നിലാവിലേക്ക് നീക്കിവെച്ച ഒന്നാംനിലയിലെ തന്റെ കിടപ്പുമുറിയില്‍ സര്‍ക്കസ് കോമാളികളെപ്പോലെ പ്രത്യക്ഷപ്പെട്ട കള്ളന്മാരെ നോക്കി കമല, കട്ടിലില്‍ത്തന്നെ ഇരുന്നു.
കള്ളന്മാരിലൊരാള്‍ കമലയുടെ കഴുത്തിനുനേരെ ഒരു കത്തി നീട്ടിപ്പിടിച്ചിരുന്നു. മറ്റേ കള്ളന്‍ മുറിയിലെ അലമാര പരിശോധിക്കുകയായിരുന്നു. ഇതിന്റെയെല്ലാം കൂടെ, ബാല്‍ക്കണിയിലേക്ക് കള്ളന്മാര്‍ കയറിവന്ന മുളകൊണ്ടുള്ള കോണിയുടെ അറ്റം, ഏതോ വലിയ ജന്തുവിന്റെ കൊമ്പുകള്‍ പോലെ ഇരുട്ടില്‍ തിളങ്ങുന്നതും കമല കാണുന്നുണ്ടായിരുന്നു.
''ഒച്ചവെയ്ക്കരുത്'' കത്തിപിടിച്ചു നിന്നിരുന്ന കള്ളന്‍ കമലയെ നോക്കി ഒച്ച താഴ്ത്തിക്കൊണ്ട് പറഞ്ഞു.
''ഒച്ചയുണ്ടാക്കിയാല്‍ കൊന്നുകളയും.''
അതുതന്നെ പിന്നെ കള്ളന്‍ കമലയെ നോക്കി അഭിനയിച്ചു കാണിച്ചു. ഇടത്തേ കൈപ്പടം തന്റെ കഴുത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട് കള്ളന്‍ ഒരു കത്തിപോലെ പതുക്കെ നീക്കി കാണിച്ചു. കമല തന്റെ കഴുത്ത് അമര്‍ത്തിത്തടവി.
വായക്കു ചുറ്റും പുരട്ടിയ വയലറ്റ് നിറമുള്ള ചാന്ത് രണ്ട് കള്ളന്മാരുടേയും കവിളുകളിലേക്ക് പരന്നിരുന്നു. രണ്ടുപേരും മൂക്കിന്റെ അറ്റത്ത് വെള്ളനിറത്തില്‍ വേറെയും ചായം പുരട്ടിയിരുന്നു. രണ്ടുപേരും തലയില്‍ കമ്പിളികൊണ്ടുള്ള ഓരോ തൊപ്പി വെച്ചിരുന്നു. എന്നാല്‍, കള്ളന്മാരുടെ മുഖമോ ഭാവമോ വേഷമോ ഒന്നും തന്നെ കമലയെ പേടിപ്പിച്ചില്ല. എല്ലാം താന്‍ കാണുന്ന ഒരു സ്വപ്നംപോലെത്തന്നെയായി കമല വിചാരിച്ചു. എങ്കിലും കമല പേടി അഭിനയിച്ചുതന്നെ കട്ടിലില്‍ ഇരുന്നു. അലമാരിയിലെ വസ്ത്രങ്ങളും ആഭരണപ്പെട്ടിയും നിലത്തേക്ക് എടുത്തുവെച്ച് മറ്റേ കള്ളന്‍ തിരയാന്‍ തുടങ്ങിയപ്പോള്‍ ''ആ പെട്ടിയിലെ ഒന്നും എനിക്കു വേണ്ടാ, എല്ലാം നിങ്ങള്‍ കൊണ്ടുപോയ്ക്കോ, എനിക്കെന്റെ ജീവന്‍ മതി'' എന്ന് കമല ഒച്ച താഴ്ത്തി പറഞ്ഞു.
''ആ പതിനായിരം ഉറുപ്പികയും നിങ്ങള് എടുത്തോ.'' പിന്നെ ആവുന്നത്ര ഒച്ച താഴ്ത്തി കമല കരയാന്‍ തുടങ്ങി.
''മിണ്ടരുത്'' നിലത്ത് തുറന്നുവെച്ച പെട്ടി പരിശോധിക്കുന്ന കള്ളന്‍ കമലയെ നോക്കി വലത്തേ ചൂണ്ടുവിരല്‍ തന്റെ ചുണ്ടില്‍ വെച്ചുകൊണ്ട് പറഞ്ഞു. ''അറിയാലോ എന്താ ഉണ്ടാവുക എന്ന്?'' കള്ളന്‍ കമലയെ നോക്കി കണ്ണുകള്‍ വലുതാക്കി ഉരുട്ടിപ്പിടിച്ചു. വായക്കു ചുറ്റും പൂശിയ ചാന്ത് ഇപ്പോള്‍ കള്ളന്റെ കഴുത്തിലേക്കും പടരാന്‍ തുടങ്ങിയിരുന്നു. കമല കള്ളനെ നോക്കി കൈകൂപ്പി. ''എന്നെ ഒന്നും ചെയ്യരുതേ'' എന്ന് അപേക്ഷിച്ചു.
എന്നാല്‍, ബാല്‍ക്കണിയിലേയ്ക്കുള്ള വാതിലിലൂടെ തന്റെ കിടപ്പുമുറിയിലേക്ക് എങ്ങനെയാണോ കള്ളന്മാര്‍ കയറിവന്നത്, അതേ വാതിലിലൂടെ അവര്‍ പുറത്തേയ്ക്ക് കടക്കുന്നതിനും കോണി ഇറങ്ങി ഇരുട്ടില്‍ അപ്രത്യക്ഷരാവുന്നതിനും മുന്‍പ് കമല പിറകില്‍നിന്ന് അവരില്‍ ഒരാളുടെ കയ്യില്‍ പിടിച്ചുവലിച്ചു. അതേ വേഗത്തില്‍ അവന്റെ കൈപ്പത്തി തന്റെ മുഖത്തിനുനേരെ മലര്‍ത്തിപ്പിടിച്ചു. കൈപ്പത്തിയിലേക്ക് ഉറ്റുനോക്കി.
''ശരിക്കും ഇങ്ങനെയാണോ കള്ളന്മാരുടെ കൈകള്‍!'' എന്ന് കള്ളനെ നോക്കി അത്ഭുതപ്പെട്ടു. തെറ്റു ചെയ്തപോലെ പെട്ടെന്ന് കയ്യിന്റെ പിടിവിടുകയും ചെയ്തു.
''ചേച്ചി വിശ്വസിക്കുമോ എന്നറിയില്ല, ഇപ്പോള്‍ ഇങ്ങനെയാണ് ഞങ്ങളുടെ ആ കവര്‍ച്ച എന്റെ മനസ്സില്‍.''
അലി ജാനുവിനോട് പറഞ്ഞു:
''അല്ല, ഞാന്‍ വിശ്വസിച്ചു'' -ജാനു അലിയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: ''ഇനിയിപ്പോള്‍ ഇതൊരു കെട്ടുകഥയാണെങ്കിലും കമലയുടെ കാര്യത്തില്‍ എനിക്കു വിശ്വസിക്കേണ്ടിയും വരും.''
''ആട്ടെ, നിന്റെ കൂടെ വന്ന മറ്റേ കള്ളന്‍ ആരായിരുന്നു?'' ജാനു അലിയോട് തിരക്കി. ''അവന്റേയും കൈ കമല നോക്കിയോ?'' ''കള്ളന്റെ? കൈ തന്നെ എന്നു കണ്ടുപിടിച്ചോ?''
''അവനല്ല, അവള്‍'' അലി ജാനുവിനെ തിരുത്തി. ''മൈമൂനയായിരുന്നു മറ്റേ കള്ളന്‍.'' ''എന്റെ പെങ്ങള്‍.''
''നിങ്ങള്‍ ഇരട്ടകളല്ലെ?'' ജാനു ചിരിയടക്കി. ''ഓ! രണ്ടിനേയും സമ്മതിക്കണം.''
കര്‍ട്ടന്‍ തുന്നിക്കാനായി ജാനു കൊണ്ടുവന്ന തുണികള്‍ അലി അയാളുടെ പണിമേശയില്‍ നിവര്‍ത്തിയിട്ടു. പകലിനും ഇരുട്ടിനും ചേരുന്ന ഇളംനീല നിറമുള്ള കര്‍ട്ടനുകള്‍ ഇപ്പോഴും ജാനുവിന് ഇഷ്ടമായി. ''എന്റെ കര്‍ട്ടന്റെ നിറം എങ്ങനെയുണ്ട്?'' അവള്‍ അലിയോടു ചോദിച്ചു. ''കൊള്ളാം ചേച്ചി'' അലി പറഞ്ഞു. ''ആകാശത്തിന്റെ നിറമല്ലെ, ഏതും മൂടി കിടന്നോളും.''
കമല ചെയ്തതുപോലെ ജാനുവും ഇപ്പോള്‍ അലിയുടെ കൈകളിലേക്ക് നോക്കി. ''കമല പറഞ്ഞതു ശരിയാണ്, അലിക്ക് കള്ളന്റെ കൈകളല്ല.''
''അല്ല ചേച്ചി. അതു ഞങ്ങളുടെ മൂന്നാമത്തെ കവര്‍ച്ചയായിരുന്നു'' -അലി പറഞ്ഞു.
''തുന്നല്‍ക്കാരനാവുന്നതുവരെയും ഞാന്‍ കള്ളനായിരുന്നു.''
ആ ചെറിയ പട്ടണത്തില്‍ ജാനു ആദ്യം പരിചയപ്പെട്ടതും അലിയെയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ്, പട്ടണത്തില്‍ ജോലി കിട്ടിയ മകള്‍ക്കൊപ്പം താമസമാക്കിയ ആദ്യത്തെ ആഴ്ചയില്‍, ഒരു ദിവസം, ഇതേപോലെ, കര്‍ട്ടനുള്ള തുണിയുമായി അലിയുടെ കടയില്‍ തുന്നിക്കാന്‍ വന്നപ്പോള്‍. അന്നാണ് അലിയുടെ നാടും തന്റെ അച്ഛന്റെ നാടും ഒന്നാണെന്ന് ജാനു മനസ്സിലാക്കിയത്.
ഒരു പുഴയും ഒരു തീവണ്ടിയും ഒരച്ഛനും മാത്രമേ ഇപ്പോഴും ആ നാട്ടിലുള്ളൂ എന്ന് ജാനു അന്ന് അലിയോട് പറഞ്ഞതും പിന്നെ ഒരു ദിവസം പുഴയും അച്ഛനും വറ്റിപ്പോയ് എന്നു ചിരിച്ചതും ഇപ്പോള്‍ ജാനുവിന് ഓര്‍മ്മവന്നു.
പിന്നെയും അലിയുടെ തുന്നല്‍ക്കടയില്‍ ജാനു വന്നു. ചിലപ്പോള്‍ അവളുടേയോ മകളുടേയോ വസ്ത്രങ്ങള്‍ തയ്ക്കാന്‍ കൊടുക്കാന്‍. ചിലപ്പോള്‍ വാങ്ങിയ വസ്ത്രങ്ങളുടെ അളവ് പാകമാക്കാന്‍. മറ്റു ചിലപ്പോള്‍ വെറുതെയും ജാനു ആ കടയില്‍ വന്നു. ഓരോ സന്ദര്‍ശനത്തിലും ഇതേപോലെ എന്തെങ്കിലും ചില കഥകള്‍ അലി ജാനുവിനോട് പറഞ്ഞു. ഒരുപക്ഷേ, തങ്ങളുടെ രണ്ടുപേരുടേയും ഇഷ്ടം, ഇങ്ങനെ കഥകള്‍ കേള്‍ക്കല്‍ തന്നെ എന്ന് അലി കണ്ടുപിടിച്ചതുമാകണം. എന്നാല്‍, ഇന്ന്, കര്‍ട്ടനുകള്‍ക്കുവേണ്ടി തുന്നിക്കാന്‍ കൊണ്ടുവന്ന തുണികള്‍ വെച്ചിരുന്ന അവളുടെ സഞ്ചിയില്‍നിന്ന് ഒരു പുസ്തകം കിട്ടിയപ്പോഴാണ്, പുസ്തകത്തിന്റെ പുറംചട്ടയില്‍ കമലയുടെ ഫോട്ടോ കണ്ടപ്പോഴാണ്, അലി ആദ്യമായി, കഥകളുടേയോ എഴുത്തുകാരുടേയോ ഓര്‍മ്മയില്‍ മറച്ചുവെയ്ക്കാനാകാത്ത അത്ഭുതത്തോടെ അങ്ങനെ നില്‍ക്കുന്നത് ജാനു കണ്ടത്. ''കമല!'' അലി മന്ത്രിക്കുന്നപോലെ ഫോട്ടോ നോക്കി പറഞ്ഞു. പിന്നെ പുസ്തകം സഞ്ചിയില്‍ത്തന്നെവെച്ച് മേശപ്പുറത്തെ തുണി ഒന്നുകൂടി നിവര്‍ത്തിയിട്ടു. ഒരു ചെറിയ കടലാസില്‍ ജാനു എഴുതിക്കൊണ്ടു വന്ന അവളുടെ അപ്പാര്‍ട്ട്‌മെന്റിലെ ജനലുകളുടേയും വാതിലുകളുടേയും അളവുകള്‍ തുണിയുമായി ഒത്തുനോക്കാന്‍ തുടങ്ങി.
''അലിക്ക് കമലയെ അറിയുമോ?'' ജാനു അലിയോട് ചോദിച്ചു. ''അലി ഒരു ന്യൂസ് പേപ്പര്‍ പോലും വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.''
''അല്ല ചേച്ചി. എനിക്ക് ഇവരെ അറിയാം'' -അലി പറഞ്ഞു.
പിന്നെയാണ് കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ഇരട്ട സഹോദരിക്കൊപ്പം ഒരു രാത്രി കമലയുടെ വീട് കൊള്ളയടിക്കാന്‍ പോയത്, അലി ജാനുവിനോട് പറഞ്ഞത്.
പട്ടണത്തില്‍നിന്നും അല്പം ഉള്ളിലായി പുതിയതായി തോന്നിച്ച ഒരു വലിയ വീടിന്റെ ബാല്‍ക്കണിയിലാണ് ആദ്യമായി അലി കമലയെ കണ്ടത്. ഒരു പകല്‍ വാടകയ്ക്ക് എടുത്ത സൈക്കിളില്‍ ഊടുവഴികളിലൂടെ കറങ്ങുമ്പോള്‍. പിന്നെയും രണ്ടുതവണ കൂടി അലി കമലയെ അതേപോലെ ബാല്‍ക്കണിയില്‍ കണ്ടു. മൂന്നാമത്തെ തവണ വീടിന്റെ ഗേറ്റില്‍ ചെന്നുനിന്ന് ''ഇവിടെ പഴയ പത്രങ്ങളോ മാസികകളോ എടുക്കാനുണ്ടോ'' എന്ന് അലി ബാല്‍ക്കണിയിലേക്ക് നോക്കി ഉറക്കെ വിളിച്ചുചോദിച്ചു.
കമല ബാല്‍ക്കണിയില്‍നിന്ന് അലിയെ നോക്കി ഇല്ല എന്നു കൈവീശി കാണിച്ചു.
ആ സമയംകൊണ്ട് പക്ഷേ, അലി തന്റെ ഉള്ളില്‍ ഇങ്ങനെ ചിലത് ഉറപ്പിക്കുകയും ചെയ്തു: ബാല്‍ക്കണിയില്‍ കാണുന്ന സ്ത്രീ ഒറ്റയ്ക്കാണ്. അവള്‍ ഒരു കലാകാരിയാണ്. കലാകാരികള്‍ പലപ്പോഴും ഒറ്റയ്ക്കാണ്. രാത്രികളില്‍ അവര്‍ ഉറങ്ങുന്നത് വളരെ വൈകിയാണ്. അവരുടെ വീട്ടില്‍ പണവും ആഭരണങ്ങളും ഉണ്ട്. അലി അടുത്ത ദിവസം തന്നെ ആ വീട് കൊള്ളയടിക്കാന്‍ തീരുമാനിച്ചു. ബാല്‍ക്കണിയില്‍ കാണുന്ന സ്ത്രീയെപ്പറ്റിയും ആ വീടിനെപ്പറ്റിയും കൂടുതലറിയാന്‍ തന്റെ ഇരട്ട സഹോദരിയായ മൈമൂനയെ അലി ചട്ടംകെട്ടി. അടുത്തൊരു പകല്‍, പത്ത് മണിയോടെ, ഒരു കൈനോട്ടക്കാരിയുടെ വേഷത്തില്‍ മൈമൂന കമലയുടെ വീട്ടിലും എത്തി.
അലി തന്റെ തയ്യല്‍മെഷീന്റെ പിറകില്‍ ചെന്നിരുന്നു. പിറകിലെ ചുമരില്‍ തൂക്കിയിട്ട കലണ്ടറിലേക്ക് ചാഞ്ഞ് മാറില്‍ കൈകള്‍ കെട്ടി ഇരുന്നു. കണ്ണുകളടച്ചു.
''കുട്ടിക്ക് ഈ മുഷിഞ്ഞ വസ്ത്രം മാത്രമേ ഉള്ളൂ, വേറെ ഒന്നുമില്ലേ?''
തന്റെ കൈനോക്കി ലക്ഷണം പറഞ്ഞ പെണ്‍കുട്ടിയെ അത്രയും നേരം നോക്കുകയായിരുന്നു കമല. പെണ്‍കുട്ടിയുടെ മുഷിഞ്ഞ വസ്ത്രങ്ങളും വിളര്‍ച്ച തോന്നിച്ച മുഖവും കമലയെ വിഷമിപ്പിച്ചു.
''കാശാണോ വസ്ത്രങ്ങളാണോ കുട്ടിക്ക് ഞാന്‍ തരേണ്ടത്?'' കമല പെണ്‍കുട്ടിയോട് ചോദിച്ചു.
അല്ലെങ്കില്‍ ആ പകല്‍ അവളുടെ വരവ് തന്നെ അത്രയും സന്തോഷത്തോടെയാണ് കമല കണ്ടത്. തന്റെ ശോഷിച്ച കൈകള്‍കൊണ്ട് ഗേറ്റ് പതുക്കെ തള്ളിത്തുറന്ന്, ഒരു പരിഭ്രമത്തോടെ ചുറ്റും നോക്കി, അത്രയും ദൂരം കൂട്ടുപോന്ന അവളുടെ തന്നെ നിഴലിനൊപ്പം പെണ്‍കുട്ടി വന്നു നിന്നതുതന്നെ ഒരു സ്വപ്നത്തിലെന്നപോലെയാണ് കമല കണ്ടത്. അല്ലെങ്കില്‍ ഇങ്ങനെയൊരു കുട്ടി ഇപ്പോള്‍ എന്തിനു തന്നെ വന്നു കാണണം; കമല വിചാരിച്ചു: അവള്‍ വന്നിരിക്കുന്നത് മറ്റെന്തിനോ ആണ്.
''കുട്ടി പറയൂ, കാശാണോ വസ്ത്രമാണോ ഞാന്‍ കൈ നോട്ടത്തിനു ഫീസായി തരേണ്ടത്?'' കമല വീണ്ടും പെണ്‍കുട്ടിയോട് ചോദിച്ചു.
ഒരു നിമിഷം മൈമൂന കമലയെത്തന്നെ നോക്കി, പിന്നെ അറിയാതെ നിറഞ്ഞ തന്റെ കണ്ണുകള്‍ കാണാതിരിക്കാന്‍ തലകുനിച്ചു.
''അയ്യോ, ഞാന്‍ കുട്ടിയെ വേദനിപ്പിച്ചോ'' എന്നു ചോദിച്ച് കമല പെണ്‍കുട്ടിയുടെ മുഖം'' പതുക്കെ ഉയര്‍ത്തിപ്പിടിച്ചു. ''പെണ്‍കുട്ടികള്‍ കരയാന്‍ പാടുണ്ടോ?'' എന്നു ചോദിച്ചു. കമല മൈമൂനയുടെ രണ്ട് കൈകളും എടുത്ത് തന്റെ കൈകളില്‍ വെച്ചു. ''നിനക്ക് ഞാന്‍ ഒരു പുതിയ സാരി തരാം. ഇന്നലെ എന്റെ ഭര്‍ത്താവ് സമ്മാനിച്ചതാണ്. നീ എന്റെ മൂന്ന് കാലങ്ങളും കൈ നോക്കി പറഞ്ഞതല്ലേ?'' കമല പെണ്‍കുട്ടിയുടെ തലയില്‍ തടവി. അവളോട് സന്തോഷമായിട്ടിരിക്കാന്‍ പറഞ്ഞു.
''കുട്ടിക്ക് കേള്‍ക്കണോ, ഒരു കള്ളനു കൊള്ളയടിക്കാന്‍ വേണ്ടത്ര പുതിയ വസ്ത്രങ്ങള്‍ ഇവിടെ എനിക്ക് ഉണ്ട്. എല്ലാം എനിക്കു സമ്മാനമായി കിട്ടിയതാണ്. പിന്നെ സാരികള്‍ക്കിടയില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ച പതിനായിരം ഉറുപ്പികയുണ്ട്. സ്വര്‍ണ്ണം കൊണ്ടുള്ള ഒരു മുത്തുമാലയുണ്ട്.''
കമല തന്റെ കഴുത്തിലെ മാല പെണ്‍കുട്ടിയെ കാണിച്ചു.
''കുട്ടിക്ക് ഇതു വേണോ? മൂന്നര പവനുണ്ട്.''
മൈമൂനയ്ക്ക് കരച്ചിലടക്കാന്‍ വയ്യാതായി. അവള്‍ കരയാന്‍ തുടങ്ങി.
അലി പറഞ്ഞിട്ടാണ് താന്‍ അവിടെ വന്നതെന്നും ഈ വീട് കൊള്ളയടിക്കാന്‍ അലിക്കും തനിക്കും പരിപാടി ഉണ്ടെന്നും മൈമൂന കമലയോട് പറഞ്ഞു. അതിനു മുന്‍പ് തങ്ങള്‍ ആരെങ്കിലും ഇതേപോലെ വീടുകള്‍ വന്നു കണ്ടുപോകാറുണ്ട് എന്നു പറഞ്ഞു. മൈമൂന കമലയെ നോക്കി കൈകള്‍ കൂപ്പി.
ആ വലിയ വീട്ടില്‍ അത്രയും നിശ്ശബ്ദതയ്ക്കുമേല്‍ അത്രയും ശാന്തമായ കരച്ചില്‍ ഇങ്ങനെ ആദ്യമായാണ് പെയ്യുന്നത് എന്നു വിചാരിച്ച് കമല തന്റെ മുന്‍പിലിരുന്നു കരയുന്ന പെണ്‍കുട്ടിയെ തന്നോട് ചേര്‍ത്തുപിടിച്ചു. അവള്‍ കരച്ചില്‍ നിര്‍ത്തുന്നതുവരെ കാത്തു.
''ആട്ടെ, ആരാ അലി?''
പെണ്‍കുട്ടിയുടെ കരച്ചില്‍ നിന്നപ്പോള്‍ കമല ചോദിച്ചു.
''ആങ്ങള'' -മൈമൂന പറഞ്ഞു. ''ഞങ്ങള്‍ ഇരട്ടകളാണ്.''
''ഓ! അവനും കുട്ടിയെപ്പോലെ സുന്ദരനായിരിക്കുമല്ലോ. കുട്ടിയുടെ പേര് എന്താ?'' കമല ചോദിച്ചു.
''മൈമൂന.'' മൈമൂന കമലയെ നോക്കി പുഞ്ചിരിച്ചപ്പോഴും അവള്‍ സുന്ദരി തന്നെ എന്ന് കമല വീണ്ടും പറഞ്ഞു.
''നിങ്ങള്‍ക്ക് എത്ര വയസ്സായി?'' കമല വീണ്ടും അവരെപ്പറ്റി ചോദിച്ചു.
''പതിനാറ്'' മൈമൂന പറഞ്ഞു.
''അപ്പോള്‍ നിങ്ങള്‍ വലിയ കുട്ടികളായിരിക്കുന്നു എന്നാണ് അര്‍ത്ഥം.''
കമല പെണ്‍കുട്ടിയോട് കണ്ണുകള്‍ തുടക്കാന്‍ പറഞ്ഞു. അവളുടെ ആങ്ങളയ്ക്ക് നൈസാമലി എന്നു മാറ്റി പേരിടണം എന്നു പറഞ്ഞു. പിന്നെ, അവള്‍ക്കുള്ള സമ്മാനമായി ഒരു സാരി കൊണ്ടുവരാം എന്നു പറഞ്ഞ് കമല എഴുന്നേറ്റു. ''കുറച്ചു കാശും കൈനോട്ടക്കാരിക്ക് ഫീസായി തരാം.''
അന്ന് ബസില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങുന്ന വഴിയില്‍ അലി പറഞ്ഞ കവര്‍ച്ചയുടെ കഥ ജാനു മുഴുവനായി സങ്കല്പിച്ചു. അലി വിശേഷിപ്പിച്ച നിലാവുള്ള രാത്രിക്കും മുന്‍പ്, അതേ വൈകുന്നേരം, അടുക്കളയില്‍ താന്‍ പണി ചെയ്യുന്നിടത്തേയ്ക്ക് കമല വന്നത് ജാനു വീണ്ടും ഓര്‍ത്തു. ''ജാനു പോവാറായോ?'' എന്ന് കമല അവളോട് ചോദിച്ചത് വീണ്ടും കേട്ടു. ''എന്തേ?'' എന്നു ചോദിച്ച് താന്‍ കമലയെ തിരിഞ്ഞുനോക്കിയത് വീണ്ടും കണ്ടു.
ജോലി കഴിഞ്ഞു മടങ്ങുന്നതിനു മുന്‍പ്, വീടിന്റെ പിന്നിലെവിടെയോ ചാരിവെച്ച മരത്തിന്റെ കോണി വീട്ടുമുറ്റത്തെ വേപ്പ് മരത്തില്‍ ചാരി വെയ്ക്കാന്‍ കമല ജാനുവിനോട് ആവശ്യപ്പെട്ടു. ''അത് എന്തിനാണ്'' എന്ന് ജാനു ആശ്ചര്യത്തോടെ കമലയോട് ചോദിച്ചപ്പോള്‍, ''ആ രാത്രി സുന്ദരന്മാരായ രണ്ട് കള്ളന്മാര്‍, സര്‍ക്കസ് കോമാളികളുടെ വേഷത്തില്‍, ആരും അറിയാതെ, ആര്‍ക്കും പിടികൊടുക്കാതെ, തന്നെ സന്ദര്‍ശിക്കുന്നുണ്ട്'' എന്നു മറുപടി പറഞ്ഞു.
''അവര്‍ ഈ വീട് കൊള്ളയടിക്കാന്‍ വരുന്നവരാണ്'' -കമല പറഞ്ഞു. ''ജാനു പേടിക്കേണ്ട, എന്നെ അവര്‍ കൊണ്ടുപോവില്ല.'' ''നാളെ വരുമ്പോള്‍ ഞാന്‍ ബാക്കി പറയാം.''
കൈനീട്ടി കമല ജാനുവിന്റെ കവിളില്‍ തൊട്ടു.
ഗേറ്റ് പൂട്ടി പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ബാല്‍ക്കണിയില്‍ തന്നെത്തന്നെ നോക്കിനില്‍ക്കുന്ന കമലയ്ക്ക്, ജാനു, മുറ്റത്തെ വേപ്പ് മരത്തില്‍ ചാരിവെച്ച കോണി കാണിച്ചുകൊടുത്തു. പകരം, ജാനുവിനെ നോക്കി കമല കൈവീശി കാണിച്ചു. പിന്നെ, അതേ ആംഗ്യത്തിന്റെ തുടര്‍ച്ചപോലെ, തന്റെ തലയ്ക്ക് ചുറ്റും ഒരുവട്ടം ജാനുവിനെ നോക്കി കമല വരച്ചുകാണിച്ചു.
''മനക്കോട്ട.'' മനക്കോട്ട എന്ന വാക്കിന് കമല കാണിക്കാറുള്ള ആംഗ്യമായിരുന്നു അത്.
ഇപ്പോള്‍ ജാനുവും തന്റെ ഓര്‍മ്മയിലെ ആഴമുള്ള സ്ഥലത്തിന്റെ പേര് പോലെ അതേ വാക്ക് പറഞ്ഞു. കമലയെ ഓര്‍ക്കാന്‍ നനയുന്ന കണ്ണുകള്‍ അടച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates