

തമിഴ്നാട്ടിലിപ്പോൾ സനാതന ധർമത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. നടൻ അർജുൻ സർജ സനാതന ധർമത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ശ്രദ്ധേയമാകുന്നത്. സനാതനം എന്നാൽ ഒരു ജീവിത രീതിയാണെന്നും എങ്ങനെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് നമ്മളെ പഠിപ്പിക്കുന്നതാണെന്നും അർജുൻ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'ബ്ലാസ്റ്റി'ന്റെ റിലീസിനോടനുബന്ധിച്ച് ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സനാതനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്' എന്നായിരുന്നു അർജുനോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യം.
"എനിക്ക് മനസിലായ കാര്യം പറയുകയാണെങ്കിൽ, സനാതനം എന്നാൽ ജീവിത രീതിയാണ്. എങ്ങനെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് നമ്മളെ പഠിപ്പിക്കുന്നതാണ്. തെറ്റ് ചെയ്യരുത്, മോഷ്ടിക്കരുത്, മറ്റുളളവരോട് അസൂയ പാടില്ല.. തുടങ്ങിയവയൊക്കെ.
കുട്ടികളായി ഇരിക്കുമ്പോൾ നമ്മളെ മുതിർന്നവർ എങ്ങനെ നോക്കിയോ, അതുപോലെ അവർ വയസാകുമ്പോൾ നമ്മൾ നോക്കണം. ദൈവത്തെ പോലെ നോക്കണം. അതാണ് സനാതന ധർമം പറയുന്നത്. സനാതന ധർമം ഇല്ല എന്ന് പറയണമെങ്കിൽ, അവർ അവരുടെ അച്ഛനെയും അമ്മയെയും പുറന്തള്ളണം. അത് സാധ്യമാണോ ?.
സനാതന ധർമ്മം എന്നാൽ ഒരു മതമല്ല, അതൊരു ജീവിത രീതിയാണ്. അത് എല്ലാവരും മനസിലാക്കിയാൽ നന്ന്. എനിക്ക് മനസിലായ കാര്യമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. എല്ലാവരും അത് മനസിലാക്കിയാൽ നന്നായിരിക്കും". - അർജുൻ സർജ പറഞ്ഞു.
പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം തമിഴ്നാട് നിയമസഭയിൽ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെക്കുറിച്ച് പറഞ്ഞതാണ് വീണ്ടും ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമം തീർച്ചയായും ഇല്ലാതാക്കപ്പെടണമെന്നാണ് തന്റെ എപ്പോഴത്തേയും നിലപാടെന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.
2023 ൽ സനാതന ധർമത്തെക്കുറിച്ച് ഉദയനിധി നടത്തിയ പരാമർശങ്ങളും ദേശീയതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേസമയം തന്റെ നിലപാട് തുറന്നുപറഞ്ഞ അർജുൻ സർജയ്ക്ക് വൻ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഒരാളെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞല്ലോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates