ഉലഞ്ഞുപോയെന്നത് വാസ്തവം. അന്ന് അവളെ ഉന്തിത്തള്ളി കയറ്റിയത് കുടയും ചെരുപ്പും പഴയ പ്ലസ്റ്റിക് സാധനങ്ങളും ഒക്കെ സൂക്ഷിക്കുന്ന ആ കുടുസ്സുമുറിയിലേയ്ക്കായിരുന്നു. കയ്യിൽ കിട്ടിയതോ വള്ളി പൊട്ടാറായ ഒരു ഹീൽ സാൻഡലും...

പിന്നീടങ്ങോട്ട് നിങ്ങൾ അമ്മയും മകളും അറിഞ്ഞുകൊണ്ടുള്ള ഒളിച്ചുകളി പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നു. ആവശ്യത്തിനുമാത്രം അടര്‍ന്നുവീഴുന്ന വാക്കുകൾ; സ്കൂൾ കോളേജ് ആവശ്യങ്ങള്‍ക്കും ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ള വിനിമയങ്ങൾ. നിങ്ങളിലൊരാൾ വീട്ടിലില്ലെന്ന് അറിയിക്കാനുള്ള ഹ്രസ്വ സന്ദേശങ്ങൾ. ഒരു ജീവിതകാലം മുഴുവന്‍ ഒരുമിച്ചു കഴിയാൻ രണ്ട് മനുഷ്യര്‍ക്ക് എത്ര കുറച്ചു വാക്കുകളേ ആവശ്യമുള്ളൂവെന്ന് അതു നിന്നെ ഓര്‍മ്മിപ്പിച്ചു.

കാലം പക്ഷേ, അതിവേഗത്തിലാണ് മുന്നേറിയത്. അവള്‍ക്ക് പത്തൊന്‍പതു തികഞ്ഞ വര്‍ഷം, ഒരു ദിവസം വൈകുന്നേരം പാക് ചെയ്ത ബാഗുകളും അവളുടെ രാത്രി കൂട്ടുകാരി ഷയ്‌ക്കോ എന്ന ടെഡി ബെയറും അവൾ ഒരിക്കലും ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത ഒരു ഗിത്താറും ഒരുക്കിവെച്ച് അവളുടെ പുതിയ കൂട്ടുകാരി ഒരു ഹിന്ദിക്കാരിയോടൊന്നിച്ച് അവൾ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ നിനക്ക് സങ്കടമായിരുന്നോ അതോ ആശ്വാസമോ?

പിന്നീട് നിനക്ക് പേരറിയാവുന്ന നീതുവിന്റെ മൂന്നു പങ്കാളികൾ, അസംഖ്യം ജോലികൾ, പല പല നഗരങ്ങൾ. ഇടയ്ക്ക് യൂറോപ്പിലെവിടെയോ കരാർ അടിസ്ഥാനത്തിലൊരു ആറുമാസക്കാല നഴ്‌സിംഗ് ജോലി. നിനക്ക് ഒട്ടും അഭിമാനം തോന്നിയില്ല എന്നു പറഞ്ഞുകൂടാ. ആ കൂസലില്ലായ്മ, ധൈര്യം, സാമ്പ്രദായികമായ ജീവിതവിജയത്തോടുള്ള പുച്ഛം എല്ലാം നിനക്ക് അന്യമായിരുന്നു. എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ നീതുവിന്റെ പ്രായത്തിൽ നിനക്കു ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്നു നീ തീര്‍ച്ചയായും ആഗ്രഹിക്കുന്ന ഒന്ന്...

ഇതിനിടയ്ക്ക് എപ്പോഴെങ്കിലും വരുന്ന എവിടെയും തൊടാതെയുള്ള അവളുടെ ഫോൺ വിളികളിൽ പ്രത്യേകിച്ചൊന്നും നിനക്ക് മഷിയിട്ടെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, അമ്മയ്ക്ക് സുഖമാണോ എന്ന് അവൾ ചോദിക്കാതെ ചോദിക്കുകയാണെന്ന തോന്നൽ തന്നെ ധാരാളമായിരുന്നു നിന്റെ ഏകാന്തതയുടെ കൊക്കൂൺ ഭിത്തികള്‍ക്കിടയിൽ വിള്ളൽ വീഴ്ത്താൻ.

