

ആ ഒറ്റമുറി ഫ്‌ലാറ്റില്‍, ജനാലക്കരികിലുള്ള കട്ടിലില്‍ കിടന്നും ഇടയ്ക്കു ചാരുകസേരയിലിരുന്നും ദീര്‍ഘമായ മൗനവര്‍ഷങ്ങളിലൂടെ കടന്നുപോയി എം. സുകുമാരന്‍. ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട കുടുംബമായിരുന്നു അത്. അത്രയും മൂല്യവത്തായ രാഷ്ട്രീയ/വൈയക്തിക ബോധ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. എം. സുകുമാരന്റെ ഒരു കഥയിലുള്ളതുപോലെ, ''സന്തോഷം തോന്നുമ്പോള്‍ ഒരു ഹൃദയം മാത്രം, എന്നാല്‍ ദുഃഖം വരുമ്പോള്‍ അനേക ഹൃദയം'' ദുഃഖിതരുടെ അനേക ഹൃദയവേദനകള്‍ പേറുന്ന ഒരെഴുത്ത് മനസ്സുമായിട്ടാണ് വളരെ ചെറിയ ആ ഒറ്റമുറി ഫ്‌ലാറ്റില്‍ എം. സുകുമാരനും കുടുംബവും ജീവിച്ചത്.
എഴുതുക എന്നത് ഒരു തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയുടെ കണ്ണികളാണ് വായനക്കാര്‍. എഴുത്തിനും വായനയ്ക്കുമിടയില്‍വെച്ച് അന്യോന്യം പ്രചോദിപ്പിക്കപ്പെടുന്ന ഒരവസ്ഥയുണ്ട്. അത്തരം പ്രചോദനങ്ങളില്‍ എം. സുകുമാരന്‍ വിശ്വസിച്ചിരുന്നു. ''വായനക്കാര്‍ എന്ത് വിചാരിക്കും?'' എഴുതാനിരിക്കുമ്പോഴെല്ലാം ഇങ്ങനെയൊരു ആധി ഈ വലിയ എഴുത്തുകാരനുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് അദ്ദേഹം എഴുതാതിരുന്നത്. എഴുത്തു നിര്‍ത്തിയ എം. സുകുമാരന്‍ വലിയൊരു വായനക്കാരനായി മാറി. വായനയില്‍ അദ്ദേഹം സ്വച്ഛനായി. എഴുതിയെഴുതി വായനക്കാരനായി മാറിയ ഒരു പരിണാമ കഥയാണ് എം. സുകുമാരന്റെ സര്‍ഗ്ഗാത്മക ജീവിതം. വായനയ്ക്കു പുറമെ അദ്ദേഹം ഹിന്ദി സിനിമാപ്പാട്ടുകളുടെ കടുത്ത ആരാധകനായി മാറി. രവിമേനോന്‍ എം. സുകുമാരനെ അഭിമുഖം ചെയ്യണമെന്നത് വ്യക്തിപരമായി ഈ ലേഖകന്‍ പുലര്‍ത്തിയ വലിയ ആഗ്രഹമായിരുന്നു. ഏകാകിയായ ഒരെഴുത്തുകാരന്റെ പാട്ടു കേട്ട അനുഭവം എന്താണ്? ആ വലിയ ചോദ്യത്തിന് ഉത്തരം പറഞ്ഞു തരാന്‍ എം. സുകുമാരന്‍ നമുക്കിടയില്‍ ഇപ്പോഴില്ല. വിവിധ് ഭാരതി കേള്‍പ്പിക്കുന്ന പഴയ ഹിന്ദിപ്പാട്ടുകള്‍, ഉച്ചമയക്കത്തിന് മുന്‍പ് അദ്ദേഹം കേള്‍ക്കുമായിരുന്നു. കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഇടതു രാഷ്ട്രീയം, വിശപ്പ്, ഒറ്റപ്പെടുന്ന മനുഷ്യരുടെ തീവ്രമായ ദുഃഖങ്ങള്‍, നിരാശകള്‍ എം. സുകുമാരന്‍ കഥകളുടെ പ്രമേയപരിസരം ഇതാണ്. കാവ്യാത്മകമായ ഭാഷയില്‍ അദ്ദേഹം രാഷ്ട്രീയ കഥകളെഴുതി. രാഷ്ട്രീയമായി ഉറപ്പുള്ള കഥകള്‍ എഴുതുമ്പോഴും ഭാഷയില്‍, ചെവിയോര്‍ത്താല്‍ സംഗീതം കേള്‍ക്കാം. പിന്നീട് പാട്ടു കേട്ടും വായിച്ചും മറ്റാരോടും വിനിമയം ചെയ്യാത്ത തികച്ചും ഏകാന്തമായ ഒരു സര്‍ഗ്ഗാത്മക ജീവിതം നയിച്ചു. ഒരു കാര്യം തീര്‍ത്തു പറയാം, അദ്ദേഹം പഴയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ വലിയൊരു സ്വച്ഛത അനുഭവിച്ചിരുന്നു. സംഗീതത്തിനു മാത്രം അനുഭവിപ്പിക്കാവുന്ന ഒരു തലോടലില്‍ അദ്ദേഹം സ്വാസ്ഥ്യം കണ്ടെത്തിയിരിക്കണം.
ചുവരിലെ റേഡിയോവില്‍, എം. സുകുമാരനുമായി സംസാരിക്കുമ്പോള്‍ എത്രയോ നേരം കണ്ണുടക്കിയതാണ്. വലിയ എഴുത്തുകാരനെ ഉച്ചയുറക്കത്തിനു മുന്‍പ് പാട്ട് കേള്‍പ്പിക്കുന്ന റേഡിയോ! പുനത്തിലിന്റെ മേശപ്പുറത്തുമുണ്ടായിരുന്നു ഒരു റേഡിയോ. രാവിലെ, സുലൈമാനി കുടിച്ചു അല്‍പ്പനേരം അതില്‍ പാട്ട് കേള്‍ക്കും. പാട്ട് ഒരു പശ്ചാത്തലമായി അങ്ങനെയുണ്ടാവും. പത്രവായനയും പ്രഭാതകൃത്യങ്ങളെക്കുറിച്ചുള്ള ആലോചനകളുമൊക്കെ ആ പശ്ചാത്തല സംഗീതത്തില്‍ നിര്‍വ്വഹിക്കും. പാട്ട് കേള്‍ക്കലും വായനയും എം. സുകുമാരന്റെ ദൈനംദിന ഭാഗധേയമായിരുന്നു.
ഇടയ്ക്കു ഫോണില്‍ സംസാരിക്കുമ്പോള്‍, എത്രയും ശാന്തനായി അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. കുട്ടികള്‍ക്കും കുടുംബത്തിനും ഉള്ള സുഖവിവരങ്ങള്‍ കൈമാറി. എന്നാല്‍, എപ്പോഴും അദ്ദേഹം ചോദിക്കാറുണ്ടായിരുന്ന ചോദ്യമിതാണ്:
''പുതിയ വായന എന്തുണ്ട്?''
അങ്ങനെ സംസാരിക്കുമ്പോള്‍ ഒരു കാര്യം ബോധ്യമായി. അദ്ദേഹം ഒരു ന്യൂ വേവ് റീഡര്‍ ആണ്. ഇ. സന്തോഷ് കുമാര്‍ , സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്‍., വിനോയി തോമസ്, ഇ.പി. ശ്രീകുമാര്‍, ലാസര്‍ ഷൈന്‍, വീരാന്‍കുട്ടി... അങ്ങനെ പലരോടും കടുത്ത ഇഷ്ടമുള്ള ഒരു വലിയ എഴുത്തുകാരന്‍. ഒരു രാത്രി സംഭാഷണത്തില്‍ അദ്ദേഹം സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയെക്കുറിച്ചു പറഞ്ഞു. 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍' എഴുതിയ കഥാകാരന്‍ 'ബിരിയാണി'യെക്കുറിച്ചു പറഞ്ഞത് കൗതുകത്തോടെ കേട്ടിരുന്നു.
''ഒരു മലയാളിക്ക് വിശക്കുന്നു എന്ന് പറഞ്ഞാല്‍ മലയാള വായനക്കാര്‍ ഇന്ന് വിശ്വസിക്കണമെന്നില്ല. ഇതര സംസ്ഥാന തൊഴിലാളിയിലൂടെ വിശപ്പിന്റെ തീവ്രത വായനക്കാരെ അനുഭവിപ്പിച്ചു ആ കഥ.''
മലയാളിയുടെ വിശപ്പ് ഒരു പഴയ പ്രമേയമാണ്, എന്നാല്‍, ഇതര ദേശ തൊഴിലാളിയിലൂടെ കേള്‍പ്പിക്കുമ്പോള്‍ അത് വിശ്വാസയോഗ്യമായി മാറുന്നു... മലയാളിയുടെ മാറുന്ന മനോഭാവത്തെക്കുറിച്ച് എം. സുകുമാരന്‍ അന്ന് സംസാരിച്ചു. വിനോയി തോമസിന്റെ 'മഗ്ദലന മറിയത്തിന്റെ പള്ളി' വായിച്ച രാത്രിയില്‍ അദ്ദേഹം ആ കഥയെക്കുറിച്ചു വാചാലനായി. ആ കഥയെക്കുറിച്ചു പറയാന്‍ മാത്രം വിളിച്ചതുപോലെയുണ്ടായിരുന്നു ആ ഫോണ്‍ വിളി. വന്യമായ പ്രമേയം കണ്ടെത്തുന്നതിലും അത് ഇരുണ്ടതും ചടുലവുമായ ഒരു ഭാഷയില്‍ ആവിഷ്‌ക്കരിക്കുന്നതിലും വിനോയി തോമസിനുള്ള മിടുക്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പുതിയ കഥകളില്‍ മലയാളത്തിലെ മഹാനായ ആ എഴുത്തുകാരന്‍ കാലുഷ്യമില്ലാത്ത വായനക്കാരനായി മാറി. ചില പ്രശസ്തരായ ഫേസ്ബുക് ബ്രാന്‍ഡ് വായനക്കാരെപ്പോലെ, അദ്ദേഹം പുതിയ കഥാകാരന്മാരെ പ്രാകിയില്ല! ചെറുപ്പക്കാരായ എഴുത്തുകാര്‍ പുതിയകാലത്തുനിന്ന് കഥയെ കണ്ടെടുക്കുന്ന വൈദഗ്ദ്ധ്യത്തെ പഴയ എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
എം. സുകുമാരനുമായി സംസാരിച്ച ദിവസങ്ങള്‍ സര്‍ഗ്ഗാത്മകമായ സംഭാഷണങ്ങളുടെ ഓര്‍മ്മകളാണ്. വലിയൊരു അനുഗ്രഹം പോലെയാണ് ആ വാക്കുകള്‍ ചെവിയില്‍ വന്നു വീണത്. കേരളത്തിലെ ഏറ്റവും ഇച്ഛാശക്തിയുള്ള, രാഷ്ട്രീയമായി സത്യസന്ധനായ, ''വ്യക്തിപരമായതെന്തും രാഷ്ട്രീയമാണ്'' എന്നത് ഒരു കേവലം ഉപചാരം പറച്ചിലായി കാണാത്ത, വാക്കുകളില്‍ ഉപായങ്ങള്‍ ഒളിപ്പിച്ചുവെക്കാത്ത എഴുത്തുകാരനായിരുന്നു എം. സുകുമാരന്‍. ഒരു ആക്ടിവിസ്റ്റായിരുന്നു അദ്ദേഹം. വിശുദ്ധനായ ഒരു കോമ്രേഡ്.
ഒരിക്കല്‍ അഗാധമായ ഒരാഗ്രഹം അദ്ദേഹത്തോട് പറഞ്ഞു:
''പുതിയൊരു എം. സുകുമാരന്‍ കഥ വായിക്കാന്‍ ആഗ്രഹം തോന്നുന്നു.''
പെട്ടെന്നായിരുന്നു മറുപടി:
''അയ്യോ... എഴുതാന്‍ വയ്യ! എഴുത്തിനെക്കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് ഉറക്കം നഷ്ടപ്പെടും. വേദനയുള്ള അനുഭവമാണത്...''
ആ ഉത്തരത്തിലുണ്ട് എം. സുകുമാരന്‍.
വേദനിച്ചവരെക്കുറിച്ച് അദ്ദേഹം എഴുതി, എഴുത്തില്‍ അദ്ദേഹം വേദനിച്ചു. എഴുത്ത് ഒരു തരത്തിലും വേദനാസംഹാരിയാവുന്നില്ല എന്ന തിരിച്ചറിവിന്റെ, രാഷ്ട്രീയമായ നിരര്‍ത്ഥക സായൂജ്യങ്ങളുടെ ആവര്‍ത്തനങ്ങളില്‍ അദ്ദേഹം എഴുത്തു നിര്‍ത്തി. മൗനത്തില്‍ അദ്ദേഹം സ്വച്ഛനായി...
കരച്ചില്‍ വരുന്നുണ്ട് ഇതെഴുതുമ്പോള്‍.
ശരിയാണ്, ദുഃഖം വരുമ്പോള്‍ അനേകം ഹൃദയമുള്ളതുപോലെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates