അവര്‍ക്ക് കിട്ടിയ കയ്യടികള്‍ ഒരാള്‍ക്ക് കൂടിയുള്ളത്; നിഖിലയ്ക്കും സെറിനും സാഗറിനും ഗുരുവായ അജിത് ലാല്‍
ബഹളങ്ങളൊന്നുമില്ലാതെ വന്ന് വലിയ വിജയമായി മാറിയിരിക്കുകയാണ് പ്രകമ്പനം. ചിത്രം കണ്ടവരെല്ലാം ഒരുപോലെ അഭിനന്ദിക്കുന്നത് സാഗര്‍ സൂര്യയുടെ പ്രകടനത്തെയാണ്. ഒരേ സീനില്‍ തന്നെ രണ്ട് വ്യക്തിയായി മാറി സിനിമയെ മുഴുനീളം ഷോള്‍ഡര്‍ ചെയ്യുന്ന സാഗര്‍ സൂര്യയെയാണ് പ്രകമ്പനത്തില്‍ കാണുന്നത്. സാഗര്‍ കയ്യടി നേടുമ്പോള്‍, അല്‍പ്പം മാറി നിന്നൊരാള്‍ സന്തോഷിക്കുന്നുണ്ട്. സാഗര്‍ സൂര്യയെ പ്രകമ്പനത്തിനായി പരിശീലിപ്പിച്ച അജിത് ലാല്‍ ശിവ ലാല്‍.
അഭിനേതാവ് കൂടിയായ അജിത് ലാല്‍ ശിവലാല്‍ തിരക്കുള്ള ആക്ടിംഗ് ട്രെയ്‌നറാണിന്ന്. പോയ വര്‍ഷം ശ്രദ്ധ നേടിയ റോന്ത്, ധനുഷിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം കുബേരന്‍ തുടങ്ങിയവയിലൂടെ അജിത് ലാല്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനൊപ്പമാണ് പരിശീലന രംഗത്തും ശ്രദ്ധ നേടുന്നത്. നിഖില വിമല്‍, സെറിന്‍ ഷിഹാബ്, സാഗര്‍ സൂര്യ തുടങ്ങിയ താരങ്ങളുടെ സമീപകാലത്തെ പ്രകടന മികവിന് പിന്നില്‍ അജിത് ലാലിന്റെ കയ്യൊപ്പുണ്ട്. അജിത് ലാല്‍ തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ്.
അഭിനയും അഭിനയ പരിശീലനവും ഒരേസമയം മുന്നോട്ട് കൊണ്ടു പോവുകയാണല്ലോ?
അഭിനേതാവും ആക്ടിംഗ് ട്രെയ്‌നറുമാണ്. അഭിനയിച്ച ഒന്ന് രണ്ട് സിനിമകള്‍ റിലീസാകാനുണ്ട്. മഹേഷ് മധു സംവിധാനം ചെയ്ത കൂഴാലിയും, ഹാപ്പി അഖില എന്ന ആകാശ് സംവിധാനം ചെയ്ത ചിത്രവും. രണ്ടു പേരും പുതുമുഖങ്ങളാണ്. റോന്ത്, എന്നെന്നും, ധനുഷിനൊപ്പം തമിഴ് ചിത്രം കുബേര, തുടങ്ങിയവയിലാണ് അഭിനയിച്ചത്.
തിയേറ്ററില്‍ നിന്നുമാണ് വരുന്നത്. 2014ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ബെംഗളൂരു സെന്ററില്‍ നിന്നും പാസായി. തിയേറ്റര്‍ തുടര്‍ച്ചയായി ചെയ്തു വരുന്നു. ആക്ടിംഗ് ട്രെയ്‌നിംഗ് ഗൗരവ്വമായി ചെയ്തു തുടങ്ങുന്നത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ മുതലാണ്. ചിത്രത്തിലെ വില്ലന്‍ ഗ്യാങിനെ ട്രെയിന്‍ ചെയ്തതു ഞാനാണ്. പെണ്ണുകേസില്‍ നിഖിലയേയും പ്രകമ്പനത്തില്‍ സാഗര്‍ സൂര്യയേയും പരിശീലിപ്പിച്ചു. വരാനിരിക്കുന്ന ബാലന്‍ എന്ന ചിത്രത്തിലെ കുട്ടികളേയും പരിശിലീപ്പിച്ചിട്ടുണ്ട്.
രേഖാചിത്രത്തിന് വേണ്ടി സെറിന്‍ ഷിഹാബിനേയും പരിശീലിപ്പിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ടല്ല, അല്ലാതെ തന്നെ സെറിന്‍ നേരിട്ട് വന്നതാണ്. അങ്ങനേയും അഭിനേതാക്കള്‍ വരാറുണ്ട്.
ഇവരെപ്പോലെയുള്ള എസ്റ്റാബ്ലിഷ് ആയ അഭിനേതാക്കള്‍ സമീപിക്കുന്നത് എന്തിന് വേണ്ടിയാണ്?
അവരുടെ കഥാപാത്രത്തെ എങ്ങനെ വ്യത്യസ്തമാക്കാം, പുതുതായി എന്ത് കൊണ്ടു വരാം എന്നതിലാണ് വര്‍ക്ക് ചെയ്തത്. കഥാപാത്രങ്ങളുടെ അടരുകളും ശരീരഭാഷയുമൊക്കെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുക. അവര്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാനായി ഒരിടം തുറന്നു കൊടുക്കുക എന്നാണ് എന്റെ ജോലി. കഥാപാത്രത്തിന്റെ അടരുകളിലേക്ക് കടക്കാനായി അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. അവര്‍ അതിലൂടെ പുതുതായി പലതും കണ്ടെത്തും. അതില്‍ രസകരമെന്ന് തോന്നുന്നതുണ്ടാകും.
പല എലമെന്റുകളുണ്ട്. ഷൂട്ട് തുടങ്ങിയ ശേഷം സെറ്റില്‍ വച്ച് ഇംപ്രവൈസ് ചെയ്യുന്നതിനൊക്കെ പരിമിതികളുണ്ടാകും. കഥാപാത്രത്തെ കണ്ടെത്തുന്ന യാത്ര ഒരുപാട് പരാജയങ്ങളിലൂടെ കടന്നു പോകുന്നതാണ്. പലതും വേണ്ടെന്ന് തോന്നിയേക്കും. ആ ഫില്‍റ്ററിംഗിനുള്ള സ്‌പേസാണ് ഞങ്ങള്‍ ഒരുക്കുന്നത്. പ്രകമ്പനത്തിലെ നിര്‍ണായകമായ രംഗമാണ് സാഗറിന്റെ പ്രസംഗം. ഒത്തിരി രീതികളും ശൈലികളും ചെയ്തു നോക്കിയാണ് ഇപ്പോള്‍ കാണുന്നതിലേക്ക് എത്തിയത്.
ഈ വര്‍ക്കുകളെല്ലാം ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരംഭിക്കുന്നതാണ്. സ്‌പേസ് ഓഫ് ആക്ട് എന്നാണ് ഞങ്ങളുടെ സ്റ്റുഡിയോയുടെ പേര്. സാഗറിന്റെ വര്‍ക്കിന് ലൊക്കേഷനില്‍ പോവുകയും ചെയ്തിരുന്നു. അത് പ്രധാനപ്പെട്ടൊരു രംഗമായതിനാലാണ്.
സോഷ്യല്‍ മീഡിയയിലൂടെ സ്വയം അടയാളപ്പെടുത്തി വരുന്നവര്‍ക്കും പരിശീലനം ആവശ്യം വരാറുണ്ടോ?
ഒത്തിരി പേര്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ അഭിനയം പരിശീലിക്കാന്‍ വരുന്നുണ്ട്. മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പുണ്ട്. പേഴ്‌സണല്‍ ട്രെയ്‌നിംഗ് ചോദിക്ക മിക്കവരോടും ഞാന്‍ ഈ ഗ്രൂപ്പ് സെഷന്‍ നിര്‍ദ്ദേശിക്കാറുണ്ട്. പത്ത് പേരാകും ഒരു ഗ്രൂപ്പിലുണ്ടാവുക. അതിന് ശേഷമായിരിക്കും പേഴ്‌സണല്‍ സെഷന്‍ നടത്തുക. അപ്പോഴേക്കും അവര്‍ക്കും നമുക്കും എന്തിലാണ് വര്‍ക്ക് ചെയ്യേണ്ടതെന്ന് മനസിലായിട്ടുണ്ടാകും. ഒരുപാട് ഇന്‍ഫ്‌ളുവേഴ്‌സ് പരിശീലനത്തിന് വരുന്നുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ സെഷനും എടുക്കുന്നുണ്ട്. ട്രെയ്‌നിങ് സെഷന്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് എടുക്കുന്നത്. സഹായം വേണ്ടി വരുമ്പോള്‍ അനാമിക എന്നൊരാള്‍ കൂടേയുണ്ടാകും.
പരിശീലിപ്പിച്ച താരങ്ങളുടെ പ്രകടനങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്താണ് തോന്നാറുള്ളത്?
നമ്മള്‍ വര്‍ക്ക് ചെയ്‌തെടുത്ത എലമെന്റുകള്‍ സ്‌ക്രീനില്‍ കാണുന്നത് ആവേശം തരുന്നതാണ്. ചില കാര്യങ്ങള്‍ ഒത്തിരി നേരവും ദിവസങ്ങളെടുത്തും കണ്ടെത്തിയതാകും. അത് സ്‌ക്രീനില്‍ കാണുകയും പ്രേക്ഷകര്‍ കയ്യടിക്കുകയും ചെയ്യുമ്പോള്‍ സന്തോഷവും രോമാഞ്ചവുമൊക്കെ തോന്നും.
അഭിനേതാക്കള്‍ക്ക് എപ്പോഴും ഒരു സംശയമുണ്ടാകും, എങ്ങനെയാണ് സ്‌ക്രീനില്‍ വരികയെന്ന കാര്യത്തില്‍. അവരെ ഗ്രൗണ്ടഡ് ആക്കുകയാണ് എന്റെ ആദ്യത്തെ ജോലി. സോഷ്യല്‍ മീഡിയ കാലം ആയതിനാല്‍ പുതിയത് എന്തെങ്കിലും ട്രൈ ചെയ്യാന്‍ അവര്‍ക്ക് പേടിയുണ്ടാകും. പാളിയാല്‍ ട്രോള്‍ കിട്ടും. പക്ഷെ പരാജയപ്പെട്ടാലേ പുതിയത് കണ്ടെത്താനാകൂ. പരിശീലകന്‍ എന്ന നിലയില്‍ അതിനുള്ള സ്‌പേസ് ഒരുക്കുകയാണ് ചെയ്യുന്നത്.
ശ്യാം മോഹനൊപ്പം ഒരു തെലുങ്ക് സിനിമയ്ക്കായി വര്‍ക്ക് ചെയ്തിരുന്നു. ഡ്രാമ ആര്‍ട്ടിസ്റ്റിന്റെ വേഷമാണ്. അതില്‍ അദ്ദേഹം പല വേഷങ്ങളും ചെയ്യുന്നുണ്ട്. തെലുങ്ക് ചിത്രം കൂടിയായതിനാല്‍ വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. അതില്‍ കുറേ പുതിയ കാര്യങ്ങള്‍ ചെയ്തു നോക്കാന്‍ സാധിച്ചു. സ്റ്റുഡിയോയിലും സെറ്റിലും വര്‍ക്ക് ചെയ്തിരുന്നു. നല്ലൊരു അനുഭവമായിരുന്നു.
പരിശീലകനായുള്ള തുടക്കം എങ്ങനെയായിരുന്നു?
ആദ്യമായി ഒരു സിനിമയ്ക്കായി പരിശീലിപ്പിക്കുന്നത് ക്രിസ്റ്റിയ്ക്ക് വേണ്ടിയാണ്. കുട്ടികള്‍ക്ക് പരിശീലനം നല്‍കിയാണ് തുടങ്ങുന്നത്. ക്ലൗണിങ് എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. പരാജയങ്ങളിലൂടെയാണ് കോമാളിയുടെ സഞ്ചാരം. ബിനാലെയില്‍ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസത്തെ ക്ലൗണിങ് വര്‍ക്ക് ഷോപ്പ് ചെയ്തിരുന്നു.
നാടകവും അഭിനയവുമൊക്കെ കരിയറായി സ്വീകരിക്കുമ്പോള്‍ വീട്ടുകാരുടെ സമീപം എങ്ങനെയായിരുന്നു?
ഡിഗ്രി പഠിച്ചത് സുവോളജിയായിരുന്നു. അന്ന് അധ്യാപകനാകണം എന്നായിരുന്നു ആഗ്രഹം. കോളേജില്‍ നാടകമൊക്കെ ചെയ്യുമായിരുന്നു. കൗതുകത്തിന് വേണ്ടിയും അധ്യാപനത്തിന് സഹായിക്കുമെന്നും കരുതിയാണ് എന്‍എസ്ഡിയില്‍ അപേക്ഷിക്കുന്നത്. സൗത്തിലെ ആദ്യത്തെ സെന്ററാണ് ബെംഗളൂരിവിലേത്. ആദ്യത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. തിരിച്ച് വന്ന് അധ്യാപനം തുടരാമെന്നായിരുന്നു കരുതിയത്. പക്ഷെ അഭിനയത്തിലും നാടകത്തിലും രസം തോന്നി. അതോടെ ജീവിതം മാറി. ഇപ്പോള്‍ 12 വര്‍ഷമായി.
തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍പ്പായിരുന്നു. നന്നായി പഠിപ്പിക്കുമായിരുന്നു. നാട്ടിലും വീട്ടിലുമൊന്നും നാടകമൊന്നും ചെയ്യുന്നവരുണ്ടായിരുന്നില്ല. നാടകത്തെക്കുറിച്ച് അറിവുമുണ്ടായിരുന്നില്ല. പഠിക്കുന്ന സമയത്ത് നാഗമണ്ഡല എന്നൊരു നാടകം ചെയ്തത് മാതൃഭൂമി പത്രത്തില്‍ വലിയ വാര്‍ത്തയായി വന്നു. അതോടെയാണ് വീട്ടുകാര്‍ക്ക് വിശ്വാസമായത്. ചെയ്യുന്നതിലെന്തോ കാര്യമുണ്ടെന്ന് അവര്‍ക്ക് മനസിലായി. അച്ഛന്‍ കടലില്‍ പോകുന്ന ആളാണ്. ഒന്നും പറ്റിയില്ലെങ്കില്‍ കടലില്‍ പോയി മീന്‍ പിടിക്കാം, പക്ഷെ നീ പഠിച്ചത് അതിന് വേണ്ടിയല്ല. നിന്റെ ജീവിതമാണ്. നിനക്ക് ഇഷ്ടമുള്ളത് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. എന്റെ തെരഞ്ഞെടുപ്പിനെ അവര്‍ ഒരിക്കലും സംശയിച്ചിട്ടില്ല.
Actor and Acting trainer Ajithlal Sivalal tells his story. He recently worked with Sagar Surya for Prakambanam. Actors like Nikhila Vimal and Zarin Shihab were trained by him.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

