

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ശരത്കുമാർ. മലയാളത്തിലും ശരത്കുമാർ അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ റിസ്ക് കൂടുതലാണെന്ന് പറയുകയാണ് ശരത്കുമാറിപ്പോൾ. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ 60 അടി ഉയരത്തിൽ നിന്ന് വീണ് തനിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നടൻ വെളിപ്പെടുത്തി.
ആ അപകടത്തിൽ തന്റെ നട്ടെല്ലിന് പരിക്കേറ്റുവെന്നും നടൻ ഓർത്തെടുത്തു. ആ അപകടത്തിൽ വോക്കൽ കോർഡിന് പരിക്ക് പറ്റിയിരുന്നുവെന്നും എന്നാൽ ആ പേടി മാറാനായി താൻ 80 അടിയിൽ നിന്നാണ് അടുത്ത ചിത്രത്തിൽ ചാടിയതെന്നും നടൻ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ശരത്കുമാർ ഇക്കാര്യം പറഞ്ഞത്.
"ഇന്നത്തെ കാലത്ത് ജോലി കുറച്ചു കൂടി എളുപ്പമാണ്. അന്നൊക്കെ ഉയരത്തിൽ നിന്ന് ചാടാൻ പറഞ്ഞാൽ ചാടണം. ഇന്നത്തെപ്പോലെ റോപ് ഒന്നുമില്ല. ബാലചന്ദ്രുഡു എന്നൊരു സിനിമ ചെയ്യുന്ന സമയം. മഹേഷ് ബാബുവിന്റെ മൂന്നാമത്തെ സിനിമയാണ്. ഒരു രംഗമെടുക്കുന്നതിനിടെ അറുപതടി ഉയരത്തിൽ വീഴുകയും കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സി4 - സി5 എല്ല് പൊട്ടുകയായിരുന്നു. ഇടുപ്പിൽ നിന്ന് ഒരെല്ല് എടുത്തുവെച്ചാണ് അതുറപ്പിച്ചത്. നട്ടെല്ലിനുണ്ടാകുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന് അറിയാമല്ലോ. പുനർജന്മം എന്നാണ് പറയേണ്ടത്. രണ്ട് പ്ലേറ്റും സ്ക്രൂവും ഉപയോഗിച്ച് മുറുക്കിവെയ്ക്കുകയായിരുന്നു. ആ അപകടത്തിൽ വോക്കൽ കോർഡിന്റെ വലതുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. അന്നുണ്ടായ പേടി മാറ്റാൻ വീണ്ടും ഉയരത്തിൽ നിന്ന് ചാടേണ്ടി വന്നു.
മായി എന്ന ചിത്രത്തിനുവേണ്ടി 80 അടി ഉയരത്തിൽ നിന്നാണ് ചാടിയത്. കനൽ കണ്ണൻ ആയിരുന്നു സംഘട്ടന സംവിധായകൻ. സംശയം പ്രകടിപ്പിച്ചു നിന്നപ്പോൾ പ്രഭുദേവ ഇങ്ങനെയൊരു ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് മാസ്റ്റർ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഷോട്ടെടുക്കാൻ തയ്യാറായി. കെട്ടിടത്തിന് താഴെ രണ്ട് സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു.
എന്നോട് താഴെയിറങ്ങി വരാൻ അവർ പറയുമെന്ന് കരുതി. പക്ഷേ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവർ. എന്തും വരട്ടെ എന്ന് കരുതി ആ രംഗം ചെയ്തു." -ശരത്കുമാർ പറഞ്ഞു. പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശരത്കുമാർ ചിത്രം.
ചിത്രത്തിൽ ശരത്കുമാർ അവതരിപ്പിച്ച അതിയമാൻ അഴകപ്പൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു. പൊൻറാം സംവിധാനം ചെയ്യുന്ന കൊമ്പുസീവി ആണ് ശരത്കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം 19ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates