സോഷ്യൽ മീഡിയയിൽ തനിക്കും തന്റെ കുടുംബത്തിനും നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. ഫേയ്സ്ബുക്ക് ലൈവിൽ എത്തിയാണ് താരത്തിന്റെ പ്രതികരണം. കുടുംബത്തിലെ എല്ലാവരും നേരിടുന്ന കടുത്ത മാനസികപീഡനത്തെക്കുറിച്ച് വൈകാരികമായാണ് അഭിരാമി പ്രതികരിച്ചത്. സൈബർ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
പച്ചത്തെറി പറഞ്ഞുകൊണ്ടാണ് സംസ്കാരം പഠിപ്പിക്കുന്നത് എന്നാണ് അഭിരാമി പറയുന്നത്. തന്റെ മുഖത്തെയും സംസാരത്തേയുമെല്ലാം പരിഹസിക്കുന്നവരുണ്ട്. എല്ലാ ദിവസവും ഇരുന്നു കരയുന്ന അമ്മയെയാണ് താൻ കാണുന്നതെന്നും കണ്ണു നിറഞ്ഞുകൊണ്ട് അഭിരാമി പറഞ്ഞു.
എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോൾ ഞാൻ സംസാരിക്കുന്നത്. ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. - അഭിരാമി പറഞ്ഞു.
അച്ഛനേയും അമ്മയേയും പാപ്പുവിനെ പോലും വെറുതെ വിടുന്നില്ല. പാപ്പു വളരെ സന്തോഷത്തിലാണ്. ഇപ്പോൾ അവളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് നിങ്ങൾ മാത്രമാണ്. ഞാൻ ഹാപ്പിയാണല്ലോ പിന്നെ ഇവരെന്താണ് ഇങ്ങനെ പറയുന്നത് എന്നാണ് അവൾ ഞങ്ങളോട് ചോദിക്കുന്നത്. പാചകം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് എന്റെ അമ്മ. അതുകൊണ്ടാണ് പാപ്പുവിനേയും അമ്മയേയും വച്ച് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോൾ അതിന് അടിയിലും മോശം കമന്റുകൾ നിറയുകയാണ്.
പ്രൊഗ്നാത്തിസം എന്ന അവസ്ഥയുള്ള ആളാണ് ഞാൻ. താടിയെല്ല് നീളുന്ന അവസ്ഥയാണിത്. ഞാൻ കുരങ്ങിനെപ്പോലെയാണെന്നും ഹനുമാനാണെന്നും പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഞാൻ വെള്ളമടിച്ചു സംസാരിക്കുകയാണോ എന്നാണ് ഇവരുടെ ചോദ്യം. പ്രായമായ ആന്റിമാർ വരെ എന്നെ ആക്ഷേപിച്ചുകൊണ്ട് കമന്റുകൾ ചെയ്യാറുണ്ട്. അത് കേൾക്കാൻ അത്ര സുഖകരമല്ല. പ്ലാസ്റ്റിക് സർജറിയിലൂടെ അത് മാറ്റാനാകും എന്നാൽ എന്നെപ്പോലെയുള്ള മറ്റുള്ളവർക്കു കൂടി മാതൃകയാവാനാണ് അത് ചെയ്യാത്തതെന്നും താരം പറഞ്ഞു.
ലൈവിന് ഇടയിൽ ബാലയുടെ പൈസയല്ലേ എന്ന് ചോദ്യവുമായി ഒരാൾ എത്തി. അതിനും രൂക്ഷമായ ഭാഷയിൽ അഭിരാമി മറുപടി നൽകി. പഠിച്ചുകൊണ്ടിരിക്കുമ്പോൾ മുതൽ പല ജോലികളും ചെയ്യുന്ന ആളാണ് താനെന്നും ഇതൊന്നും പ്രതിഫലം വാങ്ങാതെ ചെയ്തതാണെന്നാണോ നിങ്ങൾ കരുതുന്നതെന്നും ചോദിച്ചു. താനും ചേച്ചിയും വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടു പോകുന്നത്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ് എന്നും താരം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates