

കൊച്ചി: വിമർശനങ്ങൾ വരുമെന്നും അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല താനെന്നും നടൻ മോഹൻലാൽ. ദാദാ സാഹിബ് പുരസ്കാരം ലഭിച്ചതിൽ നന്ദി പറയാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. "വിമർശനങ്ങൾ വരും, അത് തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ. സിനിമ വിജയിക്കും പരാജയപ്പെടും.
സിനിമ ഒരു വിഷ്യസ് സർക്കിളാണ്, ഒരു മാജിക് ആണ്. നമുക്ക് അതിനേക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല. സിനിമ വിജയിച്ചാൽ അത് ഭയങ്കരമായിട്ട് ആഘോഷിക്കപ്പെടും. ഒരു സിനിമ മോശമായാൽ താഴേക്ക് വരും. അത് പ്രത്യേകതരം ഒരു സൈക്കിളാണ്. അതിനകത്ത് 48 വർഷം നിൽക്കുക എന്ന് പറയുന്നത് ഒരു വലിയ സർക്കസ് ആണ്.
വളരെ വിദഗ്ധമായിട്ട് നമ്മളെ താങ്ങി നിർത്താൻ ഒരുപാട് പേരുണ്ട്. നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഒരു ആർട്ടിസ്റ്റിന് നല്ല സിനിമകൾ ഉണ്ടാകണമെന്ന് പറയുന്നത്. തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ട് മാറി. വളരെ വിജയമായ ഒരു സിനിമയാണ്. എംപുരാൻ, ഹൃദയപൂർവം അങ്ങനെ.
ഇനി വരാനിരിക്കുന്ന സിനിമകൾ വലിയ മഹത്തരമായ സിനിമകളാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതിലും ഇത്തരം നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാനേ പറ്റുകയുള്ളൂ. ഞാനൊരുപാട് സ്വപ്നം കാണുന്ന ഒരാളല്ല. കാരണം പിന്നെ അത് കിട്ടിയില്ലെങ്കിൽ സങ്കടമാകും. വളരെ കുറച്ച് മാത്രം സ്വപ്നം കാണുന്ന ആളാണ് ഞാനും. എനിക്ക് കിട്ടുന്ന കാരക്ടർ നന്നായി ചെയ്യാൻ ശ്രമിക്കും.
നന്നായി ചെയ്യുമെന്ന് ഞാൻ പറയില്ല. ആ ശ്രമം സക്സസ് ആയാൽ നിങ്ങൾ സ്വീകരിക്കും. നമ്മളെ സഹായിക്കാൻ ഒരുപാട് പേര് വേണം. തനിച്ചൊരു സിനിമ ചെയ്യാൻ പറ്റില്ല. അത്തരം നല്ല സിനിമകളുണ്ടാകാൻ പ്രാർഥിക്കും. അതിന് വേണ്ടി ഒരു കൂട്ടായ ശ്രമത്തിന്റെ ഭാഗമാകാൻ ഞാൻ തയ്യാറാണ്.
എനിക്ക് ഈ ജോലി അല്ലാതെ വേറൊന്നും അറിയില്ല. മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി. ആ ബഹുമതിയുള്ള പേര് ചീത്തയാക്കാതെ പോവുക എന്നേയുള്ളൂ.- മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates