സലിന്‍ മാങ്കുഴി എഴുതിയ കഥ ‘ഉറ’

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
സലിന്‍ മാങ്കുഴി എഴുതിയ കഥ ‘ഉറ’
Updated on
8 min read
മറവികളോടുള്ള ഓര്‍മ്മകളുടെ കലാപമാണ് രാഷ്ട്രീയപ്രവര്‍ത്തനം മിലന്‍ കുന്ദേര

ഗരത്തിനു വളരെ നേര്‍ത്ത ശബ്ദങ്ങളേ ഉണ്ടായിരുന്നുള്ളൂ. നിറങ്ങളും മങ്ങിയിരുന്നു. ഉച്ച കഴിഞ്ഞ നേരം. പൊലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ ലോപ്പസ് മെല്ലെ നടന്നു. ആ നഗരത്തിന്റെ മുക്കും മൂലയും നിറവും ഗന്ധവുമൊക്കെ അയാള്‍ക്ക് ഓര്‍മ്മകളുടെ പരിചിത പ്രദേശമാണ്. ഇന്നലെകളുടെ ചാരത്തുകൂടെ നടന്നു മെഡിക്കല്‍ സ്‌റ്റോറിന്റെ മുന്നിലെത്തി. മനുഷ്യരെല്ലാം രോഗികളാണോയെന്നു തോന്നിപ്പോകുന്ന തിരക്ക്. അയാള്‍ ഷോപ്പിന്റെ വശത്തെ വെയിലില്ലാത്ത ഒരിടത്ത് ആളൊഴിയുന്നതും കാത്തുനിന്നു. വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്നു. ലോപ്പസ് ശ്രവണ സഹായി എടുത്ത് ചെവിയില്‍ തിരുകിയതും നഗരം ഇരമ്പാനും തിടുക്കപ്പെട്ട വാഹനങ്ങള്‍ ഹോണ്‍ മുഴക്കാനും തുടങ്ങി. നഗരത്തിന്റെ ശബ്ദത്തിനു മാത്രം മാറ്റമൊന്നും വന്നിട്ടില്ല. ഒരേ തരത്തിലുള്ള മടുപ്പിക്കുന്ന മുഴക്കം. എത്ര വലിയ ശബ്ദത്തിനകത്താണ് നഗര മനുഷ്യര്‍ ജീവിക്കുന്നത്.

നാടയില്‍ കോര്‍ത്ത ശ്രവണ സഹായി മിക്കസമയവും തോളത്തിടുകയോ മേശയ്ക്കകത്തു വയ്ക്കുകയോ ആണ് പതിവ്. വല്ലപ്പോഴും പുറത്തിറങ്ങുമ്പോഴാണത് ചെവിയില്‍ തിരുകുന്നത്. കണ്ട കാഴ്ചകളിലേയും കേട്ട ശബ്ദങ്ങളിലേയും ചിലത് ഓര്‍ത്തെടുത്ത് കാണാനും കേള്‍ക്കാനുമാണ് അയാള്‍ക്കിഷ്ടം. പുതിയ ശബ്ദങ്ങളേയും കാഴ്ചകളേയും സ്വീകരിക്കാന്‍ മനസ്സ് മടിക്കുന്നു.

'എന്താ ഇവിടെ?' പരിചയഭാവത്തോടെ മുന്നില്‍ വന്നുനിന്ന മധ്യവയസ്‌കന്‍ ചിരിച്ചിട്ട് ചോദിച്ചു.

'തിരക്കൊഴിയട്ടെ...' മരുന്നിന്റെ തുണ്ടു കാട്ടി ലോപ്പസ് പറഞ്ഞു.

'കുറിപ്പിങ്ങ് തന്നേ. ഞാന്‍ കൊടുക്കാം.'

ലോപ്പസ് മരുന്നിന്റെ തുണ്ട് കൊടുത്തു. അയാള്‍ തിരക്കിനിടയിലൂടെ നുഴഞ്ഞു കയറി തുണ്ടുകള്‍ ഏല്‍പ്പിച്ചിട്ട് തിരിച്ചിറങ്ങി.

'സാറിനെ എനിക്കറിയാം' അയാള്‍ പറഞ്ഞു. ലോപ്പസ് നിശ്ശബ്ദനായി. സംസാരത്തിനിടയില്‍ അയാള്‍ മെഡിക്കല്‍ സ്‌റ്റോറിലേക്ക് നോക്കുന്നുണ്ടായിരുന്നു.

'എന്തു ചെയ്യുന്നു?' ലോപ്പസ് ചോദിച്ചു.

അയാളുടെ ഫോണടിച്ചു.

'ഹലോ, ഞാനിറങ്ങി. പത്ത് മിനിട്ട്...'

'ഏജീസ് ഓഫീസിലാ.' ഫോണ്‍ കട്ടു ചെയ്തിട്ട് അയാള്‍ മറുപടി പറഞ്ഞു.

'എവിടെയാ സ്ഥലം?'

'ഈരാറ്റുപേട്ടയിലാ... വൈഫും മോളും അവിടെയാ.'

'മോള്‍... ഏത് ക്ലാസിലായി?' മോളെന്ന് ഉച്ചരിച്ചപ്പോള്‍ വാര്‍ദ്ധക്യം വടുക്കള്‍ വീഴ്ത്തിയ ലോപ്പസിന്റെ മുഖം വിടര്‍ന്നു.

'അവള് എയ്ത്തിലാ.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
വീട്ടില്‍ മടങ്ങിയെത്തിയ ലോപ്പസ് കട്ടിലിന്റെ പടിയില്‍ തലയുയര്‍ത്തി വെച്ച് ആലസ്യത്തോടെ കിടന്നു. മരുന്നു കഴിച്ചില്ലെന്നോര്‍ത്തപ്പോള്‍ കിടക്കയില്‍ കുറച്ചുനേരം എഴുന്നേറ്റിരുന്നിട്ട് ബാഗില്‍നിന്നു മരുന്നെടുത്ത് താല്പര്യമില്ലാതെ പൊതി തുറന്നു.

'മെഡിക്കല്‍ സ്‌റ്റോറിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്നില്‍ ജീപ്പൊതുക്കി പുറത്തിറങ്ങിയ പൊലീസുകാരന്‍ ഉറക്കെ ചോദിച്ചു:

'ഇതാരുടെ വണ്ടിയാ?'

തന്റേതാണെന്ന് അയാള്‍ കൈ ഉയര്‍ത്തിക്കാട്ടി.

'ഇവിടെ പാര്‍ക്കിംഗ് പാടില്ലെന്ന് ബോര്‍ഡ് വെച്ചിരിക്കുന്നത് കണ്ടില്ലേ?'

'ഇപ്പോ മാറ്റാം. മെഡിസിന്‍ വാങ്ങാന്‍ നിര്‍ത്തിയതാ' അയാള്‍ പറഞ്ഞു.

പൊലീസുകാരന്‍ ലോപ്പസിനെ പരിചയഭാവത്തോടെ നോക്കി.

രണ്ട് മരുന്നുകവറും പ്രിസ്‌ക്രിപ്ഷനുകളും ബില്ലും കിട്ടിയപ്പോള്‍ അയാള്‍ തിടുക്കപ്പെട്ട് പണം കൊടുത്തിട്ട് ഒരു മരുന്നു കവറും പ്രിസ്‌ക്രിപ്ഷനും ലോപ്പസിനു നല്‍കി വേഗം പിന്‍വാങ്ങി.

'എത്ര രൂപയായി?' ലോപ്പസ് റോഡിലേക്കിറങ്ങി.

പൊലീസുകാരന്‍ അക്ഷമയോടെ മുറുമുറുത്തു.

'ഓ... അത് സാരമില്ല...' അയാള്‍ തിടുക്കപ്പെട്ട് കാറില്‍ കയറിപ്പോയി. പൊലീസ് ജീപ്പ് ജംഗ്ഷന്‍ ചുറ്റി മടങ്ങിപ്പോയി. ലോപ്പസ് ബാഗിനുള്ളില്‍ മരുന്നും തുണ്ടും ഭദ്രമായി വെച്ചിട്ട് കുട നിവര്‍ത്തി ബസ് സ്റ്റാന്റിലേക്കു നടന്നു. നിരോധനത്തിനും ആക്രമണത്തിനും വിധേയമായിട്ടുള്ള ഒരു ചെറുകിട മാസിക ഒറ്റയ്ക്ക് നടത്തിയിട്ടുള്ള ലോപ്പസിനെ ആ ചെറുനഗരത്തിന് അടുത്തു പരിചയമുണ്ടായിരുന്നു.

ക്ഷീണവും കാലുകളില്‍ ചെറിയ നീരുമുണ്ടായിരുന്നെങ്കിലും ആ യാത്ര ലോപ്പസിന് ഒഴിവാക്കാനാകുമായിരുന്നില്ല. എത്രയെത്ര പ്രതിഷേധങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, ഒറ്റയാള്‍ പ്രകടനങ്ങള്‍ നടത്തിയ വഴികള്‍.

വീട്ടില്‍ മടങ്ങിയെത്തിയ ലോപ്പസ് കട്ടിലിന്റെ പടിയില്‍ തലയുയര്‍ത്തി വെച്ച് ആലസ്യത്തോടെ കിടന്നു. മരുന്നു കഴിച്ചില്ലെന്നോര്‍ത്തപ്പോള്‍ കിടക്കയില്‍ കുറച്ചുനേരം എഴുന്നേറ്റിരുന്നിട്ട് ബാഗില്‍നിന്നു മരുന്നെടുത്ത് താല്പര്യമില്ലാതെ പൊതി തുറന്നു. പൊതിക്കുള്ളിലെ കവര്‍ കണ്ട് അയാളൊന്നു സംശയിച്ചു. പിന്നെ അതിശയിച്ചു. മരുന്നിനു പകരം കിട്ടിയ, അര്‍ദ്ധനഗ്‌നരായ പ്രണയികളുടെ ചിത്രമുള്ള, ആ കോണ്ടം കവര്‍ അയാള്‍ തിരിച്ചും മറിച്ചും നോക്കി. പെട്ടെന്നയാള്‍ അത് തലയിണയുടെ അടിയില്‍ ഒളിപ്പിച്ചു. ഭാര്യയോ മകളോ കണ്ടാല്‍...

'എടാ കള്ളാ...' അയാളുടെ മുഖത്ത് നേര്‍ത്ത ചിരി പൊടിഞ്ഞു.

ലോപ്പസ് കണ്ണടയെടുത്ത് ബനിയനില്‍ നല്ലവണ്ണം തുടച്ച ശേഷം മുഖത്തുവെച്ചു. ശ്രവണ സഹായി ചെവിയില്‍ തിരുകി. ചെവിവട്ടം പിടിച്ചു. വീണ്ടും കവറെടുത്ത് തിരിച്ചും മറിച്ചും നോക്കി. പെട്ടെന്ന് അയാളുടെ തലച്ചോറില്‍ ഒരു മിന്നലുയര്‍ന്നു. ചിരി മാഞ്ഞു. മെല്ലെ മെല്ലെ മുഖം ഗൗരവമുള്ളതായി.

തന്റെ മാസികയുടെ ഓഫീസ് ചവിട്ടിത്തുറന്നു കയറി കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചിട്ട് തന്നെ പൊലീസ് വേട്ടയാടിപ്പിടിച്ച ആ രാത്രി ലോപ്പസിന്റെ മനസ്സില്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി.

അടികൊണ്ടു വീര്‍ത്ത മുഖത്തോടെ ലോപ്പസും കൂട്ടരും പൊലീസ് ജീപ്പിലിരുന്നു. അറസ്റ്റ് അവര്‍ പ്രതീക്ഷിച്ചതാണ്. നിഗൂഢമാംവിധം നിശ്ശബ്ദമായ നഗരത്തിലൂടെ ജീപ്പ് ചീറിപ്പാഞ്ഞു. അവരെ ലോക്കപ്പിലേക്കല്ല താലൂക്കാശുപത്രിയിലാണ് എത്തിച്ചത്.

'സാറേ... എന്നെയെന്തിനാ ഇവിടെ കൊണ്ടുവന്നത്?' കാര്യം മനസ്സിലായപ്പോള്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ ലോപ്പസ് ചോദിച്ചു.

'നിനക്കെത്ര വയസ്സായെടാ?'

'ഇരുപത്തിയാറ്...' ലോപ്പസ് പറഞ്ഞു.

ജനസംഖ്യ കുറഞ്ഞാലേ രാഷ്ട്രത്തിനു കുതിച്ചുയരാനാകൂ എന്ന യുവരാജാവിന്റെ കണ്ടുപിടിത്തം നടപ്പാക്കാന്‍ നാടുമുഴുവന്‍ പാഞ്ഞുനടന്നവര്‍ ഉറക്കെ ചിരിച്ചു.

'എടാ... പത്രാധിപരേ, നിന്റെ വംശം നശിച്ചാലേ നാട് നന്നാവൂ... നീയെന്താടാ എഴുതിയത്.' നിര്‍ബ്ബന്ധിക്കുന്നതിലെ അപകടങ്ങള്‍, 'ഉഗ്രപരിഹാരം പിന്നെയുമുണ്ടല്ലോ, അഞ്ചിന പരിപാടി തുലയട്ടെ. എടാ ഞങ്ങള് തീരുമാനിക്കും. ആര് തുലയണമെന്ന്. നീയൊക്കെ വാപൂട്ടി അനുസരിച്ചോളണം' പൊലീസുകാരന്‍ പറഞ്ഞു. അവരെ നാലുപേരെയും ആശുപത്രിയിലെ സെല്ലു പോലെയുള്ള മുറിയിലാണ് വരിയായി നിര്‍ത്തിയിരുന്നത്. രണ്ട് പൊലീസുകാര്‍ മുറിയിലും ഒരാള്‍ പുറത്തും നിന്നു. സെല്‍ പുറത്തുനിന്ന് അടച്ചിരുന്നു.

'സാറേ... ഞാന്‍ കല്യാണം കഴിച്ചിട്ടില്ല' ലോപ്പസ് പറഞ്ഞു. പൊലീസുകാരന്‍ അടുത്തേയ്ക്ക് വന്നിട്ട് ലാത്തി ലോപ്പസിന്റെ നെറ്റിയില്‍ ഊന്നി. മെല്ലെയത് താഴേക്ക് വരച്ചിറക്കി. അടിവയറില്‍ എത്തിയപ്പോള്‍ ലാത്തി അമര്‍ത്തി അയാള്‍ പറഞ്ഞു:

'ജനസംഖ്യാ വര്‍ദ്ധനവും സമ്പദ്‌വികസനവും ഒരു എതിര്‍വാദം. അവന്റെ മൂഞ്ചിയ ഒരു ലേഖനം.'

ലോപ്പസ് ഉറക്കെ വിളിച്ചുപോയി.

'പെണ്ണ് കെട്ടാന്‍ നീയിനി പുറത്തിറങ്ങിയിട്ട് വേണ്ടേടാ?... കുടുംബാസൂത്രണത്തെക്കുറിച്ച് എഴുതല്ലെന്ന് മര്യാദയ്ക്ക് പറഞ്ഞതല്ലേടാ' പൊലീസുകാരന്‍ മറ്റുള്ളവരുടെ അടുത്തേയ്ക്ക് നീങ്ങി.

'വാസു, അസറി, കാസിം...' മൂന്നുപേരെയും നോക്കിയിട്ട് പൊലീസുകാരന്‍ പറഞ്ഞു.

ചുവരിനോട് ചേര്‍ന്നുനിന്ന കാസിമിന്റെ രണ്ടു കഴുത്തെല്ലിലും വിരലാഴ്ത്തിപ്പിടിച്ചിട്ട് അയാള്‍ ചോദിച്ചു:

'നിനക്കെത്ര മക്കളുണ്ടെടാ?'

'നാല്...' കാസിം ഭയത്തോടെ പറഞ്ഞു.

'ഇനി നിന്റെ അണ്ടിയാപ്പീസ് പൂട്ടിയില്ലെങ്കില്‍ നാട് മുടിയും.' പൊലീസുകാരന്‍ കാസിം കുഞ്ഞിനെ സെല്ലിന്റെ വാതില്‍ ഭാഗത്തേയ്ക്ക് പിടിച്ചുതള്ളി. പുറത്തുനിന്ന പൊലീസുകാരന്‍ സെല്ലു തുറന്ന് പാട്ടും പാടി അകത്തു കയറി.

'കാസിം കുഞ്ഞേ കഞ്ഞികുടീ

വാടാ പോഴാ പള്ളനിറ

കുട്ടികളുപ്പാ വന്നില്ലെന്ന്

കാത്തിട്ടെങ്ങുമിരിക്കട്ടെ...'

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ഓടി ഓടി പുലര്‍ച്ചയായപ്പോള്‍ ലോപ്പസ് ആള്‍വാസമില്ലാത്ത ഒരു കുന്നില്‍ മുകളില്‍ അഭയം തേടി. തിന്നാനും കുടിക്കാനുമില്ലാതെ രണ്ടു ദിവസം പാറയിടുക്കില്‍ ഒളിച്ചുകിടന്നു.

പൊലീസുകാര്‍ കാസിമിന്റെ കൈകള്‍ പിറകില്‍ പിണച്ചുകെട്ടി വായില്‍ തുണി കുത്തിക്കയറ്റി ഇരുളിലൂടെ ഇടനാഴിക്കപ്പുറത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.

'എടാ ലോപ്പസേ...' പൊലീസുകാരന്‍ ബെല്‍റ്റിന്റെ ഹൂക്കഴിച്ചിട്ട്, ചുവരില്‍ ഒരു കാല്‍ ഉയര്‍ത്തി ചാരിനിന്നിട്ട് സിഗററ്റ് കത്തിച്ചു. അയാള്‍ തുടര്‍ന്നു:

'നിന്റെ ഡൂക്ലി മാസിക നല്ല വില തന്നു വാങ്ങാന്‍ ആളുണ്ട്. നീയവിടെ മര്യാദയ്ക്കിരുന്ന് പറയുന്ന പണി ചെയ്താ മതി. മാന്യമായ ശമ്പളം തരും. എന്താ സമ്മതമാണോ?' പൊലീസുകാരന്‍ ചോദിച്ചു. ലോപ്പസ് മറുപടി പറഞ്ഞില്ല.

'എടാ, വലിയ വലിയ പത്രങ്ങള്‍ വാലും മടക്കി വായും പൂട്ടി ഓച്ഛാനിച്ച് നില്‍ക്കുമ്പോഴാ നിന്റെ ഒന്നരക്കീറ് കടലാസ്സ്' പൊലീസുകാരന്‍ ഷര്‍ട്ടിനകത്തു സൂക്ഷിച്ചിരുന്ന പത്രം പുറത്തെടുത്ത് നിവര്‍ത്തി. അതില്‍ ചിരിതൂകി നില്‍ക്കുന്ന യുവദമ്പതികളുടെ ചിത്രമുള്ള ഫുള്‍പേജ് ഫീച്ചറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നതു വായിച്ചു:

'സംശയാസ്പദമായ സ്വഭാവമുള്ളവരോ വൈതാളികരോ ആയി അദ്ദേഹത്തിനു യാതൊരു ബന്ധവുമില്ല; മദ്യപിക്കില്ല, പുകവലിക്കില്ല, ലളിതജീവിതം നയിക്കുന്നു. വെറും വാക്ക് പറയില്ല, പ്രവൃത്തിയാണ് ഇഷ്ടം' ആരാധന മുറ്റിയ കണ്ണുകളോടെ ചിത്രത്തിലെ പുരുഷനെ നോക്കിയ പൊലീസുകാരന്‍ പുരികം ഉയര്‍ത്തി ചോദ്യഭാവത്തോടെ ലോപ്പസിനെ നോക്കി.

'എടാ, രാജാവ് ഇപ്പോ ഇങ്ങേരാ. ഇയാള്‍ പറയുന്നതാ നിയമം. നിന്റെ മാസികേട പേരെന്താ? വീണ്ടും മറന്നല്ലോ...' പൊലീസുകാരന്‍ ഓര്‍മ്മയില്‍ തപ്പി.

'ഗ്രാന്മ' ലോപ്പസ് പറഞ്ഞു.

'അവന്റെ അമ്മൂമ്മേട ഗ്രാന്മ... ഞാന്‍ പറഞ്ഞത് നിനക്ക് സമ്മതമാണോ?'

'സാറേ എനിക്കൊരു സിഗററ്റ് തര്വോ?'

'ചോദിച്ചതിനു മറുപടി പറയെടാ' പൊലീസുകാരന്‍ ശബ്ദം കടുപ്പിച്ചു.

'സമ്മതം സാറേ' ലോപ്പസ് പറഞ്ഞു. പൊലീസുകാരന്‍ തലകുലുക്കി ചിരിച്ചു.

പോക്കറ്റില്‍നിന്ന് ഒരു സിഗററ്റ് എടുത്തു നല്‍കിയിട്ട് ചിറികോട്ടിയ ചിരിയോടെ മറ്റുള്ളവരെ നോക്കി.

'ഇനി ആര്‍ക്കാടാ സിഗററ്റ് വേണ്ടത്?'

അയാള്‍ ലൈറ്റര്‍ ഒന്നു ശക്തമായി താഴേക്ക് വീശിയിട്ട് കത്തിച്ചുപിടിച്ചു. സിഗററ്റ് കത്തിക്കുന്നതിനിടയില്‍ ലോപ്പസ് പൊലീസുകാരന്റെ അടിവയറ്റില്‍ മുട്ടുകാലുകൊണ്ട് തൊഴിച്ചു താഴെയിട്ടിട്ട് പുറത്തേക്കോടി. മറ്റു രണ്ടുപേരും ഒപ്പമോടി. പൊലീസുകാരന്‍ ചാടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ അവര്‍ ഇരുളിലേക്കു മറഞ്ഞിരുന്നു.

ഓടി ഓടി പുലര്‍ച്ചയായപ്പോള്‍ ലോപ്പസ് ആള്‍വാസമില്ലാത്ത ഒരു കുന്നില്‍ മുകളില്‍ അഭയം തേടി. തിന്നാനും കുടിക്കാനുമില്ലാതെ രണ്ടു ദിവസം പാറയിടുക്കില്‍ ഒളിച്ചുകിടന്നു. മൂന്നാംനാള്‍ രാവിലെ വിറക് ശേഖരിക്കാന്‍ വന്ന യുവതി തളര്‍ന്നുകിടക്കുന്ന ആളെ കണ്ടു ഭയന്നുവിളിച്ചു. അയാള്‍ അവളുടെ വാ പൊത്തിപ്പിടിച്ചിട്ട് ചെവിവട്ടം പിടിച്ചു. അവളുടെ പിടച്ചിലടങ്ങിയപ്പോള്‍ അയാള്‍ വിശക്കുന്നുവെന്നു ദയനീയമായി പറഞ്ഞിട്ട് കൈ വിട്ടു. അവള്‍ കുറച്ചുനേരം മുട്ടില്‍ തലതാഴ്ത്തി കിതപ്പോടെ ഇരുന്നിട്ട് മറുപടി പറയാതെ മടങ്ങിപ്പോയി. സന്ധ്യയായപ്പോള്‍ ഒളിച്ചും പതുങ്ങിയും അവള്‍ കഞ്ഞിയുമായി വന്നു.

മുളകും ചേര്‍ത്ത് കഞ്ഞി ആര്‍ത്തിയോടെ കുടിച്ചിട്ട് അയാള്‍ ചോദിച്ചു:

'നിന്റെ പേരെന്താ?'

'ഓമന.'

'വീടെവിടെയാ?'

അവള്‍ അടിവാരത്തിലേക്ക് കൈചൂണ്ടി. അമ്മയും മൂന്ന് അനുജത്തിമാരുമുള്ള വീടിനെക്കുറിച്ചും തന്റെ അച്ഛനെക്കുറിച്ചും അവള്‍ പറഞ്ഞു. പിന്നീട് എല്ലാ ദിവസവും ഇരുട്ടു വീഴാറാകുമ്പോള്‍ അവള്‍ ഒളിച്ചും പതുങ്ങിയും കഞ്ഞിയുമായി വന്നു. കഞ്ഞികുടിക്കുന്നതിനിടയില്‍ അയാള്‍ അവളോട് പലതും ശബ്ദം താഴ്ത്തി പറയുകയും ചോദിക്കുകയും ചെയ്തു.

'നീയെനിക്കൊരു പൊതി ബീഡി വാങ്ങിത്തരുമോ?'

അവള്‍ സമ്മതിച്ച് തലയാട്ടി.

'അല്ലെങ്കില്‍ വേണ്ട' ലോപ്പസ് ആലോചനയോടെ പറഞ്ഞു.

അവള്‍ സംശയത്തോടെ കണ്ണ് ചരിച്ച് നോക്കി. അയാള്‍ കണ്ണടച്ചു ചിരിച്ചു.

'എന്റെ കൂടെ വരുന്നോ?'

'എവിടേക്ക്?' അവള്‍ അത്ഭുതപ്പെട്ടു.

'നമുക്കൊരു കൊച്ചു കൂടുണ്ടാക്കാം. ഈ നശിച്ച കാലം കഴിയട്ടെ' അയാള്‍ പറഞ്ഞു. അവള്‍ മറുപടി പറയാതെ അയാളെ അതിശയത്തോടെ നോക്കിയിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ അവളെ നെഞ്ചില്‍ ചേര്‍ത്തിരുത്തി.

അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പാടി.

'തല്ലാതെ കൊല്ലാതെ എങ്കള്‍തായേ

എന്‍മേലു നോവുന്നേ എങ്കള്‍ തായേ

എന്നുടെ മേലില്‍ തിണര്‍പ്പു കണ്ടാല്‍

പെറ്റതായ്‌ക്കൊട്ടും മനം സഹിയാ' അയാളത് ഏറ്റുപാടി.

പിറ്റേന്നവള്‍ വന്നപ്പോള്‍ കയ്യില്‍ ബീഡിപ്പൊതിയും തീപ്പെട്ടിയുമുണ്ടായിരുന്നു.

'ആര്‍ക്കെന്ന് പറഞ്ഞാ നീയിത് വാങ്ങിയത്?' ആശങ്കയോടെ ലോപ്പസ് ചോദിച്ചു.

'കാണാതെ എടുത്തതാ...' ഓമന പറഞ്ഞു. അയാള്‍ ചിരിച്ചുകൊണ്ട് ബീഡി കത്തിച്ചു. അയാള്‍ അവളുടെ മുഖത്ത് തലോടി. ആകാശം അവളുടെ ഉടലില്‍ അന്തിച്ചുവപ്പോടെ ജ്വലിച്ചു.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
സ്വപ്നത്തില്‍ അവര്‍ക്കൊരു പെണ്‍കുഞ്ഞു ജനിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുകൊണ്ടു പുലരും മുന്‍പേ ലോപ്പസ് ഉണര്‍ന്നു. പാല്‍മണമുള്ളൊരു ചിരി അയാളുടെ മുഖത്തുനിന്നു ഓടിയൊളിച്ചു.

'മൂര്‍ദ്ദാബാദ്, മൂര്‍ദ്ദാബാദ് യുവരാജാവ് മൂര്‍ദ്ദാബാദ്...' അവളുടെ ശരീരത്തില്‍ ചേര്‍ന്നമര്‍ന്നപ്പോള്‍ ചെവിയില്‍ ചുണ്ടമര്‍ത്തി അയാള്‍ കിതപ്പോടെ പറഞ്ഞത് അവള്‍ക്കു മനസ്സിലായില്ല. ഇരുള്‍ വീണപ്പോള്‍ അവള്‍ ചാടിപ്പിടഞ്ഞെഴുന്നേറ്റ് താഴേയ്‌ക്കോടി. അന്നു രാത്രി അയാള്‍ കണ്ട സ്വപ്നത്തില്‍ അവര്‍ക്കൊരു പെണ്‍കുഞ്ഞു ജനിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുകൊണ്ടു പുലരും മുന്‍പേ ലോപ്പസ് ഉണര്‍ന്നു. പാല്‍മണമുള്ളൊരു ചിരി അയാളുടെ മുഖത്തുനിന്നു ഓടിയൊളിച്ചു.

പിറ്റേന്ന് ഒരു മെല്ലിച്ച സ്ത്രീ തൊഴുകയ്യോടെ ലോപ്പസിന്റെ മുന്നില്‍ വന്നുനിന്നു വിലപിച്ചു.

'ഞങ്ങള്‍ക്കാരുമില്ല... കുടികിടക്കുന്നിടത്തുനിന്നിറക്കിവിട്ടാല്‍ കേറിക്കെടക്കാനൊരിടം പോലുമില്ല. പിള്ളാരുടെ തന്തേന്‍ പണിക്കു പോയതാ. ഒന്നര മാസമായി. ഒരു വിവരോം ഇല്ല. ഇന്നുവരും നാളെ വരുമെന്നു വിചാരിച്ച് ഞാനും പിള്ളാരുമിരിക്കുകയാ' അവര്‍ പറഞ്ഞു. ചുറ്റിലും നടക്കുന്നതിനെക്കുറിച്ച് ഏതാണ്ട് ചിലതൊക്കെ അറിയാമായിരുന്നതിനാല്‍ ആ സ്ത്രീയുടെ കണ്ണുകളില്‍ ഭയം തിളച്ചു. അവരുടെ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാവുമെന്നയാള്‍ ഊഹിച്ചു.

'ഓമനേര അമ്മ വിഷമിക്കണ്ട. ഞാനുണ്ട്. അച്ഛനെ കണ്ടുപിടിക്കാം' ലോപ്പസ് ആശ്വസിപ്പിച്ചു.

വിശ്വാസം വരാത്തതുപോലെ അവര്‍ അങ്കലാപ്പോടെ ചുറ്റിലും കണ്ണോടിച്ചിട്ട് ലോപ്പസിനെ നോക്കി കൈകൂപ്പി, പിന്നെ തിടുക്കത്തില്‍ അടിവാരത്തിലേയ്ക്ക് പോയി.

ചെറിയ കടകളിലെല്ലാം കുട്ടികളും സ്ത്രീകളും വരുമ്പോള്‍ മോഷ്ടിക്കാന്‍ പാകത്തില്‍ ബീഡിപ്പൊതി വച്ചിരിക്കണമെന്ന രഹസ്യക്കെണി ഒരുക്കിയ പൊലീസ് അന്നു രാത്രി കുന്നിന്‍ മുകളിലെത്തി. പിടിവലികള്‍ക്കൊടുവില്‍ ലോപ്പസിന്റെ കൈകാല്‍ ബന്ധിച്ച്, വായില്‍ തുണി കുത്തിക്കയറ്റിക്കൊണ്ടവര്‍ അടിവാരത്തിലേക്കിറങ്ങി. ഓമനയുടെ വീടിനവര്‍ തീ കൊളുത്തി. അമ്മയുടേയും നാലു മക്കളുടേയും നിലവിളിശബ്ദം പാഞ്ഞുപോകുന്ന ജീപ്പിന്റെ പിന്നിലിരുന്ന് ലോപ്പസ് കേട്ടു.

'എടാ നിന്റെ തന്ത ചാകുവോളം മരംവെട്ടുകാരനായിരുന്നു. നിന്റെ ചേട്ടനൊരുത്തന് കിണറ് വെട്ട്, വേറൊരുത്തന്‍ ചുമട്ടുകാരന്‍. നിനക്ക് മാത്രം എന്തിന്റെ കഴപ്പാടാ? അക്ഷരം പഠിച്ചതും പോരാഞ്ഞിട്ട്... പൊലീസുകാരനെ ആക്രമിച്ചതിന്റെ വകുപ്പേതാന്നറിയാമോ? ജയിലിടിഞ്ഞാലും നീ പുറംലോകം കാണില്ല. കാണിക്കില്ല' എസ്.ഐ പറഞ്ഞു. ലോപ്പസ് കൂസലില്ലാതെ നിന്നു.

'ഞാന്‍ പറഞ്ഞിട്ടാ നിന്റെ ദേഹത്താരും കൈവയ്ക്കാത്തത്. നീയെന്ത് വിചാരിച്ചു, എന്നെ അടിച്ചു താഴെയിട്ടിട്ട് എന്നെന്നേക്കുമായി രക്ഷപ്പെടാമെന്നോ?' മുറിയിലേക്ക് വന്ന പൊലീസുകാരന്‍ മീശ പിരിച്ചുകൊണ്ടു ചോദിച്ചു.

'നിനക്ക് സിഗററ്റ് വേണോടാ?' അയാള്‍ ലൈറ്റര്‍ കത്തിച്ച് ലോപ്പസിന്റെ മുഖത്തിനു നേരെ പിടിച്ചു. ലോപ്പസ് നിശ്ശബ്ദനായി നിന്നു.

'നിന്റെയൊരു ഞരമ്പ് മുറിക്കാനുണ്ട്. ഇടിച്ച് ചതിച്ചിട്ട് കൊണ്ടുചെന്നാല്‍ ആശുപത്രിക്കാര് കയ്യേക്കില്ല. കട്ടിംഗ് കഴിയട്ടെ. അതു കഴിഞ്ഞു നിന്നെ എനിക്കു വേണം. ഇവിടെ...' പൊലീസുകാരന്‍ പറഞ്ഞു.

'മറ്റവന്‍ എവിടെയാടാ?' എസ്.ഐ. ചോദിച്ചു. ലോപ്പസ് മനസ്സിലാവാതെ നോക്കി.

'എടാ കോപ്പേ, ആശുപത്രിയില്‍നിന്നു നിന്റെ കൂടെ ഓടിയ മറ്റേ മൈത്താണ്ടികളില്‍ ഒരുത്തന്‍ പൊട്ടക്കിണറ്റില്‍ വീണു ചത്തു. മറ്റവന്‍ എവിടെയാന്ന്?'

'എനിക്കറിയില്ല സാറേ...' മരിച്ചതാരെന്നറിയാതെ, പതര്‍ച്ചയോടെ ലോപ്പസ് പറഞ്ഞു.

'അവന്‍ തത്ത പറയുംപോലെ പറയും സാറേ. ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുമ്പം അടിവയറ്റില്‍ മുട്ടുകാല് വച്ച് ഒറ്റത്താങ്ങ് മതി. അവന്‍ വാ തുറക്കും.'

ലോപ്പസിനെ അവര്‍ താലൂക്കാശുപത്രിയിലെത്തിച്ചു.

നീറുന്ന വേദനയോടെ വയറില്‍ വെച്ചുകെട്ടുമായി കിടന്ന ലോപ്പസിന്റെ ഇടംവലം രണ്ടു പൊലീസുകാര്‍ കാവല്‍നിന്നു. ഓമനയെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളും വീട്ടുകാരും എവിടെയാകുമിപ്പോള്‍? ചെറുപ്രാണികളുടെ മണ്‍കൂട് കുത്തി താഴെയിടുന്ന ലാഘവത്തോടെ ആ വീട് അവര്‍ നശിപ്പിച്ചു. ചെറുകീടങ്ങളെപ്പോലെ അവര്‍ ആട്ടിപ്പായിക്കപ്പെട്ടിരിക്കും. ദുരൂഹമായി കാണാതായ ഒരാളിന്റെ, തുണയില്ലാത്ത കുടുംബം ഇനി എങ്ങനെ ജീവിക്കും. ലോപ്പസിന്റെ കണ്ണുകള്‍ ഉരുകിയൊലിച്ചു.

'മോളേ, ചാരൂ...' മയക്കത്തില്‍ നിന്നുണര്‍ന്ന ലോപ്പസ് വിളിച്ചു.

അയാള്‍ ക്ഷീണത്തോടെ മെല്ലെ എഴുന്നേറ്റു. തലയിണയുടെ അടിയില്‍ ഒളിപ്പിച്ചിരുന്ന കോണ്ടം കവര്‍ മേശക്കുള്ളിലേക്ക് ഒളിപ്പിച്ച് വെച്ചിട്ട് മെല്ലെ നടന്ന് സിറ്റ്ഔട്ടിലെ കസേരയില്‍ ചെന്നിരുന്നു. കുന്നിന്റെ ഏറ്റവും മുകളിലാണ് അയാളുടെ വീട്. ചാഞ്ഞ സൂര്യപ്രകാശം ലോപ്പസിന്റെ വീര്‍ത്തപാദത്തില്‍ തലോടിയപ്പോള്‍ സൂചികൊണ്ട് കുത്തുന്നതുപോലെ വേദനിച്ചു. അയാള്‍ ഇരിക്കുന്നയിടത്തുനിന്നു നോക്കിയാല്‍ മലമുകളിലേക്കുള്ള നീണ്ടപാതയുടെ തുടക്കം മുതല്‍ കാണാം. നേരം പുലര്‍ന്നാല്‍ ഇരുട്ടും വരെ പത്രവും വായിച്ച് അടിവാരത്തിലേക്ക് കണ്ണുംനട്ട് ആ കസേരയിലാണ് അധികനേരവും അയാളുടെ ഇരിപ്പ്. ആരെങ്കിലും മലകയറി വരുന്നുണ്ടോ എന്നു രാത്രി ഇടയ്ക്കിടയ്ക്ക് വന്നു ടോര്‍ച്ചടിച്ച് നോക്കും. അയാളവിടെ താമസം തുടങ്ങുമ്പോള്‍ ചുറ്റിലും മറ്റു വീടുകളൊന്നുമില്ലായിരുന്നു. ഇപ്പോള്‍ നിറയെ വീടുകളാണ്.

ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി അധികം വൈകും മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മുന്‍കയ്യെടുത്ത് അയാളുടെ താല്പര്യപ്രകാരം കുന്നിന്‍ മുകളില്‍ വസ്തുവാങ്ങി വീട് വെച്ചുകൊടുത്തു. ഓമനയുടെ വീടിരുന്ന ഇടം കാണാന്‍ പാകത്തിനാണ് വീടിന്റെ സിറ്റ്ഔട്ട് പണിയിപ്പിച്ചത്.

'ചേട്ടാ ഉറക്കമാണോ?' സന്ധ്യയായപ്പോള്‍ പതിവുപോലെ വന്ന അയല്‍വാസി സത്യപാലന്‍ തട്ടി വിളിച്ചു ചോദിച്ചു.

ഞെട്ടിയുണര്‍ന്ന ലോപ്പസ് പരിഭ്രമത്തോടെ ചോദിച്ചു:

'ആരാ?'

'ചേട്ടാ ഞാനാ...' സത്യപാലന്‍ പറഞ്ഞു.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
പാതിരാത്രി കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റുവീശി. അയാള്‍ സിറ്റൗട്ടില്‍ നിന്നെഴുന്നേറ്റ് പോയി. മേശയ്ക്കുള്ളില്‍നിന്നു കോണ്ടം കവര്‍ പുറത്തെടുത്തു.

ലോപ്പസ് കുറച്ചുനേരം മിഴിച്ചു നോക്കിയിട്ട് ശ്രവണ സഹായി എടുത്തു ചെവിയില്‍ വെച്ചു.

'ചേട്ടന് ഓരോ സമയം ഓരോ തോന്നലുകളാ. ഇപ്പോ എന്നെ കണ്ടപ്പോള്‍ ആരെന്നു വിചാരിച്ചാ ഞെട്ടിയത്.'

ചിരിച്ചുകൊണ്ടു സത്യപാലന്‍ കയ്യിലിരുന്ന പൊതി അഴിച്ച് നീട്ടി. ലോപ്പസ് ആലോചനയില്‍ മുഴുകിയിരുന്നു.

'എന്റെ ചേട്ടാ ഇങ്ങനെ തുറിച്ചുനോക്കി ആളെ പേടിപ്പിക്കല്ലേ. ദാ, ഇത് കഴിച്ചാട്ടെ.'

ലോപ്പസ് വടയെടുത്തു. കുറച്ചുനേരം തലകുനിച്ചിരുന്നിട്ട് അകത്തേയ്ക്ക് നോക്കി.

'ഓമനേ... ദാ വടേംകൊണ്ട് സത്യന്‍ വന്നിരിക്കുന്നു. വാ, പാതി നിനക്കുള്ളതാ' ലോപ്പസ് അകത്തേക്ക് നോക്കി വിളിച്ചു.

'ആദ്യം ചേട്ടന്‍ കഴിക്ക്.'

ഫ്‌ലാസ്‌കില്‍നിന്ന് സത്യപാലന്‍ ഒഴിച്ച് നീട്ടിയ ചൂടു ചായ ലോപ്പസ് വാങ്ങി.

'സത്യാ, ഇനി വൈകിയാല്‍ ആപത്താ. ഉടനെ തുടങ്ങണം. എന്തെല്ലാമാ രാജ്യത്ത് നടക്കുന്നത്?' ചായ ഒരിറക്ക് കുടിച്ചിട്ട് അടിവാരത്തിലേയ്ക്ക് നോക്കി ലോപ്പസ് ചോദിച്ചു.

'എന്തു തുടങ്ങുന്ന കാര്യമാ ചേട്ടാ?'

'നീ, പത്രമൊന്നും വായിക്കാറില്ലേ? ജനാധിപത്യവും സ്വാതന്ത്ര്യവും വലിയ അപകടത്തിലാ' ലോപ്പസ് ആരോടിന്നില്ലാതെ, അസ്വസ്ഥതയോടെ പറഞ്ഞു.

'ചേട്ടനാ വട കഴിച്ചേ.'

'മാസിക ഉടനെ തുടങ്ങണം. മുടങ്ങിയിട്ടിപ്പോ കുറേയായി. ചട്ടങ്ങളെല്ലാം മാറി. എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാ. ആര്‍ക്കും ശബ്ദമില്ലാതായി. കാഴ്ചയും കേള്‍വിയുമില്ലാതായി. തനിക്കറിയോ അതു വല്ലതും?'

സത്യപാലന്‍ ഇല്ലെന്നു തലയാട്ടി.

'എല്ലാരും എല്ലാം മറക്കും. പക്ഷേ, ആവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ കാലം നമ്മെ പഴയത് പലതും ഓര്‍മ്മിപ്പിക്കും.'

ലോപ്പസ് അസ്വസ്ഥതയോടെ പിറുപിറുത്തുകൊണ്ട് ചായ കുടിക്കുകയും വട കഴിക്കുകയും ചെയ്തു.

സത്യപാലന്‍ പോയിക്കഴിഞ്ഞിട്ടും ലോപ്പസ് അകലേയ്ക്ക് നോക്കി, മാറാത്ത സംഭ്രമത്തോടെ ഇരുന്നു.

പാതിരാത്രി കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റുവീശി. അയാള്‍ സിറ്റൗട്ടില്‍ നിന്നെഴുന്നേറ്റ് പോയി. മേശയ്ക്കുള്ളില്‍നിന്നു കോണ്ടം കവര്‍ പുറത്തെടുത്തു. അയാളുടെ ഭയവും അസ്വസ്ഥതയും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അടുത്തദിവസം തന്നെ മാസികയുടെ പണി ആരംഭിക്കണമെന്നുറപ്പിച്ചു. വലിയ ശബ്ദങ്ങളെ എളുപ്പം നിശ്ശബ്ദമാക്കാനാവും. ചെറിയ ശബ്ദങ്ങളെ അത്രവേഗം അവസാനിപ്പിക്കാനാകില്ല. അയാള്‍ ചിന്തിച്ചു. പുറത്ത് കാറ്റു മുഴക്കത്തോടെ ചുറ്റിയടിച്ചു.

പുലര്‍ച്ചെ ശ്വാസം മുട്ടലോടെ കിതച്ചപ്പോഴാണ് തന്നെയാരോ ഗര്‍ഭനിരോധന ഉറയുടെ അകത്താക്കി വാവട്ടം കൂട്ടിക്കെട്ടിയിരിക്കുകയാണെന്ന് ലോപ്പസ് അറിഞ്ഞത്. പുറത്തു കടക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അയാള്‍ക്കതിനായില്ല. ശ്വാസംമുട്ടലോടെ പിടഞ്ഞു, ഉറക്കെ വിളിച്ചു. അയാളുടെ ശബ്ദം പുറത്ത് കേട്ടില്ല. പിടച്ചില്‍ ആരും കണ്ടില്ല.

കിടക്കയില്‍ ഏറെ നേരം എഴുന്നേറ്റിരുന്നിട്ട് ലോപ്പസ് സിറ്റൗട്ടില്‍ ചെന്ന് അടിവാരത്തിലേക്കുള്ള പാതയിലേക്ക് ടോര്‍ച്ചടിച്ചു നോക്കി. നേരം വെളുക്കുന്നതേയുള്ളൂ. പത്രം വരാന്‍ ഇനിയും സമയമേറെയുണ്ട്.

'ഓമനേ... മോളേ ചാരൂ...' ലോപ്പസ് ശബ്ദം താഴ്ത്തി വിളിച്ചു. തനിക്കോ ഉറക്കമില്ല. ഉറങ്ങുന്നവരെങ്കിലും ഉറങ്ങട്ടെ. അയാള്‍ വിചാരിച്ചു.

പുറത്തേക്കിറങ്ങണമെന്നു വിചാരിച്ചിട്ടും അയാള്‍ക്കൊന്നിനും ഉത്സാഹം തോന്നിയില്ല. പാത തുടങ്ങുന്ന ഇടത്തേയ്ക്ക് നോക്കി വെറുതേയിരുന്നു. സത്യപാലന്‍ പതിവുപോലെ രാവിലേയും വൈകിട്ടും വന്നുപോയി. പണിക്കു പോയ ഓമനയുടെ അച്ഛന്‍, പഠിക്കാന്‍ പോയ കുട്ടികള്‍, യുവാക്കള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അങ്ങനെ എത്രയെത്ര പേര്‍ മടങ്ങിവരാനുണ്ട്. അതിലും എത്രയോയധികം പേര്‍ ഉറങ്ങാനാകാതെ അനന്തമായി കാത്തിരിക്കുന്നു. ലോപ്പസ് കണ്ണടയെടുത്ത് മുണ്ടില്‍ തുടച്ച ശേഷം മുഖത്തു വെച്ചു.

കാണാതായവരെക്കുറിച്ചു മാത്രമാണ് അയാള്‍ നാളുകളായി ചിന്തിക്കുന്നത്. ഏറെ മഴ കൊണ്ടവര്‍ മേല്‍ക്കൂര തേടി വരുമെന്നു പ്രതീക്ഷിച്ചു. പാത തുടങ്ങുന്നിടത്ത് അവര്‍ ഒരു ദിവസം പ്രത്യക്ഷപ്പെടും. യാത്രാക്ഷീണത്തോടെ മെല്ലെ മലകയറി തുടങ്ങും. ചുറ്റിലുമുള്ളതെല്ലാം കാണാനും തിരിച്ചറിയാനും കഴിയുന്ന മലയുടെ മുകളില്‍ ഒടുവില്‍ അവര്‍ എത്തിച്ചേരും.

നാളുകള്‍ക്കുശേഷം സ്വാതന്ത്ര്യദിനത്തില്‍ ലോപ്പസ് പുറത്തിറങ്ങി. പുതിയ സബ് ഇന്‍സ്പക്ടറുടെ മുന്‍പില്‍ ഉച്ചയോടടുത്ത നേരത്ത് തൊഴുകയ്യോടെ നിന്നു.

'എന്താ അങ്കിളേ...' മുഷിഞ്ഞു പിഞ്ഞിയ മുണ്ടും ഷര്‍ട്ടും ധരിച്ച വൃദ്ധനോട് എസ്.ഐ ചോദിച്ചു.

ലോപ്പസ് കയ്യിലിരുന്നു വിറച്ച കടലാസ് നീട്ടി.

'ഇരിക്കൂ.'

'ഓ...' ലോപ്പസ് ഇരുന്നു.

കുനുകുനേ എഴുതിയ അവ്യക്തമായ അക്ഷരങ്ങള്‍ വായിച്ചെടുക്കാനാകാതെ എസ്.ഐ അയാളെ നോക്കി. നരച്ച കുറ്റിത്താടി, ചുളിവുവീണ ക്ഷീണിച്ച മുഖം. കമ്പിനൂല് കൊണ്ടു കാലുകള്‍ കെട്ടിയ കണ്ണടയ്ക്ക് മധ്യേ കനല്‍പോലെ തിളങ്ങിയ ആ കണ്ണുകളിലെ ജ്വലനം എസ്.ഐ കണ്ടു.

'എന്താ പരാതി?'

'ഞാന്‍ പറയുന്നത് സാറ് സാവകാശം കേള്‍ക്കണം. ഞാനൊരു ഹര്‍ജി ഇവിടെ കൊടുത്തിരുന്നു. എന്റെ ഭാര്യ ഓമനയേയും അവളുടെ അച്ഛനമ്മമാരേയും സഹോദരങ്ങളേയും കാണാനില്ലെന്നു പറഞ്ഞ്...' പറഞ്ഞു മുഴുമിപ്പിക്കാനാകാതെ ലോപ്പസ് ചുമച്ചു.

'അമ്മാവാ ദാ ഇത് കുടിക്ക്... പറയാനുള്ളതെല്ലാം സാറിനോട് സാവകാശം പറഞ്ഞിട്ടു പോയാ മതി. തിടുക്കമൊന്നുമില്ല. ആദ്യം ഈ ചായ കുടിച്ചാട്ടെ' അവിടേക്കു വന്ന പൊലീസുകാരന്‍ ചായ നല്‍കിയിട്ട് ഒരു കൈകൊണ്ട് ലോപ്പസിന്റെ മുതുക് തടവുകയും മറ്റേ കൈകൊണ്ട് അയാളുടെ ശ്രവണസഹായി പൂവെടുക്കുംപോലെ ഊരിയിടുകയും ചെയ്തു. ലോപ്പസ് ശബ്ദത്തോടെ ചായ ഊതിക്കുടിച്ചു.

''സാറേ, ഈ കേസുമായി പത്തുനാല്പത്തിയേഴു വര്‍ഷമായി അമ്മാവന്‍ പൊലീസ് സ്‌റ്റേഷനും കോടതീം കേറിയിറങ്ങുകയാ. രണ്ടു മൂന്നു മാസത്തിലൊരിക്കലുള്ള ഈ വരവ് പതിവാ. എഴുപത്തിയഞ്ചിലെ മിസ്സിംഗ് കേസാ. അന്വേഷണം പല തവണ നടത്തി. കണ്ടെത്താനാകാതെ ക്ലോസ് ചെയ്തതാ. സാറെന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് വിട്ടാല്‍ മതി. ആള് പാവത്താനാ' പൊലീസുകാരന്‍ എസ്.ഐയുടെ അടുത്തേക്കു വന്നു ശബ്ദം താഴ്ത്തി പറഞ്ഞു.

ലോപ്പസ് ചായ കുടിച്ച് കഴിഞ്ഞിട്ട് എസ്.ഐയെ പ്രതീക്ഷയോടെ നോക്കി.

'അങ്കിള്‍ പറയണം' എസ്.ഐ പറഞ്ഞു.

'സാറേ, ഞാന്‍ നേരത്തെ ഇവിടെയൊരു ഹര്‍ജി കൊടുത്ത കാര്യം പറഞ്ഞല്ലോ. അതു പിന്‍വലിക്കണം. അതിനുള്ള അപേക്ഷയാ...' ലോപ്പസ് പറഞ്ഞു.

സലിന്‍ മാങ്കുഴി എഴുതിയ കഥ ‘ഉറ’
'സ്വേച്ഛ'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

'അതെന്താ... പിന്‍വലിക്കുന്നത്?' എസ്.ഐ ചോദിച്ചു.

'എന്താ?' ലോപ്പസ് മനസ്സിലാവാതെ നോക്കി. പൊലീസുകാരന്‍ ശ്രവണ സഹായി എടുത്ത് ലോപ്പസിന്റെ ചെവിയില്‍ തിരുകിയിട്ട് പറഞ്ഞു.

'പരാതി പിന്‍വലിക്കുന്നതെന്തിനാന്നാ സാറ് ചോദിച്ചത്.'

'അതിപ്പോ, അവര് വന്നല്ലോ സാറേ...'

'വന്നോ? എപ്പോ?' അതിശയത്തോടെ പൊലീസുകാരന്‍ ചോദിച്ചു.

'ഞാന്‍ പറയുന്നത് സാറ് സമാധാനമായിട്ട് കേള്‍ക്കണം. കാണാതാകുമ്പോള്‍ ഓമന ഗര്‍ഭിണിയായിരുന്നല്ലോ. അവള് തിരികെ വന്നപ്പോ കൂടെ എന്റെ മോളുമുണ്ട്. ഞാനാ അവള്‍ക്ക് ചാരു എന്ന് പേരിട്ടത്... ഓമനേടെ അച്ഛനും അമ്മേം അനുജത്തിമാരും എല്ലാരും വന്നു സാറേ...' മകളുടെ പേര് പറഞ്ഞപ്പോള്‍ ലോപ്പസിന്റെ കണ്ണുകള്‍ വാത്സല്യത്തോടെ വിടര്‍ന്നു. പൊലീസുകാരന്‍ എന്തോ ചോദിക്കാന്‍ തുടങ്ങിയിട്ട് വാപൂട്ടി എസ്.ഐയെ നോക്കി.

'എന്നാ വന്നത്?' അല്‍പ്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം എസ്.ഐ ചോദിച്ചു.

'എഴുപത്തിയേഴില്‍. ഞങ്ങളെയെല്ലാം ഒരുമിച്ചല്ലേ സാറേ ജയിലീന്ന് വിട്ടത്...'

എസ്.ഐയും പൊലീസുകാരനും നിശ്ശബ്ദരായി. കുറച്ചുനേരം എസ്.ഐയേയും പൊലീസുകാരനേയും മാറിമാറി നോക്കിയിട്ട് ലോപ്പസ് തൊഴുകയ്യോടെ എഴുന്നേറ്റു.

'അങ്കിള്‍ ഇരിക്കൂ. ഊണ് കഴിച്ചിട്ടു പോകാം. വെയില് മാറീട്ട് ജീപ്പില്‍കൊണ്ടുവിടാം' എസ്.ഐ പറഞ്ഞു.

'വേണ്ട സാറേ. വീട്ടില്‍ പോയി കഴിക്കാം. അവര് കാത്തിരിക്കും...' ലോപ്പസ് പറഞ്ഞു.

'ആര്...?' എസ്.ഐ അറച്ചറച്ച് ചോദിച്ചു.

'ഓമനേം മോളും...' ലോപ്പസ് പറഞ്ഞു.

പൊലീസ് സ്‌റ്റേഷന്റെ മുന്നിലെ കൊടിമരത്തില്‍ ദേശീയ പതാക പാറിക്കളിച്ചു. അതിന്റെ ചുവട്ടില്‍ വരച്ച ചര്‍ക്കയുടെ ചിത്രമുള്ള പൂക്കളത്തിനു സമീപത്തുകൂടെ സാവകാശം ലോപ്പസ് റോഡിലേക്കിറങ്ങി. ആകാശം ഇരുണ്ടുകൂടി.

നഗരത്തിനു വളരെ നേര്‍ത്ത ശബ്ദങ്ങളേ ഉണ്ടായിരുന്നുള്ളൂ. നിറങ്ങളും മങ്ങിയിരുന്നു.

സലിന്‍ മാങ്കുഴി എഴുതിയ കഥ ‘ഉറ’
ജിസ ജോസ് എഴുതിയ കഥ 'പാതാളത്തിന്റെ കവാടങ്ങള്‍'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com