സ്‌കോട്ടിഷ് നേഷനല്‍ ഗാലറിയില്‍ ജോണ്‍ സിംഗര്‍ സാര്‍ജെന്റിന്റെ 'ലേഡി ആഗ്ന്യു ഓഫ് ലോഖ്‌ന'* എന്ന എണ്ണച്ചായ ചിത്രത്തിനു മുന്നിലായിരുന്നു ജോവന്ന.
ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള പോര്‍ട്രെയ്റ്റാണ്. വലിപ്പം 127ഃ101 സെ.മീ. (50.0ഃ39.8 ഇഞ്ച്). പ്രതാപൈശ്വര്യങ്ങളില്ലാതായപ്പോള്‍ നായിക തന്നെ ചിത്രം വില്പനയ്ക്കു വെച്ചു. ഒടുവില്‍ രോഗക്ലേശം സഹിച്ച് ലോകം വെടിഞ്ഞു. ചിത്രം അവശേഷിക്കുന്നു.
പ്രിന്‍സസ് സ്ട്രീറ്റിലൂടെ നേഷനല്‍ ഗാലറി ലക്ഷ്യമാക്കി നടക്കുമ്പോള്‍ ജോവന്നയുടെ കൂടെ, അവളെപ്പോലെ ഒരു ചിത്രകലാവിദ്യാര്‍ത്ഥിനിയായ കരോളിനുമുണ്ടായിരുന്നു. ചെറിയ മഴച്ചാറ്റല്‍ ഇരുവരും വകവെച്ചില്ല. എഡിന്‍ബറയില്‍ ആരും ചാറ്റല്‍മഴകളെ വകവെയ്ക്കാറില്ല. അവ പാതകളേയും ഓരങ്ങളേയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളേയും ഉദ്യാനങ്ങളേയും നനയ്ക്കുമെന്നുമാത്രം.
ജോവന്നയും കരോളിനും നടന്നെത്തുമ്പോഴേയ്ക്കും ഗാലറി തുറന്നിരുന്നു. ഗാലറിയിലേയ്ക്കു പ്രവേശന ഫീസില്ല. കഴിവനുസരിച്ച് എത്ര പൗണ്ട് വേണമെങ്കിലും ഗാലറിയുടെ നടത്തിപ്പിനായി സംഭാവന ചെയ്യാമെന്ന അറിയിപ്പ് കവാടത്തില്‍ത്തന്നെയുണ്ട്. ജോവന്നയോ കരോളിനോ അതു പരിഗണിക്കാതെ വലതുവശത്തുള്ള കഫെയില്‍ച്ചെന്ന് ഓരോ കാപ്പുചിനൗ കഴിച്ചതില്‍ പിന്നീട് ചിത്രങ്ങളുടെ നേര്‍ക്കു നീങ്ങി.
പോള്‍ ഗോഗിനും ഗോയയും എല്‍ ഗ്രെക്കോയും മോനെയും വില്യം ബ്‌ളെയ്ക്കും വിന്‍സന്റ് വാന്‍ഗോഗും റാഫേലും റെംബ്രാന്റും പോള്‍ സെസാനുമെല്ലാം സ്വയംകൃത രചനകളോടെ ഗാലറിയുടെ പല മുറികളിലായുണ്ട്. യൂറോപ്യന്‍ ചിത്രകലയില്‍ മധ്യകാലത്തിനും നവോത്ഥാന കാലത്തിനും ഇടയിലുണ്ടായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ രണ്ടാമത്തേയും മൂന്നാമത്തേയും മുറികളില്‍. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ പ്രചാരം നേടിയ കാബിനറ്റ് ചിത്രങ്ങളുടേതാണ് നാലാം മുറി. പതിനേഴാം നൂറ്റാണ്ടിലെ ബെറൊക് ചിത്രകാരന്മാരുടെ രചനാശൈലി വെളിവാക്കുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത മുറിയില്‍. ഫ്രെഞ്ചു ചിത്രകാരനായ നിക്കോളാസ് പൗസിന്റെ ചിത്രപരമ്പര ആറാമത്തേതില്‍. ഏഴാമത്തേത് ഡച്ച്, ഫ്‌ളെമിഷ് കലാവിഷ്‌കാരങ്ങളാണ്. അതിന്നകമേ റെംബ്രാന്റുണ്ട്: കിടക്കയിലെ സ്ത്രീയും സെല്‍ഫ് പോര്‍ട്രെയ്റ്റും.
''ശരി നമ്മള്‍ വഴിപിരിയുന്നു.'' ജോവന്ന കരോളിനോട് പറഞ്ഞു.
''ഓകെ.'' കരോളിന്‍ കൈ നീട്ടി.
കരസ്പര്‍ശത്തിനുശേഷം അവര്‍ രണ്ടു വഴിക്കായി.
ജോവന്ന എത്തിച്ചേര്‍ന്നത് 'ലേഡി ആഗ്ന്യു ഓഫ് ലോഖ്‌ന'യ്ക്കു മുന്നിലാണ്. കുലാംഗന ഭിത്തിയിലിരുന്ന് ജോവന്നയെ നേരെ മുഖത്തേയ്ക്കായി നോക്കി; പതിഞ്ഞുനേര്‍ത്ത ഒരു പാതി മന്ദഹാസത്തോടെ.
''വരൂ.'' ലേഡി പറഞ്ഞു.
ജോവന്ന ഒരു മാന്ത്രികവലയത്തിലായി. അവള്‍ വിഗ്ടൗണ്‍ ഷയറിലുള്ള ലോഖ്‌നാ കോട്ടയിലെ ഒന്‍പതാം ബാരെനെറ്റായ സര്‍ ആഗ്ന്യുവിന്റെ ഒരു നിയോഗവുമായി ലേഡിയുടെ കിടപ്പറയിലേയ്ക്ക് ചെന്നു. സര്‍ ആഗ്ന്യു ആവശ്യപ്പെട്ടത് ലേഡിയെ എത്രയും വേഗത്തില്‍, കാത്തിരിക്കുന്ന പോര്‍ട്രെയ്റ്റ് ചിത്രകാരനായ ജോണ്‍ സിംഗര്‍ സാര്‍ജെന്റിന്റെ മുന്നിലേയ്ക്ക് ആനയിക്കാനാണ്.
''എനിയ്ക്ക് പകര്‍ച്ചപ്പനിയാണെന്ന് നിനക്കറിഞ്ഞുകൂടെ, ജോവന്നാ? എന്റെ മൂക്ക് നോക്കിക്കെ. ചുവന്നിരിക്കയല്ലേ.'' ജെര്‍ട്രൂഡ് വെര്‍ണനായിരുന്ന ലേഡി ആഗ്ന്യു കയ്യിലെ തൂവാല ഒരിക്കല്‍ക്കൂടി മൂക്കിനോടു ചേര്‍ത്തു.
ജോണ്‍ സിംഗര്‍ സാര്‍ജെന്റ് എത്ര തിരക്കുപിടിച്ചയാളാണെന്ന് ജോവന്നയ്ക്കറിയാം. പാരീസിലും റോമിലും ലണ്ടനിലും വെനീസിലും ഫ്‌ലോറന്‍സിലും അദ്ദേഹം തങ്ങളുടെ പോര്‍ട്രെയ്റ്റ് ചെയ്യണമെന്ന് മോഹിക്കുന്ന മാന്യസ്ത്രീകള്‍ അനേകം. സര്‍ ആഗ്ന്യുവിന്റെ ക്ഷണം സ്വീകരിച്ച് വേണ്ട തയ്യാറെടുപ്പുകളോടെ ലോഖ്‌നാ കോട്ടയില്‍ വന്നിരിക്കുകയാണ്. സ്വീകരണമുറിയുടെ വലിയ ജനാലകളില്‍ ഒന്നിലൂടെ പുറത്തെ പുല്‍ത്തകിടിയും ഉദ്യാനത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന ക്രിസാന്തെമെങ്ങളും പൈന്‍മരങ്ങള്‍ക്കു മീതെയുള്ള ആകാശവും നോക്കി ''വര തുടങ്ങാന്‍ ഇതിലും നല്ല ഒരു ദിവസം കിട്ടിയേക്കില്ല'' എന്ന് സര്‍ ആഗ്ന്യുവിനോട് പറയുന്നത് ജോവന്ന കേട്ടതാണ്.
''പകര്‍ച്ചപ്പനി ഒരു വിഷയമാക്കേണ്ട മാഡം. കസേരയില്‍ അനങ്ങാതെ ഇരുന്നാല്‍ മതി. അദ്ദേഹം വരച്ചുകൊള്ളും.'' ജോവന്ന ഉടയാടകളുള്ള വലിയ ചുവരലമാരി തുറന്നു.
ജെര്‍ട്രൂഡ് വെര്‍ണന്‍ അഭികാമ്യമായ വിവാഹത്തിലൂടെ ലേഡി ആഗ്ന്യുവായി ലോഖ്‌നയിലെത്തിയിട്ട് വര്‍ഷം മൂന്ന് തികച്ചുമായി. ഉടുപ്പലമാരിയില്‍ നാനാതരം ഉടുപ്പുകള്‍. ജോവന്ന അവയില്‍നിന്നും തനിക്കു ബോധിച്ച ചില പട്ടുഗൗണുകളെടുത്ത് ലേഡിയെ കാട്ടി. ലേഡിയാകട്ടെ, അലസഭാവത്തിലുള്ള ശിരസ്സനക്കത്തിലൂടെ ഓരോന്നും നിരാകരിച്ചു. ഇളം വയലറ്റായ പട്ടിന്റെ അരക്കച്ച കൂടിച്ചേര്‍ന്ന ഒരു വെള്ള ഗൗണ്‍ കാണിക്കുവോളം നിരാകരണം തുടര്‍ന്നു.
''മാഡത്തിന് ഈ വോഡ്‌റൗബിലുള്ള ഏതും നന്നായി ചേരും.'' ജോവന്ന പറഞ്ഞു.
''ആകട്ടെ.'' ഗൗണുമായി നിലക്കണ്ണാടിക്കു മുന്നിലേയ്ക്കു നടന്നുകൊണ്ട് ലേഡി പറഞ്ഞു.
ജോവന്ന ഇനി ചെയ്യേണ്ടിയിരുന്നത് ആഭരണങ്ങളുടെ നിര്‍ണ്ണയമാണ്. പക്ഷേ, ആഭരണപ്പെട്ടി പുറത്തെടുത്തതേയുള്ളൂ, ലേഡി ഇടപെട്ടു.
''ഒന്നും വേണ്ട.''
''കഴുത്തിലും കയ്യിലും എന്തെങ്കിലും ഇല്ലാതെ പറ്റില്ല മാഡം. വരയ്ക്കുന്നയാള്‍ അതു സമ്മതിക്കുമെന്ന് തോന്നുന്നില്ല. സര്‍ ആഗ്ന്യു എന്നെയാണ് കുറ്റപ്പെടുത്തുക.''
''ജോവന്ന പഴി കേള്‍ക്കേണ്ട. ഒരു മാലയും ബ്രേയ്‌സ്ലിറ്റും. അത്രയും മതി.''
ഗൗണ്‍കൊണ്ട് മറയ്ക്കപ്പെടുന്നതിനു മുന്‍പ് ലേഡിയുടെ വെളുത്തുമെലിഞ്ഞ ശരീരം ജോവന്ന മതിപ്പോടെ കണ്ടു. ലേഡി കണ്ണാടിയിലൂടെ അവളോട് ചിരിച്ചു.
ഗാലറിയില്‍ പോര്‍ട്രെയ്റ്റിന് അഭിമുഖമായി നില്‍ക്കെ, ലേഡി ആഗ്ന്യു താനുമായി വളരെ അടുപ്പത്തോടെയുള്ള ഒരു സംഭാഷണത്തിലാണെന്നും ചുവരിലെ നീല ചൈനീസ് പട്ടിന്റെ പശ്ചാത്തലത്തില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രെഞ്ചു കസേരയിലിരുന്ന് തന്റെ മുഖത്തേയ്ക്കുതന്നെ ദൃഷ്ടിയൂന്നുകയാണെന്നും ജോവന്നയ്ക്കു തോന്നി. ഇടതു ഭാഗത്തേയ്ക്കു ചരിഞ്ഞാണ് ലേഡിയുടെ ഇരിപ്പ്; ഇടംകാല്‍ വലംകാലിനുമേല്‍ കയറ്റിവെച്ചും ഇടതു കൈകൊണ്ട് കസേരക്കയ്യില്‍ തൊട്ടും. വലംകൈ മടിയിലാണ്. ലാവണ്യമിയന്ന മുഖത്ത് പകര്‍ച്ചപ്പനിയുടെ നിഴലില്ല. അല്പം നീണ്ട നാസികയും ഇളംചുവപ്പായ അധരങ്ങളും വടിവൊത്തവ. അവയില്‍നിന്നും കണ്ണെടുക്കാനാവാതെ ജോവന്ന നിന്നു.
രണ്ടു നിരപ്പുകളിലായുള്ള പ്രദര്‍ശനമുറികളിലൂടെ ചുറ്റിക്കറങ്ങി കരോളിന്‍ ജോവന്ന നില്‍ക്കുന്നിടത്തെത്തി.
ജോവന്ന ലേഡി ആഗ്ന്യുവില്‍ത്തന്നെ കണ്ണുംനട്ട്, പരിസരബോധം നഷ്ടപ്പെട്ടതുപോലെയും മറ്റെല്ലാം വിസ്മരിച്ചതുപോലെയും, നിശ്ചേഷ്ടയായി നില്‍ക്കുകയായിരുന്നു.
''ജോവന്നാ'' കരോളിന്‍ വിളിച്ചു.
''എന്താ മാഡം?'' ജോവന്ന കരോളിന്റെ നേര്‍ക്കു തിരിഞ്ഞു.
കരോളിന്‍ അന്ധാളിച്ചുപോയി. ജോവന്നയുടെ മുഖത്ത് ഒരു സ്വപ്നാടകയുടെ ഭാവമായിരുന്നു.
''മൈ ഡിയര്‍ ലേഡി, എനിക്ക് ഒരാഗ്രഹമുണ്ട്. വളരെ നാളായി ഉള്ളില്‍ ഒതുക്കിയതാണ്. പക്ഷേ, എനിക്ക് ഇപ്പോഴത് വെളിപ്പെടുത്താതെ വയ്യ. ഞാന്‍... ഞാന്‍... ഒന്ന് ചുംബിച്ചോട്ടെ?''
ലേഡി ആഗ്ന്യു ഓഫ് ലോഖ്‌ന മൃദൂപഹാസപൂര്‍വ്വകമായ ചിരിയോടെ ജോവന്നയെ നോക്കി. അവളുടെ സുഭഗനേത്രങ്ങള്‍ കരോളിന്റെ സൂര്യപടം കണക്കെ നേര്‍മ്മയുള്ള ചുണ്ടുകളിലായിരുന്നു. താന്‍ കാണുന്നത് ഉള്ളില്‍ മധുരച്ചാറ് നിറഞ്ഞ് തുടുത്ത റാസ്‌ബെറികളാണെന്ന് അവള്‍ക്കു തോന്നി.
ഗാലറിയിലാകെ റാസ്‌ബെറികളുടെ കാമ്യസുഗന്ധമായി.
*Lady Agnew of Lochnaw:
John Singer Sargent (1892)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates