

ഷങ്കർ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജെന്റിൽമാൻ'. ഷങ്കറിന്റെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. 175 ദിവസത്തിലധികം തമിഴ്നാട്ടിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം അക്കാലത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രമായി മാറി. എന്നാൽ പലതവണ താൻ നിരസിച്ച ചിത്രമായിരുന്നു ജെന്റിൽമാൻ എന്ന് പറയുകയാണ് അർജുൻ സർജ ഇപ്പോൾ.
എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് അർജുൻ ഇക്കാര്യം പങ്കുവച്ചത്. "ജെന്റിൽമാൻ ആദ്യം ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞതായിരുന്നു. ആ സമയത്ത് എനിക്ക് സിനിമയോട് വലിയ ദേഷ്യമായിരുന്നു. കാരണം അതിന് മുൻപ് ഞാൻ സംവിധായകൻ ആയിരുന്നു. സേവകൻ, പ്രതാപ് എന്നീ രണ്ട് സിനിമകൾ ഞാൻ സംവിധാനം ചെയ്തിരുന്നു.
വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ആ സിനിമകൾ പൂർത്തിയാക്കിയത്. ഒരു പ്രൊഡക്ഷൻ ഹൗസോ സംവിധായകനോ ആരും എന്നെ ആ സമയത്ത് സഹായിക്കാൻ മുന്നോട്ടു വന്നില്ല. ആരും എന്നെ സഹായിച്ചില്ല. തിരിഞ്ഞുനോക്കുമ്പോൾ, അവർക്ക് എന്നെ സഹായിക്കേണ്ട ഒരു കാരണവുമില്ലെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ഈ ഇൻഡസ്ട്രി അങ്ങനെയാണ്, ആർക്കാണ് മാർക്കറ്റ് ഉള്ളത്.
അവരുടെ കൂടെ നിൽക്കും. മുടന്തുന്ന കുതിരയേക്കാൾ ഓടുന്ന കുതിരയെ പന്തയം വെക്കുന്ന ഒരു ബിസിനസ്സാണ് സിനിമ എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ആ സമയത്ത്, ഞാൻ കഷ്ടപ്പെട്ടിരുന്ന സമയത്ത് ആരും എന്നെ സഹായിച്ചില്ല. പക്ഷേ പടം ഹിറ്റായി. കഷ്ടപ്പെട്ട് പടം റിലീസാക്കി, അത് ഡിസ്ട്രിബ്യൂട്ട് ചെയ്തതും ഞാൻ തന്നെയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു സേവകൻ എന്ന സിനിമയ്ക്ക് വേണ്ടി.
അതിന് ശേഷമാണ് ജെന്റിൽമാൻ വരുന്നത്. ആ സമയത്ത് ഒരുപാട് സിനിമകൾ വന്നിരുന്നു. എല്ലാം ഞാൻ വേണ്ടെന്ന് വച്ചു. ഇനി നിങ്ങളെ എനിക്ക് എന്തിനാണ്. എനിക്ക് വേണ്ട. എന്റെ സിനിമകൾ ഞാൻ തന്നെ നിർമിച്ചോളാം. ഞാൻ കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. കഷ്ടപ്പാടിൽ ആരുമില്ലായിരുന്നു, പടം ഹിറ്റായപ്പോൾ എല്ലാവരും വന്നു.
അപ്പോൾ എനിക്ക് ആരെയും വേണ്ടെന്ന് തോന്നി. അത് എന്റെ ചെറിയൊരു വൈരാഗ്യമായിരുന്നു. ആ സമയത്ത് വന്ന സിനിമയാണ് ജെന്റിൽമാൻ. ഒരുപാട് തവണ ഞാൻ ആ സിനിമയോട് നോ പറഞ്ഞു. എവിടെ വച്ച് കണ്ടാലും ഷങ്കർ ആ സിനിമയെക്കുറിച്ച് മാത്രം എന്നോട് സംസാരിക്കാൻ തുടങ്ങി. പലപ്പോഴായി ആ സിനിമയ്ക്ക് കുറിച്ച് എന്നോട് വന്ന് പറയാൻ അദ്ദേഹം ശ്രമിച്ചു.
സിനിമയുടെ കഥ കേട്ടിട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്ക് എന്ന് എന്നോട് പറഞ്ഞു. വേണ്ട എന്ന് പറയണം എന്ന് തന്നെ ഞാൻ മനസിൽ തീരുമാനിച്ചിരുന്നു. ഷങ്കറും ഒരു ടെക്നീഷ്യനും ചേർന്ന് അങ്ങനെ ഒരു ഹോട്ടലിൽ വച്ച് എന്നോട് കഥ പറഞ്ഞു. കഥ മുഴുവൻ പറഞ്ഞ ശേഷം, അദ്ദേഹം എന്നോട് ചോദിച്ചു.
ഇത്രയും നല്ല കഥ വേണ്ടെന്ന് പറയാൻ പോകുവാണല്ലേ. എങ്ങനെ അങ്ങനെ പറയാൻ തോന്നുന്നു. നീ ഒരു വലിയ വിഡ്ഢി തന്നെ. അങ്ങനെ പിന്നെ കഥ സൂപ്പറാണ് നമുക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ചെയ്ത പടമാണ് ജെന്റിൽമാൻ. അത് പിന്നീടൊരു ചരിത്രമായി മാറി".- അർജുൻ സർജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates