സി.സന്തോഷ് കുമാര്‍ എഴുതിയ കഥ ‘ഐസൊലേഷന്‍ വാര്‍ഡ്’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
സി.സന്തോഷ് കുമാര്‍ എഴുതിയ കഥ ‘ഐസൊലേഷന്‍ വാര്‍ഡ്’
Updated on
9 min read

ഒന്ന്

സൈനികരുടെ ആശുപത്രിയായ സ്റ്റേഷൻ സിക്ക് ക്വാർട്ടേഴ്‌സിൽ ഡോക്ടർ തരഫ്ദാർ രോഗികളെ പരിശോധിക്കാൻ തുടങ്ങുക രാവിലെ ഏഴു മണിക്കാണ്. തിങ്കളാഴ്ചകളിൽ അത് ആറു മണിക്കു തന്നെ തുടങ്ങും. തിങ്കളാഴ്ചകൾ പരേഡ് ദിവസങ്ങളായതുകൊണ്ടാണ് അങ്ങനെ. തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന പരേഡിൽ അന്നുച്ചയ്ക്കു മുന്‍പ് മരിച്ചുപോകാൻ തക്ക രോഗമില്ലാത്ത എല്ലാവരേയും പറഞ്ഞയക്കേണ്ടത് ഒരു സൈനിക ഡോക്ടറെന്ന നിലയിൽ തരഫ്ദാറിന്റെ ഉത്തരവാദിത്വമാണ്. ആജ്ഞകൾ ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന ശീലം സൈനികരിൽ ഊട്ടിയുറപ്പിക്കാൻവേണ്ടി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള, ശാരീരികവും മാനസികവുമായ ക്ഷമത അതിന്റെ അടിത്തട്ടുവരെ പരീക്ഷിക്കപ്പെടുന്ന പരേഡിൽനിന്ന് തക്കതായ കാരണമില്ലാതെ ഒരു സൈനികൻ മാറി നിൽക്കുകയെന്നാൽ രാജ്യം യുദ്ധം തോൽക്കാനുള്ള ഒരു കാരണം സൃഷ്ടിക്കപ്പെടുക എന്നാണ്. ഒരു സൈനിക ഡോക്ടർ ഒരിക്കലും കൂട്ടുനിൽക്കാൻ പാടില്ലാത്ത ഒരു കാര്യമാണത്.

എന്നു കരുതി ഡോക്ടർ തരഫ്ദാർ സൈന്യത്തിലെ എല്ലാ മാമൂലുകളും അച്ചട്ടായി പിന്തുടരുന്ന ആളാണെന്നല്ല. ആശുപത്രിയിലേയ്ക്കുള്ള അയാളുടെ വരവും പോക്കും തന്നെ ഉദാഹരണം. സ്വന്തമായി കാറും മോട്ടോർ സൈക്കിളുമൊക്കെയുണ്ടെങ്കിലും അയാൾ ഡ്യൂട്ടിക്ക് വരികയും പോവുകയും ചെയ്യുക സൈക്കിൾറിക്ഷയിലാണ്. അതിനാൽ സൈനികർക്കിടയിലെന്നതു പോലെ സൈക്കിൾറിക്ഷക്കാർക്കിടയിലും അയാൾ പരിചിതനാണ്. മാത്രമല്ല, അയാളെ സംബന്ധിച്ച് സൈക്കിൾറിക്ഷക്കാർക്കു മാത്രമറിയുന്ന ഒരു രഹസ്യവുമുണ്ട്. അയാളുടെ വിചിത്രമായ ഒരു ശീലവുമായി ബന്ധപ്പെട്ടതാണത്.

ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കിടെ ഡോക്ടർ തരഫ്ദാറിന് സൈനിക കേന്ദ്രത്തിന്റെ അയൽഗ്രാമമായ പൽത്തയിലെ, രണ്ടു ജോഡി റെയിൽപ്പാളങ്ങൾക്ക് കുറുകെയുള്ള ഒരു ലവൽക്രോസ് മുറിച്ചുകടക്കേണ്ടതായിട്ടുണ്ട്. രാവിലേയും വൈകിട്ടും അയാളെത്തുന്ന നേരങ്ങൾ രണ്ട് എക്സ്പ്രസ് വണ്ടികൾക്ക് കടന്നുപോകാൻ കൂടിയുള്ളതാണ്. അതിനാൽ ആ നേരങ്ങളിൽ ലവൽക്രോസ് അടഞ്ഞുതന്നെയാവും കിടക്കുക. അയാളെ സംബന്ധിച്ചിടത്തോളം അതാണ് വേണ്ടതും. ട്രെയിനുകളുടെ സമയക്രമം തെറ്റി ഏതെങ്കിലും ദിവസം ലവൽക്രോസ് തുറന്നിരുന്നാലാണ് അയാൾ പ്രതിസന്ധിയിലാകുക. ദിവസം രണ്ടുനേരം ഒരൗഷധം സേവിക്കുന്ന ചിട്ടയോടെ താൻ സാക്ഷിയാകാറുള്ള ഒരു ദൃശ്യം അന്ന് അയാൾക്ക് നഷ്ടമാകും.

അയാൾ പിന്നെ രണ്ടാമതൊന്ന് ആലോചിക്കില്ല.

“രുക്‌നാ”, അയാൾ സൈക്കിൾറിക്ഷക്കാരനോടു പറയും, “ധോഡാ ആരാം കർക്കെ ചൽനാ.”

തുറന്നുകിടക്കുന്ന ലവൽക്രോസിനു മുന്നിൽ അപ്രതീക്ഷിതമായി സൈക്കിൾറിക്ഷ നിറുത്തി വിശ്രമിക്കാൻ നിർദ്ദേശം ലഭിച്ച റിക്ഷക്കാരൻ അമ്പരക്കും. അയാൾ സൈക്കിൾ റിക്ഷയിൽ നിന്നിറങ്ങി തറയിലെവിടെയെങ്കിലും കുന്തിച്ചിരുന്ന് ബീഡി കത്തിച്ചു വലിക്കുകയോ പാൻ ചവയ്ക്കുകയോ മറ്റോ ചെയ്യാൻ തുടങ്ങും.

ലവൽക്രോസ് അടയുന്നതും തുടർന്ന് ട്രെയിൻ വരുന്നതും കാത്ത് ഡോക്ടർ തരഫ്ദാർ സൈക്കിൾറിക്ഷയിൽ തന്റെ ഇരിപ്പു തുടരും.

പൽത്തയിലേത് വെറുമൊരു ലവൽക്രോസ് മാത്രമായിരുന്നില്ല. അത് ഒരു പച്ചക്കറിച്ചന്ത കൂടിയായിരുന്നു. അയാളുടെ കാത്തിരിപ്പിന്റെ കാരണവും അതായിരുന്നു. രണ്ടു ജോഡി പാളങ്ങൾക്കുമിടയിലെ ഇഷ്ടിക പാകിയിട്ടുള്ള ഇടത്ത് ചണച്ചാക്കുകൾ വിരിച്ച്, അതിന്മേൽ പച്ചക്കറികൾ കൂട്ടിയിട്ട് ഓരോ ജോഡി പാളത്തിന്റേയും ഉൾവശത്തെ ഉരുക്കു റെയിലുകളിൽ വില്‍പ്പനക്കാർ കുന്തിച്ചിരിക്കും. നടുക്കുള്ള ഇത്തിരി സ്ഥലത്ത് വാങ്ങാൻ വരുന്നവർ തിക്കിത്തിരക്കും. വായ്ത്താരിയും വിലപേശലുമൊക്കെയായി ചന്ത സജീവമാകുമ്പോൾ അതൊരു ലവൽ ക്രോസാണെന്ന കാര്യം തന്നെ എല്ലാവരും മറക്കും. ട്രെയിൻ വരാനായി ഗേറ്റ് അടയുന്നതോ ചുവപ്പു സിഗ്നൽ തെളിയുന്നതോ ഒന്നും ആരും കണ്ടതായിപ്പോലും ഭാവിക്കില്ല. കച്ചവടം തകൃതിയായിത്തന്നെ തുടരും. ഇതിനിടെ ട്രെയിൻ വരുന്ന ദിശയിലെ ആദ്യത്തെ കച്ചവടക്കാരൻ റെയിലിൽനിന്നു ചാടിയെഴുന്നേറ്റ് ‘ഗാഡി ആച്ഛെ’ എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരു നിമിഷമുണ്ട്. ഒരു മാന്ത്രികനിമിഷമാണത്. വില്‍പ്പനക്കാരും വാങ്ങാൻ വന്നിട്ടുള്ളവരും മാത്രമല്ല, പച്ചക്കറിച്ചന്ത ഒന്നാകെ, ഒരു മജീഷ്യന്റെ വാനിഷിങ്ങ് ട്രിക്കിലെന്നവണ്ണം അതോടെ അപ്രത്യക്ഷമാകും. ട്രെയിൻ കടന്നുപോയി പൊടിപടലങ്ങൾ അടങ്ങിത്തുടങ്ങുമ്പോൾ തെളിയുക വിലപേശലും വായ്ത്താരിയുമൊക്കെയായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ കച്ചവടം പൊടിപൊടിക്കുന്നതായിരിക്കും.

ചൂളം വിളിച്ച് കുതിച്ചുവരുന്ന ഒരു ട്രെയിൻ സജീവമായ ഒരു പച്ചക്കറിച്ചന്തയെ ഒറ്റയടിക്ക് അപ്രത്യക്ഷമാക്കുന്നതും ട്രെയിനിന്റെ തിരോഭാവം അതിനെ പഴയതുപോലെ പുന:സൃഷ്ടിക്കുന്നതും ഡോക്ടർ തരഫ്ദാറിന് എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ചയാണ്. അപ്രതീക്ഷിതമായി കുതിച്ചെത്തുന്ന മരണം എവ്വിധം നിലംപരിശാക്കിയാലും ജീവിതം അതിന്റെ എല്ലാ ആസക്തികളോടെയും ഉയിർത്തെണീക്കും എന്നതിന്റെ ദൃഷ്ടാന്തമായി അയാൾക്ക് അത് അനുഭവപ്പെടും.

ലവൽക്രോസ് തുറന്ന് യാത്ര തുടരുമ്പോൾ, ബീഡി വലിച്ചതിന്റെ പേരിൽ സൈക്കിൾ റിക്ഷക്കാർക്ക് അയാളുടെ വക ശകാരമുണ്ടാകും.

“ചാർ പൈസെ കാ ബീഡി പീനാ ഓർ ചാലീസ് റുപ്പയെ കാ ദവാ ഖാനാ.”

പാൻ ചവച്ചതിന് അയാൾ ആരെയും ശകാരിച്ചിരുന്നില്ല. കാരണം ആ ശീലം അയാൾക്കുമുണ്ടായിരുന്നു.

സൈനിക നിയമങ്ങളിലെവിടെയും ഡോക്ടറുടെ പദവിയിലുള്ള ഒരു ഓഫീസർ ഡ്യൂട്ടിക്ക് സൈക്കിൾറിക്ഷയിൽ വന്നുകൂടെന്നൊന്നുമില്ല. അങ്ങനെയൊരു കീഴ്‌വഴക്കം കേട്ടുകേൾവിയിലെങ്ങുമില്ലാത്തതുമാണ്. ഡോക്ടർ തരഫ്ദാറിനു പക്ഷേ, അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. സൈക്കിൾറിക്ഷയിൽ ഒരു രാജകീയ രഥത്തിലെന്നതുപോലെ അയാളിരിക്കും. മൗണ്ടഡ് റിബ്ബണും മെഡലുകളുമുള്ള സെറിമോണിയൽ യൂണിഫോം ധരിക്കേണ്ടിവരുന്ന വിശേഷ ദിവസങ്ങളിൽ ആ ഇരിപ്പ് അതിന്റെ പൂർണ്ണ പ്രൗഢിയിലുമായിരിക്കും. പദവിക്കു നിരക്കാത്ത അയാളുടെ ആ പ്രവൃത്തി സ്റ്റേഷന്റെ കമാന്റിങ് ഓഫീസർപോലും കണ്ടില്ലെന്നു നടിക്കും. കാരണം കമാന്റിങ് ഓഫീസറുടേതുൾപ്പെടെ സ്റ്റേഷനിലെ സകല സൈനികരുടേയും മെഡിക്കൽ ഫിറ്റ്‌നസ് ഡോക്ടർ തരഫ്ദാറിന്റെ പേനത്തുമ്പിലാണിരിക്കുന്നത്.

പരേഡ് ദിവസമായ തിങ്കളാഴ്ചകളിൽ ഡോക്ടർ തരഫ്ദാർ രോഗികളെ കാണുന്ന രീതിക്കുമുണ്ട് സവിശേഷത. ഓരോരുത്തരെയെന്നതിനുപകരം പത്തുപേരെ ഒന്നിച്ചാവും അയാൾ അന്ന് പരിശോധനാ മുറിയിലേയ്ക്ക് വിളിക്കുക. എല്ലാവരേയും മേശയ്ക്ക് മുന്നിൽ അർദ്ധവൃത്തത്തിൽ നിർത്തും. ഓരോരുത്തരുടേയും രോഗവിവരം ആരായലും മരുന്നും ഡിസ്‌പോസലും കുറിക്കലും കഷ്ടിച്ച് മുപ്പതു സെക്കന്റ് കൊണ്ട് തീരും. അഞ്ചു മിനുട്ടിനകം അടുത്ത പത്തുപേരുടെ ഊഴമാകും. തിങ്കളാഴ്ചകളിൽ താനൊരു ഡോക്ടറല്ല പൊലീസുകാരനാണെന്ന് അയാൾ സ്വയം കരുതും. രോഗികൾ പറയുന്നതിലെ സത്യം ഒരന്വേഷണവും കൂടാതെ നൊടിനേരംകൊണ്ട് കണ്ടുപിടിക്കുന്ന പൊലീസുകാരൻ. എന്നുവെച്ച് തിങ്കളാഴ്ചകളിൽ അയാൾക്ക് വെല്ലുവിളികളൊന്നുമില്ലെന്നല്ല. സ്വപ്ന സ്ഖലനം, മുടി കൊഴിച്ചിൽ തുടങ്ങിയ രോഗങ്ങളുമായി വരുന്ന അപൂർവ്വം സത്യസന്ധന്മാർ അന്നും ഉണ്ടാവും.

സി.സന്തോഷ് കുമാര്‍ എഴുതിയ കഥ ‘ഐസൊലേഷന്‍ വാര്‍ഡ്’
എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

രണ്ട്

രാവിലെ ഷേവിങ്ങ് റേസറുമായി കണ്ണാടിക്കു മുന്നിൽ നില്‍ക്കെ നെറ്റിയുടെ കൃത്യം മധ്യത്തിൽ തീപ്പൊള്ളിയതുപോലെ ഒരു ചെറുകുമിള കണ്ട് പവൻ കുമാർ ഞെട്ടി. അത് എന്തായിരിക്കുമെന്ന ചിന്ത അവനെ അസ്വസ്ഥനാക്കാൻ തുടങ്ങി.

സിക്ക് റിപ്പോർട്ട് ചെയ്താലോ എന്ന് അവൻ ആലോചിച്ചു. തിങ്കളാഴ്ച ദിവസമായ അന്ന് സിക്ക് റിപ്പോർട്ട് ചെയ്താൽ എന്താണുണ്ടാവുക എന്ന് അവന് ഊഹിക്കാമായിരുന്നു. രോഗലക്ഷണം കേൾക്കേണ്ട താമസം ‘മെഡിസിൻ വിത്ത് ഡ്യൂട്ടി’ എന്ന ഡിസ്‌പോസലോടെ ഡോക്ടർ തരഫ്ദാർ തന്നെ പരേഡ് ഗ്രൗണ്ടിലേക്ക് പറഞ്ഞയയ്ക്കും. അതിലും ഭേദം നേരിട്ട് പരേഡിനു പോവുകയാണ്.

പക്ഷേ, ഷേവിങ്ങ് കഴിഞ്ഞ് മുഖം കഴുകി കണ്ണാടിയിൽ നോക്കിയതോടെ അവന്റെ മനസ്സു മാറി. അവൻ സിക്ക് റിപ്പോർട്ട് ചെയ്യാൻ തന്നെ തീരുമാനിച്ചു. നെറ്റിയിലുണ്ടായിരുന്ന കുമിള അപ്രത്യക്ഷമാവുകയും അവിടെ തൊലിയടർന്ന് ഒരു ചുവന്ന വൃത്തം പ്രത്യക്ഷപ്പെടുകയും ചെയ്തതായിരുന്നു കാരണം. മറ്റാരുടേയും നോട്ടത്തിൽ പെട്ടില്ലെങ്കിലും ഇളങ്കോവന്റെ നോട്ടത്തിൽ അത് പെടുമെന്ന് പവൻ കുമാറിന് ഉറപ്പായിരുന്നു. പരേഡിന് പവൻ കുമാർ ഉൾപ്പെടുന്ന സ്‌ക്വാഡിൽ തന്നെയാകും ഇളങ്കോവനും ഉണ്ടാവുക. ഇളങ്കോവന്റേത് കണ്ണെടുത്തു കഴിഞ്ഞാലും ഒച്ചിനെപ്പോലെ ദേഹത്ത് പറ്റിപ്പിടിച്ച് ഇഴയുന്ന നോട്ടമാണ്. ചിലപ്പോൾ നെറ്റിയിലെ ചുവന്ന വൃത്തത്തിലേക്കു നോക്കി ‘പൊട്ട് നന്നായി ചേരുന്നുണ്ട്’ എന്നെങ്ങാൻ അവൻ അടക്കം പറയാനും മതി. അതോടെ തന്റെ ഏകാഗ്രത തകിടംമറിയും. പരേഡിൽ ഒരു സൈനികനു വേണ്ടത് ഏകാഗ്രതയാണ്. ആജ്ഞകൾ കൃത്യമായി ഗ്രഹിക്കാനും അതിനനുസരിച്ച് മറ്റുള്ളവർക്കൊപ്പം പ്രവർത്തിക്കാനും വേണ്ട ഏകാഗ്രത. ഒരാൾ തെറ്റിച്ചാലും ശിക്ഷ സ്‌ക്വാഡിനു മൊത്തമായിട്ടായിരിക്കും. സൈന്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത് വ്യക്തികളെക്കൊണ്ടല്ല, പറ്റങ്ങളെക്കൊണ്ടാണ്.

ഡോക്ടർ തരഫ്ദാർ ആദ്യം വിളിപ്പിച്ച പത്തു പേരിൽ മൂന്നാമനായിരുന്നു പവൻ കുമാർ.

തന്റെ ഊഴമെത്തി “നെറ്റിയിലൊരു കുമിള...” എന്നു പവൻ കുമാർ പറയാൻ തുടങ്ങിയതും ഡോക്ടർ തരഫ്ദാർ അവനോട് അടുത്തു വരാൻ ആംഗ്യം കാട്ടി.

“ഷേവു ചെയ്ത് മുഖം കഴുകുമ്പോൾ അതുടഞ്ഞു”, അവൻ നെഞ്ചിടിപ്പോടെ പൂരിപ്പിച്ചു.

ഡോക്ടർ തരഫ്ദാർ പവൻ കുമാറിന്റെ നെറ്റിയിലെ തൊലിയടർന്ന ചുവന്ന വൃത്തത്തിലേക്ക് ഒന്നു സൂക്ഷിച്ചുനോക്കി.

“ജാക്കെ ബാഹർ ഖടെ ഹോജാവോ” അയാൾ അവനോടു പറഞ്ഞു.

അയാൾ എന്താണുദ്ദേശിച്ചതെന്ന് അവനു മനസ്സിലായില്ല. സൈന്യത്തിൽ മറുചോദ്യങ്ങളില്ലാത്തതിനാൽ അവൻ പറഞ്ഞതനുസരിച്ചു. പുറത്തിറങ്ങി വരാന്തയിൽ നിന്നു.

ഏഴു മണിക്ക് അഞ്ചു മിനിട്ട് ബാക്കിനില്‍ക്കെ ഡോക്ടർ തരഫ്ദാറിന്റെ മുറിയിൽനിന്ന് അവസാനത്തെ രോഗിയും മടങ്ങി.

വരാന്തയിൽ പവൻ കുമാർ തനിച്ചായി.

കൃത്യം ഏഴു മണിക്ക് പരേഡ് ഗ്രൗണ്ടിൽനിന്നു ദിക്കുകളെ പിളർക്കും മട്ടിൽ ‘സാവ്ധാൻ’ എന്ന ആജ്ഞ ഉയർന്നു. പരേഡിന് അണിനിരന്ന സൈനികർ മാത്രമല്ല, സൈനിക കേന്ദ്രമപ്പാടെ അതോടെ നിശ്ചലമായി. ആജ്ഞകൾ തൊണ്ടയിൽനിന്നല്ല, നെഞ്ചിൻകൂടിന്റെ അടിത്തട്ടിൽനിന്നു വേണം പുറപ്പെട്ടുവരാൻ എന്ന പ്രമാണം പവൻ കുമാർ ഓർത്തു. കേൾക്കുന്നവൻ രണ്ടാമതൊന്നാലോചിക്കാതെ അനുസരിച്ചിരിക്കണം.

ബാന്റിന്റെ താളമുയരുകയും മാർച്ചിങ്ങ് ആരംഭിക്കുകയും കൂടി ചെയ്തതോടെ പരേഡിൽനിന്ന്, അഥവാ ഇളങ്കോവന്റെ നോട്ടത്തിൽനിന്നു രക്ഷതേടിയാണ് താൻ സിക്ക് റിപ്പോർട്ട് ചെയ്തത് എന്ന വസ്തുത പവൻ കുമാർ മറക്കുകയും പരേഡിൽ സംബന്ധിക്കാനാവാത്തതിൽ അവനു കുറ്റബോധം തോന്നുകയും ചെയ്തു. ആഗ്രഹിച്ചതിൻ പ്രകാരം രക്ഷപ്പെടുകയും ഒടുവിൽ അതിനെ പ്രതി കുറ്റബോധം തോന്നുകയും ചെയ്യുന്നത് അടിമത്തത്തിന്റെ ഏറ്റവും ലളിതമായ നിർവ്വചനമാണെന്നും അവൻ ഓർത്തു.

ഒടുവിൽ ഡോക്ടർ തരഫ്ദാർ പവൻ കുമാറിനെ മുറിയിലേയ്ക്ക് വിളിപ്പിച്ചു.

“കപ്പടാ ഉതാരോ” അവൻ മുന്നിലെത്തിയതും അയാൾ പറഞ്ഞു.

പവൻ കുമാർ മേൽക്കുപ്പായവും ബനിയനുമഴിച്ച് പരിശോധനയ്ക്കു തയ്യാറായി.

“ബേൻചോദ് , ബാകി കോൻ ഉതാരേഗാ?” അയാൾ അവനോട് ക്ഷോഭിച്ചു.

പവൻ കുമാർ തിടുക്കത്തിൽ പാന്റ്‌സും അടിവസ്ത്രവും കൂടി അഴിച്ചു.

ഒരു ഡോക്ടറുടെ മുന്നിലായിട്ടും തന്റെ നഗ്നതയിൽ അവനു നാണം തോന്നാൻ തുടങ്ങി.

സൈനികരുടെ നാണം മാറുന്ന ആദ്യഘട്ടം സൈന്യത്തിൽ ചേരുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധനയാണ്. എല്ലാവരേയും പൂർണ്ണനഗ്നരാക്കി രണ്ടു വരികളിലായി മുഖാമുഖം നിർത്തിയാണ് അതു നിർവ്വഹിക്കപ്പെടുക. അത്രനേരവും താൻപോരിമയോടെ നിന്നിരുന്നവർ അതോടെ സ്വന്തം നഗ്നതയിൽ ഉരുകി ഇല്ലാതാകാൻ തുടങ്ങും. വൈദ്യപരിശോധന കഴിയുന്നതോടെ ഏതാണ്ടെല്ലാവരും നാണത്തിന്റെ പടംകൊഴിഞ്ഞ് പുതിയ മനുഷ്യരായിട്ടുണ്ടാവും.

അന്ന് ഇല്ലാതായ നാണമാണ് ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നതെന്ന് പവൻ കുമാർ ഓർത്തു. കണ്ണെടുത്തു കഴിഞ്ഞാലും ഒച്ചിനെപ്പോലെ ദേഹത്ത് പറ്റിപ്പിടിച്ച് ഇഴയുന്ന ഇളങ്കോവന്റെ നോട്ടത്തെ അവൻ അതിന്റെ കാരണമായി പ്രതിഷ്ഠിച്ചു.

ഡോക്ടർ തരഫ്ദാർ പവൻ കുമാറിനെ പ്രഭാതത്തിന്റെ വെളിച്ചം നിറഞ്ഞുനിന്ന ജനലരികിലേയ്ക്ക് നയിച്ചു. വെളിച്ചം പ്രസരിച്ചിറങ്ങിയതോടെ ചന്ദനനിറമുള്ള അവന്റെ തൊലിക്കടിയിലെ നേർത്ത രക്തക്കുഴലുകൾ വരെ പ്രകാശിക്കാൻ തുടങ്ങി.

അവന്റെ നെഞ്ചിലും പുറത്തും അടിവയറ്റിലും തുടകളിലും ഒക്കെയായി പന്ത്രണ്ട് കുമിളകൾ കൂടി ഡോക്ടർ തരഫ്ദാർ കണ്ടുപിടിച്ചു.

അവന്റെ ദേഹത്ത് ഒരിടം മാത്രമേ അയാൾ പരിശോധിക്കാതെ വിട്ടിരുന്നുള്ളൂ.

അവിടം കൂടി പരിശോധിക്കാൻ അയാൾ തീരുമാനിച്ചു.

“മൂവ് യുവർ സ്‌കിൻ ബായ്ക്ക്”, അയാൾ അവനോടു പറഞ്ഞു.

അവൻ അഗ്രചർമ്മം പിന്നിലേയ്ക്ക് നീക്കി. അവിടെയും ഒരു കുമിള തിണർത്തു പൊന്തിയിരുന്നു.

“നിന്നെ ഞാൻ ഐസൊലേഷൻ വാർഡിൽ അഡ്‌മിറ്റ് ചെയ്യുന്നു” -അയാൾ അവനോടു പറഞ്ഞു: “നിനക്ക് ചിക്കൻപോക്സാണ്.”

ഐസൊലേഷൻ വാർഡിന്റെ അതിർത്തി നിർണ്ണയിച്ചത് മുകളിൽ മുള്ളുകമ്പിയുടെ ചുറ്റുകളുള്ള ഒരു കന്മതിലും മുന്നിലെ ഇരുമ്പുഗേറ്റുമായിരുന്നു. ഗേറ്റിനു സമീപം ഒരു കൂറ്റൻ ആര്യവേപ്പ് ഏകാന്ത വാസത്തിനു വിധിക്കപ്പെട്ട രോഗികൾക്കുവേണ്ടി പന്തലിച്ചു നിന്നു.

മൂന്ന്

ആശുപത്രിക്കു പിന്നിലെ ഉപേക്ഷിക്കപ്പെട്ട സൈനിക ബാരക്കുകളിലൊന്ന് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കിയതായിരുന്നു ഐസൊലേഷൻ വാർഡ്. ഉപേക്ഷിക്കപ്പെട്ട മറ്റു ബാരക്കുകളുടെ ചുവരുകളിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ ‘ഫോർ ഡിമോളിഷൻ’ എന്നു രേഖപ്പെട്ടു കിടന്നു. ഐസൊലേഷൻ വാർഡിന്റെ അതിർത്തി നിർണ്ണയിച്ചത് മുകളിൽ മുള്ളുകമ്പിയുടെ ചുറ്റുകളുള്ള ഒരു കന്മതിലും മുന്നിലെ ഇരുമ്പുഗേറ്റുമായിരുന്നു. ഗേറ്റിനു സമീപം ഒരു കൂറ്റൻ ആര്യവേപ്പ് ഏകാന്ത വാസത്തിനു വിധിക്കപ്പെട്ട രോഗികൾക്കുവേണ്ടി പന്തലിച്ചു നിന്നു.

ഐസൊലേഷൻ വാർഡിന്റെ ഏകാന്തതയിലേക്കും പൗരാണികമായ ഗന്ധത്തിലേയ്ക്കും കാലെടുത്തു വച്ചതേ പവൻ കുമാറിന് ഓർമ്മയുണ്ടായുള്ളൂ. തിളയ്ക്കുന്ന ഒരു പനിക്കിടക്ക അവിടെ അവനെ കാത്തുകിടന്നിരുന്നു. ചുട്ടുപൊള്ളുന്ന ദേഹത്തോടെ അവൻ അതിലേയ്ക്ക് വീണു. ജ്വരമൂർച്ഛയിലുദിക്കുന്ന, സ്വപ്നമോ യാഥാർത്ഥ്യമോ എന്നു തിരിച്ചറിയാൻ പറ്റാത്ത കാഴ്ചകളിലേയ്ക്ക് അവൻ ക്ഷണത്തിൽ കൂപ്പുകുത്തി.

ശിശുവായ അവനെ അമ്മ തൊട്ടിലാട്ടുന്നതാണ് ഒരു കാഴ്ചയെങ്കിൽ മുതിർന്നുകഴിഞ്ഞ അവൻ ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു കരയുന്നതാണ് മറ്റൊരു കാഴ്ച. ഇനിയുമൊരു കാഴ്ച തന്റെ കരിങ്കവിളിൽ ഒന്നു ചുംബിക്കുമോ എന്നു യാചിച്ചുകൊണ്ട് ഇളങ്കോവൻ അവന്റെ പുറകെ നടക്കുന്നതാണ്. അസിസ്റ്റന്റ് അഡ്ജുട്ടന്റ് കാളിയപ്പൻ നൈറ്റ് റോൾ കോളിൽ പരിശോധനയ്ക്കെത്തുന്നതാണ് തുടർന്നു വരുന്ന കാഴ്ച.

അത്രയുമായപ്പോഴേയ്ക്ക് ജ്വരഭ്രമത്തിലെ കാഴ്ചകൾക്കു കഥകളുടെ ചിട്ടവട്ടങ്ങൾക്കൊപ്പിച്ചെന്നതു പോലെ ഒരു നൈരന്തര്യം കൈവരാൻ തുടങ്ങി.

നൈറ്റ് റോൾ കോളിലെ അവിവാഹിത സൈനികരുടെ സ്‌ക്വാഡിൽനിന്ന് കാളിയപ്പൻ അവനോടും ഇളങ്കോവനോടും ഫാൾഔട്ട് ആകാൻ ആജ്ഞാപിച്ചിരിക്കുകയാണ്. ഇരുവരും മാർച്ച് ചെയ്ത് കാളിയപ്പനു മുന്നിലെത്തി അറ്റൻഷനിൽ നിന്നു.

“ഇന്നലെ രാത്രി, കൃത്യമായി പറഞ്ഞാൽ പത്തുമണിക്കുള്ള ലൈറ്റ് ഓഫിന് അരമണിക്കൂർ ശേഷം എന്താണ് സംഭവിച്ചത്?” കാളിയപ്പൻ ഇരുവരോടുമായി ചോദിച്ചു.

രണ്ടുപേരും മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, അവർ തലയുയർത്തിയതു കൂടിയില്ല.

“ബേൻചോദ്, ബോൽത്തീ ബന്ദ് ഹോഗയാ ക്യാ?”

നിന്റെയൊക്കെ നാവടഞ്ഞുപോയോ എന്ന് കാളിയപ്പൻ അലറിയതും ഇരുവരുടേയും കവിളുകളിൽ അടി പൊട്ടിയതും ഒരുമിച്ചായിരുന്നു.

“സൈന്യത്തിൽ ചുവരിനും ചെവികളുണ്ട്, ഓർത്തോ”, കാളിയപ്പൻ പറഞ്ഞു: “ഇരുട്ടിന് കണ്ണുകളും.”

“ടെയ്ക്ക് ദെം ഓൺ ടാസ്‌ക്”, എന്ന് ഗ്രൗണ്ട് ട്രെയിനിങ്ങ് ഇൻസ്ട്രക്ടർ രത്നം സിങ്ങിനു നിർദ്ദേശം നൽകിയതിനുശേഷം അയാൾ തന്റെ മോട്ടോർ സൈക്കിൾ സ്റ്റാർട്ട് ചെയ്ത് ഇരുട്ടിൽ മറഞ്ഞു.

പവൻ കുമാറും ഇളങ്കോവനും മാത്രമല്ല, അവിവാഹിത സൈനികരുടെ സ്‌ക്വാഡ് ഒന്നടങ്കം ഒരു കിലോമീറ്റർ നീളവും അരക്കിലോമീറ്റർ വീതിയുമുള്ള, കോൺക്രീറ്റ് ചെയ്ത പരേഡ് ഗ്രൗണ്ടിന്റെ ചുറ്റളവ് മുപ്പതു തവണ കൈമുട്ടുകളിലിഴഞ്ഞ് അളക്കുക എന്നതായിരുന്നു ശിക്ഷ.

പരേഡ് ഗ്രൗണ്ടിൽ തളംകെട്ടിയ ചോരകണ്ട് പിറ്റേന്നത്തെ ഉദയം വിളറിനിൽക്കുന്നതോടെ ആ കാഴ്ച അവസാനിച്ചു.

നൈരന്തര്യമുള്ള മറ്റൊരു കാഴ്ച മെസ്സിൽ രാവിലേയും വൈകിട്ടും നൽകുന്ന ചായയിൽ കടുക്ക ചതച്ചിടുന്നതിനെതിരെയുള്ള പ്രതിഷേധ സമരമായിരുന്നു. ചായയിൽ കടുക്ക ചതച്ചിടുന്നത് ഉദ്ധാരണം മന്ദീഭവിപ്പിക്കാൻ വേണ്ടിയാണ് എന്ന പരാതി അവിവാഹിത സൈനികർക്കിടയിൽ പണ്ടേയുള്ളതായിരുന്നു. പ്രതിഷേധിക്കാൻ പക്ഷേ, ആരും തയ്യാറായിരുന്നില്ലെന്നു മാത്രം. സമരക്കാരുടെ മുൻനിരയിൽ പവൻ കുമാറുമുണ്ടായിരുന്നു.

സമരത്തെ നേരിടാൻ സൈനിക പൊലീസ് മുന്നേ സജ്ജമായിരുന്നു.

“ആഗെ മത് ബഠ്‌നാ”, ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിലെത്തിയ സമരക്കാർക്ക് സൈനിക പൊലീസിന്റെ സാർജന്റ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നൽകി: “ യു വിൽ ബി ഷോട്ട്.”

സമരക്കാർ അത് വകവച്ചതേയില്ല. അവർ മുന്നോട്ടു തന്നെ നീങ്ങി.

ആദ്യത്തെ വെടി തന്റെ നെഞ്ചിൽത്തന്നെ കൊണ്ടത് പവൻ കുമാർ അറിഞ്ഞു.

മരിക്കും മുന്‍പ് അവസാനമായി ലോകത്തെ ഒന്നു കാണുന്നതിനുവേണ്ടി അവൻ കണ്ണു തുറന്നു. നഴ്‌സിങ്ങ് അസിസ്റ്റന്റ് ഓംകാർ നാഥ് ആ നിമിഷവും കാത്ത് അവനു മുന്നിൽ നിന്നിരുന്നു.

“ഉഠ് ജാവോ”, അയാൾ അവനോടു പറഞ്ഞു. തുടർന്ന് അയാൾ അവനെ കട്ടിലിൽ ചാരിയിരുത്തി.

താൻ ഐസൊലേഷൻ വാർഡിലാണെന്ന തിരിച്ചറിവ് പവൻ കുമാറിനുണ്ടായി. അവിടെയെത്തിയിട്ട് എത്ര ദിവസങ്ങളായെന്ന് പക്ഷേ, അവന് ഒരൂഹവുമുണ്ടായില്ല.

ദേഹം മുഴുവൻ കുമിളകൾ നിറഞ്ഞിരുന്നു. അവയ്ക്കു മുകളിലെല്ലാം ചന്ദനംപോലെ ലാക്‌റ്റോ കലാമിൻ ലോഷൻ തൊടുവിച്ചിരിക്കുന്നു. ബെഡ് സൈഡ് ടേബിളിൽ മെസ്സിൽ നിന്നെത്തിയ ഉച്ചഭക്ഷണം. തലയിണയ്ക്കരികെ ആര്യവേപ്പിൻ തണ്ടുകളുടെ വാടിത്തുടങ്ങിയ ഒരു കെട്ട്.

“ഖാനെ കെ ബാദ്, യെ ദവാ ലേനാ”, മെഡിസിൻ ട്രേയിൽനിന്നു രണ്ട് ടെട്രാസൈക്ലിൻ ഗുളികകൾ എടുത്തു നൽകിയിട്ട് ഓംകാർ നാഥ് മടങ്ങി.

അതോടെ ഐസൊലേഷൻ വാർഡിന്റെ ഏകാന്തത ഒരു കൊതുകുവലപോലെ അവനു ചുറ്റും അഴിഞ്ഞുവീണു. അവിടത്തെ ഒരേയൊരു അന്തേവാസി താൻ മാത്രമാണെന്നും അവൻ തിരിച്ചറിഞ്ഞു.

സി.സന്തോഷ് കുമാര്‍ എഴുതിയ കഥ ‘ഐസൊലേഷന്‍ വാര്‍ഡ്’
ജിസ ജോസ് എഴുതിയ കഥ 'പാതാളത്തിന്റെ കവാടങ്ങള്‍'
പിറ്റേന്ന് ഐസൊലേഷൻ വാർഡിൽ ഒരു രോഗി കൂടിയെത്തി. നൃപൻ ചക്രവർത്തി എന്നായിരുന്നു അവന്റെ പേര്. ദൂരെയുള്ള ഒരു സൈനിക യൂണിറ്റിൽ ജോലി ചെയ്യുന്ന അവൻ വീട്ടിൽ അവധിക്കെത്തിയതായിരുന്നു.

നാല്

കുമിളകളുണങ്ങി പൊറ്റങ്ങളടരാൻ തുടങ്ങിയ ദിവസം വൈകിട്ട് പവൻ കുമാറിനെ കാണാൻ ഇളങ്കോവനെത്തി. ഗേറ്റിനരികിലെ ആര്യവേപ്പിൻ ചുവട്ടിൽ അവൻ അകലം പാലിച്ചുനിന്നു. പവൻ കുമാർ ഐസൊലേഷൻ വാർഡിന്റെ വരാന്തയിലും.

കയ്യിൽ കരുതിയിരുന്ന ഓറഞ്ചിന്റെ സഞ്ചി ഇളങ്കോവൻ ഗേറ്റിന്റെ കൊളുത്തിൽ തൂക്കിയിട്ടു.

“ഓർ കുഛ് ചാഹിയേ?” അവൻ ചോദിച്ചു.

“ഒരു സിഗരറ്റു കിട്ടിയാൽ കൊള്ളാം”, പവൻ കുമാർ പറഞ്ഞു: “ഒറ്റയ്ക്ക് ഭ്രാന്തുപിടിക്കുന്നു.”

“പുകവലിയുപേക്ഷിക്ക്”, ഇളങ്കോവൻ പറഞ്ഞു: “നിന്റെ ചുവന്ന ചുണ്ടുകൾ കറുത്തുപോകും.”

അവർ പിന്നെയും ഓരോന്നു സംസാരിച്ചു.

പൊങ്കലിനു ലീവു പോകാൻ ഉദ്ദേശിക്കുന്ന കാര്യം ഇളങ്കോവൻ പറഞ്ഞു. ലീവു കഴിഞ്ഞു തിരിച്ചുപോരുന്ന കാര്യമോർക്കുമ്പോൾ പോകാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുമെന്നും പറഞ്ഞു.

നാട്ടിൽ ലീവു പോയി മടങ്ങിവന്നാൽ ഒരാഴ്ച ഇളങ്കോവന് കണ്ണീര് തോരില്ല. ഒരു തവണ ലീവു കഴിഞ്ഞ് ട്രെയിനിറങ്ങിയ പാടെ തൊട്ടടുത്ത പാളത്തിൽ കിടന്ന മടക്ക ട്രെയിനിൽ കയറി നാട്ടിലേക്കു തിരിച്ചുപോയ ചരിത്രമുണ്ട് ഇളങ്കോവന്. ഡെസേർട്ടറായി പ്രഖ്യാപിക്കപ്പെട്ട അവൻ കോർട്ട് മാർഷലിൽനിന്ന് അന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ഛാഠ് പൂജയുടെ സമയത്ത് പന്ത്രണ്ട് ദിവസത്തെ ലീവ് പോകാൻ ഉദ്ദേശിക്കുന്ന കാര്യം പവൻ കുമാറും പറഞ്ഞു.

ക്രൂരമായ, അടിമത്തം നിറഞ്ഞ സാഹചര്യങ്ങളിലെ ഏകാന്തമായ ജീവിതം സ്വവർഗ്ഗത്തിലൊരാളെ പ്രണയിച്ചിട്ടായാലും മനുഷ്യർ നേരിടുമെന്ന ഒരു തത്ത്വം ഇളങ്കോവൻ പറഞ്ഞു.

അതോടെ അവർക്കിടയിൽ നീണ്ട ഒരു മൗനം രൂപപ്പെടുകയും അതിലേയ്ക്ക് സന്ധ്യ ഇറങ്ങി വരികയും ചെയ്തു.

ഇരുട്ട് കനക്കാൻ തുടങ്ങിയതും ഇളങ്കോവൻ മടങ്ങി.

പിറ്റേന്ന് ഐസൊലേഷൻ വാർഡിൽ ഒരു രോഗി കൂടിയെത്തി. നൃപൻ ചക്രവർത്തി എന്നായിരുന്നു അവന്റെ പേര്. ദൂരെയുള്ള ഒരു സൈനിക യൂണിറ്റിൽ ജോലി ചെയ്യുന്ന അവൻ വീട്ടിൽ അവധിക്കെത്തിയതായിരുന്നു. അതിനിടെ ചിക്കൻ പോക്സ് പിടിപെട്ടു. സൈനികാശുപത്രി അടുത്തായതിനാൽ നേരെ അവിടേയ്ക്ക് പോന്നു. ഐസൊലേഷൻ വാർഡിന്റെ ഗേറ്റുവരെ അച്ഛനുമമ്മയും അവനെ അനുഗമിച്ചിരുന്നു.

രോഗത്തിന്റെ ആദ്യദിനങ്ങളിലൂടെ അവൻ കടന്നുപോകുന്നത് പവൻ കുമാർ അനുതാപത്തോടെ കണ്ടു. പനി മൂർച്ഛിച്ച് പിച്ചും പേയും പറയുന്ന, മേലാസകലം കുമിളകൾ നിറഞ്ഞ് ചൊറിച്ചിൽകൊണ്ടു പുളയുന്ന അവന് പവൻ കുമാർ കൂട്ടിരുന്നു. ആര്യവേപ്പിൻ തണ്ടുകൾകൊണ്ട് മേലാസകലം വീശിക്കൊടുത്തു.

നൃപൻ ചക്രവർത്തി അഡ്മിറ്റായതിന്റെ രണ്ടാം ദിവസം ഉച്ചയ്ക്ക് ഐസൊലേഷൻ വാർഡിന്റെ ജനലിലൂടെ പവൻ കുമാർ ഒരു കാഴ്ച കണ്ടു. ഗേറ്റിനു സമീപം ആര്യവേപ്പിന്റെ തണലിൽ തീനാളംപോലെ ഒരു പെൺകുട്ടി.

കാണുന്നത് സത്യമോ എന്നറിയാൻ പവൻ കുമാർ വരാന്തയിലിറങ്ങി. തുടർന്ന്, രോഗം ഭേദമായെങ്കിലും താൻ ഐസൊലേഷൻ വാർഡിലെ ഒരു അന്തേവാസിയാണെന്ന കാര്യം മറന്ന് അവൻ ആര്യവേപ്പിൻ ചുവട്ടിലേക്ക് നടന്നു.

അതൊരു പെൺകുട്ടി തന്നെയായിരുന്നു.

ഉടുപുടവകൾക്കുള്ളിൽ കൗമാരത്തിന്റെ നിറസമൃദ്ധി.

എവിടെത്തിരിഞ്ഞാലും പറ്റെ വെട്ടിയ മുടിയും കല്ലിച്ച മുഖങ്ങളുള്ള ആണുങ്ങളെ മാത്രം കാണാൻ കിട്ടുന്ന സൈനിക കേന്ദ്രത്തിൽ അത് ഒരദ്ഭുതക്കാഴ്ചയായിരുന്നു.

താൻ ഒരു പെൺകുട്ടിയെ ഇത്രയടുത്ത് കണ്ടിട്ട് എത്ര നാളായിട്ടുണ്ടാകുമെന്ന് പവൻ കുമാർ ഓർത്തുനോക്കി. എന്തായാലും ആ ഇടവേള ഇതാ ഒറ്റയടിക്ക് ഇല്ലാതായിരിക്കുന്നു.

“മേം നൃപൻ കാ ബഹൻ ഹും”, പെൺകുട്ടി പറഞ്ഞു: “വോ കൈസാ ഹെ?”

“ഓ, നൃപന്റെ സഹോദരിയോ”, പവൻ കുമാർ പറഞ്ഞു: “പേടിക്കാനൊന്നുമില്ല. അവൻ സുഖം പ്രാപിക്കുന്നു.”

“ക്യാ നാം ഹെ ആപ്കാ?” പവൻ കുമാർ അവളോട് പേരു ചോദിച്ചു.

“അർബിതോ”, അവൾ പറഞ്ഞു: “അർബിതോ ചക്രവർത്തി.”

“യേ ലീജിയേ”, അവൾ തന്റെ കയ്യിലിരുന്ന ഭക്ഷണത്തിന്റേയും പഴങ്ങളുടേയും കൂടുകൾ പവൻ കുമാറിനു കൈമാറി. “ആപ് ദോനോം കേലിയേ ഹെ.”

അവളുടെ നീണ്ട വിരലുകളിൽ മൈലാഞ്ചിയുടെ ചുവപ്പുണ്ടായിരുന്നു. കൂടുകൾ കൈമാറിയപ്പോഴുണ്ടായ സ്പർശത്തിൽ ഉള്ളിലെവിടെയോ ഒരുറവ കിനിഞ്ഞത് അവനറിഞ്ഞു.

“നാളെ വരാം?” അവൾ പോകാൻ തുടങ്ങി.

“എന്നും വരണം”, അവൻ പറഞ്ഞു.

അവൾ ചിരിച്ചു. അല്ല, തീനാളം സുവർണ്ണ ശോഭയോടെ ആളി.

അതിന്റെ പ്രഭാപ്രസരം അവനെ അന്ധനാക്കി.

അന്ധത നീങ്ങിയതും പവൻ കുമാറിന്റെ മുന്നിൽ ഡോക്ടർ തരഫ്ദാർ പ്രത്യക്ഷപ്പെട്ടു. ഗേറ്റിനു പുറത്ത് അയാൾ വന്ന സൈക്കിൾറിക്ഷ കിടന്നിരുന്നു. റിക്ഷക്കാരൻ താഴെ കുന്തിച്ചിരുന്ന് പാൻ ചവയ്ക്കുന്നു.

ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ഏറ്റവുമൊടുവിലാണ് അയാൾ ഐസൊലേഷൻ വാർഡിൽ റൗണ്ട്‌സിനു കയറുക.

“ബ്ലഡി, ഹൗ കം യു ആർ ഹിയർ”, ഡോക്ടർ തരഫ്ദാറിന്റെ മുഖം കോപംകൊണ്ട് ജ്വലിച്ചു, “ഗെറ്റ് ഇൻസൈഡ്.”

“സോറി സർ”, പവൻ കുമാർ അർബിതോ ചക്രവർത്തി നല്‍കിയ ഭക്ഷണത്തിന്റേയും പഴങ്ങളുടേയും കൂടുകളുമായി വാർഡിനുള്ളിലേയ്ക്ക് ഓടി.

വാർഡിലെത്തിയ ഡോക്ടർ തരഫ്ദാർ നഴ്‌സിങ്ങ് അസിസ്റ്റന്റ് ഓംകാർ നാഥിനേയും പവൻ കുമാറിനേയും തന്റെ ക്യാബിനിലേയ്ക്ക് വിളിപ്പിച്ചു.

“ആരാണ് ആ പെൺകുട്ടി?”, അയാൾ പവൻ കുമാറിനോട് ചോദിച്ചു.

“നൃപന്റെ സഹോദരി”, പവൻ കുമാർ പറഞ്ഞു: “വീട്ടിൽനിന്ന് അവനു ഭക്ഷണവും മറ്റുമായി വന്നതാണ്.”

“ഈസ് ഇറ്റ് ആൻ ഐസൊലേഷൻ വാർഡ് ഓർ എ ഗസ്റ്റ് ഹൗസ്?” ഡോക്ടർ തരഫ്ദാറിന്റെ ആ ചോദ്യം ഓംകാർ നാഥിനോടായിരുന്നു.

“ഐസൊലേഷൻ വാർഡ്, സർ”, ഓംകാർ നാഥ് താഴ്മയോടെ പറഞ്ഞു.

“ദെൻ ഹൗ ഡു യു എന്റർടൈൻ വിസിറ്റേഴ്‌സ് ഹിയർ, ബേൻചോദ്?”

“സോറി സർ”, ഓംകാർ നാഥ് പറഞ്ഞു.

“ഇവന്റെ ഡിസ്ചാർജ് സമ്മറി തയ്യാറാക്ക്”, പവൻകുമാറിനെ ചൂണ്ടി ഡോക്ടർ തരഫ്ദാർ ഓംകാർ നാഥിനോടു പറഞ്ഞു: “ആന്റ് ഫോർവേഡ് ഇറ്റ് റ്റു മി ടുമോറോ ഇറ്റ്‌സെൽഫ്.”

പിറ്റേന്ന് എല്ലാ വാർഡുകളിൽനിന്നുമായി ഡിസ്ചാർജ് ചെയ്യാനുള്ള പതിമ്മൂന്ന് രോഗികളുടെ ലിസ്റ്റിൽ അവസാനത്തേതായി പവൻ കുമാറിന്റെ പേരും ചേർക്കപ്പെട്ടു.

ഡിസ്ചാർജ് ലിസ്റ്റിലുള്ള രോഗികൾ പിറ്റേന്നു രാവിലെ കൃത്യം എട്ടുമണിക്ക് വെളുപ്പിൽ നീല വരകളുള്ള ആശുപത്രി യൂണിഫോമിൽ ഡോക്ടർ തരഫ്ദാറിനു മുന്നിൽ ഹാജരാകണം. ഡോക്ടർ പരിശോധിച്ച് ഫിറ്റ്‌നസ് നൽകുന്നവർക്ക് ആശുപത്രി വിടാം. അല്ലാത്തവരുടെ ആശുപത്രി വാസം തുടരും. താൻ എന്തായാലും ഡിസ്ചാർജ് ചെയ്യപ്പെടും എന്ന് പവൻ കുമാറിന് ഉറപ്പായിരുന്നു.

അന്നു രാത്രി ചിക്കൻപോക്സ് ബാധിച്ച് ഐസൊലേഷൻ വാർഡിലെത്തിയ ആദ്യദിവസത്തിലേതുപോലെ പവൻ കുമാറിനു ചുട്ടുപൊള്ളി പനിക്കാൻ തുടങ്ങി.

ജ്വരബാധിതമായ ഒരു സ്വപ്നത്തിലേക്ക് അവൻ ക്രമേണ കൂപ്പുകുത്തി.

അർബിതോ ചക്രവർത്തിയെ കാണാൻ അവളുടെ വീട്ടിലെത്തിയിരിക്കുകയാണവൻ. അവളുടെ അമ്മയാണ് വാതിൽ തുറന്നത്. അച്ഛൻ സ്വീകരണമുറിയിലെ ചൂരൽക്കസേരയിൽ ഉച്ചമയക്കത്തിലാണ്.

“അവൾ രജസ്വലയാണ്. മുകളിലത്തെ മുറിയിലുണ്ട്”, അമ്മ അവനോടു പറയുന്നു.

അവൻ മരത്തിന്റെ ഗോവണി കയറി മുകളിലെത്തി മുറിയുടെ വാതിലിൽ മുട്ടി. എണ്ണപുരളാത്ത അഴിഞ്ഞുലഞ്ഞ മുടിയും ഉറക്കച്ചടവുള്ള കണ്ണുകളുമായി അവൾ വാതിൽ തുറന്നു. അവനെ കണ്ടിട്ടും അവൾക്കു ഭാവഭേദമൊന്നുമില്ല. മുറിയിലെ ഒരേയൊരു കസേരയിൽ അവൾ അവനെ ഇരിക്കാൻ ക്ഷണിക്കുന്നു. ശേഷം മുറിയുടെ ജനൽ തുറന്ന് അവൾ പുറത്തേയ്ക്കു നോക്കിനിൽക്കുന്നു. ജനലിലൂടെ കാണുന്നത് ഒരു താമരപ്പൊയ്കയാണ്. വെളുത്ത അരയന്നങ്ങൾ അവിടെ നീന്തുന്നുണ്ട്.

ആ കാഴ്ചയിൽനിന്നു കണ്ണെടുത്ത് അവൾ അവനെ ഊണുകഴിക്കാൻ ക്ഷണിക്കുന്നു. ഇരുവരും ഗോവണിയിറങ്ങി താഴെയെത്തി തീൻമേശയ്ക്ക് ഇരുപുറവുമായി ഇരിക്കുന്നു. അവളുടെ അമ്മ അവർക്ക് ചോറും റൊട്ടിയും മീൻകറിയും വിളമ്പുന്നു. കറിയിൽ മീനിന്റെ തല മിഴിച്ച കണ്ണുകൾ സഹിതമുണ്ട്.

“തിളച്ചു വെന്താലും പോകില്ല മരണം. കണ്ണുകളിൽ അത് അങ്ങനെ തന്നെ കിടക്കും” -അവൾ പറഞ്ഞു.

ഊണുകഴിഞ്ഞ് അവൾ മുത്തശ്ശിയെ കാണാൻ പോകാമെന്നു പറയുന്നു. അവരിറങ്ങുമ്പോഴും അവളുടെയച്ഛൻ ചൂരൽക്കസേരയിൽ മയക്കത്തിൽ തന്നെയാണ്.

“അല്പം ദൂരമുണ്ട്. എന്റെ സൈക്കിളിൽ പോകാം. പക്ഷേ, നീ ചവിട്ടണം. ഞാൻ പിന്നിലിരിക്കാം. എനിക്ക് വയ്യെന്നറിയാമല്ലോ” -അവൾ പറഞ്ഞു.

അവളെ പിന്നിലിരുത്തി തീവെയിൽ വീഴുന്ന ഒരു മൺവഴിയിലൂടെ അവൻ സൈക്കിൾ ചവിട്ടുകയാണ്. ഒരു വശത്ത് നെൽപ്പാടത്തിന്റെ ഹരിത വിസ്തൃതി. മറുവശത്ത് ഒറ്റപ്പെട്ട കുടിലുകൾ.

കുറച്ചുദൂരം സഞ്ചരിച്ചു കഴിഞ്ഞ് ഒറ്റപ്പെട്ട ഒരു കുടിലിനു മുന്നിലെത്തിയപ്പോൾ അവൾ സൈക്കിൾ നിർത്താൻ പറയുന്നു. പനയോല മേഞ്ഞ, മൺചുവരുകളുള്ള ഒരു ഒറ്റമുറിക്കുടിലായിരുന്നു അത്. അതിന്റെ മുറ്റത്തെ നാരകത്തിൻ ചുവട്ടിലിട്ട കയറ്റുകട്ടിലിൽ ഒരു വൃദ്ധ വലതുകയ്യിൽ ഒരൂന്നുവടിയുമായി ഇരിക്കുന്നു.

“ഇതാണെന്റെ മുത്തശ്ശി”, അവൾ പറഞ്ഞു: “മുത്തശ്ശി ഇവിടം വിട്ട് എങ്ങും പോവില്ല.”

മുത്തശ്ശി അവനെ കൈകാട്ടി വിളിച്ചു. മുന്നിലെ തടിക്കസേരയിൽ ഇരിക്കാൻ പറഞ്ഞു.

“ക്ഷത്രിയ തേജസ്സാണ് മുഖത്ത്. ആണിന്റെ വീര്യമുണ്ട് ചലനങ്ങളിൽ. സുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം. അവൾ പ്രസവിച്ചു മടുക്കണം.” പ്രായത്തിന്റെ ഇടർച്ചയില്ലാത്ത തെളിഞ്ഞ ശബ്ദത്തിൽ അവർ അവനോടു പറഞ്ഞു.

അപ്പോൾ ആദ്യമായി അവളുടെ മുഖത്ത് ലജ്ജ കലർന്ന ഒരു പുഞ്ചിരി തെളിഞ്ഞു.

അവൻ വസ്ത്രങ്ങളഴിച്ച് പിറന്ന പടി അയാൾക്കു മുന്നിൽ നിന്നു. ഇപ്പോൾ അവനു നാണം തോന്നിയതേയില്ല.

അഞ്ച്

പിറ്റേന്ന് ഉണർന്നപ്പോഴേയ്ക്ക് പവൻ കുമാറിന്റെ പനി വിട്ടിരുന്നു.

കൃത്യസമയത്തു തന്നെ പവൻ കുമാർ ഡോക്ടർ തരഫ്ദാറിനു മുന്നിൽ ഹാജരായി.

“ഠീക് ഹെ ന അഭി?” ഡോക്ടർ തരഫ്ദാർ അവനോടു ചോദിച്ചു.

സുഖമായില്ലേ എന്നത് ഡിസ്ചാർജ്ജ് ചെയ്യും മുന്‍പുള്ള ഔപചാരികമായ ഒരു ചോദ്യം മാത്രമാണ്.

“ഒരപേക്ഷയുണ്ട് സർ”, പെട്ടെന്നുണ്ടായ ഒരു ധൈര്യത്തിൽ പവൻ കുമാർ ഡോക്ടർ തരഫ്ദാറിനോട് പറഞ്ഞു: “നൃപൻ ചക്രവർത്തി ഡിസ്ചാർജ് ആകും വരെ എന്നെ ഐസൊലേഷൻ വാർഡിൽ തുടരാൻ അനുവദിക്കണം.”

“വാട്ട്?” ഡോക്ടർ തരഫ്ദാർ അവനെ തുറിച്ചുനോക്കി.

ഡിസ്ചാർജ് സമ്മറിയിലെ റിപ്പോർട്ടുകളെല്ലാം അവന്റെ രോഗം ഭേദമായി എന്നു സാധൂകരിക്കുന്നതായിരുന്നു. അതിനുകീഴെ “ഫിറ്റ് ടു ബി ഡിസ്ചാർജ്ഡ്” എന്നെഴുതി ഒപ്പിടുക മാത്രമേ അയാൾക്കു വേണ്ടൂ. അതോടെ അയാളുടെ ജോലി തീരും.

അയാൾ പക്ഷേ, എന്തോ ഒരാലോചനയിലാണ്ടു.

“റിമൂവ് യുവർ ക്ലോത്ത്‌സ്”, അയാൾ അവനോടു പറഞ്ഞു,

അവൻ വസ്ത്രങ്ങളഴിച്ച് പിറന്ന പടി അയാൾക്കു മുന്നിൽ നിന്നു. ഇപ്പോൾ അവനു നാണം തോന്നിയതേയില്ല.

അയാൾ അവന്റെ ദേഹം മുഴുവൻ പരിശോധിച്ചു. ചിക്കൻ പോക്സിന്റെ കുമിളകളുണങ്ങി പൊറ്റങ്ങളടരുക മാത്രമല്ല, അതിന്റെ പാടുകൾ തന്നെയും മായാൻ തുടങ്ങിയിരുന്നു.

ഒരിടം കൂടി പരിശോധിക്കാൻ അയാൾ തീരുമാനിച്ചു.

“മൂവ് യുവർ സ്‌കിൻ ബായ്ക്ക്” -അയാൾ പറഞ്ഞു.

അവൻ അഗ്രചർമ്മം പിന്നിലേയ്ക്കു നീക്കി.

അവിടെ മാത്രം ഒരു കുമിള ഉണങ്ങാൻ വിസമ്മതിച്ച് തിണർത്തു നിന്നു.

ഡോക്ടർ തരഫ്ദാർ ഒന്നു നെടുവീർപ്പിട്ടു.

“യു ആർ അൺഫിറ്റ് ടു ബി ഡിസ്ചാർജ്ഡ്”, അയാൾ അവനോടു പറഞ്ഞു: “നിനക്ക് ഐസൊലേഷൻ വാർഡിലേക്ക് മടങ്ങാം.”

സി.സന്തോഷ് കുമാര്‍ എഴുതിയ കഥ ‘ഐസൊലേഷന്‍ വാര്‍ഡ്’
സലിന്‍ മാങ്കുഴി എഴുതിയ കഥ ‘ഉറ’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com