ഒരിക്കൽ നീ മനസ്സിൽ കണ്ടിരുന്നു, ചെറുതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നീതുവിന്റെ വീട്. ആന്തൂറിയവും ഭാഗ്യമുളയും ആഫ്രിക്കൻ വയലറ്റും അലങ്കരിച്ച സ്വീകരണമുറിയിൽ, ചില്ലു ജനാലക്കരികിൽ വെളിച്ചത്തിന്റെ ഒരു ചതുരത്തിനുള്ളിൽ അവൾ ഇരിക്കുന്നുണ്ട്. വെളുപ്പിൽ നീല പൂക്കളുള്ള നീണ്ട ഗൗണിനുള്ളിൽ അവൾ ഗര്‍ഭിണിയാണെന്ന് ഒറ്റനോട്ടത്തിൽ നിനക്ക് തിരിച്ചറിയാനാകും. ഇപ്പോഴും ടി.വി സ്റ്റാന്‍ഡിനു മുകളിൽ നീ പൊടിതട്ടി സൂക്ഷിക്കുന്ന അവളുടെ കിന്റർഗാര്‍ട്ടന്‍ സമയത്തെ ഫോട്ടോയിലേതുപോലെ നീതുവിന്റെ മുഖത്ത് ഒരു ചിരിയുണ്ടാകും. അവളുടെ ജീവിതത്തിൽ അതുവരെ ഉണ്ടായിട്ടുള്ളതോ ഇനി ഉണ്ടാകാൻ പോകുന്നതോ ആയ ഒന്നിനും കളങ്കപ്പെടുത്താൻ പറ്റാത്ത അതേ ചിരി.

നിനക്ക് നല്ല ഓര്‍മ്മയുണ്ട്. ആ ചിരി നിന്റെ മുഖത്തേയ്ക്കും പടര്‍ന്നു തുടങ്ങിയപ്പോഴാണ് അന്ന് അയാൾ ഫോണിൽ വിളിച്ചത്.

“നീതുവിന്റെ അമ്മയല്ലേ?” അശുഭകരമായ എന്തോ സംഭവിച്ചു എന്നുറപ്പിക്കാൻ പ്രേരിപ്പിക്കുന്ന അയാളുടെ ശബ്ദം.

“ഞാൻ നീതുവിന്റെ... ആരാന്നു പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഹസ്ബന്‍ഡാണെന്നു വെച്ചോളൂ.” നിന്റെ വാക്കുകള്‍ക്ക് കാത്തുനില്‍ക്കാതെ അയാൾ തുടര്‍ന്നു: “എനിക്ക് സത്യത്തിൽ ഇതൊക്കെ ആരോടാണ്, ഏങ്ങനെയാണ് പറയേണ്ടത് എന്ന് ഒരു പിടിയുമില്ല. നീതു അമ്മയെക്കുറിച്ച് എപ്പോഴോ ഒരിക്കൽ പറഞ്ഞതുവെച്ച് ആണ് ഞാൻ ഈ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെ... ക്ഷമിക്കണം.”

“നീതുവിന് അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലല്ലോ. അല്ലേ?”

“അയ്യോ, അതൊന്നും ഇല്ല. അവൾ സുഖമായിരിക്കുന്നു. ഞാൻ നീതുവിന് അടുപ്പമുള്ള ആരൊടെങ്കിലും സംസാരിക്കാൻ...”

നീതുവുമായി അടുപ്പമുള്ള ഒരാളായി നിന്നെ തെറ്റിദ്ധരിച്ചതിൽ നിനക്ക് പെട്ടെന്നയാളോട് സ്നേഹം തോന്നി.

“പറഞ്ഞോളൂ. എന്തായാലും...”

അങ്ങനെയാണ് അടുത്ത അരമണിക്കൂർ നേരം അപരിചിതനായ ആ ചെറുപ്പക്കാരന് നീ ചെവി കൊടുത്തത്. കിടക്കവിരികളും സോഫാകവറുകളും മാറ്റിയിടുകയും പാത്രം കഴുകുകയും പഴയ ചില വീട്ടുസാധനങ്ങൾ ഡൊണേഷൻ ബോക്സിൽ കൊണ്ടുപോയി നിക്ഷേപിക്കുകയും ഒക്കെ ചെയ്യുന്നതിനിടയ്ക്ക് അയാളുടെ വാക്കുകൾ നിനക്കു ചുറ്റും ഉതിര്‍ന്നുവീണുകൊണ്ടിരുന്നു.

ഒരു കദനകഥപോലെ അയാൾ അവതരിപ്പിച്ച കാര്യങ്ങൾ നിന്നെ ഒരു തരിമ്പും അത്ഭുതപ്പെടുത്തിയില്ല എന്നതാണ് സത്യം. ഇതിനകം നീതുവിന്റെ ജീവിതകഥയിൽ നിനക്ക് പരിചയമുള്ള പല സംഭവങ്ങളുടെ മറ്റൊരു ആവര്‍ത്തനം മാത്രമായിരുന്നു അയാളുടേത്. മറ്റൊരു നഗരത്തിൽ, മറ്റൊരു സെറ്റിംഗിൽ പുതിയ ചില കഥാപാത്രങ്ങൾ. അത്രമാത്രം.

ഭാര്യയോടൊന്നിച്ച്‌ സ്നേഹിച്ചും വെറുത്തും ശപിച്ചും കഴിയുന്നതിനിടയ്ക്ക് അയാൾ യാദൃച്ഛികമായി നീതുവുമായി അടുക്കുന്നു. സമാധാനത്തേക്കാൾ ആവേശകരമാണ് ആനന്ദം എന്ന തോന്നലിൽ പല സാഹസങ്ങള്‍ക്ക് മുതിരുന്നു. താൻ ഗര്‍ഭിണിയാണെന്ന് നീതുവിന്റെ മെസേജ് വരുന്നതോടെ എന്തുചെയ്യണമെന്നറിയാതെ അയാൾ പരിഭ്രമിക്കുന്നു. പെട്ടെന്നുള്ള വികാരത്തള്ളിച്ചയിൽ ഭാര്യയോട് കാര്യങ്ങൾ ഏറ്റുപറഞ്ഞു തന്റെ വിവാഹബന്ധം പൂര്‍ണ്ണ വിരാമത്തിലെത്തിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം നീതു അപ്രത്യക്ഷയാകുകയും ഒരു തരത്തിലും അവളുമായി ബന്ധപ്പെടാൻ കഴിയാതാവുകയും ചെയ്യുന്നതോടെ അയാള്‍ക്ക് ഏകദേശം ഭ്രാന്താകുന്നു.

“എന്റെ കുഞ്ഞിനെ എങ്കിലും എനിക്ക് കാണണം...” അയാൾ കരയുകയാണെന്നു നിനക്ക് ഉറപ്പുണ്ടായിരുന്നു.

നീ വാക്കുകൾ തിരയുകയായിരുന്നു. ലക്ഷ്യം ഭേദിക്കുകയും എന്നാൽ, അയാളെ കൊല്ലാതിരിക്കുകയും ചെയ്യുന്ന വാക്കുകൾ.

“സുഹൃത്തേ, ഞാൻ താങ്കളെ അങ്ങനെ വിളിക്കുന്നതാവും ഉചിതം. ഒന്നുമില്ലെങ്കിലും നീതുവുമായി അടുപ്പമുള്ള ഒരാളെന്ന് താങ്കൾ എന്നെ വിശേഷിപ്പിച്ചുവല്ലോ. ആ നന്ദികൊണ്ട് പറയുന്നതാണെന്നു കരുതിയാൽ മതി. ദയവുചെയ്ത് നീതു പറയുന്നത് മുഴുവനായും വിശ്വസിക്കാതിരിക്കുക. അവളെ അന്വേഷിക്കാതിരിക്കുന്നതാണ്...”

നീ പറഞ്ഞതൊന്നും അയാൾ വിശ്വസിച്ചിട്ടില്ലെന്നും അയാൾ ഇനിയും നീതുവിനെ തേടി നടക്കുമെന്നും നിനക്ക് അറിയമായിരുന്നു. ചില മനുഷ്യരെങ്കിലും അങ്ങനെയാണ്.

അയാൾ ഫോൺ കട്ട് ചെയ്തു കഴിഞ്ഞിട്ടും അടുക്കളയിൽ നീ ഒരേ നില്പ് നിന്നു. എന്നിട്ടും കാൽവിരലുകളിൽനിന്നു കൈവിരലുകളിലേയ്ക്ക് പടരുന്ന ആ തരിപ്പ് അടങ്ങാതായപ്പോൾ വെള്ളം നിറച്ചുവെച്ച ആ സ്ഫടിക ഭരണിയിലേയ്ക്ക് നിന്റെ കൈകൾ നീണ്ടു.

കുപ്പിച്ചില്ലുകളും വെള്ളവും വികൃതമാക്കിയ നിലം നോക്കി നിന്നപ്പോൾ അന്നു നിനക്ക് കുറച്ചൊരാശ്വാസം തോന്നിയോ?

നീ വീണ്ടും ബാല്‍ക്കണിയിൽ വന്നുനിന്നു. നിന്റെ പതിവ് മധ്യാഹ്നക്കാഴ്ചകളല്ല ഇപ്പോൾ. സന്ധ്യയായിരിക്കുന്നു. ചുറ്റുമുള്ള ഫ്ലാറ്റുകളിൽ പകലത്തെ അദ്ധ്വാനം കഴിഞ്ഞ് തളര്‍ന്നു തിരിച്ചെത്തുന്ന മുതിര്‍ന്നവരും കുട്ടികളും ഒക്കെ വന്നുചേര്‍ന്നിരിക്കണം. ഇനി രാത്രിയുടെ അനിശ്ചിതത്വം മാത്രം.

നീതുവിന്റെ മെസേജ്, ഇന്നത്തെ ദിവസത്തിൽ ഒരുപക്ഷേ, നൂറാമത്തെ തവണ, നീ വീണ്ടും വായിച്ചു. എല്ലാം നിന്റെ തോന്നൽ ആയിരുന്നില്ലെന്നും ഇന്ന് മദേര്‍സ് ഡേയ്ക്ക് കാണാൻ വരുമെന്നുമുള്ള വരികൾ അവൾ തന്നെ അയച്ചതാണെന്നും ഉറപ്പുവരുത്താൻ എന്നപോലെ.

എങ്കിലും കോളിംഗ്‌ബെൽ അടിച്ചപ്പോൾ നിന്റെ ഹൃദയം ഒന്നു ദ്രുതഗതിയിലായി എന്നു നീ നിഷേധിക്കുന്നില്ല.

കൈ ടവലിൽ തുടച്ച്, മുടി നേരെയാക്കി പെട്ടെന്നു ചെന്നു വാതിൽ തുറന്നു. പുറത്ത് ആരേയും കാണാനില്ലായിരുന്നു. കോറിഡോറിന്റെ ഇരുവശത്തേക്കും മാറിമാറി നോക്കി. താഴത്തെ നിലയിലെ ഒരു വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.

പുറത്തെ മങ്ങിയ വെളിച്ചം നിന്റെ കണ്ണുകൾക്കു പരിചിതമായപ്പോൾ, ഒരു തൂണിന്റെ പുറകിൽനിന്നു സ്പഞ്ച് ബോബിന്റെ ചിത്രം പതിച്ച ഷൂസിട്ട ഒരു കുഞ്ഞ് കാല് വെളിയിൽ വന്നു. പിന്നെ, കയ്യിൽ ഒരു ചെറിയ പൊതിയുമായി ആ കുട്ടിയും. നേരത്തെ അച്ഛന്റേയും അമ്മയുടേയും കൈകളിൽ ഊഞ്ഞാലാടിക്കൊണ്ട് പുറത്തേയ്ക്ക് പോകുന്നത് കണ്ട ആ അഞ്ചു വയസ്സുകാരൻ.

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആ സ്ത്രീ ഗര്‍ഭിണിയായിരുന്ന സമയത്ത് അവർ വീട്ടു ധനങ്ങളൊക്കെയായി ഇങ്ങോട്ട് താമസം മാറിയ ദിവസം നിനക്ക് ഓര്‍മ്മയുണ്ട്. തുടര്‍ന്ന്, കുഞ്ഞുണ്ടായ ശേഷം, അവന്റെ നിര്‍ത്താതെയുള്ള കരച്ചിലും ഇടയ്ക്ക് ഫ്ലാറ്റിന്റെ പരിസരങ്ങളിൽ വെച്ച് കണ്ടിട്ടുള്ള ആ അച്ഛന്റെ ഉറക്കച്ചടവുള്ള മുഖവും നിനക്ക് പരിചിതമാണ്. പക്ഷേ, ഒരിക്കലും വാക്കുകൾ നിങ്ങള്‍ക്ക് ഇടയിൽ വിനിമയം ചെയ്യപ്പെട്ടിട്ടില്ലെന്നതിനാൽ നീ മുന്നിൽ നില്‍ക്കുന്ന ആ കുട്ടിയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.

ഒരു സംശയവും ഇല്ലാതെ, നിന്നെ കടന്ന് അവൻ ഫ്ലാറ്റിനകത്തേയ്ക്ക് കയറി. തന്റെ കയ്യിലെ പൊതി ടീപ്പോയിൽ വെച്ച് സോഫയില്‍ ഇരിപ്പായി. നിലത്ത് മുട്ടാത്ത കാലുകൾ ആട്ടിക്കൊണ്ട് മുറിക്കു ചുറ്റും കണ്ണോടിച്ചു.

കുറച്ചുനേരം നീ വാതിൽക്കൽത്തന്നെ നിന്നു തലയെത്തിച്ച് വരാന്തയുടെ ഇരുവശത്തേയ്ക്കും നോക്കി. ഇത്തവണ ഒരു മൈക്രൊവേവ് അവന്റെ ബീപ്പ് ശബ്ദം മാത്രം:

“എന്താ നിന്റെ പേര്?” വാതിൽ ചാരി അകത്തേയ്ക്ക് വന്നു നീ ചോദിച്ചു.

അവൻ ഒന്നും പറയാതെ സോഫയിൽനിന്നിറങ്ങി ടി.വി സ്റ്റാന്‍ഡിനു മുകളിൽ വെച്ചിരുന്ന നീതുവിന്റെ ഫോട്ടോയും ബുദ്ധന്റെ ചെറിയ പ്രതിമയും മുത്തുമാലയും മാറി മാറി എടുത്തു നോക്കി.

“വിമൽ.”

നീ ചോദ്യം ആവര്‍ത്തിച്ചപ്പോൾ അവൻ നിന്റെ മുഖത്തുനോക്കാതെ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ ആ മുത്തുമാലയുമായി സോഫയിൽ തിരിച്ചുവന്നിരുന്ന് അതിലെ മണികൾ ഓരോന്നായി എണ്ണാൻ തുടങ്ങി. വൺ, ടൂ, ത്രീ...

“ഇതെന്താ? എനിക്കുള്ള ഗിഫ്റ്റാണോ?”

നിന്റെ സാന്നിധ്യം പാടേ അവഗണിച്ചതുപോലെ അവൻ അങ്ങനെ എണ്ണിക്കൊണ്ടിരിക്കുന്നത് തുടര്‍ന്നപ്പോൾ ടീപോയിയുടെ മുകളിലെ പൊതി നോക്കിക്കൊണ്ട് നീ ചോദിച്ചു:

പെട്ടെന്ന് അവൻ മാല സോഫയിൽ വെച്ച് താഴേയ്ക്ക് ഊര്‍ന്നിറങ്ങി. ടീപോയിയുടെ മുന്നിൽ മുട്ടു കുത്തിയിരുന്നു പൊതി അഴിക്കാൻ തുടങ്ങി. മഞ്ഞയും വെള്ളയും നിറത്തിൽ ഒരു ചെറിയ ലെമൺ കേയ്ക്കായിരുന്നു.

നിന്റെ പ്രതികരണം പ്രതീക്ഷിച്ചെന്നപോലെ അവൻ നിന്റെ മുഖത്തേയ്ക്കു നോക്കി.

“കൊള്ളാലോ വിമലിന്റെ കേയ്ക്ക്. അമ്മമ്മയ്ക്ക് ശരിക്കും ഇഷ്ടപ്പെട്ടു. താങ്ക് യു വെരി മച്ച്.” അവനെ ഒന്നു ചേര്‍ത്തുപിടിക്കണമെന്നു നിനക്കുപോലും തിരിച്ചറിയാനാവാത്ത ഒരു തോന്നലിൽ നീ അവന്റെ അടുത്തേയ്ക്ക് നീങ്ങിയതും അവൻ ഓടിച്ചെന്ന് ആ മുത്തുമാല ടി.വി സ്റ്റാന്‍ഡിനു മുകളിൽ വെച്ചു പുറത്തേയ്ക്ക് ഓടി. നീ വാതില്‍ക്കൽ എത്തി നോക്കിയപ്പോഴേയ്ക്ക് വരാന്ത വീണ്ടും വിജനമായിരുന്നു. വീണ്ടും എവിടെയോ ഒരു വാതിൽ അടയുന്ന ശബ്ദം.

തിരിച്ചുവന്നു നീ ഒറ്റക്കസേരയിൽ ഇരുന്നു. ടീപ്പോയിലെ കേയ്ക്കിലേക്കും ഇപ്പോഴും നിലത്തു തട്ടാത്ത കാലുകൾ ആട്ടിക്കൊണ്ട് അവൻ ഇരിക്കുന്നുണ്ടെന്നു തോന്നിച്ച സോഫയിലേയ്ക്കും മാറി മാറി നോക്കിക്കൊണ്ട്. ദിവസം കഴിയാറായിക്കഴിഞ്ഞു.

എതിവശത്ത് ചുമരിലെ കലണ്ടറിന്റെ ഇളകുന്ന താളുകളിൽ അക്കങ്ങൾ ഓടിമറയുന്നതുപോലെ തോന്നി. ആ ഇരിപ്പിൽ എപ്പോഴോ ഒന്നു മയങ്ങുകയും ചെയ്തു. മറ്റെവിടെയോ അവളുടെ സന്ദര്‍ശന വാഗ്ദാനം പാടെ മറന്ന് നീതു ഉറക്കെ ചിരിക്കുന്നത് മനസ്സിൽ കേട്ടുകൊണ്ടാണ് ഞെട്ടിയെഴുന്നേറ്റത്. പക്ഷേ, എല്ലാം പഴയപടി ഉണ്ടായിരുന്നു. അതേ കലണ്ടർ, ചുമർ, ഫാൻ, ഇളകുന്ന ജനാലവിരികൾ, ടി.വി...

നീ പതുക്കെ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചു. വിമൽ കൊണ്ടുവന്ന കേയ്ക്ക് പ്ലാസ്റ്റിക് കവർ തുറന്നു സാവധാനം പുറത്തേയ്ക്കെടുത്തു. മഞ്ഞയും വെള്ളയും കലര്‍ന്ന ആ കേയ്ക്കിന്റെ ചെറിയ കഷണം മുറിക്കാൻ തുടങ്ങിയപ്പോഴാണ് ആ സ്റ്റിക്കർ ശ്രദ്ധിച്ചത്. പകുതി കീറിപ്പോയെങ്കിലും എക്സ്പയറി ഡേറ്റ് വ്യക്തമായി കാണാം. രണ്ട് മാസം മുന്‍പെങ്കിലും കാലാവധി കഴിഞ്ഞ ഉല്പന്നം!

തിരക്കിൽ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാതെ വാങ്ങിയത്. അല്ലെങ്കിൽ കടക്കാരൻ മറച്ചുവെച്ചത്. അച്ഛനോടും അമ്മയോടും ചോദിക്കാതെ വിമൽ തന്നെ കാട്ടിയ ഒരു കുസൃതി. ഇല്ല. വിമലിന്റെ ഫ്ലാറ്റിലേയ്ക്ക് നടക്കുമ്പോൾ അത്തരം സാധ്യതകളെക്കുറിച്ച് നീ ആലോചിച്ചില്ല. കാരണം ആലോചിക്കാൻ നിനക്ക് മനസ്സില്ലായിരുന്നു.

ഫോൺ വെളിച്ചത്തിൽ അവരുടെ ഫ്ലാറ്റിന്റെ മുന്നിലെ കാര്‍പ്പെറ്റ് നീ പതുക്കെ കാലുകൊണ്ടു മാറ്റി. പിന്നെ, കയ്യിലെ കേയ്ക്ക് ശക്തിയായി താഴെയ്ക്കെറിഞ്ഞു. വിചാരിച്ചതിലും അധികം ചിത്രഭംഗിയോടെയാണ് നാരങ്ങ മഞ്ഞയും ക്രീമും ചിതറിത്തെറിച്ചത്. കുറച്ചുനേരം നീ ചെവിയോര്‍ത്തു. അകത്ത് എല്ലാം നിശ്ശബ്ദമായി തുടര്‍ന്നു.

തിരിച്ചു നിന്റെ ഫ്ലാറ്റിലേയ്ക്ക് നടക്കുമ്പോൾ, ഫോണിൽ നീതുവിന്റെ മെസേജ് നീ ഒരു തവണ കൂടി വായിച്ചു. പിന്നെ ചൂണ്ടുവിരൽ കത്തിപോലെ പായിച്ചുകൊണ്ട് അതു ഡിലീറ്റ് ചെയ്തു. അല്ലേ?

കെ.വി. പ്രവീൺ എഴുതിയ കഥ: മദേര്‍സ് ഡേ
വി. പ്രവീണ എഴുതിയ കഥ ‘നദി’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com