

ട്രെയിനിൽ കയറിയപ്പോൾത്തൊട്ട് തുടങ്ങിയതാണ് തെണ്ടി!
നാറി, ചെറ്റ... മനസ്സിൽ വന്ന തെറികളൊക്കെ വിളിച്ചുകൊണ്ടിരുന്നു.
എത്രനേരം ഫോണും നോക്കി നിന്നെന്നറിയില്ല. ഒരു കാൽവെച്ചു നിൽക്കാൻ ഉള്ള സ്ഥലമേ ഉള്ളൂ. അതിനിടയിലാണ് കിളവന്റെ തുറിച്ചുനോട്ടം. തൊട്ടു മുന്നിൽ നിൽക്കുന്ന പയ്യൻ എന്തോ ഓർത്തുകൊണ്ട് ഒന്നുമറിയാതെ നിൽക്കയാണ്. ഫോണിൽനിന്നും മെല്ലെ തലപൊക്കി നോക്കി. കിളവൻ തുറിച്ച കണ്ണുകൊണ്ട് കാല്‍പ്പാദം തൊട്ട് മോളിലേക്ക് വീണ്ടും സ്കാൻ ചെയ്ക തന്നെ! മുഖത്ത് ഒരു വഷളൻ ചിരിയും.
“ഏതു സ്റ്റേഷനിലാ മോളേ ഇറങ്ങേണ്ടത്?”
മറുപടി പറയാതെ പുറംതിരിഞ്ഞ് ജനാലയോടു കൂടുതൽ ചേർന്നുനിന്നു പുറത്തേയ്ക്കു നോക്കി. ഇരുട്ടിൽ അവിടവിടെ വെളിച്ചങ്ങൾ ഏതു സ്റ്റേഷനെന്ന് അറിഞ്ഞിട്ടും അറിയാത്തതുപോലെ ഏന്തിവലിഞ്ഞു പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു. ആ നാറി ഇപ്പോൾ പിൻഭാഗം നോക്കിക്കൊണ്ടിരിക്കുകയാവുമല്ലോ എന്നോർത്തപ്പോൾ ഷോൾഡർ ബാഗ് കൈകൊണ്ട് പിന്നിലേയ്ക്ക് നീക്കിയിട്ടു.
ഹൊ! അടുത്ത സ്റ്റേഷനിലിറങ്ങാം. ഒരു ഇരുപതു മിനുട്ടും കൂടി. പക്ഷേ, ആ ഇരുപതു മിനുട്ട് ഇരുപതു മണിക്കൂറുപോലെ! നീങ്ങുന്നേ ഇല്ല. തീവണ്ടി കൂകിപ്പായുമ്പോൾ ഉള്ളിലൊരു കിതപ്പ് ഉയരുന്നുണ്ട്. തോണിക്കുള്ളിലേയ്ക്ക് ഒരു കുതിപ്പിൽ വെള്ളമേറി മറുകുതിപ്പിൽ പുറത്തേയ്ക്കു പരക്കുംപോലെ ചോരയുടെ നനവ്. മെൻസസായിട്ട് പതിന്നാലാം ദിവസം പാഡിനറ്റം നനഞ്ഞു കുതിർന്നു. കാലിൽ ചോരയുടെ നനവ്. ചുറ്റും ചോരയുടെ ഇരുമ്പുമണം പരക്കുന്നുണ്ടോ? പലജാതി മണങ്ങൾക്കൊപ്പം കലരുന്ന ഇരുമ്പുമണം വേറിട്ടറിയുന്നുണ്ടോ?
ഉണ്ടോ?
പേടി തോന്നി.
ചോരയുടെ മണം പിടിച്ച് ചെന്നായ്ക്കൾ ചുറ്റും പല്ലിളിച്ചു വട്ടം പിടിക്കുന്നതോർത്തപ്പോൾ കാലുകൾ കുഴയുംപോലെ. ജനലിലെ ഇരുമ്പുകമ്പിയിൽ മുറുക്കെപ്പിടിച്ചു. പിന്നെയും ദൂരങ്ങൾ, ഇരുട്ട്, വെളിച്ചം... കണ്ണിൽ ഇറങ്ങേണ്ട സ്റ്റേഷൻ...
“മോള് ഇറങ്ങാണോ?”
കിളവനെ ഗൗനിക്കാതെ പുറത്തേയ്ക്കിറങ്ങി. ഗൗതമിന്റെ വീട്ടിലേയ്ക്ക് ഇനിയുമുണ്ട് ദൂരം.
വഴിയിൽ ഏതെങ്കിലും ഒരു ഹോട്ടലിൽ കയറി പാഡ് മാറ്റിയാലോ എന്നൊരാലോചന കലശലായി. ഇനിയും വൈകിയാൽ സാരി മുഴുവൻ ചുവപ്പാവും. ഒരു ദോശയും കഴിക്കാം. ഉച്ചയ്ക്കെപ്പോഴോ കുറച്ചു ചോറു കഴിച്ചതാണ്. നല്ല വിശപ്പുണ്ട്. ട്രെയിനിലെ തിരക്കിൽ വിശപ്പൊന്നും അറിഞ്ഞില്ലെന്നുമാത്രം. സാമാന്യം ഭേദപ്പെട്ടൊരു ഹോട്ടലിൽ കയറി.
‘കപിലവസ്തു’ എന്ന പേരിനു മുകളിൽ മഞ്ഞവെളിച്ചം. ഭക്ഷണം കഴിച്ചാലേ തലയിൽ ചിന്തയുടെ വെളിച്ചം പരക്കൂ എന്നായിരിക്കുമോ അതിനു പേരിട്ടവർ ഉദ്ദേശിച്ചത്? ധാരാളം ആളുകൾ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. നേരെ വാഷ് റൂമിലേയ്ക്കു നടന്നു. ബാഗ് ഡോറിന്റെ പിടിയിൽ കൊളുത്തിയിട്ടു. ക്ലോസറ്റിലിരിക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. ഏറ്റവും സമാധാനമായിരിക്കാൻ വെളിയിറക്കസേരയല്ലാതെ മറ്റെന്തുണ്ട്? ആ സ്ഥലവും ആ സമയവും അപ്പോൾ അതുപയോഗിക്കുന്ന ആൾക്കു മാത്രം സ്വന്തം. മറ്റാർക്കും അതിൽ അവകാശമില്ല. വിചാരിച്ചാലും ആർക്കും ആ ഇടത്തിലേക്കു കടന്നുകയറാനാവില്ല.
ഹാ! വെളിയിറക്കസേര, മലയാള ഭാഷയ്ക്ക് നാല്‍പ്പതു കഴിഞ്ഞൊരു മനുഷ്യസ്ത്രീയുടെ സംഭാവന. ചിരിവന്നു. പാഡഴിച്ച് ബിന്നിലിട്ടു പുതിയതുവെച്ചു, കാടുകെട്ടിക്കിടന്ന കിണറിനാഴം വെളിച്ചം കാണുംപോലെ സമാധാനം! പുറത്തുകടന്നു, കൈ കഴുകി ഒറ്റയ്ക്കുള്ളൊരു സീറ്റിനായി നോക്കി.
ഉണ്ട്, ഒരു മൂലയിൽ. അതിൽ ചെന്നിരുന്നു. ഒറ്റയ്ക്കായവരേയും ലോകം പരിഗണിക്കുന്നുണ്ട് എന്നോർത്തപ്പോൾ സന്തോഷം തോന്നി. ഒരു മസാലദോശയ്ക്ക് ഓർഡർ കൊടുത്തു. അടുത്ത സീറ്റിൽ ഒരച്ഛനും രണ്ടു മക്കളും നോൺവെജ് എന്തോ കഴിക്കുന്നു. മക്കൾ സന്തോഷിച്ചാർത്ത് എന്തൊക്കെയോ പറയുന്നുണ്ട്. അയാളുടെ കണ്ണുകൾ രണ്ടുമൂന്നാവർത്തി കണ്ണുകളിലുടക്കി.
ഒരു ചിരി കണ്ണിൽ വിരിയുന്നുണ്ടോ?
പിന്നെ അങ്ങോട്ടു ശ്രദ്ധിക്കാൻ പോയില്ല. ഓർക്കാപ്പുറത്തു ഫോണടിച്ചു.
“ഹലോ അജയനാണ്.”
പെട്ടെന്ന് എന്തു പറയണം എന്നറിയാതായി.
“ഞാനൊരു ഹോസ്പിറ്റലിലാണ്” -എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ഫോൺ കട്ടാക്കി. മസാലദോശ കൊള്ളാം, സ്വാദുണ്ട്. ബില്ലു പേ ചെയ്തു പുറത്തേയ്ക്കിറങ്ങി.
ഇരുട്ട് വഴിയേയെല്ലാം മായ്‌ചുകളഞ്ഞിരിക്കുന്നു. ഓട്ടോസ്റ്റാന്റിലേക്കു നടക്കുമ്പോൾ പെട്ടെന്നു തലയിലെ പൂവ് ഓർമ്മ വന്നു. വൈകുന്നേരം നാലുംകൂടിയ ചന്തയിൽനിന്നും ഒരു മുഴത്തിനു നൂറെന്ന കണക്കിൽ വാങ്ങിയ മുല്ലമാല വാടാതെ തലയിലിരിപ്പുണ്ട് (ഇരുട്ടിലെ വെള്ള ഒരു നാറിയ ഒറ്റുകാരൻ). സാരി ഒതുക്കിപ്പിടിച്ച് ഇരുട്ടിലൂടെ നടക്കുമ്പോൾ തലയിൽനിന്നും വലിച്ചൂരി അതു റോഡരികിലെ ഓടയിലേക്കിട്ടു, വാ പിളർന്ന പാമ്പ് ഇരയെ വിഴുങ്ങുംവണ്ണം മുല്ലമാല ഓടയിൽ അപ്രത്യക്ഷമായി. ഓടയിൽ, ഇരുട്ടിൽ മാഞ്ഞുപോകുന്ന മനുഷ്യരും നിലവിളിക്കില്ലായിരിക്കും. നിലവിളിച്ചാലും ആ നിലവിളികൾ വെളിച്ചത്തിൽ നിൽക്കും മനുഷ്യരിലെത്തില്ലായിരിക്കും. വെളിച്ചം മനുഷ്യരെ ബധിരരാക്കുന്ന രാസലായനി തന്നെ! പക്ഷേ, പൂക്കൾ അവ മനുഷ്യർക്കിഷ്ടം. പൂക്കൾ മനുഷ്യർക്കിത്രയും ഇഷ്ടമാവുന്നതെന്തുകൊണ്ടായിരിക്കും?
“പൂക്കൾ പനിനീർ പൂക്കൾ” എന്നു പാടിക്കൊണ്ടാണ് ഉച്ചയ്ക്ക് പൂക്കൾ വാങ്ങിയത്. അതു പൂക്കൾ മാത്രം വില്‍ക്കുന്നൊരു തെരുവായിരുന്നു. പൂവിനുമാത്രമായൊരു തെരുവ്. പലതരം പൂക്കൾ കൂട്ടിയിട്ടിരിക്കുന്നു. കുളത്തിൽ കുളിച്ച് ഇപ്പോൾ കരയ്ക്കു കയറിയ പെൺകുഞ്ഞുങ്ങളെപ്പോലെ കഴുത്തിൻ പിന്നിൽ വെള്ളത്തുള്ളികൾ ചിതറിയ ചിരിക്കുന്ന പൂക്കൾ. വില്‍ക്കുന്നതു മുഴുവൻ രണ്ടോ മൂന്നോ പ്രസവിച്ചവരെന്നു തോന്നുന്ന പെണ്ണുങ്ങൾ... ചിലർ മുറുക്കിച്ചുവന്ന ചുണ്ടോടുകൂടിയവർ. കൂട്ടത്തിൽ ഏറ്റവും ഉത്സാഹിയായ അമ്മച്ചിയുടെ കയ്യിൽനിന്നും ഒരു മുഴം മുല്ലമാല വാങ്ങി. ഒരു കെട്ടു റോസാപ്പൂവും. മുല്ലമാല അവർ തന്നെ രണ്ടിഴയാക്കി മടക്കി തലയിൽ ചൂടിത്തന്നു. അമ്മയെ ഓർമ്മവന്നു.
ഒരിക്കൽ ക്ലോസറ്റിൽ വീണ്ടും വീണ്ടും ചോര പൊങ്ങി, പുതുമഴയിൽ പുതിയ പുതിയ ഉറവകൾ പൊങ്ങിവരുമ്പോലെ കുളിമുറി നിറയെ ചോരനിറയുന്നതു സ്വപ്നം കണ്ടു ഞെട്ടിയുണർന്നു തിരിഞ്ഞു മറിഞ്ഞു കിടക്കുമ്പോഴാണ് അമ്മ തലയിൽ തലോടിയത്. മുടിക്കുള്ളിലൂടെ വിരലുകൾ ചലിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അമ്മ ചോദിച്ചു: “മോളേ, ഒരു കല്യാണം കൂടി നോക്കിയാലോ?”
“എന്റെ റീപ്രൊഡക്ടീവ് സിസ്റ്റമൊന്നും ശരിയല്ലമ്മേ, അതൊന്നും ശരിയാവില്ല.”
തലയിൽ ചലിച്ചുകൊണ്ടിരുന്ന അമ്മയുടെ വിരലുകൾ നിശ്ചലമായി. ഞാൻ ഉറങ്ങിയതായി നടിച്ചു, അപ്പോഴും സ്വപ്നത്തിലായിരുന്ന കാലുകളെ ചോരയിൽനിന്നും വലിച്ചെടുത്ത് കുളിമുറിക്കു പുറത്തേയ്ക്കു നടന്നു. നടന്ന പാതയിലെല്ലാം ചുവന്ന കാലടിപ്പാടുകൾ! നിറയെ അലറിപ്പൂക്കൾ ഒരു നടപ്പാതയിൽ നിരയൊപ്പിച്ചു വീണു കിടക്കുംപോലെ.
ഇപ്പോഴും കാലടിക്കടിയിൽ ചോര തന്നെ. പക്ഷേ, ആർക്കും കാണാനാവില്ലെന്നു മാത്രം.
ബസ്സിലിരിക്കുമ്പോൾ ബാഗു തുറന്നു പൂക്കൾ മടിയിലെടുത്തുവെച്ചു നോക്കിക്കൊണ്ടിരുന്നു. റോസിതളുകളിൽ അവിടവിടെ വാട്ടം. ചോര കക്കിയ ഉടൽ പോലെ.
അടുത്തിരുന്ന സ്ത്രീ യൂട്യൂബിൽ ഒരു പുരുഷൻ അവതരിപ്പിക്കുന്ന പാചകപരിപാടി കണ്ടു കൊണ്ടിരിക്കുന്നു. മുരിങ്ങാപ്പൂവുകൊണ്ട് ഉപ്പേരി ഉണ്ടാക്കുന്നത് അവർ ആസ്വദിച്ചു കാണുന്നുണ്ട്. എത്രയെത്ര കായകളായി, വിത്തുകളായി, മരങ്ങളായി മാറേണ്ടുന്ന തലമുറകളെയാണ് ഒരു നേരത്തെ ഭക്ഷണത്തിനു പദംശമാക്കാൻ കാണികളെ അയാൾ പഠിപ്പിക്കുന്നത് എന്നു ഞെട്ടലോടെ ഓർത്തു. പെട്ടെന്ന് അവരുടെ കൈ എവിടെയോ തട്ടി, ഇപ്പോൾ ഫോൺ സ്‌ക്രീൻ നിറയെ ചോരയൊലിപ്പിച്ചു പരിക്കുപറ്റി കരയുന്ന കുഞ്ഞുങ്ങളുടെ ഒരു വീഡിയോ. “ഹോസ്പിറ്റലിൽ വീണ്ടും ബോംബിട്ട് ഇസ്രായേൽ” എന്നു വലിയ അക്ഷരത്തിൽ എഴുതിക്കാട്ടുന്നു.
ആ സ്ത്രീ പരിഭ്രമിച്ച് എവിടെയോ ഞെക്കി വീഡിയോ മാറ്റി, അവരുടെ മുഖത്ത് വെപ്രാളം. അടുത്തിരുന്ന കുഞ്ഞിനെ അവർ ഒന്നുകൂടി തന്നോടു ചേർത്തുപിടിച്ചു. പിന്നെ ഫോൺ ബാഗിലിട്ട് അനങ്ങാതിരിപ്പായി. ചോര എന്നോർത്താണോ പേടിയോടെ അവരെന്റെ മടിയിലേക്കു നോക്കി.
ബസ്സിറങ്ങും വരെ ആ റോസാപ്പൂക്കളെ മടിയിൽ വെച്ചുകൊണ്ടിരുന്നു. ഒന്നും മിണ്ടാൻ തോന്നിയില്ല. ഇറങ്ങേണ്ട സ്റ്റോപ്പായി, ഉടൽ പൂക്കൾ വരച്ചിട്ടുണ്ടോ സീറ്റിൽ എന്നൊന്നും നോക്കാതെ വാടിയ റോസാപ്പൂക്കൾ സീറ്റിൽത്തന്നെ വെച്ച് ബസ്സിറങ്ങി. അടുത്തതായി ഇരിക്കാനെത്തുന്ന യാത്രികൻ ആരോ ഉപേക്ഷിച്ച പെൺജീവിതം എന്നോർക്കുമായിരിക്കും. എന്നിട്ട് ആ പൂക്കൾ കൈകൊണ്ട് താഴേയ്ക്കു തട്ടിയിട്ട് സീറ്റിൽ അമർന്നിരിക്കും. പൂക്കളുടെ മണം അപ്പോഴും ചുറ്റും പരക്കും. ഫോണടി ചിന്തയിൽ നിന്നുണർത്തി. അയാൾ തന്നെ അജയൻ. രോഷം മുഴുവൻ ചേർത്ത് ഫോൺ ഞെക്കി. സ്വിച്ച് ഓഫായി. ആശ്വാസം.
തലയിൽ നിറയെ പൂവെച്ച പടം
എഫ് ബിയിൽ ഇട്ട ദിവസമാണയാൾ ആദ്യമായി വിളിച്ചത്. അത്യാവശ്യ കാര്യം പറയാനാണ് ഒന്നു നമ്പർ തരുമോ എന്നു മെസഞ്ചറിൽ വന്നു ചോദിച്ചിട്ട് വിളിച്ചു. ഞാൻ മരിക്കാൻ പോകയാണ്, അവള് പോയി, മോള് പോയി എന്നൊക്കെ എഴുതിയിട്ട അയാളുടെ പോസ്റ്റുകൾ കാണുക കാരണം എന്താണാവോ എന്നു ബേജാറായി ഫോണെടുത്തു.
“അതെ ഇന്നലെ ഭയങ്കര ദിവസമായിരുന്നു.”
“ങും?”
ഇന്നലെ വീട്ടിനടുത്തൊരു ബോംബെ സുന്ദരി അപ്പൂപ്പന്റെ സപ്തതിക്കു വന്നവൾ, അവളെ രാത്രി ഞാൻ കടത്തി. ഞങ്ങടെ തട്ടിൻപുറത്ത്. ഹെന്റമ്മേ! എന്തൊരു രാത്രിയായിരുന്നു. ഞാനും അവളും സ്വർഗ്ഗം!’
ഞെട്ടിപ്പോയി!
ഒരു പരിചയവുമില്ലാത്തൊരു സ്ത്രീയെ വിളിച്ച് ഇങ്ങനെയൊക്കെ പറയുന്നത് എന്തുതരം ഭ്രാന്തായിരിക്കും?
“അതിന്?” ചോദ്യത്തിലെ നിർവ്വികാരത കണ്ടിട്ടാവണം.
“ഒന്നുമില്ലാ ബായ്” എന്നയാൾ ഫോൺ കട്ടു ചെയ്തു. കണ്ട തെണ്ടികളൊക്കെ എന്നോടെന്തിനിതൊക്കെ വിളിച്ചുപറയുന്നെന്ന് രോഷം തോന്നി, അപ്പോൾത്തന്നെ ആ നമ്പർ ബ്ലോക്ക് ചെയ്തതാണ്. ഇതിപ്പോ വേറെ നമ്പറാവണം. ഓരോ മാരണങ്ങൾ.
പ്രാകിക്കൊണ്ട് ഇരുട്ടിലൂടെ വഴിനടന്ന് ഒരുവിധം ഓട്ടോസ്റ്റാൻഡിലെത്തി. ഇരുളിൽനിന്നും ഒരു സ്ത്രീ ഒറ്റയ്ക്കു കയറിവന്നതുകൊണ്ടാവണം ഒന്നുരണ്ടു പേരൊന്നും ഓട്ടോ എടുക്കാൻ തയ്യാറായില്ല. പിന്നെ ബാഗിൽനിന്നും ഗൗതം അയച്ച കത്തെടുത്ത് ഗൗതം, കാവ് പള്ളിത്തോടിന്നരികെ... എന്നു കത്തിലെ ഫ്രം അഡ്രസ്സ് എടുത്തു കാണിച്ചപ്പോഴാണ് മധ്യവയസ്കനായ ഒരു ഓട്ടോക്കാരൻ വണ്ടിയെടുത്തു പോരാൻ തയ്യാറായത്.
വണ്ടി പോയ്ക്കൊണ്ടിരുന്നു. അയാൾ ഒന്നും ചോദിക്കുന്നില്ല. ഭാഗ്യം!
നിറയെ കുണ്ടും കുഴിയും. വളഞ്ഞുപുളഞ്ഞ റോഡ്. ഒരു വളവിൽ ഡ്രൈവർ വേഗം കുറച്ചു. എന്തെന്നു ചോദിക്കേണ്ടിവന്നില്ല. ഒരു പന്നിയും മൂന്നാലു മക്കളും റോഡു മുറിച്ചുകടക്കുന്നു.
“ഇവറ്റകള വെടിവെച്ചു കൊല്ലാൻ ഓർഡറൊക്കെയുണ്ട്. പക്ഷേ, എത്ര കൊന്നാലും തീരണ്ടേ! എത്ര തീർക്കാൻ നോക്കിയാലും തീരാത്ത കൂട്ടം” -ഓട്ടോക്കാരൻ രോഷത്തോടെ പറയുന്നത് കേൾക്കാത്തതുപോലെ ഇരുന്നു.
“നാട്ടിലൊന്നും ഒരു വാഴയുടെ പച്ച കാണാനില്ല. എല്ലാം ഈ തെണ്ടിക്കൂട്ടം നശിപ്പിച്ച് നാറാണക്കല്ലാക്കി. എല്ലാത്തിനേയും തീയിട്ട് കൊല്ലണം” -അയാൾ പല്ലിറുമ്മി.
എനിക്കു ഭീതി തോന്നി. അപ്പോഴേക്കും ഗൗതമിന്റെ വീടിന്റെ മുന്‍പിൽ ഓട്ടോ നിറുത്തി. പൈസ കൊടുത്ത് അയാളെ നോക്കാതെ വീട്ടിലേയ്ക്കു നടന്നു.
ഇരുപതു വർഷം മുന്‍പ് കടന്നുവന്ന അതേ വഴി. നിറയെ മരങ്ങൾ ഉള്ള ഒരു കാട് അവിടെ രൂപപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ വീടിന് ഒരു മാറ്റവുമില്ല.
മുറ്റം നിറയെ പിള്ളേരുടെ ഒച്ച, അടുക്കളയിൽ പെണ്ണുങ്ങളുടെ കലപില, സിൽക്കു സാരിയിൽ വെളിച്ചം വീണു മിന്നുംപോലെ അവൾ ചിരിച്ചു. അടുക്കളയിൽനിന്നും ചിലർ എത്തിനോക്കി.
“വരുന്ന വഴിയാണോ?
കഴിച്ചോ?
കഴിക്കണ്ടേ?
കുളിച്ചോളൂ.”
എന്നൊക്കെയുള്ള കുശലശേഷം എല്ലാം കഴിഞ്ഞ് ഒരു കട്ടിൽ കിട്ടി. നിലത്തും കട്ടിലിലും പായിലും ഒക്കെയായി അവിടവിടെ കുട്ടികൾ കിടന്നുറങ്ങുന്നുണ്ട്, കണ്ണുകൾ അടഞ്ഞുപോകുന്നു.
ഇരുട്ട്, ഇരുണ്ട പാത, ഇരുട്ടിൽ ആരോ ആരെയോ തിരയുന്നു.
അയാളെ മാത്രം കണ്ടില്ല.
ഏതോ റെയിൽവേ സ്റ്റേഷൻ.
ഞാനിപ്പോൾ ക്യൂവിൽ നിൽക്കുന്നു. ചുറ്റും എന്തൊരു ബഹളമാണ്. അടുത്തുനില്‍ക്കുന്ന മനുഷ്യൻ പെട്ടെന്നു കയ്യിലെ ബാഗ് എന്റെ കാലിലേക്കിട്ടു ചിരിച്ചു.
“ഹംമ്മേ!” ബാഗിലെന്താണ്? ഭയങ്കര കനം.
വേദനിച്ചു കണ്ണു തുറന്നു.
സോറീ ആന്റീ, സോറി... ഉറങ്ങിക്കൊണ്ടിരുന്ന ആളെ ശല്യപ്പെടുത്തി എന്ന ആശങ്കയിൽ ഒരു പയ്യൻ മുറിയിൽനിന്നു പരുങ്ങി. പത്തോ പതിനൊന്നോ പ്രായം വരും.
“എന്താ പേര്?”
അവൻ ചിരിച്ചു.
നാണത്തോടെ “ദർപ്പൺ” എന്നു പറഞ്ഞ് ഓടിപ്പോയി.
നേരം പുലർന്ന് ഇത്രയും നേരമായി, വല്ലാതുറങ്ങിപ്പോയി. ജാള്യത തോന്നി.
കട്ടിലോടു ചേർന്നുള്ള ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. അടുക്കളയുടെ പിൻഭാഗമാണ്. വലിയൊരു പ്ലാവു നിൽക്കുന്നുണ്ട്. അതിനു കീഴെ ഒരു സ്ത്രീ ഇരുന്ന് എന്തോ ചെയ്യുന്നു.
“കഴിച്ചോ, കഴിച്ചോ” എന്നു നീട്ടിപ്പിടിച്ച കയ്യോടെ അവർ പറയുന്നതു കേൾക്കാം. ആരോടാണ്? അവിടേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നു പ്ലാവിൻ മോളിൽനിന്നു ഛിൽ ഛില്ലെന്നു താഴേയ്ക്കൊരു നീളൻ ചലനം, രണ്ട് അണ്ണാറക്കണ്ണന്മാർ. ദേഹത്തിന് അസാമാന്യമായ കറുപ്പുനിറം, കറുത്തു തിളങ്ങുന്ന കണ്ണുകൾ!
അണ്ണാന്മാർ മരത്തടിയുടെ അപ്പുറമിപ്പുറം മുഖം കാണിച്ചു കാണിച്ച്, ശങ്കിച്ച് മുന്നിൽ കുന്തിച്ചിരിക്കുന്ന സ്ത്രീയുടെ നീട്ടിപ്പിടിച്ച കൈകളിലെ ആഹാരം കടിച്ചെടുത്ത് താഴേയ്ക്കു വന്ന അതേ സ്പീഡിൽ മരത്തിൻ മുകളിലേയ്ക്കു കുതിക്കുന്നു.
ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. എന്തൊരത്ഭുതം എന്തൊരാനന്ദം!
ഇപ്പോൾ അണ്ണാന്മാരെ നാട്ടിലൊന്നും കാണാറേയില്ലെന്ന് അമ്മ പറയാറുള്ളത് ഓർത്തുകൊണ്ട് മെല്ലെ പുറത്തേയ്ക്കിറങ്ങി.
പിൻമുറ്റം നിറയെ പെണ്ണുങ്ങൾ, മുറ്റത്തടുപ്പു കൂട്ടി ഉപ്പുമാവുണ്ടാക്കുകയോ മറ്റോ ആണ്. എന്തു വിശേഷമായാലും വീടുകളിൽ സ്ത്രീകൾക്കുതന്നെ പണി! ഗൗതം ധാരാളം പേരെ ക്ഷണിച്ചിട്ടുണ്ടെന്നും തോന്നുന്നു. വീട്ടിൻ മുന്നിൽ വെളുത്ത മുണ്ടും ഷർട്ടുമിട്ട ആണുങ്ങൾ ധാരാളം അവിടവിടെ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ഗൗതം തന്നെയാവും ചർച്ചാവിഷയം.
എല്ലാവരേയും ക്ഷണിച്ചുവരുത്തിയിട്ട് എവിടെപ്പോയി ഒളിച്ചിരിക്കുന്നു?
അവിടെയെല്ലാം തിരഞ്ഞു. എവിടെയാണ് എവിടെയാണ്?
ഇരുപതു വർഷങ്ങൾ കാണാതിരുന്ന് കാണുമ്പോൾ ആ കണ്ണുകൾ എങ്ങനെയിരിക്കും?
മിണ്ടാനാവാതെ, കണ്ണുകളപ്പാടെ വാക്കുകൾ മിന്നിമായുന്ന സ്‌ക്രീൻപോലെ പ്രകാശിക്കുമോ?
ഇപ്പഴെങ്കിലും നീ വന്നല്ലോ എന്നു പറയുമോ?
ഉണ്ടാവില്ല.
എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരാളിൽ അത്തരം മൃദുവികാരങ്ങൾ ഒന്നും ഉണ്ടാവാൻ വഴിയില്ല.
ഗൗതമിന്റെ കത്തു കിട്ടിയപ്പോൾ ശരിക്കും വിസ്മയിച്ചു പോയിരുന്നു. വാട്‌സാപ്പും മെസഞ്ചറും ഉള്ള കാലത്ത് ആരെങ്കിലും കത്തെഴുതുമോ? കത്തിലൂടെ മാത്രം എന്തു കാര്യമാണ് അയാൾക്കു തന്നോടു പറയാൻ ഉള്ളത്?
വെപ്രാളപ്പെട്ട് കത്തു പൊട്ടിച്ചു. നാലഞ്ചു വരികളേ ഉള്ളൂ.
പ്രിയപ്പെട്ട മൈഥിലി
ഈ വരുന്ന ഫെബ്രുവരി 29-നു ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്. അതിനു മുന്നേ 25-നു പ്രിയപ്പെട്ടവരെയെല്ലാം വിളിച്ച് ഒരു ചായ സല്‍ക്കാരം നടത്താമെന്നു വിചാരിക്കയാണ്.
നീ തീർച്ചയായും വരണം.
എന്ന്
ഗൗതം
ഒപ്പ്
ഗൗതം എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?
അയാൾ എവിടെ?
കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates