

കൊച്ചി: സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്.
അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. അതേസമയം എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. "കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്കില്ല.
അതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അതിനിടെ സെൻസറിങ്ങിന് സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക.
അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം" - പ്രേംകുമാർ വ്യക്തമാക്കി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും വാർത്താസമ്മേളനത്തിൽ പ്രേംകുമാർ പറഞ്ഞു. രജിസ്ട്രേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ രജിസ്ട്രേഷൻ അയ്യായിരം കവിഞ്ഞു.
മികച്ച സിനിമകളുടെ പാക്കേജുകൾ എത്തിച്ചിട്ടുണ്ട്. കൺട്രി ഫോക്കസ് വിഭാഗത്തിൽ സിനിമയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന അർമേനിയയാണ്. ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ തുടങ്ങിയ വിഭാഗങ്ങൾ നമ്മുടെ സിനിമയുടെ സമകാലിക മുഖം വ്യക്തമാക്കും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിൽ മേളയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനാണ് ശ്രമം.
സ്ത്രീകളുടെ പ്രതിഭയെയും അവരുടെ സംഭാവനകളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിയിൽ പ്രാതിനിധ്യം നൽകും. മലയാളം സിനിമാ ടുഡേയിൽ നാലു സിനിമകൾ സ്ത്രീപക്ഷ സിനിമകളാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലും മലയാളത്തിൽ നിന്നുള്ള ഒരു വനിതാ സംവിധായികയുടെ ചിത്രമുണ്ട്.
ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് പരിഗണിക്കുന്നത് ഒരു വനിതാ സംവിധായികയെ ആണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഡിസംബർ 13 മുതൽ 20 വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റ് ഡിസംബർ 11, 12, 13 തീയതികളിൽ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates