
ആഘോഷങ്ങൾക്കൊപ്പം തന്നെ ഒക്ടോബർ മാസവും പടിയിറങ്ങുകയാണ്. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളാണ് ഈ മാസം തിയറ്ററുകളിൽ റിലീസിനെത്തിയത്. അതിൽ ഏതെങ്കിലുമൊക്കെ സിനിമകൾ നിങ്ങൾക്ക് തിയറ്ററിൽ മിസ് ആയിട്ടുണ്ടാകുമല്ലേ. ഒട്ടും വിഷമിക്കണ്ടാ, ആ സിനിമകളൊക്കെ ഒടിടിയിൽ എത്തിയിട്ടുണ്ട്. ഈ വാരാന്ത്യം ഒടിടിയിൽ കാണാനാകുന്ന പുത്തൻ റിലീസുകളിലൂടെ.
കീർത്തി സുരേഷ്, രാധിക ആപ്തെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വെബ് സീരീസാണ് അക്ക. ഭവാനി എന്ന കഥാപാത്രമായി കീർത്തിയെത്തുമ്പോൾ രുദ്ര എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്. ധര്‍മരാജ് ഷെട്ടിയാണ് സീരീസ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ കാണാനാകും.
ബിജു മേനോൻ, ശ്രീനാഥ് ഭാസി, ഗണപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അവറാച്ചൻ ആൻഡ് സൺസ്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ തമ്പി ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം നിഹിച്ചിരിക്കുന്നത് സജിത് പുരുഷൻ ആണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
വിജയ് സേതുപതി, സായ് പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബത്ത. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും. ഗ്രാമവാസികളെല്ലാം ഒരുപോലെ ഭയക്കുന്ന, കൊടുംക്രൂരനായ ബത്ത എന്ന റൗഡിയും ശബരിയെന്ന ബാലനും ഇടയിൽ വളരുന്ന ഒരു ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളി നടി ലിജോമോൾ ജോസാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തിയത്. മലയാളത്തിൽ നിന്നും ശാന്തി ബാലചന്ദ്രനും വിഷ്ണു ഗോവിന്ദനും ചിത്രത്തിലുണ്ട്.
തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മയും ഒടിടിയിൽ എത്തിയിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ സന്ദീപ് കിഷനാണ് നായകനായെത്തുന്നത്. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ഷിവ് പണ്ഡിറ്റ്, അൻബ് താസൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.
ഫഹദ് ഫാസിൽ, സാറ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.
അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത് സ്വാസിക പ്രധാന വേഷത്തിലെത്തിയ സർവൈവൽ ത്രില്ലർ ചിത്രമാണ് ജെന്നിഫർ. മനോജ് ഐ ജിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates