

കൊച്ചി: പ്രശസ്ത ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ പഞ്ചാബിഹൗസ് എന്ന വീടിന്റെ നിര്‍മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17,83,641 ലക്ഷംരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 'പഞ്ചാബി ഹൗസ്' എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും പ്രവേശിക്കുവാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഹരിശ്രീ അശോകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വീടിന്റെ ആവശ്യത്തിനായി എതിര്‍കക്ഷികളായ എറണാകുളത്തെ പി കെ ടൈല്‍സ് സെന്റര്‍, കേരള എ ജി എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത ഫ്‌ലോര്‍ ടൈല്‍സ് ആണ് ഉപയോഗിച്ചത്. എന്‍ എസ് മാര്‍ബിള്‍ വര്‍ക്‌സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സിന്റെ പണികള്‍ നടന്നത്. വീടിന്റെ പണികള്‍ പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ പ്രവേശിക്കുവാന്‍ തുടങ്ങുകയും ചെയ്തു. പലവട്ടം എതിര്‍ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉല്‍പ്പന്നം വാങ്ങിയതിന് രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്‍പ്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നും എതിര്‍കക്ഷികള്‍ കോടതിയില്‍ വാദിച്ചു. ടൈല്‍സ് വിരിച്ചത് തങ്ങളല്ലെന്നും വാദമുണ്ടായി.
ഇന്‍വോയ്സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോര്‍ട്ടും നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിര്‍ കക്ഷികളുടെ പ്രവര്‍ത്തി അധാര്‍മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേര്‍ചിത്രമാണെന്ന് കോടതി വിലയിരുത്തി. പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് രണ്ടാം എതിര്‍കക്ഷി 16,58,641രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ, നഷ്ടപരിഹാരമായി എതിര്‍കക്ഷികള്‍ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉപഭോക്താവിനെ വ്യവഹാരത്തിന് നിര്‍ബ്ബന്ധിതനാക്കിയ എതിര്‍ കക്ഷികളുടെ പ്രവര്‍ത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates