

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പു നൽകുന്ന ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഭാഗം പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിച്ചേർന്ന് തന്നെയാകും രണ്ടാം ഭാഗം.
ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് സമയത്തെ കഥകൾ പറയുകയാണ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 4- 5 തവണ താൻ മരണത്തെ മുഖാമുഖം കണ്ടെന്നും എന്നാൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
"ഞാൻ ശരിക്കും ഒന്ന് ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിൽ എല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും, കാമറ ടീമും എല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്.
നിർമാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിങ് ആരംഭിച്ചതിന് ശേഷം 4- 5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു",- ഋഷഭ് ഷെട്ടി പറഞ്ഞു.
അതേസമയം ജയറാം, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. 2022 ലാണ് കാന്താര റിലീസ് ചെയ്യുന്നത്.
കന്നഡയിലാണ് ആദ്യം ചിത്രം റിലീസിനെത്തിയത്. ചിത്രം വൻ വിജയമായി മാറിയതോടെ മറ്റു ഭാഷകളിലേക്ക് കൂടി മൊഴി മാറ്റുകയായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1 ന്റെയും നിര്‍മാതാക്കള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates