'എംഡിഎംഎ അടിച്ചിട്ടാണോ പാടുന്നത്?'; എന്നെ ഡ്രഗ്ഗിയാക്കരുത്!, അധിക്ഷേപങ്ങള്‍ക്ക് അഭിരാമിയുടെ മറുപടി

Abhirami Suresh
Abhirami Sureshഫെയ്‌സ്ബുക്ക്‌
Updated on
2 min read

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ് (Abhirami Suresh). തങ്ങളുടെ ബാന്റായ അമൃതം ഗമയയുടെ പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനാണ് അഭിരാമി മറുപടി നല്‍കുന്നത്. പരിപാടിക്കിടെ താരം ഹെഡ് ബാംഗിംഗ് ചെയ്തതിനെ കളിയാക്കി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. ഇതിനാണ് വീഡിയോയിലൂടെ അഭിരാമി മറുപടി നല്‍കിയിരിക്കുന്നത്.

''ഇന്നത്തെ ടോപ്പിക് എന്റെ മുടിയാട്ടമാണ്. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അതിന്റെ വീഡിയോകള്‍ പ്രചരിക്കപ്പെടുകയും താഴെ ധാരാളം കമന്റുകള്‍ വരികയും ചെയ്തു. അതുകാരണമാണ് ഞാനിന്ന് ഈ വീഡിയോ ചെയ്യുന്നത്. അതില്‍ ഞാന്‍ ഹെഡ് ബാംഗിംഗ് ചെയ്യുന്നൊരു ഭാഗമുണ്ട്. അതിനെയാണ് മുടിയാട്ടം എന്ന് പറയുന്നത്. അതിന് എനിക്ക് വളരെ ക്രൂരമായ വിമര്‍ശനം നേരിടേണ്ടി വന്നു. നമ്മള്‍ എന്ത് ചെയ്താലും വിമര്‍ശനമാണ്. അത് ശീലമായി. പക്ഷെ എന്ത് കേട്ടാലും മിണ്ടാതിരുന്നാലും ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് പറയണമെന്ന് കരുതി'' എന്ന് പറഞ്ഞാണ് അഭിരാമി വീഡിയോ ആരംഭിക്കുന്നത്.

''അത് മുടിയാട്ടമല്ല. അത് ഹെഡ് ബാംഗിംഗ് ആണ്. ഒരുപാട് കമന്റുകള്‍ വന്നു. എംഡിഎംഎ ആണെന്നൊക്കെ പറഞ്ഞു. ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. ഇനി അത് കൂടെ എന്റെ തലയില്‍ വച്ച് തരരുത്. എന്നെ ഒരു ഡ്രഗി കൂടെ ആക്കരുത്'' എന്നും അഭിരാമി പറയുന്നു. ചിലര്‍ എന്നെ ഹെഡ് ബാംഗിംഗിനെക്കുറിച്ച് പഠിപ്പിക്കുക വരെ ഉണ്ടായി. ഹെഡ് ബാംഗിംഗ് റോക്ക് കള്‍ച്ചറിന്റെ ഭാഗമാണ്. അറുപതുകള്‍ മുതല്‍ ഉള്ളതാണെന്നും താരം പറയുന്നു.

''എന്റെ അത്രയും മുടിയുള്ള ഒരാള്‍ ഹെഡ് ബാംഗിംഗ് ചെയ്താല്‍ അങ്ങനെയേ വരത്തുള്ളൂ. അതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. ഹെഡ് ബാംഗിംഗ് തന്നെ ഒരുപാട് തരത്തിലുണ്ട്. ഞാനിത് ജീവിക്കാന്‍ വേണ്ടി ചെയ്തതല്ല. അമൃതം ഗമയയ്ക്ക് പത്ത് വര്‍ഷമായി. ഞങ്ങള്‍ക്ക് ഞങ്ങളുടേതായൊരു യാത്രയുണ്ടായിരുന്നു. ദൈവസഹായത്താല്‍ ഇതുവരെ ഞങ്ങളുടെ ഷോയ്ക്ക് മോശം അഭിപ്രായം കേട്ടിട്ടില്ല. അതിനാലാണ് ഇത്രയും പുരുഷാധിപത്യമുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ സാധിച്ചത്'' എന്നാണ് താരം പറയുന്നത്.

''എന്റെ ആദ്യത്തെ സ്‌റ്റേജ് മുതല്‍ ഞാന്‍ ചെയ്യുന്നതാണ് ഹെഡ് ബാംഗിംഗ്. തുടക്കകാലത്തൊന്നും സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ല. ഷോക്ക് അടിച്ചതാണെന്ന് പറഞ്ഞ് ഏതോ ചാനലുകാര്‍ വീഡിയോ ഇട്ടിരിക്കുന്നതൊക്കെ കണ്ടു. അതൊക്കെ തമാശയാണ്, അതില്‍ കുഴപ്പമില്ല. പക്ഷെ അതിന് താഴെ വരുന്ന ഹേറ്റ് കമന്റുകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.'' എന്നും അഭിരാമി പറയുന്നു.

''ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍, അത് ഏത് കലയാണെങ്കിലും, അവരെ ലെജന്റ്‌സുമായി താരതമ്യം ചെയ്യരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയും സ്‌റ്റൈലുമുണ്ട്. നൂറില്‍ നില്‍ക്കുന്ന ലെജന്റ്‌സുണ്ട്. പിച്ചവച്ച് വരുന്നവരെ അവരുമായി താരതമ്യം ചെയ്യരുത്. പഴയ രീതിയല്ല ഇപ്പോള്‍. ഓഡിയന്‍സിന്റെ എനര്‍ജി അനുസരിച്ച് പലരീതിയിലും പെര്‍ഫോം ചെയ്യേണ്ടി വരും. ഞങ്ങളുടെ ഷോകള്‍ ദാസേട്ടന്റേയും ചിത്ര ചേച്ചിയുടേയും സുജാത ചേച്ചിയുടേയും പോലെയാക്കാന്‍ പറ്റില്ല. ഞങ്ങളുടെ ഷോ കാണാന്‍ വരുന്നവര്‍ ഇരുന്ന് പാട്ട് കേള്‍ക്കാന്‍ വരുന്നവരല്ല. കൂടുതലും ചെറുപ്പക്കാരാണ്. അവര്‍ക്ക് ഡാന്‍സ് ചെയ്യണം, കൂടെ പാടണം''.

ഞങ്ങള്‍ കേരളത്തിന്റെ പ്രിയപ്പെട്ടവരല്ല. കഷ്ടപ്പെട്ടാണ് പാടുന്നത്. ഇപ്പോഴത്തെ തലമുറയിലുള്ള പലര്‍ക്കും ലഭിക്കുന്നൊരു സ്വീകാര്യത ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്ക് ഒരു ഷോ വിജയിപ്പിച്ചെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടണം. ഞങ്ങളുടെ പെര്‍ഫോമന്‍സുകള്‍ക്ക് പിന്നിലെ കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്കറിയില്ലെന്നും താരം പറയുന്നു. ഹെഡ് ബാംഗിംഗ് പത്ത് വര്‍ഷാമായി ഞാന്‍ എല്ലാ ഷോകളിലും ചെയ്യുന്നതാണ്. കാണുന്നവരില്‍ ചിലര്‍ക്ക് അരോചകമായും മുടിയാട്ടമായുമൊക്കെ തോന്നാം. സത്യത്തില്‍ അത് സംഗീത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com