ഉണ്ണി ആര്‍ എഴുതിയ കഥ നെടുമോഹനിദ്ര

ഉണ്ണി ആര്‍ എഴുതിയ കഥ നെടുമോഹനിദ്ര
Updated on
4 min read

മുക്കൊന്ന് പ്രേമിച്ചാലോ?”

പ്രിയ മനസ്സിലാവാതെ പ്രഭാകരനെ നോക്കി. അതു മനസ്സിലായിട്ടാവണം പ്രഭാകരൻ ഒന്നു ചിരിക്കാൻ ശ്രമിച്ചിട്ട് വേഗം നടന്നത്. രണ്ടുപേരും കരിക്കുളങ്ങര അമ്പലത്തിനു പിറകിലെ തൊണ്ടിൽവെച്ചാണ് കണ്ടത്. പ്രിയ കോളേജിൽനിന്നു വരുന്ന വഴിയായിരുന്നു. പ്രഭാകരൻ ടൗണിലേയ്ക്ക് പോകുന്ന വഴിയും. പ്രിയ ദൂരെനിന്നേ ചിരിക്കുന്നുണ്ടായിരുന്നു.

സാധാരണ നിറഞ്ഞ ചിരിയോടെ കാണുന്ന പ്രഭാകരൻ അന്നു ചിരിക്കാത്തതെന്താണെന്ന് പ്രിയ അതിശയിച്ച് തീരും മുന്‍പേയാണ് ഈ ചോദ്യം കേട്ടത്:

“ചേട്ടാ അവിടെ നിന്നെ.”

പ്രഭാകരൻ നിന്നു. പ്രിയ അടുത്തേയ്ക്ക് ചെന്നു.

“എന്നാ പറഞ്ഞേ?”

“ഒന്നും പറഞ്ഞില്ലല്ലോ.”

പ്രിയ പ്രഭാകരനെ നോക്കി.

“ഒന്നും പറഞ്ഞില്ലേ?”

ഇല്ലെന്ന് പ്രഭാകരൻ തലയാട്ടി.

“ഒറപ്പാണോ?” പ്രിയയുടെ ശബ്ദം ഇച്ചിരി ഉയർന്നു.

എന്തു പറയണമെന്നറിയാതെ പ്രഭാകരൻ ചുറ്റിലും നോക്കി.

“ആ പറഞ്ഞത് ഒന്നൂടെ പറയ്.”

“അറിയാതെ പറഞ്ഞുപോയതാണ്.” പ്രഭാകരൻ ശബ്ദം താഴ്ത്തി.

“അങ്ങനെ അറിയാതെ എന്തെങ്കിലും പറയുവോ?”

“ഇല്ല.”

“പിന്നെ?”

പ്രഭാകരൻ മറുപടി പറഞ്ഞില്ല. പ്രിയ മറുപടി കാത്തുനിന്നു.

“പറയ്.”

“ഒരബദ്ധം പറ്റിപ്പോയതാ.”

“എന്തബദ്ധം?”

“ക്ഷമിക്കണം” -പ്രഭാകരന്റെ ശബ്ദം ഒന്നുകൂടി താഴ്ന്നു.

“പറഞ്ഞതെന്താണെന്ന് ഓർമ്മയുണ്ടോ?”

ഉവ്വെന്ന് പ്രഭാകരൻ തലയാട്ടി.

“പിന്നെന്നാ ഒന്നും പറഞ്ഞില്ലന്ന് പറഞ്ഞത്?”

പ്രഭാകരൻ ശ്വാസം ആഞ്ഞെടുത്തു. മുഖം കുനിച്ചു.

“പറയ് ചേട്ടാ.”

“അറിയാതെ പറഞ്ഞുപോയതാ” -പഴയ ഉത്തരം ആവർത്തിച്ചു.

“ഇപ്പോ എന്നെ കണ്ടപ്പോളാണോ അങ്ങനെ തോന്നിയത് ?”

“അല്ല.”

“പിന്നെ?”

കുറച്ചുനേരം മിണ്ടാതെ നിന്നിട്ട് പ്രഭാകരൻ പറഞ്ഞു: “കുറേ നാളായിട്ട് പറയണമെന്നുണ്ടായിരുന്നു.”

“കുറേ നാളോ?” പ്രിയയ്ക്ക് ചിരിവന്നു.

“ഉം” -പ്രഭാകരൻ ദുർബ്ബലമായി മൂളി.

“എത്ര നാളായിട്ട്?”

“രണ്ട് മൂന്ന് കൊല്ലായി.”

“എന്നിട്ടിപ്പോഴാണോ പറയുന്നത്?”

പ്രഭാകരന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു.

“അതെന്നാ പിന്നെ ഇത്രനാളും താമസിച്ചെ?“

“എന്നോട് ക്ഷമിക്കണം” -പ്രഭാകരൻ കാലിൽ തൊടുംപോലെ പറഞ്ഞു.

“അതൊക്കെ പിന്നെയല്ലേ. ഇതു പറയ്.”

പ്രഭാകരൻ മിണ്ടാതെ നിന്നു. കാറ്റ് പേരാലിൽ

തൊട്ടുണ്ടാക്കുന്ന ഒച്ചമാത്രം വന്നു പൊയ്ക്കൊണ്ടിരുന്നു.

“എനിക്കറിയണം.”

“ധൈര്യമില്ലായിരുന്നു.”

“ഇപ്പോ ധൈര്യം വന്നോ?”

പ്രഭാകരൻ മുഖമുയർത്തി. നോട്ടം ഒരിടത്തും ഉറയ്ക്കാതെ ഓടിക്കൊണ്ടിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“ചോദിച്ചത് കേട്ടില്ലേ?”

“ഉം.”

“എന്നാ പറയ്?”

“അറിയാതങ്ങ് പറഞ്ഞുപോയതാ.”

“അതൊരിക്കൽ പറഞ്ഞല്ലോ. ഇപ്പ ചോദിച്ച ചോദ്യത്തിനുള്ള മറുപടി താ.”

“പെട്ടന്നൊരു ധൈര്യത്തിലങ്ങ് പറഞ്ഞുപോയതാ.”

“എന്നിട്ടാ ധൈര്യം ഇപ്പോ പോയോ?”

പ്രഭാകരൻ തലയാട്ടി.

“പറഞ്ഞതെന്താണന്ന് ഓർമ്മയുണ്ടോ?”

“ഉവ്വ്.”

“എന്നാ പറഞ്ഞത്?”

“ഇഷ്ടാന്ന്.”

“അങ്ങനെയല്ലല്ലോ പറഞ്ഞത്.”

“അല്ല.”

“പിന്നെ?”

പ്രഭാകരൻ ചെറിയൊരു വിക്കലോടെ പറഞ്ഞു: “നമുക്കൊന്ന് പ്രേമിച്ചാലോന്ന്.”

“ചേട്ടന് എത്ര വയസ്സായി?”

“അമ്പത്തിനാല്.”

“എനിക്കെത്രയായെന്ന് അറിയുവോ?”

“ഇരുപത്തിമൂന്ന്.”

“കഴിഞ്ഞമാസം ഇരുപത്തിന്നാലായി.”

“ക്ഷമിക്കണം.”

“ഇടക്കിടയ്ക്ക് ഇങ്ങനെ സോറി പറയണ്ട. നമ്മൾ തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?”

“മുപ്പത്.”

പ്രിയ കുറച്ചുനേരം പ്രഭാകരനെ നോക്കിനിന്നിട്ട് പറഞ്ഞു: “ബാക്കി ഞാൻ പിന്നെ പറഞ്ഞോളാം. എന്നാ ശരി, ചേട്ടൻ പൊക്കോ.”

ഇതും പറഞ്ഞിട്ട് പ്രിയ പോകാൻ തുടങ്ങിയപ്പോൾ പ്രഭാകരൻ പറഞ്ഞു: “എന്നോട് ദേഷ്യം തോന്നരുത്. അറിയാതെ പറ്റിപ്പോയതാ. ക്ഷമിക്കണം“

“അപ്പോ പ്രേമാന്ന് പറഞ്ഞത് വെറുതെയാണോ?“

“അതല്ലാ....”

“പിന്നെ?”

“അങ്ങനെ തോന്നിപ്പോയപ്പോൾ പറഞ്ഞുപോയതാ.”

“എന്നിട്ട് ഇപ്പോ ഇല്ലേ?”

രണ്ട് കുട്ടികൾ സൈക്കിളിൽ വന്നപ്പോൾ പ്രിയയും പ്രഭാകരനും മാറി നിന്നു. അവർക്കിടയിലൂടെ സൈക്കിളുകൾ പാഞ്ഞുപോയി. പ്രഭാകരൻ എന്തു പറയണമെന്നറിയാതെ വളവുതിരിഞ്ഞു പോകുംവരെ അവരെ നോക്കി.

മറുപടിയൊന്നും കിട്ടാതിരുന്നപ്പോൾ ഇപ്പോ പറയണ്ട പിന്നെ പറഞ്ഞാൽ മതിയെന്നും പറഞ്ഞ് പ്രിയ വീട്ടിലേയ്ക്ക് നടന്നു.

പ്രഭാകരന്റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് പ്രിയയുടെ വീട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കണക്കിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ പ്രഭാകരനാണ് പറഞ്ഞുകൊടുത്തിരുന്നത്.

പ്രഭാകരൻ ടൗണിൽ ഒരു സുഹൃത്തിനെ കാണാൻ വേണ്ടി ഇറങ്ങിയതായിരുന്നു. ടൗണിൽ പോയതല്ലാതെ കാണാൻ പോയ ആളെ കാണാൻ തോന്നിയില്ല. ഇന്ത്യൻ കോഫീ ഹൗസ് അടയ്ക്കും വരെ അവിടെ ഇരുന്നു. കുറേ കാപ്പികുടിച്ചു. ഇടയ്ക്കിടയ്ക്ക് ഓക്കാനം വരുന്നതുപോലെ തോന്നി. വായുടെ ഉള്ളിൽ കയ്പ് നിറഞ്ഞു.

അത്താഴം വേണ്ട, പുറത്തുനിന്നു കഴിച്ചു എന്നു ഭാര്യയോട് കള്ളം പറഞ്ഞു.

“പ്രിയ ഇത്രേം നേരം അച്ഛനേം നോക്കി ഇവിടെ ഇരിക്കുവാരുന്നു.” മകൾ പറഞ്ഞു.

പ്രഭാകരൻ അതു കേൾക്കാത്ത മട്ടിൽ മുറിയിലേയ്ക്ക് കയറിയപ്പോൾ മകൾ പിന്നാലെ ചെന്നു: “അവൾക്ക് അച്ഛനോട് എന്തോ പറയാനുണ്ടന്ന്.”

പ്രഭാകരൻ പെട്ടെന്ന് തിരിഞ്ഞ് ചോദിച്ചു: “എന്ത്?”

ആ എനിക്കറിയാമ്മേല എന്നും പറഞ്ഞ് മകൾ പോയി.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടിട്ട് പത്മിനി ചോദിച്ചു: “എന്നാ പറ്റി?ടൗണീന്ന് വന്നപ്പോ മൊതലേ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.”

പെട്ടെന്നൊരു നുണ നാവിൽ കിട്ടിയില്ല. ഒന്നുമില്ല എന്നുമാത്രം പറഞ്ഞു.

“കാര്യം പറ.”

“ഒന്നൂല്ല.”

പത്മിനി എണീറ്റ് ലൈറ്റിട്ടു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“എന്നോട് കള്ളോം പറയാൻ തുടങ്ങിയോ?”

പ്രഭാകരൻ മറുപടി പറഞ്ഞില്ല.

“കാര്യം പറ.”

“അത്...” നുണ പറയുവാനുള്ള സാമർത്ഥ്യം പ്രഭാകരന് കുറവാണ്. എങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു: “ടൗണില് വെച്ച് വർഗീസിനെ കണ്ടാരുന്നു. കൊച്ചിന്റെ പഠിത്തത്തിന് ഒരു ലക്ഷം രൂപ കടം ചോദിച്ചു.”

“ആഹാ, അത്രേയുള്ളോ കൊടുക്ക്.”

“അല്ല... അതൊക്കെ വേണോ?”

“ഇല്ലാത്തതുകൊണ്ടല്ലേ വർഗീസ് ചേട്ടൻ ചോദിച്ചത്.”

ലൈറ്റ് ഓഫ് ചെയ്ത് പത്മിനി വന്നു കിടന്നു. പ്രഭാകരന് ഉറക്കം വന്നില്ല. പെട്ടെന്ന് ഉണർന്നപോലെ പത്മിനി പറഞ്ഞു: “നമ്മുടെ പ്രിയ ഇവിടുണ്ടാരുന്നു. അവൾക്ക് ഏതാണ്ട് പറയാനുണ്ടെന്ന്.”

വൈകിയാണ് പ്രഭാകരൻ ഉറങ്ങിയത്. അതുകൊണ്ട് എഴുന്നേൽക്കാൻ വൈകി.

“അച്ഛാ പ്രിയ വിളിച്ചാരുന്നു. അവൾടെ അച്ഛനും അമ്മേം ഒരു കല്യാണത്തിനു പോയി. അച്ഛനൊന്ന് അങ്ങോട്ട്

ചെല്ലുവോന്ന്? അതോ ഇങ്ങോട്ട് വരണോന്ന്?”

“ഞാനങ്ങോട്ട് പൊക്കോളാം.”

പല്ലു തേക്കുമ്പോൾ പ്രഭാകരൻ ഇടക്കിടയ്ക്ക് ആലോചനയിൽ കുടുങ്ങി. വായ്ക്കുള്ളിലെ ബ്രഷിന്റെ ഏകാന്തയുദ്ധം പലതവണ നിശ്ചലമായി. കുളിക്കുമ്പോൾ മറവി ബാധിച്ചയാളെപ്പോലെ ഒരേയിടത്തുതന്നെ സോപ്പ് തേച്ചു. ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.

പ്രിയയുടെ വീട്ടിലെ ജനാലകളൊന്നും തുറന്നിരുന്നില്ല. മുറ്റത്തെ കാൽപ്പെരുമാറ്റം കേട്ടിട്ടാവണം പ്രിയ വാതിൽ തുറന്നു. പ്രഭാകരൻ ഉള്ളിലേയ്ക്ക് കയറി. പ്രിയ വാതിലടച്ചു.

“വാതില് അടയ്ക്കണോ..?” പ്രഭാകരൻ സംശയത്തോടെ ചോദിച്ചു.

“ഞാനൊന്നും കഴിച്ചില്ല. നമുക്ക് ഡൈനിംഗ് റൂമിൽ ഇരിക്കാം. വാതില് വെറുതെ തുറന്നിടണ്ട.”

പ്രഭാകരൻ തലയാട്ടി.

“കഴിച്ചാരുന്നോ?” ഭക്ഷണം വിളമ്പിക്കൊണ്ട് പ്രിയ ചോദിച്ചു.

“ആ.”

“കുറച്ച് കഴിക്കുന്നോ?”

“വേണ്ട.”

പ്രിയ ഭക്ഷണം കഴിക്കാൻ തുടങ്ങി. പ്രഭാകരൻ മേശയിൽ ചൂണ്ടുവിരൽകൊണ്ട് കുത്തി വരച്ചുകൊണ്ടിരുന്നു.

“ഇന്നലെ ഞാൻ ചോദിച്ചതിനുള്ള മറുപടി പറയ്?”

പ്രഭാകരൻ മനസ്സിലാവാതെ നോക്കി.

“ഇപ്പോ പ്രേമം പോയോന്ന്?”

“ഞാൻ പറഞ്ഞല്ലോ, ഒരബദ്ധം പറ്റിപ്പോയതാ. ക്ഷമിക്കണം. കാലുപിടിക്കാം.”

“അയ്യേ, അതൊന്നും വേണ്ട, ഏസ് ഓർ നോ പറഞ്ഞാൽ മതി.”

പ്രഭാകരൻ ശ്വാസം ആഞ്ഞെടുത്തിട്ട് പറഞ്ഞു: “ഉം.”

“പേടിച്ചിട്ടാണോ?”

പ്രഭാകരൻ മറുപടി പറഞ്ഞില്ല.

“ആണോ?”

“അല്ല.”

“അപ്പോ പേടിയില്ലേ?”

“ഉണ്ട്.”

“പിന്നെന്നാ പ്രേമം പോകാൻ കാരണം?”

“പേടിച്ചപ്പോൾ...”

“അങ്ങനെയായാൽ ഒരാളോടുള്ള പ്രേമം ഇല്ലാതാകുവോ?”

എന്തു പറയണമെന്നറിയാതെ ഇരുന്ന ശേഷം രണ്ടു കൈകളും കൂപ്പി പ്രഭാകരൻ പറഞ്ഞു: “തെറ്റ് പറ്റിപ്പോയി.”

പ്രഭാകരന്റെ കൈകൾ കൂപ്പിയുള്ള യാചന നിറഞ്ഞ ഇരിപ്പ് കണ്ടപ്പോൾ പ്രിയയ്ക്ക് ചിരിവന്നു. കുടിക്കുവാൻ വെള്ളം കൊടുത്തു. പ്രഭാകരൻ കുടിച്ചു.

പാത്രവുമെടുത്ത് കഴുകാൻ പോകും വഴിക്ക് പ്രിയ പറഞ്ഞു: “ഈ പറഞ്ഞത്

വെല്യയൊരു തെറ്റായിട്ടൊക്കെ കാണുന്നുണ്ടോ?”

പ്രായത്തിനേക്കാൾ കവിഞ്ഞ പക്വത ആ വാക്കുകളിലുണ്ടെന്ന് പ്രഭാകരനു തോന്നി. മറുപടി കൊടുത്തില്ല.

പ്രിയ തിരിച്ച് വന്നിട്ട് പറഞ്ഞു: “വാ നമുക്ക് മുകളിൽ എന്റെ ബെഡ്‌റൂമിൽ ഇരിക്കാം.”

“വേണ്ട. ലിവിംഗ് റൂമിൽ ഇരിക്കാം”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“ബെഡ്‌റൂമിൽ ഇരുന്നാലെന്നാ?”

“അതല്ല, ആരെങ്കിലും...”

പ്രിയ മുകളിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു: “അവരോട് പറയണം നമ്മൾ റിലേഷൻഷിപ്പിൽ ആണെന്ന്.”

പ്രഭാകരൻ ഒന്നും പറയാതെ നിന്നു.

“അങ്ങനെ പറയാൻ ബുദ്ധിമുട്ടുണ്ടോ?”

പ്രഭാകരൻ കോവണിയുടെ കൈവരിയിൽ ഒരു ബലത്തിനെന്നപോലെ പിടിച്ചു.

“അവിടെ നിൽക്കാതെ ഇങ്ങ് കേറി വാ.”

പ്രിയ മുറിയിലെ എ.സി ഇട്ടു. വാതിൽ അടച്ചു.

രണ്ടുപേരും കുറച്ച് നേരം മിണ്ടാതിരുന്നു.

“ഞാൻ തിരിച്ച് ഇഷ്ടാന്ന് പറഞ്ഞിരുന്നെങ്കിലോ?”പ്രിയ ചോദിച്ചു.

“എനിക്കറിയില്ല.”

“അതു കള്ളം. പ്രേമിക്കത്തില്ലാരുന്നോ? സത്യം പറ.”

പ്രഭാകരൻ തലയാട്ടി.

പ്രിയ ചിരിച്ചു. പ്രഭാകരൻ മുഖത്തേയ്ക്ക് നോക്കിയില്ല.

കട്ടിലിൽ കാലുകൾ നീട്ടിവെച്ച് ചുവരിൽച്ചാരി, തലയിണ മടിയിൽ വെച്ചുകൊണ്ട് പ്രിയ ചോദിച്ചു: “എങ്ങനാരിക്കും എന്നെ പ്രേമിക്കുക?”

“എനിക്കറിയില്ല.”

“എന്നാലും?”

പ്രഭാകരൻ കുറച്ചുനേരം ആലോചിച്ചിട്ട് മെല്ലെ പറഞ്ഞു: “എന്നും വന്ന് കാണും.”

“കണ്ടിട്ട്?”

“സംസാരിക്കും.”

“എന്ത് സംസാരിക്കും?”

“അന്നത്തെ വിശേഷങ്ങളൊക്കെ.”

“പിന്നെ?”

“സമ്മാനമൊക്കെ മേടിച്ച് തരും.”

“എന്ത് സമ്മാനങ്ങൾ?”

“പടമൊക്കെ ഇടയ്ക്ക് വരയ്ക്കത്തില്ലേ, അപ്പോ പെയിന്റും ക്യാൻവാസുമൊക്ക.”

“പിന്നെ?”

കുറച്ചു നേരം മിണ്ടാതിരുന്നിട്ട് പ്രഭാകരൻ പറഞ്ഞു: “അത്രേയുള്ളൂ.”

“അത്രേയുള്ളൂ?” പ്രിയ ആശ്ചര്യത്തോടെ ചോദിച്ചു: “അപ്പോൾ കെട്ടിപ്പിടിക്കേം ഉമ്മവെക്കുകേം ഒന്നും വേണ്ട?”

വേണ്ടന്ന് പ്രഭാകരൻ തലയാട്ടി.

“ഇപ്പോ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെക്കണോ?”

“വേണ്ട.”

“അതെന്താ?”

പ്രഭാകരൻ ഒന്നും പറഞ്ഞില്ല. പ്രിയ കട്ടിലിൽനിന്നുമെണീറ്റു. പ്രഭാകരന്റെ രണ്ട് കൈകളും ചേർത്തുപിടിച്ച് എഴുന്നേൽപ്പിച്ചു.

“നിങ്ങൾക്ക് ശരിക്കും എന്നോട് പ്രേമമാണോ?”

പ്രഭാകരൻ തലകുനിച്ച് നിന്നു.

“എന്നെ നോക്ക്.”

പ്രഭാകരൻ മുഖമുയർത്തിയില്ല.

“ഇഷ്ടാണോന്ന്?”

പ്രഭാകരൻ മിണ്ടാതെ തലകുനിച്ച് നിന്നു.

“പറഞ്ഞോ, ശരിക്കും പ്രേമം തോന്നുന്നുണ്ടെങ്കിൽ പറയ്.”

പ്രഭാകരന്റെ മറുപടി വിതുമ്പലിലേക്ക് വഴിതെറ്റി. പിന്നെയതൊരു കരച്ചിലായി. കരച്ചിൽ ഉച്ചത്തിലായി. പ്രിയ കൈകൾ വിട്ടു. പ്രഭാകരൻ ചുവരിലേക്ക് തോളുകൾ ചേർത്തുവെച്ച് ഏങ്ങലടിക്കാൻ തുടങ്ങി.

പ്രിയ പറഞ്ഞു: “കരയണ്ട.”

പ്രഭാകരനത് കേൾക്കാതെ കരഞ്ഞുകൊണ്ടിരുന്നു. കരച്ചിൽ മെല്ലെ തോർന്നപ്പോൾ വിറയുള്ള ശബ്ദത്തിൽ പ്രഭാകരൻ പറഞ്ഞു: “വീട്ടിൽപ്പോണം.”

പ്രഭാകരന്റെ നെറ്റിയിൽനിന്നും വിയർപ്പിന്റെ ഉറവ പൊട്ടുന്നുണ്ടായിരുന്നു. പ്രിയ കൈത്തലം കൊണ്ട് വിയർപ്പ് തുടച്ചു.

“നന്നായി ചൂടെടുക്കുന്നുണ്ടല്ലോ. പനിക്കുന്നുണ്ടോ?”

പ്രഭാകരൻ കുട്ടികളെപ്പോലെ വീണ്ടും പറഞ്ഞു: “വീട്ടിൽപ്പോണം.”

കരഞ്ഞുതീരാത്ത മുഖവുമായി നിന്ന പ്രഭാകരനോട് പ്രിയ പറഞ്ഞു: “ഞാനൊരു കാര്യം പറയട്ടെ?”

ഏങ്ങലടിച്ചുകൊണ്ട് പ്രഭാകരൻ തലയാട്ടി.

കുറച്ച് ആലോചിച്ച ശേഷം പ്രിയ പറഞ്ഞു: “അല്ലെങ്കിൽ വേണ്ട.”

മുൻവശത്തെ വാതിൽ തുറക്കും മുൻപ് പനിച്ചൂടുള്ള നെറ്റിയിൽ പ്രിയ ഒരുമ്മ കൊടുത്തു.

തിരിച്ച് പോകും വഴിക്ക് പ്രഭാകരൻ തിരിഞ്ഞുനോക്കുമെന്ന് പ്രിയ കരുതി. പ്രഭാകരൻ നോക്കിയില്ല.

ഉണ്ണി ആര്‍ എഴുതിയ കഥ നെടുമോഹനിദ്ര
ഉണ്ണി ആര്‍ എഴുതിയ- 'പത്ത് കഥകള്‍'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com