1
ദിവസവുമുള്ള വൈകുന്നേര നടത്തത്തെ കാല്‍ക്കുറിപ്പുകള്‍ എന്ന് അയാള്‍ ചുരുക്കിയെടുത്തു. എതിരെ വരുന്ന പട്ടി, പൂച്ച, മനുഷ്യര്‍, കാറ്റിന്റെ തോളില്‍ തൂങ്ങുന്ന കരിയിലകള്‍, മണം ഒന്നിനും മുഖം കൊടുക്കാതെ അയാള്‍ തന്റെ ചുവടുകളുടെ ചുരുക്കെഴുത്തില്‍ മാത്രം ശദ്ധിച്ചു. ഹൃദയത്തിന്റെ മിടിപ്പ് പശ്ചാത്തല സംഗീതമായി ചെവിയില്‍ മുഴങ്ങുമ്പോള്‍ നടപ്പാതയിലെ ഒറ്റയാള്‍ നൃത്തത്തില്‍ അയാള്‍ക്ക് ആനന്ദം തോന്നി. ഒരിക്കലും തെറുത്തെടുക്കാനാവാത്ത ചുരുള്‍പ്പായ പോലെ നീണ്ടുനിവര്‍ന്നു കിടക്കുന്ന ഈ നടപ്പാത ആളുകള്‍ ഒഴിയുന്ന നേരം നോക്കി ചുരുണ്ടു കൂടുമെന്ന് തന്റെ അനുഭവംകൊണ്ട് അയാള്‍ക്ക് അറിയാമായിരുന്നു; കാല്‍നടക്കാര്‍ എത്രയേറെ ഉറക്കെ ചവിട്ടിയാലും അത് ഒഴിവ് കാത്തുകിടക്കുകയാണെന്നും.
ഭാര്യ, മകള്‍, മകന്‍... മൂന്നു പേര്‍, മൂന്ന് ഓര്‍മ്മകള്‍. ഇവരില്‍ ഒരാള്‍ ആദ്യം വരും. മറ്റൊരാള്‍ അവസാനം. ആദ്യം വന്നയാള്‍ മറ്റൊരു ദിവസം നടുവില്‍. ആവര്‍ത്തനത്തിന്റെ ത്രികോണം! ഒരിക്കലുമതൊരു ത്രികോണമല്ല. പക്ഷേ, അയാള്‍ക്കതിനെ രേഖീയമായി കാണുന്നതിനെക്കാള്‍ ഇങ്ങനെ കാണാനാണ് ഇഷ്ടം. നടപ്പാതയുടെ മേല്‍ ആവര്‍ത്തനംകൊണ്ട് എഴുതപ്പെടുന്നതിലെ വിരസത ഒരിക്കലുമയാള്‍ അനുഭവിച്ചില്ല. അത്രയേറെ പതുക്കെയാണ് അയാള്‍ ഓരോ ചുവടും കൊണ്ട് ഓര്‍മ്മകളെ എഴുതിയത്.
ചില ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാത്ത നടപ്പില്‍ തിരിച്ചുവന്ന് കുളിക്കാനോ നടന്നുവന്ന വേഷമൊന്ന് അഴിച്ചിടാനോ നില്‍ക്കാതെ കട്ടിലിലേക്ക് ചെരിയുന്നു. പെട്ടെന്നുതന്നെ ഉറങ്ങിപ്പോവുന്നു. ഉറക്കത്തില്‍ അയാള്‍ എഴുന്നേറ്റ് നടക്കുന്നുണ്ടന്നു വേലക്കാരി പറയുന്നു.
അവര്‍ക്കറിയില്ലല്ലോ അയാള്‍ ആ ദിവസത്തെ എഴുത്ത് പൂര്‍ത്തിയാക്കുകയാണെന്ന്. ചെറിയ ചുവടുകളില്‍, മുഴക്കമില്ലാത്ത വാക്കുകളാല്‍.
2
അത് ഹൈക്കു ആയിരുന്നില്ല. എന്നിട്ടും മൂന്നിന്റെ അതിര് വിടാതെ അയാളത് ഒതുക്കി എഴുതി. ഒന്നും വിട്ട് പോവാതെ, ഒട്ടും തന്നെ അതിശയോക്തി ഇല്ലാതെ, ഒട്ടുമേ പരിഭ്രാന്തി ഇല്ലാതെ, ഒരു വരിയില്‍പ്പോലും കാല്പനിക കാഷ്ഠമില്ലാതെ. കഴിഞ്ഞ രണ്ട് ദിവസമായി ഈ മൂന്നു വരികളുള്ള കല്ലറ അടക്കുകള്‍ക്കുമേലെ പരിഭാഷകന്‍ അദ്ധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നില്‍ നിന്നെങ്കിലും ഉടയാത്തൊരു വിവര്‍ത്തനം കൊത്തിയെടുക്കുവാന്‍. ഒന്നൊക്കുമ്പോള്‍ ഒന്നൊക്കില്ല എന്ന മട്ടില്‍ വഴുതിപ്പോകുന്നതില്‍ ഭ്രാന്തുപിടിച്ച് ഒടുവില്‍ പരിഭാഷകന്‍ തന്റെ ശ്രമം ഉപേക്ഷിച്ചു. എന്നിട്ട് അന്ത്യകൂദാശയ്ക്ക് ഒരുങ്ങിയ പുരോഹിതന്റെ മിടുക്കോടെ എഴുതി: എലഹശഃ എലിലീി വാക്കുകളുടെ കല്ലറക്കാരന്‍! വരികളുടയാത്ത മൃഗം! ചരമഘോഷിതന്‍!
3
വാക്കുകളുടെമേലുള്ള തലതിരിഞ്ഞ നോട്ടക്കാരനെന്ന് അയാള്‍ പല തവണ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. നിഘണ്ടുവിന്റെ കനത്തിലേയ്ക്ക് നോക്കുമ്പോള്‍ത്തന്നെ വാക്കുകള്‍ ചൂളിപ്പോകും. ഇന്ന് അയാള്‍ എന്നെയാണോ നിന്നെയാണോ എന്ന സംശയത്തില്‍ വാക്കുകള്‍ പരസ്പരം നോക്കും. നിര്‍ലജ്ജമെന്ന് ഒരിക്കല്‍ ഒരാള്‍ അയാളെ വിശേഷിപ്പിച്ചപ്പോള്‍ അയാള്‍ക്കു പരാതി തോന്നിയില്ല. ആ ഉച്ചാരണത്തില്‍ തെളിഞ്ഞുകിടന്ന ജലത്തെയാണ് അയാള്‍ കണ്ടത്. അതുകൊണ്ടുതന്നെ അയാളുടെ അമ്മ മരിക്കാന്‍ പോകുന്നു എന്ന് ഒരാള്‍ വന്നു പറഞ്ഞപ്പോള്‍ ഈ പ്രായത്തില്‍ രമിക്കാനുള്ള തോന്നലോ എന്ന് അതിശയിക്കുകയാണ് ഉണ്ടായത്. അമ്മയുടെ മരണത്തില്‍ അതുകൊണ്ടുതന്നെ അയാള്‍ക്കു സങ്കടമല്ല ഉണ്ടായതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളത് നിഷേധിക്കാനിടയില്ല.
4
കൂര്‍ക്കത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവര്‍ പരസ്പരം കുറ്റപ്പെടുത്തുകയാണുണ്ടായത്. ഉറങ്ങുമ്പോള്‍ ഉണര്‍ന്നുവരുന്നൊരു കോളാമ്പി, അത് ഉച്ചത്തില്‍ മറ്റുള്ളവര്‍ക്ക് നേരെ ഒരു പ്രാവിനെപ്പോലെ കുറുകിക്കൊണ്ട്, പട്ടിയെപ്പോലെ മുരണ്ടുകൊണ്ട്, എന്റെ നേര്‍ക്ക് വാ എന്നു വെല്ലുവിളിക്കുന്നു.
നിങ്ങള്‍ ഭീരുവായ ഒരു മനുഷ്യനായതുകൊണ്ടാണ് ഉറക്കത്തിലിങ്ങനെ എന്ന് ഒരാള്‍. നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വം ഒരു കോമാളിയുടേതാണെന്നു നിങ്ങള്‍പോലുമറിയാതെ വെളിപ്പെടുന്ന സമയമാണതെന്നു മറ്റെയാള്‍. ഒന്നിച്ച് ഒരേ നിമിഷത്തില്‍ ഉറങ്ങാന്‍ ഇവര്‍ക്ക് കഴിയാറില്ലെങ്കിലും പരസ്പരം കുറ്റപ്പെടുത്തിയും ശപിച്ചും ഉറങ്ങിക്കഴിയുമ്പോള്‍ രണ്ടു പേരുടേയും കൂര്‍ക്കങ്ങള്‍ നിലയ്ക്കുന്നു.
ശ്രദ്ധിക്കുവാന്‍, എതിരിടാന്‍, ഒരാള്‍ ഇല്ലാതാവുമ്പോള്‍ എന്തിനിത്ര ആയാസപ്പെടണമെന്ന ചിന്തയോടെ കൂര്‍ക്കങ്ങള്‍ വേഗം മടങ്ങുന്നു. പരസ്പരം ഒന്നു നോക്കി, ചെറിയൊരു ചിരിയോടെ.
5
ചന്തകളിലൂടെ നടക്കുമ്പോള്‍ ഒച്ച മണം നിറങ്ങള്‍ സ്പര്‍ശം ഇങ്ങനെ ഇന്ദ്രിയങ്ങളെ ഒന്നിച്ച് ഉണര്‍ത്താനുള്ള പോരുവിളി ഉണ്ടാവും. ഉണരുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. ഇല്ലെങ്കിലോ? തിരക്കിനുള്ളില്‍ നിങ്ങള്‍ അപ്രത്യക്ഷനാവും. ഒട്ടും ഗുണമില്ലാത്ത ഒരു മനുഷ്യനെപ്പോലെ അന്തം വിടേണ്ടിവരും. അതുകൊണ്ടുതന്നെ ചന്തയില്‍ ഓരോ മനുഷ്യരും അവരുടെ കുതിപ്പുകളെക്കുറിച്ചു സ്വയം ബോധ്യപ്പെടുന്നവരാണ്.
തന്നാലാവുംവിധം കച്ചവടക്കാരോട് തര്‍ക്കിക്കും. പച്ചക്കറികള്‍ക്കും അരി, പയര്‍ സാധനങ്ങള്‍ക്കും മേല്‍ തങ്ങളുടെ മടിശ്ശീലയാണ് നിങ്ങളുടെ യഥാര്‍ത്ഥ ഉടമകളെന്നു പറയാതെ പറയും. ചന്ത ഒരേസമയം അലറുന്ന വായയും അതേസമയം ചലനത്തിന്റെ നിലയ്ക്കാത്ത ആരക്കാലുമാണ്. അവന്‍ വെറും ചന്തയാണെന്ന് ഒരാള്‍ കുറ്റം പറയുന്നുവെങ്കില്‍ അയാളെ സൂക്ഷിക്കണം. ചലനശാസ്ത്രത്തിനെതിരാണ് അയാള്‍; ജീവിതത്തിലെ ഏറ്റവും തിരക്കുള്ള ആഘോഷത്തില്‍ അസൂയപ്പെടുന്നവന്‍.
6
അവള്‍ക്കത് അത്ര ഉറപ്പില്ലായിരുന്നു. ഇടയ്ക്കുള്ള തോന്നലിന്റെ കുറുകെയുള്ള വീശലില്‍ ഒഴിഞ്ഞ വയറില്‍നിന്ന് അത് മുകളിലേയ്ക്ക് കുതിക്കും. പിന്നെയതൊരു തികട്ടല്‍പോലെ ഓര്‍ത്തോര്‍ത്ത് ഉച്ചരിക്കുംപോലെ അവള്‍ തന്നോട് തന്നെ പറയും: എന്റെ കുട്ടി തലതല്ലുകയായിരുന്നു, ഗര്‍ഭപാത്രത്തിന്റെ ചുവരില്‍.
ആശുപത്രിയില്‍നിന്നു മടങ്ങുമ്പോള്‍ രണ്ട് നഷ്ടങ്ങളെക്കുറിച്ച് അവള്‍ക്ക് ബോധ്യം വന്നു: ഒന്ന് ഗര്‍ഭപാത്രം മറ്റൊന്ന് ചുവരില്‍ തലതല്ലി ശിരസ്സടര്‍ന്നു പോയ മകള്‍.
കുറച്ചുദിവസങ്ങള്‍ക്കുശേഷം അവള്‍ അടുത്ത ഒരു കൂട്ടുകാരിയോട് മാത്രമായി പറഞ്ഞു, ഗര്‍ഭപാത്രം വൃത്താകൃതിയിലുള്ള ഒരു ശവപ്പെട്ടിയാണ്. എന്റെ മകള്‍ക്കതില്‍നിന്നും രക്ഷപ്പെടാനായില്ല. വയറിനുള്ളിലെ കുട്ടികളുടെ ചലനം രക്ഷപ്പെടലിന്റേതാണ്. എന്റെ മകള്‍ പരാജയപ്പെട്ടു. പക്ഷേ, ഇനിയൊരാള്‍ക്ക് അങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാനായി അവള്‍ അതിന്റെ ചുവരുകളെ ദുര്‍ബ്ബലപ്പെടുത്തി. അത് മണ്‍ഭിത്തിയടരുംപോലെ ഇല്ലാതായി.
കൂട്ടുകാരി തിരികെപ്പോകുമ്പോള്‍ അവള്‍ മുറ്റത്തുനിന്ന് അദ്ഭുതപ്പെട്ടു: ഒഴിഞ്ഞ ശവപ്പെട്ടിയും വഹിച്ച് ഒരു സ്ത്രീ നടന്നുപോവുന്നു!
7
മുയലുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍നിന്നുമാണ് അവരെല്ലാം പാവങ്ങളാണന്നു പരക്കെ വിശ്വസിക്കപ്പെട്ടത്. പതിഞ്ഞ ചാട്ടം, പഞ്ഞിരോമങ്ങള്‍, ഒന്നിനോടും ആര്‍ത്തിയില്ലാത്ത നോട്ടം, എപ്പോഴും പ്രാര്‍ത്ഥനാപൂര്‍വ്വം ഉയര്‍ത്തിയ കൈകള്‍പോലെ ഇരുചെവികള്‍. ഒരിക്കല്‍ ഒരു മുയലിനെങ്കിലും മനുഷ്യനോട്, വേട്ടനായ്ക്കളോട്, ചെന്നായ്ക്കളോട്, വെറുപ്പ് തോന്നിയിട്ടില്ലെന്നു പറയാനാവുമോ?
ഒരിക്കല്‍ ഒരു മുയല്‍ തന്റെ വംശത്തിന്റെ ചരിത്രം തിരുത്താന്‍ ശ്രമിച്ചതാണ്. ഇലകളെ പുച്ഛത്തോടെ നോക്കിക്കൊണ്ട്, പതുപതുത്ത രോമങ്ങളില്‍ ചെളി പടര്‍ത്തിക്കൊണ്ട്, ചത്തുകിടന്ന ഒരു അണ്ണാനു മുകളിലൂടെ മരണത്തിന്റെ സങ്കടത്തെ കൂസലില്ലാതെ ചാടിക്കടന്നുകൊണ്ട്. ആരുമത് ശ്രദ്ധിച്ചില്ലങ്കിലും കറിക്കലത്തില്‍ തിളയ്ക്കുന്നത് തന്റെ കോപമാണെന്ന് ആ മുയല്‍ പറഞ്ഞുകൊണ്ടിരുന്നു.
അടുപ്പത്തുനിന്നു നിലത്തിറക്കി വെക്കുമ്പോള്‍ കോപം ആറും മുന്‍പ് വിളമ്പൂ എന്നു മുയലിനു കൊതിച്ചു. തീന്‍മേശയില്‍നിന്നു വയറിലേക്കെത്തിയ മുയല്‍ നീചനായൊരു പടയാളിയായി. കക്കൂസിലേയ്ക്ക് നിലവിളികളോടെ ഓരോരുത്തരും ഓടുമ്പോള്‍ മറ്റ് മുയലുകള്‍ ഇലകള്‍ തിന്നുകയായിരുന്നു.
ഇടയ്ക്ക് ഇങ്ങനെ ചില മുയലുകള്‍ ജനിക്കും. വയറിനുള്ളില്‍ അവര്‍ കംഗാരുക്കളെപ്പോലെ കുതിച്ച് ചാടും. ഒരാള്‍ക്കും ആ ചാട്ടം സഹിക്കാനാവില്ല.
8
ചന്തയ്ക്കുള്ളിലെ പഴയൊരു ലോഡ്ജിലായിരുന്നു അയാളുടെ താമസം. രാവിലെ കൊടിയേറുന്ന ഒച്ചകള്‍ പാതിരാത്രിയിലാണ് ഇറങ്ങുക. പിന്നെക്കിട്ടുന്ന കുറച്ചു നേരത്തിനുള്ളില്‍ ഇടുങ്ങിക്കിടന്നാലും ഉറക്കത്തിന്റെ വരവ് തോന്നിയതുപോലെയാണ്. അത്രയും നേരത്തെ ശബ്ദങ്ങളെല്ലാം കെട്ടഴിഞ്ഞ് ഒറ്റയൊറ്റയായി ചെവിയില്‍ വന്നുകേറും.
ആ ദിവസവും രാത്രി, പതിവുപോലെ മുറിയില്‍ തിരിച്ചെത്തിയ ശേഷം കുളിച്ചു വന്നിട്ട് പുതുതായി വാങ്ങിയ ജമൈക്കന്‍ ബ്രിട്ടീഷ് കവിയായ റയ്മണ്ട് ആന്‍ട്രോ ബസിന്റെ കവിതാ പുസ്തകം തുറന്നു. വെറുതെ തലക്കെട്ടുകള്‍ ഓരോന്നായി ഓടിച്ചുനോക്കി. രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്തുമസ്സ് ആയതിനാല്‍ ചന്തയിലെ ഒച്ചകള്‍ പതിവിലും കൂടുതല്‍ മുഴക്കത്തിലും ഇഴകള്‍ കലര്‍ന്നും ആകാശത്തിലേക്ക് ഉയരംവെച്ച പൊയ്ക്കാലില്‍ ചുറ്റും നടക്കുന്നുണ്ടായിരുന്നു.
കവിതകള്‍ ഓരോന്നായി വായിച്ചു തുടങ്ങി. പെട്ടെന്ന് എപ്പഴോ അയാള്‍ക്ക് എല്ലാ ഒച്ചകളും വറ്റിപ്പോയതുപോലെ തോന്നി. ജനലിലൂടെ താഴേയ്ക്ക് നോക്കി. വണ്ടികള്‍, ഉറക്കെ തുറന്നടയുന്ന വായകള്‍, ആള്‍ത്തിരക്ക്. എല്ലാം പതിവിലുമധികം. എന്നിട്ടും? ചെവിവട്ടം പിടിച്ചു. ഒന്നും കേള്‍ക്കാനാവുന്നില്ല.
വീണ്ടും അയാള്‍ പുസ്തകത്തിലേക്ക് തിരികെ ചെന്നു. ഇടതും വലതും തുറന്നുവെച്ച ചെവികള്‍ ആന്‍ട്രോബസ്സിന്റെ വിരലുകളുടെ ഉച്ചാരണങ്ങളെ ശ്രദ്ധാപൂര്‍വ്വം കേട്ടു; ഭൂമിയിലെ ആദ്യത്തെ ശബ്ദമെന്നപോലെ.
9
അയാളൊരു ശാസ്ത്രാധ്യാപകനായിരുന്നു. അയാള്‍ക്ക് കുട്ടികളെ ഇഷ്ടമായിരുന്നു. എന്നിട്ടും ക്ലാസ്സ്മുറിയില്‍ തൂങ്ങിമരിച്ചു. കുട്ടികള്‍ എത്തും മുന്‍പേ ജഡം മാറ്റി. ഭൂഗുരുത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരിക്കലും താഴേയ്ക്ക് പതിക്കാതെ മുകളിലേയ്ക്ക് പോയതിനെക്കുറിച്ച് എങ്ങനെയാണ് പഠിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ആശങ്കയിലാണ് അയാളിപ്പോഴും.
10
പകല്‍ മുഴുവന്‍ ടി.വിയുള്ള ഈ മുറിയിലാണ് അമ്മ കിടക്കുന്നത്. മച്ചിലേക്ക് നോക്കിക്കിടന്നു കൊണ്ട് ചിലപ്പോള്‍ തെളിച്ചത്തോടേയും ചിലപ്പോള്‍ ഒട്ടും തെളിയാതേയും അമ്മ സംസാരിക്കും. ഓര്‍മ്മകളുടെ നാവിലേക്കെത്താനുള്ള മുടന്തലില്‍ ചിലതെല്ലാം നഷ്ടപ്പെടും. മറ്റുള്ളത് പണ്ടെപ്പഴോ പകുതിയില്‍ നിര്‍ത്തിയ സംസാരത്തിനെ പൂരിപ്പിക്കുകയാണ്.
ടി.വിയിലെ വാര്‍ത്തകളും പാട്ടുകളും സിനിമകളുമായിരുന്നു ഈ മുറിയെ എപ്പോഴും ആള്‍പ്പെരുമാറ്റമുള്ളതായി ഭാവിക്കുവാന്‍ സഹായിച്ചിരുന്നത്. സന്ധ്യാസമയത്തെ വാങ്ക്വിളി അമ്മയുടെ മുഖത്തെ പെട്ടെന്നു തിടുക്കക്കാരിയാക്കും. സന്ധ്യയായി വീട്ടില്‍ പോകാം എന്നു വാങ്ക് തീരുമ്പോള്‍ അമ്മ പറയും. അമ്പത് വര്‍ഷമായി ഉറങ്ങിയിരുന്ന അടുത്ത മുറിയിലേക്ക് പോകുന്നതിനു വീട്ടില്‍ പോകാം എന്നാണ് അമ്മ പറയുക.
ഹോം നഴ്സ് അമ്മയെ കട്ടിലില്‍ താങ്ങി ഇരുത്തും. അവിടേക്ക് പോകും മുന്‍പ് അമ്മ അവരോട് ഉറപ്പിക്കും തന്റെ രേഖകള്‍ കൈവശമുണ്ടോ എന്ന്. അടുത്തമുറി എത്തുംവരെ സംഭ്രമമാണ് അമ്മയ്ക്ക്. മുറി എത്തിക്കഴിഞ്ഞാല്‍ വീട്ടില്‍ എത്തിയ ആശ്വാസത്തോടെ കിടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates