

ആ കുണ്ടിയൊക്കെ നന്നായി ഇളക്കി കളിക്കീനെടി പെണ്ണുങ്ങളെ.'
'എന്റെ സിസ്റ്ററെ കുണ്ടിയെന്ന് പറഞ്ഞാ അവളുമാര്‍ക്ക് മനസ്സിലാവൂല. മൂലം കുലുക്കി കളിക്കാന്‍ പറ.'
ആളുകള്‍ ഇരുന്നിരുന്ന് നെഞ്ചു കനത്തൊരു സ്റ്റൂളിനെ നിലവിളക്കായി സങ്കല്പിച്ച് പ്രിയ മേരിയുടെ പാട്ടിനൊപ്പം പണിപ്പെട്ട് ചുവടുകള്‍ വയ്ക്കുമ്പോഴായിരുന്നു മറിയ സിസ്റ്ററിന്റേയും ബേബിയമ്മയുടേയും കാശിനു കൊള്ളാത്ത കോമഡി. വൈകുന്നേരം പ്രാക്ടീസ് ഉണ്ടെന്ന് പറഞ്ഞപ്പോഴേ കൂട്ടിന് ആ തള്ളയെ വിടരുതെന്ന് അമ്മയോട് പറഞ്ഞതാണ്. ഇതുപോലെ കണ്ണും മൂക്കും ഇല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് മാനം കെടുത്തും.
വയനാട്ടീന്ന് വന്ന് പള്ളിക്കടുത്ത് സ്ഥലം വാങ്ങി മഠം പണിയാന്‍ തുടങ്ങിയിരിക്കുന്ന സിസ്റ്ററിനേയും കൂട്ടരേയും പോലെ പുതിയതാണ് അലുക്കുലുത്ത് പിടിച്ച ഈ കളിയും ഞങ്ങള്‍ക്ക്. യൂത്തിന്റെ ജില്ലാതല മത്സരങ്ങള്‍ പൊട്ടക്കുഴിയിലെ വല്യ പള്ളിയില്‍ വെച്ചു നടത്തുമ്പോള്‍ ഞങ്ങള്‍ മാമൂടുകാര്‍ക്ക് ഓവറോള്‍ ട്രോഫി തൊട്ട് തൊട്ടില്ലെന്ന് കൈവിട്ട് പോകുന്നത് മാര്‍ഗം കളിയുടെ റിസള്‍ട്ട് വരുമ്പോഴായിരുന്നു. രോഗീസന്ദര്‍ശനം, കുട്ടികള്‍ക്ക് പഠനസഹായം എന്നിങ്ങനെയുള്ള പരിപാടികള്‍ക്കൊപ്പം ഞങ്ങളെ മാര്‍ഗം കളി പഠിപ്പിക്കാനുള്ള ചെലവും സിസ്റ്റര്‍മാര്‍ ഏറ്റെടുത്തത് അങ്ങനെയാണ്.
പ്രാക്ടീസ് കഴിഞ്ഞിറങ്ങുമ്പോ കറന്റ് കട്ടിന് നേരമായെന്നും പറഞ്ഞ് മിണ്ടാനിടം തരാതെ ബേബിയമ്മ നടത്തത്തിന് വേഗത കൂട്ടി. ഞങ്ങടെ വീടിന്റെ തൊട്ടപ്പുറത്താണ് അവരുടെ വീട്. ഒറ്റയ്ക്കാണ് താമസം. നാല് സഹോദരിമാര്‍ ഉള്ളത് കുടുംബമായി. പത്തൊന്‍പതാമത്തെ വയസ്സില്‍ പതിനഞ്ചു പവനുമിട്ട് ഇവരുടെ കല്യാണവും കഴിഞ്ഞതാണ്. അയാള്‍ വാരിവലിച്ച് ഭക്ഷണം കഴിക്കും, കാലുകളില്‍ എപ്പോഴും അഴുക്കും ചെളിയും പുരണ്ടിരിക്കും, മുഷിഞ്ഞ വസ്ത്രങ്ങള്‍ ഇടും, സ്‌നേഹമില്ലാതെ കെട്ടിപ്പിടിക്കും. സ്വര്‍ണ്ണം മോഷ്ടിച്ച് കള്ളു കുടിച്ച് തല്ലും കൂടെ തുടങ്ങിയപ്പോ ബാക്കിയുണ്ടായിരുന്നത് മടിയില്‍ പൊതിഞ്ഞെടുത്ത് തിരിഞ്ഞു നോക്കാതെ അവിടം വിട്ടു. 'ആ കഴിപ്പണം കെട്ടോന്റെ പിള്ളരെ പെറാനും പോറ്റാനും എനിക്ക് വയ്യ. ഞാനിവിടെ ജീവിച്ചോളാം.' അത് കേട്ട് അപ്പന്‍ കണ കുണ പറഞ്ഞെങ്കിലും അമ്മ ബേബിയമ്മക്ക് ഒപ്പം നിന്നു.
ആലിനടുത്ത് എത്തുമ്പോഴേക്കും കറന്റ് പോയിരുന്നു. പാതിരാത്രി കാണാന്‍ പരോള്‍ കിട്ടിയിരുന്ന ക്രിസ്മസ്, ഈസ്റ്റര്‍ കുര്‍ബാനക്ക് പോകുംവഴിയാണ് മാമൂട് നിറഞ്ഞുനില്‍ക്കുന്ന ഈ ആല്‍മരത്തെ അടിമുടി ഒന്നു നോക്കുന്നത്. മാമൂട്ടില്‍ മൂന്ന് റോഡ് ചേരുന്നതിനു നടുവിലായാണ് ആശാന്റെ നില്‍പ്പ്. എന്റെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ കാലത്തോളം പഴയതാണ്. മാമൂടിന്റെ കഥകള്‍ തുടങ്ങുന്നതും ഇവിടന്ന് തന്നെ. താമര അപ്പൂപ്പന്റെ മുറുക്കാന്‍ കട, വീട്ടിലെ ചോറ് വിളമ്പുന്ന രവിയണ്ണന്റെ ഹോട്ടല്‍, മൂക്കുപ്പൊടി മണക്കുന്ന മണി മാമന്റെ സ്‌റ്റോര്‍, ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള തങ്കപ്പന്റെ തയ്യല്‍ക്കട. ബസ് കയറാന്‍ വരുന്നവര്‍ തങ്കപ്പന്റെ കട മറയുന്ന തരത്തില്‍ എങ്ങാനും നിന്നു പോയ അപ്പൊ ഒരു പാത്രം വെള്ളം കൊണ്ട് വന്ന് നിക്കുന്നവരുടെ നേരെ ഒഴിക്കും. വഴക്കൊഴിഞ്ഞ് അയാള്‍ക്ക് തയ്ക്കാന്‍ നേരമുണ്ടാവില്ല.
സ്‌കൂളില്‍ പോവാന്‍ നിക്കുന്ന കുട്ടികള്‍ അയാളെ ചൊടിപ്പിക്കാന്‍
'തങ്കപ്പന്‍ തലകുത്തി
ചന്തയില്‍ ചെന്നപ്പോ
തങ്കമ്മ പെറ്റത്
തവളക്കുഞ്ഞ്' എന്ന പാട്ട് പാടും.
തങ്കപ്പന്‍ കലിപ്പനായി മൂലയില്‍ ഒതുക്കിവച്ചിരിക്കുന്ന കമ്പെടുക്കുമ്പോള്‍ കൂവിക്കൊണ്ട് കുട്ടികള്‍ ഓടും.
ഞാനും ബേബിയമ്മയും വീട്ടിലെത്തുമ്പോ കറന്റ് പോകുന്ന നേരത്തുള്ള കഥ പറച്ചിലിനായി കട്ടന്‍ ചായയൊക്കെ കുടിച്ച് മുറ്റത്ത് ചാരുകസേരയില്‍ അപ്പച്ചന്‍ റെഡിയാണ്. അപ്പച്ചന് ഒരുപാട് കഥകളറിയാം. മാമൂടിന്റെ മുറ്റത്ത് കസേരയിട്ട് ആകാശം നോക്കികിടക്കുന്ന തലമുറകളുടെ കഥകളറിയുന്ന ആല്‍മരമുത്തപ്പനെപ്പോലെ.
തിണ്ണയില്‍ അമ്മയ്ക്കും കുട്ടനും അടുത്തായി ബേബിയമ്മ ഇരുന്നപ്പോ മണ്ണെണ്ണ വിളക്കിന്റെ പുക വരുന്ന ദിക്കു നോക്കി ഞാനിരുന്നു. വിഷയം പ്രേതങ്ങളിലും അപ്പച്ചന്‍ നേരിട്ട് കണ്ട മാടനിലും വന്നെത്തി.
'കൊല്ലങ്ങക്കു മുന്‍പാണ്.ചേച്ചിയേം പിള്ളരേം കണ്ടിട്ട് തിരിച്ച് വരണവഴി കെഴക്കേക്കോട്ടയില് പുത്തരിക്കണ്ടത്ത് കലാനിലയത്തിന്റ 'രക്തരക്ഷസ്' നാടകം. ലാസ്റ്റ് വണ്ടിക്ക് പോവാന്നക്കെ കണക്കും കൂട്ടി നാടകം കാണാനിരുന്ന്. ഹോ! മനുഷ്യന്‍ വെറച്ചു പോണ രംഗങ്ങളായിരുന്ന്. എല്ലാം കഴിഞ്ഞിറങ്ങിയപ്പ എന്റെ ഏഴരാണ്ട ശനിക്ക് വണ്ടി കിട്ടീല. അടിയന്തരാവസ്ഥ കാലോണ്. നടന്നു പോകുന്നെങ്കി ശാസ്‌തോങ്ങലത്തെ ക്യാമ്പിനു മുമ്പിലൂടെയേ പോവാന്‍ പറ്റൂ. നട്ടപ്പാതിരക്ക് ആ ഭാഗത്ത് കണ്ടാ അവിടത്തെ പൊലീസ്‌കാരമ്മാര് വെറുതെ വിടോ. വെളുപ്പിനു പാല് വിക്കാമ്പോയ ഒരു പയ്യനെ അടിച്ച് കൊന്ന് മരുതങ്കുഴി പാലത്തിനു താഴെ തള്ളിയിരിന്നത് കണ്ടവരുണ്ടെന്ന്. വേറേം ശവങ്ങള്‍ അവിടെക്കെ കണ്ടിറ്റൊണ്ടെന്നും കഥകളൊണ്ടായിരുന്ന്. രണ്ടും കല്പിച്ച് ഞാന്‍ നടക്കാന്തൊടങ്ങി. ആളനക്കം ഇല്ലാത്തൊരിടത്ത് എത്തിയപ്പ ഒരു ചങ്ങലക്കിലുക്കം. പെട്ടപാട് നോക്കീറ്റും ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും അവിടെങ്ങും കണ്ടില്ല. എന്റെ നെഞ്ച് പെടച്ച്. മൂന്ന് നാലടി മുന്‍പോട്ട് നടന്നിട്ട് ഞാന്‍ പയ്യെ തിരിഞ്ഞു നോക്കി. എന്റെ എരട്ടി പൊക്കത്തിലും വണ്ണത്തിലും ഒരുത്തന്‍. മാടന്‍ തന്നന്ന് എനിക്ക് ഒറപ്പായി. മിണ്ടാത വന്ന് പെറകെന്ന് അടിച്ചിടണതാണ് അവന്റെ രീതി. എന്റടുത്താണ കളി. ഞാന്‍ അവന്റെ നേരെ തിരിഞ്ഞിറ്റ് പെറകോട്ട് നടക്കാന്തൊടങ്ങി.'
നെഞ്ചിടിപ്പോടെ ഞാനും കുട്ടനും കഥയങ്ങനെ കേട്ടിരിക്കുമ്പോ കറന്റ് വന്നു. പോയിരുന്ന് പഠിക്ക് രണ്ടും എന്നും പറഞ്ഞ് വിളക്കൂതിക്കെടുത്തി അമ്മ അകത്തേക്കും ബേബിയമ്മ അവരുടെ വീട്ടിലേക്കും പോയി. അപ്പച്ചന്‍ കസേരയില്‍ ചാരിക്കിടന്ന് ആകാശത്തേക്കും.
ബേബിയമ്മയുടെ പ്രേമകഥയും ഇതുപോലെ ആകാശം നോക്കിക്കിടക്കുമ്പോഴാണ് അപ്പച്ചന്‍ പറഞ്ഞു തന്നത്. മാമൂടിന്റെ മിടിപ്പായിരുന്ന് സഖാവ് ഗോപാലന്‍.
'കല്യാണോം കളവാണോം ഒന്നും വേണ്ടണ്ണ. കൊണള്ളൊരുത്തന്റെ നെഞ്ചില് നമ്മളൊണ്ടെന്ന് ഒറപ്പാണെ. എനിക്ക് ജീവിക്കാന്‍ അതൊക്ക മതിയണ്ണ. അയാള ഈ നാട്ടിന് വേണം.'
ഗോപാലനുമായ്‌റ്റൊള്ള കല്യാണക്കാര്യം പറയുമ്പ അവള് പറയുന്നതാണ്. ആലിന്റവിടന്ന് മലമോളിലോട്ട് പോവുമ്പഴുള്ള അബ്രക്കുഴീര അകത്തോട്ടെറങ്ങി
കെടങ്ങുപോലൊരടത്തിരുന്ന് അവര് കൊച്ചു വര്‍ത്താനം പറയും.'
'അഭ്രക്കുഴിയോ!'
എനിക്കതിശയം തോന്നി.
പണ്ട് ബ്രിട്ടീഷ്‌കാര്‍ വന്ന സമയത്ത് അഭ്രം കുഴിച്ചെടുത്തിട്ട് ഉപേക്ഷിച്ച ഒരു തിമിംഗലത്തിന്റെ തുറന്ന വായോളം വലിപ്പമുള്ള കുഴി. അതിനു ചുറ്റും എപ്പോഴും അഭ്രക്കഷണങ്ങള്‍ മിന്നിക്കിടക്കും. മാമൂട്ടിലെ സകല പ്രേതങ്ങളും മറുതയും മാടനുമൊക്കെ ആ കുഴിയില്‍നിന്നാണ് വരുന്നതെന്ന് കുട്ടിക്കാലത്ത് ഞങ്ങള്‍ വിശ്വസിച്ചിരുന്നു.
'സഖാവ് ഗോപാലന്റെ അടുത്ത കൂട്ടുകാരനായിരുന്ന് എസ്.ഐ. സത്യന്‍. പാനൂരില്‍ ജോലി ചെയ്യണ കാലത്ത് സ്‌റ്റേഷനില്‍ വെടികൊണ്ട നെലയിലാണ് കണ്ടത്. തനിയെ ചെയ്തതാണെന്ന് അവിടുള്ളോമാര്.
കൊന്നതാണ്. അവന്‍ നെറിയുള്ളൊനായിരുന്ന്. കൊറഞ്ഞ ജാതിയും. ഏമാമ്മാര കണ്ണില് കരടാവാന്‍ കൂടുതല് വല്ലതും വേണോ. മൂന്ന് വെടിയുണ്ട നെഞ്ചിന്റെ ഭാഗത്തായിറ്റ് തറച്ചിരുന്ന് എന്നാണ് കേട്ടത്. ഗോപാലനായിരുന്ന് കേസിനും കൂട്ടത്തിനുമൊക്ക മുന്‍പില്. പെട്ടെന്നൊരൂസം അവനെ കാണാതായി. കേസ് അവര് ജയിച്ച്. പ്രതികളെല്ലാരേം വെറുതേയും വിട്ട്.' ബേബിയമ്മയുടെ ഗോപാലന്‍ സഖാവിനെ പിന്നൊരിക്കലും കണ്ടിട്ടില്ലെന്ന് കേട്ടപ്പോ വലുതല്ലാത്തൊരു വിഷമം എനിക്കും തോന്നി.
പിറ്റേന്ന് പ്രാക്ടീസിനായി പള്ളിയില്‍ പോകാനൊരുങ്ങുമ്പോ ബേബിയമ്മയും ഒപ്പം വരാനിറങ്ങി. വരണ്ട എന്ന് വഴക്കുണ്ടാക്കിയപ്പോ പറഞ്ഞ കടുത്ത വാക്കുകളെല്ലാം അവര്‍ നുള്ളിപ്പെറുക്കി വലിച്ചുകീറി ഊതിപ്പറത്തിയിട്ട് ഒപ്പം വന്നു. കുര്‍ബ്ബാനയുള്ള ദിവസങ്ങളില്‍ ആനവാതിലിനു മുന്നിലെ പടിയില്‍ ഇരിക്കും. പള്ളിക്കാത്ത് ഒണ്ടെന്ന് നിങ്ങള് പറയണ ദൈവത്തിനെ കാണാനല്ല മാമൂട്ടിലെ മനുഷ്യരെ കാണാനാണ് വന്നതെന്നു പറയും. 'പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വിവാഹത്തിനു മുന്‍പ് നിങ്ങള്‍ക്കു തോന്നുന്ന സ്‌നേഹങ്ങള്‍ പാപത്തിലേക്കു നയിക്കും. അതൊക്കെ കുടത്തിലാക്കി മൂടി വക്കൂ. ദൈവം നിങ്ങള്‍ക്കൊരു ജീവിത പങ്കാളിയെ തരുമ്പോ മാത്രം സ്‌നേഹങ്ങളുടെ മൂടി തുറക്കൂ.' ഞായറാഴ്ച പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞതു കേട്ട് ബേബിയമ്മ ഉച്ചത്തില്‍ ചിരിച്ചിട്ട് 'എന്നാ അത് പൂത്ത് നാറിപ്പോവും അച്ചോ' എന്നൊരു പറച്ചില്‍. അടുത്ത് നിന്ന മറിയ സിസ്റ്റര്‍ എന്നെ തോണ്ടിയിട്ട് പ്രാര്‍ത്ഥനാ ബുക്ക് മറയാക്കി 'കൊച്ചേ നിന്റെ ബേബിയമ്മക്ക് മാത്രല്ല ഇതൊക്കെ കേട്ട് ആ യേശുവിനും കൂടെ ചിരി വരുന്നുണ്ടാവും.'
അപ്പൊ അര പ്രാന്ത് ബേബിയമ്മക്ക് മാത്രമല്ല.
അച്ചന്‍ പറഞ്ഞതോര്‍ത്ത്, പള്ളിയില്‍ പോകുന്ന വഴി ആലിനടുത്ത് എന്നെ നോക്കി നിക്കാറുള്ള പാതിരാത്രീടെ നെറമുള്ള ആ ചെറുക്കനെ ഇനിയും നോക്കിയാല്‍ വന്നേക്കാവുന്ന പാപത്തിന്റെ കനമോര്‍ത്ത് കുമ്പസാരക്കൂടിനരികെ ഞാന്‍ ഇറക്കി വെച്ചു.
കഴിഞ്ഞ ദുഃഖവാരത്തിനാണ്. കുരിശുമലയില്‍ പോയപ്പോ വഴിയിലിരിക്കുന്ന ഭിക്ഷക്കാര്‍ക്കും കുട്ടികള്‍ക്കും പൈസ കൊടുക്കുന്നെന് പകരം അഞ്ചിന്റെ പാര്‍ലെ ജി ബിസ്‌ക്കറ്റ് വാങ്ങി ബേബിയമ്മയും കുട്ടനും കൂടെ ആഘോഷമായിട്ട് വിതരണം ചെയ്തു.
'നടക്കാന്‍ പറ്റാത്തോരും കണ്ണ് കണ്ടൂടാത്തവരും ഒക്കെ എങ്ങനെയാ ബേബിമ്മേ ഈ മലയിലെത്തിയത്?'
'അവരെക്കെ ആരെങ്കിലും കൊണ്ടിരുത്തിക്കാണും മക്കളെ.അതല്ലേ നമ്മള്
ബിസ്‌ക്കറ്റ് കൊടുത്തത്. പൈസ കൊടുത്താ ഇരുത്തിയോമ്മാര് കൊണ്ട് പോവൂലെ.'
പിറ്റേന്ന് പള്ളിയില്‍ യേശുവിന്റെ ക്രൂശിത രൂപത്തിന്റേം മിഴിനീരൊഴുകുന്ന മാതാവിന്റെ രൂപത്തിന്റേം കാണിക്കപ്പെട്ടീടെ മുകളിലായി പാര്‍ലെ ജി ബിസ്‌ക്കറ്റ്. പിള്ളേരെ തെറ്റിക്കരുതെന്ന് അച്ചന്‍ പരസ്യമായി തന്നെ ബേബിയമ്മയോട് പറഞ്ഞപ്പോ 'കാസറഗോട്ട് പോയിറ്റ് കയറ് പിരിക്കാന്നു പറഞ്ഞ് പറ്റിക്കണത് ഞാനല്ല അച്ചോ' എന്ന്.
'ഹോ! ഈ കെളവിക്ക് അരയല്ല മുഴു പ്രാന്താണ്.'
മാര്‍ഗം കളിയുടെ വേഷത്തിന്റെ ചെലവും ടീച്ചറിനുള്ള ഫീസും സിസ്റ്റര്‍മാരുടെ വകയായിരുന്നു. അണിയേണ്ട ആഭരണങ്ങള്‍ കണ്ടെത്തേണ്ടത് ഞങ്ങളായിരുന്നു. കാശ് മാലയും സ്വര്‍ണ്ണനിറത്തിലുള്ള വളകളും വീട്ടില്‍നിന്നു വാങ്ങിത്തന്നു. ചെറിയ പ്ലാസ്റ്റിക് വളയില്‍ സ്വര്‍ണ്ണ നിറത്തിലുള്ള പേപ്പര്‍ ചുറ്റി ഒരറ്റം സൂക്ഷിച്ചു പൊട്ടിച്ചപ്പോള്‍ അത് മേക്കാതിലെ കമ്മലായി. കനം കുറഞ്ഞ കമ്പി വളച്ച് അതിനു പുറത്ത് വെള്ളിപ്പേപ്പര്‍ ചുറ്റിയപ്പോള്‍ കാല്‍തളയായി.
മത്സരദിവസം അങ്കവാലിട്ട് മുണ്ടും ചുറ്റി, മുടി വാരിയൊതുക്കിക്കെട്ടി, ആഭരണങ്ങള്‍ അണിഞ്ഞിറങ്ങിയപ്പോള്‍ തമ്മില്‍ തമ്മില്‍ കണ്ട് ഞങ്ങള്‍ക്ക് ചിരി പൊട്ടി.
'മാര്‍ഗം കളിക്കുള്ള മത്സരാര്‍ത്ഥികള്‍ സ്‌റ്റേജ് ഒന്നില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.'
തിടുക്കപ്പെട്ട് അങ്ങോട്ടേക്ക് നടക്കുമ്പോഴാണ് എതിര്‍ ടീമുകളിലെ പെണ്ണുങ്ങളെ ശരിക്ക് ശ്രദ്ധിക്കുന്നത്. സ്വര്‍ണ്ണനിറം, ഉരുണ്ടുതടിച്ച ഉറപ്പുള്ള പിന്‍കാലുകള്‍. മേക്കാതിലെ കമ്മലിനും തളക്കും മറ്റ് ആഭരണങ്ങള്‍ക്കും പത്തരമാറ്റ് തിളക്കം. ഞെളിഞ്ഞു തലയുയര്‍ത്തി നടക്കുന്ന അവരെയും സമീപത്തായി കൂനിക്കൂടി നടക്കുന്ന മെലിഞ്ഞ ഞങ്ങളെയും കണ്ടപ്പോള്‍ ബൈബിളില്‍ ഫറവോ കണ്ട സ്വപ്നം ഓര്‍മ്മ വന്നു. പുഷ്ടിയുള്ള തടിച്ച ഏഴു ധാന്യ കതിരുകളും മെലിഞ്ഞുണങ്ങിയ ഏഴു ധാന്യക്കതിരുകളും.
'മേയ്ക്കണെ... ന്താ...'
പ്രിയ മേരി പാടി...
'പ്രസന്നമായൊരു മുഖം കളിയിലുടനീളം നിര്‍ത്തണമെന്ന് ടീച്ചര്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മവന്നെങ്കിലും ചങ്കിടിപ്പും പേടിയും ചിരികളെയൊക്കെ അപ്പാടെ വിഴുങ്ങി. രണ്ടാം പാദം തുടങ്ങി ചവിട്ടിന്റെ ശക്തി കൂടിത്തുടങ്ങിയപ്പോള്‍ അങ്കവാലിലെ ഞൊറികള്‍ ഇളകിത്തുടങ്ങി. അടുത്ത പാദത്തില്‍ രണ്ടുപേരുടെ മുണ്ടുകള്‍ അഴിഞ്ഞു. അവര്‍ പതിയെ സ്‌റ്റേജിന്റെ ഒരറ്റത്തേക്ക് മാറി. മേക്കാതില്‍ വള മുറുക്കിവച്ചതിന്റെ വേദന, കാതിലെ തോട പോലുള്ള കമ്മല്‍ ഊരി വീണ് കാലില്‍ കുത്തിക്കയറിയത് ഒക്കെ ഞങ്ങളെ തരിപ്പണമാക്കിക്കൊണ്ടിരുന്നു. പലയിടത്തായി തെറിച്ചു വീണ തളകളൊക്കെ പെറുക്കിയെടുത്ത് കളി പൂര്‍ത്തിയാക്കാതെ കരഞ്ഞുകൊണ്ട് ഞങ്ങള്‍ സ്‌റ്റേജില്‍ നിന്നിറങ്ങി.
'പുണ്ടാച്ചി മോളെ നിന്റെയൊക്കെ തള്ളയെ കെട്ടിയെടുത്താ ഇങ്ങന കെടന്ന് മോങ്ങാന്‍' ഡ്രസിങ് റൂമിലെ കൂട്ടക്കരച്ചിലിനിടയിലേക്ക് മുഴുത്ത തെറി പറഞ്ഞുകൊണ്ട് ബേബിയമ്മ വന്നു. കളി കുളമായതല്ല കരഞ്ഞതാണ് ബേബിയമ്മയെ ചൊടിപ്പിച്ചത്. 'കരഞ്ഞ് കരഞ്ഞ് നെഞ്ചിലെ കനല് കെടുത്തല്ലേ പെണ്ണുങ്ങളേ. ഈ കളി അടുത്ത വര്‍ഷോം ഒണ്ടാവും. ജയിച്ചങ്ങട്ട് കാണിക്ക്.' മാറിടത്തോട് ചേര്‍ത്തു നിര്‍ത്തി അവര്‍ പറഞ്ഞു.
***
വളരെ പണ്ട് വടക്കൂന്നൊരു അച്ചന്‍ വന്ന് ഇവിടെ പള്ളികളും പള്ളിക്കൂടങ്ങളും ഒക്കെ ഒരുപാട് പണിതിട്ടുണ്ടെന്ന്. ആളുകളെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന്. അച്ചന്റെ ഓര്‍മ്മ ദിവസം കൊച്ചു പള്ളികളില്‍നിന്ന് ആളുകള്‍ ഭക്തിയോടെ നടന്നും മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുമൊക്കെ ഒറ്റ കൂട്ടമായി വല്യ പള്ളിയില്‍ എത്തും. മാര്‍ഗം കളിക്ക് ജയിക്കണം എന്ന നിയോഗം വച്ച് പദയാത്രയില്‍ പങ്കെടുക്കാനൊരുങ്ങുകയായിരുന്നു ഞാന്‍. ബേബിയമ്മയും കുട്ടനും തിണ്ണയില്‍ ഇരിപ്പുണ്ട്.
'അമ്മാ ഇത് അക്ക ഊഞ്ച ഊന കുട്ടിയാ.'
'ഇത് ചക്കപ്പൂഞ്ച് കണ്ണേയ്.'
'അക്ക ഊഞ്ചിനു അണ്ണും ഊക്കും ണ്ടാ മ്മാ.'
'ചക്കപ്പൂഞ്ചിന് കണ്ണും മൂക്കും ഇല്ലൈ കണ്ണേ. പൂച്ചക്കുട്ടിക്ക് ഇറുക്ക്.'
'ഊന കുട്ടിക്ക് എതുക്ക് അണ്ണും മൂക്കും.'
'കാര്യമെതുമില്ലൈ. അത് സുമ്മ പൊന്നുരുക്കണ പാത്‌ട്ടേ ഇരുപെ.'
കണ്ണില്‍ കുത്തണ ദാരിദ്രമുള്ള കാലത്ത് ഒരു അമ്മ ചക്ക പൂഞ്ച് വെട്ടി കൂട്ടാന്‍ വയ്ക്കാനിരിക്കുമ്പോ മോന്‍ വന്ന് കിന്നാരം ചോദിക്കണ കഥ, കള്ളക്കഥ പറയുകയാണ് ബേബിയമ്മ. ഇപ്പോ മാത്രമല്ല പള്ളിയിലെ എന്ത് പരിപാടിക്കിറങ്ങുമ്പോഴും അവരടെ 'ലൊടുക്ക്' വര്‍ത്താനം പതിവാണ്. എന്നെ കണ്ടതും 'ദാണ്ട പോണ് ചക്കപ്പൂഞ്ച് പോലത്ത ഒരു ഊന കുട്ടി. പൂച്ചക്കെന്തര്‌ണ്ണേ പൊന്നൊരുക്കണടത്ത് കാര്യം?'
'ചക്കപ്പൂഞ്ച് നിങ്ങള് കളഞ്ഞിട്ട് വന്ന നിങ്ങള കെട്ടിയോന്‍.'
'അത് നീ പറഞ്ഞത് കാര്യം.'
'എന്ന അത് നിങ്ങള കോവാലന്‍ സഖാവ്.'
ഇത്തവണ ഏറ്റു. ഇരുന്നിടത്ത് നിന്ന് അവര് ചാടിയെഴുന്നേക്കുന്ന കണ്ടപ്പോ ഞാന്‍ ഓടി.
'കെളവീടെ ചക്കപ്പൂഞ്ചും പൂച്ചക്കുട്ടീം.'
വാലും തുമ്പും ഇല്ലാതെ ഈ പറയുന്ന കേക്കുമ്പോ എനിക്ക് ചൊറിഞ്ഞു വരും. 'കളി അടുത്താഴ്ചയാണ്. അതിനു പങ്കെടുക്കുന്നവര്‍ പദയാത്രക്ക് പോയി കാല് വെടക്കാക്കണ്ട' എന്ന് മറിയ സിസ്റ്റര്‍ പറഞ്ഞത് കൊണ്ട് മാത്രം ഞങ്ങള്‍ ഏഴു പേരും അന്നു പോയില്ല.
കഴിഞ്ഞ കൊല്ലത്തെ ആ തോല്‍വിക്കു ശേഷം മുടങ്ങാതെ ഞങ്ങള്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കാലുകള്‍ മാര്‍ഗംകളിയുടെ ചുവടുകള്‍ അയവിറക്കി. വരികളോരോന്നിന്റേയും അര്‍ത്ഥവും ആഴവും തെരഞ്ഞു. ഓരോ പാദവും കഴിഞ്ഞ് വരുമ്പൊഴുള്ള ചുവടുകളുടെ മുറുക്കം മനസ്സില്‍ ലഹരി നിറച്ചു. പള്ളിയിലെ കൊച്ചുങ്ങള്‍ ഞങ്ങളുടെ കളി കണ്ട് കണ്ട് തൊട്ടപ്പുറത്ത് കൊച്ചുവട്ടത്തില്‍ കളി തുടങ്ങി. അമ്മമാരുടെ മൂളിപ്പാട്ടുകളില്‍ മാര്‍ഗം കളിപ്പാട്ടിന്റെ വരികള്‍ വിരുന്നെത്തി.
അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. മുണ്ടിലെ ഞൊറികള്‍ അഴിഞ്ഞു പോകാതിരിക്കാന്‍ സൂചിയും നൂലും കൊണ്ട് തയ്ച്ച് അരയില്‍ മറ്റൊരു നൂല് കൊണ്ട് മുറുക്കിക്കെട്ടി. തളയും കമ്മലും ഊരിപ്പോകില്ലെന്ന് ഉറപ്പാക്കി. കളി തുടങ്ങി. ചിങ്കിയുടെ താളം ഹൃദയമിടിപ്പിനോട് ചേര്‍ന്ന് ഞങ്ങളില്‍ ഒരുതരം ഉന്മാദം നിറച്ചു. മറിയ സിസ്റ്റര്‍ പറഞ്ഞപോലെ കുണ്ടി കുലുക്കിയിളക്കി കഴിഞ്ഞ കൊല്ലത്തെ അപമാനത്തെ കാല്‍ക്കീഴിലെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തി ഞങ്ങള്‍ അറഞ്ഞു കളിച്ചു. മുഖം സൂര്യനെപ്പോലെ തിളങ്ങി. അവസാനത്തെ പാദവും ആനന്ദത്തോടെ കളിച്ച് വിയര്‍ത്തൊഴുകി ഇറങ്ങുമ്പോള്‍ കുളിച്ചു തോര്‍ത്തിയ സുഖം.
അവസാന ഇനം മാര്‍ഗം കളി ആയിരുന്നത് കൊണ്ട് വിധിപ്രഖ്യാപനവും അതേ സ്‌റ്റേജില്‍ തന്നെയായിരുന്നു. യൂത്തിന്റെ ജില്ലാതല ഡയറക്ടര്‍ ജോണി തെക്കേപ്പുറത്തച്ചന്‍ സ്‌റ്റേജിലേക്ക് കയറി.
'പ്രിയ അച്ചന്മാരെ, സിസ്‌റ്റേഴ്‌സ്, യുവജന സുഹൃത്തുക്കളെ...
എനിക്കറിയാം നിങ്ങളെല്ലാവരും ആകാംക്ഷാപൂര്‍വ്വം റിസള്‍ട്ട് അറിയാന്‍ കാത്തിരിക്കയാണെന്ന്. ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല. മാര്‍ത്തോമാശ്ലീഹയുടെ ചരിത്രമാണ് മാര്‍ഗംകളിയിലൂടെ നമ്മള്‍ ഓര്‍ക്കുന്നത്. എല്ലാ ടീമുകളും വളരെ നന്നായിട്ട്, മനോഹരമായിട്ട്, സുന്ദരമായിട്ട് അവതരിപ്പിച്ചു. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് എപ്പോഴത്തെയും പോലെ നമ്മുടെ പഴഞ്ചിറ പള്ളിയിലെ ടീമാണ്. മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി പൊട്ടക്കുഴിക്കാരെ പിന്നിലാക്കി മാമൂട്ടിലെ യുവജനങ്ങളാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്.'
'ടട്ട ടാട്ടാ ടാട്ടാട്ടാ... ഈ യാ ഊ ആ... മാമൂടെ...'
ഞങ്ങളുടെ സന്തോഷം കയ്യടികളും ആര്‍പ്പുവിളികളുമായി മുഴങ്ങി.
ഓവറോള്‍ ട്രോഫി അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോള്‍ മെലിഞ്ഞ കതിരുകള്‍ തടിച്ച കതിരുകളെ വിഴുങ്ങിയ ഓര്‍മയില്‍ എനിക്ക് ദേഹമാകെ തരിച്ചു.
'നീയൊക്കെ കൂടുതലങ്ങോട്ട് നിഗളിക്കേണ്ട. ഞങ്ങടെ പിള്ളാരടെ ടീമിന്റെ പാട്ടുകാരികൊച്ച് പുതിയതാ. അതിന് പാട്ട് തെറ്റിപോയിട്ട ഇത് നിന്റെയൊക്കെ കയ്യില്‍.'
'ഞങ്ങടെ പിള്ളേരോ...'
ജോണിയച്ചന്‍ അടുത്ത് വന്ന് എങ്ങോട്ടോ നോക്കി നിന്ന് പയ്യെ പറഞ്ഞത് കേട്ട് ഞാന്‍ കണ്ണു മിഴിച്ചു.
'പൊട്ടക്കുഴി അച്ചന്റെ പള്ളി അല്ലല്ലോ.'
'മോളെ ആ 'ഞങ്ങള്' വേറെ ഈ 'ഞങ്ങള്' വേറെ.' മറിയ സിസ്റ്റര്‍ ചെവിയോരം ചേര്‍ന്നു. മാര്‍ഗം കളിയുടെ വിജയം തന്ന ലഹരി തലയില്‍നിന്ന് എങ്ങോ മറഞ്ഞു.
പള്ളിയില്‍ വരുന്ന പാലത്തറ വീട്ടിലെ ചേച്ചി ബി.എഡ് കഴിഞ്ഞയുടനെ പള്ളിവക സ്‌കൂളില്‍ ഒഴിവുണ്ടായതെങ്ങനെ?
അവരുടെ വീട്ടില്‍ പോകുമ്പൊ മാത്രം അച്ചന്‍മാര്‍ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ളോരുടെ വീട്ടില്‍നിന്നു ചായ പോലും കുടിക്കാതെ 'ഇപ്പൊ കുടിച്ചതേയുള്ളൂ' എന്നു പറഞ്ഞ് മാറി നില്‍ക്കുന്നതും എന്തിന്?
അച്ചാനാവാന്‍ ഞങ്ങടെ പള്ളീന്ന് മനസ്സ് നിറഞ്ഞു പോകുന്ന പിള്ളേര്‍ ഒന്നും മിണ്ടാതെ ഒരുനാള്‍ മടങ്ങി വരുന്നതെന്ത്?
വല്യ പള്ളിയിലേക്കുള്ള പദയാത്രക്കും, സുവിശേഷ യോഗങ്ങള്‍ക്കും ആള് കുറയുമ്പോള്‍ അച്ചന്‍ വല്ലാതെ കയര്‍ക്കുന്നതെന്തിന്?
ചോദ്യങ്ങള്‍ അങ്ങനെ തൊട്ട് തൊട്ട് ഉയരുമ്പോള്‍ അച്ചന്‍ പറഞ്ഞ 'ഞങ്ങളുടെ പിള്ളേര്‍' അതിനൊക്കെ ഉത്തരമാവുകയായിരുന്നു. ബേബിയമ്മ പറഞ്ഞ പ്രാന്ത്കളിലെ പൂച്ചയും പൊന്നും ഒക്കെ പൊരുളും പതിരും തിരിഞ്ഞു വരികയായിരുന്നു.
'ടട്ട ടട്ടാ ടട്ടാ ടട്ടാ... ഈയ ഊആ മാമൂടെ...' കൂട്ടുകാരുടെ അതിരില്ലാത്ത സന്തോഷം കണ്ട് എനിക്ക് സങ്കടം വന്നു. തിരക്കില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരിടം കണ്ടുപിടിച്ച് ചാഞ്ഞിരുന്ന് കണ്ണുകളടച്ചു.
മാമൂട്ടിലെ മരമുത്തപ്പന്റെ ഇലകള്‍ കാറ്റില്‍ ഉലയുന്നു. ഇരുട്ട് കെട്ടിപ്പിടിച്ചു കിടക്കുന്ന രാത്രി. അപ്പൊ മാത്രം രാത്രിയുടെ മുഖത്ത് കാണുന്ന നേരിയ ചിരി വെളിച്ചം. തണുപ്പ്...
മുത്തപ്പന്റെ ചാരുകസേരകയ്യില്‍ ഇരുന്ന് തോളിലേക്ക് ചായുമ്പോ അടുത്തായി അവന്‍. കൈകള്‍ കോര്‍ത്ത് ഏറ്റവും മുകളിലെ കൊമ്പിലൊരിടത്ത് ഞങ്ങള്‍ ചേര്‍ന്നിരുന്നു. ലോകം ആലിന്‍കായോളം ചെറുതാവുന്നു. തൊട്ടപ്പുറത്തെ മേലേക്കടവാറ് പ്രണയം കൊണ്ട് പൊറുതി മുട്ടി നീരാവിക്കൈകള്‍ കൊണ്ട് ആകാശത്തെ തൊടാനായുന്നു.
ആനന്ദം വാരുമാറു മാലാഖാമാര്
തി തെയ് തെയ് തെയ് താരാ
ആകാശേ കൊണ്ടങ്ങു ലോകം ചേര്‍ന്നു
തെയ് തിതെയ് തിതെയ്യക തെയ്യക തെയ്...
അരിക് പറ്റിനിന്ന നക്ഷത്രങ്ങള്‍ ഒന്നാകെ കളി തുടങ്ങി. അതിരില്ലാത്ത ആ ലോകത്തിന്റെ കളിയുടെ താളത്തിന് ചിങ്കിയടിച്ച് ഞങ്ങളും ചേര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates