കഴിഞ്ഞ കുറച്ചു നാളുകളായി സംഗീതലോകത്തെ ചർച്ചാവിഷയമാണ് കോപ്പിയടി. ഗായകരുടെ ശബ്ദത്തിൽ ചെറിയ എഡിറ്റിങ്ങൊക്കെ നടത്തി ചിലർ സ്വന്തം ശബ്ദമാക്കി ഇറക്കും. ഇപ്പോൾ അത്തരം ഒരു കോപ്പിയടി ശ്രമം കയ്യോടെ പിടിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. പിന്നണി ഗായികയായ ആവണി മൽഹാറിന്റെ ശബ്ദമാണ് അതേപടി കോപ്പിയടിക്കാൻ ശ്രമിച്ചത്.
സോഷ്യൽ മീഡിയയിലൂടെയാണ് കൈലാസ് കോപ്പിയടി ശ്രമം പുറത്തുവിട്ടത്. പുതിയ തരം പ്രതിഭാസമാണ് എന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. തന്റെ സഹോദരിയുടേതാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു യുവതിയാണ് കൈലസിന് വിഡിയോ അയച്ചുകൊടുത്തത്. എന്നാൽ അത് കേട്ടപ്പോൾ തന്നെ ആവണിയുടെ ശബ്ദമാണെന്ന് അദ്ദേഹം മനസിലാക്കി. അത് യുവതിയോട് പറഞ്ഞെങ്കിലും തന്റെ സഹോദരിയുടെ ശബ്ദം തന്നെയെന്ന് തർക്കിക്കുകയായിരുന്നു. തന്റെ സഹോദരിയുടെ ശബ്ദം ആവണി കോപ്പിയടിച്ചതാണെന്നും അവർ ആരോപിച്ചു. തുടർന്നാണ് ആവണി പിന്നണി ഗായികയാണെന്ന കാര്യ കൈലാഷ് വ്യക്തമാക്കിയത്. കോപ്പിയടിക്കുമ്പോൾ പ്രശസ്തരല്ലാത്തവരുടെ ശബ്ദം കോപ്പിയടിക്കണമെന്ന ഉപദേശവും അദ്ദേഹം നൽകുന്നുണ്ട്.
അവരുമായുള്ള സംഭാഷണത്തിന്റെ ചാറ്റും രണ്ട് വിഡിയോകളും അദ്ദേഹം പുറത്തുവിട്ടു. ‘ ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കൽ സയൻസിൽ ‘ വോയിസ് ക്ലോണിംഗ്’ എന്ന് പറയും. ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോൾ അവരുടേതല്ലാത്ത കാരണത്താൽ പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യരാവാൻ സാധ്യതയുള്ളതിനാൽ, അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദമാണ് നിങ്ങൾക്കെങ്കിൽ മാത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി’- കൈലാസ് കുറിച്ചു.
ആവണിയും ഫേയ്സ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. അങ്ങനെ എന്റെ പാട്ടും മോഷ്ടിക്കപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളെ, കൈലാഷേട്ടന് എന്നെ അറിയാവുന്നതുകൊണ്ട്, അല്ലെങ്കിലോ എന്നാണ് ആവണി കുറിച്ചത്. കപ്പേള, തട്ടിൻപുറത്ത് അച്യുതൻ തുടങ്ങിയ സിനിമകളിൽ ആവണി പാടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates