പി.എസ്. റഫീഖ് എഴുതിയ കഥ: തങ്ങൾസ് വാച്ച് വർക്സ്

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
പി.എസ്. റഫീഖ് എഴുതിയ കഥ: തങ്ങൾസ് വാച്ച് വർക്സ്
Updated on
5 min read

ടവരമ്പങ്ങാടിയിലെ പായച്ചന്തയുടെ ചുറ്റിലും നിരനിരയായി പീടികകളുണ്ട്. അതിലേറ്റവും അറ്റത്തെ തീരെ ചെറിയൊരു കടയായിരുന്നു ‘തങ്ങൾസ് വാച്ച് വർക്സ്.’ പേര് എഴുതിയ പെയിന്റിളകിയ പാട്ടബോർഡ് ഇപ്പോൾ വീഴും എന്ന മട്ടിലായിട്ട് കുറെ കാലമായി. ‘സമയത്തിന്റെ മെഡിക്കൽ കോളേജ്’ എന്നായിരുന്നു തങ്ങൾസ് വാച്ച് വർക്സ് അറിയപ്പെട്ടിരുന്നത്. കടയിൽ ആകപ്പാടെ പലതരം സമയങ്ങൾ ചത്തിരിക്കുന്ന ക്ലോക്കുകളും ടൈംപീസുകളും വാച്ചുകളും. ചെറിയ മേശയ്ക്ക് മുന്‍പിലിട്ട സ്റ്റൂളിലിരുന്ന് ഐലെൻസിലൂടെ കേടായ ഏതെങ്കിലും വാച്ചിലേയ്ക്ക് നോക്കി മിക്കപ്പോഴും ലോകത്തിന്റെ സമയം നേരെയാക്കുന്ന പണിയിലായിരുന്നു ചെറുകുഞ്ഞിക്കോയ തങ്ങൾ.

നാട്ടിലുള്ള മൊയിലാക്കന്മാർക്കൊന്നും ചെറുകുഞ്ഞിക്കോയ തങ്ങളെ കണ്ടുകൂടായിരുന്നു. അവരുടെയെല്ലാം ദേഷ്യത്തിനു മതിയായ കാരണങ്ങളുണ്ട്. തങ്ങൾ ദിവ്യൻ ആണെന്നു പറയുന്നത് കള്ളമാണ് എന്നതാണ് ഒന്നാമത്തേത്. പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് ഒരു ഇലപോലും എടുക്കില്ല. നിസ്കരിക്കില്ല എന്നാണർത്ഥം. ഹറാംപിറന്നവരുടെ കൂട്ടുകാരനാണ് തങ്ങൾ. ആർക്കും എപ്പോഴും തങ്ങളുടെ അടുത്തുചെല്ലാം. വഴിപിഴച്ചവരുടെ വഴി തങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയാണെന്നാണ് കാരണവന്മാരുടെ പറച്ചിൽ. ചെല്ലുന്നവരാരും നിരാശരായിട്ടില്ല എന്ന കാര്യത്തിൽ തങ്ങളെ എതിർക്കുന്നവർക്കും രണ്ടഭിപ്രായം ഇല്ലായിരുന്നു. അവരിൽ പലരും ചില കാര്യങ്ങൾ ശരിയായി കിട്ടാൻ തങ്ങളുടെ അടുത്ത് രഹസ്യമായി ചെന്ന കഥകൾ വേറെയുണ്ട്.

അപൂർവ്വമായി മാത്രം തങ്ങൾ സിഗരറ്റ് വലിക്കും. പക്ഷേ, വലിക്കുമ്പോൾ രണ്ടെണ്ണം ഒരുമിച്ചാണ് വലിക്കുക. അല്ലാഹു എല്ലാറ്റിനേയും ഇണകളായാണ് സൃഷ്ടിച്ചത് എന്നാണ് ന്യായീകരണം. ചെരിപ്പിടില്ല. പലതരം നിറമുള്ള തുണികൾകൊണ്ട് തയ്‌ച്ച ഷർട്ടും വെളുത്ത ഒറ്റ മുണ്ടുമാണ് വേഷം. തലപറ്റെ തരിശാണ്. നീണ്ട വെള്ളത്താടിയുടെ അറ്റത്ത് അത്തറിന്റെ മഞ്ഞപ്പുണ്ട്.

ചെസ്സുകളി തങ്ങളുടെ മറ്റൊരു വിനോദമാണ്. മിക്കപ്പോഴും ഒറ്റയ്ക്കാണ് കളിക്കുക. തങ്ങളുമായി കളിക്കാൻ ആരും അങ്ങനെ ധൈര്യപ്പെടാറില്ല. ഒരിക്കൽ ഇ.എം.എസ് സ്മാരക വായനശാലയിലെ കുറച്ചു ചെറുപ്പക്കാർ ചെറുകുഞ്ഞിക്കോയ തങ്ങളെ കളിച്ചു തോൽപ്പിക്കുമെന്നു വെല്ലുവിളിച്ചു. വായനശാലയിലെ മാഗ്നസ് കാൾസൺ എന്നറിയപ്പെടുന്ന ജയേഷാണ് തങ്ങളോട് ഏറ്റുമുട്ടിയത്. രണ്ട് നീക്കങ്ങൾ കൊണ്ടുതന്നെ ജയേഷിന്റെ രാജാവ് വലയിലായി. തങ്ങൾ ചെറിയ ചെല്ലം തുറന്നു വെറ്റില എടുത്തു തേച്ചു. അടയ്ക്ക വായിലിട്ടു പൊട്ടിച്ചു. ചുണ്ണാമ്പു തേച്ച വെറ്റിലയിലേയ്ക്ക് നോക്കിയ സുമേഷിനു തലകറങ്ങി. കൈവെള്ളയിലിട്ട വെറ്റിലയിൽ തങ്ങൾ ഫേസ്ബുക്കും വാട്ട്‌സാപ്പും എടുത്തു കളിക്കുന്നത്രേ.

ഇതൊന്നും വിശ്വസിക്കാത്ത യുക്തിവാദികൾ എല്ലാ നാട്ടിലും ഉണ്ടാകുമല്ലോ. പക്ഷേ, മേനോത്തെ മാധവിയമ്മയുടെ പ്രാന്ത് തങ്ങൾ മാറ്റിയപ്പോഴാണ് ഇതത്ര നിസ്സാരമായ കളിയല്ലെന്നു പലർക്കും മനസ്സിലായത്. തങ്ങളുടെ കൂടെ ജിന്നുണ്ടെന്ന് ആളുകൾ അടക്കം പറയാൻ തുടങ്ങി. പാതിരയിൽ പള്ളിപ്പറമ്പിലൂടെ തങ്ങൾ നടക്കുന്നതു കണ്ടെന്നു പലരും പറഞ്ഞു.

മേനോത്തെ മാധവിയമ്മയ്ക്ക് കൊല്ലത്തിൽ മൂന്നുമാസം പ്രാന്ത് വരും. തുടങ്ങുന്ന ദിവസം ഏഴര വെളുപ്പിനെ എഴുന്നേൽക്കും. കുളിച്ചു വൃത്തിയായി അടുക്കളയിൽ കയറി പ്രാതൽ ഉണ്ടാക്കും. ചോറിന് അരിയിട്ട ശേഷം വീട് മുഴുവൻ അടിച്ചു തുടച്ചു വൃത്തിയാക്കും. പലതരം കറികളും പായസവും ഉണ്ടാക്കും. മിക്കവാറും നല്ല നേന്ത്രപ്പഴത്തിൽ നെയ്യൊഴിച്ച് ഉണ്ടാക്കിയ പ്രഥമനും ഉണ്ടാകും. എല്ലാം ഊണുമേശയിൽ വിളമ്പിവെച്ചു പടിക്കൽ ചെന്നുനിന്നു വഴിയെ പോകുന്നവരെയെല്ലാം ഭക്ഷണം കഴിക്കാൻ വിളിക്കും. മാധവിയമ്മയ്ക്ക് പ്രാന്തുണ്ടെന്നു കൊച്ചുകുട്ടികൾക്കു വരെ അറിയാം. ആരും അടുക്കില്ല. പുല്ലു വരെ കരിഞ്ഞുപോകുന്ന തരത്തിലുള്ള തെറികൾ ഇടതടവില്ലാതെ ഒഴുകിവരും. കുറേക്കഴിഞ്ഞ് മാധവിയമ്മയുടെ ആങ്ങള ഗംഗാധരൻ മാഷ് കാറുമായി വന്നു പെങ്ങളെ കയറ്റി എങ്ങോട്ടോ പോകും.

മാധവിയമ്മയ്ക്ക് അന്‍പതു വയസ്സുണ്ടാകും. ഭർത്താവ് കൊല്ലങ്ങൾക്കു മുന്‍പ് മരിച്ചു. മകൻ ജോലിയും കുടുംബവുമായി വിദേശത്താണ്. വാരികകളിലെ നോവലുകളിൽ വരാറുള്ള സ്ത്രീകളുടെ ചിത്രംപോലെ സുന്ദരിയായിരുന്നു മാധവിയമ്മ. ഇരുചെവിക്കും മുകളിലുള്ള മുടിയിഴകളിൽ ചെറുതായി നരവീണതൊഴിച്ചാൽ ഒരുടവും തട്ടിയിട്ടില്ലാത്ത ദേഹം. കൈതപ്പൂവിന്റെ നിറം.

തങ്ങൾസ് വാച്ച് വർക്സിൽ തന്റെ പഴയ സൈക്കോ ഫൈവ് നന്നാക്കാനെത്തിയ ഗംഗാധരൻ മാഷ് സഹികെട്ട് ഒരേയൊരു പെങ്ങളുടെ ദുരിതം തങ്ങളോട് പറഞ്ഞു. മാഷിന്റെ വാച്ചിലെ നിലച്ചസമയം നോക്കി തങ്ങൾ കെയ്സ് തുറന്നു. ഒരു വിരലോട്ടംകൊണ്ട് മണിക്കൂറും മിനിറ്റും സെക്കന്റും ശരിയാക്കി അടച്ചു തിരികെ കൊടുത്തു. ചുവരിൽ നന്നാക്കി വെച്ചിരുന്ന ഒരു ക്ലോക്കിൽനിന്നു സെറ്റ് ചെയ്തുവെച്ച ബാങ്ക് വിളി കേട്ടു. കണ്ണടച്ചിരുന്ന് എന്തോ മന്ത്രിച്ചു ഗംഗാധരൻ മാഷിന്റെ നേരെ തങ്ങളൊന്നൂതി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
കിടപ്പിലായ മൊയ്തീൻ മൂപ്പരുടെ ബംഗ്ലാവ് തങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ട്. പഴയ ശിക്കാരിയായിരുന്ന മൊയ്തീൻ മൂപ്പർ ഒരേയൊരു സഹായിയുമായി വലിയ ബംഗ്ലാവിൽ ഒറ്റയ്ക്കാണ്. അമ്പേ കിടപ്പാണ്

പിറ്റേ മാസം മാധവിയമ്മയുടെ രണ്ടാം വിവാഹമായിരുന്നു. വിദേശത്തുള്ള മകനോട് ഗംഗാധരൻ മാഷ് ഒന്നു വിളിച്ചുപറഞ്ഞെന്നു മാത്രം. വളരെ അടുത്തവരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. നാട്ടുകാരൻ തന്നെയായിരുന്ന രാവുണ്ണി നായരായിരുന്നു വരൻ. രാവുണ്ണി നായർ പട്ടാളത്തിലായിരുന്നു. മുന്‍പ് വിവാഹം കഴിച്ചിട്ടുമില്ല.

ആദ്യരാത്രി രാവുണ്ണി നായർ മാധവിയമ്മയോട് പറഞ്ഞു:

“തങ്ങൾ പറഞ്ഞപ്പോഴാണ് മാധവിയമ്മയ്ക്ക് എന്നെ ഇഷ്ടമാണെന്നു ഞാനറിഞ്ഞത്.”

മുഖമുയർത്താതെ മാധവിയമ്മ പറഞ്ഞു: “തങ്ങൾ പറഞ്ഞപ്പോഴാണ് നിങ്ങൾക്കെന്നെ ഇഷ്ടമാണെന്നു ഞാനും അറിഞ്ഞത്.”

കിടപ്പിലായ മൊയ്തീൻ മൂപ്പരുടെ ബംഗ്ലാവ് തങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ട്. പഴയ ശിക്കാരിയായിരുന്ന മൊയ്തീൻ മൂപ്പർ ഒരേയൊരു സഹായിയുമായി വലിയ ബംഗ്ലാവിൽ ഒറ്റയ്ക്കാണ്. അമ്പേ കിടപ്പാണ്. എല്ലാം കിടന്നിടത്തു തന്നെ. മക്കളെയെല്ലാം ആട്ടിപ്പായിച്ചു. ഏക്കർ കണക്കിനു ഭൂമിയുണ്ട്. വാടക പിരിക്കുന്ന കെട്ടിടങ്ങളുണ്ട്. ബാങ്കിൽ അനാവശ്യത്തിനുള്ള പണം വരെയുണ്ട്. എല്ലാം പാരമ്പര്യമായി കിട്ടിയതാണ്. മൊയ്തീൻ മൂപ്പരുടെ കയ്യിലുള്ള സ്വത്തുകൊണ്ട് മക്കൾക്കുപോലും ഒരുപകാരവും ഉണ്ടായില്ല. ആർക്കും ഒരു ചില്ലിപോലും കൊടുക്കില്ല.

ഒറ്റ മക്കളേയും മര്യാദയ്ക്ക് വിദ്യാഭ്യാസംപോലും ചെയ്യിച്ചില്ല. ബംഗ്ലാവിൽ കഴിക്കുന്ന ഭക്ഷണത്തിനു വരെ ക്ഷാമമാണ്. കിടപ്പിലായതോടെ കെട്ടിട വാടക പിരിക്കുന്നതും തേങ്ങാക്കണക്ക് നോക്കുന്നതും മക്കളേറ്റെടുത്തു. അവരിലാരെങ്കിലും ബംഗ്ലാവിൽ വന്നുപോകുന്ന മുറയ്ക്ക് ചെവി പൊട്ടുന്ന തെറി അവിടെനിന്നു കേൾക്കാം.

സത്യത്തിൽ മൊയ്തീൻ മൂപ്പരുടെ സഹായി അലവിയുടെ അപേക്ഷപ്രകാരമാണ് തങ്ങൾ ബംഗ്ലാവിൽ പോകാറുള്ളത്. തങ്ങൾ വന്നുപോകുന്നതുവരെ മൂപ്പർ അട്ടഹസിക്കുകയോ തെറി പറയുകയോ ചെയ്യില്ല. അങ്ങാടിയിലെ ഷോടതി ഗോപാലന്റെ കയ്യിൽനിന്നു മിക്കവാറും ദിവസങ്ങളിൽ മൂപ്പർ ലോട്ടറിയെടുപ്പിക്കും. ലോട്ടറിയടിക്കാൻ തങ്ങളുടെ പ്രാർത്ഥന വേണം. ഒറ്റത്തവണയും തങ്ങൾ പ്രാർത്ഥിച്ചില്ല. ലോട്ടറി അടിച്ചുമില്ല എങ്കിലും ചെറുകുഞ്ഞിക്കോയ തങ്ങൾ ബംഗ്ലാവിൽ പോക്ക് മുടക്കിയില്ല. തങ്ങൾ വന്നുപോകുന്നതുകൊണ്ട് എന്നെങ്കിലും ലോട്ടറി അടിക്കുമെന്ന് മൊയ്തീൻ മൂപ്പർ വിശ്വസിച്ചു. തങ്ങൾ പോയിക്കഴിഞ്ഞാൽ അലവിയുടെ മരിച്ചുപോയ കാരണവന്മാർ മൊയ്തീൻ മൂപ്പരുടെ മുഴുത്ത തെറികൾ കേട്ട് ഖബറുകളിൽ എഴുന്നേറ്റിരുന്നു.

മിക്കപ്പോഴും തങ്ങൾ പോകാനിറങ്ങുമ്പോൾ പടിക്കൽ വരെ അലവി ചെല്ലും. വാച്ചുസൂചി പിന്നെയും മെലിഞ്ഞപോലിരിക്കുന്ന അലവി കരയുകയാണോ ചിരിക്കുകയാണോ എന്നറിയാത്ത മുഖഭാവത്തിൽ തങ്ങളോട് ചോദിക്കും.

“തങ്ങളേ... പുത്യേ ഷോടതി എട്ത്ത്റ്റ്ണ്ട്... അടിക്കൂലേ.”

തങ്ങൾ അലവിയെ നോക്കി ചെറുതായൊന്നു ചിരിക്കും. എന്നിട്ടൊന്നും പറയാതെ നടന്നുപോകും.

പുറമ്പോക്കിലെ പഞ്ചായത്ത് തോടിന്റെ വക്കിൽ തോട്ടിലേയ്ക്ക് കുനിഞ്ഞുനിൽക്കുന്നത് പോലെയൊരു കുടിലിലാണ് അലവിയും ശ്വാസം മുട്ടുകാരിയായ ഭാര്യയും പ്രായം കവിഞ്ഞ രണ്ടു പെൺമക്കളും താമസിക്കുന്നത്. ആയകാലം മുതലേ മൊയ്തീൻ മൂപ്പരുടെ വീട്ടിലെ പണിക്കാരനായിരുന്നു അലവി. മൂപ്പർ ആയിരം തവണ തിരിച്ചും മറിച്ചും നോക്കി എണ്ണിക്കൊടുക്കുന്ന, പട്ടിക്ക് എല്ല് വാങ്ങാൻ തികയാത്ത പണം അലവിയെ നോക്കി പരിഹസിച്ചു ചിരിക്കാറുണ്ട്. എങ്കിലും അലവി നന്ദികേട് കാണിച്ചില്ല. മൊയ്തീൻ മൂപ്പരുടെ ആജ്ഞാവലയത്തിൽനിന്ന് അയാൾക്കൊരിക്കലും വിട്ടുപോരാൻ കഴിഞ്ഞില്ല. ചില ദിവസങ്ങളിൽ കിടന്ന് പ്രാന്ത് നോക്കുമ്പോൾ മൂപ്പർ അറ്റകൈ വരെ പോകും. കാര്യം സാധിച്ചു മുറി നിറയെ വാരിയെറിയും. മുഖത്തു വീണതും മുറിയിൽ വീണതും അലവി ക്ഷമയോടെ വൃത്തിയാക്കും. ഡെറ്റോളും ഇഞ്ചിപ്പുൽതൈലവും കലക്കി കഴുകിത്തുടയ്ക്കും.

ഒരിക്കൽ ബംഗ്ലാവിൽ വന്നു തിരിച്ചുപോകാൻ നേരം പതിവുപോലെ അലവി തങ്ങളുടെ പിറകെ പടിവരെ ചെന്നു. ഷോടതി ഗോപാലന്റെ കയ്യിൽനിന്നു പുതിയ ലോട്ടറി എടുത്തിട്ടുണ്ടായിരുന്നു. ഫലം പ്രഖ്യാപിക്കുന്ന ദിവസം സാധാരണയുള്ളതിനെക്കാൾ കൂടുതൽ തെറിവിളി ഉണ്ടാകും. മിക്കവാറും ചോദിക്കുന്ന ചോദ്യം തന്നെ ആവർത്തിച്ചു:

“തങ്ങളേ... പുതിയ ശോടതി വേടിച്ച്റ്റ്ണ്ട്... മറ്റന്നാളാണ് എട്പ്പ്.”

തങ്ങൾ ആകാശത്തേയ്ക്ക് മുഖമുയർത്തി. പതിവില്ലാതെ അലവിയുടെ കണ്ണിലേയ്ക്ക് കുറച്ചുനേരം നോക്കി. പതുക്കെ പറഞ്ഞു:

“സമയത്തിന്റെ തമ്പുരാനോട് പറയ്...”

ചെറുകുഞ്ഞിക്കോയ തങ്ങൾ ധൃതിയിൽ നടന്നുതുടങ്ങി. രാത്രി കുമാരു വരും. തങ്ങൾക്കു കൂട്ടുകിടക്കുന്നത് കുമാരുവാണ് എന്നാണ് വയ്പ്. സത്യമതല്ല. കുമാരുവിനു പേടിയാണ്. ഭാര്യയെ, മക്കളെ, നാട്ടുകാരെ, സുഹൃത്തുക്കളെ. എന്തിനേയും കുമാരു പേടിച്ചു. ഉറങ്ങണമെങ്കിൽ തങ്ങളുടെ കൂടെ കിടക്കണം. കുടിക്കുന്ന ദിവസം പ്രത്യേകിച്ച് തങ്ങളെ കെട്ടിപ്പിടിച്ചു കിടക്കണം.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഉറക്കത്തിലേയ്ക്ക് പോകുമ്പോൾ പതിവുപോലെ ഭിത്തിയിൽ സ്വന്തം നിഴലുകണ്ട് കുമാരു പേടിച്ചു. തങ്ങൾ നിഴലിനെ കൈവീശി ഓടിച്ചുവിട്ടതുകണ്ട് കുമാരു പിറുപിറുത്തു:

“ഇമ്പടൊന്നും ബയക്കാൻല്ല.”

ഉറക്കത്തിലേയ്ക്ക് പോകുമ്പോൾ അലവി പതിവുപോലെ റബ്ബുൽ ആലമീനായ തമ്പുരാനോട് പ്രാർത്ഥിച്ചു: “ഇതെങ്ങിലും അടിക്കണള്ളാ...”

രാവുണ്ണി നായരുടെ നെഞ്ചിൽ തലവെച്ച് ഉറക്കത്തിലേയ്ക്ക് പോകുമ്പോൾ മാധവിയമ്മ ചോദിച്ചു:

“നാളെ പഴപ്രഥമൻണ്ടാക്ക്യാലാ...”

അർദ്ധരാത്രി കഴിഞ്ഞപ്പോൾ നടവരമ്പങ്ങാടിയുടെ പടിഞ്ഞാറേ ചെരുവിൽ ചക്രവാളം മുഴുവൻ പരന്ന ഒരു മിന്നലുണ്ടായി. ഉയരത്തിൽനിന്നു വലിയ പാറ ഉരുട്ടിയിട്ടതുപോലെയുള്ള ഇടിശബ്ദം. കനത്ത തുള്ളികളോടെ മഴ പെയ്തു തുടങ്ങി. അലറിക്കൊണ്ടുവരുന്ന കാറ്റിന്റെ ശബ്ദംകേട്ട് വീട്ടുമൃഗങ്ങൾ ഭയത്തോടെ കരഞ്ഞു. ആലകളുടേയും വീടുകളുടേയും മേൽക്കൂരകൾ പറന്നു. മൃഗങ്ങൾ പരക്കം പാഞ്ഞു. ഓടിട്ട പഴയ ഇ.എം.എസ് സ്മാരക വായനശാല കെട്ടിടം ഒട്ടേറെ പഴയ പുസ്തകങ്ങളോടൊപ്പം നിലംപൊത്തി. പടിഞ്ഞാറേക്കരയിൽ കരയ്ക്ക് കയറ്റി ഇട്ടിരുന്ന വള്ളങ്ങൾ കടലിലേയ്ക്കു പോയി. മരക്കാലുകളിൽ ഊന്നിനിന്നിരുന്ന അങ്ങാടിയിലെ പെട്ടിക്കടകൾ തകർന്നുവീണു. മണിക്കൂറുകൾക്കുള്ളിൽ പാടവും പറമ്പും തോടുകളും കവിഞ്ഞു. വൈദ്യുതിക്കാലുകൾ വെള്ളത്തിലേയ്ക്കു മറിഞ്ഞു. ഭാര്യയേയും മക്കളേയും കുറിച്ചോർത്ത അലവി മഴയും കാറ്റും കൂട്ടാക്കാതെ, പ്രധാന വാതിലടയ്ക്കാതെ ബംഗ്ലാവിൽനിന്നു പുറത്തുചാടി ഇരുട്ടത്ത് പാഞ്ഞു. അലവിയുടെ കുടിൽ പഞ്ചായത്ത് തോട് കൊണ്ടുപോയിരുന്നു. കെട്ടിയവൾ പെൺമക്കളേയും വാരിപ്പിടിച്ച് എങ്ങനെയോ പള്ളിയിലോടിക്കയറി. വലിയൊരു കല്ലുകൊണ്ട് മുൻവാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിലേയ്ക്കു പോയി. ആറ് ദിവസം മഴ തോരാതെ പെയ്തു.

അങ്ങാടി പകുതിയോളം മുങ്ങിയിരുന്നു. ചില ചെറുപാലങ്ങളും കലുങ്കുകളും ഒലിച്ചുപോയി. തോടുകളും പുഴയും പറമ്പുകളും ഒന്നായി. തങ്ങൾസ് വാച്ച് വർക്സ് എന്ന ബോർഡ് വെള്ളത്തിലൂടെ ഒഴുകിനടന്നു. ഇടയ്ക്ക് തടഞ്ഞുനിന്നു. വീണ്ടുമൊഴുകി. കാതടപ്പിക്കുന്ന ഒച്ചകൾക്കിടയിലും മൊയ്തീൻ മൂപ്പർ അലവിയേ... നായിന്റെ മോനെ... എന്നു നീട്ടി വിളിച്ചുകൊണ്ടിരുന്നു. പതിയെപ്പതിയെ വിളി തോർന്നുവന്നു.

മഴ നിന്നപ്പോൾ വെള്ളം നീന്തി അലവി മൊയ്തീൻ മൂപ്പരെ തേടിച്ചെന്നു. തുറന്ന കണ്ണുകളിൽ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. വീടിനകത്തുനിന്നു കില്ലപ്പട്ടികൾ ഇറങ്ങിയോടി. മൂക്കു തുളയ്ക്കുന്ന ദുർഗന്ധത്തിൽ മൊയ്തീൻ മൂപ്പർ മരിച്ചുകിടന്നു. മരണം അറിയിക്കാനായി അലവി ഇറങ്ങിനടന്നു. അയാൾ ആകാശത്തേയ്ക്കു നോക്കി. ഒരു കരിങ്കാറുപോലുമില്ല. ചെറിയ വെയിൽ പരക്കുന്നുണ്ട്. പലയിടത്തും വെള്ളം വറ്റിയിട്ടുണ്ട്. നടവരമ്പങ്ങാടിയിലേയ്ക്കു പോകുന്ന തെങ്ങുപറമ്പ് നീന്തി റോഡിലേയ്ക്കു കയറുമ്പോൾ ഷോടതി ഗോപാലൻ എതിരെ വരുന്നു. സ്വാധീനക്കുറവുള്ള കാലുവലിച്ച് ചാടിച്ചാടി അയാൾ അലവിക്കടുത്തെത്തി. എത്തിയതും അലവിയെ കയറിപ്പിടിച്ചതും പിടുത്തത്തിന്റെ ആയംകൊണ്ട് ഇരുവരും വെള്ളത്തിലേയ്ക്കു വീണതും ഒരുമിച്ച്. ഗോപാലൻ വെള്ളത്തിലുരുണ്ട് കിതച്ചുകൊണ്ട് എഴുന്നേറ്റു. വായിൽ കയറിയ ചെളിതുപ്പി. കിതപ്പ് മാറാതെ പറഞ്ഞൊപ്പിച്ചു.

“അടിച്ചെട അൽവിയെ... ഒന്നാൻ സമ്മാനം.”

കുറച്ചുനേരം മിണ്ടാട്ടം മുട്ടിയ അലവി പെട്ടെന്നു പട്ടി ഓരിയിടുന്നതുപോലെ ഉറക്കെ കരഞ്ഞു. നിലത്തിരുന്നു കരഞ്ഞു. കിടന്നു കരഞ്ഞു. കരഞ്ഞുകൊണ്ട് നടന്നു. അങ്ങാടിയിൽ പൂട്ടിക്കിടക്കുന്ന തങ്ങൾസ് വാച്ച് വർക്സിനു മുന്‍പിൽനിന്ന് ഏങ്ങിയേങ്ങി കരഞ്ഞു.

“ന്റെ മെയ്ദീമ്മൂപ്പര് പോയല്ലാ തങ്ങളേ...”

തങ്ങൾസ് വാച്ച് വർക്സിനകത്തുനിന്നു സമയം നീങ്ങുന്ന ശബ്ദം പുറത്തേയ്ക്ക് കേട്ടുകൊണ്ടിരുന്നു...

പി.എസ്. റഫീഖ് എഴുതിയ കഥ: തങ്ങൾസ് വാച്ച് വർക്സ്
ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ കഥ: എം.ജി പാർക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com