

നടൻ കോട്ട ശ്രീനിവാസ റാവുവിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് തെലുങ്ക് സിനിമാ ലോകം. അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ സ്വഭാവ നടനായും ഹാസ്യ താരമായും വില്ലനായും അദ്ദേഹം തിളങ്ങി. സിനിമാ പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കുന്ന വില്ലൻ നിരവധി വില്ലൻ കഥാപാത്രങ്ങളെ ശ്രീനിവാസ റാവു അനശ്വരമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയ്ക്ക് നൽകിയ സംഭവാനകൾ മാനിച്ച് 2015 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 700 ലധികം സിനിമകളിൽ ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്.
'ആഹാ! നാ പെല്ലന്താ', 'പ്രതിഘാടന', 'ഗായം', 'സർക്കാർ' തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായി. തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി താരങ്ങളാണ് ശ്രീനിവാസ റാവുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുന്നത്.
വിഷ്ണു മഞ്ചു, ചിരഞ്ജീവി, മോഹൻ ബാബു, രവി തേജ, നന്ദമൂരി ബാലകൃഷ്ണ, ജൂനിയർ എൻടിആർ, പവൻ കല്യാൺ തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിരിക്കുന്നത്.
സംവിധായകൻ എസ് എസ് രാജമൗലിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ട ശ്രീനിവാസ റാവു സാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും സ്ക്രീനിലെ അദ്ദേഹത്തിന്റെ പെർഫോമൻസ് വിലമതിക്കാനാകാത്തതാണെന്നും സംവിധായകൻ കുറിച്ചു.
"ഇതിഹാസ നടൻ, ബഹുമുഖ പ്രതിഭ, ശ്രീ കോട്ട ശ്രീനിവാസ റാവു ഇനിയില്ല. ഞങ്ങളെ വളരെയധികം ദുഃഖിപ്പിച്ച ഒരു വാർത്ത. പ്രണം ഖരീദു എന്ന ചിത്രത്തിലൂടെ, ഞാനും അദ്ദേഹവും ഒരേ സമയം ഞങ്ങളുടെ സിനിമാ ജീവിതം ആരംഭിച്ചു. അതിനുശേഷം, അദ്ദേഹം നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു, എണ്ണമറ്റ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നാണ് നടൻ ചിരഞ്ജീവി കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
