

രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് തെന്നിന്ത്യയിൽ നിന്ന് മുരുകനെ ചുറ്റിപ്പറ്റിയുള്ള രണ്ട് ബിഗ് ബഡ്ജറ്റ് സിനിമകൾ പ്രഖ്യാപിച്ചത്. ഒരെണ്ണം തെലുങ്കിൽ നിന്നും മറ്റൊന്ന് തമിഴിലും. മുരുകനോടിപ്പോൾ തെന്നിന്ത്യയ്ക്ക് ഒരിഷ്ട കൂടുതൽ ഉണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. കാരണം മുരുകന്റെ കഥയെ ആസ്പദമാക്കി ഒന്നല്ല.. രണ്ടല്ല... മൂന്ന് സിനിമകളാണ് തെന്നിന്ത്യയിൽ നിന്ന് വരാൻ പോകുന്നത്.
ശിവകാർത്തികേയൻ ചിത്രം 'സെയോൻ', ജൂനിയർ എൻടിആർ ചിത്രം 'ഗോഡ് ഓഫ് വാർ' (താല്കാലിക പേര്), ധനുഷ് ചിത്രം 'തമിഴ് മുരുകൻ' എന്നിവയാണ് അവ. ബോളിവുഡിൽ രാമനെയും സീതയെയുമാണ് ഫോക്കസ് ചെയ്യുന്നതെങ്കിൽ ദക്ഷിണേന്ത്യൻ സിനിമയിൽ മുരുകനാണ് താരം.
അടുത്തിടെയാണ് ജൂനിയർ എൻടിആർ ചിത്രം ഗോഡ് ഓഫ് വാറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ നോർത്തും സൗത്തും തമ്മിലടിയായത്. 'ഭഗവാൻ മുരുകൻ ജനിച്ചത് ഉത്തരേന്ത്യയി'ലാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദങ്ങൾക്ക് കാരണമായി മാറിയത്. മുരുകൻ തമിഴ് ദൈവമാണെന്നായിരുന്നു എതിർവശത്തിന്റെ വാദം.
മുരുകന്റെ ജന്മ സ്ഥലത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടിയും പുകയുമൊക്കെ ഉണ്ടായെങ്കിലും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. ചർച്ചകളങ്ങനെ ചൂടുപിടിച്ചിരിക്കുമ്പോഴാണ് വെട്രിമാരനും ധനുഷും തങ്ങളുടെ പുതിയ ചിത്രവുമായെത്തുന്നത്.
ജൂനിയർ എൻടിആറിനും ടീമിനുമുള്ള മറുപടിയെന്നോണം 'തമിഴ് മുരുകൻ' എന്ന ടൈറ്റിലുമായാണ് ഈ ഹിറ്റ് കോമ്പോ എത്തിയത്. ഇതോടെ തമിഴകം ഒന്നടങ്ങി. ഇതിലും വലിയ മറുപടി ഞങ്ങൾക്ക് തരാനില്ല എന്നവർ ഉറക്കെ പറഞ്ഞു. ഈ രണ്ട് സിനിമയ്ക്ക് മുൻപ് തന്നെ ശിവ കാർത്തികേയനും ഒരു മുരുകന്റെ പടം അനൗൺസ് ചെയ്തിരുന്നു. ഈ മൂന്ന് സിനിമകളിലൂടെ ഒന്ന് കടന്നു പോയാലോ.
തായ്‌കിഴവി എന്ന സൂപ്പർ ഹിറ്റിന് ശേഷം ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെയോൻ. മുരുക ഭക്തനായാണ് ചിത്രത്തിൽ ശിവ കാർത്തികേയൻ എത്തുന്നത്. മുരുകന്റെ തമിഴിലെ മറ്റൊരു പേരാണ് സെയോൻ. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം ഒക്ടോബറിലാണ് സെയോൻ പ്രേക്ഷകരിലേക്കെത്തുക. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ത്രിവിക്രമും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രമാണ് ഗോഡ് ഓഫ് വാർ (താല്കാലിക പേര്). പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് പ്രേക്ഷകരിലേക്കെത്തുക. കശ്മീർ മുതൽ കന്യാകുമാരി വരെ ആരാധിക്കപ്പെടുന്ന മുരുകനെ വലിയ ക്യാൻവാസിൽ അവതരിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മുരുക പുരാണവുമായും വേലുമായും ബന്ധപ്പെട്ടതാണ് സിനിമയെന്ന സൂചന പോസ്റ്ററിലുണ്ട്. 'വടക്ക് ജനിച്ച്, തെക്ക് ആരാധിക്കപ്പെട്ട്, ഇപ്പോൾ പ്രപഞ്ചത്തിന്റേതാകാൻ പോകുന്നു' എന്നാണ് പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ ക്യാപ്ഷൻ കുറിച്ചത്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചൊന്നും പുറത്തുവിട്ടിട്ടില്ല.
'പൊല്ലാതവൻ', 'ആടുകളം', 'വട ചെന്നൈ', 'അസുരൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് തമിഴ് മുരുകൻ. ആൾക്കൂട്ടത്തിന് നടുവിൽ 'വേൽ' കയ്യിലേന്തി ആനപ്പുറത്തിരിക്കുന്ന ധനുഷിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. അറിവുമതിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സായ് അഭ്യങ്കർ ആണ് സംഗീതം. മുരുകന്റെ ആദ്യകാല ഐഡന്റിറ്റി മതപരമല്ല, വംശീയവും സാംസ്കാരികവുമായിരുന്നു എന്ന് വാദിക്കുന്ന എഴുത്തുകാരൻ അറിവുമതിയുടെ അതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. വെട്രിമാരാനയതു കൊണ്ട് തന്നെ ഒരു ഭക്തി സിനിമയായിരിക്കില്ല തമിഴ് മുരുകനെന്ന് ഉറപ്പിക്കാം.
എന്തായാലും എന്തായിരിക്കും ഈ മൂന്ന് സിനിമകളും പറയാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. ആരാണ് ആദ്യം പ്രഖ്യാപിച്ചത് എന്നതല്ല, ഓരോ സംവിധായകനും കഥ ഏത് രീതിയിൽ പറയുന്നു എന്നതാണ് പ്രധാനം. സിനിമ എങ്ങനെയാണെന്ന കാര്യം നമുക്ക് കാത്തിരുന്ന് തന്നെ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates