

ന്യൂഡൽഹി; സിനിമ തിയറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവ്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളാവാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ലെന്നും തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ. തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം.
ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 24-30 ഡിഗ്രിയില്‍ നിലനിര്‍ത്തണം. തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്സുകളിലെ പ്രദര്‍ശന സമയങ്ങള്‍ ക്രമീകരിക്കണം. ടിക്കറ്റ് വില്‍ക്കുന്നിടത്ത് കാണികള്‍ക്ക് ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സിനിമാഹാളുകളില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates