നീ എന്‍റെ ഈഡന്‍റെ മകനാണ്, ഈ വീട്ടിൽ എപ്പോഴും കയറിവരാം; ഒരു ഗ്ലാസ് കട്ടൻ ചായ തന്നിട്ട് മമ്മൂട്ടി പറഞ്ഞു

ഈ സ്ഥലംമാറ്റം ശരിയായില്ലെങ്കിൽ  ബാങ്കിന്‍റെ പരസ്യത്തിൽ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു
മമ്മൂട്ടിയും ഹൈബി ഈഡനും/ ഫേയ്സ്ബുക്ക്
മമ്മൂട്ടിയും ഹൈബി ഈഡനും/ ഫേയ്സ്ബുക്ക്
Updated on
2 min read

സിനിമ ജീവിതത്തിന്റെ 50 വർഷത്തെ നിറവിലാണ് മമ്മൂട്ടി. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എറണാകുളം എംപി ഹൈബി ഈഡൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. ആദ്യമായി മമ്മൂട്ടിയെ കാണാൻ പോയ അനുഭവമാണ് ഹൈബി പങ്കുവെച്ചത്. നനഞ്ഞു കുതിർന്ന് മമ്മൂക്കയുടെ വീടിന്റെ കാർ പോർച്ചിൽ ശങ്കിച്ചു നിന്ന തന്നെ വീട്ടിൽ കയറ്റിയിരുത്തി ഒരു ​ഗ്ലാസ് കട്ടൻ ചായ തന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശം നിനക്കുണ്ടെന്നും നീ എന്റെ ഈഡന്റെ മകനാണ് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.  അതുകേട്ടതോടെ അന്നേവരെ മനസിൽ കണ്ടിരുന്ന കാർക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയെന്നും ഹൈബി കുറിക്കുന്നു. 

ഹൈബി ഈഡന്റെ കുറിപ്പ് വായിക്കാം

കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് സഹോദരിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരിൽ. നാട്ടിലേക്കൊരു സ്ഥലംമാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ബ്രാൻഡ് അംബാസഡർ ആയ മമ്മൂക്കയെക്കുറിച്ച് ഓര്‍ക്കുന്നത്. ഉടനെ സിനിമ നിർമ്മാതാവ് ആന്‍റോ ജോസഫിനെ വിളിച്ച് മമ്മൂക്കയുടെ ഒരു അപ്പോയിന്‍റ്മെന്‍റ് തരപ്പെടുത്തി. അന്ന് എന്‍റെ കൂടപ്പിറപ്പായ കവാസാക്കി ബൈക്കുമെടുത്ത് മമ്മൂക്കയുടെ വീട്ടിലേക്ക് കുതിച്ചു. നല്ല മഴയായിരുന്നു. ഷർട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിർന്ന് മമ്മൂക്കയുടെ വീടിന്‍റെ കാർപോർച്ചിൽ ശങ്കിച്ചു നിന്നു. ഈ കോലത്തിൽ കേറണോ?

എന്നെ കണ്ടയുടനെ മമ്മൂക്ക വലിയ വാത്സല്യത്തോടെ വീട്ടിൽ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടൻ ചായ തന്നിട്ട് പറഞ്ഞു. "നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്‍റെ ഈഡന്‍റെ മകനാണ്". എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേവരെ മനസിൽ കണ്ടിരുന്ന കാർക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി. അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവര്‍ക്കും ഇതു തന്നെയായിരിക്കും പറയാനുള്ളത്. ഉടൻ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കിൽ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞും തീരുമാനമായില്ല. ഒരിക്കൽക്കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതൽ കടുപ്പത്തിലായിരുന്നു. ഈ സ്ഥലംമാറ്റം ശരിയായില്ലെങ്കിൽ  ബാങ്കിന്‍റെ പരസ്യത്തിൽ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത്തരം കഥകൾ പറയാനുണ്ടാകും.

ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മൂക്കയെ ലഭിച്ചിട്ട് 50 വർഷം തികഞ്ഞു എന്നറിയുന്നത്. ലോകസിനിമാ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മൂട്ടി. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. 2013ൽ 'സൗഖ്യം' മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്‍റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതുപ്രവർത്തന  മേഖലയിൽ  അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com