വി.സുരേഷ് കുമാര്‍ എഴുതിയ മന്ദപ്പൂമാരന്റെ കന്യകകള്‍...

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
വി.സുരേഷ് കുമാര്‍ എഴുതിയ മന്ദപ്പൂമാരന്റെ കന്യകകള്‍...
Updated on
8 min read

1. ആത്മകഥയുടെ ആദ്യഭാഗം

ആകാശത്തോളം വളർന്ന മരങ്ങളും പാതാളത്തോളം താഴ്ന്ന വേരുകളും അനേകം വള്ളികളും പലതരം പൂക്കളും പക്ഷികളും പാമ്പുകളും നിറഞ്ഞ പറമ്പിൽ അമ്മമ്മയുടെ കൂനിക്കുനിഞ്ഞുള്ള ഇരിപ്പിലായിരുന്നു ഞങ്ങളുടെ പുര. ഏതു നിമിഷവും മണ്ണിലേയ്ക്ക് അടർന്നുവീഴാവുന്നത്രയും ദുർബ്ബലമായ ഒരില.

വർഷത്തിലെ ആറുമാസത്തെ കാറ്റും മഴയും പൊതുവെ ഞങ്ങളുടെ ഇരുണ്ട പ്രദേശത്തെ കൂടുതൽ നിഗൂഢതയിലാഴ്ത്തി. പൊട്ടിവീഴാൻ പാകത്തിൽ ഉയരങ്ങളുള്ള വലിയ മരങ്ങൾ, ചപ്പുചവറുകൾക്കിടയിൽ ഇരയെ കാത്തുനിൽക്കുന്ന പാമ്പുകൾ... രാത്രി പെയ്യുന്ന മഴയോടെപ്പം ഭീകരമായി അലറിക്കരയുന്ന ചീവീടുകൾ... എല്ലാറ്റിനും അപ്പുറം കാറ്റിനേയും മഴയേയും കൂസാത്ത ഞങ്ങളുടെയെല്ലാം ഒടുങ്ങാത്ത വിശപ്പ്.

വിശപ്പ് നിറുകൻതലയോളം കയറുമ്പോൾ ഞാനും ഏട്ടനും കരയും. ഞങ്ങളുടെ കരച്ചില് സഹിക്കാൻ കഴിയാതെ അമ്മ കുറ്റി കൈക്കോട്ട് എടുത്ത് കാട് പിടിച്ച പറമ്പിലേയ്ക്ക് നടക്കും. കുറുക്കൻ തലയുടെ ആകൃതിയുള്ള കാട്ടുകിഴങ്ങിൻ വള്ളി മുറിച്ച് അതിന്റെ വേരിലൂടെ ഭൂമിക്കടി വരെ അമ്മ പോകും. പെരുമ്പാമ്പിനെ പിടിച്ച് വരുന്നതുപോലെയാണ് അമ്മ കാട്ടുകിഴങ്ങുമായി പുരയിലേയ്ക്ക് കയറിവരിക. ഞങ്ങളുടെ വിശപ്പിനെ അന്ന് ഒരു പരിധിവരെ മാറ്റിയത് കാട്ട് കിഴങ്ങുകളായിരുന്നു. കാട്ടുകിഴങ്ങിന്റെ ഇളംതണ്ടിനായി ഞാൻ ഏട്ടനുമായി പിടിവിലി നടത്തും. എന്റെ വാശിയിൽ ഏട്ടനാണ് എന്നും തോൽക്കാറ്. ഞാൻ ഇളംകിഴങ്ങ് കടിച്ചുതിന്നുമ്പോൾ ഏട്ടന്റെ കണ്ണിൽ നക്ഷത്രം തെളിയും. ഞാൻ കിഴങ്ങ് തിന്നുകൊണ്ടിരിക്കവെ ആരും കാണാതെ ഏട്ടൻ കണ്ണു തുടയ്ക്കുന്നുണ്ടാകും.

മരങ്ങൾക്കും ജാതിയും മതവും അതിന്റെ വലിപ്പച്ചെറുപ്പങ്ങളും സ്ഥലഭേദങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ താമസിച്ച പറമ്പിൽ ചേറുമരങ്ങളും ചീങ്ങയും കാരമുള്ളുകളും കാട്ടുകിഴങ്ങുകളും നിറഞ്ഞു.

പ്ലാവും മാവും തെങ്ങും പേരയും രാമൻ നമ്പ്യാരുടേയും മാധവൻ നമ്പൂതിരിയുടെ മഠങ്ങളിലും ഇല്ലപ്പറമ്പുകളിലും വളര്‍ന്നു പന്തലിച്ചു. ഞാൻ മൂന്നാം ക്ലാസ്സിലേയ്ക്ക് ജയിച്ച് കയറിയപ്പോഴായിരുന്നു ഇരുട്ടുപിടിച്ചുകിടന്ന ഉരുപ്പുങ്കാറ്റിക്കുന്നിൽ ഒരു പ്ലൈവുഡ് നിർമ്മാണ ഫാക്ടറി വരുന്നത്. അബൂബക്കർ ഹാജി എന്ന ദുബായി ഹാജിയുടേതായിരുന്നു സ്ഥാപനം. ഫാക്ടറിയിലേയ്ക്ക് സാധനങ്ങൾ കൊണ്ട് വരാനും പോകാനും ഹാജി തന്നെ മരങ്ങൾ മുറിച്ച് റോഡ് നിർമ്മിച്ചു. മരങ്ങൾ നീങ്ങിയതോടെ പറമ്പിൽ നേരിയ വെളിച്ചം വീണു.

ഹാജിക്ക ചുറ്റിലുമുള്ള കുറേ അധികം ഭൂമി വാങ്ങുകയും അതിലെ മരങ്ങൾ മുറിച്ച് ഫാക്ടറിയിൽ കൊണ്ടിട്ട് തൊഴിലാളികളേയും നിയമിച്ച് നല്ല മിനുസമുള്ള പ്ലൈവുഡും ഫർണിച്ചറുകളുമാക്കി ദൂരദേശങ്ങളിൽ വില്പനയ്ക്ക് അയച്ചു.

അമ്മ അച്ഛനറിയാതെ ഫാക്ടറിയിൽ പണിക്കു ചേർന്നു.

പനിയോ അസുഖമോ ഒഴിച്ച് വർഷത്തിലെ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒഴിവില്ലാതെ പണിക്കു പോയി. അമ്മയുടെ കഠിന പ്രയത്നം നിമിത്തം ഞങ്ങളുടെ ജീർണ്ണിച്ച ഓലപ്പുര മെല്ലെ മരത്തിലേക്കും ഓടിലേക്കും, പിന്നെ വാർപ്പിലേക്കും മാറി.

“ആണായാലും പെണ്ണായാലും അവനവനെക്കൊണ്ട് പറ്റുന്ന പണിയെടുത്ത് ജീവിക്കണം... ഇല്ലെങ്കിൽ നമ്മടെ ശരീരം പാമ്പും ചിതലും കൂടുന്ന പുറ്റായിപ്പോകും...” അമ്മ കമ്പനിപ്പണി കഴിഞ്ഞാൽ വീടിനു ചുറ്റും കൊത്തിയും പറിച്ചും പച്ചക്കറി നടുന്നതിനിടയിൽ അച്ഛൻ കേൾക്കാൻ മാത്രം പറഞ്ഞു.

ഇരുന്ന ഇരുപ്പിൽനിന്നും അനങ്ങാത്ത അച്ഛൻ അതു കേട്ടതും “കണ്ട മാപ്പിളക്ക് നീ നല്ലോണം പണികൊടുക്ക് മൈരേ... ഓന്റെ തടി നല്ലോണം കടഞ്ഞും കൊടുക്ക്...!” എന്ന് ഒച്ചയുണ്ടാക്കി.

അല്ലേലും നിങ്ങളുടെ പണികൊണ്ടാണല്ലോ ഞാനും പിള്ളേരും ഈ കാലമത്രയും ജീവിച്ചത് എന്ന മറ്റൊരു മറുമന്ത്രം നമ്മൾ കുട്ടികൾ കേൾക്കാതെ അമ്മ പിറുപിറുക്കും.

റോഡ് അനക്കം വെച്ചപ്പോൾ മുതൽ പറമ്പിലെ പാമ്പുകളും മറ്റു ജീവികളും ഹാജിക്കയുടെ കാറിന്റെ ടയറിലും പ്ലൈവുഡ് വണ്ടികളുടെ അടിയിലും ചതഞ്ഞരഞ്ഞു ചത്തു.

അച്ഛൻ കള്ളും കുടിച്ച് റോഡിലൂടെ നടന്നുവരുമ്പോൾ ചത്ത പാമ്പിനെ കണ്ടാൽ അമ്മ കേൾക്കാൻ പുരയുടെ മുറ്റത്ത് നിന്നേ തുടങ്ങും: “എവിടുന്നോ വന്ന ഈ മാപ്ല നാട്ടിലും വീട്ടിലും സർപ്പദോഷം വരുത്തി മനുഷ്യരെ മുടിപ്പിക്കും!”

അമ്മ അടുക്കളയിലെ പണിക്കിടയിൽ ആരും കേൾക്കാതെ അച്ഛനെതിരെ പിറുപിറുത്തു കണ്ണീർ നിറച്ച് അടുപ്പിലെ തീ ഊതിക്കത്തിച്ചു.

മാറ്റങ്ങളിലൊന്നും താല്പര്യമില്ലാത്ത അച്ഛൻ അപ്പോഴും വെറുതെ ഇരുന്നു. നാട്ടിലെ നമ്പൂതിരിയേയും നമ്പ്യാരേയും കാണുമ്പോൾ മാത്രം കാര്യമൊന്നുമില്ലെങ്കിലും ഓച്ഛാനിച്ച് എഴുന്നേറ്റു. ഞങ്ങളൊക്കെയും പട്ടിണികിടന്നു മരിച്ചാലും ഒരു തെയ്യക്കാരൻ എന്ന നിലയിൽ മറ്റെന്തെങ്കിലും ജോലി ചെയ്യുന്നത് വലിയൊരു തെറ്റായി അച്ഛൻ കരുതിയതിനാൽ വർഷത്തിൽ ആറു മാസവും ആ ഇരിപ്പ് തുടർന്നു. എന്നാൽ, ദിവസങ്ങളോളം ചീഞ്ഞ ഇലയ്ക്കടിയിൽ അടങ്ങി കിടന്ന പുഴു സുപ്രഭാതത്തിൽ പൂമ്പാറ്റയായി തിളങ്ങുന്ന ചിറകുകളോടെ ആകാശത്തിലേയ്ക്ക് പറക്കും പോലെ തുലാപ്പത്ത് കഴിയുന്നതോടെ ഷേവ് ചെയ്തും മുടി മുറിച്ചും കുളിച്ച് കുട്ടപ്പനായി കുറിയും പൂശി ഇറയത്തിന്റെ കഴുക്കോലിൽ തൂക്കിയ തെയ്യത്തിന്റെ ഉടയാടകളും ആടയാഭരണങ്ങളും നിറച്ച പെട്ടിയും എടുത്ത് അച്ഛൻ ഒറ്റ നടപ്പ് അങ്ങ് വെക്കും.

ആ നടപ്പ് തെയ്യക്കാലം കഴിയുന്നതുവരെയും തുടരും. തെയ്യം കഴിഞ്ഞ് എന്നെങ്കിലും വീട്ടിലേയ്ക്ക് വരുമ്പോൾ കയ്യിൽ ഞങ്ങൾക്കു ചെറിയൊരു കവറിൽ പൊരിയും ശർക്കര വരട്ടിയും ഉണ്ടാകും.

നല്ല പൂസാണെങ്കിൽ മാത്രം അച്ഛൻ ചിരിക്കുകയും പാടുകയും ചെയ്യും. വീട്ടിലെത്തുമ്പോഴേയ്ക്കും കുടിച്ച കള്ളിന്റെ വീര്യം തീർന്നുപോയെങ്കിൽ പതിവുപോലെ മൂലയിലെ മറ്റൊരു മൺഭരണിയാകും.

ഉറക്കമില്ലാതെ, ഭക്ഷണം കഴിക്കാതെ ഏതു നേരവും കുടിക്കുന്ന എല്ലാ മദ്യപാനികൾക്കും സംഭവിക്കുന്ന അനിവാര്യമായ വിധി ഒരു ദിവസം അച്ഛനും വന്നു; ആയുസ്സ് എത്താതെയുള്ള മരണം! ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ അന്‍പതാം വയസ്സിൽ.

ഏതോ തെയ്യക്കാവിനടുത്തുള്ള കള്ളുഷാപ്പിൽ ചോര തുപ്പി അച്ഛൻ കുഴഞ്ഞുവീണു.

ആ വർഷം പ്ലസ്‌ടു ഫൈനൽ പരീക്ഷ എഴുതാനുള്ള ഏട്ടൻ അതോടെ പഠനം നിർത്തി അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിലെ ജോലിയിലും സീസണാകുമ്പോൾ അച്ഛന്റെ തെയ്യത്തിലും ഇറങ്ങി.

ഏട്ടൻ ഒരേ സമയം മനുഷ്യന്റെ ജീവിതവും ഉന്നതനായ ദൈവത്തിന്റെ അവതാരവും മാറി മാറി ആടി എന്നെ പഠിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു.

ചിത്രം വരയിലുള്ള എന്റെ താല്പര്യം അനിമേഷനിലേക്കും അതിനുശേഷം ആർക്കിടെക്ച്ചർ ഡിഗ്രിയിലേക്കും ഏട്ടൻ വികസിപ്പിച്ചു. ഡിഗ്രി കഴിഞ്ഞ ഉടനെ എനിക്ക് ഡിസൈനിംഗിൽ ജോലി ലഭിച്ചത് അമ്മയ്ക്കും ഏട്ടനും വലിയ ആശ്വാസമായി.

2 ഭൂമിയിൽ വീണ ആകാശം അഥവാ മരുഭൂമി

രാത്രി മുഴുവനായും ഇരുട്ട് എന്നത് മരുഭൂമിയുടെ രീതിയല്ല.

ഏത് കൂരിരുട്ടിലും നേരിയ പ്രകാശം ഉണ്ടാകും... ആകാശത്തിൽനിന്നും ഇടയ്ക്കിടെ കാണാതാകുന്ന നക്ഷത്രങ്ങൾ മരുഭൂമിയിൽ പുതഞ്ഞുപോയതാകണം പിന്നീട് രാത്രിയിൽ ഒറ്റയൊറ്റയായി തിളങ്ങുന്ന സ്വർണ്ണ മണൽത്തരികൾ.

നോക്കെത്താദൂരത്തോളം ഭൂമി ഒറ്റനിരപ്പിൽ പരന്നുകിടക്കുന്നതിനാൽ നാട്ടിലേതുപോലെ കഥകൾ മരുഭൂമിക്കു കുറവായിരുന്നു. ഏതൊരു കഥയ്ക്കും വളർന്നു വലുതാകാനും പറഞ്ഞു ഫലിപ്പിക്കാനും ഇരുട്ടും നിഗൂഢതകളും അത്യാവശ്യമാണ്.

നേരായ കഥകളും നേരെയുള്ള വഴികളും നിറയെ വെളിച്ചവുമാണ് മരുഭൂമിക്ക് പഥ്യം.

പക്ഷേ, മനുഷ്യരെ സംബന്ധിച്ച് മുഴുവൻ തെളിഞ്ഞ ലോകമുള്ള ചുറ്റുപാടിൽ ജീവിക്കുക എന്നത് അത്ര മനോഹരവുമല്ല. അതൊക്കെ കൊണ്ടായിരിക്കണം മരുഭൂമിയിൽ അവിടെയിവിടെയായി മനുഷ്യർ മരങ്ങളും ചെടികളും നിത്യവും വെള്ളമൊഴിച്ച് നട്ടുപിടിപ്പിക്കുന്നത്.

വർഷങ്ങളുടെ ശ്രമഫലമായി വളർത്തിയെടുത്ത മരുഭൂമിയിലെ പൂന്തോട്ടം ഇന്നലെ മുതലായിരുന്നു അധികാരികൾ കാഴ്ചക്കാർക്ക് തുറന്നുകൊടുത്തത്. രാത്രിയിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു, പുലർച്ചയിലും അതുതന്നെ തുടരുന്നു.

മരങ്ങൾക്കിടയിലൂടെ ആണുങ്ങളും പെണ്ണുങ്ങളും ചിരിച്ചും കളിച്ചും നീങ്ങുന്നു.

പുലർച്ചയിൽ വിടരുന്ന പൂക്കളോടൊപ്പം ആണുങ്ങൾ പെണ്ണുങ്ങളെ ചുംബിക്കുന്നു.

ആരുടെ പ്രണയം എവിടെ കണ്ടാലും ആദ്യം ഓർമ്മവരിക എൽ മേരിയെയാണ്.

എൽ മേരിയ എന്ന ഫിലിപ്പീനി പെൺകുട്ടി കുറേക്കാലം ഓഫിസിൽ കൂടെയുണ്ടായിരുന്നു.

ലോകത്തിലെ വിവിധ ഭാഗങ്ങളിലെ കലകളും സംസ്കാരവും മനസ്സിലാക്കി അതിൽനിന്നും പുതിയ ആശയങ്ങൾ, സംഗീതം, നൃത്തം, നിറങ്ങൾ, ചിത്രങ്ങൾ എന്നിവ കണ്ടെത്തി ഞങ്ങളുടെ ഡിസൈൻ ടീമിനെ സഹായിക്കുക എന്നതായിരിന്നു അവളുടെ ജോലി.

ഏതു നിമിഷവും ചിരിച്ച് ഉല്ലസിച്ച് പാട്ടും പാടി നടക്കുന്നതായിരുന്നു അവളുടെ പ്രകൃതം.

വെറുതെയല്ല ഫിലിപ്പീനികൾ സന്തോഷകരമായ ജീവിതത്തിൽ എഴുപ്പത്തിയാറാം സ്ഥാനത്തും ഞാനടക്കമുള്ളവർ നൂറ്റി ഇരുപത്തിയാറാം സ്ഥാനത്തും നിൽക്കുന്നതെന്നു സ്വയം തിരിച്ചറിഞ്ഞ ദിനങ്ങൾ. ഒരു കാരണവശാലും ചിരിക്കില്ല എന്നു ജീവിതത്തിൽ കഠിനപ്രതിജ്ഞ എടുത്തവരായിരുന്നു ഞങ്ങൾ ഇന്ത്യക്കാർ.

അവൾ ആണെങ്കിൽ മുഴുവൻ സമയവും ഹാപ്പി... എനിക്കെന്തോ അവളോട് കടുത്ത പ്രണയം തോന്നി.

അങ്ങനെ വന്നു വന്ന് ജോലിയുടെ ഭാഗമായി അവൾ ഒരു ദിനം നമ്മുടെ നാട്ടിലെ തെയ്യവും കണ്ടു. ശേഷം അഞ്ച് ആറ് ദിവസം അവൾ എല്ലാവരോടും കളിയും ചിരിയും ഒഴിഞ്ഞ് മൗനിയായി.

എൽ മേരിയ ഒരു ദിനം എന്റെ മുന്നിൽ വന്നു കാളിയെപ്പോലെ മുഖം കറുപ്പിച്ചു ഏകദേശം ഇങ്ങനെ പുലമ്പി:

“What a cruel people this is!

Humans are burned raw, animals are killed and their raw flesh is eaten... Shame!”

കുറച്ചു നാളുകൾക്കു ശേഷം അവൾ ജോലി രാജിവെച്ച് നാട്ടിലേയ്ക്കു തിരിച്ചുപോയി. യാത്രയയപ്പ് പരിപാടിയിലും ഏൽ മേരിയ എന്റെ മുന്നിൽ വന്നില്ല, എന്നോട് മാത്രം യാത്രയും പറഞ്ഞില്ല!

എന്റെയോ അവളുടേയോ നിർഭാഗ്യത്തിന് അവൾ അന്ന് ഏറ്റവും തീക്ഷ്ണമായ ഏതെങ്കിലും ചാമുണ്ഡി തെയ്യമായിരിക്കും കണ്ടത്... തീചാമുണ്ഡിയോ കൈത ചാമുണ്ഡിയോ വസൂരി ചാമുണ്ഡിയോ...

സത്യത്തിൽ ഞാനും ആലോചിക്കാറുണ്ട്, തെയ്യങ്ങളിൽ പലതും എന്തുമാത്രം പ്രാകൃതമാണ്. മനുഷ്യന്റെ ഉള്ളിലെ ആധുനിക നീതിയും നിയമവും തടഞ്ഞിട്ട ക്രൂരമായ സ്വപ്നങ്ങളെയല്ലാതെ മറ്റെന്താണ് തെയ്യം കാണാൻ വരുന്ന വലിയ ആൾക്കൂട്ടം ആഗ്രഹിക്കുന്നത്!

പല കാവുകൾക്കു ചുറ്റിലും കൂടിയിരിക്കുന്നത് ഇരയെ കാത്തുനിൽക്കുന്ന വേട്ടക്കാരായ പ്രാകൃത മനുഷ്യരാണെന്നു തോന്നിപ്പോകാറുണ്ട്.

വിരലിൽ എണ്ണാവുന്ന ചില തെയ്യങ്ങൾ മാത്രമാണ് അപവാദം. ജനങ്ങളെ നിർത്താതെ ചിരിപ്പിക്കുന്ന പൊണ്ണത്തെയ്യം...

മനുഷ്യരെ ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന മുത്തപ്പൻ...

പക്ഷേ, ഇവരെയൊന്നും അങ്ങനെ തെയ്യം എന്ന നിലയിൽ തെയ്യാരാധകർ കൂട്ടത്തിൽ പെടുത്താറുമില്ല.

മുത്തപ്പൻ, മുത്തപ്പൻ മാത്രമാണ്...

മറ്റൊക്കെ കോമാളിത്തെയ്യങ്ങളും

ഒരിക്കൽ നാട്ടിലേയ്ക്ക് പോകുമ്പോൾ ഞാൻ എൽ മേരിയെ വിളിക്കും. നീ വരുമെങ്കിൽ പെണ്ണുങ്ങൾക്ക് അവരുടെ സങ്കടങ്ങൾ, ആഗ്രഹങ്ങൾ സ്വകാര്യമായി പറയാൻ അവസരം കൊടുക്കുന്ന മന്ദപ്പൂമാരുതൻ എന്ന അപൂർവ്വ തെയ്യം കാണിക്കും. ഇങ്ങനേയും ചില തെയ്യങ്ങൾ നമ്മുടെ നാട്ടിലുണ്ട്. നിരാശ നിറഞ്ഞവർക്കു പ്രതീക്ഷയും ദുഃഖിക്കുന്നവർക്കു സുഖവും നൽകുന്നവർ...

സത്യത്തിൽ എനിക്ക് അവളോട് ഇപ്പോഴും കടുത്ത പ്രണയം തോന്നുന്നു. ജീവിതത്തിൽ നമുക്ക് ഒരാളോട് മാത്രമേ പ്രണയം വരൂ... ബാക്കിവരുന്നത് കാമം മാത്രമാണെന്ന് എല്‍ മേരിയ എന്നെ പഠിപ്പിച്ചു.

എൽ മേരിയ പോയി ഒരു വർഷം കഴിഞ്ഞിട്ടും ഞാൻ അവളെ പ്രണയത്തോടെ ഓർക്കുന്നു.

3 തെയ്യത്തെ സ്കൂട്ടറിടിച്ചു...!


ഏട്ടന്റെ വാട്‌സാപ്പ് മെസ്സേജ് തുരുതുരാ വന്നുകൊണ്ടിരിക്കുന്നു.

എടാ, ഞാൻ ആശുപത്രിയിൽ ആണ് ഗുളികൻ കെട്ടി റോഡിലൂടെ ഓടുമ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്കൂട്ടർ വന്നു ഗുളികനെ ഇടിച്ചു.

എന്നിട്ട്?

പുളയുന്ന വേദനയിലും ഞാൻ ഗുളികൻ എങ്ങനെയോ പൂർത്തിയാക്കി വൈകുന്നേരത്തോടെ കാല് വലിയ ബലൂണായി. എല്ലാരും കൂടി ചുമന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു...

ആരെ ഗുളികനെയോ... ഞാൻ തമാശയാക്കി.

ഗുളികനെ അല്ല എന്നെ.

ഗുളികൻ എല്ലാവരുടെയും കാലൻ അല്ലെ, എന്നിട്ട് ഗുളികന്റെ കാലിനുതന്നെ പണി കിട്ടി... നന്നായി! ഞാൻ ചിരിച്ചു.

അതെ എല്ല് പൊട്ടിയിട്ടുണ്ട്... രണ്ടാഴ്ച കാല് നിലത്ത് കുത്താൻ പാടില്ല...

നീ ഒന്ന് വരേണ്ടിവരും അടുത്താഴ്ചയാണ് നമ്മുടെ മന്ദപ്പൂമാരുതൻ കാവിലെ തെയ്യം.

ഞാൻ വന്നിട്ട് എന്ത്...?

നീ കെട്ടണം മന്ദപ്പൂമാരുതൻ...

അതെങ്ങനെ... എനിക്ക് ആടിവേടൻ കെട്ടിയ പരിചയംപോലും ഇല്ല... പിന്നെ ഏട്ടന് അറിയാല്ലോ തെയ്യം കെട്ടൽ എനിക്കു പണ്ടേ അത്ര താല്പര്യം ഉള്ള സംഗതിയല്ല...

ഞാൻ നിന്നെ പഠിപ്പിക്കും.

ഈ തെയ്യത്തെ പുറത്തുള്ളവർക്കു കൊടുത്താൽ ശരിയാകില്ല... ഒന്നാമത് നല്ല വരവ് കിട്ടുന്ന കാവ്...

പിന്നെ കാട്ടിൽ കുറേനേരം തെയ്യവും പെണ്ണുങ്ങളും മാത്രവും!

നാട്ടിൽ മറ്റൊരു കാവിലും ഇങ്ങനെയൊരു തെയ്യം ഇല്ല... ഒരിക്കൽ കെട്ടിയ ആൾ അടുത്ത വർഷം എന്നെ കൊന്നിട്ടാണെങ്കിലും മന്ദപ്പൂമാരുതനെ കെട്ടും.

എന്നോട് സ്നേഹം, ബഹുമാനം അങ്ങനെ എന്തെങ്കിലും നിനക്ക് ഉണ്ടെങ്കിൽ നീ വരണം.

ഞാൻ തെയ്യത്തിന്റെ കഥയും ആട്ടവും വായ്ത്താരിയും അയക്കാം. സമയം കിട്ടുമ്പോൾ ഒന്നു പഠിച്ചു വെച്ചാൽ മതി. ഏട്ടൻ എന്നെ വിടുന്ന ലക്ഷണമില്ല.

മന്ദപ്പൂമാരുതൻ തെയ്യം എന്നു കേട്ടപ്പോൾ എനിക്ക് എൽ മേരിയെ വീണ്ടും ഓർമ്മവന്നു.

നിന്റെ നമ്പറോ മെയിലോ എതെങ്കിലും ഒന്ന് നീ ബാക്കിവെച്ചിരുന്നെങ്കിൽ സ്ഥലവും തീയതിയും ഞാൻ അറിയിക്കുമായിരിന്നു.

എൽ മേരിയ എന്റെ ഫോൺ നമ്പർ, മെയിൽ എല്ലാം ബ്ലോക്ക് ചെയ്തിരുന്നു.

5

മന്ദപ്പൂമാരുതൻ തെയ്യം ഐതിഹ്യം...

എന്നോ എവിടെയൊ ജീവിച്ച കുറേ പെൺകുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണനെ പൂജിക്കാൻ കാട്ടില്‍ പൂക്കൾ ശേഖരിക്കാൻ പോകാറുണ്ട്. എന്നും രാവിലെ കാട്ടാറിൽ കുളിച്ച് ശുദ്ധി വരുത്തിയാണ് അവർ കണ്ണനു വേണ്ടുന്ന പൂക്കൾ തേടാറുള്ളത്. പെണ്ണുങ്ങൾ ഇങ്ങനെ നിത്യവും കാട്ടിൽ വന്നു കുളിക്കുന്നതും പൂക്കൾ ശേഖരിക്കുന്നതും അതിക്രൂരനായ ഒരു രാക്ഷസൻ കണ്ടു.

അയാൾ ആദ്യമൊക്കെ ഇവർ വരുന്ന നേരം നോക്കി ഏതെങ്കിലും വലിയ മരത്തിന്റെ മറവിൽ ഒളിച്ചിരുന്നു കുളി ആസ്വദിച്ചു. മെല്ലെ മെല്ലെ അയാൾക്ക് കുളി മാത്രം പോരായെന്ന സ്ഥിതിയായി.

സുന്ദരികളുടെ തെളിഞ്ഞ നഗ്നത...

അവരുടെ ഉൻമാദം നിറഞ്ഞ കളികളും ചിരികളും ഉല്ലാസങ്ങളും... ഏതോ ഒരു പീറ ചെറുക്കനെയാണ് അവർ എപ്പോഴും ആലോചിക്കുന്നതെന്ന് രാക്ഷസനു മനസ്സിലായി.

രാക്ഷസന് അസൂയയും നിരാശയും ഉണ്ടായി. എന്നെപ്പോലൊരു ശക്തിമാൻ ഇവിടെ ഉണ്ടായിട്ട് വീണ്ടും വീണ്ടും ഇവരിങ്ങനെ വന്നതുപോലെ പോകുന്നതു കാട്ടിൽ മറ്റാരെങ്കിലും അറിഞ്ഞാൽ...? എന്റെ കഴിവില്ലായ്മയിൽ അവർ പരിഹസിക്കും.

രാക്ഷസൻ അന്നത്തെ ദിവസം പൂ പറിക്കുന്ന പത്തു പെണ്ണുങ്ങളേയും വാരിയെടുത്ത് ആർക്കും കണ്ടെത്താൻ പറ്റാത്തതും കടന്നുകയറാൻ എളുപ്പമല്ലാത്തതുമായ കാട്ടിൻ നടുവിലെ കോട്ടയിലെത്തിച്ചു.

അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നമാക്കി ശേഷം നൃത്തം ചെയ്യാനും മൃഗങ്ങളെപ്പോലെ നാലു കാലിൽ നടത്തിക്കാനും നിർബ്ബന്ധിച്ചു.

തങ്ങൾ അകപ്പെട്ട നിസ്സഹായതയിൽ അവർ ഭയന്നു നിലവിളിച്ചു. കണ്ണനെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അധികം വൈകാതെ കണ്ണൻ പ്രത്യക്ഷപ്പെട്ടു. കണ്ണൻ ക്രൂരനായ രാക്ഷസനെ മല്ലയുദ്ധത്തിൽ വധിച്ചു. ശേഷം, അന്നത്തെ ദിവസം മുഴുവൻ കണ്ണൻ കാട്ടിൽ സുന്ദരികളോടൊപ്പം കളിയിലും ചിരിയിലും കേളികളിലും മുഴുകി. അവർ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കണ്ണനോട് പങ്കുവെച്ചു.

ചിലർക്ക് അദ്ധ്യാപിക ആകണം. മറ്റു ചിലർക്കു നർത്തകി. വേറെ ചിലർക്ക് ആയുധ അഭ്യാസി... കണ്ണൻ അവർ പറയുന്നത് എല്ലാം പുഞ്ചിരിയോടെ കേട്ടു.

ഈയൊരു കഥയിൽനിന്നാണ് മന്ദപ്പൂമാരന്റെ ഐതിഹ്യം. കാവിലെ ആട്ടവും ചടങ്ങും കഴിയുന്നതോടെ തെയ്യം നേരെ രണ്ട് കിലോമീറ്റർ ഉള്ളിലുള്ള കാട്ടിലേക്ക് പോകും. പിന്നെ മൂന്ന്, നാല് മണിക്കൂർ തെയ്യം കാട്ടിലാണ്. മന്ദപ്പൂമാരുതന് തലയിൽ അധികം ഭാരമില്ലാത്ത പൂക്കുട്ടി മുടിയാണ്. ഒരു ദിവസം മുഴുവൻ നിന്ന് ആടേണ്ടിവന്നാലും ക്ഷീണമുണ്ടാകില്ല.

തെയ്യ ദിവസം പെണ്ണുങ്ങൾക്കല്ലാതെ മറ്റാർക്കും കാട്ടിനുള്ളിലേയ്ക്ക് കയറാനും കഴിയില്ല. പെണ്ണുങ്ങൾ അവരുടെ ഏറ്റവും സ്വകാര്യമായ സങ്കടങ്ങൾ തെയ്യത്തോട് പറയും.

പലരും പലതും പറയും, ഞാനൊരു മനുഷ്യനല്ലെന്നും ദൈവമാണെന്നും ഉള്ള നല്ല ബോധം ഈ നേരം മുഴുവൻ തെയ്യം കെട്ടുന്നവർക്ക് ഉണ്ടായിരിക്കണം... തെയ്യം കെട്ടുന്നവർ അങ്ങനെയൊരു അതീന്ദ്രിയ ബോധത്തിലേയ്ക്ക് ഉയരണമെങ്കിൽ തെയ്യത്തെ, അതിലെ ചടങ്ങുകളെ നന്നായി പഠിക്കണം. തെയ്യം കെട്ടിയ മനുഷ്യൻ ദൈവത്തിലേയ്ക്ക് മാറിമറിയുന്നത് ആ നിമിഷം ചൊല്ലുന്ന തോറ്റത്തിലൂടെയാണ്. അതുകൊണ്ട് നീ വരി തെറ്റാതെ തോറ്റം മുഴുവൻ പഠിച്ചെടുക്കണം!

ഏട്ടൻ തോറ്റം പാടി തുടങ്ങി:

വരിക, വരിക ദൈവമേ...

പൊലി പൊലിക ദൈവമേ

കിഴക്കൻ വനത്തിലെ പൂക്കളിൽ

സൂര്യൻ പൂത്തുവിടരും പോൽ വരികയെൻ

ദൈവമേ...

വരിക വരിക ദൈവമേ

ലോക രക്ഷകൻ വാസുദേവാ...

ഇയർഫോണിലൂടെ തോറ്റം കേൾക്കവേ അവസാന തുള്ളി ഓറഞ്ച് നീരും ഞാൻ കുടിച്ചു.

തോറ്റം പാടിക്കൊണ്ട് ഞാൻ ചുവടുകൾ മെല്ലെ മെല്ലെ വെച്ചു.

ലാസ്യരീതിയിലുള്ള താളത്തിലാണ് നൃത്തം... ബ്ലു മൂൺ തലയിൽ ചെറിയ ഓളമുണ്ടാക്കുന്നതിനാൽ എനിക്കാ നൃത്തം വളരെ ഈസിയായി.

ഒരു ഡാൻസ് ബാറിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയെ ചേർത്തുപിടിച്ച് ശാന്തമായ തിരമാലപോലെ താണും ചെരിഞ്ഞും പോകുന്ന രീതി.

കൂടെയിപ്പോൾ എൽ മേരിയ ഉള്ളതായി എനിക്കു തോന്നി. ഞാൻ അവളേയും ചേർത്തുപിടിച്ച് വീണ്ടും വീണ്ടും തെയ്യത്തിന്റെ ചുവടുകൾ ആടി.

ഇടയ്ക്കു മാത്രം തെയ്യം ശാന്തത കൈവിട്ട് രൗദ്രഭാവത്തോടെ ആരോടോ യുദ്ധം ചെയ്യാനായി നീങ്ങണം, അപ്പോൾ കാലുകൾ മുന്നോട്ടും പിന്നോട്ടും വേഗത്തിൽ നിർത്താതെ നീങ്ങി കൊണ്ടിരിക്കും.

മേളക്കാർ ചെണ്ടയിൽ ഉച്ചസ്ഥായിയിൽ പെരുക്കിയടിച്ചു തുടങ്ങി.

എൽ മേരിയ അപ്പോഴേക്കും തളർന്നു. അവൾ നൃത്തത്തിൽനിന്നും ഒഴിഞ്ഞുമാറി.

ഇനി ആർക്കോ അപകടം പിണഞ്ഞതുപോലെ തെയ്യം കാട്ടിലേക്ക് ഒറ്റ ഓട്ടമാണ്...

തെയ്യം നാട്ടിൽനിന്നും കാട്ടിലേക്ക് ഓട്ടം തുടങ്ങി.

6

കാടിന്റെ മൗനം...

പണ്ടുമുതലേ കാട് എന്ന് കേൾക്കുമ്പോഴേ പാമ്പ് ഇഴഞ്ഞുകയറുന്നത്രയും മൗനവും ഭയവുമാണ്, ഒപ്പം കണ്ണിൽ വിഷദ്രാവകം തെളിച്ചത്രയും ഇരുട്ടും.

എന്നാൽ, ഇപ്പോൾ തോറ്റവും ആട്ടവും കഴിഞ്ഞതും തെയ്യം ആൾക്കൂട്ടത്തിൽനിന്നും ഒറ്റ ഓട്ടം ഓടി... മൊബൈലും പിടിച്ചുള്ള ആൾക്കൂട്ടത്തിന്റെ നില്പ് അത്രയും അസഹ്യമായിരുന്നു.

പെണ്ണുങ്ങളെ രക്ഷിക്കാൻ ജനിച്ച തെയ്യത്തിനു തന്റെ ചുറ്റും അനേകം കൈകളും കണ്ണുകളുമുള്ള രാക്ഷസൻമാരുടെ നടുവിൽ വസ്ത്രങ്ങളൊക്കെ അഴിഞ്ഞ പെണ്ണായി നിൽക്കുന്നതായി തോന്നി. ലാസ്യമായിരുന്നില്ല പരവേശമായിരുന്നു അകവും പുറവും; കാടെത്തിയപ്പോഴാണ് ശ്വാസം കഴിക്കുന്നത്.

തെയ്യത്തെ കാത്ത് കാട്ടിലെവിടെയെങ്കിലും പെണ്ണുങ്ങൾ കാത്തുനിൽക്കുന്നുണ്ടോ എന്നാണ് ആദ്യം നോക്കിയത്...

ഒറ്റനോട്ടത്തിൽ മറ്റെല്ലാ കാടുംപോലെ തെയ്യം കയറിയ കാടും വലിയൊരു രഹസ്യമായിരുന്നു.

ഉയരമുള്ള മരങ്ങളും അവയുടെ അഴിച്ചിട്ട തലമുടി നാരുകളായി നിറഞ്ഞ വള്ളികളും കായ്കളും പൂവുകളും ചെറിയ കുന്നുകളും കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാലുകളും കുളങ്ങളും മീനുകളും പൂമ്പാറ്റകളും പക്ഷികളും.

കാടിന്റെ രഹസ്യങ്ങളിൽ തന്നെ കാത്ത് അനേകം പെണ്ണുങ്ങൾ കാത്തിരിക്കുന്നു എന്നൊരു തോന്നൽ തെയ്യത്തിന് ഉണ്ടായി.

അതോടെ ഉത്സാഹത്തിലായ തെയ്യം കാട്ടിലൂടെ തലങ്ങും വിലങ്ങും നടന്നു.

തെയ്യം കുറേ ദൂരം കാട്ടിൽ പല വഴികളിലൂടെ നടന്നിട്ടും ആരെയും കണ്ടില്ല.

ഏറ്റവും കുറഞ്ഞത് അഞ്ചോ പത്തോ പെണ്ണുങ്ങൾ എല്ലാ വർഷവും തെയ്യത്തെ കാണുവാൻ ഉണ്ടാകുമെന്നാണല്ലോ പറഞ്ഞത്... പെണ്ണുങ്ങൾ ദൈവത്തേയും അവിശ്വസിച്ചു തുടങ്ങിയിരിക്കുന്നു!

അല്ലെങ്കിൽ പെണ്ണുങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കണം...

വലിയൊരു മതിലെത്തിയതും കാട് അവസാനിച്ചു. തെയ്യം നിരാശയോടെ തിരിച്ചു നടന്നു.

പെണ്ണുങ്ങളെ ആശ്വസിപ്പിക്കാനല്ല, തെയ്യത്തെ ആശ്വസിപ്പിക്കാൻ ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ! തെയ്യം പിറുപിറുത്തു.

എന്റെ തെയ്യമേ...

പൂത്ത ചെമ്പകമരത്തിന്റെ മറവിൽനിന്നും ആരോ വിളിക്കുന്നു. തെയ്യം തിരിഞ്ഞുനോക്കി

മദ്ധ്യവയസ്സ് കഴിയാറായ ഒരു സ്ത്രീ... എങ്കിലും അവൾ കാഴ്ചയിൽ കന്യകയെപ്പോലെ സുന്ദരിയായിരുന്നു.

ദേവി... തെയ്യം പെട്ടെന്ന് ഉഷാറായി.

അവൾ മരത്തിന്റെ ചോട്ടിൽനിന്നും സന്തോഷത്തോടെ തെയ്യത്തിന്റെ അരികിലേയ്ക്കു വന്നു.

തെയ്യം അവളെ ചേർത്തുപിടിച്ചു.

എനിക്കു കുറേ കാര്യങ്ങൾ പറയുവാനുണ്ട്.

അവൾ വിതുമ്പി.

എനിക്കും... തെയ്യം മനസ്സിൽ പറഞ്ഞു.

തെയ്യം അവളുടെ കവിളിലെ കണ്ണീർ തുടച്ചു.

തെയ്യമേ നമുക്ക് ഉള്ളിലേയ്ക്ക് മാറിയിരിക്കാം.

അവൾ തെയ്യത്തിന്റെ കൈ പിടിച്ചുവലിച്ചു. കുറച്ചുമാത്രം വെളിച്ചം വീഴുന്ന മരങ്ങൾക്കുള്ളിലേയ്ക്ക് കയറി തെയ്യത്തിന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.

“ജീവിതം യാതൊരു അർത്ഥവും ഇല്ലാത്തവിധം മടുത്തു...

എന്തിനാണ് ജീവിക്കുന്നത് എന്ന വലിയ ചോദ്യം രാവും പകലും ഉള്ളിൽനിന്നും മുഴങ്ങി തുടങ്ങിയിരിക്കുന്നു...

ജീവിതത്തിൽ നല്ലൊരു ജോലിയൊക്കെ നേടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ, മറ്റുള്ളവർകൂടി എന്നെ ചെറുപ്പത്തിലേ കല്യാണം കഴിപ്പിച്ചു. കുട്ടികൾ ആയി.

കുറേ വർഷങ്ങൾ അവരെ വളർത്തി വലുതാക്കി... അപ്പോഴേക്കും ജീവിതത്തിലെ നല്ലസമയം കൺമുന്നിലൂടെ ഒഴുകിത്തീർന്നു... ഇപ്പോൾ അയാളുടെ വയസ്സായ അച്ഛനമ്മമാരെ നോക്കിയിരിക്കുന്നു.

ഇതൊന്നുമല്ല സങ്കടം, ഇഷ്ടപ്പെട്ട ചെറിയ നെറ്റിപ്പൊട്ട് മേടിക്കാൻപോലും നമ്മൾ ആരൊടെങ്കിലും പൈസ യാചിക്കണം! ഒരു ജോലിയും ചെയ്തില്ലെങ്കിലും സ്ത്രീ വല്ലപ്പോഴും വേശ്യയുടെയെങ്കിലും തൊഴിൽ ചെയ്തു ഇച്ചിരി പൈസ കയ്യിൽ കരുതണം...

സ്ത്രീയുടെ മനോഹരമായ കണ്ണുകൾ ചുവന്ന് കലങ്ങിത്തുടങ്ങിയിരുന്നു.

ഞാനെന്താണ് ചെയ്യേണ്ടത്? തെയ്യം അവളുടെ കയ്യിൽ പിടിച്ച് സങ്കടത്തോടെ ചോദിച്ചു.

തെയ്യമെങ്കിൽ തെയ്യം. നിങ്ങളെന്നെയൊന്നു ചേർത്തുപിടിക്കൂ... സ്നേഹത്തോടേയും പരിഗണനയോടേയുമുള്ള മനുഷ്യസ്പർശം എനിക്ക് എന്നോ അന്യമായിരുക്കുന്നു...

നിങ്ങളിപ്പോഴും എന്തൊരു സുന്ദരിയാണ്- നിങ്ങളെ ആർക്കാണ് ചേർത്തുപിടിക്കാൻ തോന്നാതിരിക്കുക...!

തെയ്യം മനസ്സിൽ ഇങ്ങനെ പറഞ്ഞു തന്റെ കൈകൾകൊണ്ട് അവളുടെ തലമുടിയിൽ തലോടി.

മരങ്ങൾക്കിടയിലെ ചെറിയ വെളിച്ചപ്പൊട്ടുകൾക്കിടയിലൂടെ തെയ്യം പുറത്തേയ്ക്ക് നോക്കി

നാലഞ്ച് പെണ്ണുങ്ങൾ തെയ്യത്തെ കാത്തുനിൽക്കുന്നുണ്ടായിരിന്നു...

അതിലൊരു പെൺകുട്ടി മലയാളി അല്ലല്ലോ എന്ന് തെയ്യത്തിനു സംശയം ഉണ്ടായി. തെയ്യം മരച്ചില്ലകളെ കൈകൾകൊണ്ട് ഇരുവശത്തേക്കും വകഞ്ഞ് ഒരിക്കൽകൂടി സൂക്ഷിച്ചു നോക്കി

എൽ മേരിയ...?

തെയ്യം അപ്പോഴേക്കും തന്റെ മടിയിൽ ഉറങ്ങിപ്പോയ സ്ത്രീയെ മെല്ലെ നിലത്തേയ്ക്ക് എടുത്തു കിടത്തി.

അവർ ഉറക്കത്തിലും ചെറുതായി ഒന്നനങ്ങി... തെയ്യത്തിന്റെ കൈവിരലുകളിൽ മുറുകെ പിടിച്ചു.

തെയ്യം ഒന്നുകൂടി അവരുടെ മുഖത്തേയ്ക്ക് നോക്കി. ഇപ്പോൾ അവർ ഉറക്കത്തിലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

തെയ്യം എങ്ങോട്ടും പോകാതെ തിരിച്ചുവന്നു.

ശേഷം, കാടുകൾക്കിടയിലൂടെ അവർക്കിടയിലേയ്ക്ക് വീഴുന്ന നേരിയ വെളിച്ചങ്ങളേയും പുറത്തുനിന്നുള്ള കാഴ്ചകളേയും ഇലകളും പൂവുകളും കൊണ്ട് പൂർണ്ണമായും അടയ്ക്കാനുള്ള വഴികൾതേടി.

വി.സുരേഷ് കുമാര്‍ എഴുതിയ മന്ദപ്പൂമാരന്റെ കന്യകകള്‍...
സി.സന്തോഷ് കുമാര്‍ എഴുതിയ കഥ ‘ഐസൊലേഷന്‍ വാര്‍ഡ്’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com