

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 2016-ലെ പുതുവര്‍ഷദിനത്തില്‍ വളരെ ശ്രദ്ധേയമായ ഒരു ഉത്തരവ് കേരള സര്‍ക്കാര്‍ പുറത്തിറക്കുകയുണ്ടായി. കേരള ഗവര്‍ണര്‍ക്കുവേണ്ടി റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ഡോ. വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിലൂടെ 1947-നു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനുവേണ്ടി അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന ഡോ. എം.ജി. രാജമാണിക്യം എന്ന പ്രഗല്‍ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചത്.
സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിലേയും കൊച്ചിയിലേയും എല്ലാ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. ഏറ്റവും നല്ല മണ്ണ് തേടിപ്പിടിച്ച അവര്‍ തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരില്‍നിന്നും അവരുടെ സാമന്തന്‍മാരില്‍നിന്നും പാട്ടം വ്യവസ്ഥയില്‍ സ്ഥലം വാങ്ങി ചെറുതും വലുതുമായ നിരവധി തോട്ടങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ലാന്റ് റവന്യു മാന്വവല്‍ പ്രകാരം വിദേശികള്‍ക്ക് തിരുവിതാംകൂറില്‍ സ്വന്തമായി സ്ഥലം വാങ്ങാന്‍ അനുമതി ഇല്ലാതിരുന്നതിനാല്‍ പാട്ടം വ്യവസ്ഥയിലായിരുന്നു വിദേശ കമ്പനികള്‍ക്കുള്ള ഭൂമി കൈമാറ്റങ്ങള്‍. തിരുവിതാംകൂര്‍ ലാന്റ് റവന്യു മാന്വവല്‍ (ചട്ടം IV, മലയാള വര്‍ഷം 1054, കര്‍ക്കിടകം 30, 1879 A.D) ഇപ്രകാരം പറയുന്നു:
''യൂറോപ്യന്‍മാരോ അമേരിക്കക്കാരോ ഉടമസ്ഥാവകാശം കൈമാറുന്നതിനുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ IV പ്രകാരം തഹസില്‍ദാരോ അതിനു ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരോ തിരുവിതാംകൂര്‍ ദിവാന്റെ തീര്‍പ്പിനു സമര്‍പ്പിക്കേണ്ടതാണ്. ഗവണ്‍മെന്റിന്റെ അനുവാദം ഇല്ലാതെ വിദേശികള്‍ തിരുവിതാംകൂറില്‍ സ്ഥലം മേടിക്കാനോ സ്വന്തമാക്കാനോ പാടില്ല.' വിദേശികളുടെ പേരിലുള്ള ഒരു കൈമാറ്റമോ പോക്കുവരവോ റവന്യുരേഖകളില്‍ പാടില്ല എന്നാണ് ഈ നിയമം കര്‍ശനമായി പറയുന്നത്.
1928-ലെ പ്ലാന്റേഷന്‍ ഡയറക്ടറി പ്രകാരം വിദേശക്കമ്പനികള്‍ ആ കാലയളവില്‍ത്തന്നെ കൈവശം വച്ചിരുന്നത് രണ്ട് ലക്ഷത്തില്‍പ്പരം ഏക്കര്‍ സ്ഥലമാണ്. പീരുമേട് താലൂക്കില്‍ മാത്രം അന്ന് 18 വിദേശക്കമ്പനികളുടെ കൈവശം ഉണ്ടായിരുന്നത് 52,000 ഏക്കര്‍ സ്ഥലമാണ്. 1947-ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം വിദേശികളായ ഈസ്റ്റ് ഇന്ത്യാ കമ്പനികള്‍ക്ക് തിരുവിതാംകൂര്‍ വിട്ട് പോകേണ്ടിവന്നെങ്കിലും വ്യാജരേഖകളുടെ പിന്‍ബലത്തോടെ തോട്ടങ്ങളുടെ നിയന്ത്രണാധികാരം തങ്ങളുടെ ചാര്‍ച്ചക്കാരുടേയോ ബിനാമികളുടേയോ പേരില്‍ നിലനിര്‍ത്തുന്നതിനും ഇന്നും തുടരുന്നതിനും അവര്‍ വിജയിച്ചു.
വിദേശക്കമ്പനികള്‍ നിയന്ത്രിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആദ്യകാലങ്ങളില്‍ ചില നിയമനിര്‍മ്മാണങ്ങള്‍ നടന്നതല്ലാതെ അവയൊന്നും ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുന്നതിന് കേരളത്തില്‍ മാറിമാറി ഭരിച്ച ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഈ നിയമനിര്‍മ്മാണങ്ങളില്‍ ആദ്യത്തേത് 1955-ല്‍ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാര്‍ 'ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം' (Edavagais Rights Acquisition Act) പാസ്സാക്കിയതാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറിന്റെ സാമന്ത രാജ്യങ്ങളായിരുന്ന നാല് സ്വരൂപങ്ങളിലും കൂടി നിക്ഷിപ്തമായിരുന്ന, പിന്നീട് വിദേശ കമ്പനികള്‍ക്കു കൈമാറിയ ഒരു ലക്ഷത്തിമുപ്പതിനായിരം ഏക്കര്‍ സ്ഥലം സ്വരൂപങ്ങള്‍ക്ക് ഇരുപത് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാന്‍ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാര്‍ തീരുമാനിച്ചു. അന്നത്തെ ചീഫ് സെക്രട്ടറിയും രാജപ്രമുഖ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധിയും ആയ ബി.വി.കെ. മേനോന്‍ നേരിട്ടു വന്നു സ്വരൂപങ്ങള്‍ക്കു പ്രതിഫലം നല്‍കി കരാര്‍ ഒപ്പിട്ടു എങ്കിലും ഒരേക്കര്‍ സ്ഥലം പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വന്നില്ല.
ഇതിന്റെ പ്രധാന കാരണം ഇടവക അവകാശമായി നാടുവാഴികള്‍ക്കു നല്‍കിയിരുന്ന ഭൂമിയില്‍ പാട്ടം വ്യവസ്ഥയില്‍ തോട്ടങ്ങള്‍ നടത്തിയിരുന്ന തദ്ദേശീയരായ ആളുകള്‍ തുടര്‍ന്നു സര്‍ക്കാരിന്റെ കുടിയാന്‍മാര്‍ ആയിരിക്കും എന്നും അവര്‍ ഭൂനികുതി സര്‍ക്കാരിനു നല്‍കിയാല്‍ മതി എന്നുമുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ ആണ്. എന്നാല്‍, ഈ ഭൂമിയുടെ ബഹുഭൂരിപക്ഷവും കൈവശം വച്ചിരുന്നത് തദ്ദേശീയരായ തിരുവിതാംകൂറുകാര്‍ ആയിരുന്നില്ല. 1955-ലെ നിയമത്തിലെ ഈ വ്യവസ്ഥയുടെ മറവില്‍ തങ്ങള്‍ കൈവശം വച്ചിരുന്ന ഭൂമിയില്‍ നിര്‍ബാധം തുടരുന്നതിനും സമീപമുള്ള റവന്യു, വനഭൂമികളില്‍ കൂടുതല്‍ കയ്യേറ്റങ്ങള്‍ നടത്തി തങ്ങളുടെ തോട്ടങ്ങളുടെ വിസ്തീര്‍ണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വിദേശക്കമ്പനികള്‍ക്കു കഴിഞ്ഞു.
1957-ലെ ഇ.എം.എസ്. ഗവണ്‍മെന്റ് 25 ഏക്കര്‍ എന്ന 1954-ലെ ബില്ലിലെ വ്യവസ്ഥ എടുത്തുകളഞ്ഞ് എല്ലാ തോട്ടം ഉടമകളേയും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കി. 1958-ലെ കേരള ഭൂസംരക്ഷണനിയമം (Kerala Land Conservancy Act) പ്രകാരം കേരളത്തിലെ മുഴുവന്‍ ഭൂമിയുടേയും ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി എങ്കിലും വിദേശക്കമ്പനികള്‍ വിദേശത്തുതന്നെ ചമച്ച വ്യാജ ആധാരങ്ങളുടേയും രേഖകളുടേയും പിന്‍ബലത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ തുടര്‍ന്നു. 1963-ല്‍ ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്ന കേരള ഭൂപരിഷ്‌കരണ നിയമത്തിലും 1969-ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമത്തിലും തോട്ടഭൂമിയുടെ പരിധി 30 ഏക്കറായി നിജപ്പെടുത്താനും ബാക്കിയുള്ള കൃഷിഭൂമിയില്‍ തോട്ടം ഉടമയ്ക്ക് 'കൈവശക്കൃഷിക്കാരന്‍' (Cultivating Tenent) എന്ന അവകാശം നല്‍കാനും കൃഷിയില്ലാത്ത ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ തിരിച്ചുപിടിക്കാനും തിരുമാനിച്ചു. പക്ഷേ, ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, 'കൈവശക്കൃഷിക്കാരന്‍' എന്ന അവകാശം ഉപയോഗിച്ചുകൊണ്ട് വിദേശകമ്പനികള്‍ തുടര്‍ന്നും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ ആധിപത്യം തുടര്‍ന്നു.
1971-ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ് (ഭൂമി ഏറ്റെടുക്കല്‍) നിയമത്തിലൂടെ ടാറ്റയുടെ കൈവശം ഇരുന്ന ഭൂമി ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇപ്പോഴും മൂന്നാര്‍ മലനിരകളിലെ ഒരു ലക്ഷത്തില്‍പ്പരം ഏക്കര്‍ സ്ഥലം ടാറ്റയുടെ നിയന്ത്രണത്തിലാണ്. വിദേശക്കമ്പനിയായിരുന്ന ഫിന്‍ലെ മുയിര്‍ ആന്റ് കമ്പനിയുടെ നിയന്ത്രണത്തിലായിരുന്ന കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനിയില്‍നിന്നും ടാറ്റ-ഫിന്‍ലെ കമ്പനിയിലേക്കുള്ള വസ്തു കൈമാറ്റം നിയമപരമല്ല എന്നാണ് സര്‍ക്കാര്‍ വാദം. 1976-ല്‍ നടന്ന വസ്തുകൈമാറ്റത്തിന് റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ അനുമതിയും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ ടാറ്റ വാദിക്കുന്നത് ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കു ഭൂമിയുടെ അവകാശം കിട്ടിയത് എന്നാണ്.
1947-നു ശേഷവും ഇന്ത്യയില്‍ ബ്രിട്ടനിലെ നിയമങ്ങള്‍ അനുസരിച്ചാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും എന്ത് അര്‍ത്ഥമാണ് ഉള്ളത്. 1976-ലെ വിദേശനാണ്യചട്ടനിയമം (ഫെറ) പ്രകാരമുള്ള നിയന്ത്രണങ്ങളില്‍നിന്നും രക്ഷനേടാനാണ് ഫിന്‍ലെ മുയിര്‍ കമ്പനിയില്‍നിന്നും ടാറ്റയിലേക്ക് ഉടമസ്ഥാവകാശം മാറ്റിയത് എന്നു പ്രചരിപ്പിക്കുന്നത്. 1984 വരെ ഹാരിസണ്‍ മലയാളം കമ്പനിയുടെ പേരുതന്നെ ഹാരിസണ്‍ മലയാളം (യു.കെ) എന്നായിരുന്നു. യു.കെ. എന്നാല്‍, യുണൈറ്റഡ് കിങ്ഡം എന്നാണ് സൂചിപ്പിക്കുന്നത്. ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനി എന്ന പേരില്‍നിന്നും ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി എന്ന പേരിലേക്കു മാറിയതല്ലാതെ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ രേഖകളില്‍ ഇപ്പോഴും വിദേശക്കമ്പനിയുടെ പേരിലാണ്.
ഇടുക്കി-കോട്ടയം ജില്ലകളിലായി പതിനായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടി കമ്പനിക്കെതിരെ (ടി.ആര്‍. ആന്‍ഡ് ടി കമ്പനി) നടന്ന സമരത്തിന്റേയും റിട്ട് പെറ്റീഷന്‍ 26230/15 കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റേയും അടിസ്ഥാനത്തിലാണ് 2015 ഡിസംബര്‍ 30-ന് ഡോ. രാജമാണിക്യത്തെ കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് സ്‌പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിക്കുന്നത്. ടി.ആര്‍. ആന്റ് ടി കമ്പനിക്കെതിരെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിനു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന മുഴുവന്‍ സ്ഥലത്തിന്റേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ രാജമാണിക്യത്തോട് ആവശ്യപ്പെട്ടത്.
രാജമാണിക്യത്തിന്റെ പ്രാഥമിക പരിശോധനയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിലെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം, അതായത് അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശകമ്പനികളുടേയോ, അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ കൈവശമാണ് എന്നതാണ് സുപ്രധാന വിവരം. ഉടമസ്ഥാവകാശം കാണിക്കുന്നതിനുവേണ്ടി ഹാജരാക്കിയ ആധാരങ്ങളും രേഖകളും കൃത്രിമമായി വിദേശത്തു ചമച്ചവയാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. വിദേശനാണ്യ ചട്ടങ്ങള്‍ ലംഘിച്ച് ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് വിദേശത്തേക്കു കടത്തുന്നത്.
തോട്ടങ്ങളുടെ ഉടമസ്ഥരാണ് എന്ന് അവകാശപ്പെടുന്ന പല ഇന്ത്യന്‍ കമ്പനികളും പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ ബിനാമികളാണ് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രാജമാണിക്യം തന്റെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ടാറ്റാ, ഹാരിസണ്‍, ടി.ആര്‍. ആന്റ് ടി തുടങ്ങിയ വന്‍ കുത്തകകള്‍ക്കെതിരെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനു വിവിധ കോടതികളില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുന്നത്. പുതുതായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന് രാജമാണിക്യം തന്റെ അന്തിമ റിപ്പോര്‍ട്ട് 2016 ജൂണ്‍ ആദ്യവാരം സമര്‍പ്പിച്ചു. വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനു പുതിയ നിയമ നിര്‍മ്മാണം വേണം എന്നും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിദേശബന്ധങ്ങള്‍ ഉള്ളതിനാല്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഉന്നതതല അന്വേഷണവും ശുപാര്‍ശ ചെയ്യുന്നതായിരുന്നു രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതകര്‍ക്കു നല്‍കുമെന്നും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ഭൂരഹിതരും ഭൂസമര സംഘടനകളും രാജമാണിക്യം റിപ്പോര്‍ട്ടിനെ വീക്ഷിച്ചത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു ഡസന്‍ അവസരങ്ങളിലെങ്കിലും രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തും എന്ന് റവന്യുമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
രാജമാണിക്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു എങ്കിലും നിയമനിര്‍മ്മാണ കാര്യത്തിലും ഉന്നതതല അന്വേഷണത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവുമുണ്ടായില്ല. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല, രാജമാണിക്യം നടപടികള്‍ സ്വീകരിച്ച കമ്പനികള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളികള്‍ നടത്തി. ടാറ്റ, ഹാരിസണ്‍ തുടങ്ങിയ വന്‍കിട കുത്തകകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച റവന്യു വകുപ്പ് സ്‌പെഷല്‍ പ്‌ളീഡര്‍ സുശീല ആര്‍. ഭട്ട് തല്‍സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. യഥാസമയം ഹാജരാകാതേയും സത്യവാങ്മൂലം സമര്‍പ്പിക്കാതേയും സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ചപ്പോള്‍ കമ്പനികള്‍ നിര്‍ബാധം കോടതികളില്‍നിന്നും സ്‌റ്റേ സമ്പാദിച്ചു.
ഈ സാഹചര്യത്തിലാണ് രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമവകുപ്പ് സെക്രട്ടറിയായ ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ നിയമസെക്രട്ടറിയുടെ വാദങ്ങള്‍ ബാലിശവും വ്യക്തിതാല്‍പ്പര്യങ്ങള്‍ നിറഞ്ഞതുമാണെന്നു കാണാം. 1947-ലെ ഇന്ത്യന്‍ ഇന്റിപെന്റന്‍സ് ആക്ട് രാഷ്ട്രീയ ഉടമ്പടി മാത്രമാണെന്നും വിദേശികള്‍ കൈവശം വച്ചിരുന്ന തോട്ടങ്ങള്‍ക്കു ബാധകമല്ല എന്ന വിചിത്ര വാദമാണ് നിയമസെക്രട്ടറി ഉന്നയിക്കുന്നത്.
ഇന്ത്യന്‍ ഇന്റിപെന്റന്‍സ് ആക്റ്റിന്റെ വകുപ്പ് ഏഴില്‍ സ്വാതന്ത്ര്യം കിട്ടുന്നതോടെ വിദേശക്കമ്പനികളും വ്യക്തികളും ഇന്ത്യയിലെ കമ്പനികളും വ്യക്തികളുമായുള്ള ഉടമ്പടികള്‍ അതിനാല്‍ത്തന്നെ അസാധുവാകും എന്നു വ്യക്തമായി പറയുന്നിടത്താണ് നിയമസെക്രട്ടറിയുടെ ഈ വിചിത്ര വാദം. കൂടാതെ 1947-ലെ വിദേശ വിനിമയ നിയന്ത്രണ നിയമം (Foreign Exchange Regulation Act of 1947) വകുപ്പ് 18 എ ഇപ്രകാരം പറയുന്നു: ''ഇന്ത്യയിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകാത്തതോ ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്ന വ്യക്തികള്‍ നേരിട്ടോ നേരിട്ടല്ലാതേയോ നിയന്ത്രിക്കുന്നതോ ആയ ഒരു കമ്പനിയുടേയും പ്രതിനിധികളായോ മാനേജ്‌മെന്റ് സാങ്കേതിക ഉപദേശകരായോ ഒരു ഇന്ത്യന്‍ കമ്പനിപോലും പ്രവര്‍ത്തിക്കാന്‍ പാടില്ല.' ഇതിന്റെ അര്‍ത്ഥം ഇന്ത്യയിലെ നിയമത്തിന് അനുസരിച്ചല്ലാതെ വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ഒരു വിദേശ കമ്പനികള്‍ക്കും ഇവിടെ നേരിട്ടോ ബിനാമികള്‍ വഴിയോ പോലും തോട്ടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല എന്നാണ്.
അടുത്തതായി നിയമ സെക്രട്ടറിയുടെ വാദം രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശക്കമ്പനികള്‍ കൈവശം വച്ചിരുന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനു നിയമം നിര്‍മ്മിച്ചാല്‍ അതു ഭരണഘടനാവിരുദ്ധമാകും എന്നാണ്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ പട്ടികയില്‍നിന്നും ഒഴിവാക്കിയ വകുപ്പ് 31 A പ്രകാരം കമ്പനികള്‍ക്കുവേണ്ടി ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 1971-ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ സ്വത്തവകാശം മൗലിക അവകാശമായിരുന്നപ്പോഴാണ് കേരള നിയമസഭ പാസ്സാക്കിയ കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി ഏറ്റെടുക്കല്‍) നിയമത്തിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചത് എന്ന കാര്യത്തെ അദ്ദേഹം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്.
1971-ലെ നിയമത്തിനു ലഭിച്ച ഭരണഘടനാ സാധുത മാത്രം മതി ഭാവിയില്‍ സമാനസ്വഭാവം ഉള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുവാന്‍. 2010-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയുടെ 1601/10 കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടാറ്റ അനധികൃതമായി കൈവശം വയ്ക്കുന്ന ആയിരത്തില്‍പ്പരം ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുകയും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്തതെന്നു ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. അന്ന് ഇല്ലാതിരുന്ന എന്ത് ഭരണഘടനാ പ്രശ്‌നമാണ് ഇപ്പോള്‍ പുതുതായി ഉണ്ടായത് എന്നു വിശദീകരിക്കാന്‍ നിയമസെക്രട്ടറി തയ്യാറാകണം.
അനധികൃത തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ നിയമസെക്രട്ടറി ഉന്നയിക്കുന്ന അടുത്ത തടസ്സവാദം 1963-ലെ ഭൂപരിഷ്‌കരണ നിയമം പ്രകാരം തോട്ടങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ കേരള സര്‍ക്കാരിന്റെ 'കൈവശക്കൃഷിക്കാരന്‍ ആണ് എന്നതാണ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, വന്‍കിട ഭൂമിമാഫിയകളുടെ വാദമുഖങ്ങള്‍ അതുപോലെ പച്ചയ്ക്ക് ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. തങ്ങള്‍ക്കെതിരെയുള്ള കേസുകളില്‍ ഹാരിസണ്‍ മലയാളം കമ്പനി സുപ്രീംകോടതിയില്‍ വാദിച്ചത് തങ്ങള്‍ കേരള സര്‍ക്കാരിന്റെ 'കൈവശക്കൃഷിക്കാരന്‍' ആണ് എന്നാണ്. എന്നാല്‍, വിദേശ കമ്പനികള്‍ക്ക് കേരള ഭൂസംരക്ഷണനിയമത്തിലെ ആനുകൂല്യങ്ങള്‍ ബാധകമല്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. സുപ്രീംകോടതി തള്ളിക്കളഞ്ഞ വാദമുഖങ്ങള്‍ വീണ്ടും ഉയര്‍ത്തി രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളിക്കളയാനുള്ള നിയമസെക്രട്ടറിയുടെ ശ്രമം തോട്ടം ഏറ്റെടുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ഉന്നത ഗൂഢാലോചനയുടെ ഫലമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അടുത്തതായി നിയമസെക്രട്ടി ഉന്നയിക്കുന്ന വാദം സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട കമ്പനികള്‍ കയ്യേറ്റക്കാരല്ല, മറിച്ച് പരമ്പരാഗതമായി ഭൂമി കൈവശം വച്ച് പോരുന്നവരാണ് എന്നാണ്. കൈവശക്കൃഷിക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവര്‍ക്കു നല്‍കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവിടെ ഈ കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തുക മാത്രമല്ല, വ്യാജ ആധാരങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണവുമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 25,630 ഏക്കര്‍ ഭൂമിയുടെ അവകാശമായി ഹാരിസണ്‍ മലയാളം ഹാജരാക്കുന്ന കൊല്ലം സബ് രജിസ്റ്റര്‍ ഓഫീസിലെ 1600/1923-ാം നമ്പര്‍ ആധാരം വ്യാജമാണ് എന്ന് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളും സമാനമായ അന്വേഷണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
കൊല്ലം ജില്ലയില്‍ ഹാരിസണ്‍ കൈവശപ്പെടുത്തിയിരിക്കുന്ന 13,538 ഏക്കര്‍ സ്ഥലത്തില്‍ ഭൂരിഭാഗവും 1901-ന് മുന്‍പ് രണ്ടാം റെഗുലേഷന്‍ പ്രകാരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച സ്ഥലമാണ്. ഇതു മനസ്സിലാക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഹാരിസണിന്റെ മെയ്ഫീല്‍ഡ് എസ്‌റ്റേറ്റിലെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള 827 ഏക്കര്‍ സ്ഥലം 2011 ആഗസ്റ്റില്‍ വനഭൂമിയായി വിജ്ഞാപനം ചെയ്യുകയുണ്ടായി. കേരളത്തില്‍ സര്‍ക്കാര്‍ റവന്യു ഭൂമിയോടൊപ്പം വലിയ ശതമാനം വനഭൂമിയും വന്‍കിട കമ്പനികള്‍ കയ്യേറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ, ഈ ഭൂമി കയ്യേറ്റക്കാരെ വെള്ളപൂശാനുള്ള തീവ്രശ്രമമാണ് നിയമസെക്രട്ടറി നടത്തുന്നത്.
1958-ലെ കേരള ഭൂസംരക്ഷണ നിയമം ശക്തമായതിനാല്‍ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പുതിയ നിയമം വേണ്ട എന്നാണ് അദ്ദേഹത്തിന്റെ വാദം. പക്ഷേ, നിയമം ഉണ്ടായിട്ടും കഴിഞ്ഞ 60 വര്‍ഷമായി വന്‍കിട കുത്തകകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തത് എന്താണ് എന്ന ചോദ്യത്തിനു മാത്രം മറുപടിയില്ല. ഭൂമി കയ്യേറ്റക്കാരെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചനയുടെ ഫലമാണ് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് എന്നു പകല്‍പോലെ വ്യക്തമാണ്.
കേരളത്തില്‍ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നിട്ട് അറുപത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. രണ്ടാം ഭൂപരിഷ്‌കരണ നിയമം ആവശ്യമാണ് എന്ന ശക്തമായ മുറവിളി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ഉയര്‍ന്നുതുടങ്ങിയിട്ട് കാലം ഏറെയായി. ആദിവാസികളും ദളിതരും ഉള്‍പ്പെടുന്ന വലിയ ഒരു ജനവിഭാഗം ഒരു തുണ്ടു ഭൂമിക്കായി നീണ്ട കാത്തിരിപ്പിലാണ്. മുത്തങ്ങ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്നും കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയില്‍ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആറളം, അരിപ്പ, ചെങ്ങറ തുടങ്ങിയ സമരഗാഥകള്‍ വീണ്ടും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു നിറം പകരാനും ഭൂരഹിതരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയേ മതിയാകൂ. അതിനെതിരെയുള്ള കുത്സിതശ്രമങ്ങളെ തള്ളിക്കളയാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുമെന്നാണ് കേരളസമൂഹം പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates