

നാലര പതിറ്റാണ്ട് മുന്‍പുള്ള ഒരു വള്ളുവനാടന്‍ പ്രൈമറി വിദ്യാലയം. കുഞ്ഞുടുപ്പും മുറിപ്പാവാടയുമിട്ട് പെണ്‍കുട്ടികള്‍. വള്ളി ട്രൗസറും കൂട്ടിയുടുത്താല്‍ മുണ്ടെന്നു പറയാവുന്ന ഒരു തുണിയും മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട ആണ്‍കുട്ടികള്‍. കയ്യില്‍ സ്ലേറ്റും തലമുറകള്‍ മാറിക്കിട്ടിയ അരികു ചുളുങ്ങിയ പുസ്തകങ്ങളും അതിനുമുകളില്‍, നടക്കുമ്പോള്‍ സ്ലേറ്റിലുരഞ്ഞ് ശബ്ദമുണ്ടാക്കുന്നൊരു കൊച്ചുകുണ്ടുപിഞ്ഞാണപ്പാത്രവും.
കൊച്ചു ട്രൗസറും വരയന്‍ മുറിക്കയ്യന്‍ ഷര്‍ട്ടും കയ്യില്‍ ഒരു പുസ്തകപ്പെട്ടിയുമായി സ്‌കൂള്‍ പടി കടന്നുവരുന്ന ഒന്നാം ക്ലാസ്സുകാരനെ സരോജിനി ടീച്ചര്‍ ശ്രദ്ധിച്ചു.
''ദ്ന്താ കുട്ട്യേ നിന്റെ പെട്ടിപ്പുറത്ത് വരച്ചൊട്ടിച്ചൊരു ചിത്രം. അല്ല ദ് ഒരു മീശപിരിയന്‍ പൊലീസാണല്ലോ. ദ് രാ വരച്ചുതന്നെ?''
കുട്ടി നിഷ്‌കളങ്കതയോടെ പറഞ്ഞു:
''ഞാന്തന്നെ.''
''നീ വരയ്‌ക്ക്യോ?
ന്നാന്നെ ഒന്ന് വരയ്ക്ക്.''
കുട്ടി പെട്ടി മടിയില്‍വെച്ച് തുറന്ന് സ്ലേറ്റെടുത്ത് വര തുടങ്ങി. ടീച്ചറുടെ രേഖാചിത്രം. സരോജിനി ടീച്ചര്‍ കുട്ടിയേയും കൂട്ടി ഹെഡ്മാസ്റ്റര്‍ കുമാരന്‍ കുട്ടി സാറുടെ മുന്നിലെത്തി. ''മാഷേ ദ് നമ്മുടെ രാജേഷ് കണ്‍മുന്‍പില് വരച്ചതാ'' സ്ലേറ്റ് ഉയര്‍ത്തിക്കാണിച്ചു, പെട്ടിപ്പുറവും.
രാജേഷ് എന്ന ചിത്രകാരനു ആദ്യം ലഭിച്ച അംഗീകാരം.
പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ജി. എല്‍.പി സ്‌കൂളില്‍നിന്ന് രാജേഷ് എത്തപ്പെട്ടത് കേരളത്തിലെ വിരലിലെണ്ണാവുന്ന ഗവ. ഓറിയന്റല്‍ സ്‌കൂളുകളിലൊന്നായ എടത്തനാട്ടുകര ഹൈസ്‌കൂളിലാണ്. അവിടെ മലയാളമില്ല. പകരം സംസ്‌കൃതവും അറബിയുമാണ്. ഇവിടെവെച്ച് മലയാളവുമായുള്ള നാഭീനാളബന്ധമറ്റു. പ്രാമാണിക കാവ്യങ്ങളുടേയും കടുകട്ടി വ്യാകരണത്തിന്റേയും ഗാംഭീര്യമറിഞ്ഞു. എ.ഡി. ജെയിംസ് എന്ന ചിത്രകലാദ്ധ്യാപകന്റെ അടുത്ത് ചിത്രരചന പഠിക്കാന്‍ പോയിരുന്ന ജ്യേഷ്ഠന്‍ രവികൃഷ്ണനൊപ്പം രാജേഷും കൂടി. കണ്ടും വരഞ്ഞും തുടങ്ങിയ ബാല്യം. രസനയിലെ സര്‍ഗ്ഗചേതന ഉണര്‍ന്നു. പ്രാഥമിക വിദ്യാലയത്തിലെ നല്ലവരായ അദ്ധ്യാപകര്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് പ്രതിഭയ്ക്ക് മൂര്‍ച്ചകൂട്ടി. എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ തുടര്‍ച്ചയായി സംസ്ഥാന യുവജനോത്സവത്തില്‍ എണ്ണച്ചായ ചിത്രത്തിന് ഒന്നാം സ്ഥാനം. തൃശൂരില്‍വെച്ച് നടന്ന യുവജനോത്സവത്തിന് എ.ഐ.ആറിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് ശ്രീകണ്ഠന്‍ നായരാണ്. സ്റ്റേജ് ഇതര വിഭാഗമെന്ന പേരില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയിട്ടും പ്രത്യേക പുരസ്‌കാരം ലഭിച്ചില്ല. എന്നാലും പത്താം തരത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചു. മഞ്ജുവാര്യരും പിഷാരടിയുമൊക്കെ അരങ്ങ് തകര്‍ക്കുന്ന കാലം.
പതിനഞ്ചാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയായി തൃശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെത്തി. കെ. കരുണാകരന്റെ ചിത്രകലാദ്ധ്യാപകന്‍ കൂടിയായ വെള്ളായിക്കല്‍ ശങ്കരമേനോന്റെ പ്രഥമ ശിഷ്യന്‍ വി.എസ്. ബാലകൃഷ്ണനായിരുന്നു പ്രിന്‍സിപ്പാല്‍. അക്കാലത്ത് പുലികളിക്കു പുലികളെ വരച്ചുകൊടുക്കുന്നതുകൊണ്ട് ഇദ്ദേഹം ഏറെ ജനുപ്രിയനുമായിരുന്നു. രണ്ടു വര്‍ഷത്തെ സാമ്പ്രദായിക പഠനത്തിനുശേഷം വീണ്ടും രണ്ടു വര്‍ഷം ശില്പകലയില്‍ വിശേഷപഠനവും തുടര്‍ന്ന് ഒരു വര്‍ഷം കൂടി ശില്പകലയില്‍ പോസ്റ്റ് ഡിപ്ലോമയും നിര്‍വ്വഹിച്ചു. ഇതിനെല്ലാം പ്രവേശനം പ്രായോഗിക പരീക്ഷയുടേയും കലാചരിത്രത്തേയും സൗന്ദര്യശാസ്ത്രത്തേയും അധികരിച്ചുള്ള രണ്ട് എഴുത്തുപരീക്ഷകളുടേയും അടിസ്ഥാനത്തിലാണ്. ഉയര്‍ന്ന റാങ്ക് നിരയിലും സ്‌കോളര്‍ ഷിപ്പിനുള്ള അര്‍ഹതയിലും രാജേഷെത്തി.
പരിവര്‍ത്തനകാലം
തൃശൂരിലെ പഠനത്തിന്റെ മൂന്നാം വര്‍ഷം. രാജാരവിവര്‍മ്മയ്ക്കുശേഷം ഫിഗറേറ്റീവ് പെയിന്റിങ്ങില്‍ അതികായനായ അഡയാര്‍ മാധവമേനോന്‍ സ്വാധീനിച്ചുനില്‍ക്കുന്ന കാലം. പുരാണകഥാസന്ദര്‍ഭങ്ങള്‍, വ്യക്തികള്‍, പക്ഷികള്‍, പ്രകൃതി എന്നിവയായിരുന്നു ഏറെയും പ്രമേയം. തുടര്‍ന്നുവന്ന കെ.സി.എസ് പണിക്കര്‍ ഒരു വന്‍ പരിവര്‍ത്തനത്തിലേക്ക് നയിച്ചു. തൊഴിലാളിവര്‍ഗ്ഗ - ഇടതുപക്ഷ പ്രത്യയശാസ്ത്രം, ലാറ്റിനമേരിക്കന്‍ - റഷ്യന്‍ രചനാസങ്കേതങ്ങളും ശൈലികളും സ്വഗതമായി കലര്‍ത്തി അദ്ദേഹം ഇതരമായൊരു പാത തുറന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു ചിത്രകാരന്റെ ചിത്രണജീവിതത്തിന് അഞ്ച് തലങ്ങളുള്ളതായി കാണാം. കൗമാരത്തില്‍നിന്ന് യുവത്വത്തിലേക്കു കടക്കുമ്പോള്‍ നീലയും പക്വത നേടുമ്പോള്‍ പിങ്കും റോസും ജീവിതാസക്തിയില്‍ പച്ചയും സംയമനത്തില്‍ മഞ്ഞയും വിശ്രാന്തിയില്‍ വെള്ളയും ഉപയോഗിക്കുന്നു. മിറോ, മാത്തിസ്, ഗോഗിന്‍, ഗോദാര്‍ദ് തുടങ്ങിയവരില്‍ ഇത് വളരെ പ്രകടമായി കാണാം. പോള്‍ ക്ലേയുടെ സ്വാംശീകൃത സ്വാധീനം അല്പമൊന്നു മാറ്റിനിര്‍ത്തിയാല്‍ കെ.സി.എസ്. 'വാക്കുകളും ബിംബങ്ങളും' ചേര്‍ത്ത് ഒരുവേള ചിത്രണരംഗത്ത് ആദ്യമായി അടയാളമിട്ട ഒറ്റയാനായി. ഇന്ന് ലോക ചിത്രകലാ നിര്‍മ്മിതികള്‍ക്കൊപ്പം ഇന്ത്യന്‍ ചിത്രകല തോളുയര്‍ത്തി നില്‍ക്കുന്നതിന്റെ അടിത്തറയിലാണ്. ആണിവേരുകള്‍ എത്തനിക് നിറമേളനത്തിലും മിനയേച്ചര്‍ ആര്‍ട്ടിലും തുടങ്ങി ശാന്തിനികേതനിലും ചോഴമണ്ഡലത്തിലും വരെ വിന്യസിച്ചു കിടക്കുന്നു.
ഇടശ്ശേരിയുടെ മരുമകന്‍ കൃഷ്ണകുമാര്‍ ആരംഭിച്ച ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്‌കള്‍ച്ചേഴ്സ് അസോസിയേഷന്‍ പേരുപോലെത്തന്നെ സാമ്പ്രദായിക ശൈലികളെ വെല്ലുവിളിച്ച് ഒരു നവധാര തുറന്നു. ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്ന അദ്ദേഹം (1958-1989) അകാലത്തില്‍ ജീവിതം അവസാനിപ്പിച്ചിരുന്നില്ലെങ്കില്‍ ഇതൊരു ചലനം സൃഷ്ടിക്കുന്ന പ്രസ്ഥാനമായി വളര്‍ന്നേനെ. ചിന്ത രവിയുടെ അനുജന്‍ പ്രഭാകരന്‍, ഭാര്യ കവിതാ മുഖര്‍ജി, അനിതാ ദുപെ, കെ.എം. മധുസൂദനന്‍, സി.കെ. രാജന്‍, അലക്സ് മാത്യു എന്നിവരൊക്കെ ഈ കൂട്ടായ്മയുടെ ഭാഗക്കാരാണ്.
റാഡിക്കല്‍ പെയിന്റേഴ്സ് സംഘവുമായി വന്ന ബന്ധം രാജേഷിന് വിഭിന്നമായൊരു ഉള്‍ക്കാഴ്ച പകര്‍ന്നു. ഇസങ്ങള്‍ പരിചിതമായി. ഒപ്പം ലോകോത്തര ശില്പികളും ചിത്രകാരന്മാരും. സാമ്പ്രദായിക സങ്കേതത്തിനപ്പുറത്തെ സാദ്ധ്യതകള്‍ തെളിച്ചമേകി. മെറ്റല്‍ കാസ്റ്റിങ്ങ്, ഫൈബര്‍ ഗ്ലാസ് മോള്‍ഡിങ്, സ്റ്റോണ്‍ സ്‌കള്‍പ്ച്ചര്‍, വുഡ് കാര്‍വിങ്ങ്, വുഡ് സ്‌കള്‍പ്ച്ചര്‍, മെറ്റല്‍ എമ്പോസിങ്ങ് എന്നിവയിലും വൈദഗ്ദ്ധ്യം നേടാനായി. വി.കെ. രാജനും പി.പി. രവിയും മാര്‍ഗ്ഗദായകരായി. തൃശൂരിലെ അഞ്ചു വര്‍ഷക്കാലത്തെ പഠനത്തിനിടയില്‍ പ്രസിദ്ധ കലാചരിത്രകാരന്‍ വിജയകുമാര്‍ മേനോനുമായി അടുത്തിടപെടാനിടയായി. ജപ്പാനില്‍ നിന്നെത്തിയ ശിലാശില്പി ഹിറോഷി മിക്കാമിയില്‍നിന്ന് നവതന്ത്രങ്ങളും പഠിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഗവേഷണത്തിനുള്ള ശില്പകല - സ്‌കോളര്‍ഷിപ്പുമായി കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചെന്നൈ ഗ്രീമ്‌സ് റോഡിലുള്ള റീജിയണല്‍ സെന്ററിലെത്തി. ചോഴമണ്ഡലവുമായി സര്‍ഗ്ഗതീക്ഷ്ണമായൊരു ബന്ധം കൈവരിച്ചു. കെ.സി.എസ്സിന്റെ മകന്‍ നന്ദഗോപാല്‍ അന്നവിടെയുണ്ട്. അദ്ദേഹത്തിന്റെ തന്നെ മരുമകന്‍ പി. ഗോപിനാഥിനൊപ്പം താമസം. എം.വി. ദേവന്റെ വീട്ടില്‍ വാടകയ്ക്ക്. ഈ കലാഗ്രാമവും തൊട്ടടുത്ത ഗോള്‍ഡന്‍ ബീച്ചിലെ ഉദയാസ്തമയങ്ങളും ഇന്നും രാജേഷ് മായാത്ത ചിത്രമായി മനസ്സില്‍ സൂക്ഷിക്കുന്നു.
പഠനത്തുടര്‍ച്ചയുടെ ഭാഗമായി അടുത്തെത്തിയത് ശാന്തിനികേതനിലാണ്. പരിഗണനാപട്ടികയില്‍ ഇല്ലാത്തതുകൊണ്ട് പ്രവേശനം ലഭിച്ചില്ല. എന്നാലും ഒരു വര്‍ഷം ഹോസ്റ്റലില്‍ അതിഥി താമസക്കാരനായി തങ്ങി. പുതിയൊരു ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍. അഭിരുചികളില്‍ വേറിട്ടവരെങ്കിലും ഇടപെടലിന്റെ സ്വച്ഛത രാജേഷിനെ ആകര്‍ഷിച്ചു. പഠിതാക്കളായി എത്തുന്നവര്‍ പരമ്പരയായി തുടരുന്ന തൊഴിലുകള്‍, തുകല്‍പ്പണിയും മുടിവെട്ടും വരെ അഭിമാനത്തോടെ ചെയ്തു. സമാന്തരമായി തങ്ങള്‍ തിരഞ്ഞെടുത്ത സര്‍ഗ്ഗമേഖലയിലും മുഴുകി. ശാന്തിനികേതനിലെ ശില്പകലാവിഭാഗം മേധാവി സുഷന്‍ഘോഷ്, സംഗീത്ഭവന്‍ പ്രിന്‍സിപ്പല്‍ ശങ്കരനാരായണന്‍ (കഥകളി), ഇപ്പോള്‍ ഹിന്ദുബനാറസ് യൂണിവേഴ്സിറ്റിയിലെ ചുമര്‍ച്ചിത്രകലാ വിഭാഗം അദ്ധ്യാപകന്‍ ചെര്‍പ്പുളശ്ശേരി സുരേഷ് എന്നിവര്‍ ഒരു നവമിശ്രണത്തിന്റെ ധാര പകര്‍ന്നു. സംഗീത്ഭവന്‍ ഹോസ്റ്റലിന്റെ പിറകിലുള്ള ടാഗോറിന്റെ സംരക്ഷിതഭവനം, അവിടത്തെ ആളൊഴിഞ്ഞ നേരത്തെ സന്ദര്‍ശനങ്ങള്‍, രാജേഷിനെ കര്‍മ്മചര്യയില്‍ ആബദ്ധനാക്കി.
പിന്നീടെത്തിയത് ഡല്‍ഹിയിലാണ്. പരസ്യക്കമ്പനിയില്‍ രണ്ടു വര്‍ഷം. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന സച്ചിദാനന്ദനും ഇന്ത്യ ടുഡേയിലെ അന്താരാഷ്ട്ര വാര്‍ത്താ വിഭാഗം കോ-ഓര്‍ഡിനേറ്ററായ ഉണ്ണിരാജന്‍ ശങ്കറും രാജേഷിനു കമ്പനിക്കു പുറത്ത് രേഖാചിത്രണത്തിന് ഇടംകൊടുത്ത് സഹായിച്ചു. സൈനിക സ്മാരകശില്പി രമേഷ് ബിഷ്ട് കൂടെ കൂട്ടി. ഡല്‍ഹി ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് ശില്പവിഭാഗം മേധാവികൂടിയായിരുന്നു ഇദ്ദേഹം. ജാമിയാ മിലിയ യൂണിവേഴ്സിറ്റിയില്‍ കലാവിഭാഗം മേധാവിയായി എ. രാമചന്ദ്രന്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് രാജേഷ് കാണുന്നത്. ഈയടുത്ത കാലത്ത് അന്തരിച്ച എ.ആറിനെക്കുറിച്ച് ഇന്നും കേരളം വേണ്ടത്ര അറിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്. ഇന്ത്യയിലാദ്യമായി പിക്കാസോവിന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തിച്ചതെന്ന വസ്തുത ഒരനുസ്മരണത്തിലും സൂചിപ്പിക്കപ്പെട്ടില്ല. പിക്കാസോവിന്റെ ആട് എന്ന ശില്പം ഇന്നും രാജേഷിന് ഒരത്ഭുതമാണ്. ഒരു ശില്പത്തിന്റെ ഘടനയും വ്യാപ്തിയും എത്രയ്ക്ക് വിപുലമായ സാധ്യത അനുവദിക്കുന്നു എന്നതിന്റെ തെളിവായി ഈ ശില്പം ഇന്നും നിലനില്‍ക്കുന്നു. എ.ആറുമായുള്ള ബന്ധം മ്യൂറലില്‍ നിയതമായൊരു ഭാവുകത്വത്തിന്റെ രീതി രൂപപ്പെടുത്താന്‍ രാജേഷിനു വഴി പകര്‍ന്നു. ഉത്തരാഘണ്ഡില്‍ താമസിച്ച് ഹിമാലയന്‍ ചിത്രങ്ങള്‍ മാത്രം വരച്ച് പ്രസിദ്ധനായ റഷ്യന്‍ ചിത്രകാരന്‍ റോറിച്ച് നിക്കോളായ്. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇന്ത്യന്‍ റോറിച്ച് എന്നറിയപ്പെടുന്ന റാംനാഥ് പസ്‌റീച്ച. അദ്ദേഹത്തിന്റെ മകന്‍ സമീര്‍ പസ്‌റീച്ച. രാജേഷ് ജോലി ചെയ്ത ആന്‍തം കമ്യൂണിക്കേഷന്‍സിന്റെ മേധാവി. ഈ ബന്ധം നീലനിറത്തിന്റെ ധ്വനി വിന്യാസത്തെക്കുറിച്ചറിയാന്‍ ഇടമൊരുക്കി. ഗ്ലാസ് പെയിന്റിങ്ങ് പഠിക്കാനായി പിന്നെയുള്ള ശ്രമം. ഗ്ലാസ് എക്സ്പ്രഷന്‍സ് എന്നൊരു സ്ഥാപനം കണ്ടെത്തി. എടപ്പാള്‍ ഗോപികുമാറില്‍നിന്ന് ഈ കല വശത്താക്കി. ഈ ചിത്രരചന അല്പം സങ്കീര്‍ണ്ണമാണ്. അദൃശ്യവശത്തെ കാഴ്ചയ്ക്ക് എതിരായി വേണം വരയ്ക്കാന്‍. അതിനും മുന്‍പ് ഗ്ലാസ് പ്രതലം സജ്ജമാക്കണം. സാന്റ് ബ്ലാസ്റ്റിങ്ങ്, ആസിഡ് എച്ചിങ്, മാസ്‌കിങ്ങ് എന്നീ പ്രക്രിയകളിലൂടെ. വര എയര്‍ബ്രഷ് കൊണ്ട്. ഇതര ചിത്രണരീതികള്‍ വശമായിരുന്നതുകൊണ്ട് ചെറിയൊരു കാലത്തിനിടയില്‍ ഈ രീതിയിലും രാജേഷ് വിദഗ്ദ്ധനായി. ഷാരൂഖ് ഖാന്റേയും ജൂഹിചൗളയുടേയും ഉടമസ്ഥതയിലുള്ള ഡ്രിംസ് അണ്‍ലിമിറ്റഡിന്റെ ഒറ്റ ഗ്ലാസ്സിലുള്ള മുഖവാതില്‍ ചിത്രണത്തോടെ രാജേഷ് നിര്‍മ്മിച്ചെടുത്തു. 2000-ത്തില്‍ മിഷന്‍ കള്‍ച്ചറിന്റെ ഭാഗമായി കേരളാഹൗസില്‍ കേരളത്തിലെ പ്രഗല്‍ഭരായ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് 'മാനവീയം' എന്ന പേരില്‍ ഒരു സംഘപ്രദര്‍ശനത്തിനു നേതൃത്വം കൊടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാടിന്റെ ഉള്‍വിളിയില്‍ രാജേഷ് വീണ്ടും തിരിച്ചെത്തി. ഒറ്റപ്പാലം കയറംപാറയിലുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ ചിത്രകലാദ്ധ്യാപകനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു.
യുക്തകലയുടെ വരമൊഴി
ചിത്രകലയിലെ അപഭംഗത്തിനെതിരായുള്ള മുന്നേറ്റമാണ് യുക്തകല. തന്റെ നെടുനാളത്തെ അന്വേഷണങ്ങളും ബന്ധങ്ങളും കാഴ്ചകളും ഈ രചനാരീതിക്കു പ്രചോദനമായി. അവ്യക്തതകളും സങ്കീര്‍ണ്ണതകളും സൃഷ്ടിച്ച് ആസ്വാദനത്തേയും സംവേദനത്തേയും അകറ്റുന്നതിനു പകരം ആര്‍ക്കും മനസ്സിലാക്കാവുന്ന നിറങ്ങളുടേയും രൂപങ്ങളുടേയും പശ്ചാത്തലത്തെ ലളിതമായി ആവിഷ്‌കരിക്കുക. സന്ദര്‍ഭത്തിനു യോജിക്കാത്ത ശബ്ദവും പെരുമാറ്റവും പോലെ നിറങ്ങളുടെ അസ്വാരസ്യം ഒഴിവാക്കുക. പ്രകൃതിയുടെ തനതു താളത്തിലിടപെട്ട് രൂപമാറ്റം വരുത്തി അഭംഗി തീര്‍ക്കാതിരിക്കുക. ചുമര്‍ച്ചിത്രങ്ങളിലും അനുഷ്ഠാന ചിത്രണത്തിലും മന്ത്രപദ്ധതിയിലെ യന്ത്രങ്ങളിലും പൂര്‍വ്വികര്‍ തുടര്‍ന്ന രീതി ഇതായിരുന്നു. ഇതൊരു വലിയ മാറ്റമായി നിരീക്ഷിക്കപ്പെട്ടു.
ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിന്റെ (IBAM) ഒരു പത്രപ്പരസ്യം കണ്ടാണ് രാജേഷ് ഗവേഷണത്തിന് അപേക്ഷിക്കുന്നത്. അത് സ്വീകരിക്കപ്പെട്ടു. Healing through colours and forms എന്ന വിഷയത്തില്‍ ഡോ. സാംസണിന്റെ കീഴില്‍ ഗവേഷണം തുടങ്ങി (2000). ഏഴു വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഡോക്ടറേറ്റ് നേടി. ഭിന്നശേഷിക്കാരായ കുട്ടികളില്‍ നിറങ്ങളും രൂപങ്ങളും എങ്ങനെ സമചിത്തത കൈവരിക്കാന്‍ ഇടമൊരുക്കുന്നു എന്നതായിരുന്നു അന്വേഷണം. പ്രബന്ധം ജനീവയില്‍ അവതരിപ്പിക്കാന്‍ യു.എന്‍ ക്ഷണിച്ചു. യാത്രയും മറ്റും സ്വന്തം ചെലവിലായിരിക്കണം. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതുകൊണ്ട് പോകാനായില്ല.
പൂനയില്‍ സ്ഥിരതാമസക്കാരിയായ മലയാളി സബിതയുമായുള്ള വിവാഹം പിന്നീട് നടന്നു. ശാസ്ത്രഗവേഷകയും ചിത്രകാരിയും അഭിഭാഷകയും പാരിസ്ഥിതികവാദിയുമാണിന്ന് സബിത.
വിവാഹാനന്തരം പൂനയിലെത്തി. ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലും സ്വാമിരാമയുടെ മകള്‍ ദേവയാനി മുഗ്ളിയുടെ ഗ്യാന്‍ഗംഗ ഇന്റര്‍നാഷണല്‍ സ്‌കൂളിലും വീണ്ടും ചിത്രകലാദ്ധ്യാപനവൃത്തിയില്‍. ചെറിയൊരു കാലയിടയ്ക്കു ശേഷം സ്വന്തമായൊരു സ്‌കൂള്‍ തുടങ്ങി. ഇപ്പോള്‍ ഐ.എ.എസ്, ഐ.പി.എസ്, എന്‍.ഡി.എ കോച്ചിങ്ങും ഡാന്‍സ് അക്കാദമിയും അനുബന്ധമായി നടത്തുന്നു. അമരത്ത് സബിതയാണ്.
അഭിമതങ്ങള്‍ വെല്ലുവിളികള്‍
രചനകളില്‍ ബൃഹദ് രൂപങ്ങളെ ഇഷ്ടപ്പെടുന്ന രാജേഷ് വിശ്വചിത്രകാരന്മാരിലും ശില്പികളിലും സമുന്നതനായി പിക്കാസോവിനെയാണ് കാണുന്നത്. ശില്പങ്ങളില്‍ ഹെന്റി മൂറിനേയും. കാനായിയെ ഇഷ്ടപ്പെടുമെങ്കിലും സ്‌ത്രൈണശില്പങ്ങള്‍ പൊതുകാഴ്ചയിടങ്ങളില്‍ വെയ്ക്കുന്നതിനോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിയോജിപ്പ് പുലര്‍ത്തുന്നു. ഈ കാര്യം കാനായിയോട് നേരിട്ടു പറഞ്ഞപ്പോഴെല്ലാം ഖജൂരാഹുവിനോട് സാമ്യപ്പെടുത്തി കാനായി തന്റെ രീതിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. കാലികമായി ഇതരരംഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഇന്ന് ചിത്ര/ശില്പകലാരംഗത്തേയും കീഴ്പ്പെടുത്തിയിരിക്കുന്നു. നവസാങ്കേതിക മികവില്‍ ചിത്രകാരന്‍ അപ്രസക്തനാണ്. ഏത് ലോകോത്തര ചിത്രവും ഭാഗവും ഭാവമാറ്റത്തോടെ പുനര്‍നിര്‍മ്മിച്ചെടുക്കാം. ചുമര്‍ചിത്രണം അതിലും എളുപ്പമായി. ആവശ്യപ്പെടുന്ന സ്ഥലവ്യാപ്തിയില്‍ ഇതിപ്പോള്‍ തീര്‍ത്തെടുക്കാന്‍ യന്ത്രങ്ങള്‍ സജ്ജമാണ്. പ്രമേയത്തില്‍ കടലും മലയും ആകാശവും അനന്യമായി നിലനില്‍ക്കുന്നതുകൊണ്ട് ഈ പ്രതിബന്ധങ്ങളില്‍നിന്ന് ഒരു നവസംസ്‌കൃതി രൂപപ്പെട്ടുവരാം. തന്റെ മൗലിക രചനകള്‍ പോലും പേരുകേട്ടവര്‍ രൂപമാറ്റം വരുത്തി ഉപയോഗിച്ചത് ഇതിനൊരു തെളിവായി രാജേഷ് കാണുന്നു. ഗ്ലാസ് കഷണങ്ങള്‍ വൃത്താകാരത്തില്‍ മഴത്തുള്ളികളെപ്പോലെ രൂപപ്പെടുത്തിത്തീര്‍ത്ത ഒരു ത്രിമാന ശില്പം കണ്ട വിഖ്യാത ശില്പി ഇതേ ശൈലിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ വിസ്തൃത പൂമുഖമാണ് ഇതേ രീതിയില്‍ തീര്‍ത്തുകൊടുത്തത്.
മികവുണ്ടായിട്ടും അവസരങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ശൈലിയും അന്താരാഷ്ട്ര പ്രതിഭകളുമായുള്ള ബന്ധവും സൗഹൃദവും തുടരുന്ന രാജേഷ് എന്ന ഗവേഷണ പ്രതിഭ ഇപ്പോള്‍ നിരാസക്തനാണ്. സുഷുമ്നയില്‍ വരയുടെ ദാഹം മിന്നലായി പുളയുമ്പോള്‍ ബില്‍പാഡിന്റെ വരയില്ലാപ്പുറത്ത് ചിത്രങ്ങള്‍ കോറിയിടും, വെറുതെ. ഇപ്പോള്‍ ബ്രിട്ടനിലും ഇറ്റലിയിലും നടക്കാനിരിക്കുന്ന ബിനാലെകളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates