നടിയായും ഗായികയായും തിളങ്ങി നില്‍ക്കുന്ന സമയത്താണ് മംമ്ത മോഹന്‍ദാസ് അര്‍ബുദ ബാധിതയാകുന്നത്. നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം ജീവിതം തിരിച്ചുപിടിച്ചത്. ഇപ്പോള്‍ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. അര്‍ബുദത്താല്‍ പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണെന്നാണ് മംമ്ത പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ (ഐഎസിആര്‍) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചത്. 11 വര്‍ഷം മുന്‍പ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിനു മുന്‍പു ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടു മല്ലിട്ടു ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതു തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്' മംമ്ത പറഞ്ഞു.
അര്‍ബുദത്തെ അതിജീവിച്ച റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ.എന്‍ ശ്രീദേവി അമ്മയും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിയും പരിപാടിയില്‍ പങ്കെടുത്തു. അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന താന്‍ തന്നെയാണ് ഉദാഹരണമെന്ന് ഡോ.ശ്രീദേവി അമ്മ പറഞ്ഞു.
സിനിമയും യാത്രകളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് താരമിപ്പോള്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന ഫോറന്‍സിക്കാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates