ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിര്‍വ്വീര്യമാക്കിയ കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകളുടെ സമീപനങ്ങളെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട് ഈ പുസ്തകം
സി.കെ. ജാനു
സി.കെ. ജാനു
Updated on
3 min read

ദിവാസികളുടെ ദയനീയ ജീവിതത്തെക്കുറിച്ച് എല്ലാവരും എന്നും സംസാരിക്കാറുണ്ട്. ആദിവാസികളെക്കുറിച്ച് പഠിക്കാനെന്ന രീതിയില്‍ പലരും പല ശ്രമങ്ങളും നടത്താറുണ്ട്. അവരുടെ എഴുത്തുകളും സംസാരങ്ങളും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ദളിത് ആക്ടിവിസ്റ്റെന്ന ലേബലില്‍ കുറെ വര്‍ത്തമാനങ്ങളും ചര്‍ച്ചകള്‍ക്കും സാക്ഷിയാകേണ്ടിവരുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ എന്താണ് ആദിവാസികളുടെ പ്രശ്‌നങ്ങള്‍, എന്തായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ കേരളം അവര്‍ക്കു നല്‍കിയത് എന്നു വളരെ വ്യക്തമായും കൃത്യമായും മനസ്സിലാക്കാന്‍ കഴിയുന്ന പുസ്തകമാണ് സി.കെ. ജാനുവിന്റെ അടിമമക്ക. ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിര്‍വ്വീര്യമാക്കിയ കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകളുടെ സമീപനങ്ങളെ വളരെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട് ഈ പുസ്തകം.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സി.കെ. ജാനു നടത്തിയ പോരാട്ടവീര്യത്തെ കണ്ടിട്ടില്ലെന്നുള്ളത് വളരെ സത്യമാണ്. എത്രമാത്രം ആഴത്തിലായിരുന്നു ആ കാലത്തെ സമരങ്ങളെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നത് അടിമമക്കയിലെ ഓരോ വരികളും ആണ്. വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി എന്നിവിടങ്ങളില്‍ നേതൃത്വം നല്‍കിയ ഭൂസമരങ്ങളെക്കുറിച്ച് വായിക്കുമ്പോള്‍ പലതും കഴിഞ്ഞു പോയതാണെന്നുതന്നെ തോന്നുന്നതേയില്ല. നമ്മുടെ കണ്‍മുന്നില്‍ ഓരോന്നും മിന്നിമറിയുന്നതുപോലെ തോന്നും. എഴുതാന്‍ വേണ്ടി എഴുതിയതല്ലെന്നു സാരം. എല്ലാ സമരങ്ങളിലും ജാനുവിനെ മാത്രം കേന്ദ്രീകരിച്ചല്ല എഴുത്തുകളും. സമരങ്ങളും അതിലെ വസ്തുതകളും ആളുകളും അവരനുഭവിച്ച തീവ്രതയും ഒക്കെ വായനയിലൂടെ നമ്മള്‍ അനുഭവിക്കുന്ന തരത്തിലാണ് എഴുത്ത്. ജാനു നമുക്കു പറഞ്ഞുതരികയാണ് യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന്. പലതും ചരിത്രമാണ്. എന്നിട്ടും നമ്മള്‍ അതിനെയൊക്കെ വിസ്മരിക്കുന്നു.

ജാനുവിനെക്കുറിച്ചും സമരങ്ങളെക്കുറിച്ചും മാത്രമല്ല, ആദിവാസികളുടെ ജീവിതരീതിയും ഭക്ഷണവും ദാരിദ്ര്യവും വിവാഹവും അങ്ങനെ എല്ലാം പുതിയ അനുഭവങ്ങളായി നമ്മുടെ മുന്നില്‍ നിറഞ്ഞുനില്‍ക്കും. പ്രത്യേകിച്ച് സി.കെ. ജാനു എന്ന പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ കാലഘട്ടം പറയുന്ന അധ്യായങ്ങള്‍ പഴയകാല ഏതോ കഥയോ മറ്റോ വായിക്കുന്ന അനുഭവം ആണ് തരിക.

ജാനുവിനെക്കുറിച്ചും സമരങ്ങളെക്കുറിച്ചും മാത്രമല്ല, ആദിവാസികളുടെ ജീവിതരീതിയും ഭക്ഷണവും ദാരിദ്ര്യവും വിവാഹവും അങ്ങനെ എല്ലാം പുതിയ അനുഭവങ്ങളായി നമ്മുടെ മുന്നില്‍ നിറഞ്ഞുനില്‍ക്കും. പ്രത്യേകിച്ച് സി.കെ. ജാനു എന്ന പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ കാലഘട്ടം പറയുന്ന അധ്യായങ്ങള്‍ പഴയകാല ഏതോ കഥയോ മറ്റോ വായിക്കുന്ന അനുഭവം ആണ് തരിക. അന്ന് ജാനു ആദ്യമായി കണ്ട സിനിമയെക്കുറിച്ച് പറയുമ്പോഴാണ് സത്യത്തില്‍ ആ സമൂഹത്തില്‍നിന്ന് ഇന്നും എത്രയോ അകലെയാണ് സിനിമ നില്‍ക്കുന്നതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ടാവും. എത്രയോ വലിയ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ വളരെ കീറിമുറിച്ച് പറയുന്നതിനിടയിലും ഇത്തരം അനുഭവങ്ങളെ നമ്മളില്‍നിന്നു മാറിനില്‍ക്കുന്ന ഏതോ ഒരു ലോകത്തെക്കുറിച്ചു പറയുന്ന രീതിയല്ല, മറിച്ച് ഓരോ വരികളും അനുഭവങ്ങളായി നമ്മോട് ചേര്‍ന്നു നില്‍ക്കും.

ആദിവാസി സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതിന്റേയും സ്വന്തം സമുദായത്തില്‍നിന്ന് ഒരു മന്ത്രിയുണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും വളരെ തുറന്നുതന്നെ ജാനു അടിമമക്കയില്‍ പറഞ്ഞുവെക്കുന്നുണ്ട്. എന്തുകൊണ്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നുള്ളതിനും ഉത്തരം തേടി അലയേണ്ടതില്ല. അന്ന് അതിനുവേണ്ടി നടത്തിയ ശ്രമങ്ങളും ആദിവാസി ഭൂപ്രശ്‌നങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ പി.കെ. ജയലക്ഷ്മി എന്തു ചെയ്തു, എന്തു ചെയ്തില്ല, എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതിനു കാര്യകാരണസഹിതം മുത്തങ്ങ സമരത്തില്‍ ജാനുവും ആ ജനതയും അനുഭവിച്ച കൊടുംക്രൂരതകള്‍ വായിക്കുമ്പോള്‍ എത്ര കഠിനഹൃദയമുള്ളവരും സ്വയം ചോദിച്ചുപോകും, എന്തിനാണ് ഇവരോട് ഈ ക്രൂരതയെന്ന്. ആദിവാസികളായ അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു ചെറിയ വാര്‍ത്തയില്‍ ഒതുങ്ങിയതല്ലാതെ വിഷയത്തില്‍ പ്രവര്‍ത്തനവും ഇപ്പോഴെന്താണ് അവസ്ഥയെന്നും കാര്യകാരണസഹിതം ഒരുപക്ഷേ, ജാനുവിനല്ലാതെ മറ്റാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഇത്ര തുറന്നുപറച്ചിലുകള്‍ നടത്താന്‍ കഴിയില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

മുത്തങ്ങ സമരത്തില്‍ പൊലീസ് സി.കെ ജാനുവിനെ അറസ്റ്റ് ചെയ്തപ്പോള്‍
മുത്തങ്ങ സമരത്തില്‍ പൊലീസ് സി.കെ ജാനുവിനെ അറസ്റ്റ് ചെയ്തപ്പോള്‍

ഹിന്ദുവാക്കപ്പെട്ട ആദിവാസിയെക്കുറിച്ചും ജാനു പറയുന്നു. എങ്ങനെയാണ് ഹിന്ദു എന്ന മതത്തിലേയ്ക്ക് ആദിവാസികള്‍ എത്തപ്പെട്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒരുപക്ഷേ, ആഴത്തില്‍ത്തന്നെ പഠിക്കേണ്ട കാര്യം തന്നെയാണത്. ആദിവാസികള്‍ക്കായി 'ആദിവാസി മതം' വേണം എന്നും വിശാലമായ രീതിയില്‍ത്തന്നെ ജാനു പറയുന്നു. കുറിച്യര്‍, കാണിക്കാര്‍, മലവേടര്‍, ഉള്ളാടര്‍ തുടങ്ങി നിരവധി ഗോത്ര വിഭാഗങ്ങള്‍ ഉള്ള ആദിവാസികള്‍ക്കു മതം വേണമെന്ന ചിന്ത പുതിയതാണ്. അതിലെ ജാതികളായി ഈ ഗോത്രങ്ങളെ കണക്കാക്കണം എന്നുമാണ് ജാനു പറയുന്നത്. അതുകൊണ്ട് ആദിവാസികളുടെ സ്വത്വം എന്നത് നിലനിര്‍ത്താന്‍ കഴിയും എന്നും ജാനു പറയുന്നു. ഹിന്ദുമതത്തിന്റെ ആചാരങ്ങളല്ല, മറിച്ച് ഗോത്രാചാരങ്ങളാണ് പിന്തുടരുന്നത്. അങ്ങനെയുള്ള തങ്ങള്‍ എങ്ങനെയാണ് ഹിന്ദുമതത്തിനുള്ളില്‍ നില്‍ക്കുന്നതെന്നുള്ള ചോദ്യം വളരെ പ്രസക്തം തന്നെയാണ്. കേരളം ജാനു എന്ന ആദിവാസി സ്ത്രീയെ എത്രമാത്രം ഉള്‍ക്കൊണ്ടു എന്നതിനുള്ള ഉത്തരം തന്നെയാണ് അടിമമക്ക വായിക്കുമ്പോള്‍ കിട്ടുന്നത്. പ്രത്യേകിച്ച് മുത്തങ്ങ സമരത്തെക്കുറിച്ച് ഇതിനുമുന്‍പും പലരും എഴുതിയിട്ടുണ്ട്. പക്ഷേ, ജാനു എഴുതുമ്പോള്‍ മാത്രമാണ് മുത്തങ്ങ സമരം കൊണ്ട് ഒന്നും ആദിവാസികള്‍ക്ക് നേടിക്കൊടുക്കാനായിട്ടില്ലെന്ന വസ്തുത വ്യക്തമാകുന്നത്. അന്നത്തെ മുഖ്യമന്ത്രിയും വനമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാം എത്രമാത്രം ആദിവാസികളെ ഇരകളാക്കി എന്ന് ഇതില്‍ കൂടുതല്‍ എങ്ങനെ പറയാനാണ്. ആ നാളുകളില്‍ അവര്‍ നേരിട്ട ക്രൂര പീഡനങ്ങള്‍ ഇതിലപ്പുറം പറയുക അസാധ്യം തന്നെയാണ്. പൊടിപ്പും തൊങ്ങലും അതിഭാവുകത്വവും ഒന്നും ഇല്ലാതെ അനുഭവിച്ചതിനെ അതേപടി പറഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് അതിലെ സത്യസന്ധതയും.

സി.കെ. ജാനു
സര്‍ഗ്ഗവൈഭവത്തിന്റെ കടലാസ്സുപക്ഷികള്‍

ഗോത്ര മഹാസഭയുടെ പിറവിയും വളര്‍ച്ചയും ഒരു ചരിത്രമായിത്തന്നെ രേഖപ്പെടുത്താന്‍ ജാനുവിന്റെ വാക്കുകളിലൂടെ തന്നെ പോയാല്‍ മതി. വേറെ ചരിത്രം തേടി അലയേണ്ടതില്ല. വയനാട്ടിലേയോ കേരളത്തിലേയോ മാത്രമല്ല, ലോക രാഷ്ട്രങ്ങളിലെ ആദിവാസി പ്രശ്‌നങ്ങള്‍ കൂടി മുന്നിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. അതും സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകള്‍, നിലപാടുകള്‍, മറ്റു സമരങ്ങള്‍ തുടങ്ങി സമര പശ്ചാത്തലങ്ങളിലൂടെയും സംഘര്‍ങ്ങളിലൂടെയും പറഞ്ഞു പോകുന്നത് ഒടുവില്‍ അട്ടിമറിക്കപ്പെടുന്ന ഭൂമിയേറ്റെടുക്കലിന്റെ കാണാപ്പുറങ്ങളിലും എത്തിനില്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരിട്ട ആരോപണങ്ങളും അതിനെ അതിജീവിച്ചതും എല്ലാം തുറന്നു പറയുന്ന ജാനു ക്ലാസ്മുറികളിലെ ആദിവാസി അയിത്തത്തേയും ഓര്‍മ്മപ്പെടുത്തുന്നു. ഇടതുപക്ഷത്തിന്റെ ആക്രമണവും എന്‍.ഡി.എ പ്രവേശനവും കൂടെ നിന്നവര്‍ പിന്നില്‍ കുത്തിയതും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനകളും മകളുടെ ദത്തെടുക്കലും തുടങ്ങി ഒരു ആദിവാസി സ്ത്രീ കടന്നുപോയ എല്ലാ വഴികളും ഇതിനപ്പുറം നമ്മുടെ മുന്നില്‍ തുറന്നുകാട്ടാന്‍ കഴിയില്ല. നമുക്കു നിസ്സാരമെന്നു തോന്നുന്ന സംഭവങ്ങള്‍ ആദിവാസി സ്ത്രീക്ക് അത്ര നിസ്സാരമല്ലെന്നും അതിനെ അതിജീവിച്ച കാലഘട്ടവും വിവാദങ്ങളും എല്ലാം പൊടിപ്പും തൊങ്ങലുകളും ഇല്ലാതെ വളരെ നേര്‍രേഖയിലൂടെ പറയുന്നു അടിമമക്ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com