

സിനിമയിൽ നിന്നുള്ള ചെറിയ ഇടവേളകളിൽ ദീർഘദൂര ബൈക്ക് യാത്രകൾ നടത്താറുണ്ട് നടൻ അജിത്ത്. ഇന്ത്യയ്‌ക്ക് അകത്തും പുറത്തും നിരവധി യാത്രകൾ അദ്ദേഹം ചെയ്‌തു. ഇനി പുതിയൊരു ബൈക്ക് യാത്രയ്‌ക്ക് തയ്യാറെടുക്കുകയാണ് അദ്ദേഹം. അതിനിടെ അദ്ദേഹത്തിന്റെ സഹയാത്രകൻ സുഗത് സത്പതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ഒരു കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.
തുണിവിന്റെ റിലീസിന് ശേഷം അദ്ദേഹം നേപ്പാളിലേക്ക് ബൈക്ക് റൈഡ് നടത്തിയിരുന്നു. അന്ന് താരത്തിന് എല്ലാ സഹായങ്ങളും നൽകി ഒപ്പമുണ്ടായിരുന്നത് ട്രിപ്പ് ഓർഗനൈസർ കൂടിയായ സുഗത് ആയിരുന്നു. മികച്ച യാത്രനുഭവം നൽകിയ സുഗതിന് ആഡംബര ബൈക്ക് സമ്മാനിച്ചാണ് താരം നന്ദി അറിയിച്ചത്. പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ലിയു എഫ്850ജിഎസ് ബൈക്കാണ് അജിത് സുഗതിന് നൽകിയത്.
ചൊവ്വാഴ്ചയാണ് ഇൻസ്റ്റഗ്രാമിലൂടെ സുഗത് ഈ വിവരം അറിയിച്ചത്. അജിത്തിനൊപ്പമുള്ളതും ബൈക്ക് ഏറ്റുവാങ്ങുന്നതുമായ ചിത്രങ്ങൾ അദ്ദേഹം നീണ്ട കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2022-ന്റെ അവസാനം തമിഴിലെ സൂപ്പർതാരമായ അജിത്കുമാറുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചെന്ന് സുഗത് കുറിപ്പിൽ പറഞ്ഞു. ഡ്യൂക്ക് 390-ലായിരുന്നു തന്റെ സഞ്ചാരം. നോർത്ത്-ഈസ്റ്റ് ട്രിപ്പ് കഴിഞ്ഞപ്പോൾ തന്നെ നേപ്പാൾ-ഭൂട്ടാൻ യാത്ര സംഘടിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായിരുന്നു. ഈ യാത്രയിലുടനീളം മറക്കാനാവാത്ത ഓർമകളാണ് ഉണ്ടായതെന്നും ഒരുപാട് സൂര്യോദയങ്ങളും അസ്തമയങ്ങളും കണ്ടുവെന്നും സുഗത് പറഞ്ഞു.
യാത്രകൾക്കിടെ നമ്മൾ നല്ല ആളുകളെ കണ്ടുമുട്ടുമെന്ന് പലരും പറയാറുണ്ട്. ഏറ്റവും മികച്ച മനുഷ്യനെയാണ് ഞാൻ കണ്ടുമുട്ടിയതെന്ന് ഞാൻ പറയും. സ്വന്തം പ്രശസ്തി പരിഗണിക്കാതെ, അദ്ദേഹത്തിന്റെ വിനയവും ഉർജ്ജസ്വലതയും എന്നെ അത്ഭുതപ്പെടുത്തി. സൂപ്പർസ്റ്റാറിന് പിന്നിൽ ഒരു ലളിതമായ മനുഷ്യനുണ്ട്! ഈ എഫ് 850 ജിഎസ്, വെറുമൊരു ബൈക്ക് മാത്രമല്ല. ഇത് അദ്ദേഹം എനിക്ക് സമ്മാനിച്ചതാണ് (അജിത്കുമാർ) അതെ! അതൊരു സമ്മാനമാണ്. അണ്ണയിൽ നിന്ന് എനിക്ക് ഒരുപാട് സ്‌നേഹത്തോടെ കിട്ടിയതാണ്. ലോകം കാണാൻ ഇത് എനിക്കുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. - സുഗത് കുറിച്ചു.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയാണ് അജിത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ലൈക്കാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
