ലോക മാനസികാരോഗ്യ ദിനത്തിൽ കുറിപ്പുമായി നടി ശിൽപ ഷെട്ടി. കാലിന് പരുക്കേറ്റിരുന്ന ഘട്ടത്തിൽ താൻ കടന്നുപോയ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താരം പോസ്റ്റിൽ കുറിച്ചത്. കാലിനുണ്ടായ വേദനയേക്കാൾ മാനസികമായ പ്രശ്നങ്ങളാണ് തന്നെ ബുദ്ധിമുട്ടിച്ചത് എന്നാണ് താരം പറയുന്നത്. ആ സമയത്ത് കരുത്തായത് മകൾ സമീഷയുടെ സാന്നിധ്യമായിരുന്നു എന്നും താരം കുറിക്കുന്നു.
പരുക്കേറ്റിരുന്ന സമയത്തെ തന്റെ യാത്രയുടെ വിഡിയോയും താരം ചേർത്തിട്ടുണ്ട്. ഫിസിയോ തെറാപ്പി ചെയ്യുന്നതിനിടെ മകൾ വരുന്നത് ശിൽപ ഷെട്ടിയെ ചുംബിക്കുന്നതുമെല്ലാം ഇതിൽ കാണാം. നീണ്ട നാളുകൾക്കു ശേഷം താരം നടന്നു തുടങ്ങുന്നതും വിഡിയോയിലുണ്ട്. രണ്ടു മാസങ്ങൾക്കു മുൻപ് ഷൂട്ടിങ്ങിനിടെയാണ് ശിൽപയ്ക്ക് പരുക്കേൽക്കുന്നത്.
ശിൽപ ഷെട്ടിയുടെ കുറിപ്പ് വായിക്കാം
എനിക്ക് പരുക്കേറ്റിട്ട് ഇന്നത്തേക്ക് രണ്ട് മാസമാകുന്നു. ഞാൻ നിങ്ങളോട് സത്യസന്ധമായി പറയാം. ഇത് അത്ര എളുപ്പമായിരുന്നില്ല. ശരീരികമായ വേദനയേക്കാൾ ബുദ്ധിമുട്ടിച്ചത് മാനസികമായ പ്രശ്നങ്ങളായിരുന്നു. പ്രത്യേകിച്ച് വർക്ഹോളിക്കും ഫിറ്റ്നസ് അഡിക്റ്റുമായ എന്നെപ്പോലെയുള്ള ആൾക്ക്. ഈ എട്ട് ആഴ്ചകൾ ദേഷ്യവും സങ്കടവും നിരാശയും നിസ്സാഹയതയും ചേർന്നതായിരുന്നു. പക്ഷേ എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ എനിക്ക് പ്രചോദനമായത് എന്റെ മകളാണ്. എന്റെ എല്ലാ ഫിസിയോതെറാപ്പി സെഷനിലും സമീഷ എനിക്കൊപ്പമുണ്ടായിരുന്നു. എപ്പോഴാണ് ഞാൻ അവളെ എടുക്കുക എന്ന ആകാംക്ഷയോടെയുള്ള അവളുടെ കാത്തിരിപ്പാണ് എന്നെ മുന്നോട്ടു നയിച്ചത്. ആ ചിരികളും ആലിംഗനവും മാത്രമായിരുന്നു ചിലദിവസങ്ങളിൽ എനിക്കു വേണ്ടിയിരുന്നത്. നമ്മൾ ഓരോരുത്തരും പല രീതിയിലുള്ള പ്രതിസന്ധികളെ നേരിടാൻ ശ്രമിക്കുന്നുണ്ട്. നിങ്ങൾക്ക് സ്വയം അതിനു കഴിഞ്ഞില്ലെങ്കിൽ സഹായം തേടൂ. എന്തെങ്കിലും കാരണത്താൽ ആളുകൾ ബുദ്ധിമുട്ടുന്നതു മനസിലാക്കിയാൽ അവരെ സഹായവും പിന്തുണയും നൽകൂ. ഇത് ചർച്ച ചെയ്യാൻ മാനസികാരോഗ്യ ദിനത്തേക്കാൾ മികച്ച ദിവസമില്ല. ഒടിഞ്ഞ എല്ലിനേക്കാൾ വേദന കുറവല്ല തകർന്ന ഹൃദയങ്ങൾക്കും ആത്മാവിനും.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates