

കഴിഞ്ഞ പൊങ്കലിനായിരുന്നു ഗണേശന്‍ പാപ്പമ്മയെ കല്യാണം ചെയ്ത് കൊണ്ടുവന്നത്. മഞ്ഞിന്റെ മെല്ലിച്ച ചുറ്റിപ്പിടുത്തത്തിലും പാപ്പമ്മ വിയര്‍ത്തിരുന്നു. വെള്ളക്കുപ്പായവും വേഷ്ടിയുമണിഞ്ഞ ഗണേശന്റെ കണ്ണുകള്‍ തലേദിവസത്തെ ഉറക്കത്തെയോര്‍ത്ത് വേദനിച്ചു. ചടങ്ങുകള്‍ക്കിടയില്‍ ആദിനാഥന്‍ മാറിമാറി വരന്റേയും വധുവിന്റേയും മടിയില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഗണേശന്‍ അവനെ തടഞ്ഞില്ലെന്നു മാത്രമല്ല, ഇടയ്ക്കിടെ കയ്യെത്തിച്ച് തലോടുകയും ചെയ്തു. പാപ്പമ്മയുടെ കഴുത്തില്‍ കിടക്കുന്ന പൂമാലയില്‍നിന്നും വലിയൊരീച്ച മൂളിക്കൊണ്ട് ഇടയ്ക്കിടെ ആദിനാഥന്റെ ഉമിനീരിറ്റിക്കൊണ്ടിരിക്കുന്ന കടവായിലേക്ക് കുതിച്ചു. അസ്വസ്ഥതയോടെ അവന്‍ കയ്യുയര്‍ത്തിയപ്പോള്‍ പൂജാരിയുടെ മുന്‍പിലിരുന്ന തട്ട് മറിയുകയും വിളക്ക് കെടുകയും ചെയ്തു. അമ്മ മരിച്ച ദിവസവും കുറേ പൂക്കളുടെ മത്തുമണം അവനെ അസ്വസ്ഥനാക്കിയിരുന്നു.
ചിന്നപ്പൊണ്ണിന് വയറുനോവായിരുന്നു. ഗണേശന്‍ അവളെ ആവുന്നത്ര നോക്കിയിട്ടുണ്ട്. പട്ടണത്തിലെ ആശുപത്രിയില്‍ പലതവണ കിടന്നതാണ്. ചിന്നപ്പൊണ്ണിന്റെ വയര്‍ വീര്‍ത്തുവരുന്നതിനൊപ്പം തന്നെ കയ്യിലും കാലിലും കണ്‍താഴ്വാരങ്ങളിലും നീരുവന്നു. പൊണ്ടാട്ടിയേയും ബുദ്ധിക്കുറവുള്ള ആദിനാഥനേയും ആശുപത്രി വാര്‍ഡില്‍ തനിച്ചുവിട്ട് അയാള്‍ക്ക് പലപ്പോഴും ഫാക്ടറിയില്‍ പോകേണ്ടിവന്നു. മിക്ക ദിവസവും കുപ്പായത്തിലെ മില്ലുമണവുമായി വൈകുന്നേരം അയാള്‍ ഓടിക്കിതച്ചെത്തുമ്പോള്‍ ആദിനാഥന്‍ അവിടെയെങ്ങുമുണ്ടാവില്ല. ചുണ്ടനക്കാന്‍പോലും വയ്യാതെ കിടക്കുന്ന ചിന്നപ്പൊണ്ണിനെ ദയനീയമായി നോക്കി കലങ്ങിയ നെഞ്ചോടെ അയാള്‍ ആശുപത്രിക്ക് പുറത്തിറങ്ങും. എവിടെ നിന്നെങ്കിലും അയാളവനെ പിടിച്ചുകൊണ്ടുവരും. ചീര്‍ത്തുവീര്‍ത്ത ആദിനാഥനെ താങ്ങാനുള്ള ശേഷി അയാളുടെ കൈകള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഒരു വൈകുന്നേരം തൊട്ടാല്‍ കലമ്പുന്ന തുരുമ്പ് സൈക്കിളും ചവിട്ടി ആശുപത്രിയിലേക്ക് അയാളെത്തുമ്പോള്‍ ചിന്നപ്പൊണ്ണിന്റെ ശ്വാസം തീര്‍ന്നിരുന്നു. ആശുപത്രിച്ചുമരില്‍ പണ്ടെങ്ങോ നിശ്ചലമായ ക്ലോക്കിലേക്കെന്നപോലെ അവളുടെ ദൃഷ്ടി അനക്കമറ്റ് തുറന്ന് നിന്നു. അമ്മയുടെ ശവത്തിനരികെയിരുന്ന് ആദിനാഥന്‍ അപ്പോള്‍ ആരോ കൊടുത്ത ബണ്ണ് തിന്നുകയായിരുന്നു.
ചിന്നപ്പൊണ്ണില്ലാത്ത രാത്രികളെ നേരിടാന്‍ ഗണേശന് പലപ്പോഴും കഴിഞ്ഞില്ല. ആദിനാഥന്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുകയും പലപ്പോഴും അലറുകയും ചെയ്തു. അമ്മയുടെ പ്രേതം അവനെ വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ലെന്ന് പലരും പറഞ്ഞു. ഗണേശന്‍ മകനുവേണ്ടി കടംവാങ്ങി പൂജനടത്തി തീര്‍ത്ഥക്കുളത്തില്‍ മുക്കി. അരയില്‍ ചരട് കെട്ടിച്ചു. പ്രേതത്തെ ഇരുത്താന്‍ പിന്നെയും കടംവാങ്ങി. മില്ലില്‍ അധികനേരം ജോലിചെയ്ത് അയാള്‍ നന്നേ ക്ഷീണിച്ചുപോയിരുന്നു. ജോലിക്കു പോകുമ്പോഴെല്ലാം അയാള്‍ ആദിനാഥനെ അകത്തെ മരക്കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടു. അകന്ന ബന്ധത്തിലുള്ള ഒരു പാട്ടി ചിലപ്പോഴൊക്കെ ആദിനാഥനെ നോക്കാന്‍ വീട്ടില്‍ വരുമായിരുന്നു. അവരും ചത്തുപോയപ്പോഴാണ് പാപ്പമ്മയെ കല്യാണം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചത്.
പാപ്പമ്മ വന്നുകയറിയ രാത്രി ആദിനാഥനെ ആരൊക്കെയോ ബലമായി പിടിച്ചുവെച്ചു. അവന് അപ്പാവുടേയും അമ്മാവുടേയും നടുവില്‍ കിടക്കണമായിരുന്നു. കല്യാണം കഴിഞ്ഞ വീട് ആദിനാഥന്റെ ബഹളത്തില്‍ മുങ്ങി. ഒട്ടും ബലമില്ലാത്ത വാരിപ്പുണരലുകള്‍ക്കിടയിലെപ്പോഴോ ഗണേശന്‍ ഉറങ്ങിപ്പോയിരുന്നു. കണ്ണുതുറന്നു കിടന്നുകൊണ്ട് പാപ്പമ്മ ആദിനാഥന്റെ ഒച്ചയെ അളന്നെടുക്കാന്‍ ശ്രമിച്ചു. കൂടിക്കൂടിവന്ന ബഹളത്തിനിടയില്‍ ഗണേശന്റെ ഭാരമില്ലാത്ത കൈ ദേഹത്തുനിന്നെടുത്തു മാറ്റി അവളെഴുന്നേറ്റ് വാതില്‍ തുറന്നു. കയറിന്റെ കടുംകെട്ടില്‍നിന്നു കൈവിടുവിക്കാന്‍ ശ്രമിച്ചുകൊണ്ട് പാതിയുറക്കത്തിലായിരുന്നു ആദിനാഥന്‍ ബഹളം വെച്ചിരുന്നത്. അവന് കൂട്ടിരുന്നവരൊക്കെ എപ്പോഴോ പോയിരുന്നു. അവള്‍ അവന്റെ അടുത്തുചെന്ന് കിടന്ന് ഇളംചൂടോടെ അവനെ ചുറ്റിപ്പിടിച്ചു. ഒന്നു ചേര്‍ന്നുകിടന്നുകൊണ്ട് അവന്‍ ആഴമുള്ള ഉറക്കത്തിലേക്കു പോയി.
പാപ്പമ്മ ആദിനാഥനെ എണ്ണതേച്ച് കുളിപ്പിക്കുകയും തൊള്ളനിറയെ വാരിക്കൊടുക്കുകയും ചെയ്തു. കുളിക്കുമ്പോള്‍ ഇക്കിളി പൂണ്ട് അവന്‍ കഴുത കരയുന്നതുപോലെ ചിരിച്ചു. പലപ്പോഴും ചൂട് കൊടുത്ത് ഉറക്കി. ഏതൊക്കെയൊ അക്ഷരങ്ങള്‍ പഠിപ്പിച്ചു. നേരെ നടക്കാന്‍ പഠിപ്പിച്ചു. മൈതാനത്ത് കളിക്കുമ്പോള്‍ കുട്ടികളുമായി വഴക്കുണ്ടാക്കരുതെന്നു പറഞ്ഞുകൊടുത്തു. ഗണേശന്‍ കൊണ്ടുവരുന്നതില്‍നിന്നു മിച്ചം പിടിച്ച് പലപ്പോഴും ആദിനാഥനു പാലും റവയും ശര്‍ക്കരയും ചേര്‍ത്തു പലഹാരമുണ്ടാക്കി. ആദിനാഥന്‍ പതുക്കെ ശാന്തനായി. പാപ്പമ്മ ആദിനാഥനെ സ്‌നേഹിക്കുന്നതു കണ്ട് ഗണേശന്‍ സന്തോഷിച്ചു. പണിയെടുത്തുവന്ന ക്ഷീണത്തില്‍ ഗണേശന്‍ നന്നായി ഉറങ്ങി. അയാളുറങ്ങിക്കഴിഞ്ഞ് പാപ്പമ്മ പലപ്പോഴും ആദിനാഥന്റെ അരികത്തുചെന്നു കിടന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പാപ്പമ്മ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.
കുഞ്ഞ് ആദിനാഥനോട് തൊള്ളക്കാട്ടി ചിരിക്കുകയും കൈകാലുകളിളക്കി വര്‍ത്തമാനം ചോദിക്കുകയും ചെയ്തു. ആദിനാഥന്‍ കുഞ്ഞിന്റെ അടുത്തുനിന്നു മാറാതെ അതിനോടും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. പാപ്പമ്മ തമ്പിയെ കിടത്തി എണ്ണ തേപ്പിക്കുന്നതും ഇളംചൂടുവെള്ളം മേലൊഴിച്ച് അരുമയോടെ ഉഴിയുന്നതും കണ്ണ് തട്ടാതിരിക്കാന്‍ കവിളത്ത് പുള്ളികുത്തുന്നതും പാലുകൊടുക്കുന്നതും ആദിനാഥന്‍ നോക്കിയിരുന്നു. അപ്പ ഉറങ്ങിക്കഴിയുമ്പോള്‍ പാപ്പമ്മ അരികത്ത് വന്നു കിടക്കാത്തതില്‍ മാത്രം അവനല്‍പ്പം ഖേദം കൊണ്ടു. തമ്പി ഉറങ്ങുന്നതുകൊണ്ട് പഴയപോലെ ബഹളമുണ്ടാക്കരുതെന്ന് പാപ്പമ്മ അവനെ ധരിപ്പിച്ചിരുന്നു.
ആയിടെയാണ് ഊരില്‍ സര്‍ക്കസ് വന്നത്. വലിയ വണ്ടികളില്‍ ഒട്ടകവും കുതിരയും കരടിയും ഒരു മെലിഞ്ഞ സിംഹവും രണ്ടാനയും കുറേ തത്തകളും. മൈതാനത്ത് അവര്‍ വലിയ കമാനമുണ്ടാക്കി. കമാനത്തിനു പിറകില്‍ ചുറ്റുവേലി. രണ്ടാള്‍പൊക്കത്തില്‍ മറച്ച് സര്‍ക്കസ് കളിക്കുന്ന സ്ഥലം. അതിനും പിറകില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്ന ഇരുമ്പുകൂടുകള്‍. ഐസുവണ്ടികളും കടലയും ചോളവും പൊരിയും വില്‍ക്കുന്നവരും പലതരം മിഠായികള്‍ വില്‍ക്കുന്നവരും മൈതാനത്ത് വന്നുകൂടി. ചാട്ടകൊണ്ട് സിംഹത്തേയും ആനയേയും പേടിപ്പിക്കുന്ന കൊമ്പന്‍ മീശക്കാരന്‍ ആളുകള്‍ക്കിടയിലൂടെ നടന്നു. അയാളെക്കണ്ട് ഓരോരുത്തരും വഴിമാറിക്കൊടുത്തു. പലപ്പോഴും അയാള്‍ നടന്നുപോയ ഉടനെ സര്‍ക്കസ്സിലെ കുള്ളന്‍ അതേവഴി നടന്ന് ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു. കൗതുകത്തോടെ കൊമ്പന്‍ മീശക്കാരനേയും കുള്ളനേയും ആളുകള്‍ മാറിമാറി നോക്കിക്കൊണ്ടിരുന്നു.
കുള്ളന്റേയും കൊമ്പന്‍ മീശക്കാരന്റേയും തമാശകളോടെയാണ് എല്ലാ ദിവസവും സര്‍ക്കസ് തുടങ്ങുക. അവര്‍ പരസ്പരം കളിയാക്കി ആളുകളെ ചിരിപ്പിച്ചു. കുള്ളനെ പലപ്പോഴും മീശക്കാരന്‍ കക്ഷത്തിലെടുത്തുവെച്ചു. പകരം കുള്ളന്‍ മീശക്കാരന്റെ നീളന്‍ കാലില്‍ കടിച്ചു. പിടിക്കാന്‍ ചെന്നപ്പോഴൊക്കെ കാല്‍കവയിലൂടെ അപ്പുറം കടന്നു. അഴകികളായ രണ്ടു പെണ്ണുങ്ങള്‍ ആകാശത്ത് ഊഞ്ഞാലാടി തലകീഴായി മറിഞ്ഞും കമ്പിയിലൂടെ നടന്നും കാണികളെ അത്ഭുതപ്പെടുത്തി. കരടിയും കുട്ടിയാനയും മാറിമാറി സൈക്കിള്‍ ചവിട്ടി. തത്തകള്‍ കൂട്ടമായി ഒട്ടകപ്പുറത്ത് സവാരി നടത്തി. അവരുടേയും സൈക്കിള്‍ പ്രകടനമുണ്ടായിരുന്നു. മീശക്കാരന്‍ പാവം സിംഹത്തെ ചാട്ടവാറു കാണിച്ച് തീവളയത്തിലൂടെ ചാടിച്ചു. ഏറ്റവും അവസാനം വലിയ ആന കാണികളുമായി പന്ത് കളിച്ചു.
ആദിനാഥന്‍ പലപ്പോഴും മൈതാനത്ത് വന്നു കൊതിയോടെ നിന്നു മടങ്ങിപ്പോയി. ടിക്കറ്റെടുക്കാതെ അകത്തു കയറാന്‍ ശ്രമിച്ച അവനെ എപ്പോഴും കാവല്‍ക്കാരന്‍ ഓടിച്ചു. ടിക്കറ്റെടുക്കണമെന്ന് ആരോ പറഞ്ഞതനുസരിച്ച് കൗണ്ടറില്‍ ചെന്നു കൈനീട്ടിയ അവനെ പിറകില്‍ വന്നവര്‍ തള്ളിമാറ്റി. ആനയുടേയും ഒട്ടകത്തിന്റേയും സിംഹത്തിന്റേയുമെല്ലാം പടങ്ങള്‍ അവന്‍ കണ്ടിട്ടുണ്ടായിരുന്നു. അകത്തുനടക്കുന്നത് കൃത്യമായി മനസ്സിലായില്ലെങ്കിലും ആദിനാഥന് അങ്ങോട്ട് കയറണമായിരുന്നു. വീട്ടില്‍ വന്ന ആദിനാഥന്‍ മിണ്ടാതെ ഒരിടത്തിരിപ്പായി. ചോറുതിന്നാന്‍ പാപ്പമ്മ വിളിച്ചിട്ടും അവന്‍ പോയില്ല. കുളിച്ചില്ല. അവള്‍ അരികത്ത് വന്നിരുന്നു വാരിക്കൊടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ തലചെരിച്ചു. വൈകുന്നേരം ഗണേശന്‍ വന്നപ്പോഴും അവന്‍ ഒരേ ഇരിപ്പിരുന്നു. പാതിരയായിട്ടും ഉറങ്ങാതെയിരിക്കുന്ന ആദിനാഥനെ അയാള്‍ നല്ലതു പറഞ്ഞ് കിടത്താന്‍ ശ്രമിച്ചു. അവന്‍ വഴങ്ങിയില്ല. ദേഷ്യം വന്ന ഗണേശന്‍ ആദ്യമായി അവനെ കൈനീട്ടി അടിച്ചു. ഇടിവെട്ടി മഴപെയ്യും പോലെ അവന്‍ കരയാന്‍ തുടങ്ങി. നിര്‍ത്താതെയുള്ള കരച്ചില്‍. ഇടയ്ക്കു നേര്‍ത്തും ഉടനെ ഘനമാര്‍ന്നുമുള്ള കരച്ചില്‍. ആദിനാഥനെ നോക്കിയിരുന്ന് ഗണേശന്‍ ഉറങ്ങിപ്പോയി. എഴുന്നേറ്റ് ആദിനാഥന്റെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങിയ പാപ്പമ്മയെ കുഞ്ഞിന്റെ ഉറക്കത്തിലുള്ള ചിരി തടഞ്ഞുനിര്‍ത്തി.
അടുത്ത ദിവസം നാട്ടുകാര്‍ക്ക് പുതിയൊരു സൗജന്യം സര്‍ക്കസുകാര്‍ അനുവദിച്ചു. സിംഹത്തിനു ഭക്ഷണവുമായി വരുന്നവര്‍ക്ക് സര്‍ക്കസ് വെറുതെ കാണാം. സിംഹത്തിന്റെ ഭക്ഷണം മാംസമാണ്. ഇറച്ചിയായി കൊണ്ടുവരുന്നവര്‍ക്ക് അതാകാം. അല്ലാത്തവര്‍ക്ക് കോഴിയോ മുയലോ പൂച്ചയോ കൊണ്ടുവരാം. നന്നേ ക്ഷീണിച്ച സിംഹം ആളുകള്‍ കൊണ്ടുവന്നതെല്ലാം ക്ഷണനേരംകൊണ്ട് തിന്നുതീര്‍ത്തു. കൂടിനരികത്തേക്ക് വന്ന കൊമ്പന്‍ മീശക്കാരനെ എപ്പോഴും അത് ദയനീയമായി നോക്കി. അടുത്തുവരുമ്പോള്‍ എഴുന്നേറ്റ് നിന്നു. എന്തു കൊണ്ടുവരുമ്പോഴും മീശക്കാരന്‍ പിറകില്‍ മറച്ചുപിടിച്ചിരുന്നു. പിന്നീട് സിംഹം ആര്‍ത്തിയോടെ തിന്നുന്നത് മീശത്തുമ്പില്‍ ഒരു ചെറുചിരിയൊളിപ്പിച്ച് ദൂരെ മാറി അയാള്‍ നോക്കിനിന്നു. ചാക്കുകളില്‍ മൂടിപ്പൊതിഞ്ഞുകൊണ്ടുവരുന്ന പൂച്ചയേയോ മുയലിനേയോ കോഴിയേയോ അതേപടി കൂടിനുള്ളിലേക്കെറിയുകയായിരുന്നു പതിവ്. ചാക്കുതുറന്നു പുറത്തേയ്ക്കു കടക്കുന്ന ഇരയെ കണ്ണില്‍ ദൈന്യതയൊളിപ്പിച്ചുകൊണ്ടുതന്നെ സിംഹം പറിച്ചുകീറി ഭക്ഷിച്ചു.
നാട്ടില്‍ കോഴിയോ മുയലോ വളര്‍ത്തിയിരുന്നവര്‍ അവയെ ആര്‍ക്കും എടുത്തുകൊണ്ടു പോകാനാവാത്തവിധം ഭദ്രമാക്കി. അവറ്റയെ കൈമാറി സര്‍ക്കസ് കാണാനാഗ്രഹിച്ച തങ്ങളുടെ മക്കളെ ആജ്ഞാപിച്ച് അടക്കിനിര്‍ത്തി. ചില ദിവസങ്ങളില്‍ രുചിയോടെ കഴിക്കാന്‍ കിട്ടാതിരുന്ന സിംഹം കൊമ്പന്‍ മീശക്കാരനെ പ്രതീക്ഷയോടെ നോക്കി. എത്ര നിറച്ചിട്ടും അതിന്റെ ആര്‍ത്തിയും എല്ലുകളും പുറത്തേക്കുന്തി നിന്നു. തീറ്റ പോരാതെ വരുമ്പോള്‍ സിംഹത്തിന്റെ ആഗ്രഹം മാത്രം സിംഹരൂപം പൂണ്ട് കൂട് തകര്‍ത്ത് വെളിയിലിറങ്ങി ഗ്രാമത്തിനുള്ളിലൂടെ നടന്നു. തന്റെ ഇരകളെ അടച്ചിട്ട കൂടുകള്‍ക്കു മുന്‍പില്‍ നെടുവീര്‍പ്പോടെ നിന്നു മടങ്ങിപ്പോന്നു. വെളുപ്പിനു കൊമ്പന്‍ മീശക്കാരന്‍ വരുന്നതിനു മുന്‍പേതന്നെ ആഗ്രഹം സിംഹത്തിന്റെ ശരീരത്തിലേക്കു തിരിച്ചുചെന്നു കുടിയേറി. ഏതാണ്ടിതേപോലെത്തന്നെ ആദിനാഥന്റെ സര്‍ക്കസ് കാണാനുള്ള ആഗ്രഹവും തമ്പിലും പരിസരത്തും ചുറ്റിനടന്നു തിരിച്ചവന്റെ ഉറക്കത്തിലേക്കു ചേക്കേറിയിരുന്നു.
സിംഹത്തിന്റെ അതേ വര്‍ഗ്ഗക്കാരായ പൂച്ചകളാണ് ഗ്രാമത്തില്‍ കൂടുതല്‍ വിഷമിച്ചത്. അവര്‍ ഓടുകയും ഒളിച്ചിരിക്കുകയും ചെയ്തു. പലനിറക്കാരായ പൂച്ചകള്‍ തങ്ങളുടെ നിറം ഒളിപ്പിച്ചു വയ്ക്കാനാവാതെ വിഷമിച്ചു. തള്ളപ്പൂച്ചകള്‍ കുഞ്ഞുങ്ങളുമായി ഗ്രാമം കടന്നുപോകാന്‍ ശ്രമിച്ചു. സിംഹത്തെക്കുറിച്ച് അവര്‍ക്കറിയാമായിരുന്നു. ചാക്കിനുള്ളില്‍ മുറുകുന്നതിനു മുന്‍പ് പല പൂച്ചകളും ഒരിക്കല്‍ക്കൂടി അമ്മമാരുടെ മുലകളിലേക്ക് മടങ്ങിച്ചെല്ലാന്‍ ആഗ്രഹിച്ചു. കുട്ടികള്‍ പലതരക്കാരായ പൂച്ചകള്‍ക്കു പിറകേ ഓടി. പലര്‍ക്കും മാന്തോ കടിയോ കിട്ടി. ചില പൂച്ചകള്‍ സിംഹത്തേക്കാള്‍ ഭീകരമായി അലറി. അവരെ പിടികൂടാന്‍ ചെന്നവര്‍ ഭയന്നുപോകുന്ന വിധത്തില്‍ തേറ്റകളും നഖവും പുറത്തെടുത്തു. എങ്കിലും ഗ്രാമത്തില്‍ പൂച്ചകളുടെ എണ്ണം അനുദിനം കുറഞ്ഞുവന്നു.
ആദിനാഥനെ മാത്രം എപ്പോഴും പൂച്ചകള്‍ കബളിപ്പിച്ചു. എവിടെനിന്നോ തപ്പിയെടുത്ത കീറച്ചാക്കുമായി അവന്‍ പൂച്ചകളുടെ പിറകേ ഓടിനോക്കി. ആദിനാഥന്‍ തങ്ങളെ പിടികൂടില്ലെന്ന് അവറ്റകള്‍ക്കറിയാമായിരുന്നു. പൊണ്ണത്തടിയും പെരുവയറും കയ്യില്‍ ചാക്കുമായി പൂച്ചകള്‍ക്കു പിറകേ ഓടി പലപ്പോഴും അവന്‍ അലച്ചുവീണു. പിടിക്കാനാവാത്ത പൂച്ചകള്‍ക്കു പിറകേ ഉറക്കത്തിലും അവന്‍ ഓടിക്കൊണ്ടിരുന്നു. മറ്റുള്ളവരാല്‍ പിടിക്കപ്പെട്ട പൂച്ചകള്‍ ചാക്കില്‍നിന്നു കൂട്ടിലേയ്ക്കിറങ്ങിയ ഉടനെ തങ്ങളുടെ ബന്ധുവായ സിംഹത്തെക്കണ്ട് എഴുന്നുനിന്നു. വംശാവലിയെക്കുറിച്ച് അറിവുള്ള ചില പൂച്ചകള്‍ ഞാന്‍ എന്നെത്തന്നെ തിന്നുകയാണെന്നു സമാധാനം കൊണ്ട് തത്ത്വശാസ്ത്രപരമായി മരണത്തിലേക്കു പോയി.
തിരുമണം കഴിഞ്ഞ് ഒരു കൊല്ലമായതും കുഞ്ഞുണ്ടായതുമെല്ലാം കണക്കിലെടുത്ത് ഗണേശന് പാപ്പമ്മയുടെ കുടുംബക്കാരെ സന്തോഷിപ്പിക്കേണ്ടതുണ്ടായിരുന്നു. തൈപ്പൊങ്കലിന് പാപ്പമ്മയുടെ വീട്ടുകാര്‍ക്ക് അരിയും ശര്‍ക്കരയും പൊങ്കല്‍പ്പാത്രവും കൊടുക്കണം. അടുത്ത ഊരില്‍നിന്ന് അവരെത്തുന്ന ദിവസമായതിനാല്‍ ഗണേശനും പാപ്പമ്മയും ധൃതിയിലായിരുന്നു. പാപ്പമ്മ കരിമ്പും പഴവും നാളികേരവുമെല്ലാം തയ്യാറാക്കിവെച്ചിരുന്നു. വിരുന്നുവന്നവര്‍ നാലുദിവസവും കൂടിയിട്ടേ പോവൂ. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി അവള്‍ കഴുത്തിലൂടെ ചുവന്ന ബ്ലൗസിനു പിറകിലൂടെ ഒഴുകുന്ന വിയര്‍പ്പുചാലുമായി പണിയെടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് മുല കനത്ത് നിന്നപ്പോഴാണ് പാപ്പമ്മ കുഞ്ഞിന്റെ തൊട്ടിലിനടുത്തേയ്ക്ക് ചെന്നത്. തുണിത്തൊട്ടിലില്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. തൊട്ടിലില്‍ കുഞ്ഞിന്റെ മൂത്രനനവ് പതുക്കെ ഉണങ്ങിത്തുടങ്ങിയിരുന്നു.
അടുക്കള അവിടെയിട്ടുകൊണ്ട് പാപ്പമ്മ പുറത്തേക്ക് ഓടിയിറങ്ങി. വിളിച്ചാല്‍ വിളികേള്‍ക്കുന്ന പ്രായമല്ലാത്തതിനാല്‍ അവള്‍ കുഞ്ഞിനെ അമ്മയ്ക്ക് കഴിയാവുന്നതുപോലെ ഉള്ളില്‍ വിളിച്ചുനോക്കി. ആരോടൊക്കെയൊ ചോദിച്ചു. കുളിപ്പിച്ച് വര്‍ണ്ണപ്പൊടികള്‍ ധരിപ്പിച്ച് പൂജയ്ക്ക് കൊണ്ടുപോകുന്ന കാലികളുമായി വഴിയിലൂടെ നടക്കുന്ന ആളുകള്‍ക്കിടയിലൂടെയായിരുന്നു പാപ്പമ്മയുടെ ഓട്ടം. ആഘോഷത്തിലും ലഹരിയിലുമായിരുന്ന ആരും പാപ്പമ്മയെ ശ്രദ്ധിച്ചില്ല. ഓട്ടത്തിനിടയില്‍ ആരോ കരയുന്നതുപോലെ പാപ്പമ്മയ്ക്കു തോന്നി. അത് താന്‍ തന്നെയാണെന്ന് അവള്‍ക്കു മനസ്സിലായി. അസ്തമിക്കാന്‍ അല്‍പ്പസമയം കൂടി ബാക്കിയുണ്ടായിരുന്നു. ചാക്കിലെന്തോ നിറച്ചുകൊണ്ടുപോകുന്ന ആദിനാഥനെ കണ്ടുവെന്ന് ഒരു കിഴവന്‍ അവളോട് പറഞ്ഞു. കുറേക്കൂടി മുന്നോട്ടോടിയപ്പോള്‍ ആദിനാഥന്‍ ചാക്കുകെട്ടുമായി ദാ ഇതുവഴി പോയെന്ന് ഒരാള്‍ പറഞ്ഞു. അങ്ങോട്ടോടെത്തിയപ്പോഴേക്കും ഇതിലെയാണെന്ന് വേറൊരാള്‍ പറഞ്ഞു. അതേ വഴികളിലൂടെയൊക്കെ പാപ്പമ്മ ഓടിയെത്തുമ്പോഴൊക്കെ അവന്‍ മറഞ്ഞു. താനും ആദിനാഥനും കുഞ്ഞും ഉറക്കത്തിലാണെന്നും മൂന്നുപേരും സ്വപ്നം കാണുകയാണെന്നും അവള്‍ വെറുതെ വിചാരിച്ചു. കൂട്ടിലേക്കെറിയപ്പെട്ട ചാക്കില്‍നിന്നു വന്ന മനുഷ്യക്കുഞ്ഞിന്റെമേല്‍ കൗതുകത്തോടെ തട്ടിനോക്കുന്ന സിംഹത്തെ ആലോചിച്ചു. അവന്‍ ഉറക്കത്തിലായിരുന്നുവല്ലോ. സിംഹം മുറിപ്പെടുത്തുമ്പോഴും അവന്‍ ഉറക്കത്തിലായിരിക്കണേയെന്നു പ്രാര്‍ത്ഥിച്ചു.
പാപ്പമ്മ ഓടിയെത്തിയപ്പോഴേക്കും സര്‍ക്കസ് തുടങ്ങി കുറേ നേരമായിരുന്നു. ചോരയില്‍ ചവിട്ടി നടക്കുന്നതുപോലെ അവള്‍ അവിടം മുഴുവന്‍ ചുറ്റിനടന്നു. കാവല്‍ക്കാര്‍ അകത്തുകയറാന്‍ തുടങ്ങിയ അവളെ പല പ്രാവശ്യം ആട്ടിയകറ്റി. അവള്‍ പറഞ്ഞതൊന്നും ആര്‍ക്കും മനസ്സിലായില്ല. അടുത്ത പ്രദര്‍ശനത്തിനു ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവര്‍ അവരവരുടെ വര്‍ത്തമാനങ്ങളില്‍ത്തന്നെ മുഴുകി. പാപ്പമ്മ വിറച്ചുകൊണ്ടും പതം പറഞ്ഞുകൊണ്ടും വാതില്‍ക്കലിരുന്നു. കയ്യിലുള്ള ചൂരല്‍വടി ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ട് ഒരു കാവല്‍ക്കാരന്‍ പാപ്പമ്മയെ ചുറ്റിപ്പറ്റി നിന്നു. അകത്ത് സിംഹം തീവളയത്തിലൂടെ ചാടിയപ്പോള്‍ ആളുകള്‍ ആര്‍ത്തു.
ഏകദേശം അവസാനമായപ്പോഴാണത് സംഭവിച്ചത്. സിംഹം ആദ്യമായി മീശക്കാരന്‍ പറയുന്നത് അനുസരിക്കാതെ മുന്നോട്ട് നീങ്ങി. കാണികളെ അഭിവാദ്യം ചെയ്തശേഷം പൊടുന്നനെ അവര്‍ക്കിടയിലേക്ക് ഇറങ്ങി. പെട്ടെന്നുണ്ടായ വഴിയിലൂടെ ശാന്തമായി പുറത്തേയ്ക്ക് നടന്നു. എവിടേക്കോ മറഞ്ഞു. മീശക്കാരന്‍ ചാട്ടയുമായി പിറകേ പാഞ്ഞെങ്കിലും സിംഹം അതിന്റെ ആഗ്രഹങ്ങളുമായി ബഹുദൂരം സഞ്ചരിച്ചിരുന്നു.
ചിതറിയ ആളുകള്‍ക്കിടയിലൂടെ കുഞ്ഞിനെ തോളിലിട്ടുകൊണ്ട് ആദിനാഥന്‍ പുറത്തേക്കു വന്നു. തീര്‍ന്നുനനഞ്ഞ അന്തിത്തിരിപോലെ പാപ്പമ്മ ഒരിടത്ത് നില്‍പ്പുണ്ടായിരുന്നു. അവള്‍ വറ്റിയ കണ്ണുകളില്‍ ഒരു ചിരി വരുത്താന്‍ ശ്രമിച്ച് ആദിനാഥന്റെ തോളില്‍നിന്നു കുഞ്ഞിനെ വാങ്ങി. ഇരുട്ടത്ത് നടക്കുമ്പോള്‍ ആദിനാഥന്‍ അവളുടെ സാരിയില്‍ ചുറ്റിപ്പിടിച്ചിരുന്നു.
അന്നുരാത്രി വന്നവരെയെല്ലാം നിറയെ ഊട്ടി ഉറങ്ങുന്ന ഗണേശനെ നോക്കി കുഞ്ഞിന്റെ കവിളില്‍ മുത്തമിട്ടുകൊണ്ട് പാപ്പമ്മ പതുക്കെ എഴുന്നേറ്റു. ആദിനാഥന്‍ ഉറക്കത്തിലേക്ക് കടക്കുകയായിരുന്നു. പാപ്പമ്മ അവന്റെ അരികത്ത് വന്നുകിടന്നു. ഉറങ്ങിപ്പോകുമ്പോള്‍ എവിടെനിന്നോ സിംഹം അലറുന്നത് അവള്‍ കേട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates