'അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്'; 'പാപ്പന്റെ റേച്ചല്‍' വിവാഹിതയാകുന്നു; ചിരിപ്പിച്ച് അമ്മയുടെ കുറിപ്പ്

രസകരമായൊരു കുറിപ്പിലൂടെയാണ് അമ്മ മകളുടെ കല്യാണക്കാര്യം അറിയിച്ചത്
Athira Patel
Athira Patel
Updated on
3 min read

തട്ടിക്കൊണ്ടു പോകാന്‍ വന്ന കഞ്ചാവ് സോമനേയും ബാറ്ററി സൈമണേയും കരാട്ടെ കൊണ്ട് നേരിട്ട റേച്ചലിനെ മലയാളി മറക്കില്ല. ആട് സിനിമയിലെ ഷാജി പാപ്പന്റെ ചേട്ടന്‍ മകളായ, റേ്ച്ചലായി എത്തി കയ്യടി നേടിയത് ആതിര പട്ടേലാണ്. പാപ്പന്റെ റേച്ചല്‍ കൊച്ച് ഇതാ വിവാഹിതയാകാന്‍ പോകുന്നു. ആതിരയുടെ അമ്മ ഹേനയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

Athira Patel
'എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ'; രണ്ടര ലക്ഷം കിട്ടുമെന്ന് രേണു; കാണാന്‍ പോകാത്തത് എന്തുകൊണ്ടെന്ന് കിച്ചു

രസകരമായൊരു കുറിപ്പിലൂടെയാണ് അമ്മ മകളുടെ കല്യാണക്കാര്യം അറിയിച്ചത്. പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് വരും. വിവാഹം നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും അമ്മ പങ്കുവച്ചിട്ടുണ്ട്. അമ്മ കുറിപ്പിലേക്ക്:

'അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്..'' ഇന്ദൂന്റെ മോള്‍ടെ കല്യാണത്തലേന്നത്തെ ഫങ്ഷന് പോകുന്ന വഴിയാണ് പാപ്പു ബോംബ് പൊട്ടിച്ചത്.. എന്റെ കിളി പോയി. റിലേഷന്‍ഷിപ്പിലാണ് എന്നറിയാമായിരുന്നു. അത് അത്യാവശ്യം നന്നായി പോകുന്നുണ്ട് എന്നും അറിയാമായിരുന്നു. പക്ഷേ, ആളെ ഞങ്ങള്‍ പരിചയപ്പെട്ടിട്ടില്ല.. കണ്ടിട്ടുണ്ട്.. ചിന്തു എന്ന് വിളിക്കുന്ന ആനന്ദ് ആണെന്ന് അറിയാം....

എങ്ങനെയുള്ള ആളാണെന്നറിയില്ല. വീട്ടുകാരെങ്ങനെ എന്നറിയില്ല.. ഒരു ഡീറ്റൈല്‍സും അറിയില്ല. അതൊക്കെ പോട്ടെ.. ഇത്രേം കാലം കല്യാണം വേണ്ട.. താല്പര്യമില്ല.. എന്നും പറഞ്ഞോണ്ടിരുന്ന പാപ്പൂന്റെ മനസ്സെങ്ങനെ മാറി എന്ന് മനസ്സിലാവുന്നുമില്ല. എന്റെ കണ്‍ഫ്യൂഷന്‍ അവള്‍ക്ക് കറക്ടായി മനസ്സിലായി. ''പേടിക്കണ്ട. നല്ലപോലെ ആലോചിച്ചിട്ടുതന്നെയാ.. എന്റെ idea of companionship ഉം അവന്റെ idea of marriage ഉം ഒന്നാണ്.. I am still against the typical marriage institution.. അവന്റെ കൂടെയുള്ള ലൈഫ് അങ്ങനെ ആവില്ല എന്ന് അവന്‍ ഉറപ്പുതന്നിട്ടുണ്ട്..''

''എന്നാല്‍ ഓക്കെ.. '

'എല്ലാം നല്ലപടി പോയാല്‍ അടുത്ത ഡിസംബറില്‍ കല്യാണം ആവാം..''

തിരിച്ചുവരാന്‍ തുടങ്ങിയ എന്റെ കിളികള്‍ വീണ്ടും പറന്നുപോയി.. ബാക്കിയുണ്ടായിരുന്ന കുഞ്ഞിക്കിളികളും കൂടെ പോയി..

''ഡിസംബറോ? എന്തിനാ അത്രയും നേരത്തേ?''

''അവന്റെ ചേട്ടന്‍ അപ്പോ ജര്‍മനീന്ന് വരും. അവര്‍ക്കും പങ്കെടുക്കാനാ..''

''എന്നാലും അത് വല്ലാതെ നേരത്തെയായില്ലേ?''

''കൊറച്ച്... പക്ഷേ നിവൃത്തിയില്ല.. '

'ഉം..''

''അവനെയും വീട്ടുകാരെയും പരിചയപ്പെടുമ്പോ അമ്മേടെ ടെന്‍ഷനൊക്കെ മാറിക്കോളും..''

''ഉം...''

പിന്നെ അങ്ങോട്ട് പാറിപ്പറക്കുന്ന കിളികളുമായി രണ്ടുമൂന്ന് ദിവസം.. അതുകഴിഞ്ഞ് ഓക്കെ ആയി.. പിന്നെ അവള്‍ ഏട്ടനോട് പറഞ്ഞു... ഏട്ടന്‍ വളരെ കൂളായിരുന്നു..

അച്ചൂന് കാര്യങ്ങള്‍ മുമ്പേ അറിയാമായിരുന്നു. പക്ഷേ ഡിസംബറില്‍ കല്യാണം എന്ന് കേട്ടപ്പോള്‍ അവന്‍ അവിശ്വാസമോ വിസമ്മതമോ ടെന്‍ഷനോ ഒക്കെയുള്ള മുഖഭാവവുമായി എന്റെയടുത്തു വന്നു..

''ഡിസംബര്‍ എന്നു പറഞ്ഞാല്‍, ഒരു കൊല്ലമേയുള്ളൂ..''

''അറിയാം''

''too soon.. too soon..'

'സാരമില്ലെടാ. നമുക്ക് നോക്കാം..''

ഒരു ദിവസം ചിന്തു വീട്ടില്‍ വന്നു.. അതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിച്ചിട്ടില്ലായിരുന്നു.. അന്ന് ഊണുകഴിക്കുമ്പോള്‍ ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ടു.. വളരെ വ്യക്തമായ കാഴ്ചപ്പാടുകളുള്ള, വ്യക്തിയാണ് എന്നത് മനസ്സിലാക്കി. പിന്നെ അമ്മ, കുട്ടന്‍, ഗീതു... അങ്ങനെ ഓരോരുത്തരോടായി കാര്യം പറഞ്ഞു.. അമ്മ വിശ്വസിച്ചതേയില്ല.. അവള്‍ തമാശ പറയുകയാണെന്നാ കരുതിയത്. ഒടുവില്‍ ചിന്തുവിനെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തി. അപ്പോഴാണ് അമ്മക്ക് വിശ്വാസം വന്നത്.. എന്നിട്ടൊരു ചോദ്യം അവനോട്..

''നല്ലോണം ആലോചിച്ചിട്ടാണല്ലോ അല്ലേ?'' ന്ന്..

''അതെ'' എന്ന് അവന്‍..

ഇതേ ചോദ്യം അവന്‍ പലരില്‍നിന്നും കേട്ടു.. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഉറച്ചസ്വരത്തില്‍ അവന്‍ പറഞ്ഞു..

''എനിക്ക് എന്നെ വിശ്വാസമാണ്.. '

അത് വളരെ ആഴമുള്ള വാചകമാണ്.. അതിനേക്കാള്‍ വലിയ ഉറപ്പൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നു..

പിന്നെ അവന്റെ അമ്മയെയും അച്ഛനെയും കണ്ടു.. കുറേക്കാലം കഴിഞ്ഞു കാണുന്ന ഏതോ ബന്ധുക്കളെ കാണുന്ന പോലെ കലപില വര്‍ത്താനം പറഞ്ഞു..

അവരുടെ വീട്ടില്‍ ഞങ്ങള്‍ പോയി..

അവര്‍ ഇങ്ങോട്ട് വന്നു..

ഫുഡടിച്ച് പാട്ടൊക്കെ പാടി ഏതാണ്ട് ഓണത്തിന് ഞങ്ങള്‍ കൂടുന്നതിന്റെ ഒരു വിപുലീകരിച്ച വെര്‍ഷന്‍ പോലെ ആയിരുന്നു ആ വിസിറ്റുകള്‍. അവരുടെ വീട്ടുകാര്‍ അത്യാവശ്യം religious ആണെന്ന് കേട്ടപ്പോള്‍ ഒരു ടെന്‍ഷനുണ്ടായിരുന്നു. ഞങ്ങള്‍ അതല്ല.. പാപ്പു ഒട്ടുമല്ല.. അത് എങ്ങനെ അഡ്ജസ്റ്റ് ആവുമെന്ന ടെന്‍ഷന്‍. ഭൂരിപക്ഷം ആള്‍ക്കാരും റിലീജിയസ്സായ സമൂഹത്തില്‍ നോണ്‍ റിലീജിയസ് ആള്‍ക്കാരുടെ ജീവിതം മൊത്തം അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിലും, അത് എല്ലാവരും പ്രതീക്ഷിക്കുന്നതാണല്ലോ.. റിലീജിയസ് ആള്‍ക്കാര്‍ പൊതുവെ അത്ര ഫ്‌ലെക്‌സിബിളാവുന്നത് പലപ്പോഴും കുറവായതിനാല്‍ അത്തരക്കാരെ കാണുന്നത് വളരെ സന്തോഷമാണ്.. ചിന്തുവിന്റെ വീട്ടുകാര്‍ അങ്ങനെ ആണ്..

''നമ്മള് വളര്‍ന്ന പോലെ അല്ലല്ലോ ഇപ്പോ... കുട്ടികളുടെ ഇഷ്ടം എന്താച്ചാ ആയിക്കോട്ടെ..'' എന്നും പറഞ്ഞ് പാപ്പൂന്റെ ഇഷ്ടങ്ങള്‍ പരിഗണിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം.. അവള്‍ അവരോട് സംസാരിക്കുന്നതോ പെരുമാറുന്നതോ കാണുമ്പോള്‍ ആദ്യമൊക്കെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ ആ കാര്യത്തില്‍ അവള്‍ ക്ലിയറായിരുന്നു. ''ഞാന്‍ എന്താണോ അതുതന്നെയേ അവരുടെ മുന്നില്‍ പ്രെസെന്റ് ചെയ്യാന്‍ വിചാരിച്ചിട്ടുള്ളൂ.. അല്ലാതെ കല്യാണം കഴിയാന്‍ വേണ്ടി അഭിനയിക്കാന്‍ എന്നെ കിട്ടില്ല.. എന്റെ പ്ലസ്സും മൈനസും എല്ലാം അറിഞ്ഞിട്ട് അവരെന്നെ സ്വീകരിച്ചാല്‍ മതി.. എനിക്ക് എന്റെ വീട്ടില്‍ നില്ക്കുന്ന പോലെ ഫ്രീയായി അവിടെ പെരുമാറാന്‍ പറ്റണം.. അതിന് ഞാന്‍ ഞാനായിരിക്കണം.. അതവര്‍ക്ക് മനസ്സിലാക്കാനും പറ്റണം..''

അവള്‍ പറഞ്ഞതാണ് ശരിയെന്ന് തോന്നി.. ഇനിയിപ്പോ അവളുടെ സ്വഭാവങ്ങളെല്ലാം മനസ്സിലായിക്കിയിട്ട് ഇത് ശരിയാവില്ല എന്ന് അവര്‍ പറഞ്ഞാലും അത് നല്ലതിനാണ്.. കല്യാണം കഴിഞ്ഞിട്ടുണ്ടാവുന്ന പ്രശ്‌നങ്ങളേക്കാള്‍ നല്ലതാണല്ലോ. പക്ഷേ അവിടെയും അവരെന്നെ അമ്പരപ്പിച്ചു.. അവളെന്താണോ അങ്ങനെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി.. ഇഷ്ടപ്പെടാത്തതുണ്ടെങ്കില്‍ തുറന്നുപറയുമെന്നും വഴക്കുകൂടുമെന്നും, എന്നാലും അവളെ മാറ്റിയെടുക്കാന്‍ ശ്രമിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്തിനധികം പറയുന്നു... ഈ കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളതങ്ങ് ഒഫീഷ്യലാക്കി.

വീട്ടില്‍ വെച്ചു നടന്ന ചെറുതാക്കണമെന്ന് ആഗ്രഹിച്ച് അത്ര ചെറുതല്ലാതെ നടന്ന പരിപാടിയില്‍വെച്ച് കുട്ടികളും അച്ഛനമ്മമാരും ഒപ്പിട്ട് കാര്യങ്ങള്‍ ഉറപ്പിച്ചു. (ചിന്തു, വീട്ടുകാര് എന്നൊക്കെ പറഞ്ഞേ ഉള്ളൂ ല്ലേ.. പേര് പറയാന്‍ വിട്ടു.പാലക്കാട് പട്ടഞ്ചേരിയിലാണ് വീട്. ചിന്തു എന്ന ആനന്ദ് - ഇപ്പോ കൊച്ചിയില്‍ ഒരു സ്കിന്‍ കെയർ ബ്രാന്‍റിന്റെ ഡിജിറ്റല്‍ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായി വര്‍ക്ക് ചെയ്യുന്നു.. അമ്മ സുമതി മ്യൂസിക് ടീച്ചറായിരുന്നു. അച്ഛന്‍ മുരളീധരന്‍ നേവിയിലായിരുന്നു. ചേട്ടന്‍ വിനീത്, ഭാര്യ മേഘ്‌ന - രണ്ടുപേരും ജര്‍മ്മനിയിലാണ്. പിള്ളേരടെ കയ്യും കാലും പിടിച്ച് കിട്ടിയ കുറച്ച് ഫോട്ടോസ് ചേര്‍ക്കുന്നു. കല്യാണം ആവുമ്പോഴേക്കും മുഴുവന്‍ ഫോട്ടോസും കാണാന്‍ പറ്റുമായിരിക്കും. എന്നാ ശരി.. ഈ അമ്മായിയമ്മ ടു ബി പോയിട്ട് വരാം.

Athira Patel
'ഒടുവില്‍ ജന നായകന്‍ തിയേറ്ററിലേക്ക്'; വരുന്നത് 'എ' സര്‍ട്ടിഫിക്കറ്റോടെ? വ്യാജന്‍ കണ്ടത് 1.2 കോടി ആളുകള്‍!
Athira Patel
മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി
Athira Patel
ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്
Summary

Aadu fame Athira Patel gets engaged. Mother shares the happy news with funny note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com