

'ഏഴാം അറിവ്' എന്ന ചിത്രം നിർമിക്കുന്ന സമയത്ത് തനിക്ക് സംവരണത്തെ കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടായിരുന്നില്ലെന്ന് ഉദയനിധി സ്റ്റാലിൻ. പുതിയ ചിത്രമായ മാമന്നന്റെ പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. 'ഏഴാം അറിവ്' എന്ന ചിത്രത്തിൽ ഒരു സംവരണ വിരുദ്ധ സംഭാഷണം ഉണ്ടായിരുന്നു. അന്നത്തെ തന്റെ രാഷ്ട്രീയ ബോധം വെച്ചാണ് ചിത്രത്തിൽ അത് ചേർത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു സിനിമയല്ലേ എന്നാണ് അന്ന് ചിന്തിച്ചത്. അത് എഴുതിയതിന് ചിത്രത്തിന്റെ എആർ മുരുഗദോസിനെ കുറപ്പെടുത്തില്ല. അത് അദ്ദേഹത്തിന്റെ ചിന്തയും എഴുത്തുമാണ്. എന്നാൽ അത് തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യ നായകനായ ചിത്രത്തിന്റെ സംവിധായകനും എആർ മുരുഗദോസ് തന്നെയായിരുന്നു.
'ആ സീൻ ഷൂട്ട് ചെയ്തത് നടൻ സൂര്യ അറിഞ്ഞിരുന്നില്ല. ഡബ്ബിങ് സമയത്തും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. റിലീസിന് തൊട്ടു മുൻപാണ് അദ്ദേഹം ചിത്രം കാണുന്നത്. ഈ ഡയലോഗ് കണ്ട് അത് സംവരണത്തിനെതിരാണെന്നും അത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയധാരണയാണ്. എന്നാൽ അത് അങ്ങനെ തന്നെ പോകട്ടെയെന്നാണ് ഞാൻ പ്രതികരിച്ചത്. അതു വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ എനിക്കു തോന്നുന്നു' -ഉദയനിധി പറഞ്ഞു.
ഏഴാം അറിവിൽ സംവരണ വിരുദ്ധ സംഭാഷണം ഉൾപ്പെടുത്തിയതിന് ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എം കരുണാനിധിയുടെ കൊച്ചുമകൻ സ്വന്തം ചിത്രത്തിൽ സംവരണവിരുദ്ധ സംഭാഷണം അനുവദിച്ചു എന്നായിരുന്നു വിമർശനം. സംവിധായകൻ എആർ മുരുഗദോസിനും നിർമാതാവ് ഉദയനിധി സ്റ്റാലിനുമെതിരെ വലിയ തോതിൽ പ്രതിഷേധമുണ്ടായി. തുടർന്ന് ചിത്രത്തിൽ ആ സംഭാഷണം മ്യൂട്ട് ചെയ്‌താണ് പ്രദർശിപ്പിച്ചത്.
ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രമാകുന്ന മാമന്നൻ സംവിധാനം ചെയ്യുന്നത് മാരി സെൽവരാജ് ആണ്. തമിഴ്നാട്ടിലെ ജാതി വിവേചനവും അതിനെതിരായ ചെറുത്തുനിൽപ്പുമാണ് ചിത്രത്തിൽ പറയുന്നത്. ഓസ്കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം ചിത്രത്തിലെ ഗാനങ്ങളെല്ലാം വൈറലാണ്. പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. ചിത്രം ജൂൺ 29ന് തിയേറ്ററുകളിലെത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates