സമരവും രാഷ്ട്രവും നയിക്കേണ്ടത് പെണ്‍കരുത്ത്
കടപ്പുറത്തു കണക്കെഴുതാന്‍ പോയ ആദ്യത്തെ പെണ്‍കുട്ടിയാണ് വേളിയിലെ മത്സ്യത്തൊഴിലാളിയായ യോഹന്നാന്റേയും മത്സ്യവില്‍പ്പനക്കാരിയായ ഫിലോമിനയുടേയും മകള്‍ മാഗ്‌ളിന്‍ പീറ്റര്‍. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യന്റെ ജീവിതാനുഭവങ്ങള്‍ക്കു ചെവികൊടുക്കുമ്പോഴും അവ മനസ്സില്‍ പകര്‍ത്തുന്നതില്‍ അസാധാരണമായ കണിശതയാണ് അവര്‍ക്ക്. ഭാവിയില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകയാകണമെന്നോ തൊഴിലാളിപ്രസ്ഥാനത്തെ നയിക്കേണ്ടിവരുമെന്നോ കരുതിയല്ല അവര്‍ വൈകിട്ട് മീന്‍ വിറ്റു കണക്കുതീര്‍ക്കാനെത്തുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജീവിതപ്രശ്‌നങ്ങള്‍ക്കു ചെവികൊടുത്തതും അവയിലിടപെട്ടതും. പ്രീഡിഗ്രി വരെ പഠിച്ച മാഗ്‌ളിന്‍ തൊഴിലാളി നേതാവായി ഉയര്‍ന്നുവന്നതും ഗഹനമായ വിഷയങ്ങളില്‍ പണ്ഡിതോചിതമായ അറിവുനേടിയതും പാഠപുസ്തകങ്ങളില്‍നിന്നും സര്‍വ്വകലാശാലകളില്‍നിന്നുമായിരുന്നില്ല. മറിച്ചു സമൂഹം എന്ന വലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു.
പില്‍ക്കാലത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റേതടക്കമുള്ള നിരവധി സമരമുഖങ്ങളില്‍ പോരാട്ടത്തിന്റെ തീജ്വാല പടര്‍ത്താന്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായ മാഗ്‌ളിന്‍ പീറ്ററിനു കഴിഞ്ഞു. കൂടംകുളം അടക്കം നിരവധി സമരമുഖങ്ങളില്‍ മാഗ്‌ളിന്‍ പീറ്റര്‍ തന്റെ വര്‍ഗ്ഗബോധത്തിന്റെ കരുത്തുകാട്ടി. ഏറ്റവുമൊടുവില്‍ ഐ.ഒ.സി. പ്‌ളാന്റിനെതിരെ പുതുവയ്പില്‍ നടക്കുന്ന സമരമുഖത്താണ് നമ്മളവരെ കണ്ടത്. പുതുവയ്പിലെ സമരത്തിലണിനിരന്ന ആബാലവൃദ്ധം ജനങ്ങളോടൊപ്പം അവരും പുരുഷ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായി. എന്നിട്ടും ഇപ്പോഴും അവര്‍ സജീവമായി സമരമുഖത്ത്.
തന്നെത്താന്‍ കാണുന്നതുപോലെ പ്രകൃതിയേയും സഹജീവിയേയും കാണുന്നവനാണ് ഉത്തമ മനുഷ്യജീവി എന്നാണ് മാഗ്‌ളിന്‍ പീറ്ററുടെ അഭിപ്രായം. പുരുഷനെക്കാള്‍ പ്രകൃതിയോടു കരുതല്‍ സ്ത്രീക്കാണ്. കാരണം, അവള്‍ക്കു വരുംതലമുറകളെങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ട്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതു മുതല്‍ തുടങ്ങുന്നു മക്കളെ പോറ്റിവളര്‍ത്തേണ്ടുന്നതിനെക്കുറിച്ചുള്ള അവളുടെ ആധി. ഭാവിതലമുറയെക്കുറിച്ചുള്ള നൈസര്‍ഗ്ഗികമായ ഒരു ഉല്‍ക്കണ്ഠ സ്ത്രീക്കാണുള്ളത് -മാഗ്‌ളിന്‍ പീറ്റര്‍ പറയുന്നു.
അതുകൊണ്ടുതന്നെ നമ്മുടെ പുരുഷകേന്ദ്രീകൃത രാഷ്ട്രീയത്തിനു സ്‌ത്രൈണമായ ബദല്‍ ഉരുത്തിരിഞ്ഞുവരാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടാകണമെന്നു അവര്‍ വാദിക്കുന്നു. ഇപ്പോള്‍ പുതുവയ്പില്‍ നടക്കുന്ന സമരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ വിരല്‍ ചൂണ്ടി അവര്‍ പറയുന്നത് ഇങ്ങനെ: 'നോക്കൂ, ഈ സമരത്തിലെ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്ത്രീ പങ്കാളിത്തം. സ്ത്രീകളാണ് ഈ സമരത്തിന്റെ നട്ടെല്ല്. അതുകൊണ്ടു ഈ സമരം തോല്‍ക്കുകയില്ല.'
പുതുവയ്പ് സമരത്തെക്കുറിച്ചു മാത്രമല്ല, കേരളീയ സമൂഹം പൊതുവേയും മത്സ്യത്തൊഴിലാളി സമൂഹം വിശേഷിച്ചും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചോദിച്ചാല്‍ സ്‌ത്രൈണമായ ഒരു പരിപ്രേക്ഷ്യത്തിലൂന്നിയേ അവരില്‍നിന്നു മറുപടിയുണ്ടാകൂ. സമൂഹത്തെക്കുറിച്ചും തൊഴിലാളിയെക്കുറിച്ചും സ്ത്രീയെക്കുറിച്ചുമൊക്കെ മാഗ്‌ളിന്‍ പീറ്ററിനു പറയാനുള്ളതു പുതുവയ്പിലെ സമരമുഖത്തുവെച്ചു വിശദമായി പങ്കുവെച്ചു. പ്രസക്തഭാഗങ്ങള്‍:
നവ ഉദാരവല്‍ക്കരണത്തിന്റെ രണ്ടര ദശകങ്ങള്‍ കടലോര മേഖലയിലെ ജീവിതത്തെ എന്തുമാത്രം സ്വാധീനിച്ചു?
ഇന്തോ–നോര്‍വീജിയന്‍ പദ്ധതി വരുന്നതോടുകൂടിയാണ് തീരത്ത് യന്ത്രവല്‍ക്കരണത്തിന്റെ തിരത്തള്ളിച്ച ഉണ്ടാകുന്നത്. ട്രോളിംഗ്ഷിപ്പുകള്‍ നോര്‍വേ നിരോധിച്ചതായിരുന്നു. നോര്‍വേയില്‍ വളരെയധികം മത്സ്യസമ്പത്ത് ഉണ്ടായിരുന്നകാലത്ത് അവരത് ഉപയോഗിച്ചിരുന്നു. എന്നാല്‍, കാലക്രമേണ മത്സ്യസമ്പത്തു കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ അവരതു നിരോധിച്ചു. അതേസമയം നമുക്ക് അവരെക്കാള്‍ മത്സ്യസമ്പത്ത് ഉണ്ടായിരുന്നു. അവര്‍ക്കും മത്സ്യസമ്പത്ത് ഉണ്ട്. എന്നാല്‍, നമ്മെപ്പോലെ ഒരു മത്സ്യശൃംഖല അവര്‍ക്കില്ലായിരുന്നു. അതിനു കാരണം നമ്മുടെ നാല്‍പ്പതിലധികം വരുന്ന നദികളാണ്. നാല്‍പത്തിയൊന്നു നദികളും കടലില്‍ ചേരുന്നവയാണ്. അവ ഒഴുക്കിക്കൊണ്ടുവരുന്ന സമൃദ്ധമായ ജൈവാംശം മത്സ്യസമ്പത്ത് വര്‍ധിച്ച തോതിലുണ്ടാകാന്‍ കാരണമായി. മത്സ്യങ്ങളുടെ പ്രജനനത്തിനു സഹായകമാകുന്ന ആവാസവ്യവസ്ഥ നമ്മുടെ കടലിലുണ്ട്. കടലിലും കരയിലേതുപോലെ കുന്നുകളും മലകളും തുരുത്തുകളും സസ്യജാലവും ഒക്കെയുണ്ട്. മത്സ്യങ്ങള്‍ അവിടെയൊക്കെയാണ് ജീവിക്കുന്നത്.
ഇന്തോ–നോര്‍വീജിയന്‍ പ്രൊജക്ട് വന്നപ്പോള്‍ മത്സ്യസമ്പത്തിനു നാശം വന്നു. അമിതമായ മത്സ്യബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെപ്പോലും പിടിക്കുക, ഊറ്റിയെടുക്കുക ഇങ്ങനെയൊക്കെ ചെയ്തുപോന്നു. നിലം ഉഴുതുമറിക്കുന്നതുപോലെ കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ചുകൊണ്ടുള്ള ഈ രീതി നമ്മുടെ മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമായി. ഈയൊരു സന്ദര്‍ഭത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചുതുടങ്ങുന്നത്. എന്നാല്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ ഊന്നിയതു മത്സ്യസമ്പത്തു ശോഷിക്കുന്നു എന്ന വസ്തുതയില്‍ മാത്രമായിരുന്നു.
സത്യം പറഞ്ഞാല്‍ കരയേയാണ് കടലിനേക്കാള്‍ മത്സ്യബന്ധനത്തിലെ യന്ത്രവല്‍ക്കരണം കൂടുതല്‍ ബാധിച്ചത്. ഈ നോര്‍വീജിയന്‍ പ്രൊജക്ട് യഥാര്‍ത്ഥത്തില്‍ ഒരു വലിയ പാക്കേജായിരുന്നു. വെറും ഒരു ട്രോളിംഗ് നെറ്റ് മാത്രമല്ല അവര്‍ കൊണ്ടുവന്നത്. മിനി ഹാര്‍ബറുകള്‍, വല നിര്‍മ്മാണ യൂണിറ്റുകള്‍, എക്‌സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ ഇതൊക്കെ ആ പ്രൊജക്ടിന്റെ ഭാഗമായിരുന്നു. ഈ പാക്കേജ് നടപ്പാക്കിയതുകൊണ്ടു നഷ്ടം വന്നതു മത്സ്യത്തൊഴിലാളി ജനതയിലെ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കായിരുന്നു. ഇവിടെ നിറയെ ചാപ്പകളുണ്ടായിരുന്നു. പ്രൊജക്ട് വന്നപ്പോള്‍ അവ ഇല്ലാതായി. മത്സ്യത്തൊഴിലാളി ജനതയുടെ ജീവിതത്തിന് ആദിവാസി ജീവിതത്തോട് വലിയ സാദൃശ്യമുണ്ട്. പ്രകൃതിയെ ആശ്രയിച്ചാണ് ഞങ്ങളുടെയും ജീവിതം. പ്രകൃതിസമ്പത്തിനെ വിവേചനത്തോടെ ഉപയോഗപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ പരമ്പരാഗത രീതി. ഇപ്പോ നത്തോലി എന്ന മത്സ്യത്തെ പിടിക്കാനുള്ള വല എടുക്കുക. അതില്‍ വലിയ നത്തോലികള്‍ മാത്രമേ അതില്‍ കുടുങ്ങുള്ളൂ. കുഞ്ഞുങ്ങള്‍ കുടുങ്ങില്ല. വലയുണ്ടാക്കുന്നതു സ്ത്രീകള്‍ക്ക് ഒരു തൊഴിലായിരുന്നു. അങ്ങനെ നോക്കിയാല്‍ കയര്‍മേഖലപോലും സ്തംഭിച്ചതിനു നോര്‍വീജിയന്‍ പ്രൊജക്ട് ഒരു കാരണമാണ്.
കയറുകൊണ്ടു കമ്പാവല പോലെയുള്ളതൊക്കെ അവര്‍ ഉണ്ടാക്കി ജീവിച്ചിരുന്നു. എന്നാല്‍, സ്ത്രീകളുടെ ഈ പ്രശ്‌നങ്ങള്‍ കാര്യമായി ആദ്യകാലത്തു ചര്‍ച്ച ചെയ്യപ്പെട്ടില്ല. പാരിസ്ഥിതികമായ കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ ഒതുങ്ങിയത്. അത്തരം ചര്‍ച്ചകളുടേയും ദീര്‍ഘകാലത്തെ സമരത്തിന്റേയും ഫലമായാണ് 87–ല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. അപ്പോഴും യന്ത്രവല്‍ക്കരണം കൊണ്ടു സ്ത്രീസമൂഹം അനുഭവിക്കുന്ന ദുരിതത്തിലേക്കു കാര്യമായൊന്നും സംഘടനകളുടെ ശ്രദ്ധ പോയില്ല. പക്ഷേ, ട്രോളിംഗ് നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങളിപ്പോള്‍.
കടലിനു മൊത്തമായി ഒരു നിയമം നിലവിലില്ല. ഇന്ത്യയുടെ കടല്‍, കേരളത്തിന്റെ കടല്‍ ഇങ്ങനെയൊക്കെ കടലിനെ വിഭജിച്ചുവച്ചിട്ടുണ്ട്. നമ്മള്‍ മനുഷ്യര്‍ക്കല്ലേ അതിരുകളുള്ളൂ. മത്സ്യങ്ങള്‍ക്ക് അങ്ങനെയൊന്നുമില്ലല്ലോ. അവര്‍ ഒരു പ്രദേശത്തുനിന്നു മറ്റൊരു പ്രദേശത്തേക്കു സഞ്ചരിച്ചുകൊണ്ടിരിക്കും. മത്സ്യസമ്പത്തിനു നാശമുണ്ടാകുന്ന രീതിയില്‍ ഒരു പരിസ്ഥിതിദുരന്തം എവിടെയുണ്ടായാലും അതിന്റെ എഫ്ക്ട് എല്ലാവിടെയും ഉണ്ടാകും എന്നതാണ് അതിന്റെ ഒരു ഫലം. ഇങ്ങനെ മത്സ്യസമ്പത്തു കുറഞ്ഞുകുറഞ്ഞുവരുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു സ്ത്രീകളെയാണ്.
ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ആദിവാസി മേഖലയെക്കാള്‍ അതിരൂക്ഷമാണ് കടലോരത്തെ പ്രശ്‌നങ്ങള്‍. കടലിന്റെ തീരത്തുവന്ന വികസനപ്രവര്‍ത്തനങ്ങളാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. കേരളതീരത്തിന്റെ അറുപതു ശതമാനത്തിലധികം മത്സ്യത്തൊഴിലാളിക്കു നഷ്ടമാക്കിയത് ഈ വികസനപ്രവര്‍ത്തനങ്ങളാണ്.
ഉദാഹരണത്തിന് കൊച്ചി തന്നെ. എത്രമാത്രം പ്രദേശമാണ് മത്സ്യത്തൊഴിലാളിക്ക് ഇവിടെ അപ്രാപ്യമായിത്തീര്‍ന്നിട്ടുള്ളത്. പലപ്പോഴും ഒരുപാടു പോരാടേണ്ടിവരുന്നു നടക്കാനുള്ള വഴി പോലും വിട്ടുകിട്ടാന്‍. കേന്ദ്രസര്‍ക്കാരിന്റേയും പ്രതിരോധമേഖലയുടേയും പദ്ധതികള്‍ക്കും ടൂറിസം വികസനത്തിനും മണലെടുപ്പിനും തുറമുഖവികസനത്തിനും മറ്റുമൊക്കെയായി തീരദേശത്തെ എത്ര ഭൂമിയാണ് മത്സ്യത്തൊഴിലാളിക്കു നഷ്ടമായിട്ടുള്ളത്. ഇവിടെയൊക്കെ ജീവിച്ചിരുന്ന മുക്കുവ ജനത എങ്ങോട്ടുപോയി എന്നതു വലിയൊരു ചോദ്യമാണ്. ആഗോളതാപനത്തിന്റെ ഫലമായിട്ട് കടല്‍നിരപ്പു ഉയര്‍ന്നുവരികയും തീരം കടലെടുക്കുകയും ചെയ്തുവരികയാണ്.
ലോകത്തിലെ പല ദ്വീപുകളും ഇങ്ങനെ കടലിന്റെ കൈയേറ്റ ഭീഷണിയിലാണ്. അവര്‍ ഇതിനെ മറികടക്കാനും തീരദേശ ജനതയെ സുരക്ഷിതരാക്കാനും പാടുപെടുമ്പോള്‍ നമ്മളെന്താണ് ചെയ്യുന്നത്? കേന്ദ്രസര്‍ക്കാരിന്റേയും മറ്റും പദ്ധതികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കടലില്‍ കല്ലിടുകയാണ്, പുലിമുട്ടുകളുണ്ടാക്കുകയാണ്. അപ്പോള്‍ കടല്‍ അവിടം ഒഴിവാക്കി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്കു കൂടുതല്‍ കയറിവരുന്നു. ഇങ്ങനെ മത്സ്യത്തൊഴിലാളികള്‍ക്കു ജീവിക്കാനുള്ള ഇടം നഷ്ടപ്പെടുമ്പോള്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളൊന്നും ഉണ്ടാകുകയോ ഉണ്ടാകുന്നവ ഫലപ്രദമായി നടപ്പാക്കുകയോ ചെയ്യുന്നില്ല.
കടല്‍ത്തീരത്തു നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികമാറ്റങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങള്‍, പാരിസ്ഥിതികമാറ്റങ്ങള്‍ ഇതൊക്കെ കടല്‍ത്തീരത്തു അശാസ്ത്രീയമായി നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളിയുടെ ജീവിതത്തെ കൂടുതല്‍ ബാധിക്കുന്നു. അതവന്റെ തൊഴിലിനേയും ബാധിക്കുന്നു. മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു സംഭവിക്കുന്ന ദുരന്തങ്ങളെ ദുരന്തങ്ങളായിപേ്പാലും കണക്കാക്കുന്നില്ല. മത്സ്യത്തൊഴിലാളിക്ക് എന്തു സംഭവിച്ചാലും അതു സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതായി മാറുന്നില്ല. പകരം ഓരോ പ്രദേശത്തും ഉയരുന്ന പ്രശ്‌നങ്ങളെ ആ പ്രദേശത്തിന്റെ മാത്രം പ്രശ്‌നമായി ചിത്രീകരിച്ച് അവരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് അധികാരികള്‍ കൈക്കൊള്ളുന്നത്.
ഇപ്പോള്‍ പുതുവയ്പില്‍ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു. അതു പുതുവയ്പുകാരുടെ മാത്രം പ്രശ്‌നമായിട്ടാണ് ഗവണ്‍മെന്റ് കണക്കാക്കുന്നത്. ഇനി കൊച്ചിയില്‍ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നാല്‍ അതു കൊച്ചിക്കാരുടെ പ്രശ്‌നം മാത്രമായിട്ടേ ഗവണ്‍മെന്റ് കാണൂ. പൊതുസമൂഹവും കാണൂ. ഇങ്ങനെ പ്രശ്‌നങ്ങളെ ഒറ്റതിരിച്ചു ചിത്രീകരിച്ചു മത്സ്യത്തൊഴിലാളി ജനതയുടെ പ്രശ്‌നങ്ങളെ ഒറ്റപ്പെട്ടവയായി ചിത്രീകരിക്കുക വഴി അവര്‍ തീരത്തു സ്ഥാപിത–സമ്പന്ന താല്‍പ്പര്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഇതൊരു വലിയ പ്രശ്‌നമായിട്ടാണ് ഞങ്ങള്‍ കാണുന്നത്.
മത്സ്യത്തൊഴിലാളിയുടെ ഭൂമിപ്രശ്‌നത്തെക്കുറിച്ച്
മത്സ്യത്തൊഴിലാളിയുടെ ഭൂമിപ്രശ്‌നത്തെക്കുറിച്ച് ആരും എവിടേയും ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തില്‍ ഭൂപ്രശ്‌നത്തെക്കുറിച്ചു ചര്‍ച്ചയുണ്ടാകുമ്പോള്‍ അതു മിക്കവാറും ആദിവാസി–ദളിത് പ്രശ്‌നം മാത്രമായിട്ടാണ് ചര്‍ച്ച ചെയ്യുന്നത്. അതിരൂക്ഷമാണ് മത്സ്യത്തൊഴിലാളികള്‍ക്കിടയിലുള്ള ഭൂമിപ്രശ്‌നം. പൂന്തുറപോലുള്ള സ്ഥലങ്ങളില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ രണ്ടായിരത്തിലധികം വീടുകളുണ്ട്. അതുമാത്രം നോക്കിയാല്‍ മതി ഭൂമിയിന്‍മേലുള്ള ജനസംഖ്യാസമ്മര്‍ദ്ദം. ഒരു ചെറിയ ഒറ്റമുറി വീട്ടില്‍ മൂന്നും നാലും കുടുംബങ്ങളാണ് ജീവിക്കുന്നത്.
പിന്നെ മത്സ്യത്തൊഴിലാളി ജനത കഴിയുന്നതു വൈപ്പിന്‍ പോലുള്ള ദ്വീപുകളിലാണ്. ഇവിടെയൊക്കെ ആഗോളതാപനത്തിന്റെ ഫലമായി ഉയരുന്ന വെള്ളം വീടുകളിലുമെത്തുന്നു. മഴക്കാലത്തല്ലെങ്കില്‍പ്പോലും വീടുകളിലേക്കു വെള്ളം കയറിവരുന്ന അവസ്ഥയുണ്ട്. ഇവിടെയൊക്കെ ഒരു വീടുവയ്ക്കുന്നതിനു രണ്ടു വീടുകളുടെ നിര്‍മ്മാണത്തിനു ചെലവിടേണ്ട പണം ചെലവാക്കേണ്ടിവരുന്നു. വെള്ളം കയറിവരുന്നതു തടയാന്‍ വീടുകള്‍ അത്രയേറെ ഉയരത്തില്‍ പണിയേണ്ടിവരുന്നു. ഇപ്പോള്‍ പുതുവയ്പില്‍ പുതിയ എല്‍.പി.ജി. ടെര്‍മിനല്‍ ഉണ്ടാക്കുന്നതു പോര്‍ട്ടിന്റെ സ്ഥലത്തെന്നാണ് പറയുന്നത്. ഇതുപോലെ പലയിടത്തും തുറമുഖ വികസനത്തിന്റെ ഭാഗമായി കടല്‍ നികത്തിയെടുക്കുന്നു. തുറമുഖവികസനം നടക്കുന്നിടങ്ങളിലൊക്കെ തീരദേശങ്ങള്‍ പോര്‍ട്ടിന്റെ, കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലാണ്. സുരക്ഷയെ മുന്‍നിര്‍ത്തി അവരെടുക്കുന്ന കരുതലുകള്‍ മൂലം മത്സ്യത്തൊഴിലാളിക്കു സ്വതന്ത്രമായി കടലില്‍ പോകുന്നതിനു കഴിയുന്നില്ല.
തിരുവനന്തപുരത്തൊക്കെയാണെങ്കില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ പരിസരപ്രദേശത്തു മത്സ്യത്തൊഴിലാളിക്ക് ഉപജീവനത്തിനു വലിയ തടസ്‌സമാണ് നേരിടുന്നത്. കടലില്‍ സുരക്ഷയും ജാഗ്രതയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടലില്‍ ഐഡന്റിറ്റി കാര്‍ഡുമായി മീന്‍ പിടിക്കാന്‍ പോകേണ്ട അവസ്ഥയിലാണ് ഇന്നത്തെ മത്സ്യത്തൊഴിലാളി. കോസ്റ്റ് ഗാര്‍ഡിന്റെ നിരന്തരമായ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാകേണ്ടിവരുന്നു. മത്സ്യത്തൊഴിലാളിക്കു സ്വതന്ത്രമായി കടലില്‍ പോകാന്‍ വയ്യാത്ത അവസ്ഥ. ഇനി കടലില്‍ വെച്ചു എന്തെങ്കിലും അപകടം സംഭവിച്ചാലോ? ഉത്തരവാദിത്വം ആര്‍ക്കുമില്ല. ഇപ്പോള്‍ കപ്പല്‍ വന്നിടിച്ചു മത്സ്യത്തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. രണ്ടുലക്ഷം രൂപ കൊടുത്തു പ്രശ്‌നം പരിഹരിച്ചു. ബംഗ്‌ളാദേശികളും തമിഴ്‌നാട്ടുകാരും
ഒറീസ്‌സക്കാരുമായതുകൊണ്ടു നമ്മുടെ ഗവണ്‍മെന്റിന് ഉത്തരവാദിത്വമൊന്നുമില്ലേ?
അന്യദേശക്കാരുടെ കടന്നുവരവ് എങ്ങനെയാണ് തദ്ദേശീയ മത്സ്യബന്ധനമേഖലയെ ബാധിക്കുന്നത്? സംഘടനകളുടേയും ഗവണ്‍മെന്റിന്റേയും അവരോടുള്ള നിലപാട് എന്താണ്?
പാവപ്പെട്ട ആളുകള്‍ക്ക് എവിടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. നമ്മുടെ ആളുകള്‍ ഗള്‍ഫിലൊക്കെ പോയി ജോലി ചെയ്യുന്നില്ലേ? സമ്പന്നന്‍ വന്നു പണമുണ്ടാക്കി പോകുന്നതിനെക്കാള്‍ നല്ലതു പാവപ്പെട്ടവന്‍ അവന്റെ ഉപജീവനത്തിന് ഇവിടെ ഒരു വഴി കണ്ടെത്തുന്നതാണ്. പക്ഷേ, പ്രധാനമായും അവരുടെ കടന്നുവരവു സൃഷ്ടിക്കുന്നത് അപകടങ്ങളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണ്. കടല്‍ ഇത്തിരി അപകടസാധ്യതയുള്ള ഒരിടമാണ്. ഞങ്ങളെയൊക്കെ നോക്കിയാല്‍ ഞങ്ങളില്‍ ഏറെ പേര്‍ക്കും നന്നായി നീന്താനറിയാം. കടലിന്റെ സ്വഭാവമറിയാം. വേളി കടപ്പുറത്തെ എന്റെ വീട് കടലിനു വളരെ അടുത്താണ്. അവിടെ ഒരു പുതിയ വീട് പണിയാന്‍ ശ്രമിച്ചപ്പോള്‍ സി.ആര്‍.ഇസെഡ് നിയമങ്ങളുടെ ലംഘനം എന്ന പ്രശ്‌നം വന്നു.
പുതുവയ്പില്‍ നോക്കൂ, ഐ.ഒ.സി. തീരദേശനിയമങ്ങള്‍ ലംഘിച്ചത് അധികൃതര്‍ക്ക് നിയമലംഘനമായില്ല. റിയല്‍ എസ്റ്റേറ്റ് ലോബികളുടെ കൈയേറ്റങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമൊന്നും നിയമലംഘനത്തിന്റെ പരിധിയില്‍ വരാറേയില്ല. അതേസമയം പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ വീടുവെയ്ക്കാനിടമില്ലാതെ ജീവിക്കുന്നു. അവര്‍ക്ക് ഒരു വീടുവെയ്‌ക്കേണ്ട പ്രശ്‌നം വന്നാല്‍ സി.ആര്‍.ഇസെഡ് നിയമങ്ങളുടെ ലംഘനത്തിന്റെ പ്രശ്‌നം വരുന്നു. വികസനം വേണം. വികസനത്തിനു ഞങ്ങള്‍ എതിരല്ല. എന്നാല്‍ വിനാശകരമായ വികസനം വേണ്ട.
വികസനം എന്ന വാക്ക് വളരെ അമൂര്‍ത്തവും അവ്യക്തവുമായാണ് എല്ലാവരും ഉപയോഗിച്ചു കാണുന്നത്. അതുകൊണ്ട് ഈ അവ്യക്തത പരിഹരിക്കാത്തിടത്തോളം കാലം പ്രശ്‌നം തീരാതിരിക്കാനല്ലേ സാധ്യത?
തീര്‍ച്ചയായും. വികസനം എന്ന വാക്കിനു ചില അവ്യക്തതകളുണ്ട്. വികസനം ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നൊക്കെ നിര്‍വ്വചിക്കപ്പെട്ടാലേ ഈ അവ്യക്തത തീരൂ. ഭരണകൂടങ്ങള്‍ ഒരുകാലത്തും ഈ അവ്യക്തത നീക്കാന്‍ ശ്രമിച്ചിട്ടില്ല. മുന്‍പൊക്കെ ഇടതുപക്ഷം ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളൊക്കെ സജീവമായി ഇക്കാര്യം ചര്‍ച്ചയാക്കുകയും ഇടപെടുകയും ചെയ്തിരുന്നു.
മനുഷ്യന്റെ നിലനില്‍പ്പും പരിസ്ഥിതിയുടെ സന്തുലനവും പരിഗണിക്കാതെയുള്ള ഒരു വികസനത്തിന് ഇടതുപക്ഷം എതിരായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷം, പ്രത്യേകിച്ചു സി.പി.ഐ.എം, ഈ നിലപാടുകളില്‍നിന്നു വ്യതിചലിക്കുന്നതായാണ് കാണുന്നത്. നോക്കൂ, പുതുവയ്പില്‍ ഐ.ഒ.സി ടെര്‍മിനല്‍ സ്ഥാപിക്കുന്ന ഇടത്ത് കരയോടു ചേര്‍ന്ന കണ്ടല്‍ക്കാടുകളുടേയും മൂളികളുടേയും (കാറ്റാടി) ഇടമായിരുന്നു. ഈ മുപ്പത്തിയേഴ് ഏക്കര്‍ സ്ഥലത്ത് നിന്നിരുന്ന കണ്ടല്‍ക്കാടുകള്‍ കടല്‍ കരയിലേക്കു കയറിവരുന്നതിനെ തടഞ്ഞിരുന്നു. നമ്മുടെ തീരങ്ങളുടെ ശോഷണം തടയുന്നതില്‍ കണ്ടല്‍ക്കാടുകള്‍ക്കുള്ള പങ്ക് കാണാതെ നമ്മള്‍ എന്തു വികസന പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്.
ഓരോ പ്രദേശത്തും ഉയര്‍ന്നുവരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മിക്കപ്പോഴും ഒറ്റപ്പെട്ട പ്രശ്‌നങ്ങളായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍, ഇതുപോലെ വികസനത്തിന്റേയും ഭൂരാഹിത്യത്തിന്റേയും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുമായി ഐക്യമുണ്ടാക്കുന്ന കാര്യം നിങ്ങളുടെ പരിഗണനയ്ക്കു വന്നിട്ടുണ്ടോ?
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുള്‍പ്പെടുന്ന ദളിതരുടേയും തീരദേശത്തെ മത്സ്യത്തൊഴിലാളി ജനതയുടേയും പ്രശ്‌നം ഭൂപ്രശ്‌നത്തെ മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ട ഭൂ അധികാര സമിതിക്കു മുന്‍പാകെ ഉന്നയിക്കപ്പെട്ടിരുന്നു. ആദിവാസികളുടേയും ദളിതരുടേയും പോലെ മത്സ്യത്തൊഴിലാളിയുടേയും ഭൂമിപ്രശ്‌നം ചര്‍ച്ച ചെയ്യാതെ സമരങ്ങള്‍ക്കു മുന്നോട്ടുപോകാനാകില്ലെന്നു ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശത്തേയും തൊഴിലിനേയും ബന്ധപ്പെടുത്തിയാണ് ഭൂ അധികാരസമിതി കാണുന്നത്. അങ്ങനെ ബന്ധപ്പെടുത്തി കണ്ടാല്‍ത്തന്നെ ആ രാഷ്ട്രീയത്തിന്റെ പരിധിയില്‍ ഞങ്ങളും വരും. വള്ളം കയറ്റിവയ്ക്കാന്‍, മത്സ്യം ഉണക്കാന്‍, വലകള്‍ ഉണക്കാനും വല കെട്ടാനും എന്നിങ്ങനെ ഞങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ടു ഭൂമിയുടെ ആവശ്യം ഏറെയുണ്ട്.
ഞങ്ങളുടെ വീടുകള്‍ ചെറുതും ജനസംഖ്യ കൂടുതലും ആയതുകൊണ്ടു കിടന്നുറങ്ങുന്നതിനുവരെ ഞങ്ങള്‍ക്ക് ഇടമില്ലാത്ത അവസ്ഥയുണ്ട്. നമ്മുടെ നാട്ടില്‍ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരുണ്ടാകുന്നതു തീരദേശത്തുനിന്നാണ്. അവരെല്ലാവരും തീരത്തെ മണല്‍പ്പരപ്പുകളില്‍ കളിച്ചുവളര്‍ന്നവരാണ്. പല പല കാരണങ്ങളാല്‍ ഞങ്ങള്‍ക്കും ഭൂമിയുടെ ആവശ്യമുണ്ട്. ഞങ്ങള്‍ക്കു തനിച്ചുള്ള ഭൂമിയെക്കാളുള്ളതു പൊതുഭൂമിയാണ്. ഈ പൊതുഭൂമിയുടെ അധികാരം ആര്‍ക്കാണ് എന്നുള്ളതാണ് ഞങ്ങള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം.
മത്സ്യത്തൊഴിലാളി ജനതയ്ക്ക് അതിന്‍മേല്‍ ഒരധികാരവുമില്ലാത്ത അവസ്ഥയാണ് ഫലത്തില്‍ ഇപ്പോഴുള്ളത്. പഞ്ചായത്തിരാജ് നിയമങ്ങള്‍ പ്രകാരം ഒരു പ്രദേശത്തെ വികസനം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ആ പ്രദേശത്തെ ജനങ്ങള്‍ക്കാണുള്ളത്. കേരളത്തില്‍ നമ്മുടെ ത്രിതലപഞ്ചായത്തിരാജ് സംവിധാനം ആദ്യകാലത്ത് കുറേയൊക്കെ ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കപ്പെട്ടു. പക്ഷേ, ക്രമേണ പഞ്ചായത്തിരാജ് നല്‍കുന്ന വേദികളില്‍ ജനാധിപത്യം പാര്‍ട്ടി ആധിപത്യങ്ങള്‍ക്കു വഴിമാറുകയായിരുന്നു.
അധികാരത്തിലുള്ള പാര്‍ട്ടികള്‍ ചില പദ്ധതികളൊക്കെ കൊണ്ടുവരും. അതു ജനങ്ങളെക്കൊണ്ടു സമ്മതിപ്പിക്കും. ഇതാണ് നടക്കുന്നത്. ജനകീയാസൂത്രണം നല്ല ദിശയിലുള്ള ഒരു നീക്കമായിരുന്നു. എന്നാല്‍, പിന്നീട് അതിന്റെ ആവേശം നഷ്ടപ്പെട്ടു. ഗ്രാമസഭകള്‍ ചേരാതെപോലുമായി. സമ്പന്നനും അധികാരത്തില്‍ സ്വാധീനമുള്ളവനും വികസന കാര്യങ്ങളില്‍ തീരുമാനമെടുത്തു മുന്നോട്ടുപോകുന്നു. അത്രതന്നെ. ഇപ്പോള്‍ വൈപ്പിനിലെ കാര്യം തന്നെ എടുക്കൂ. പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലമാണ് എന്നാണ് അവര്‍ പറയുന്നത്. പക്ഷേ, പഞ്ചായത്തിരാജ് നിയമങ്ങള്‍ പ്രകാരം പഞ്ചായത്തിനു തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ, പഞ്ചായത്തിന്റെ ആ അധികാരത്തെ വകവെച്ചുകൊടുക്കാന്‍ ഐ.ഒ.സി തയ്യാറില്ല. പഞ്ചായത്ത് കേസ് കൊടുത്തിട്ടുണ്ട്. പഞ്ചായത്തിനെപ്പോലും ധിക്കരിച്ചുകൊണ്ടുള്ള പദ്ധതിയാണ് അത്. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവുമൊക്കെ പറയുമ്പോഴും അധികാരകേന്ദ്രീകരണവും സമ്പന്ന–കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥവാഴ്ചയുമൊക്കെയാണ് നടക്കുന്നത്.
90-കളോടെ മത്സ്യത്തൊഴിലാളി മേഖലയില്‍ ഇടപെടുന്ന സംഘടനകള്‍ വര്‍ധിച്ചില്ലേ? ഈ സംഘടനകളുടെ ഏകോപിച്ച ഒരു പ്രവര്‍ത്തനവും സംഘടനാരൂപവും സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് അനിവാര്യമല്ലേ? മതസംഘടനകളുടെ ഇടപെടലിനെ എങ്ങനെ കാണുന്നു?
ഉണ്ട്. നിരവധി സംഘടനകളുടെ ഇടപെടല്‍ ശക്തിപ്പെട്ടിട്ടുണ്ട്. കക്ഷിരാഷ്ട്രീയ സ്വഭാവമുള്ള സംഘടനകളും കൂടിയിട്ടുണ്ട് എന്നുവേണം പറയാന്‍. മതസംഘടനകളുടെ ഇടപെടലും കൂടുതലായിട്ടുണ്ട്. മതസംഘടനകളുടെ ഇടപെടല്‍ ചിലപ്പോഴൊക്കെ നെഗറ്റീവും ചിലപ്പോഴൊക്കെ പോസിറ്റീവുമാണ്. കൂടംകുളം പോലുള്ള സമരവേദികളില്‍ മതപരമായ ഇടപെടല്‍ തീര്‍ത്തും പോസിറ്റീവ് ആയിരുന്നു. എന്നാല്‍, എല്ലായ്‌പോഴും അതു സംഭവിച്ചോളണമെന്നില്ല. തീര്‍ച്ചയായും ഈ സംഘടനകളുടെ ഏകോപിച്ച ഒരു ഇടപെടലും പൊതുവേദിയും ഒക്കെ അനിവാര്യമാണ്. കുറേയൊക്കെ ഉണ്ട്. പക്ഷേ, ഇതിലൊരു കാര്യം സ്ത്രീ പ്രാതിനിധ്യമാണ്. സ്ത്രീപ്രാതിനിധ്യം വേണ്ടതോതിലുള്ള സ്ത്രീകള്‍ക്കു തീരുമാനമെടുക്കാന്‍ അധികാരമുള്ള വേദികളാണ് വേണ്ടത്. വലിയ സ്ത്രീപങ്കാളിത്തമുള്ള സമരങ്ങള്‍ക്കു കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നുവെന്നതാണ് അനുഭവം.
ഇപ്പോള്‍ കടലോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയെല്ലാം ഒരു പ്രധാന പ്രശ്‌നം ഈ സ്ത്രീ പ്രാതിനിധ്യത്തിന്റെ അഭാവമാണ്. ഇവയെല്ലാം പൊതുവേ ഫിഷര്‍മെന്‍ സംഘടനകളാണ്. പുരുഷന്‍മാരുടെ സംഘടനകളാണ്. ഫിഷര്‍ഫോക്ക് സംഘടനകളല്ല. തൊഴിലാളി എന്ന ഇവരുടെ സങ്കല്‍പ്പത്തില്‍ സ്ത്രീ വരുന്നില്ല. എന്നാല്‍, മത്സ്യത്തൊഴിലാളി സമൂഹത്തില്‍ സ്ത്രീയുടെ അവസ്ഥ ഇതല്ല. അവര്‍ക്ക് ആ സമൂഹത്തില്‍ നിര്‍ണ്ണായകമായ അധികാരങ്ങളുണ്ടായിരുന്നു. പക്ഷേ, കേരളത്തില്‍ വീടുകളില്‍ സഹായത്തിനു പോകുന്ന ഡൊമസ്റ്റിക് വര്‍ക്കേഴ്‌സിന്റെ എണ്ണം കൂടിവരുന്നു എന്ന വസ്തുത പരിശോധിച്ചാലറിയാം അതിലേറെയും മത്സ്യത്തൊഴിലാളിമേഖല പോലെയുള്ള പരമ്പരാഗത തൊഴില്‍മേഖലകളിലെ തൊഴിലില്ലായ്മ മൂലം ഈ ജോലിയിലേക്കു വരുന്നവരാണ് എന്ന്.
മത്സ്യത്തൊഴിലാളിമേഖലയില്‍ സ്ത്രീകള്‍ക്കു ചെയ്യാവുന്ന ധാരാളം തൊഴിലുകളുണ്ടായിരുന്നു. മീന്‍ ഉണക്കുക, വലകള്‍ ഉണ്ടാക്കുക എന്നിങ്ങനെ. മീന്‍ ഉണക്കുകതന്നെ പലതരത്തിലുണ്ട്. ഉപ്പിട്ട് ഉണക്കിവെയ്ക്കുന്നതുമുണ്ട്. അതുപോലെ വലിയ കുഴികളുണ്ടാക്കി മെടലുകളിട്ട് മൂന്നുമാസത്തോളം അവയില്‍ മീനുകള്‍ ഉപ്പിലിട്ടുവെയ്ക്കും. നിങ്ങള്‍ക്കറിയാമോ, കൃഷിക്കാരനു നെല്ലറപോലെ ഞങ്ങളുടെയൊക്കെ വീടുകളില്‍ മീന്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ടായിരുന്നു. ചാപ്പകളുണ്ടായിരുന്നു. മൂന്നുമാസത്തോളം ഞങ്ങള്‍ക്കു മീന്‍ പിടിക്കാന്‍ കഴിയില്ല. അക്കാലത്തേക്കു വിവിധ സീസണുകളില്‍ കിട്ടുന്ന വിവിധ തരം മത്സ്യങ്ങള്‍ ഞങ്ങള്‍ സൂക്ഷിച്ചുവെയ്ക്കും. ആ മൂന്നുമാസം കടലിനെ സ്വസ്ഥമായി വിടും. മത്സ്യങ്ങള്‍ക്കു പ്രജനനത്തിനും മറ്റുമായി സമയം കിട്ടും. ഇതു ഞങ്ങള്‍ സ്വയം ഉണ്ടാക്കുന്ന ഒരു നിയന്ത്രണമായിരുന്നു. ഞങ്ങള്‍ക്കൊരിക്കലും കുഞ്ഞിനേയും വലുതിനേയും ഒരുപോലെ പിടിക്കുന്ന പതിവുണ്ടായിരുന്നില്ല. വലിയ മത്സ്യങ്ങള്‍ക്കും ചെറിയ മത്സ്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വലയുണ്ടായിരുന്നു. ചൂരയേയും അയലയേയും പിടിക്കുന്ന കിച്ചാവലയും നത്തോലിക്കും മത്തിക്കും വേറെ വലയുമുണ്ടായിരുന്നു. ഒരു സീസണിലും ഞങ്ങള്‍ എല്ലാ വലകളുമായി കടലില്‍ പോയിരുന്നില്ല. ഇത്തരം വലകളൊക്കെ ഉണ്ടാക്കിയിരുന്നത് സ്ത്രീകളാണ്. മത്സ്യം ഉണക്കല്‍, മത്സ്യവിപണനം തുടങ്ങിയ രംഗങ്ങളിലൊക്കെ സ്ത്രീകളുടെ വര്‍ധിച്ച സാന്നിധ്യമുണ്ടായിരുന്നു. ഉപ്പളങ്ങളില്‍നിന്നു ചാപ്പകളിലേക്ക് ഉപ്പെത്തിച്ച് ഉപജീവനം കണ്ടെത്തുന്ന സ്ത്രീകളുണ്ടായിരുന്നു. പച്ചയോലകൊണ്ടു മത്സ്യം കൊണ്ടുനടക്കാന്‍ കൊട്ട കെട്ടിയുണ്ടാക്കുന്നതും സ്ത്രീകളുടെ തൊഴിലായിരുന്നു.
കായല്‍ പ്രദേശങ്ങളിലാകട്ടെ, കക്ക വാരുകയും കക്കത്തോടു നീറ്റുകയും ചെയ്യുന്നതും സ്ത്രീകളായിരുന്നു. നീറ്റില്‍ മുങ്ങി മത്സ്യം തപ്പിപ്പിടിക്കുന്ന രീതി ഏറെയും സ്ത്രീകളാണ് അവലംബിച്ചുപോന്നത്. ചെമ്മീന്‍ പൊളിച്ചുകൊടുക്കുന്ന തൊഴിലും സ്ത്രീകള്‍ ചെയ്തുപോന്നു. അങ്ങനെ വൈവിധ്യമാര്‍ന്ന തൊഴിലുകളിലേര്‍പ്പെട്ട സ്ത്രീകള്‍ക്കു മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിര്‍ണ്ണായകമായ അധികാരങ്ങളുണ്ടായിരുന്നു.
തീരുമാനമെടുക്കുന്ന കാര്യത്തില്‍ പുരുഷന്‍മാരെപ്പോലെത്തന്നെ പ്രാധാന്യം സ്ത്രീകള്‍ക്കുമുണ്ടായിരുന്നു. അവിടെ ഫെമിനിസം എന്നത് ഇഷ്യുവായിരുന്നില്ല. എന്റെ അമ്മ മത്സ്യം വില്‍ക്കുന്ന സ്ത്രീയായിരുന്നു. പപ്പ കടലില്‍ പോകുകയും ചെയ്തുവന്നു. ഇരുകൂട്ടര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു തീരുമാനം എടുക്കേണ്ടുന്ന സന്ദര്‍ഭത്തില്‍ ഒരുമിച്ചാണ് തീരുമാനങ്ങളുണ്ടായിരുന്നത്. ചിലപ്പോള്‍ അമ്മയ്ക്കു ശരിയല്ലെന്നു തോന്നുന്ന തീരുമാനങ്ങളെ അമ്മ ചോദ്യം ചെയ്തു. ചിലപ്പോള്‍ പപ്പയ്ക്കു ശരിയല്ലെന്നു തോന്നുന്ന തീരുമാനങ്ങളെ പപ്പയും ചോദ്യം ചെയ്തു. അങ്ങനെയായിരുന്നു കാര്യങ്ങള്‍.
പക്ഷേ, ഈ ആഗോളവല്‍ക്കരണം ഉണ്ടായതോടെ ഈ അവസ്ഥ തകിടം മറിഞ്ഞു. കുടുംബത്തിന്റെ ഭാരം കൂടുതലായി സ്ത്രീയുടെ ചുമലിലായി. പുരുഷനു തൊഴിലുമില്ലാതെയായി. അപ്പോള്‍ അവിടെ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ഈഗോ പ്രശ്‌നങ്ങളും സ്ത്രീപുരുഷ പ്രശ്‌നങ്ങളും ഞങ്ങളുടെ കുടുംബങ്ങളില്‍ കുറവായിരുന്നു. പുത്തന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായതോടെ ഇതെല്ലാം തകര്‍ന്നു. സാമ്പത്തിക സ്വയംപര്യാപ്തതയാണ് ഏതൊരു സ്ത്രീയേയും സ്വാതന്ത്ര്യം ആസ്വദിക്കാന്‍ പ്രാപ്തയാക്കുന്നത്. പുത്തന്‍ സമ്പദ്‌വ്യവസ്ഥ സ്ത്രീയുടെ മേല്‍ അമിതഭാരം ചുമത്തി. ഇന്ന് ഒരു മത്സ്യത്തൊഴിലാളി സ്ത്രീക്കു നമ്മുടെ നാട്ടില്‍ മത്സ്യലഭ്യതയില്‍ കുറവുവരുന്നതിനാല്‍ ചിലപ്പോഴൊക്കെ ദൂരദേശങ്ങളില്‍ മത്സ്യം തേടിപ്പോകേണ്ടിവരുന്നു. വീട്ടില്‍നിന്നു വിട്ടുനില്‍ക്കേണ്ട അവസ്ഥ വരുമ്പോള്‍ കുടുംബത്തില്‍ പല ബന്ധങ്ങളും താളം തെറ്റുന്നു. കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിക്കുന്നുവെന്നറിയാത്ത അവസ്ഥ വരുന്നു.
തീരദേശസംരക്ഷണത്തിനു പ്രത്യേക നിയമങ്ങളുള്ള നാടാണ് നമ്മുടേത്. എന്നാല്‍, ഇത്തരം നിയന്ത്രണങ്ങളൊക്കെ സാധാരണ തൊഴിലാളിക്കു മാത്രം ബാധകമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. മത്സ്യത്തൊഴിലാളി സമൂഹത്തിനും സംഘടനകള്‍ക്കും ഈ അവസ്ഥ മറികടക്കുന്നതിന് ഇതുവരേയും കഴിയാത്തത് എന്തുകൊണ്ടാണ്?
90-കളില്‍ പ്രാബല്യത്തില്‍ വന്ന തീരദേശസംരക്ഷണനിയമം 23 തവണ ഭേദഗതി ചെയ്തതുതന്നെ ഈ നിയമങ്ങളൊക്കെ ആര്‍ക്കാണ് ബാധകമാകാത്തത് എന്നു വ്യക്തമാക്കുന്നു. ഈ ഭേദഗതികളെല്ലാം സമ്പന്നനെ സംരക്ഷിക്കാനുള്ളതായിരുന്നു. മത്സ്യത്തൊഴിലാളിക്ക് കടലില്‍നിന്ന് ഒരു നിശ്ചിത പരിധിക്കുള്ളില്‍ വീടുകള്‍ പാടില്ലെന്ന മട്ടിലായി നിയമങ്ങള്‍. കായലും കടലും കൈയേറി റിസോര്‍ട്ടുകളും മറ്റും പണിയുന്നവര്‍ക്ക് ഇതൊന്നും ബാധകമാകുന്നില്ല.
എല്ലാ നിയമഭേദഗതികളും വന്‍കിട ഹോട്ടല്‍മുതലാളിമാര്‍ക്കും റിസോര്‍ട്ട് മാഫിയക്കും മറ്റും നിയമത്തില്‍ പഴുതുണ്ടാക്കിക്കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് തീരദേശസംരക്ഷണനിയമങ്ങള്‍ക്ക് തുടക്കമുണ്ടാകുന്നത്. അവരൊരു സ്ത്രീയായതുകൊണ്ടാകണം പരിസ്ഥിതിയോടും മറ്റും ഒരു മൃദുവായ സമീപനമുണ്ടായിരുന്നു. ഒരു സ്ത്രീക്കു മാതൃസവിശേഷമായ ഉല്‍ക്കണ്ഠ എല്ലാത്തിനോടുമുണ്ട്. സൈലന്റ് വാലി സംരക്ഷണം ഉറപ്പുവരുത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു എന്നോര്‍ക്കണം. പുത്തന്‍ സാമ്പത്തികനയങ്ങള്‍ ശക്തിപ്പെട്ട കാലയളവില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്ത്രീ നിശ്ശബ്ദയായി. പുരുഷന്റെ ആധിപത്യം വര്‍ധിക്കുകയും ചെയ്തു. ഈ കാലയളവിലാണ് വന്‍കിട പദ്ധതികള്‍ തീരദേശങ്ങളെ കൈയടക്കാനും തുടങ്ങിയത് എന്നതു തികച്ചും യാദൃച്ഛികമല്ലെന്നു കാണാം.
എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ഇത്തരം വികസനത്തെ ചെറുക്കുന്ന സമരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സമരങ്ങളിലാകട്ടെ, സ്ത്രീകള്‍ നേതൃപരമായ പങ്ക് കൂടുതല്‍ വഹിക്കുന്നുമുണ്ട്. നിലനില്‍പ്പ് അങ്ങേയറ്റം അപകടത്തിലാകുന്നുവെന്ന വസ്തുതയാണ് സാധാരണക്കാരായ സ്ത്രീകളെ സമരമുഖത്തെത്തിക്കുന്നത്. നേതാക്കളായി ഉയര്‍ന്നുവരുന്ന ഈ സ്ത്രീകളൊക്കെ ദരിദ്രതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
പ്‌ളാച്ചിമടയില്‍ മയിലമ്മയും പെണ്ണൊരുമയില്‍ ഗോമതിയും ലിസിയുമൊക്കെ ഇങ്ങനെ നേതൃത്വത്തിലേക്ക് ഉയര്‍ന്നവരാണ്. സ്ത്രീ നേതൃത്വത്തിന് ഉള്ള ഒരു വ്യത്യാസം അവിടെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല നേതൃത്വം എന്നതാണ്. ഒരു കളക്ടീവ് ലീഡര്‍ഷിപ്പായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റയ്‌ക്കൊരു തീരുമാനം അവര്‍ക്കില്ല. കൂട്ടായി ചേര്‍ന്നു ജനാധിപത്യപരമായി തീരുമാനിക്കുന്നു. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ ഇപ്പോള്‍ അവരില്‍ അപകര്‍ഷബോധമുണ്ടാക്കുന്നില്ല, ജീവിതസത്യങ്ങള്‍ തുറന്നുകാണിക്കുന്നതിനും അവയെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനും ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ് ഇവര്‍ക്കൊന്നും ഒരു തടസ്സമേയല്ല.
ടൂറിസം മേഖലയുടെ വളര്‍ച്ച എങ്ങനെയാണ് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നത്?
ടൂറിസം എന്ന പേരില്‍ ഇവിടെ നടക്കുന്നതു മറ്റു പലതുമാണ്. പരദേശികളുടെ ലൈംഗികതാല്‍പ്പര്യങ്ങള്‍ക്കുവരെ നമ്മുടെ കടലോരത്തെ എറിഞ്ഞുകൊടുക്കുന്ന ഏര്‍പ്പാടാണ് ഇത്. കോവളത്തൊക്കെ പോയാല്‍ ഇതു നേരിട്ടറിയാം. കേരളത്തിലെ തീരമേഖലയില്‍ സൗന്ദര്യവല്‍ക്കരണമെന്ന പേരില്‍ നടക്കുന്നത് അവിടത്തെ നാട്ടുകാരെ ആ നാട്ടില്‍നിന്ന് ഇല്ലാതാക്കുന്ന ഏര്‍പ്പാടാണ്. ടൂറിസം എന്നുള്ളതിന് ഒരു നിര്‍വ്വചനമുണ്ടാകണമല്ലോ. കേരളത്തില്‍ നടക്കുന്നതു സെക്‌സ് ടൂറിസമാണ്. കേരളത്തിനു പുറത്തുനിന്നു സുന്ദരിമാരായ പെണ്‍കുട്ടികളെ ഇവിടെ കൊണ്ടുവരുന്നു. സുഖവാസം കഴിഞ്ഞു തിരിച്ചുപോകുന്നു. തീരത്തെ പാവപ്പെട്ട പെണ്‍കുട്ടികളെ വിദേശികള്‍ക്കു കാഴ്ച വെയ്ക്കുന്ന മാഫിയസംഘങ്ങള്‍ ടൂറിസത്തിന്റെ മറവില്‍ തെഴുക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒന്നിച്ചുനിന്നാലെ രക്ഷയുള്ളൂ എന്നു മത്സ്യത്തൊഴിലാളിമേഖലയിലെ ജനങ്ങളും സംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.
എന്തായാലും വന്‍കിട ടൂറിസം മാഫിയയും വികസനലോബിയും കൈയേറിയ നമ്മുടെ കടലോരങ്ങളെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചുപിടിക്കുമെന്നുതന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകളെ നമുക്ക് ഇനി വിശ്വസിക്കാനാകില്ല. കരാറുകള്‍ കൊണ്ടും നിബന്ധനകള്‍ കൊണ്ടും ജനതയെ വരിഞ്ഞുമുറുക്കുന്ന ഭരണാധികാരികളാണ് നമുക്കുള്ളത്. ഉദാഹരണത്തിന് ആസിയാന്‍ കരാര്‍ തന്നെ. നമ്മുടെ തീരത്തുനിന്നു മത്സ്യം പിടിച്ചുകൊണ്ടുപോയി നമുക്കുതന്നെ വില്‍ക്കുന്നതിനുള്ള കരാര്‍ കൂടിയാണത്.
ഈ ഒരു സന്ദര്‍ഭത്തില്‍ ഏതു ഗവണ്‍മെന്റ് രക്ഷയ്‌ക്കെത്തുമെന്നാണ് കരുതേണ്ടത്? നമ്മുടെ ഗവണ്‍മെന്റുകളൊന്നും സാധാരണക്കാരനുവേണ്ടിയല്ല. ഈയൊരവസ്ഥയ്ക്കു മാറ്റം വരണമെങ്കില്‍ നമുക്കു വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള സംവരണം നിയമസഭാ–ലോകസഭാ സീറ്റുകളിലുണ്ടാകണം. നമ്മുടെ നിയമനിര്‍മ്മാണസഭകളില്‍ വിവിധ മേഖലകളിലുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കണം.
ഞങ്ങളുടെ പ്രദേശത്തെ വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഞങ്ങള്‍ക്കുണ്ടാകണമെന്ന ആവശ്യം നിറവേറ്റുന്നതിനു തീരദേശത്തെ മുഴുവന്‍ സംഘടനകളുടേയും വ്യക്തികളുടേയും ഗ്രൂപ്പുകളുടേയും പങ്കാളിത്തമുള്ള തീരദേശ ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചുവരികയാണ്. പക്ഷേ, ഇപ്പോഴുള്ള നേതൃത്വം വെച്ചുകൊണ്ടു ഇതെത്രമാത്രം സാധ്യമാകുമെന്നറിയില്ല. ഈ നേതൃത്വത്തില്‍ മിക്കവരും വേറൊരു ഘടനയുടെ ഭാഗമായിട്ടുള്ളവരാണ്. ഏതായാലും വരുംനാളുകളില്‍ പുതിയൊരു നേതൃത്വത്തെ മുന്‍നിര്‍ത്തിക്കൊണ്ടു നമ്മുടെ സമ്പത്തായ കടലും കടലോരവും തിരിച്ചുപിടിക്കാനുള്ള പോരാട്ടം ശക്തിപ്പെടും.
എന്നാല്‍, ഈ പുതിയ നേതൃത്വത്തില്‍ തീര്‍ച്ചയായും സ്ത്രീകള്‍ ഒരു നിര്‍ണായക സ്ഥാനത്തുണ്ടാകുകയും ചെയ്യും. ഒരുനിലയ്ക്കുള്ള സ്‌ത്രൈണരാഷ്ട്രീയം നമ്മുടെ നാടിന് ആവശ്യമാണെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. നമ്മുടെ ത്രിതല പഞ്ചായത്തു സംവിധാനത്തില്‍ സ്ത്രീകള്‍ക്കു സംവരണമുണ്ട്. പക്ഷേ, അവിടെ അവര്‍ മിക്കപ്പോഴും പ്രതിനിധാനം ചെയ്യുന്നതു സ്ത്രീകളുടെ രാഷ്ട്രീയത്തെയല്ല. മറിച്ചു പുരുഷമേധാവിത്വമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ താല്‍പ്പര്യത്തെയാണ്.
സ്ത്രീകള്‍ മത്സരിക്കണമെന്നു നിയമമുള്ളതുകൊണ്ടു മത്സരിക്കുന്നുവെന്നുമാത്രം. മിക്കപ്പോഴും അവരുടെ തെരഞ്ഞെടുപ്പു പ്രചരണബോര്‍ഡുകളില്‍പ്പോലും അവരുടെ ചിത്രം കാണില്ല. ഭര്‍ത്താവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്നവും മാത്രമേ കാണൂ. ഇങ്ങനെയൊരു സംവരണം കൊണ്ടുമാത്രം പ്രയോജനമില്ല. സ്ത്രീകളാണ് ആരു മത്സരിക്കണമെന്നു തീരുമാനിക്കേണ്ടത്. ആ ഒരു സാഹചര്യം ഉണ്ടാകണം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ തന്നെ ഉന്നയിക്കുന്ന ഒരു സ്ഥിതി വരണം. മത്സ്യത്തൊഴിലാളി സമൂഹത്തില്‍ പരമ്പരാഗതമായി സ്ത്രീകള്‍ക്ക് അഭിപ്രായ രൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കുടുംബങ്ങളില്‍ നിര്‍ണ്ണായക പങ്കുണ്ട്. സാമ്പത്തികമായി ആപേക്ഷികമായ സ്വാതന്ത്ര്യം ഞങ്ങളനുഭവിച്ചിരുന്നു. കുഞ്ഞുപെണ്‍കുട്ടിയായിരിക്കുന്ന നാളുകളില്‍ സ്‌കൂളവധിക്കാലത്ത് അമ്മയോടൊപ്പം ചന്തയില്‍ മീന്‍ വില്‍ക്കാന്‍ പോകുമായിരുന്നു. സ്ത്രീകള്‍ ജോലിയെടുക്കാന്‍ പോകുക എന്നതു ഞങ്ങള്‍ക്കു പാരമ്പര്യത്തിന്റെ ഭാഗമാണ്.
ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികളുണ്ട് അമ്മയ്ക്കും പപ്പയ്ക്കും. ഒരേ ഒരു ആണ്‍കുട്ടിയേ ഉള്ളൂ. നാട്ടില്‍ കണക്കെഴുതാന്‍ നിയോഗിക്കപ്പെട്ട ആദ്യത്തെ പെണ്‍കുട്ടിയാണ് ഞാന്‍. വീട്ടില്‍ വള്ളത്തില്‍ മീന്‍ കൊണ്ടുവന്നുകഴിഞ്ഞാല്‍ ലേലം വിളിക്കുമ്പോള്‍ കണക്കെഴുതുക എന്റെ തൊഴിലാണ്. സ്ത്രീകളാണ് ഇങ്ങനെ ചന്തയിലേക്കു മീനെടുത്തുകൊണ്ടുപോകുക. വൈകിട്ട് അവര്‍ തിരിച്ചുവന്നു കാശേല്‍പ്പിക്കുക എന്റെ കൈയിലാണ്. അപ്പോള്‍ ആ സ്ത്രീകള്‍ എന്നോട് അവരുടെ ബുദ്ധിമുട്ടുകള്‍ പറയും. ചന്തയിലും കുടുംബത്തിലും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. അച്ഛന്‍ യോഹന്നാനു രണ്ടുവള്ളം ഉണ്ടായിരുന്നു. വീടുനിറയെ തൊഴിലാളികളായിരുന്നു. എന്റെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ചിന്തിക്കുന്നത്. അതുകൊണ്ട് ഉറപ്പിച്ചു പറയാം, സ്ത്രീസമൂഹത്തിന്റെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാതെ മത്സ്യത്തൊഴിലാളികളടക്കമുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സാധ്യമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

