

മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയന്റെ ആരോപണത്തിനു മറുപടിയുമായി നടൻ ബാല. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും റേപ്പ് ചെയ്തിട്ടില്ലെന്നും ദയവു ചെയ്ത് തന്നേയും കോകിലയേയും തന്റെ കുടുംബത്തേയും വെറുതെ വിടണമെന്നും ബാല വീഡിയോയിൽ പറയുന്നു.
‘‘മനസ്സു തുറന്ന് ചില കാര്യങ്ങൾ സംസാരിക്കണമെന്നു തോന്നി. കൃത്യമായി പറയാനൊന്നും അറിയില്ല, പക്ഷേ പറയേണ്ടത് പറയണം. ഇത്രയും വർഷം ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിച്ചു. ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. എന്നിട്ടും എന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ആളുകൾ ഉണ്ടാക്കുന്നു. മനസ്സു നിറയെ വേദനയാണ്. ലിവർ മാറ്റിവച്ച ആളാണ് ഞാൻ, കഴിഞ്ഞ ആഴ്ചയും അമൃത ആശുപത്രിയിലുണ്ടായിരുന്നു.
കുഴപ്പമില്ല, പോരാടി തന്നെ മുന്നോട്ടുപോകും. എനിക്ക് ഇതുവരെ കിട്ടാത്തൊരു കുടുംബജീവിതം 41ാം വയസ്സിൽ ലഭിച്ചു. എന്റെ ഭാര്യ കോകിലയെ ഞാൻ നന്നായി നോക്കുന്നുണ്ട്. പക്ഷേ എന്തിനാണ് ആ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത്. എന്തുകൊണ്ടാണ് എല്ലാവരും, എല്ലാവരുമെന്ന് ഞാൻ പറയില്ല. ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം.
സത്യമായും ഞാനും എന്റെ കുടുംബവും അവരെ ഉപദ്രവിച്ചിട്ടില്ല, ഞങ്ങൾ അങ്ങനെ ചെയ്യുന്ന ആളുകളല്ല. അതിന്റെ ആവശ്യവും ഞങ്ങള്‍ക്കില്ല. ആദ്യം മുതലേ ഞാൻ പറയുന്നുണ്ട്, അവർക്ക് മെഡിക്കൽ അറ്റൻഷൻ വേണം, മീഡിയ അറ്റൻഷൻ അല്ല. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുക. സ്വന്തം കുടുംബം പോലും അവരെ നോക്കുന്നില്ല. അതിന്റെ വിഷമം എനിക്കുണ്ട്.
നാല് മാസം മുമ്പേ ഞാൻ പറഞ്ഞു, ഇനി ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇടവരുത്തരുതെന്ന്. അതുകൊണ്ടാണ് ഞാൻ കോടതിയിൽ പോയത്. അവർ എത്തിയില്ല. തുടർച്ചയായി കോകിലയെയും ഞങ്ങളുടെ കുടുംബത്തെയും ഉപദ്രവിക്കുകയാണ്. ദൈവം സത്യം ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. എല്ലാം എന്തിനുവേണ്ടിയാണെന്ന് കാണുന്നവർക്കു മനസ്സിലാകും. ഞാനും എന്റെ ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരും അങ്ങനെ ജീവിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
ഞങ്ങൾ രണ്ട് പേരും മനസ്സുതൊട്ടു പറയുകയാണ്, ഞങ്ങളെ ഉപദ്രവിക്കരുത്. കള്ളങ്ങൾ പറയരുത്. സത്യങ്ങൾ പുറത്തു വരണമെങ്കിൽ ഞാൻ അത്രയും തരംതാഴ്ന്ന അവസ്ഥയിൽ എത്തണം. അതുവേണ്ട, അത് നിങ്ങൾക്കൊരു എന്റർടെയ്ൻമെന്റ് ആയിരിക്കും. പക്ഷേ ഭാവിയിൽ ഞങ്ങള്‍ക്കൊരു കുഞ്ഞ് വരുമ്പോൾ അത് ഭയങ്കര ഉപദ്രവമായിരിക്കും. അപേക്ഷിക്കുകയാണ്, ദയവു ചെയ്ത് ഞങ്ങളെ രണ്ടുപേരെയും വിട്ടേക്കുക. വിശ്വസിച്ച് ഈ നാട്ടിൽ കാല് ചവിട്ടിയതാണ്. ഇപ്പോഴും എന്നെ ആളുകൾ സ്നേഹിക്കുന്നുണ്ട്.
കോകില എവിടെപ്പോയാലും ആളുകൾ ചോദിക്കും പുതിയ കുക്കിങ് വിഡിയോ വന്നില്ലല്ലോ എന്ന്. ആ യൂട്യൂബ് ചാനലേ ഞാൻ നിർത്തി. ഇതൊന്നും എഴുതിവച്ചിട്ടല്ല പറയുന്നത്, മനസ്സിൽ നിന്നു വരുന്നതാണ്. ബാല കള്ളനല്ല, ഞങ്ങളുടെ കുടുംബം മോശക്കാരല്ല. സിനിമയിൽ നിന്നുണ്ടായ പൈസ കൊണ്ട് വളർന്നു വന്നവരാണ്. ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടണം. അതിനുവേണ്ടിയാണ് കോടതിയിൽ പോയത്. കോടതിയിൽ നിന്നും ഉത്തരവു വന്നിട്ടും ഇതാണ് അവസ്ഥ.
ദയവ് ചെയ്ത് മീഡിയ ഒന്നു ചിന്തിക്കണം. അവർ നന്നായി ഇരിക്കണം, അവർക്ക് മെഡിക്കൽ ട്രീറ്റ്മെന്റ് വേണം. പത്ത് പതിനഞ്ച് കൊല്ലമായി മെഡിസിൻ കഴിക്കുന്നുണ്ട്. ഇത് നടക്കുമെന്ന് മുന്നേ പറഞ്ഞിരുന്നു. തീരുമാനിക്കുക.’’–ബാലയുടെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates