

ജെയിംസ് ബോണ്ട് തീം സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഒരിക്കൽ കേട്ടവരാരും ഇത് മറക്കാനും ഇടയില്ല. കർണാടക സംഗീതവും ജെയിംസ് ബോണ്ട് തീമും ചേർന്നാൽ എങ്ങനെയുണ്ടാകും. ഇപ്പോഴിതാ സംഗീത പ്രേമികൾക്ക് ഒരു പുതിയ അനുഭവം ഒരുക്കുകയാണ് സംഗീതജ്ഞൻ സാകേതരാമൻ. ജൂലൈ ആറിന് ചെന്നൈയിലെ തേനാംപേട്ടിലെ നാരദ ഗാന സഭയിൽ വച്ച് ഒരുക്കിയിരിക്കുന്ന 'കർണാടിഫൈ' എന്ന പരിപാടിയിലാണ് '007 രാഗാസ്- ബോണ്ട് വിത്ത് ഭാവം' അരങ്ങേറുക.
കർണാടക സംഗീതം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാകേതരാമൻ കർണാടിഫൈ എന്ന സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാകേതരാമനൊപ്പം കലാശിക്ഷ മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികളും ചേർന്നാണ് നാരദ ഗാന സഭയിൽ ഈ പുതുമയേറിയ അനുഭവം സമ്മാനിക്കുക.
"ഈ യൂണിവേഴ്സൽ തീമിന് ഒരു ക്ലാസിക്കൽ ടച്ച് കൂടി കൊണ്ടുവരുകയാണ് ഇതിലൂടെ. ജെയിംസ് ബോണ്ട് തീം എല്ലാവർക്കും അറിയാം, അതുകൊണ്ട് തന്നെ ഇത് എല്ലാവർക്കും മനസിലാകും. കർണാടക സംഗീതത്തിലെ സങ്കീർണമായ പല കാര്യങ്ങളും ഈ തീമുമായി ബന്ധിപ്പിക്കുന്നതിലൂടെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്ന്" സാകേതരാമൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ജെയിംസ് ബോണ്ട് തീമിനൊപ്പം, മുത്തുസ്വാമി ദീക്ഷിതർ രചിച്ച നോട്ടുസ്വരങ്ങളുടെ തമിഴ് പതിപ്പും അവതരിപ്പിക്കും. മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
"ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട നഴ്സറി പാട്ടുകൾ മുതൽ ഇളയരാജയുടെ രാജ പാർവൈയിലെ സൗണ്ട് ട്രാക്കുകൾ വരെ പ്രേക്ഷകരിലേക്ക് ആഴത്തിൽ എത്തിക്കാനുള്ള ശ്രമം കൂടിയാണിത്. ഭൂതകാലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല കർണാടക സംഗീതം. അത് ജീവിക്കുന്നു, പരിണമിക്കുന്നു, അത് എല്ലാവരുടേതുമാണ്".- സാകേതരാമൻ കൂട്ടിച്ചേർത്തു.
007 Ragas- Bond with Bhavam wiil be held on july 6 at Narada Gana Sabha, Teynampet.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates