'കവാത്തിന്റെ ദിവസങ്ങള്‍'- ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ
കാപ്പിച്ചെടികള്‍ ഭ്രാന്തുപിടിച്ചിട്ടെന്നതുപോലെ പൂത്തുനിറയുന്ന ഒരു ഡിസംബര്‍ പുലര്‍ച്ചയ്ക്ക് പൈങ്കന്‍ പുര വിട്ടിറങ്ങി. പണിയെടുക്കുന്ന തോട്ടത്തിലേക്കെത്താന്‍ കാലുകള്‍ക്ക് വേഗം കൂട്ടുന്നതിനുവേണ്ടി അവന്‍ ഒരു ബീഡിക്ക് തീ കൊളുത്തി. അതവന്റെ ഒരു വിശ്വാസമാണ്. ബീഡിപ്പുക പുറത്തുവരാന്‍ തുടങ്ങിയാല്‍ ഒരു തീവണ്ടിയെപ്പോലെ തനിക്കും വേഗം കൂടും.
രണ്ടു മലകള്‍ക്കിടയിലൂടെയുള്ള ചെമ്മണ്‍ നിരത്തിലേക്ക് ഏതു മലയില്‍നിന്നു വേണമെങ്കിലും കാട്ടുമൃഗങ്ങള്‍ ഇറങ്ങിവരാം. ഒരു മലയില്‍നിന്ന് ആനയോ കാട്ടുപോത്തോ പുലിയോ ഇറങ്ങിവന്നാല്‍ മറ്റേതില്‍നിന്ന് മാനോ മയിലോ മ്ലാവോ വരും. കാന്തി കൂടെയുണ്ടെങ്കില്‍ മുന്‍പൊക്കെ അവള്‍ പറയാറുള്ളത് ഒരു മല ആണും മറ്റൊന്ന് പെണ്ണുമാണെന്നാണ്. അവളങ്ങനെ പറഞ്ഞ കാലത്ത് ആണും പെണ്ണും തമ്മില്‍ ഇത്രയേറെ തരംതിരിവ് കാട്ടുന്നവനാണ് പൈങ്കന്‍ എന്നവള്‍ അറിഞ്ഞുതുടങ്ങിയിരുന്നില്ല.
അവന്‍ തോട്ടത്തിലെത്തുമ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു. കുറച്ചുകഴിഞ്ഞ് കാന്തിയും അങ്ങോട്ടെത്തി. അവരുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായി.
അവള്‍ ഇതുവരെ അമ്മയാവാത്തത് നിശ്ചയമായും അവളുടെ കുഴപ്പമാണെന്ന് അവന്‍ വിശ്വസിച്ചു. അവളാകട്ടെ, മലകളുടെ ഇടുങ്ങിയ ചെരിവുകളില്‍ ആരെങ്കിലും രഹസ്യമായി നട്ട കഞ്ചാവുചെടികള്‍ അതിലും രഹസ്യമായി അവന്‍ കട്ടെടുക്കുന്നുണ്ടെന്നും അതാണവന്‍ ചുരുട്ടി പുകച്ചുകൊണ്ടിരിക്കുന്നതെന്നും വിചാരിച്ചു. അങ്ങനെ കഞ്ചാവു വലിക്കുന്നവന് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് മെമ്പറാണ് അവളോടു പറഞ്ഞത്. അത് പറഞ്ഞിട്ടയാളുടെ മുഖത്തു പടര്‍ന്ന ചിരിക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് അവള്‍ ഭയന്നു. എങ്കിലും മെമ്പറുടെ തോട്ടത്തിലെ പണി അവള്‍ക്കു വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ല. കാരണം മറ്റാരും അവളേയോ പൈങ്കനേയോ പണിക്കു വിളിക്കുന്നില്ല.
പണിയുണ്ടായിട്ടും ജീവിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അതില്ലാതാവുന്നതിനെപ്പറ്റി ആര്‍ക്കാണ് വിചാരിക്കാന്‍ പറ്റുക.
കാപ്പിച്ചെടികള്‍ക്ക് കവാത്ത് നടത്തുന്ന കാലം കാന്തിയുടെ ഓര്‍മ്മകളില്‍ തെളിഞ്ഞു.
കായ്കള്‍ കുറഞ്ഞതും ഇല്ലാത്തതുമായ കമ്പുകള്‍ വെട്ടിമാറ്റുന്നതാണ് കവാത്ത്. അക്കാലത്ത് മൂര്‍ച്ചയേറിയ വലിയൊരു വാക്കത്തിയുമായി പൈങ്കന്‍ ഇറങ്ങും. കായ്ക്കാത്ത കമ്പുകളിലേക്ക് വാക്കത്തി വീശുന്നതിനിടയില്‍ അവന്‍ കാന്തിയെ തുറിച്ചുനോക്കും. കായ്ഫലമില്ലാത്ത ഒരു പാഴ്ക്കമ്പായി അവളപ്പോള്‍ ഉലഞ്ഞുപോകും. ചിലപ്പോള്‍ അതുകണ്ട് അവളവിടെനിന്ന് മാറിപ്പോവാന്‍ ശ്രമിക്കും. അതറിഞ്ഞ് ഒച്ചയുയര്‍ത്തി അവന്‍ ചോദിക്കും:
'നീയേടെ പോണു?'
എങ്ങോട്ടും പോകാനില്ലാത്ത ശൂന്യതയില്‍ എവിടേയ്‌ക്കെങ്കിലും കൈചൂണ്ടി അവള്‍ പ്രതികരിക്കും:
'എനക്കാടെ പോണം.'
ബീഡിപ്പുക ഉറഞ്ഞുകൂടിയിട്ടെന്നോണം ചാരനിറമാര്‍ന്ന അവന്റെ കണ്ണുകള്‍ക്കു പെട്ടെന്ന് കലമ്പട്ടപ്പൂക്കളുടെ നിറമാകും. കായ്ക്കാത്ത കാപ്പിക്കമ്പുകള്‍ വാശിയോടെ അവന്‍ അരിഞ്ഞുവീഴ്ത്തും. അവന്റെ മൂക്കും വായും ചേര്‍ന്നു പുറപ്പെടുവിക്കുന്ന ഒരു വികൃതശബ്ദം പറന്നുവന്ന് അവളെ പൊതിയും. ആണിനും പെണ്ണിനും കുഴപ്പമില്ലെങ്കിലാണ് കുഞ്ഞുപിറക്കുക എന്നവനോട് ആരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. ആരെങ്കിലും പറയുന്നതു കേള്‍ക്കാന്‍ അവനൊരിക്കലും കാത് കൊടുക്കാറുമില്ല. അവള്‍ക്ക് ഭൂലോക അറിവുകള്‍ മുഴുവന്‍ വിളമ്പിക്കൊടുക്കാന്‍ നടക്കുന്ന മെമ്പര്‍, ചെയ്യേണ്ട പണിയെപ്പറ്റിയല്ലാതെ അവനോട് മറ്റൊന്നും മിണ്ടാറില്ല. ഒരു ദിവസം നിറയെ കായ്ചുനിന്ന ഒരു കാപ്പിക്കമ്പില്‍ അവന്‍ കവാത്തു നടത്തിയപ്പോള്‍ മാത്രം മെമ്പര്‍ ഇടഞ്ഞു. എങ്കിലും കരുതലോടെയാണയാള്‍ അവനെ ശകാരിച്ചത്. അയാള്‍ക്കും അവന്റെ വാക്കത്തിയെ ഭയമാണെന്നു തോന്നുന്നു. എന്നിട്ടും അയാള്‍ അവനെ പറഞ്ഞുവിടാത്തതിനു കാരണം താനാണോ എന്നു ചിന്തിച്ച അവള്‍, അടുത്തുള്ള ഇരുമുള്ളുമരത്തില്‍ പടര്‍ന്നുകിടക്കുന്ന വെള്ളിലകണക്കെ വിറച്ചു.
ഏതു കടുത്ത കോപത്തില്‍നിന്നും പൈങ്കന്‍ എളുപ്പം പുറത്തുകടക്കും. അടുത്ത കോപം വരെ അവന്‍ തികച്ചും ശാന്തനുമായിരിക്കും. അന്നേരമവന്‍ ഉണങ്ങിയ കാട്ടുദര്‍ഭകള്‍ പൊടിപടര്‍ത്തിയിട്ട അവളുടെ എണ്ണപറ്റാത്ത മുടിയില്‍ ഒന്നു തടവുകപോലും ചെയ്യും. ഒരുപാടു വിചാരങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കാടാണ് അവന്റെ തല എന്നവള്‍ക്കു തോന്നാറുണ്ട്. അതില്‍ വളരുന്ന കാട്ടുജന്തുക്കള്‍ ഏതു നേരത്താണ് തന്റെ നേരെ കുതിച്ചുചാടുകയെന്ന് അവള്‍ക്കറിയില്ല. ഏതു സമയത്തൊക്കെയാണ് തണുപ്പുപിടിച്ച് അവ ഉറങ്ങിക്കിടക്കുകയെന്നും അവള്‍ക്കു പിടിയില്ല.
കവാത്ത് കഴിഞ്ഞാല്‍ ഇഷ്ടംപോലെ ചുള്ളിക്കമ്പുകള്‍ കിട്ടും. അവ ഉണക്കി സൂക്ഷിച്ചാല്‍ വിറകിനു പിന്നെ മറ്റെങ്ങും പോകേണ്ടതില്ല. അടുത്ത കവാത്ത് വരെ അടുപ്പു കത്തിക്കാന്‍ അതു മതിയാകും.
വിറകു ചുമന്നുകൊണ്ടു പോകുമ്പോള്‍ എതിരെ കാട്ടുപന്നികള്‍ വന്നാല്‍ കാണാന്‍ വിഷമമാണ്. ചിലപ്പോള്‍ കൂട്ടമായി അവ എത്തും. അവയുടെ ഉരുമ്മി മൂര്‍ച്ച കൂട്ടിയ തേറ്റ കണ്ടാല്‍ വിരണ്ടുപോകും. തലയാട്ടി വരുന്നതു കാണുമ്പോള്‍തന്നെ പകുതി ജീവന്‍ പോയിക്കഴിഞ്ഞിരിക്കും. അവയ്ക്ക് പൊക്കം കുറവായതുകൊണ്ട് ആദ്യം തട്ടുകിട്ടുക കാലിലാവും.
തോക്കുണ്ടെങ്കിലും അവയെ വെടിവെച്ചുവീഴ്ത്താന്‍ മെമ്പര്‍ക്കും പേടിയാണ്. ഒരു തവണ അയാള്‍ ബൈക്കില്‍ പോയപ്പോള്‍ ഒരു വലിയ കാട്ടുപന്നി അതു കുത്തിമറിച്ചിട്ടതാണ്. രാമകൃഷ്ണന്‍ എഴുതിക്കൊടുത്ത ജാതകത്തില്‍ പിന്നെയും കാലം ബാക്കി കിടന്നതുകൊണ്ടാണ് താനന്നു തീര്‍ന്നുപോകാത്തതെന്ന് അയാള്‍ വിശ്വസിക്കുന്നു. വെടിവച്ചാല്‍ പിന്നെയുമുണ്ട് പുലിവാലുകള്‍. ചത്ത കാട്ടുപന്നി ആണാണോ പെണ്ണാണോ എന്നതിലേക്കും പെണ്ണാണെങ്കില്‍ ഗര്‍ഭിണി ആണോ എന്നതിലേക്കും ഒക്കെയാവും പിന്നെ അന്വേഷണങ്ങള്‍. വെടി എങ്ങനെ കൊണ്ടു എന്നതും പ്രശ്‌നമാണ്. കൃഷി നശിപ്പിച്ചിട്ടാണോ ആക്രമിക്കാന്‍ വന്നിട്ടാണോ ഇറച്ചിക്കുവേണ്ടിയാണോ എന്നിങ്ങനെ നിരനിരയായി ചോദ്യങ്ങളും വരും. ചില ചോദ്യങ്ങള്‍ തേറ്റകൊണ്ടുള്ള കുത്തിനേക്കാള്‍ ഭയങ്കരമായിരിക്കും.
കവാത്ത് കഴിഞ്ഞ് കാപ്പിച്ചെടികള്‍ക്ക് പുതുമുള വരുമ്പോള്‍ കാന്തി പ്രതീക്ഷയോടെ കാത്തിരിക്കും. ഒരു ദിവസം അവളുടെ മോഹങ്ങളെ ആകാശത്തോളമെടുത്തു പൊക്കിക്കൊണ്ട് അവളൊന്നു ഛര്‍ദ്ദിക്കുക കൂടി ചെയ്തു. അപ്പോള്‍ പൈങ്കന്‍ പുരയിലില്ലായിരുന്നു. അവള്‍ മാമനേയും കൂട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. പരിശോധനയെല്ലാം കഴിഞ്ഞ് ദഹനക്കേടിനുള്ള മരുന്നും കൊടുത്ത് അവളെ പറഞ്ഞുവിട്ടു. ആകാംക്ഷ സഹിക്കാതെ വയറ്റിലുണ്ടോയെന്ന് ഒന്നുരണ്ടു തവണ മാമന്‍ ചോദിച്ചത് ഡോക്ടര്‍ കേട്ടില്ലെന്നു നടിച്ചു. അതുകൊണ്ട് ചുരമിറങ്ങിപ്പോരുമ്പോള്‍ വീണ്ടും ഛര്‍ദ്ദിച്ചത് അവള്‍ കാര്യമാക്കിയില്ല.
പുരയില്‍ തിരിച്ചെത്തി അവള്‍ വസ്ത്രം മാറി. ബീഡി പുകച്ചുകൊണ്ട് പൈങ്കന്‍ കട്ടിലില്‍ കിടപ്പുണ്ടായിരുന്നു.
എവിടെപ്പോയെന്ന് അവന്‍ കോപത്തോടെ അവളോടു ചോദിച്ചു. ഛര്‍ദ്ദിച്ചതുകൊണ്ട് മാമനെക്കൂട്ടി ആശുപത്രിയില്‍ പോയ കാര്യം അവള്‍ പറഞ്ഞു. ഞൊടിയിട ഒരു വെളിച്ചം അവന്റെ മുഖത്ത് മിന്നി. ആകാംക്ഷ നിറച്ച് അവന്‍ ചോദിച്ചു:
'എന്നട്ട്?'
'പള്ളേല് ദേനക്കേടാന്ന്.'
കട്ടിലില്‍നിന്നു ചാടിയെഴുന്നേറ്റ് അവന്‍ ഉറക്കെ ചിരിച്ചു. അവളുടെ വയറ്റില്‍ ദഹനക്കേടല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് അവന്‍ അലറി. ബീഡി ആഞ്ഞുവലിച്ച്, കുറ്റി വലിച്ചെറിഞ്ഞ് അവന്‍ കട്ടിലില്‍തന്നെ വന്നുകിടന്നു. കുറച്ചുനേരംകൊണ്ട് അവന്റെയുള്ളിലെ കാട്ടുമൃഗം അടങ്ങി. ഉത്തരത്തില്‍ ഞാന്നുകിടന്ന ചുരയ്ക്കക്കുടുക്കയില്‍നിന്നും ദഹനകേടിനുള്ള പച്ചമരുന്ന് അവന്‍ തന്നെയെടുത്ത് അവള്‍ക്കു നീട്ടി.
അവളതു വാങ്ങാതെ തറയില്‍ മുഖംപൊത്തി ഇരുന്നു. പച്ചമരുന്നോ ഡോക്ടറുടെ മരുന്നോ ഒന്നും വേണ്ടതില്ല എന്നവള്‍ക്കു തോന്നി. കട്ടിലില്‍ കിടക്കുന്നവനാണ് മരുന്ന് അത്യാവശ്യമെന്ന് അവള്‍ക്കു പറയണമെന്നുണ്ടായിരുന്നു. പതിവുപോലെ പറയണമെന്നുണ്ടായിട്ടും പറയാതെ പോകുന്നവയുടെ പട്ടികയിലേക്ക് അതും കയറിപ്പോയി.
ആദ്യം അച്ഛനും കുറച്ചുകാലം കഴിഞ്ഞ് അമ്മയും മരണപ്പെട്ടതുകൊണ്ട് അവള്‍ക്കുള്ള ഒരേയൊരു തുണ മാമനാണ്. മാമന് അവളെ അത്രയേറെ ഇഷ്ടമാണ്. മാമനാണവളുടെ കല്യാണവും നടത്തിയത്. അവിടെ തനിക്കു തെറ്റുപറ്റിയോ എന്നൊരു സങ്കടം മാമനെ എപ്പോഴും അലട്ടുന്നുണ്ട്. കൂടെ അവള്‍ക്ക് ഒരു കുഞ്ഞുണ്ടായില്ലല്ലോ എന്ന വിഷമവും മാമന്‍ ചുമക്കുന്നു. എല്ലാ വിഷമങ്ങളും തലയിലേറ്റിയതുകൊണ്ടാണ് മാമനെപ്പോഴും കീഴോട്ടു നോക്കി നടക്കുന്നതെന്ന് അവള്‍ വിചാരിക്കും. മാമന്‍ വരുന്ന ദിവസം മാത്രമാണ് അവള്‍ കുറച്ചെങ്കിലും ആശ്വസിക്കാറുള്ളത്.
മാമന്‍ വരുമ്പോള്‍ ചോനാട്ടുപുല്ലും മുളയരിയും ചാമയും തിനയുമൊക്കെ കൊണ്ടുവരും. അതൊക്കെ ചെയ്യുന്നത് എങ്ങനെയെങ്കിലും അവളുടെ ശരീരം ഒരു കുഞ്ഞിനെ വഹിക്കാന്‍ പരുവപ്പെടട്ടെ എന്നോര്‍ത്തിട്ടാവും. അവള്‍ക്കത് എപ്പോഴും കഴിക്കാന്‍ പറ്റാറില്ല. പൈങ്കന് ഏതു നേരവും ചോറുതന്നെ വേണം. ഒരു പിഞ്ഞാണത്തില്‍ മലയോളം പൊക്കത്തില്‍ തനിക്കുള്ള ചോറ് അവന്‍ വിളമ്പിവയ്ക്കും. അതു കാണുമ്പോള്‍ വില്‍ക്കാനായി വെച്ചു വാണിഭക്കാര്‍ നിരത്തിവയ്ക്കാറുള്ള കുങ്കുമക്കൂനകള്‍ അവള്‍ക്കോര്‍മ്മ വരും. ഒരിക്കല്‍ അത്തരമൊരു നീല കുങ്കുമക്കൂന തിന്ന് അവന്‍ നീലക്കുറുക്കനായിപ്പോയ ഒരു സ്വപ്നം കാന്തി കണ്ടു.
മാമന്‍ എത്തിയാല്‍ ഒരു ദിവസം അവരുടെ പുരയില്‍ തങ്ങും. ആകെയുള്ള ഒരു മുറിയില്‍ മൂന്നുപേരും കിടക്കും. കിടന്നാലുടന്‍ പൈങ്കന്‍ കൂര്‍ക്കം വലിച്ചുറങ്ങും. കൊച്ചു ജനലിലൂടെ കാണുന്ന നക്ഷത്രങ്ങള്‍ നോക്കി അവളും മാമനും വര്‍ത്തമാനം പറയും.
മിക്കവാറും എല്ലാം കരയിക്കുന്നവ.
വെളുപ്പിന് അവള്‍ പണിക്കു പോകാനൊരുങ്ങുമ്പോഴും പൈങ്കന്‍ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. പനിയാണെന്നും താന്‍ വരുന്നില്ല എന്നും അവന്‍ പറഞ്ഞു. അവള്‍ മലകള്‍ക്കിടയിലെ ചെമ്മണ്‍ നിരത്തിലൂടെ വിചാരങ്ങളില്‍ മുങ്ങിനടന്നു. പിന്നാലെ പാഞ്ഞുവന്ന നായയെ പേടിച്ച് ഒരു മയില്‍ കാട്ടുപൊന്തയില്‍ ഒളിച്ചു.
തോട്ടത്തില്‍ അന്നു മറ്റാരും പണിക്കു വന്നിട്ടില്ല. അവള്‍ക്കു ചെറിയൊരു പേടി ഉള്ളില്‍ നുരയ്ക്കാന്‍ തുടങ്ങി. പെട്ടെന്നാണ്
മെമ്പറുടെ ബൈക്കിന്റെ അണയ്ക്കല്‍ പോലുള്ള ഒച്ച അവളുടെ കാതില്‍ നിറഞ്ഞത്. വലിയ ബൈക്ക് മുരണ്ടുകൊണ്ട് തോട്ടത്തിലെ കെട്ടിടത്തിനു മുന്നില്‍ വന്നുനിന്നു. ചുറ്റും കണ്ണോടിച്ച മെമ്പര്‍ക്ക് അവളല്ലാതെ മറ്റാരും എത്തിയിട്ടില്ലെന്നു മനസ്സിലായി. ബൈക്കില്‍നിന്നിറങ്ങി ഏറെ നേരം അയാള്‍ അവളെ നോക്കിനിന്നു. പുരയ്ക്കകത്തു കയറി കുറച്ചു കഴിഞ്ഞ് കൈലിയും ചുറ്റി അയാള്‍ പുറത്തുവന്നു.
അതു കാപ്പിച്ചെടികള്‍ പൂത്തകാലമായിരുന്നു. കാപ്പിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന മണം തോട്ടമാകെ നിറഞ്ഞിരുന്നു.
കാറ്റിലൂടെ ഒഴുകിവന്ന് കാപ്പിപ്പൂ വാസന ശരീരത്തില്‍ പടര്‍ന്നു. മെമ്പര്‍ നടന്ന് അവളുടെ അടുത്തെത്തി. അയാളുടെ ശ്വാസം അവളുടെ ദേഹത്ത് തൊടുമെന്നായി. മെമ്പര്‍ ഒച്ച താഴ്ത്തി അവളോട് കെട്ടിടത്തിനുള്ളിലേക്കു വരാന്‍ പറഞ്ഞു.
അവള്‍ തിടുക്കത്തില്‍ തോട്ടം വിട്ടിറങ്ങി. റോഡിലൂടെ വളരെ വേഗം അവള്‍ നടന്നു. നടക്കുമ്പോള്‍ മുന്‍പിലുള്ളതല്ലാതെ മറ്റൊന്നും കാണാതിരിക്കാന്‍ തലയ്ക്കിരുവശവും മറ വെച്ചുകെട്ടിയ കുതിരയെപ്പോലെയാവാന്‍ അവള്‍ ശ്രദ്ധിച്ചു. മെമ്പര്‍ ബൈക്ക് പതിയെ ഓടിച്ചുകൊണ്ട് കാന്തിക്കൊപ്പം വന്നു. അപ്പോഴും അവള്‍ മുന്‍പോട്ടു മാത്രം നോക്കി നടന്നു. കുറച്ചു കഴിഞ്ഞ് എന്തുകൊണ്ടോ മെമ്പര്‍ ബൈക്കിന്റെ വേഗം കൂട്ടി. വലിയ ഇരമ്പലോടെ അതു കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ മാത്രം അവള്‍ ചുറ്റിനും നോക്കി, ഒരു മലയണ്ണാന്‍ അവളുടെ വിറയല്‍ കണ്ട് വാലിട്ടടിച്ചു.
പുരയില്‍ തിരിച്ചെത്തിയിട്ടും അവളുടെ കിതപ്പൊടുങ്ങിയില്ല. തനിക്കും സുഖമില്ലെന്നവള്‍ അവനോടു പറഞ്ഞു.
ദഹനക്കേടാവുമെന്നു പറഞ്ഞ് പൈങ്കന്‍ പിന്നെയും പൊട്ടിച്ചിരിച്ചു. അവനും മെമ്പറുമൊക്കെ ചുറ്റും നിന്നു തന്നെ ശ്വാസം മുട്ടിച്ച് രസിക്കുകയാണെന്നവള്‍ കരുതി. രാത്രി തറയില്‍ കൈതോലപായ വിരിച്ച് അവള്‍ കിടന്നു. ജനാലയ്ക്കപ്പുറം ഇന്ന് നക്ഷത്രങ്ങളും തെളിഞ്ഞിട്ടില്ല.
തുടര്‍ന്ന് അഞ്ചു ദിവസം അവള്‍ പണിക്കു പോയില്ല. പൈങ്കനും പനി മാറിയില്ലെന്നു പറഞ്ഞ് അവിടെത്തന്നെ കിടന്നു. അഞ്ചാംദിവസം ഉച്ചയ്ക്ക് മാമന്‍ അവരുടെ പുരയിലേക്കു വന്നു. മെമ്പര്‍ മരിച്ചുപോയെന്ന് മാമന്‍ പറഞ്ഞതുകേട്ട് അവള്‍ വായ തുറന്ന് ഇരുന്നുപോയി. പൊഴിഞ്ഞുവീണ് ചീഞ്ഞ കാപ്പിപ്പൂക്കളുടെ മണം അവരുടെ പുരയിലേക്കു വീശിയടിക്കുന്നതായി അവള്‍ക്കു തോന്നി.
മാമന്‍ സാവകാശം പറഞ്ഞത് ഇത്രയുമാണ്. മെമ്പര്‍ മരിച്ചത് അയാളുടെ തോക്കില്‍ നിന്നുതന്നെയുള്ള വെടിയേറ്റാണ്. അയാള്‍ തനിക്കു നേരെ തന്നെ വെടിവെച്ചതാവാം. അല്ലെങ്കില്‍ മറ്റാരെങ്കിലും അയാളുടെ തോക്കെടുത്ത് അയാളെ വെടിവെച്ചതാവാം. എങ്ങനെയാണ് വെടിയേറ്റതെന്നു തിരിച്ചറിയപ്പെടാത്ത കാട്ടുപന്നിയുടെ അതേ പ്രശ്‌നം.
കാന്തിക്ക് ആശ്വാസം തോന്നി. ഇനി പേടിക്കാതെ തോട്ടത്തില്‍ പോകാമല്ലോ. പെട്ടെന്നുതന്നെ ഇനി ആരാണ് തോട്ടം നടത്തുകയെന്നും പുതിയ ആള്‍ പണിക്കു വിളിക്കുമോയെന്നും ഉള്ള പ്രശ്‌നങ്ങള്‍ അവളെ അലട്ടാന്‍ തുടങ്ങി, ആശ്വസിക്കുകയാണോ ആശങ്കപ്പെടുകയാണോ വേണ്ടതെന്നു തിട്ടമില്ലാതെ അവള്‍ പായയില്‍ കിടന്ന് മാമന്‍ പറയുന്നതു മുഴുവന്‍ കേട്ടുകൊണ്ടിരുന്നു.
തന്റെ പിന്നാലെ വന്നതിനുശേഷം അയാള്‍ എന്താവാം ചെയ്തിട്ടുണ്ടാവുക എന്നറിയാന്‍ കാന്തിക്ക് ആഗ്രഹം തോന്നി. അല്ലെങ്കില്‍ മറ്റാരെങ്കിലും തോക്കെടുത്തിട്ടുണ്ടെങ്കില്‍ അതാരാണെന്നും എന്തിനതു ചെയ്തു എന്നും അവള്‍ക്ക് അറിയണമെന്നുണ്ട്. പിന്നെ താനെന്തിന് ഇതൊക്കെ അന്വേഷിക്കണമെന്ന വിചാരത്തിലേക്ക് അവള്‍ വഴിമാറി.
മാമന്‍ അന്നവിടെ തങ്ങി. മാമന്‍ തന്നെ ചാമക്കഞ്ഞി വെച്ചു. മാമന്‍ കൊടുത്തതുകൊണ്ടാവും ഒരു തവി കഞ്ഞി അവനും കുടിച്ചു. രാത്രി ഉറങ്ങാന്‍ കിടന്ന അവള്‍ക്ക് ഒരു ബൈക്ക് തന്റെ ചുറ്റും മലവണ്ടിനെപ്പോലെ മുരണ്ടുനീങ്ങുന്നതായി തോന്നി. ക്രമേണ മാമന്‍ പറഞ്ഞ വര്‍ത്തമാനങ്ങള്‍ ഓര്‍ത്തെടുത്ത് അവള്‍ പേടിയെ മറികടക്കാന്‍ പണിപ്പെട്ടു. മെമ്പറുടെ തോക്കിലെ തിര അയാളെ തീര്‍ത്തുകളഞ്ഞെന്ന് അവള്‍ അവളെത്തന്നെ ബോദ്ധ്യപ്പെടുത്തി.
പിറ്റേന്ന് മാമനും പൈങ്കനും മെമ്പറുടെ വീട്ടിലേക്കു പോകാനൊരുങ്ങി. അവള്‍ക്കും കൂടെക്കൂടാതെ തരമില്ലായിരുന്നു. ആറു ദിവസം മുന്‍പ് നടന്നത് എന്താണെന്ന് അവള്‍ക്കു മാത്രമല്ലേ അറിയൂ. മറ്റു ചിലരെപ്പോലെ മെമ്പറും മാന്യനായി മരിച്ചുകിടക്കട്ടെ.
മെമ്പറുടെ വീട്ടില്‍ നല്ല ആള്‍ക്കൂട്ടമുണ്ട്. പരിശോധന കഴിഞ്ഞ് മൃതദേഹം കുത്തിക്കെട്ടി ഇപ്പോള്‍ കൊണ്ടുവന്നതേയുള്ളൂ എന്നാരോ പറഞ്ഞു. അകത്തെ തറയില്‍ വെള്ള പുതച്ച്, എല്ലാ മോഹങ്ങളും തീര്‍ന്ന് അയാള്‍ കിടക്കുന്നു. കുറച്ചുനേരം അവള്‍ മൃതദേഹത്തിനടുത്ത് മാമനും പൈങ്കനുമൊപ്പം നിന്നു. വരാന്തയുടെ മൂലയില്‍ അയാളുടെ ചോര വീണ വസ്ത്രങ്ങള്‍ കിടക്കുന്നത് പുറത്തിറങ്ങിയ അവള്‍ കണ്ടു. കാട്ടുപന്നിയുടേതുപോലെ ഊഹിക്കാന്‍ പറ്റാത്ത അവസാനം.
മെമ്പര്‍ മരിച്ചതിന്റെ ചടങ്ങുകളെല്ലാം തീര്‍ന്നു കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് അവളും പൈങ്കനും തോട്ടത്തില്‍ പോയത്. മെമ്പറുടെ മകന്‍ അവിടെയുണ്ടായിരുന്നു.
അയാള്‍ക്കു കാര്യങ്ങളെപ്പറ്റി വലിയ പിടിപാടൊന്നുമില്ലായിരുന്നു. പണിയെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞൊന്ന് വന്നു നോക്കാനും അയാള്‍ പറഞ്ഞു.
അവര്‍ ആകെ അങ്കലാപ്പിലായി. കുറച്ചു ദിവസം കൂലി കിട്ടാതായതോടെ പുരയിലെ അടുക്കള പാത്രങ്ങള്‍ തമ്മില്‍ ഒന്നും മിണ്ടാതായിത്തുടങ്ങിയിരുന്നു. അല്ലെങ്കില്‍ അവ തമ്മില്‍ എപ്പോഴും പാചകത്തിനിടയില്‍ കൂട്ടിമുട്ടി സംസാരിക്കും.
പൈങ്കനും കാന്തിയും പുരയില്‍ മിക്കപ്പോഴും ചടഞ്ഞിരുന്നു. പുറത്തിറങ്ങി എന്തെങ്കിലും ചെയ്യാമെന്നു വെച്ചാല്‍ ചുറ്റുമുള്ള ഭൂമിയൊന്നും അവരുടേതല്ല.
ഒരു ദിവസം അവന്‍ കാന്തിയോട് വിളക്കുമരം കാണാന്‍ പോകണോയെന്നു ചോദിച്ചു. പണ്ടൊരിക്കല്‍ അവളോടൊപ്പം പണിയെടുത്തിരുന്ന ഒരു സ്ത്രീ വിളക്കുമരം കാണാന്‍ പോയ കഥ അവളോട് പറഞ്ഞിരുന്നു. അന്ന് കാന്തിക്ക് അതു കാണാന്‍ വലിയ മോഹം തോന്നിയതാണ്. പതിവുപോലെ, മറുപടിയായി കുഞ്ഞുപിറക്കാത്തതിന് അവന്‍ അവളെ കളിയാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അന്നത്തെ ഉത്സാഹമൊക്കെ പൊയ്‌പോയെങ്കിലും അവള്‍ പോകാമെന്നാണ് പറഞ്ഞത്. എങ്ങോട്ടു തിരിഞ്ഞാലും ശ്വാസം മുട്ടിക്കുന്ന ഈ വീട്ടില്‍നിന്നും കുറച്ചുനേരമെങ്കില്‍ കുറച്ചുനേരം വിട്ടുനില്‍ക്കണമെന്ന് അവള്‍ വിചാരിച്ചു.
കുടുക്കയിലും സഞ്ചിയിലുമൊക്കെയായി മാറ്റി സൂക്ഷിച്ചിരുന്ന ചില്ലറത്തുട്ടുകളും നോട്ടുകളുമൊക്കെ പെറുക്കിക്കൂട്ടി അവള്‍ പോകാനുറച്ചു. പൈങ്കന്‍ പട്ടണത്തില്‍ പോകുമ്പോള്‍ ഇടാറുള്ള ചുവപ്പു ഷര്‍ട്ടിട്ടു. ഒരേയൊരു സാരിയുള്ളതിനു നിറം മങ്ങിയെങ്കിലും അവള്‍ അതെടുത്ത് ഉടുത്തു. പട്ടണത്തില്‍ എന്തെങ്കിലും കഴിക്കാന്‍ ഒത്തിരി പണം വേണമെന്നു പേടിച്ച് അവള്‍ പുരയിലുണ്ടായിരുന്ന പഴവും കുപ്പിയില്‍ വെള്ളവും എടുത്തുവെച്ചു.
വളരെദൂരം നടന്ന് അവര്‍ പട്ടണത്തിലേക്കുള്ള ബസ് വരുന്ന വഴിയിലെത്തി. കാത്തുനിന്ന് ഒടുവില്‍ ബസ് വന്നു. അതിനുള്ളില്‍ ഭയങ്കര ഉന്തും തള്ളുമായിരുന്നു. കാന്തിക്ക് കഷ്ടിച്ച് ഒരു സീറ്റ് കിട്ടിയതാണ്. എന്നാല്‍, കൈക്കുഞ്ഞുമായി വന്ന ഒരു സ്ത്രീക്കുവേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാന്‍ കണ്ടക്ടര്‍ അവളോടു പറഞ്ഞു. അയാളതു പറഞ്ഞില്ലെങ്കിലും കുഞ്ഞുമായി വരുന്ന ഒരാള്‍ക്കുവേണ്ടി അവള്‍ സീറ്റൊഴിഞ്ഞു കൊടുക്കുമായിരുന്നു. കാരണം കുഞ്ഞുങ്ങള്‍ ഉള്ളവരോട് അവള്‍ക്ക് അത്രമാത്രം സ്‌നേഹവും ആദരവുമുണ്ട്.
കണ്ടക്ടര്‍ വിളക്കുമരത്തിനടുത്ത് അവരെ ബസ്സിറക്കി വിട്ടു. അവള്‍ കേട്ടിട്ടുണ്ടായിരുന്നതു പോലുള്ള തിരക്ക് അന്നവിടെ കണ്ടില്ല. വട്ടത്തില്‍ പണിതുവെച്ചിരുന്ന വിളക്കുമരത്തിന്റെ പൊക്കം കണ്ട് അവള്‍ അന്തംവിട്ടു. അതു പണിതിരിക്കുന്നത് കണ്ടാല്‍ ആകാശത്തിന് ഊന്നു കൊടുക്കാനാണെന്നു തോന്നും. അതിന്റെ വെള്ളഭിത്തിയില്‍ ഇടവിട്ട് വീതിയുള്ള ചുവപ്പു വരകളുണ്ടായിരുന്നു.
താഴെയുള്ള വാതിലിലൂടെ അവര്‍ അകത്തു കടന്നു. അന്നേരം അതിനുള്ളിലുണ്ടായിരുന്ന ചിലര്‍ പുറത്തേക്കു പോയി. പിരിയന്‍ കോണിപ്പടികള്‍ കയറി മുകളിലേക്കു പോകുംതോറും അവളുടെ അതിശയവും കൂടിക്കൊണ്ടിരുന്നു. ഇടയ്ക്കുള്ള നിലകളിലൊന്നും മറ്റാരും ഉണ്ടായിരുന്നില്ല. ഏറ്റവും മുകളിലെ നിലയിലെത്തുമ്പോഴും അവര്‍ രണ്ടുപേര്‍ മാത്രമാണുണ്ടായിരുന്നത്.
ഏറ്റവും മുകളിലെ നിലയില്‍ പുറത്തേക്കൊരു വാതില്‍ ഉണ്ടായിരുന്നു. അവള്‍ വാതില്‍ കടന്ന് വട്ടത്തിലുള്ള വരാന്തയിലേക്കിറങ്ങി. പൈങ്കന്‍ വരാന്തയിലേക്കിറങ്ങാതെ ഉള്ളില്‍തന്നെ നിന്നതേയുള്ളൂ. ചുറ്റുവരാന്തയുടെ അരപ്പൊക്കമുള്ള ഇരുമ്പു കൈവരിയില്‍ പിടിച്ചുനിന്ന് അവള്‍ ദൂരേക്കു നോക്കി.
കടല്‍ വെയിലില്‍ വെട്ടിത്തിളങ്ങുന്നു. അവള്‍ ആദ്യമായി കടല്‍ കാണുകയായിരുന്നു.
പായ തെറുത്തുകൂട്ടുംപോലെ ഒന്നിനു പുറകെ ഒന്നായി തിരകള്‍ വന്നുകൊണ്ടിരുന്നു.
ഏറെ നേരം അവളതു നോക്കി നിന്നു. സാവകാശം അവള്‍ ചുറ്റുവരാന്തയില്‍ അമര്‍ന്നിരുന്നു.
തിരകളെ നോക്കിയിരിക്കെ അവള്‍ക്കു താനനുഭവിച്ച സങ്കടങ്ങളെല്ലാം നിരനിരയായി ഓര്‍മ്മ വന്നു. കുഞ്ഞില്ലാത്തതിന് പൈങ്കനില്‍നിന്നും കിട്ടിയ പരിഹാസങ്ങള്‍. അവന്‍ പുറത്തെടുത്ത കോപങ്ങള്‍. ഒരു മരണക്കിണറിലേതുപോലെ മെമ്പര്‍ തന്റെ ചുറ്റും കിടന്നുകറങ്ങിയത്. നിറത്തിനു നേരെ. ജാതി താഴെയാണെന്നു പറഞ്ഞ്. ഒരിടത്തും തലപൊക്കാന്‍ സമ്മതിച്ചില്ല. ആരും തുണയായില്ല. മാമന്‍ മാത്രമായിരുന്നു വിളക്കുമരം.
മറ്റെല്ലാം ചുറ്റിക്കറക്കുന്ന പിരിയന്‍ കോണികള്‍.
ഇരുന്നു നേരം പോയതവളറിഞ്ഞില്ല. അതോര്‍മ്മ വന്നപ്പോള്‍ കാന്തി തിരിഞ്ഞുനോക്കി. അകത്ത് പൈങ്കന്‍ നിന്ന സ്ഥലത്ത് അവനെ കാണാനുണ്ടായിരുന്നില്ല. കാക്കിക്കുപ്പായമിട്ട ഒരു ജോലിക്കാരന്‍ മാത്രം അവിടെ കൂനിക്കൂടി നില്‍പ്പുണ്ട്.
ഒരു നടുക്കത്തില്‍ അവള്‍ തിരിച്ചറിഞ്ഞു, പൈങ്കന്‍ തന്നെ ഉപേക്ഷിച്ചുപോയതാണ്.
കാശില്ലാത്ത നേരത്ത് അവന്‍ കുടുക്കയുടച്ച് ഇവിടെവരെ വന്നത് അതിനാണ്. ഇരുമ്പു കൈവരിയില്‍ പിടിച്ചുകയറിയാല്‍ തനിക്കു താഴേക്ക് എടുത്തുചാടാമല്ലോ എന്നും അവന്‍ വിചാരിച്ചു കാണും. കായ്ക്കാത്ത ജീവിതത്തിന് അവസാനത്തെ കവാത്ത്. ഒരുവേള അതുതന്നെ ചെയ്താലോ എന്നവള്‍ വിചാരിച്ചു.
അന്നേരം തിരകള്‍ കടന്നുവന്ന ധാരാളം പ്രകാശം അവളുടെ കണ്ണു നിറച്ചു.
ശാന്തയായി അവള്‍ പിരിയന്‍ കോണിയുടെ താഴേക്കുള്ള പടവുകള്‍ ഇറങ്ങാന്‍ തുടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

